Friday, November 14, 2008

വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. 'ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം' എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

16 പ്രതികരണങ്ങൾ:

 1. വികടശിരോമണി

  എന്റെ ചെറിയമ്മയുടെ കല്യാണസമയത്തും വെയിൽ മഴയുണ്ടായിരുന്നു,അതിനെന്തായാലും സാർവ്വലൌകികതയില്ലല്ലോ:)
  നല്ല പോസ്റ്റ്,ആശംസകൾ.

 2. Anonymous

  ജാപ്പനീസില്‍ കുറുക്കനെ വിളിക്കുന്നത് കിത്സുനേ എന്നാണ് . കുറോസവയുടെ ഡ്രീംസ് എന്ന ചിത്രത്തിലെ ആദ്യ സ്വപ്നം വെയില്‍ മഴയും കുറുക്കന്റെ കല്യാണവുമാണ്.

 3. Inji Pennu

  ഇതിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. ആഗോളമായി കുറുക്കന്റെ കഥകൾ പടർന്നാൽ ആഗോള മാന്ദ്യത്തിൽ നമ്മുടെ കുറുക്കനുകൾക്കും മാന്ദ്യമുണ്ടാവില്ലേ എന്ന് ഞാൻ ഉറക്കെ ഉറക്കെ ചോദിക്കുന്നു!

 4. Babu Kalyanam | ബാബു കല്യാണം

  "കുറുക്കനുകൾക്കും"????
  മാന്ദ്യം വന്ന കുറുക്കന്‍മാരെ വിളിക്കുന്നതിങ്ങനെയാണോ? ;-)

 5. കുഞ്ഞന്‍

  കൌതുകകരമായ അറിവ് പകര്‍ന്നതിന് നന്ദി മാഷെ..

  വെയിലും മഴയും കുറുക്കന്റ്റെ കല്യാണം, അത് നമ്മുടേതു മാത്രമായിരിക്കട്ടെ..

 6. അനോണി ആന്റണി

  കൗതുകകരം.

  ഒരുപാടു നാട്ടില്‍ സണ്‍ഷവര്‍ കുറുക്കാദികളുടെ കല്യാണമായത് എങ്ങനെ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അടുത്തകാലം വരെ കുറുക്കന്മാര്‍ അടക്കം പല ജന്തുക്കളും ഏക-ഇണാ (ഇതിന്റെ സന്ധി എങ്ങനെ വരുമോ എന്തോ ഏകൗണ എന്നാണോ?) വ്രതക്കാരാണെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു ഡീയെന്നേയില്‍ കളി തുടങ്ങിയതില്‍ പിന്നെ ഒരുമാതിരിപ്പെട്ടതെല്ലാം പൊഹഞ്ഞു പോയി. (കുഞ്ഞിക്കുറുക്കന്മാരുടെ ഡീയെന്നേയില്‍ പണിത ഒരണ്ണന്‍ കൈ മലര്‍ത്തി പറഞ്ഞത്രേ "mummy's baby, daddy's maybe" )ഇനി ആ വിശ്വാസമാണോ കുറുക്കന്റെ കല്യാണത്തിനു ഇത്രയും പ്രാധാന്യമുണ്ടാക്കിയത്?

  എന്നാലും ഈയൊരവസരത്തിലാണു കല്യാണം എന്നു വരാന്‍ എന്താ കാര്യം, എനി മിഥോളജി എക്സ്പര്‍ട്ട് ഹീയര്‍?

 7. Siju | സിജു

  കുറുക്കന്റെ കല്യാണം ഇന്റര്‍നാഷണല്‍ ലെവലിലാണെന്ന് ഇപ്പോഴാ അറിയുന്നത്

 8. സന്തോഷ്

  അനോനിമസേ: Kitsune എന്നതിന്‍റെ ഉച്ചാരണം കിത്സുനേ എന്നാണല്ലേ? വിക്കിയില്‍ കിറ്റ്സ്നേ എന്നാണു് കണ്ടതു്.

  ഇഞ്ചി: ‘നാലുകെട്ടില്‍’ പുതിയ രാഷ്ട്രീയ പോസ്റ്റിനുള്ള വകയായല്ലോ. എനിക്കു് ഒന്നും മനസ്സിലാവുന്നില്ല എന്നു് ലേബലിടുകയുമാവാം.

  ബാബു: :)

  ആന്‍റണീ: ഇപ്പറഞ്ഞതിനൊക്കെ ഉത്തരം വേണമെങ്കില്‍ ഒരു ആന്‍റണി സ്റ്റൈല്‍ റിസര്‍ച്ചു തന്നെ വേണ്ടിവരില്ലേ?

  വികടശിരോമണി, കുഞ്ഞന്‍, സിജു: നന്ദി.

 9. lakshmy

  അപ്പൊ ഇതിലെ ഗ്ലോബലിസേഷൻ പണ്ടേ ഉണ്ടായിരുന്നല്ലേ? ന്നാലും കഷ്ടം നമ്മുടെ സ്വന്തം കുറുക്കന്റെ കല്യാണം ഒരു വേൾഡ് വൈഡ് ഫിനൊമിന ആകുന്നത്

 10. ശ്രീ

  അപ്പോ കുറുക്കന്മാരും മോശക്കാരല്ലെന്നര്‍ത്ഥം...
  :)

 11. ജയരാജന്‍

  “ബെയ്‌ലും മയേം കുറുക്കന്റോളെ പുങ്ങൻ മങ്ങലം“ :) ഞങ്ങളുടെ നാട്ടിലൊക്കെ (കാഞ്ഞങ്ങാട്-കാസർഗോഡ്) കല്യാണം ആയിരുന്നില്ല “പുങ്ങൻ മങ്ങലം” (കടിഞ്ഞൂൽ‌പ്രസവത്തിന് സ്ത്രീകളെ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് - നാട്ടുകാരെയും അടുത്ത ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് ചെറിയ സദ്യയൊക്കെ ഉണ്ടാകും) ആയിരുന്നു :)

 12. വഴിപോക്കന്‍

  കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു Nov 11 നു അനന്തപുരിയില്‍ വലിയ ഒരു മഴവില്ല് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതോ ഒരു വലിയ കുറുക്കന്‍ അന്ന് പെണ്ണ് കെട്ടിയെന്ന് തോന്നുന്നു. ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല, പെട്ടന്ന് ആ വാര്‍ത്ത‍ ഒന്നു ഓര്‍ത്തു പോയി.

 13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  കുറെ നാളായി ഈ വഴി വന്നിട്ട് നന്നായിരിക്കുന്നു

 14. സന്തോഷ്

  ജയരാജന്‍: പുതിയ അറിവിനു നന്ദി!

  വഴിപോക്കന്‍: കേരള കൌമുദി നിരുത്തിയിട്ട് ദീപിക വായിക്കൂ. :)

  ലക്ഷ്മി, ശ്രീ, മുഹമ്മദ്: നന്ദി.

 15. അരുണ്‍ കായംകുളം

  കാടന്‍റെ കല്യാണം എന്നും കേട്ടിട്ടുണ്ട്

 16. നിരക്ഷരന്‍

  അത് കൊള്ളാല്ലോ! ഈ പുതിയ അറിവിന് നന്ദി മാഷേ ....