Tuesday, June 30, 2009

ഗുഡ് ബൈ, മൈക്രോസോഫ്റ്റ്

2006 ജനുവരിയിൽ ബ്ലോഗിംഗ് തുടങ്ങിയ ശേഷം മാസത്തിൽ ഒരു പോസ്റ്റെങ്കിലും എഴുതുക എന്നതു് ഒരു പതിവാക്കിയിരുന്നു. ഇന്നൊരു പോസ്റ്റിട്ടില്ലെങ്കിൽ ആ പതിവു് മുടങ്ങും. അതിനാൽ പിന്നീടു് വിശദമായി എഴുതാം എന്നു കരുതിയിരുന്ന ഒരു വ്യക്തി വിശേഷം എഴുതുന്നു.

പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റിനോടു് ഞാൻ വിടപറയുകയാണു്. ഇക്കഴിഞ്ഞ മെയ് മാസമാദ്യം എന്‍റെ ഗ്രൂപ്പ് ഇല്ലാതാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 4 ആയിരിക്കും മൈക്രോസോഫ്റ്റിലെ എന്‍റെ അവസാനത്തെ ഔദ്യോഗിക ദിവസം.

റെഡ്മൺഡിൽ തന്നെയുള്ള ഒരു ചെറിയ സ്റ്റാർടപ് കമ്പനിയാണു് എന്‍റെ അടുത്ത ജോലിദാതാവു്. പല പ്രോജക്റ്റുകളിലും ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടു് എന്നതിനാൽ തുടർന്നും മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

എന്‍റെ അറിവിൽ ഏകദേശം മുന്നൂറ്റമ്പതോളം മലയാളികൾ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ മലയാളം ബ്ലോഗു ചെയ്യുന്നവർ നാലു പേർ മാത്രമാണു്. അവരാകട്ടെ, തങ്ങൾ മൈക്രോസോഫ്റ്റ് മലയാളികളാണെന്നു് വെളിപ്പെടുത്തിയിട്ടുമില്ല. ഇതു പറയാൻ കാരണമുണ്ടു്. മൈക്രോസോഫ്റ്റ് മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെ ഉപഭോക്താക്കളിലെത്തിക്കാൻ അവരിലാരെങ്കിലും തുടർന്നും ശ്രമിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. കമ്പനിയുടെ ഈ രംഗത്തുള്ള പുതിയ സം‍രംഭങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഇനി അധികം അവസരം ലഭിക്കില്ലെങ്കിലും ഇന്‍റർനാഷണലൈസേയ്ഷൻ റ്റീമുകളിൽ ജോലി ചെയ്യുന്ന ഒട്ടുമുക്കാലും പേരെ പരിചയമുള്ളതിനാൽ ബഗ് റിപ്പോർട്ടുകളും മറ്റും ശരിയായ റ്റീമുകളിലെത്തിക്കാൻ എനിക്കു കഴിഞ്ഞെന്നു വരും. അത്തരം കാര്യങ്ങൾക്കു് ഇനിയും എന്‍റെ സഹായമുണ്ടാവും.

മൈക്രോസോഫ്റ്റിൽ ഏഴു വർഷം തികഞ്ഞപ്പോൾ ഞാൻ ഒരു കുറിപ്പു് എഴുതിയിരുന്നു. അതിൽ പറഞ്ഞതു പോലെ ഒരു പക്ഷേ, ഞാൻ ഏറ്റവും നഷ്ടപ്പെടുന്നതു് ചുറ്റുമുണ്ടായിരുന്ന സഹപ്രവർത്തകരുടെ സർഗ്ഗപ്രതിഭ തന്നെയാവും. അവരുടെ കണ്ണിൽ നിന്നു് വിട്ടു് അധികം ദൂരത്തേയ്ക്കു പോകുന്നില്ല എന്നതും പുതിയ കമ്പനിയിൽ ഭൂരിപക്ഷവും മുൻ-മൈക്രോസോഫ്റ്റുകാരാണെന്നതും ഏറെ ആശ്വാസകരമാണു്.

18 പ്രതികരണങ്ങൾ:

 1. sreeni sreedharan

  ഭാവിജീവിതം ശോഭനമാകട്ടെ !

 2. Umesh::ഉമേഷ്

  Wish you all success in future!

  Sometimes, it helps to get out of the ocean to appreciate the greatness of the ocean.

  Hope you won't have lack of topics to blog because of this :)

 3. ജയരാജന്‍

  ഒരു ചെയ്ഞ്ച് അല്ലെങ്കിലും നല്ലതാണ്... പുതിയ ജോലിയിൽ ഇഷ്ടം പോലെ ഫ്രീ സമയം കിട്ടട്ടെയെന്നും ബ്ലോഗിങ് ചെയ്യുമാറാകട്ടെയെന്നും... :)

 4. ViswaPrabha | വിശ്വപ്രഭ

  കഴിഞ്ഞ രണ്ടുമൂന്നുവർഷങ്ങളിൽ, മൈക്രോസോഫ്റ്റ് എന്നുകേൾക്കുമ്പോൾ വിൻഡോസ് എന്നോ ബിൽ ഗേറ്റ്സ് എന്നോ അല്ല ആദ്യം മനസ്സിൽ വരാറു്. സന്തോഷ് എന്നോ ശേഷം ചിന്ത്യം എന്നോ ആയിരുന്നു. സത്യം!

  ഇന്നിപ്പോൾ മൈക്രോസോഫ്റ്റ് എന്നുകേൾക്കുമ്പോൾ “ശേഷം ചിന്ത്യം!“ എന്നു തന്നെ തോന്നുന്നു.

  പുതിയ മാറ്റം പുതിയ ഊർജ്ജവും പുതിയ പ്രവേഗവും നൽകട്ടെ.
  എല്ലാ ആശംസകളും!

 5. സു | Su

  പുതിയ ജോലിയ്ക്ക് ആശംസകൾ. :)

 6. അരവിന്ദ് :: aravind

  ഗുഡ് ലക്ക് സന്തോഷ്‌‌ജീ..
  പുതിയ ജോലി മൈക്രോസോഫ്റ്റലേതിനേക്കാള്‍ നല്ലതായിരിക്കും.

  തിരക്കിനിടയില്‍ ബ്ലോഗാന്‍ പ്രയാസമാണെങ്കില്‍ റ്റ്വിറ്ററില്‍ കാണണേ.

 7. പാഞ്ചാലി :: Panchali

  ഭാവുകങ്ങള്‍...!
  മാസം ഒരു പോസ്റ്റ് (എങ്കിലും) എന്ന പതിവ് തുടരുമെന്ന് കരുതട്ടെ?

 8. സൌമ്യന്‍

  സന്തോഷ്, പുതിയ ജോലിയില്‍ വിജയം ആശംസിക്കുന്നു.
  സ്നേഹപൂര്‍വ്വം
  മഹേഷ് മംഗലാട്ട്

 9. വക്കാരിമഷ്‌ടാ

  പത്തുകൊല്ലം ഒരു കമ്പനിയില്‍ തന്നെ പിടിച്ചുനിന്നതിനഭിനന്ദനങ്ങള്‍

  പുതിയ കമ്പനിയില്‍ വേണ്ടിടത്തോളം സമയം ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

  വിശ്വേട്ടന്‍ പറഞ്ഞത് പോലെ മൈക്രോസോഫ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷും ഓര്‍മ്മ വരുമായിരുന്നു.

 10. Inji Pennu

  പണ്ട് ആ‍ദിത്യൻ പറഞ്ഞതുപോലെ മൈക്രോസോഫ്റ്റിൽ നമ്മക്കറിയുന്നയാൾ എന്നൊക്കെ കുറച്ച് ലൈം‌ലൈറ്റ് ഇപ്പറത്തെക്കും അടിപ്പിച്ചിട്ടുണ്ട്.

  ഒരു സ്റ്റാർട്ട് അപ്പ് സ്വയം തുടങ്ങിക്കൂടാരുന്നോ? ഗരാജില്ലേ വീട്ടിൽ? സ്റ്റോക്കില്ലേ കയ്യിൽ? അങ്ങിനെയല്ലേ എല്ലാരും ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആവാ?

 11. വഴിപോക്കന്‍

  മൈക്രോസോഫ്റ്റും സന്തോഷും കേരള ഫാര്‍മരും തമ്മിലുള്ള ആ ഒരു ഇത് പോയല്ലോ!

  മാറ്റങ്ങള്‍ പലപ്പോഴും നല്ലതാണ്...ഇതും അങ്ങനെ തന്നെ ആകട്ടെ...

 12. rpa

  എല്ലാ ആശംസകളും.

 13. Siju | സിജു

  ആശംസകള്‍..

 14. ശ്രീ

  എല്ലാ ആശംസകളും നേരുന്നു, മാഷേ

 15. ദേവന്‍

  പുതിയ ജോലിയില്‍ പഴയതിനെക്കാള്‍ ശോഭിക്കാന്‍ ആശംസകള്‍ സന്തോഷ്.
  (സെറ്റില്‍ ആയി കഴിഞ്ഞ് ബ്ലോഗില്‍ തിരികെ വരുമല്ലോ? )

 16. ദിവാസ്വപ്നം

  "same job, just working with a new set of people" :)

  എല്ലാ ആശംസകളും സന്തോഷ് ജീ

 17. ബെന്നി

  എല്ലാ നന്മകളും നേരുന്നു.

 18. Zebu Bull::മാണിക്കന്‍

  സന്തോഷ്, പുതിയ ജോലിയും പഴയതുപോലെ രസമുള്ളതാകട്ടെ എന്നാശംസിക്കുന്നു. വിശ്വപ്രഭ പറഞ്ഞതു വളരെ ശരി: മൈക്രോസോഫ്റ്റ് എന്നുകേള്‍ക്കുമ്പോള്‍ ഓര്‍‌ക്കുന്ന ഒരു പേര്‌ സന്തോഷിന്റേതായിരുന്നു.