Wednesday, December 10, 2008

അവധിയ്ക്കു പോകുമ്പോള്‍

അവധിയ്ക്കു് നാട്ടില്‍ പോകുന്ന സുഹൃത്തിനെ ‘സഹായിക്കലാ’യിരുന്നു ഞായറാഴ്ച പണി. നാട്ടില്‍ പോകാനിരിക്കുന്നയാളിനെ ഇത്ര സഹായിക്കാനെന്തിരിക്കുന്നു എന്നാവും, അല്ലേ? ഏതോ സിനിമയില്‍ ആരോ പറയുമ്പോലെ (ഇപ്പോള്‍ വന്നുവന്നു് സിനിമയില്‍ പറയാത്ത കാര്യമില്ല) “ഇപ്പോഴത്തെ നാട്ടില്‍ പോക്കല്ലേ നാട്ടില്‍ പോക്കു്? പണ്ടൊക്കെ എന്തു് നാട്ടില്‍ പോക്കു്!”

പ്രീ-ഡിഗ്രിക്കാലം. നാലാഞ്ചിറ നിന്നും കിളിമാനൂര്‍ വഴി കൊട്ടാരക്കര പോകുന്ന ഒരു ഫാസ്റ്റ് പാസഞ്ചറില്‍ ചാടിക്കയറി. ആള്‍ത്തിരക്കു കാരണം മരുതൂര്‍ കഴിഞ്ഞാണു് കണ്‍‍ഡക്റ്റര്‍ റ്റിക്കറ്റു ചോദിച്ചു വന്നതു്. പതിവുപോലെ പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി: അഞ്ചു നായാപ്പൈസയില്ല.

ഉള്ള രൂപയെല്ലാം പോക്കറ്റിലിട്ടാണു് നടപ്പു്. മൂക്കിനു കീഴില്‍ നിന്നും ആരും പോക്കറ്റടിച്ചതല്ല. പിന്നെന്തു സംഭവിച്ചു? ആലോചിച്ചു നോക്കി. നാട്ടില്‍ പോകാനായി ഇറങ്ങി പകുതി വഴിയെത്തിയപ്പോഴാണു് ഷര്‍ട്ടില്‍ മുഴുവന്‍ അഴുക്കാണെന്നു മനസ്സിലായതു്. തിരികെ കയറിപ്പോയി ഷര്‍ട്ടു മാറി വന്നു. പക്ഷേ, രൂപ പുതിയ ഷര്‍ട്ടിന്‍റെ പോക്കറ്റിലാക്കാന്‍ മറന്നു പോയി.

ഇത്ര നിസ്സാരമായിരുന്നു വീട്ടില്‍ പോക്കു്. വീട്ടില്‍ പോകാന്‍ തോന്നിയാല്‍ വീട്ടില്‍ പോകും, അത്ര തന്നെ.

ബാംഗ്ലൂരില്‍ നിന്നുള്ള വീട്ടില്‍ പോക്കു് ഇത്രത്തോളം നിസ്സാരമായിരുന്നില്ലെങ്കിലും അതും ലളിതമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുരുഗേഷ്പാളയയ്ക്കു പോണോ തീവണ്ടി പിടിക്കണോ എന്ന ചോദ്യത്തോളം ലളിതം.

എന്നാലിന്നോ? ഒരു മാസമെങ്കിലും അവധിയില്ലാതെ എന്തു നാട്ടില്‍ പോക്കു്? അവധി കിട്ടിയാല്‍ ആദ്യപടിയായി. പിന്നെ ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി എഴുതിവച്ചു് ചെക്കു ചെയ്തു മാറ്റുക. ഒരു സാധാരണക്കാരന്‍റെ നാട്ടില്‍പോക്കു ലിസ്റ്റ് നമുക്കൊന്നു പരിശോധിക്കാം:

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സാധനങ്ങള്‍/സമ്മാനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ ഓട്ടോമാറ്റിക് പേയ്മെന്‍റാക്കുക, ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ക്രെഡിറ്റ്കാര്‍ഡ് കമ്പനിയെ വിളിച്ചു് വിദേശവിനിമയം പ്രതീക്ഷിക്കുന്നുണ്ടെന്നു പറയുക, ഓഫീസ് കമ്പ്യൂട്ടറിന്‍റെ പാസ്‍വേഡ് മാറ്റുക (നാട്ടില്‍ നിന്നും ഓഫീസ് മെയിലുകള്‍ നോക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അവധിയ്ക്കിടയില്‍ പാസ്‍വേഡ് എക്സ്പെയര്‍ ചെയ്യാതിരിക്കണമല്ലോ), വീടു് കൊടുങ്കാറ്റു്, പേമാരി, കൊടും‍തണുപ്പു് തുടങ്ങിയവയ്ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പറ്റും വിധം കാലാവസ്ഥാ പ്രൂഫ് ആക്കുക, സ്വാഭാവിക രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ പ്രതിരോധകുത്തിവയ്പുകള്‍ എടുക്കുക, റെഫ്രിജെറേയ്റ്റര്‍ കാലിയാക്കുക, ഓട്ടോ ഇന്‍ഷുറന്‍സ് താല്കാലികമായി നിറുത്തിവയ്ക്കുക, സെല്‍ഫോണ്‍ കവറേയ്ജ് അനുയോജ്യമായ രീതിയില്‍ മാറ്റുക, വീടിന്‍റെ ഹീറ്റര്‍/ഏ.സി. (ഏതാണെന്നുവച്ചാല്‍ അതു്) താപനില സെറ്റു ചെയ്യുക, റ്റോയ്‍ലറ്റ് വൃത്തിയാക്കി ലിഡ് ഉയര്‍ത്തിവയ്ക്കുക, പോസ്റ്റല്‍ മെയില്‍ ഹോള്‍ഡു ചെയ്യിക്കുക, ന്യൂസ് പേപ്പര്‍ താല്ക്കാലികമായി നിറുത്തുക, പൈപ്പു വെള്ളം അടയ്ക്കുക, വാട്ടര്‍ ഹീറ്റര്‍ ഓഫാക്കുക, ബായ്ക്കപ് ചെയ്തശേഷം കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്യുക. ബായ്ക്കപ്പ് സുഹൃത്തിന്‍റെ വീട്ടില്‍ വയ്ക്കുക, ആഭരണങ്ങള്‍, സേര്‍ട്ടിഫികറ്റുകള്‍ എന്നിവയുണ്ടെങ്കില്‍ സേയ്ഫ് ഡെപോസിറ്റ് ലോക്കറില്‍ വയ്ക്കുക, റ്റീവി, കോഫീ മേക്കര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്ലഗില്‍ നിന്നും ഊരിയിടുക, ഗാര്‍ബേയ്ജ് ബിന്‍, റീസൈക്കിള്‍ ബിന്‍, യാര്‍ഡ് വേയ്സ്റ്റ് ബിന്‍ എന്നിവയുണ്ടെങ്കില്‍ കാലിയാക്കി ഒതുക്കിവയ്ക്കുക, സെക്യൂരിറ്റി സിസ്റ്റം ഉണ്ടെങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ഒരു സുഹൃത്തിനെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക, ലൈറ്റ് റ്റൈമറുകള്‍ ഉപയോഗിച്ചു് സന്ധ്യമുതല്‍ ഒമ്പതുമണിവരെയെങ്കിലും വീടിനകത്തെ ഒന്നുരണ്ടു ലൈറ്റുകള്‍ ദിവസവും ഓണാക്കാനുള്ള ഏര്‍പ്പാടാക്കുക, പാസ്പോര്‍ട്ട്/വിസ എന്നിവ കാലാവധി കഴിയാത്തതാണെന്നു് ഉറപ്പുവരുത്തുക, സുഹൃത്തുക്കളെ വിളിച്ചു് ഈ ലിസ്റ്റ് വായിച്ചു കേള്‍പ്പിച്ച ശേഷം എന്തെങ്കിലും വിട്ടുപോയോ എന്നു ചോദിക്കുന്ന ജോലി ഭാര്യയെ ഏല്‍‍പ്പിക്കുക, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയും അല്ലാത്തവയും ചെയ്തെന്നു് വീണ്ടും വീണ്ടും ഉറപ്പുവരുത്തുക, എന്നിട്ടും തൃപ്തിവരുന്നില്ലെങ്കില്‍ പോക്കുതന്നെ വേണ്ടെന്നുവയ്ക്കുക...

ഒരു ഫ്ലാഷ്ബായ്ക് കൂടി: മറ്റേമ്മ എന്നു് ഞങ്ങള്‍ വിളിക്കുന്ന അമ്മയുടെ അമ്മ, ശബരിമലയില്‍ പോകാന്‍ ഇരുമുടിയുമെടുത്തു് നില്‍ക്കുകയാണു്. നാമജപവും അയ്യപ്പസ്തോത്രവുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. “സാമിയേ, അയ്യപ്പാ” എന്നിങ്ങനെ സാധാരണ ചോദ്യോത്തരശൈലിയിലുള്ള ശരണം വിളിയ്ക്കു് തല്ക്കാലവിരാമം വരുത്തുന്നതു്, “സ്വാമിയേ....യ്” എന്ന നീട്ടിയുള്ള വിളിയും അതിനു “ശരണമയ്യ...പ്പാ” എന്ന മറുവിളിയുമായാണു്. അങ്ങനെ, വീട്ടില്‍ നിന്നു് ഇറങ്ങും മുമ്പുള്ള ശരണംവിളി എന്ന നിലയില്‍ ബാബുവണ്ണന്‍ വിളിച്ചു:

“സ്വാമിയേ....യ്”

അതിനു മറുപടിയായി, ഞങ്ങള്‍ക്കൊരവസരം വരുന്നതിനു മുമ്പേ മറ്റേമ്മയുടെ വിളി:

“കോഴിയയെയടച്ചോടേ...യ്?”

യാത്രയ്ക്കു പോകും മുമ്പു് മനസ്സില്‍ കൂടി കടന്നു പോകുന്ന ഒരായിരം ചെക്കുലിസ്റ്റുകളിലൊന്നില്‍ ചെക്കുമാര്‍ക്കു കാണാത്തതിനെത്തുടര്‍ന്നുണ്ടായ പരവേശമായിരുന്നു അതെന്നു് എത്രപേര്‍ക്കു മനസ്സിലായിക്കാണും!

22 പ്രതികരണങ്ങൾ:

 1. ശ്രീ

  ലിസ്റ്റ് എല്ലാവര്‍ക്കും ഉപകാരപ്പെടുമല്ലോ അല്ലേ? വിട്ടു പോയതു വല്ലതുമുണ്ടെങ്കില്‍ പൂരിപ്പിയ്ക്കുന്ന ജോലി വായനക്കാര്‍ ഏറ്റെടുക്കട്ടെ അല്ലേ?

  മറ്റേമ്മയുടെ ‘ശരണം വിളി’ ചിരിപ്പിച്ചു.
  :)

 2. ഹരിത്

  ഡ്യൂട്ടീ ഫ്രീ യില്‍ നിന്നും മറ്റവനെ വാങ്ങുന്ന കാര്യം മറക്കണ്ട. മൂന്നുപേര്‍ക്കും കൂടി 6 ലിറ്ററാണ്.

 3. വല്യമ്മായി

  ഈ തിരക്കിന്റെയൊക്കെ ഇടയില്‍ റ്റിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കേണ്ട :)

 4. തറവാടി

  നാട്ടില്‍ പോകുന്നവരുടെ പെട്ടികള്‍ കെട്ടി വെയിറ്റ് നോക്കിതിട്ടപ്പെടുത്തുമ്പോളാണ് എയര്‍ ഇന്‍‌ഡ്യയിലെ ജീവനക്കാരുടെ ഇറച്ചി ഏറ്റവും കൂടുതല്‍ തിന്നുക.അനുവദിക്കപ്പെട്ട ഭാരത്തിലുള്ളതെല്ലാം കെട്ടിക്കഴിഞ്ഞ് പിന്നേം ഒരു ചെറിയ പെട്ടി കയ്യില്‍ കരുതും ചില വിരുതന്‍ മാര്‍ കടന്നുകിട്ട്യാ കടന്നു അല്ലെങ്കില്‍ തിരിച്ചുകൊണ്ട് വരാം.

  പണ്ട് ഗള്‍ഫില്‍ നിന്നും കന്‍സല്‍ ചെയ്ത് വന്ന സുലൈമാനോട് ' അപ്പോ ജ്ജ് എന്നാടാ പോകുന്നത്? അനക്കെത്ര ലീവുണ്ട്? ' എന്ന് ചോദിച്ചാല്‍ മിക്കവരോടും ' അവിടത്തെ ഒരു മാസം ' എന്നായിരുന്നു പറഞ്ഞിരുന്നത്.

  ചന്ദ്രന്‍‌റ്റെ ചായപ്പീടികയിലിരുന്ന് ഒരിക്കല്‍ അവറാനിക്കയുടെ ' അപ്പോ ഇവിടെത്തെ എത്രമാസാണ്ടാ ? ' എന്ന ചോദ്യത്തിനുത്തരം കൊടുക്കാന്‍ സുലൈമാന്‍ തീരെ സമയമെടുത്തി'ല്ല ' പത്ത് മാസം '.

  ബസ്സില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന സന്തോഷ് --ഉവ്വ്.. ഉവ്വ് ..ഞാന്‍ വിശ്വസിച്ചു.

  പോയിട്ട് വാ , തിരിച്ച് വരുമ്പോ കൊറച്ച് വരട്ടിയ ഇറച്ചി കൊണ്ടുവര്വാ?

 5. തറവാടി

  ;)

 6. കുട്ടിച്ചാത്തന്‍

  ചാത്തനേറ്: ആ ബസ്സില്‍ പിന്നെ എന്തു സംഭവിച്ചു എന്നത് വാല്‍ക്കഷണം ആയി എങ്കിലും എഴുതിക്കൂടായിരുന്നോ. ;)

 7. സു | Su

  നാട്ടിൽ പോകുന്ന സുഹൃത്തിനെക്കൊണ്ട്, “സഹായം” മതിയായേ എന്നു പറയിപ്പിച്ചോ? ;)

  എന്തായാലും മറ്റേമ്മയ്ക്കറിയാം, യാത്ര പുറപ്പെടുന്നത് അത്രയ്ക്ക് എളുപ്പമായിട്ട് പറ്റില്ലെന്ന്. ഒക്കെ നോക്കീം കണ്ടും പോയില്ലെങ്കിൽ വരുമ്പോഴേക്കും വീട്ടിലുള്ളതൊക്കെ പോയിക്കാണുമെന്ന്.

 8. അരവിന്ദ് :: aravind

  ഹഹഹ..കലക്കി.

  ഓഫ്: സന്തോഷ് ജീ, "അക്കരെക്കാഴ്ചകള്‍"ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ബ്ലോഗിലെ ആരെങ്കിലും ഉണ്ടോ?

 9. Babu Kalyanam | ബാബു കല്യാണം

  :-))
  btw, "ഓഫീസ് കമ്പ്യൂട്ടറിന്‍റെ പാസ്‍വേഡ് മാറ്റുക"
  മൈക്രോസോഫ്റ്റ് ഒരു ലാപ്ടോപ് തന്നില്ലേ ഇത് വരെ? ;-)

 10. Anonymous

  റ്റോയ്‍ലറ്റ് വൃത്തിയാക്കി ലിഡ് ഉയര്‍ത്തിവയ്ക്കുക!!

  Ithu enthinappa?

 11. Umesh::ഉമേഷ്

  സന്തോഷിന്റെ 28 ഐറ്റം ചെക്ക്‍ലിസ്റ്റില്‍ എട്ടെണ്ണമേ ഞാന്‍ ചെയ്യാറുള്ളല്ലോ.

  നാട്റ്റില്‍ പോകുന്നതിനു മുമ്പു് ഒരുമാസത്തേയ്ക്കു വണ്ടിയുടെ ഇന്‍ഷ്വറന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നോ? പിശുക്കന്‍! വിളക്കണച്ചപ്പോള്‍ മുണ്ടഴിച്ചു വെച്ച ഒരു അനന്തരവനെ ഓര്‍മ്മ വരുന്നു!

 12. സന്തോഷ്

  ശ്രീ: നന്ദി.

  ഹരിത്: സത്യം? കുട്ടികള്‍ക്കും 2 ലിറ്റര്‍ വീതം അനുവദിക്കുമോ? ശീലമില്ലാത്തതുകൊണ്ടു് ചോദിക്കുന്നതാണു്.

  വല്യമ്മായി: അതു ശരിയാണല്ലോ, റ്റിക്കറ്റിന്‍റെ കാര്യം മറന്നു!

  തറവാടി: അന്നൊക്കെ ബസില്‍ റ്റിക്കറ്റെടുക്കുമായിരുന്നു. :)

  കുട്ടിച്ചാത്താ: ബാക്കി പറയില്ല. പറഞ്ഞാല്‍ പോയില്ലേ.

  സു: അതു കറക്റ്റ്. അവസാനം സുഹൃത്തിനു് ഞങ്ങളെ ഓടിച്ചുവിടേണ്ടി വന്നു.

  അരവിന്ദ്: അക്കരക്കാഴ്ചകള്‍ സ്ഥിരമായി കാണുമെന്നല്ലാതെ മറ്റൊരു ബന്ധവുമില്ല. അഭിനേതാക്കളിലൊരാള്‍ മൈക്രോസോഫ്റ്റിലാണെന്നറിയാം, പക്ഷേ, സീയാറ്റിലിലല്ല.

  ബാബു: ഡൊമൈന്‍ പാസ്‍വേഡാണു് ഉദ്ദേശ്ശിച്ചതു്. ഒരു പാട്ട എനിക്കും തന്നിട്ടുണ്ടു്.

  ഉമേഷേ: നാട്ടില്‍ പോകുമ്പോള്‍ കാര്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുന്നവരെ ഞാനും പിശുക്കന്മാര്‍ എന്നാണു് വിളിച്ചിരുന്നതു്. പിന്നീടു് രഹസ്യമായി ചെയ്തു തുടങ്ങിയെന്നു മാത്രം. (അക്കരക്കാഴ്ചകളില്‍ കാണുന്ന ഭര്‍ത്താവു് ഒരു റ്റിപിക്കല്‍ ഭര്‍ത്താവാണു്, അതാണു് ആ പരിപാടി നമുക്കെല്ലാം ഇത്ര രസിക്കുന്നതു്, അല്ലേ?)

  :)

 13. Anonymous

  പതിവു പോലെ ബൂലോഗത്തെ സല്‍ഗുണ സമ്പന്നന്‍ ശ്രീ തേങ്ങ ഉടച്ചു.....
  ബ്ലോഗിലെ തമാശകള്‍ വായിച്ചു ചിരിച്ച്ചായിരിക്കാം ശ്രീ ഇപ്പോഴും everegreen ആയിരിക്കുന്നത് ....
  അരവിന്ദ് ,
  "അക്കരക്കാഴ്ചകള്‍" അമേരിക്കന്‍ മലയാളികളെ മാത്രമല്ല .............എല്ലാ പ്രവാസികളെയും (first generation) ആണ് represent ചെയ്യുന്നത് ....

 14. ഉപാസന || Upasana

  കുറച്ചൊക്ക് കഷ്ടപ്പെട്ടാലും യാത്രകളൊക്കെ എന്നും ത്രില്ലല്ലേ ഭായി. ഇങ്ങനെ ഷൂട്ട് ചെയ്യാതെ.
  :-)
  ഉപാസന

  ഓഫ് : ചാത്തന്റെ ഡവുട്ടിന് മറുപടി പ്രതീ‍ക്ഷിക്കുന്നു. :-)

 15. പാഞ്ചാലി :: Panchali

  അവധിക്കാലം സന്തോഷഭരിതമാവട്ടെ എന്നാശംസിക്കുന്നു.
  പിന്നെ ലൈബ്രറിയില്‍ നിന്നെടുത്ത ബുക്കുകളും "നെറ്റ്ഫ്ലിക്സ്" ഡി വി ഡി യും തിരിച്ചു കൊടുക്കാന്‍ മറക്കണ്ട!

  ഓ.ടോ.
  അരവിന്ദ്; "അക്കരക്കാഴ്ച്ചകള്‍ക്ക്" അവരുടെ തന്നെ ഒരു ബ്ലോഗ് ഉണ്ട്.
  ന്യൂയോര്‍ക്ക് ന്യൂജേഴ്സി പ്രദേശങ്ങളിലെ ഏത് മലയാളി പ്രോഗ്രാമിന് പോയാലും "അക്കര" താരങ്ങളാണ് ഇപ്പോള്‍ പ്രധാന ആകര്‍ഷണ കേന്ദ്രം. അവരുടെ ഡി വി ഡി യുടെ പ്രചാരണത്തിനായി മിക്ക പരിപാടികളിലും അവര്‍ എത്തിയിരിക്കും. ഗിരി ഗിരിക്കും ജോര്‍ജിനും ആണ് ഏറ്റവും കയ്യടി. (അതില്‍ കൂടുതലും മലയാളം എഴുതാനും വായിക്കാനുമറിയാത്ത പുതിയ തലമുറയിലെ പിള്ളേരുടെ വകയാണ്!) സംവിധായകനായ അബിയും തിരക്കഥ എഴുതുന്ന അജയനും ഒക്കെ വളരെ ടാലെന്റ്റെഡ് ആയ ചെറുപ്പക്കാരാണ്!

 16. smitha adharsh

  ഹരിതിന്റെ കമന്റ് ചിരിപ്പിച്ചു.

 17. ...പകല്‍കിനാവന്‍...daYdreamEr...

  അവധി ക്കഥ കൊള്ളാം...

  ഹരിതിന്റെ ഉപദേശം കൂടി സ്വീകരിച്ചോ..
  ടെന്‍ഷന്‍ മാറി കിട്ടും...

 18. Umesh::ഉമേഷ്

  ഏവൂര്‍ പരമേശ്വരന്റെ ഒരു ശ്ലോകം.

 19. റോബി

  ലൈറ്റ് റ്റൈമറുകള്‍ ഉപയോഗിച്ചു് സന്ധ്യമുതല്‍ ഒമ്പതുമണിവരെയെങ്കിലും വീടിനകത്തെ ഒന്നുരണ്ടു ലൈറ്റുകള്‍ ദിവസവും ഓണാക്കാനുള്ള ഏര്‍പ്പാടാക്കുക-
  ഇതെന്തിനാ?

 20. പാഞ്ചാലി :: Panchali

  റോബീ, ഇതു കള്ളന്മാരെ പറ്റിക്കാനുള്ള ഒരു (പഴഞ്ചന്‍) ഏര്‍പ്പാടാണ്! ലൈറ്റ് കണ്ടാല്‍ ആളുണ്ടെന്നു കരുതി കള്ളന്മാര്‍ ആ വീട്ടില്‍ കയറില്ല എന്നായിരുന്നു വെയ്പ്പ്! പക്ഷെ ഇപ്പോഴത്തെ കള്ളന്മാര്‍ ഇതിലൊന്നും വീഴില്ല എന്ന് ഇങ്ങനെ ലൈറ്റിട്ടിട്ടു പോയ വീട്ടില്‍ കള്ളന്‍ കയറിയപ്പോള്‍ പോലീസ് പറഞ്ഞു. (കള്ളന്മാരും ബ്ലോഗ് ഒക്കെ വായിക്കും! അവരും ടെക്നോളജി അപ്ഡേറ്റ് ചെയ്യാറുണ്ട്!) പിന്നെ വീട്ടുടമസ്ഥര്‍ ഒരു സമാധാനത്തിനു വേണ്ടി ഇപ്പോഴും ഇതു തുടരുന്നു!
  സോറി സന്തോഷ് .
  :(

 21. വഴിപോക്കന്‍

  പോസ്റ്റ് കലക്കി. ഒരു ഇടവേളയ്ക്കു ശേഷം വഴിപോക്കന്‍ ബൂലോകത്ത് വായനോക്കാന്‍ ഇറങ്ങിയത്‌ വെറുതെ ആയില്ല. എന്‍റെ പട്ടിക അത്ര വലുതല്ലെങ്കിലും ഏറെക്കുറെ അത് തന്നെ. യീ പട്ടിക ഉണ്ടാക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി വരിക ഒരു ദിവസത്തെ ഇന്‍ഷുറന്‍സ് ലാഭിക്കാനുള്ള ശ്രമത്തില്‍ കാര്‍ തന്നെ നഷ്ട്ടപ്പെട്ട ഒരു ചങ്ങാതിയെ ആണ്. പാവത്തിന് ഇന്‍ഷുറന്‍സില്‍ നിന്നു ഒരു നയാ പൈസയും കിട്ടിയില്ല.

 22. രാവുണ്ണി

  ഉപകാരപ്രദമായ ലിസ്റ്റ്. കുട്ടികളുടെ പേരില്‍ മദ്യം കിട്ടില്ല. അങ്ങനെയൊരുപകാരം എന്തായാലും അവരെക്കൊണ്ടില്ല. ഇന്‍ഷുറന്‍സ് കാന്‍സല്‍ ചെയ്യുന്ന ഐഡിയ ഇതുവരെ തോന്നിയിരുന്നില്ല, അടുത്ത തവണ നോക്കണം. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളില്‍ പിശുക്കരെന്നും അല്ലാത്തവരെന്നും രണ്ടു വിഭാഗങ്ങളില്ലല്ലോ:)