Tuesday, September 23, 2008

സമാധാനം, പ്രിയേ!

നിങ്ങളെന്തിനാ ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങനെ ബ്ലോഗെഴുതുന്നതു് എന്നു് ഭാര്യയുടെ സംശയം. ഞാനങ്ങനെ ഇല്ലാത്ത സമയം ഉണ്ടാക്കുന്നില്ലല്ലോ എന്നു് എന്‍റെ ഉത്തരം. എന്തായാലും ചീട്ടുകളിച്ചു കളയുന്ന സമയം വല്ലതും രണ്ടക്ഷരം എഴുതുന്നതു് നല്ലതു തന്നെ എന്നു് ഭാര്യ. ഇതെഴുതിയിട്ടും ചീട്ടുകളി കുറയാത്തതില്‍ എനിക്കു് സന്തോഷം.

ഇതൊക്കെ ആരേലും വായിക്കുന്നുണ്ടോ എന്നു് ഭാര്യയ്ക്കു് സംശയം. അവളുടെ ഒടുക്കത്തെ സംശയം എന്നു് എന്‍റെ ആത്മഗതം.

ഹിറ്റ് കൌണ്ടര്‍ നോക്കി സായൂജ്യമടയൂ എന്നു് എന്‍റെ ഉപദേശം. പത്തുനൂറു് പേരു് ഇതുവഴികറങ്ങുന്നുണ്ടല്ലോ എന്നു് ഭാര്യയുടെ കമന്‍റ്. കമന്‍റില്ലെങ്കിലെന്താ ഹിറ്റുണ്ടല്ലോ എന്നു് എന്‍റെ കമന്‍റ്.

ആശ്വാസം അധികം നീളുന്നില്ലല്ലോ എന്നു് എനിക്കു് സങ്കടം. അവിനാശം അതിനാശമായി എന്നു് എനിക്കൊരു തോന്നല്‍. HITS എന്നാല്‍ How Idiots Track Success എന്നു് അദ്ദേഹത്തിന്‍റെ വെളിപാടു്.

സമാധാനത്തോടെയിരുന്ന എനിക്ക് ഹിറ്റിലുള്ള വിശ്വാസം പോയി എന്നതു് നിസ്തര്‍ക്കം. സമാധാനമില്ലാതിരുന്ന ഭാര്യയ്ക്ക് ആശ്വാസമായി എന്നതു് സംശയരഹിതം. അശ്രീകരം അവിനാശിന് സമാധാനമായി കാണും എന്നതു് മല്ലൂഹം മദൂഹം.

13 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  ഹഹഹ..

  ഇതു് എന്റെ വീട്ടിലെയും സ്ഥിതി തന്നെ. ഞാന്‍ ഈയിടെയായി ചീട്ടുകളിക്കാറില്ലെങ്കിലും.

  ഓ. ടോ.:
  എന്താ ഈ മല്ലൂഹം? മല്‍ + ഊഹമാണോ? ഹാഹാഹാ‍ാ...

  മത് + ഊഹം = മദൂഹം.

  ഇനി മല്ലുവിന്റെ ഊഹം ആണെങ്കില്‍ ആയ്ക്കോട്ടേ :)

 2. സന്തോഷ്

  അയ്യേ, മല്ലൂഹമോ... എന്താദു്? :)
  നന്ദി, ഉമേഷ്.

 3. ആത്മ

  കുറേ നാളായി ഒരു കമന്റെഴുതാന്‍ തക്കം പാര്‍ത്തു വരുന്നു. പക്ഷെ, പല പോസ്റ്റ്കളും വായിച്ചു മനസ്സിലാക്കാനുള്ള അറിവില്ലാതെ തിരിച്ചു പോകും.
  ഇത് കുറെയൊക്കെ മനസ്സിലായെന്നു തോന്നുന്നു.
  അവസാനമൊക്കെ ആയപ്പോള്‍ പഴയപോലെ തന്നെ.

  ഒരിക്കല്‍ അച്ഛനെപറ്റി എഴുതിയ കവിത വായിച്ചു.
  വളരെ ഹൃദയസ്പര്‍ശ്ശിയായിരുന്നു.

 4. ശ്രീ

  എന്തായാലും ഇവിടം വരെ വന്നതല്ലേ, ഒരു സമാധാനത്തിന് എന്റെ കമന്റും കിടക്കട്ടേ
  :)

 5. പച്ചാളം : pachalam

  “മോനേ, ഇങ്ങനെ ഇരുപത്തിനാലുമണിക്കൂറും കമ്പ്യൂട്ടറിന്‍റെ മുന്നില്‍ കുത്തിയിരിക്കാതെ വല്ലപ്പോഴും എണീറ്റ് നടക്ക്”

  എന്ന് എന്‍റെ പിതാവ് ഇന്നലെ പറഞ്ഞു.
  ഇനി മുതല്‍ ഹിറ്റ് നോക്കാനെടുക്കുന്ന സമയം ഞാന്‍ നടക്കാന്‍ തീരുമാനിച്ചു ;)

 6. ::: VM :::

  “Hits” Are Successful Pop Songs – Not A Web Success Measurement

  ഹഹഹ! അതലക്കി ;)

  ന്നിങ്ങാള്‍ക്കൊക്കെ ഹിറ്റില്‍ ഇനി വിശ്വാസം വരണമെങ്കില്‍ ഭാര്യേടേം അച്ഛന്റേംമൊക്കെ കയ്യീന്നു നേരിട്ട് ഹിറ്റ് കിട്ടേണ്ടിവരും!

  വേഡ് വ്എരി ഒന്നു മാറ്റാമോ .. 2 തവണയായ്യി എറര്‍ കാണിക്കുന്നു

 7. തറവാടി

  സന്തോഷ്,

  നാട്ടില്‍ നിന്നും വന്നിട്ട് വെള്ളിയാഴ്ചകളില്‍ പോലും പുറത്തേക്ക് കറങ്ങാന്‍ കൊണ്ടുപോകാതെ സ്ക്രീനില്‍ നോക്കിയിരുന്നപ്പോള്‍ അമ്മായി അപ്പന്‍റ്റെ കമന്‍‌റ്റ് ,

  " ഓ ഈ ബ്ലോഗ് പ്ലേഗിനേക്കാള്‍ മാരകം! "

  ഇന്നുമുതല്‍ ഹിറ്റ് നോക്കുന്ന പരിപാടി നിര്‍ത്തി ;)

 8. അഗ്രജന്‍

  ങേ!
  ഹിറ്റ് കൌണ്ടര്‍ നോക്കുക എന്നൊരു സംഗതി കൂടെയുണ്ടോ ബ്ലോഗില്‍... എന്നാ അതൊന്ന് പരീക്ഷിച്ചിട്ടു തന്നെ ബാക്കി കാര്യം :)

 9. സു | Su

  പോസ്റ്റ് ഇട്ടുകഴിഞ്ഞാൽ അടുത്ത പോസ്റ്റിനെക്കുറിച്ച് ആലോചിക്കുക. മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക. ഇതാവും നല്ലത്.

 10. ഹരിത്

  വിനാശകാലേ അവിനാശ ബുദ്ധി. :)

 11. പ്രിയ ഉണ്ണികൃഷ്ണന്‍

  ഹിറ്റ് നോക്കല്‍ പരിപാടീം ഉണ്ടാരുന്നോ ഇവിടെ???

 12. വാല്‍മീകി

  കമന്റ് കുറവാണെങ്കില്‍ അത് തീര്‍ത്തു തരാം. എന്തായാലും ചീട്ടുകളി മുടക്കേണ്ട.

 13. പതിവു വഴിപോക്കന്‍

  ഭാര്യയുമായുള്ള സ്വരച്ചേര്‍കള്‍ കൂടി കൂടി വരുന്നുണ്ടോ? ബ്ലോഗിന്റെ ആദ്യത്തെ നാലില്‍ മൂന്നും അത് തന്നെ :-)

  ചീട്ടുകളി ചത്താലും വിടരുത്!