Wednesday, October 14, 2009

സഹായം

വഴിയേ പോകുന്ന വയ്യാവേലികൾ ചാടിമറിഞ്ഞു വന്നു് സഹായിക്കട്ടേയെന്നു ചോദിക്കുമ്പോൾ വേണ്ടെന്നു പറയണം എന്നു് പലപ്രാവശ്യം മനസ്സിലാലോചിച്ചിട്ടുള്ളതാണു്.

എന്നാലും നിത്യവിശുദ്ധനും പരമകാരുണ്യവാനുമായ ഔട്‍ലുക് വന്നു് ഒരു മഹാകാര്യം പറഞ്ഞിട്ടു്, അക്കാര്യം സഹായകരമാണോ എന്നു ചോദിച്ചപ്പോൾ, നമ്മളായി പ്രതികരിക്കാതിരുന്നാലെങ്ങനെ?പ്രതികരണത്തിനു പിന്നിലൊരു രാഷ്ട്രീയമുള്ളതു കൊണ്ടാണു്, ‘ഈ ഇൻഫമേഷൻ സഹായകരമായിരുന്നോ?’ ഈ ലളിതമായ ചോദ്യത്തിനു മുന്നിൽ നിർന്നിമേഷം നോക്കി നിൽക്കാതെ, ഈ ഇൻഫമേഷൻ എനിക്ക് ഒട്ടും ഉപകാരപ്രദമായില്ല എന്നു പറയാമെന്നു വച്ചു് Was this information helpful? എന്ന നീല ലിങ്കിൽ ക്ലിക് ചെയ്തതു്. അപ്പോഴോ?ഔട്‍ലുക് മുകളിൽ പകർന്നുതന്ന അറിവിന്‍റെ തേൻകണം ഉപയോക്താവിനു് ഉപകാരപ്രദമായിരുന്നു എന്നു വയ്ക്കുക. അങ്ങനെയാണെങ്കിൽ നേരമില്ലാത്ത നേരത്തു് ലിങ്കുകളിൽ ക്ലിക്കി മൈക്രോസോഫ്റ്റിന്‍റെ കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുത്തു് മെഡൽ വാങ്ങാൻ നിൽക്കുമോ അതോ അവന്‍റെ പാട്ടു നോക്കിപ്പോവുമോ?

പറഞ്ഞുവരുന്നതു്, രണ്ടാമതു കണ്ട ഡയലോഗിലെ ഓപ്ഷനുകളെല്ലാം അനാവശ്യമാണു് എന്നാണു്.

ആദ്യത്തെ മെസേജ്ബോക്സ് കണ്ടിട്ടു്, ഒടുക്കത്തെ ഉപകാരമാണല്ലോ ഔട്‍ലുക് ചെയ്യുന്നതു് എന്നു കരുതി ലിങ്കിൽ ക്ലിക് ചെയ്തു് വന്നാൽ മാത്രമേ രണ്ടാമത്തെ ഡയലോഗിൽ ആരെങ്കിലും Yes ക്ലിക് ചെയ്യുകയുള്ളൂ. അതിനുള്ള സാദ്ധ്യത തുച്ഛമാണെന്നു് നേരത്തേ പറഞ്ഞല്ലോ. ഇത്രയുമായ സ്ഥിതിക്കു് Cancel പറഞ്ഞു പിരിഞ്ഞു പോകുമെന്നു കരുതുന്നതും മൂഢത്തരമാണു്. ഇത്രടം വരെ എത്തിയവരിൽ ബഹുഭൂരിപക്ഷവും No എന്നു ഉറപ്പിച്ചു പറയാൻ തന്നെ വന്നവരാണു് എന്നു് കരുതുന്നതിൽ തെറ്റില്ല.

മൈക്രോസോഫ്റ്റിനു് (ഔട്‍ലുക് റ്റീമിനും ‘കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാം’ പ്രോഗാം മാനേയ്ജർക്കും) ഇതാ ഫ്രീയായിട്ടു് ഒരു നിർദ്ദേശം (അടുത്ത നിർദ്ദേശം മുതല്‍ ചാർജ് ചെയ്തു തുടങ്ങുമേ!):

Was this information helful? എന്നതു മാറ്റി Tell us if this information is not helpful എന്നാക്കുക. ക്ലിക് ചെയ്യുമ്പോൾ വരുന്ന ഡയലോഗിൽ നിന്നും Yes എന്ന ഓപ്ഷൻ എടുത്തു മാറ്റുക. ആ ഡയലോഗിൽ തന്നെ Thank you എന്ന രണ്ടു വാക്കു കൂടി ചേർക്കുക. നന്ദി.

10 പ്രതികരണങ്ങൾ:

 1. Sands | കരിങ്കല്ല്

  ശേഷം ചിന്ത്യം കണ്ടതു ദാ കഴിഞ്ഞയാഴ്ചയാ..
  ഒരു വിധം എല്ലാ പോസ്റ്റുകളും ഒരു വിധത്തില്‍ സമയമുണ്ടാക്കി വായിച്ചു.
  ....
  അതിനീ മെസേജ് ബോക്സുകളിലൊക്കെ എന്തൊക്കെ ആരൊക്കെ വേണമെന്നു ഒരു UI ടീമല്ലേ നിശ്ചയിക്കുന്നതു്?

  ഞാന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയറായിരുന്ന കാലത്തു എനിക്കവരെ ഇഷ്ടമേയല്ലായിരുന്നു... എന്റെ നര്‍മ്മബോധമുള്ള മെസേജ് ബോക്സുകളോക്കെ മാറ്റേണ്ടിവന്നു! :(

 2. ദിലീപ് വിശ്വനാഥ്

  നിങ്ങളൊക്കെത്തന്നെയല്ലേ ഇതൊക്കെ ഉണ്ടാക്കി വച്ചത്. എന്റെ ഒരു സുഹൃത്ത് പറയുന്നത് അവന്റെ കമ്പ്യൂട്ടര്‍ എല്ലാ ദിവസവും പത്തു പ്രാവശ്യം മൈക്രോസൊഫ്റ്റിന് മെയില്‍ അയക്കട്ടേ എന്നു ചോദിക്കും എന്നാണ്.

 3. അനില്‍_ANIL

  ഇഷ്ടായി ഇഷ്ടായി :)

 4. സന്തോഷ്

  കരിങ്കല്ല്: മൈക്രോസോഫ്റ്റില്‍ മെസേജ് ബോക്സ് എവിടെ എപ്പോള്‍ എന്തിനു് എന്നൊക്കെ സാധാരണഗതിയില്‍ തീരുമാനിക്കുന്നതു് പ്രോഗ്രാം മാനേയ്ജേഴ്സ് ആണു്. എഡിറ്റേഴ്സ് മെസേജുകളുടെ ഭാഷ വൃത്തിയാക്കാറുണ്ടു്. UI ഡിസൈനേഴ്സ് ഇക്കാര്യത്തില്‍ കൈകടത്താറില്ല.

  ദിലീപ്: അതെ, എന്നെപ്പോലുള്ളൊരുത്തനാവണം ഈ പാതകവും ചെയ്തതു്!

 5. Sands | കരിങ്കല്ല്

  സന്തോഷേ.. ആരോടും പറയല്ലേ...

  ഞാന്‍ ഒരു കാലത്തു മൈക്രോസോഫ്റ്റില്‍ ജോലിയെടുത്തിരുന്നു.. ഒറിജിനല്‍ FTE തന്നെ...

  ഇംഗ്ലണ്ടിലുള്ള ഒരു ചേച്ചിയാണു എനിക്കു ആ ഒരു ഫയല്‍ അയച്ചു തന്നതു - എവിടെയൊക്കെ ഏതൊക്കെ ഡായലോഗ് വേണമെന്നതു്...

  (യു-ഐ ഡിസൈനറല്ല എന്നു എനിക്കും അറിയായിരുന്നു)

  ഇനി ഇപ്പൊ ആ ചേച്ചി യു.ഐ ടീമാണോ എന്നൊന്നും അറിയില്ല..

  എന്റെ പ്രോഗ്രാം മാനേജര്‍ ആദ്യം സ്പെക്ക്-ല്‍ അതൊക്കെ എഴുതിയിരുന്നു... പിന്നെ ആ ചേച്ചി ഒക്കെ തിരിച്ചു മറച്ചിട്ടു...

  ഇനി ഇപ്പൊ എന്റെ ഓര്‍മ്മയൊക്കെ പോയോ?
  3.5 കൊല്ലമായി...

 6. സന്തോഷ്

  ഇല്ല, കരിങ്കല്ലേ, ആരോടും പറയില്ല. മൂന്നരക്കൊല്ലം മുമ്പു വരെ മൈക്രോസോഫ്റ്റിലായിരുന്നെങ്കില്‍ ഞാന്‍ കരിങ്കല്ലിനെ അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. :)

  PM-നു് പിടിപ്പുകേടാണെങ്കില്‍ UX റ്റീമിലെ എഡിറ്റേഴ്സ് പണി കയ്യേറും. എന്നാലും മെസേജു ബോക്സ് എങ്ങനെ ഡിസൈന്‍ ചെയ്യണമെന്നും എന്തു മെസേജ് കൊടുക്കണമെന്നും അന്തിമമായി തീരുമാനിക്കുന്നതു് PM തന്നെ--സ്പെകില്‍ ഉണ്ടായാലും ഇല്ലെങ്കിലും. അതിനെ മനുഷ്യര്‍ക്കു മനസ്സിലാവുന്ന വിധത്തിലാക്കുന്നതു് എഡിറ്റേഴ്സും.

  ഈ മെസേജിലെ ലാംഗ്വേജിനോടല്ല എന്‍റെ അഭിപ്രായ വ്യത്യാസം. ഇക്കാര്യം (ആദ്യത്തെ മെസേജും രണ്ടാമത്തെ ഡയലോഗും) ഡിസൈന്‍ ചെയ്തതിലെ ആലോചനയില്ലായ്മയാണു് കാര്യം.

 7. Sands | കരിങ്കല്ല്

  കഷ്ടി ഒരു കൊല്ലത്തോളം (2005-2006) ഹൈദരാബാദിലെ MS-ല്‍ ആയിരുന്നു.. പിന്നെ പി.എച്.ഡി എന്നു പറഞ്ഞു ചാടി..

  അറിയാന്‍ വഴിയില്ല... ഞാന്‍ അങ്ങനെ അറിയപ്പെടുന്ന ആളും അല്ല! (എന്തൊരു വിനയം ;) )

 8. cALviN::കാല്‍‌വിന്‍

  ആദ്യം മുതലുള്ള പോസ്റ്റെല്ലാം വായിച്ചു തീർത്തു
  2006 - 79
  2007 - 51
  2008 - 41
  2009 - 15 ഇന്നു വരെ.
  രണ്ട് വർഷം കൊണ്ട് ബ്ലോഗ് പൂട്ടാൻ ഉള്ള ഉദ്ദേശം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു :)

 9. ജയരാജന്‍

  മൈക്രോസോഫ്റ്റീന്ന് ചാടിയത് കൊണ്ടായിരിക്കും ഇപ്പോ ഈ കൊട്ട്!!! :)

 10. സന്തോഷ്

  ജയരാജൻ: അങ്ങനെ വ്യാഖ്യാനിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നു് അറിയാഞ്ഞല്ല. ‘ചാടിയതു’കൊണ്ടുള്ള കൊട്ടല്ല എന്നതാണു് സത്യം.