Thursday, July 02, 2009

ശോകഗാനം, പ്ലീസ്

പ്രീ-സ്കൂളിൽ നിന്നും തിരികെ വരുന്ന വഴി അച്ചുവിന്റെ അപ്രതീക്ഷിതമായ അഭ്യർത്ഥന:

“അച്ഛാ, ശോകമുള്ള പാട്ടു്, പ്ലീസ്!”

ജീവിതക്ലേശങ്ങൾക്കിടയിൽ പെട്ടു് പെടാപ്പാടുപെടുമ്പോൾ ആ പരിതസ്ഥിതിയോടു് താദാത്മ്യം പ്രാപിക്കാനോ, അടിച്ചു ഫിറ്റായി പഴയ പ്രണയകഥകൾ അയവിറക്കുമ്പോൾ പശ്ചാത്തലസംഗീതമൊരുക്കാനോ, അതുമല്ലെങ്കിൽ കാമം കരഞ്ഞു തീർക്കേണ്ടി വരുന്ന അത്യപൂർവ്വങ്ങളായ ചില സന്ദർഭങ്ങളിലോ മാത്രമേ സാധാരണക്കാർ ശോകഗാനങ്ങൾ കേൾക്കൂ എന്നാണു് ഞാൻ ധരിച്ചുവച്ചിരുന്നതു്.

എന്നാൽ പ്രീ-സ്കൂൾ കഴിഞ്ഞു് മടങ്ങുന്ന, സന്തോഷകരമാവേണ്ടുന്ന, അവസരത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായ മകന്റെ അപേക്ഷ എന്നെ അമ്പരപ്പിക്കാതിരുന്നില്ല.

“എന്തിനാ മോനേ ശോകഗാനം കേൾക്കുന്നതു്? ഞാൻ ഒരു അടിപൊളി പാട്ടു വച്ചുതരട്ടേ?” ചാനലിലെ വായാടിപ്പെണ്ണു് ചോദിക്കുന്നതുപോലെ ഈണത്തിൽ ഞാൻ ആരാഞ്ഞു.

“വേണ്ട, അച്ചൂനു് ശോകം വേണം!”

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...’ എന്നു കേട്ടതും അച്ചു പറഞ്ഞു: “ഇതല്ല!”

‘സന്യാസിനീ...’ “ഇതല്ലച്ഛാ!”

‘രാപ്പാടീ, കേഴുന്നുവോ...’ “ഇതുമല്ല. ശോകം പ്ലീസ്!”

അപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ശോകഗാനങ്ങൾ ഒന്നൊന്നായി പുറത്തെടുത്തിട്ടും അനുവാചകൻ വഴങ്ങുന്നില്ല. “ഇനി ശോകഗാനം ഇല്ല,” ഞാൻ പാട്ടുതിരയുന്നതു നിറുത്തി.

“അച്ഛാ, മോണിംഗിൽ കേട്ടതാ അച്ഛാ. പ്ലീസ്!” അച്ചു വിടുന്ന ലക്ഷണമില്ല.

“മോണിംഗിൽ കേട്ടതോ? അതൊന്നും ശോകഗാനമല്ലല്ലോ!” എനിക്കു സംശയമായി. പിന്നെ, മോണിംഗിൽ കേട്ട പാട്ടു് വീണ്ടും വച്ചു കൊടുത്തു:

“പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു്, പൂക്കുന്നശോകം!”

അച്ചു ഹാപ്പി.

14 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  ഹഹഹ....

  ശോകഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ ഉണ്ടു്‌. ഞാനുള്പ്പെടെ. സന്തോഷ് പറഞ്ഞ സന്ദര്ഭങ്ങളില്‍ മാത്രമല്ല ശോകഗാനം കേള്‍ക്കുന്നതും പാടുന്നതും.

  ശോകഗാനം ഇഷ്ടമല്ലാത്തവരുടെ ഈ അഭിപ്രായം ("ഇതെന്താ, ഇവിടെ ആരെങ്കിലും ചത്തോ?") പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ടു്‌. നിങ്ങളൊക്കെ ബെഡ്‌റൂമില്‍ രതിക്രീഡയ്ക്കു തൊട്ടു മുമ്പു മാത്രമേ പ്രണയഗാനം കേള്‍ക്കുകയുള്ളോ?

 2. സന്തോഷ്

  ശോകഗാനവും പ്രണയഗാനവും കൂട്ടിക്കുഴയ്ക്കല്ലേ ഉമേഷേ...

 3. Amarghosh | വടക്കൂടന്‍

  “ഇതെന്താ, ഇവിടെ ആരെങ്കിലും ചത്തോ” എന്നത് ഞാനും ഒരുപാട് കേട്ടിട്ടുള്ള ചോദ്യമാണ് :)

  ഉമ്പായി എന്ന മലയാളം ഗസല്‍ വിദ്വാനെപ്പറ്റി കേട്ടിട്ടുണ്ടോ? ശോകവും പ്രണയവുമൊക്കെയുണ്ട്... കുറച്ച് പാട്ടുകള്‍ ഇവിടെ കിട്ടും.

 4. ശ്രീ

  ഉമേഷേട്ടനോട് അനുകൂലിയ്ക്കുന്നു.

  സന്തോഷം തോന്നുമ്പോഴും സങ്കടം വരുമ്പോഴും ഒറ്റയ്ക്കാണെങ്കില്‍ അല്‍പ്പം വിഷാദഛായയുള്ള ഗാനങ്ങള്‍ കേള്‍ക്കാന്‍ എനിയ്ക്കും ഇഷ്ടമാണ്.

 5. Umesh::ഉമേഷ്

  ഒറ്റയ്കാകുമ്പോള്‍ മാത്രമോ ശ്രീ? പിക്നിക്കിനും വിനോദയാത്രയ്ക്കും കൂടിക്കാഴ്ചകളിലുമൊക്കെ "ശ്യാമസുന്ദരപുഷ്പമേ..." എന്ന പാട്ടു കോറസില്‍ പാടാന്‍ എന്തൊരു രസമാണെന്നോ? :)

 6. സന്തോഷ്

  ശരി, ശരി... ശോകഗാനം എനിക്കും ഇഷ്ടം തന്നെ. ഒന്നു് തമാശിക്കാൻ പോയതു് അബദ്ധമായല്ലോ!

 7. കരീം മാഷ്‌

  ശോകഗാനം തനിച്ചിരുന്നു കേള്‍ക്കുമ്പോഴാണു കൂടുതല്‍ ഇഫക്ടീവാകുന്നത്.

 8. അരവിന്ദ് :: aravind

  സാധാരണ ബാത്രൂമില്‍ പോകുമ്പോഴാണ് ഞാന്‍ ശോക‌ഗാനം കേള്‍ക്കാറ്.
  പ്രണയ ഗാനം തകര്‍പ്പന്‍ വഴക്ക് കഴിഞ്ഞതിന് ശേഷം, എന്റെ പഴയ ലൈനുകളെ ഓര്‍ക്കാന്‍.

  ന്തേയ്?

  ഉമേഷ്‌ജീ ബെഡ്റൂമില്‍ മൈക്കിള്‍ ജാക്സ്ന്റെ ബീറ്റ് ഇറ്റ് പോരേ? അല്ലപിന്നെ!

 9. ദിവാസ്വപ്നം

  :-)

  (മലയാളം പാട്ട് പ്ലേ ചെയ്യാന്‍ പറ്റുന്ന) വെള്ളക്കാറിലേ കയറൂ എന്ന് പ്രീ-സ്കൂളില്‍ പോകുന്നതുവരെ സൊലീറ്റ വാശി പിടിച്ചിരുന്നു. ഇപ്പൊഴും കാസറ്റിടാവുന്ന കാറില്‍ ഇരുത്തിയാല്‍ ഉടനെ 'മണയാളം' പാട്ടു തന്നെ കേള്‍ക്കണം.


  വല്ലപ്പോഴുമെങ്കിലും ഒരു വലിയ കുപ്പിഗ്ലാസു നിറയെ മില്ലര്‍ ലൈറ്റൊഴിച്ചു മുന്നില്‍ വച്ചിട്ട് അതും നോക്കിയിരുന്നു ഉമ്പായി ഗസലോ അദ്നാന്‍ സാമിയുടെ 'തേരാ ചെഹരാ'യോ 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി'യോ ഒക്കെ കേട്ടില്ലെങ്കില്‍ പിന്നെയെന്നാ ലൈഫാ ?

 10. cALviN::കാല്‍‌വിന്‍

  "പ്രണയ ഗാനം തകര്‍പ്പന്‍ വഴക്ക് കഴിഞ്ഞതിന് ശേഷം, എന്റെ പഴയ ലൈനുകളെ ഓര്‍ക്കാന്‍."

  :)

  മൂഡ് ശരിയല്ലാത്ത സമയത്ത് ദുഃഖഗാനങ്ങളിൽ തുടങ്ങി ഫിലോസഫിക്കൽ - പ്രണയ മൂഡ് ഗാനങ്ങൾ വഴി തട്ടുപൊളിപ്പൻ ഗാനങ്ങളിൽ ചെന്നവസാനിക്കുന്ന ഒരു പ്ലേ ലിസ്റ്റ് ഉണ്ടാക്കി കേട്ട് മൂഡ് മാറ്റിയെടുക്കുന്ന രീതി വേറെ ആരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ???

 11. ദേവന്‍

  ശോകഗാനം ഹംസഗീതം പോലെ അസ്സലായി!

  ദത്തനും സോങ്ങ് റിക്വസ്റ്റുമായി എന്നെ വലയ്ക്കാറുണ്ട്. മിക്കവാറും അവന്‍ എങ്ങും കേള്‍ക്കാത്ത പാട്ടിന്റെ എവിടെ നിന്നെങ്കിലും ഉള്ള ഒരു വരി എടുത്ത് അതും തെറ്റിച്ച് പാടിയിട്ട് അതു കേള്‍ക്കണം എന്നു പറഞ്ഞുകളയും

  "ആപ്പിളേ ആപ്പിളേ പിരിച്ച് താ" പാട്ടു വേണമെന്ന് പറഞ്ഞാല്‍ ഗവേഷണം ഒരുപാട് നടത്തിയാലേ കമലാസനന്‍ ചേട്ടന്‍ പാടിയ
  "പേയ്ഹളാ ഭൂതമാ ആവിയാ അലയുത്" എന്ന പാട്ട് ആണ്‌ ഇവന്‍ ചോദിക്കുന്നതെന്ന് പിടി കിട്ടൂ

  (ആപ്പിളേ ആപ്പിളേ എന്നത് പാട്ടിന്റെ ഒടുക്കം മാപ്പിളേ മാപ്പിളേ പുരിഞ്ച്താ ഇല്ലേ വേപ്പെലൈ വേപ്പലൈ അടിക്കവാ എന്ന വരിയാണ്‌)


  കാല്‍‌വിനേ, ഈ പര്‍പ്പസിനാണെങ്കില്‍, എനിക്കു വര്‍ക്ക് ചെയ്യുന്ന ഒരു പ്ലേ ലിസ്റ്റ്.
  1.ഇതിലേ ഏകനായ് അലയും ഗായകാ (ഒരു നിവര്‍ത്തീമില്ലാത്ത അവസ്ഥ)
  2.സാഗമേ ശാന്തമാക നീ ( സ്വല്പ്പം സ്വസ്ഥനായ അവസ്ഥ)
  3.നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍ (എന്നെങ്കിലും എന്തെങ്കിലും നടക്കുമായിരിക്കും)
  4.നീലനിശീഥിനീ നിന്‍ മണി മേടയില്‍ (താടി കാമുകന്‍ ഫേയ്സിലായി)
  5.മായാജാലക വാതില്‍ തുറക്കും (പ്രതീക്ഷക്കു വകയുണ്ട്)
  6.ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ (മരം ചുറ്റിയാ പ്രേമിക്കാം)
  7.എന്‍ സ്വരം പൂവിടും ഗാനമേ (സ്റ്റേജും മൈക്കും കിട്ടിയാ മോശമില്ല)
  8.നീയെന്‍ കിനാവോ പൂവോ നിലാവോ (ഓടി നടന്നു കളിക്കും)
  9.അണ്ടങ്കാക്ക കൊണ്ടക്കാരീ (ചാടിത്തുള്ളും)
  10.നാക്കുമുക്കാ നാക്കുമുക്ക ( ഫുള്‍ വയലന്റ് ആയി)

 12. Zebu Bull::മാണിക്കന്‍

  @ഉമേഷ്, രതിക്രീഡയ്ക്കു*ശേഷം* ഗ\സല്‍ കേള്‍ക്കുന്നത് വളരെനല്ലതാണെന്ന് പ്രശസ്തസെക്സോളജിസ്റ്റ് പ്രകാശ് കോഠാരി ഒരിക്കല്‍ എഴുതിയിരുന്നു :) കാരണം എന്തായിരുന്നുവെന്ന് ഞാന്‍ ഓര്‍‌ക്കുന്നില്ല.

  എന്നെ സംബന്ധിച്ചിടത്തോളം വയസ്സാകുന്നതുകൊണ്ടുള്ള ഒരു കുഴപ്പം (re: പാട്ടുകള്‍) പുതിയപാട്ടുകളോടുള്ള പുച്ഛവും, പഴയപാട്ടുകളോടുള്ള മടുപ്പും ഒരുപോലെ കൂടിവരുന്നു എന്നതാണ്‌ :( ഇതിനായിരിക്കണം "ഇഞ്ചിഞ്ചായി മരിക്കുക" എന്നൊക്കെ പറയുന്നത് :)

 13. rocksea

  hehe. achu kollam :)

 14. സതീശ് മാക്കോത്ത്| sathees makkoth

  ശോകഗാനത്തിന്റ് പുറകേ പോയി അച്ചുവിനെ എല്ലാവരും മറന്നോ?