ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, December 26, 2024

നാൽക്കവലകൾ

ജീവിതത്തിലെ നാൽക്കവലകൾ നമുക്ക് നൽകുന്നത് പലതരം അവസരങ്ങളാണ്‌: ഭാവിയിലേക്കുള്ള തീരുമാനങ്ങൾ എടുക്കാൻ, സ്വയം മാറുവാൻ, ഭൂതകാലം വിലയിരുത്താൻ എന്നിങ്ങനെ. അവിടെ നമ്മുടെ പാതകൾ വിഭജിക്കപ്പെടുന്നു. നമ്മുടെ തീരുമാനങ്ങൾ നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നു. ഈ കവലയിൽ നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ വർത്തമാനം ഒരു ആത്മാവലോകനം ആവശ്യപ്പെടുന്നുണ്ട് എന്നതാവാം. അല്ലെങ്കിൽ ഒരുമിച്ചോ അല്ലാതെയോ ഉള്ള പാതയാണ് അഭികാമ്യം എന്നതും കാരണമാവാം.

എങ്ങോട്ടാണ് യാത്ര എന്നതിലുപരി എങ്ങനെയാണ് നാം യാത്രയാവുക എന്നതാണ് കാതലായ കാര്യം. Are we here to forge a new path, revisit the past, or simply pause to understand where we stand?

ഈ നാൽക്കവല നമ്മോട് എന്തായിരിക്കും ചോദിക്കുക?

Labels:

Wednesday, February 16, 2011

മിണ്ടാത്തതെന്തേ?

(വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കൊടുത്തിട്ടു്‌, ആനന്ദാതിരേകത്താൽ ശബ്ദമിറങ്ങിപ്പോയി നിൽക്കുന്ന ഭാര്യയോടും, വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കിട്ടാത്തതിനാൽ പിണങ്ങിനിൽക്കുന്ന ഭാര്യയോടും ചോദിക്കാൻ പറ്റിയ വാചകം.)
ഒന്നും
മിണ്ടാൻ
വയ്യേ
ഭാര്യേ?

(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണു്‌ ചമച്ചിരിക്കുന്നതു്‌. ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.)

Labels: , ,

Thursday, December 24, 2009

ഫൈവ് വൈസ്

അടുത്തകാലത്തുണ്ടായ ഒരു പ്രധാന പ്രശ്നത്തിന്‍റെ കാരണം ഫൈവ് വൈസ് (Five Whys) ഉപയോഗിച്ചു മനസ്സിലാക്കാനൊരു ശ്രമം നടത്തിയതാണു് ചുവടേ:

അച്ചു: “എനിക്കു് ഒന്നുമുതല്‍ നൂറുവരെ എഴുതാന്‍ പറ്റില്ല.”

ഞാന്‍: “Why?”

അച്ചു: “എഴുതുമ്പോള്‍ തെളിയുന്നില്ല.”

ഞാന്‍: “Why?”

അച്ചു: “ഈ പെന്‍‍സിലിനു് മുനയില്ല. കൂര്‍പ്പിക്കാന്‍ പറ്റുന്നില്ല.”

ഞാന്‍: “Why?”

അച്ചു: “ഷാര്‍പ്നര്‍ ഇല്ല, അച്ഛാ!”

ഞാന്‍: “Why?”

അച്ചു: “ഇവിടെ ഉള്ളതു കാണാനില്ല, പുതിയതു വേണമെന്നു പറയാന്‍ മറന്നല്ലോ!”

ഞാന്‍: “Why?”

അച്ചു: “എനിക്കു് പഠിക്കുന്നതു് ഇഷ്ടമല്ലെന്നു് അച്ഛനു് പണ്ടേ അറിഞ്ഞുകൂടേ?”

മൂലകാരണം കണ്ടെത്തുവാന്‍ Five Whys പറ്റിയ ഉപാധിതന്നെ.

Labels: ,

Tuesday, August 11, 2009

പ്ലാനിംഗ്

ഫിനാൻഷ്യൽ അഡ്വൈസർ: അഞ്ചാറു കൊല്ലത്തിനകം ഇവിടം വിട്ടു് ഇന്ത്യയിലേയ്ക്കു് പോകാനാണു് പരിപാടി എന്നു പറഞ്ഞല്ലോ.

ഞാൻ: അതെ. പോകണം. അമ്മയ്ക്കു വയസ്സാവുന്നു. ഭാര്യയുടെ അച്ഛനുമമ്മയ്ക്കും പ്രായമായി വരുന്നു...

ഫിനാൻഷ്യൽ അഡ്വൈസർ: അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നുകൂടേ?

ഞാൻ: ഓ, അതൊന്നും അത്ര എളുപ്പമല്ല. മാത്രമല്ല അധികകാലം ഇവിടെ നിൽക്കാൻ എനിക്കു് വലിയ താല്പര്യവുമില്ല.

ഫിനാൻഷ്യൽ അഡ്വൈസർ: നോ, പ്രോബ്ലം! അങ്ങനെയാണെങ്കിൽ ഉടനേ മകന്റെ കോളജ് ചെലവുകൾക്കു് പണം മാറ്റി വയ്ക്കണമെന്നില്ല. മാത്രമല്ല; ഇത്രയും അഗ്രസീവല്ലാത്ത ഇൻവെസ്റ്റ്മെന്റ് പ്ലാനായിരിക്കും യോജിക്കുക. ഞാൻ പുതിയൊരു പ്ലാനുമായി അടുത്തയാഴ്ച വരാം.

ഞാൻ: ങാ... അതേ... ഇനി പ്ലാൻ മാറ്റാനൊന്നും നിൽക്കേണ്ട. അതൊക്കെ ബുദ്ധിമുട്ടല്ലേ?

ഫിനാൻഷ്യൽ അഡ്വൈസർ: ഏയ്, എന്തു ബുദ്ധിമുട്ടു്? ക്ലൈന്റിന്റെ താല്പര്യമനുസരിച്ചു് പ്ലാനിംഗിൽ സഹായിക്കുക എന്നതാണല്ലോ നമ്മുടെ ജോലി.

ഞാൻ: അല്ല, അതല്ല... അഞ്ചാറു വർഷത്തിനകം പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്ലാൻ വീണ്ടും മാറ്റേണ്ടേ? അതിനൊന്നും നിൽക്കണ്ട. കോളജ് ഫണ്ടും അഗ്രസീവ് പ്ലാനും തന്നെ ഇരിക്കട്ടെ!

Labels: ,

Tuesday, March 24, 2009

സ്പീക്കര്‍ ഫോണ്‍

“അമ്മേ, ദീപുവിന്‍റെ കല്യാണത്തിനു പോയോ?”
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”

(നിശ്ശബ്ദത)

“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”

(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”

ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”

വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)

Labels:

Tuesday, January 20, 2009

നേരത്തേ പറഞ്ഞിരുന്നെങ്കില്‍

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി 1:44. ഇനിയും കുറേ നേരമുണ്ടല്ലോ വെളുത്തുകിട്ടാന്‍ എന്നാലോചിച്ചു് തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. തോളിലെ വേദന കാരണം ഉറങ്ങാന്‍ പറ്റുന്നില്ല.

ഒന്നു മയങ്ങി; വീണ്ടും ഉണര്‍ന്നു. സമയം 1:56. ഇനിയും എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല. ഭാര്യ എന്നു പറയുന്നവള്‍ക്കു് ഇതു വല്ലതും അറിയണോ? യാതൊരു കുലുക്കവുമില്ലാതെ കിടന്നുറങ്ങുന്നുണ്ടു്. വേദനമൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നതൊന്നും അറിയേണ്ടല്ലോ ഇവര്‍ക്കൊന്നും.

ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ ഉറക്കം പോയിട്ടു് മയക്കം പോലും വരുന്നില്ല.

“അതേ, എനിക്ക് തോളില്‍ ഭയങ്കര വേദന,” ഞാന്‍ പതുക്കെ പറഞ്ഞു.

ആരു കേള്‍ക്കാന്‍?

“ഇവിടെ ബെന്‍‍ഗെ ഇരുപ്പുണ്ടോ?” അരണ്ട വെളിച്ചത്തില്‍ ഞാന്‍ തപ്പിത്തടഞ്ഞു. യാതൊരു മറുപടിയുമില്ല.

കുറച്ചു വെള്ളം കുടിക്കാം എന്നു കരുതിയപ്പോള്‍ വെള്ളപ്പാത്രം കാലിയാണ്. അര ഗ്ലാസ് വെള്ളമിരിപ്പുണ്ടു്.

“ഇതു് ഇന്നു് എടുത്തതാണോ, അതോ പഴയതോ?” ചോദ്യം ബധിരകര്‍ണ്ണങ്ങളിലേയ്ക്കു പറന്നകന്നു.

“ഹലോ? ഞാന്‍ പറയുന്നതു വല്ലതും കേള്‍ക്കുന്നുണ്ടോ?” ഞാന്‍ അല്പം കൂടി സ്വരമുയര്‍ത്തി.

“എന്താ?” എന്നു ചോദിച്ചുകൊണ്ടു് ഭാര്യ ഞെട്ടിയുണര്‍ന്നു.

“അപ്പോള്‍ ഞാന്‍ ചോദിച്ചതൊന്നും കേട്ടില്ലേ?”

“ഇല്ല. എന്തു പറ്റി?”

“എനിക്കേ തോളില്‍ നല്ല വേദനയുണ്ട്. ഉറങ്ങാന്‍ പറ്റുന്നില്ല. ബെന്‍‍ഗെ നോക്കി; കാണുന്നില്ല. ഈയിരിക്കുന്ന വെള്ളം പഴയതാണെന്നു് തോന്നുന്നു.”

“ഇതിനാണോ ഇവിടെക്കിടന്നു് പരവേശം കാണിക്കുന്നതു്? ആ പെയിന്‍ കില്ലര്‍ എടുത്ത് കഴിച്ചിട്ടു് കിടന്നാല്‍ പോരേ?”

“അതു ശരിയാണല്ലോ. ഞാന്‍ അക്കാര്യം ആലോചിച്ചതേയില്ല. ഇതെന്താ നിനക്കു് നേരത്തേ പറയാമായിരുന്നില്ലേ? വെറുതേ ഇത്രയും നേരം വെറുതേ വേദന തീറ്റിച്ചു!”

Labels:

Tuesday, September 23, 2008

സമാധാനം, പ്രിയേ!

നിങ്ങളെന്തിനാ ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങനെ ബ്ലോഗെഴുതുന്നതു് എന്നു് ഭാര്യയുടെ സംശയം. ഞാനങ്ങനെ ഇല്ലാത്ത സമയം ഉണ്ടാക്കുന്നില്ലല്ലോ എന്നു് എന്‍റെ ഉത്തരം. എന്തായാലും ചീട്ടുകളിച്ചു കളയുന്ന സമയം വല്ലതും രണ്ടക്ഷരം എഴുതുന്നതു് നല്ലതു തന്നെ എന്നു് ഭാര്യ. ഇതെഴുതിയിട്ടും ചീട്ടുകളി കുറയാത്തതില്‍ എനിക്കു് സന്തോഷം.

ഇതൊക്കെ ആരേലും വായിക്കുന്നുണ്ടോ എന്നു് ഭാര്യയ്ക്കു് സംശയം. അവളുടെ ഒടുക്കത്തെ സംശയം എന്നു് എന്‍റെ ആത്മഗതം.

ഹിറ്റ് കൌണ്ടര്‍ നോക്കി സായൂജ്യമടയൂ എന്നു് എന്‍റെ ഉപദേശം. പത്തുനൂറു് പേരു് ഇതുവഴികറങ്ങുന്നുണ്ടല്ലോ എന്നു് ഭാര്യയുടെ കമന്‍റ്. കമന്‍റില്ലെങ്കിലെന്താ ഹിറ്റുണ്ടല്ലോ എന്നു് എന്‍റെ കമന്‍റ്.

ആശ്വാസം അധികം നീളുന്നില്ലല്ലോ എന്നു് എനിക്കു് സങ്കടം. അവിനാശം അതിനാശമായി എന്നു് എനിക്കൊരു തോന്നല്‍. HITS എന്നാല്‍ How Idiots Track Success എന്നു് അദ്ദേഹത്തിന്‍റെ വെളിപാടു്.

സമാധാനത്തോടെയിരുന്ന എനിക്ക് ഹിറ്റിലുള്ള വിശ്വാസം പോയി എന്നതു് നിസ്തര്‍ക്കം. സമാധാനമില്ലാതിരുന്ന ഭാര്യയ്ക്ക് ആശ്വാസമായി എന്നതു് സംശയരഹിതം. അശ്രീകരം അവിനാശിന് സമാധാനമായി കാണും എന്നതു് മല്ലൂഹം മദൂഹം.

Labels:

Monday, August 04, 2008

താങ്കളുടെ ഇഷ്ടം

ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”

സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”

ഞാന്‍: “മുമ്പു സൂചിപ്പിച്ചിരുന്നു... താങ്കളുടെ ഇഷ്ടം പോലെ. എങ്ങനെ ആയാലും വിരോധമില്ല.”

സുഹൃത്തു്: “എനിക്കു പ്രത്യേകിച്ചു പ്രിഫറന്‍സ് ഇല്ല. അതിനാല്‍ താങ്കളുടെ ഇഷ്ടം എന്താണെന്നു പറയൂ!”

ഞാന്‍: “ഞാന്‍ പറഞ്ഞല്ലോ. താങ്കള്‍ക്കു് സൌകര്യമേതാണെന്നു വച്ചാല്‍ അങ്ങനെ!”

സുഹൃത്തു്: “എന്നാലും പറയൂ. ഏതാണു് പ്രിഫറന്‍സ്?”

ഞാന്‍: “ഡിമാന്‍ഡ് ഡ്രാഫ്റ്റോ മണി ഓര്‍ഡറോ ആയിരുന്നു എനിക്കു സൌകര്യം. ഇനി ക്യാഷായിട്ടാണെങ്കില്‍ എല്ലാം നൂറിന്‍റേതു മതി. അതല്ല ചെക്കാണയയ്ക്കുന്നതെങ്കില്‍ കമ്മീഷന്‍ കൂടി ചേര്‍ക്കണേ.”

Labels: ,

Saturday, July 26, 2008

പുനരുപയോഗം

പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു്.

സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

Labels: ,

Monday, April 14, 2008

പോട്‍ലക്

A potluck is a gathering of people where each person is expected to bring a dish of food to be shared among the group.
- Wikipedia

ഭാര്യ: ഞാന്‍ റീനയെ വിളിക്കാന്‍ പോകുന്നു. പോള്‍ വീട്ടിലുണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞതെന്തിനാ? പോളിനോടു് വല്ലതും പറയാനുണ്ടോ?
ഭര്‍ത്താവ്‍: ഒന്നും പറയാനില്ല. ഇന്നു് അവര്‍ കൊണ്ടുവരുന്ന മീങ്കറി കഴിക്കണോന്നു് തീരുമാനിക്കാനാ... പോളുണ്ടാക്കിയതാണെങ്കില്‍ അടിപൊളിയായിരിക്കും.
ഭാര്യ: അപ്പോ ധന്യേ വിളിക്കുമ്പോള്‍ രാജ് മുഴുവന്‍ സമയവും വീട്ടിലുണ്ടാരുന്നോ എന്നു ചോദിക്കുന്നതോ? അവള്‍ നന്നായി പാചകം ചെയ്യുന്നതല്ലേ?
ഭര്‍ത്താവ്: അതു തന്നെ കാര്യം. ഇന്നു് കണവന്‍ പാചകം ഏറ്റെടുത്തോന്നറിയാനാ. അവനാണു് പാചകമെങ്കില്‍ അവിയല്‍ എടുക്കാതെ കഴിക്കാം!

(കുറിപ്പു്: ഞാന്‍ പാചകം ചെയ്യാറില്ല. എന്നു വച്ചു് പാചകം ചെയ്യുന്ന പുരുഷന്മാരോടു് എനിക്കു് അസൂയ, ആദരവു്, വെറുപ്പു്, മതിപ്പു് എന്നീ വികാരങ്ങളും തോന്നാറില്ല. എന്നാലും പോട്‍ലക് ഉള്ള ദിവസങ്ങളില്‍ ഭാര്യമാരെ വിശ്രമിക്കാനനുവദിച്ചു് വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്ന പുരുഷന്മാരോടു് എനിക്കു വലിയ മതിപ്പില്ല.)

Labels:

Friday, February 08, 2008

വര്‍ക്കിംഗ് ഫ്രം ഹോം

പ്രിയപ്പെട്ട മാനേയ്ജര്‍ക്ക്,

ഞാന്‍ നാളെ ജോലിക്ക് വരില്ല. എന്നുകരുതി ഞാന്‍ നാളെ അവധിയാണെന്ന് കരുതരുത്.

ഓഫീസിന്‍റെ മറ്റു ഡിസ്റ്റ്രാക്ഷന്‍സ് ഇല്ലാതെ, പ്രവര്‍ത്തന നിരതരായ ഉപയോക്താക്കളെ സിന്‍ഡിക്കേയ്റ്റ് ചെയ്യാനും, അന്താരാഷ്ട്ര ബന്ധങ്ങളെ ഫെസിലിറ്റേയ്റ്റ് ചെയ്യാനും, മുടക്കുമുതല്‍ മുതലാക്കുന്നതില്‍ കൂട്ടായ്മയുടെ പങ്കെങ്ങനെ എന്ന ചിന്ത റീഇന്‍‍വെന്‍റ് ചെയ്യാനും, മുന്‍‍നിരയിലുള്ള വിപണനശൃംഘലകളെ സ്റ്റ്രീം‍ലൈന്‍ ചെയ്യാനും, നമുക്കിടയിലെ ഏകകണ്ഠസ്വരത്തെ എക്സ്റ്റന്‍ഡു ചെയ്യാനും, വിപണന നിരയ്ക്ക് ഇന്‍സെന്‍റീവ് നല്‍കാനും, ശക്തവും സൂക്ഷ്മവുമായ അനുഭവങ്ങളെ മെറ്റ്രിക്സിലാക്കാനും, വന്‍‍കിട ഇ-മാര്‍ക്കറ്റുകളെ ഡിസ്‍ഇന്‍റര്‍മീഡിയേയ്റ്റ് ചെയ്യാനും, സ്വാധീനമുള്ള വ്യവസായങ്ങളെ ഇ-എനേയ്ബ്‍ള്‍ ചെയ്യാനും, മൂല്യമുള്ള പങ്കാളിത്തങ്ങളെ സ്കെയ്ല്‍ ചെയ്യാനും, വിഘടിച്ചുനില്‍ക്കുന്ന ചെറുകൂട്ടങ്ങളെ എം‍ബ്രേയ്സ് ചെയ്യാനും, അനിതരസാധാരണമായ രീതികളും രൂപങ്ങളും ഗ്രോ ചെയ്യാനും, ബൃഹത്തായ അടിത്തറകളെ റ്റ്രാന്‍സ്ഫോം ചെയ്യാനും, തന്ത്രപരമായ സാങ്കേതിക സങ്കേതങ്ങള്‍ ആര്‍കിറ്റെക്റ്റ് ചെയ്യാനും ഈ ദിവസം ഞാന്‍ വിനിയോഗിക്കുന്നതാണ്.

(പ്രവൃത്തി ദിവസം അവധിയെടുക്കാതെ പകല്‍ മുഴുവന്‍ കിടന്നുറങ്ങുന്നതിന്‍റെ സുഖം ഒന്നു വേറേ തന്നെ!)

Labels:

Saturday, November 17, 2007

ഉദരനിമിത്തം

‘ഹലോ രമേശേ, സുഖമാണോ?’
‘ആണല്ലോ. എന്താ വിശേഷം? ശനിയാഴ്ച രാവിലെ എഴുന്നേറ്റോ?’
‘അല്ലാ, ഇന്ന് വൃശ്ചികം ഒന്നല്ലേ? അവിടെ അമ്പലത്തില്‍ രാവിലെ പൂജയൊക്കെ ഉണ്ടെന്ന് കേട്ടു.’
’ങാ, ങാ... ശരിയാണ്. വരുന്നുണ്ടോ? താല്പര്യമുണ്ടാവില്ലെന്ന് കരുതിയാണ് ഞാന്‍ അറിയിക്കാതിരുന്നത്.’
‘വരണമെന്നുണ്ട്. സമയം അറിയാന്‍ വേണ്ടിയാണ് വിളിച്ചത്.’
‘പതിനൊന്നു മണിക്കാണ് പൂജ.’
‘താങ്ക്സ്.’

(ഈ തലയ്ക്കല്‍ നിശ്ശബ്ദത; അങ്ങേത്തലയ്ക്കല്‍ മുറുമുറുപ്പ്.)

‘എന്നാല്‍ ഞാന്‍...?’
‘അല്ല, ഏതായാലും ഇതു വരെ വരുന്നതല്ലേ, ഉച്ചയ്ക്ക് ഇവിടുന്ന് ഊണു കഴിക്കാം!’
‘അതൊക്കെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലേ?’
‘ഏയ്, ഒരു പ്രശ്നവുമില്ല. ഒരാള്‍ക്കുകൂടി ഉണ്ടാക്കാനാണോ ഇത്ര പാട്?’
‘എന്നാല്‍ അങ്ങനെയാവട്ടെ. ഉച്ചയ്ക്കു കാണാം... അല്ല, പതിനൊന്നു മണിക്കു കാണാം.’

Labels:

Sunday, November 11, 2007

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?



കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

Labels: , , , ,

Thursday, November 08, 2007

ജാതകം

‘സാര്‍ കുട്ടിയുടെ ആരാണ്?’
‘അപ്പൂപ്പന്‍.’
‘അപ്പൂപ്പനെന്ന് പറയുമ്പോള്‍?’
‘അമ്മയുടെ അച്ഛന്‍...’
‘കുട്ടി ബഹു മിടുക്കനായി വളരും. അവന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സര്‍വ്വഗുണസമ്പന്നയായ കുട്ടിയുടെ മാതാവായിരിക്കും...’

കുട്ടിയുടെ അച്ഛന്‍ (ഫോണിലൂടെ): ‘ബാക്കി പറയണമെന്നില്ല. ശേഷം ഞാന്‍ ചിന്തിച്ചോളാം.’

Labels: ,

Sunday, October 21, 2007

കളിഭ്രാന്ത്

ഞായറാഴ്ചയാണെങ്കില്‍ ഇങ്ങനെ വേണം.

8:30 AM. പുറത്ത് മഴയാണ്. നേരം വെളുത്തെഴുന്നേറ്റ് മഴയത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവുക. ഒരു ഇന്‍സെന്‍റീവ് എന്ന നിലയ്ക്ക് കളി ജയിക്കുക. പത്തിരുപതു റണ്ണും രണ്ടു വിക്കറ്റും കൂടി കിട്ടിയാലോ? പരമാനന്ദം! Twenty20 കണ്ടു പിടിച്ചു എന്ന് ഇംഗ്ലീഷുകാര് വീമ്പിളക്കുന്നതു കേട്ടു. അമേരിക്കന്‍ റെക്രിയേഷണല്‍ ക്രിക്കറ്റ് ലീഗ് എന്നു കേട്ടിട്ടുണ്ടോ? Sixteen16 തുടങ്ങിയിട്ട് വര്‍ഷം ഏഴാവുന്നു!

സെയ്ന്‍റ് ലൂയിസ് റാംസ് നമ്മളെ തറപറ്റിക്കും, വെറുതേ കളി കാണാനിരിക്കല്ലേ എന്ന് മനോജ് വിലക്കിയതാണ്. പിന്നെന്തു ചെയ്യാനാ? ഡാര്‍ജീലിംഗ് ലിമിറ്റഡ്? അതും നട്ടുച്ച്യ്ക്ക്? സീഹോക്സിനു നറുക്ക്. ഹാസില്‍ബക്കിന്‍റെ കളികണ്ടപ്പോള്‍ കുംഭസാരം ഓര്‍മ്മവന്നു.

വെകുന്നേരം അഞ്ചേകാല്‍. സകല ഹൈപ്പുകളും കഴിഞ്ഞ് അവസാനം ഖ്ലീവ്‍ലന്‍ഡ്-ബോസ്റ്റണ്‍ നിര്‍ണ്ണായകമായ ഏഴാം കളി. ഥേഡ് ബേയ്സ് കോച്ചിന്‍റെ പണി നന്ദിയറ്റതാണ്. ഖ്ലീവ്‍ലന്‍ഡ് എട്ടു നിലയില്‍ പൊട്ടിയതിന്‍റെ ഉത്തരവാദിത്തം ഥേഡ് ബേയ്സ് കോച്ച് ജോയല്‍ സ്കിന്നറില്‍ കെട്ടി വയ്ക്കുന്നത് ക്രൂരതയും. 2-3 ന് പിന്നിലായിരുന്ന ഖ്ലീവ്‍ലന്‍ഡ് സ്കോര്‍ സമനിലയിലാക്കുകയും ഫ്രാങ്ക്ലിന്‍ ഗ്യുറ്റേറസ് സ്കോറിംഗ് പൊസിഷനിലാവുകയും ചെയ്തിരുന്നെങ്കില്‍ ‘Watching the game, having a beer!’ എന്നു പറയുന്നതിന് ഒരു സുഖം കിട്ടിയേനെ. ആ സുഖം കിട്ടിയില്ല.

എട്ടുമണി. വിശപ്പു വച്ചു തുടങ്ങി. ‘അത്താഴത്തിന് ഇങ്ങോട്ട് പോരേ!’ ബൈജുവിന്‍റെ ക്ഷണം. ആനന്ദലബ്ധിക്കിനിയെന്തു വേണം?

Labels:

Tuesday, October 16, 2007

നെങ്ങലെട്ടാച്ചിരിതി?

ഈ അടുത്ത കാലത്ത് എന്‍റെ സുഹൃത്തുക്കളിലൊരാള്‍ എനിക്ക് ഒരുവാചകം മാത്രമുള്ള ഒരു ഈ-മെയിലയച്ചു:

“Have you met the evil eciffo yet?"

മൈക്രോസോഫ്റ്റിനെപ്പറ്റിയോ ബില്‍ ഗേയ്റ്റ്സിനെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ‘ഈവിള്‍’ എന്നു ചേര്‍ക്കുന്നത് ഇന്ന് അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളിലൊന്നാണല്ലോ. എസിഫോ എന്നത് ഇനി പുതിയ പ്രയോഗമോ വിളിപ്പേരോ ആണെന്നറിയാന്‍ സേര്‍ച് ചെയ്തപ്പോള്‍ അധികം പ്രയാസപ്പെടാതെ ചെന്നെത്തിയത് ഈ വെബ് സൈറ്റിലാണ്. അതിലെ ആദ്യ വാചകം തന്നെ എന്‍റെ സംശയം ദൂരീകരിച്ചു.

"ECIFFO, as its name indicates (office spelled backward), ..."

രം‍പുന്തനവരുതിയില്‍ എവിടെയോ ഉള്ള ന്തച്ചളകായില്‍ പോയ കഥ പറഞ്ഞു തന്ന അച്ഛന്‍റെയച്ഛനെ ഓര്‍ത്തു പോയി ഞാന്‍. (അപ്പൂപ്പന്‍ തന്നെയാണ് ചൊറിച്ചു മല്ലലില്‍ എനിക്ക് ആദ്യപാഠമോതിത്തന്നതും: നിരന്തര ശിക്ഷണത്തിലൂടെ “മൂക്കില്ലാതെ പട്ടിയിരിക്കുന്നു” എന്ന കോഡുവാചകം മനസ്സിലാക്കാന്‍ സഹായിച്ചുകൊണ്ട്.)

Labels: ,

Monday, June 26, 2006

ക്രൂരത കുഞ്ഞുങ്ങളോടും

ജില്‍ ഗ്രീന്‍‍ബര്‍ഗ്ഗിന്‍റെഎന്‍‍ഡ് റ്റൈംസ്’ എന്ന സീരീസിലെ ഫോട്ടോകള്‍ എന്നെ വേദനിപ്പിക്കുന്നു, മനസ്സിനെ മുറിവേല്പിക്കുന്നു. ഈ ബ്ലോഗ് പ്രകാരം, ജില്‍ ഗ്രീന്‍‍ബര്‍ഗ്ഗ് മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ അക്ഷരാര്‍ഥത്തില്‍ പീഡിപ്പിച്ചാണത്രേ കുട്ടികള്‍ വേദനിക്കുന്നതിന്‍റെയും കരയുന്നതിന്‍റെയും ദേഷ്യപ്പെടുന്നതിന്‍റെയും ഫോട്ടോകള്‍ എടുക്കുന്നത്. ക്രൂരത കുഞ്ഞുങ്ങളോടും!

Labels: ,

Tuesday, March 14, 2006

പൈ ദിവസം

മാര്‍ച്ച് 14 പൈ ദിവസമായി ആഘോഷിക്കുന്നു. 3.14159 എന്നത് പൈയുടെ തരക്കേടില്ലാത്ത (reasonably good) മൂല്യമായി കരുതിവരുന്നതിനാലാണ് മാര്‍ച്ച് 14 1:59-ന് പൈ ദിവസാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈ അടുത്ത കാലത്ത് മാര്‍ച്ച് 14, 4:32-ന് വേണമെങ്കിലും പൈ ദിവസാഘോഷങ്ങള്‍ തുടങ്ങാമെന്ന് എഴുതിക്കണ്ടു.

കാരണം: 4:32 = 16:32 (24 മണിക്കൂര്‍ ക്ലോക്ക് പ്രകാരം)
16 മണിക്കൂര്‍ 32 മിനിട്ട് എന്നത് 15 മണിക്കൂര്‍ 92 മിനിട്ടിനു തുല്യമാണല്ലോ.
അതിനാല്‍, 16:32 = 15:92

അങ്ങനെ, മാര്‍ച്ച് 14 4:32 = 3.141592 (അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും പിന്തുടര്‍ന്നു വരുന്ന മാസം/തീയതി/വര്‍ഷം എന്ന രീതിയില്‍ ദിവസം കുറിക്കുമ്പൊഴേ ഇത് ശരിയാവുകയുള്ളൂ.)

പൈ ദിവസത്തേയും പൈ അപ്രോക്സിമേഷന്‍ ദിവസത്തേയും പറ്റി ഇവിടെ വായിക്കുക. ഈ ലിങ്കുകളും (1, 2, 3) നോക്കുക.

Labels:

Tuesday, February 21, 2006

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Labels: ,