Friday, September 12, 2008

വിജയരഹസ്യം

വെള്ളിയാഴ്ച രാവിലെ ഓഫീസിലിരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍: “ഇന്നു് വൈകുന്നേരം അവിടെ കൂടാം!”
“അതിനെന്താ, അങ്ങനെയാവാം,” കൂടുതലാലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
“വല്ലതും കഴിക്കാന്‍ കാണുമോ?” അദ്ദേഹത്തിനു് ആശങ്ക.
“എന്താ വേണ്ടതു്? അല്പസൊല്പം വീട്ടില്‍ കാണും. തികഞ്ഞില്ലെങ്കില്‍ വാങ്ങിയാല്‍ പോരേ? വേണ്ടതെന്താണെന്നു പറ, ഞാന്‍ വാങ്ങിവച്ചേക്കാം!”
“അതല്ല, ഭക്ഷണമുണ്ടാവുമോ എന്നാണു് ചോദിക്കുന്നതു്.”
“ഓ! അതു് ഭാര്യയോടു ചോദിക്കട്ടെ!”

ഭാര്യയുടെ അനുവാദം ചോദിക്കാതെ ഉത്തരവാദിത്തങ്ങളും പൊല്ലാപ്പുകളും വലിച്ചു് തലയില്‍ വച്ചിട്ടു് കുടുംബകലഹമില്ലാതെ എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം എന്‍റെ പല സുഹൃത്തുക്കളും എന്നോടു ചോദിച്ചിട്ടുണ്ടു്. ആ ചോദ്യത്തില്‍ രണ്ടു് factual errors ഉണ്ടു്.

 1. പൊതുവേ റിസ്ക് എടുക്കാന്‍ മടിയുള്ളയാളാണു് ഞാന്‍. അതിനാല്‍ തന്നെ, പൊല്ലാപ്പാണെന്നുറപ്പായാല്‍ ഞാന്‍ അതെടുത്തു് തലയില്‍ വയ്ക്കാറില്ല. (നിങ്ങള്‍ ആലോചിക്കുന്നതെന്തെന്നു മനസ്സിലായി: ഒരബദ്ധം ആര്‍ക്കും പറ്റില്ലേ!)

 2. കുടുംബകലഹമില്ലാതെ രക്ഷപ്പെടുന്നു എന്നതു് നിങ്ങളുടെ അനുമാനം മാത്രമാണു്.
എന്തായാലും ചോദിച്ച സ്ഥിതിക്കു് പറഞ്ഞേക്കാം. ഇനി ആരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റിലേയ്ക്കൊരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഗ്രെയ്സ് ഹോപര്‍ എന്ന പേരു് ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും. അമേരിക്കന്‍ നേവല്‍ ഓഫീസറായിരുന്ന ഗ്രെയ്സ് അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റു കൂടി ആയിരുന്നു. അമേരിക്കന്‍ നേവിയില്‍ ജോലി, കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റ് എന്നിങ്ങനെയൊക്കെ ആയിട്ടും ഗ്രെയ്സ് നല്ല വിവരമുള്ള കൂട്ടത്തിലായിരുന്നു. എപ്പൊഴോ ഒരു ഉള്‍വിളിയുണ്ടായപ്പോള്‍ ഗ്രെയ്സ് ഇങ്ങനെ പറയുകയുണ്ടായി:

It's easier to ask forgiveness than it is to get permission.
ആകസ്മികമായി ഇതു വായിക്കാനിടയായപ്പോള്‍ ഞാന്‍ ആനന്ദചിത്തനായിച്ചമഞ്ഞു. ഇതു തന്നെയായിരുന്നല്ലോ ഗ്രെയ്സേ ഞാന്‍ നോക്കി നടന്ന വാചകം! അന്നുമുതല്‍ ഞാന്‍ അനുവാദം ചോദിക്കല്‍ നിറുത്തി മാപ്പിരന്നു തുടങ്ങി.

എന്നാല്‍ ഗ്രെയ്സിനു തെറ്റിയെന്നും ഇതു പറയുന്നതുപോലെ അത്ര എളുപ്പപ്പണിയല്ലെന്നും മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മാപ്പു് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഗ്രെയ്സിന്‍റെ സ്റ്റ്രാറ്റജിയില്‍ ഒന്നും പറയുന്നില്ല. ഇതു നടക്കുന്നകാര്യമല്ല എന്നു ഗ്രെയ്സിനോടു പറയാമെന്നുവച്ചാല്‍ 1992-ല്‍, ഞാന്‍ മാപ്പിരന്നു തുടങ്ങുന്നതിനും ഒന്‍‍പതു വര്‍ഷം മുമ്പു്, ഗ്രെയ്സ് ചോദ്യങ്ങളില്ലാത്തെ ലോകത്തിലേയ്ക്കു് യാത്രയാവുകയും ചെയ്തു.

ഇനിയെന്താണു വഴി? ഈ ക്വട്ടേഷന്‍ ഓപണ്‍ സോഴ്സായതു ഭാഗ്യം! നമുക്കു വേണ്ടുന്ന രീതിയില്‍ തിരുത്തി ഉപയോഗിക്കാമല്ലോ. ഇതൊക്കെ തിരുത്തുന്നതിനാവശ്യമായ റ്റെക്നോളജി എന്‍റെ കൈവശമുണ്ടുതാനും. പിന്നൊന്നുമാലോചിച്ചില്ല:

90% of the time it's easier to ask forgiveness than it is to get permission. The key to success is determining where the other 10% is.
എന്നങ്ങു തിരുത്തി. സ്വയം നിര്‍മ്മിച്ച ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ചുതുടങ്ങിയതിനു ശേഷം എനിക്കു വച്ചടിവച്ചടി വിജയമല്ലേ! നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ.

7 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  “നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ....”

  എന്നിട്ടു വേണം ഞങ്ങള്‍ കുത്തുപാളയെടുക്കാന്‍!

  100% ഫലപ്രദമായ ഒരു സ്റ്റ്രാറ്റജി എനിക്കുണ്ടു്. പറഞ്ഞുതരില്ല. എന്റെ ഭാര്യ വായിക്കുന്ന ചുരുക്കം ചില ബ്ലോഗുകളിലൊന്നാണു് ഇതു് :)

 2. Haree | ഹരീ

  @ ഉമേഷ് ജി,
  ഒരു ‘ബോബനും മോളി’ കഥ.
  പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന്‍ ഉപ്പായിമാപ്ലയോട്: “എന്റെ ഭാര്യ ഞാന്‍ വരച്ച വരയ്ക്കപ്പുറം പോവില്ല...”
  ഇതുകേട്ട് സമീപം നില്‍ക്കുന്ന ബോബന്‍: “ഭാര്യയോട് ചോദിച്ചേ അതിയാന്‍ ഏതു വരയും വരയ്ക്കൂ...” :-)
  ഇതല്ലേ ആ സസ്പെന്‍സ് സ്ട്രാറ്റജി! :-D

  അല്പം വൈകിയെങ്കിലും ഓണാശംസകള്‍...
  --

 3. ഹരിത്

  ഉവ്വ്, ഉവ്വേ.....

  ചിരവ, ചപ്പാത്തി പരത്തുന്ന കോല്,തവി എന്നിവയെടുത്ത് ഒളിപ്പിച്ചു വയ്ക്കുന്ന ആ സ്ഥിരം സ്റ്റ്രാറ്റജി എന്താ എഴുതാതിരുന്നത്?
  :)

 4. ചെറുക്കന്‍

  This post has something to do with that 10%.:)

 5. ശിവ

  ഇതൊക്കെ വിഹാഹിതര്‍ക്കല്ലേ....ഞാന്‍ രക്ഷപ്പെട്ടേ...

 6. വഴിപോക്കന്‍

  ഞാന്‍ ഇതൊന്നു ഇന്നലെ ശ്രമിച്ചു. വീട്ടില്‍ തിരക്കുള്ള ചില പണികള്‍ ഉണ്ടായിട്ടും വോള്ളിബോള്‍ കളിക്കാനുള്ള ആവേശത്തിന് കുറവ് കാണിച്ചില്ല.

  ബൂലോകത്ത് നിന്നു ഐഡിയ പകര്‍ത്തുന്ന പരിപാടി ഞാന്‍ ഇതോടെ നിര്‍ത്തി.

 7. വാല്‍മീകി

  വളരെ നല്ല കാര്യം. ഇനിയും എതൊക്കെ കൊട്ടേഷന്‍സ് തിരുത്തുമോ ആവോ...