ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, January 31, 2011

ചെരിപ്പു വീശും പെൺമണികൾ

പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു്‌. ഈ അവിശ്വസനീയത തന്നെയാണു്‌ അതിന്റെ ഗുണവും. കേൾവിക്കാരിൽ "വൗ!" എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ "കേൾക്കബിലിറ്റി"യും ആളുകളെ "പിടിച്ചിരുത്തബിലിറ്റി"യും കൂടുമെന്നുറപ്പല്ലേ? അവിശ്വസനീയതയിൽ തുടങ്ങി, പിന്നീടു്‌ പതിയെ, "ശരിയായിരിക്കും അല്ലേ? അല്ലാതെപിന്നെ ഈ കണക്കൊക്കെ ചുമ്മാ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?" എന്ന ചിന്ത കേൾവിക്കാരിലുറപ്പിച്ചാൽ, പറയുന്ന കാര്യത്തിനു്‌ വിശ്വസനീയത ലഭിക്കാനാണോ പാടു്‌?

വിൻഡോസ്-7 ഫോണിൽ Amazing Facts എന്നൊരു ആപ്ലികേയ്ഷൻ ലഭിക്കും. നമ്മെ അമേയ്സ് ചെയ്യുന്ന ഒന്നും അറിയാനുള്ള അവസരം വിട്ടുകളയരുതെന്നു്‌ 18 വർഷം മുമ്പു്‌ (ഇപ്പോൾ അപ്രസക്തവും വിവരണാതീതവുമായ മറ്റൊരു കോൺറ്റെക്സ്റ്റിൽ) ശ്രീമാൻ കോരസാർ പറഞ്ഞതു്‌ മറന്നിട്ടില്ലാത്തതിനാൽ, Amazing Facts കണ്ടയുടനെ, ഡൗൺലോഡ് ചെയ്തു്‌ ഉപയോഗമാരംഭിച്ചു.

Amazing Fact 35 of 5001 എത്തിയപ്പോൾ ഞാൻ വൗ! പറഞ്ഞുപോയി. അതിനുമുമ്പു്‌ എന്നെക്കൊണ്ടു്‌ പറയിപ്പിക്കണമെന്നു്‌ ആപ്ലികേയ്ഷൻ നിർമ്മാതാക്കളായ XiMAD-നു്‌ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങിയിരുന്നില്ല. ഫാക്റ്റ് 35 ഇതായിരുന്നു:

"40% of women have hurled footwear at a man."

ഞാൻ സകല ഭരദേവതകളേയും (അധികം പേരില്ല) മനസ്സിൽധ്യാനിച്ചു്‌, ഭാര്യയെ വിളിച്ചു:

"എടീ, നിന്റെ അമ്മ ആളു്‌ തരക്കേടില്ലല്ലോ!"

"അതു്‌ ഇപ്പോഴാണോ മനസ്സിലായതു്‌?"

"അല്ല, ഇപ്പോഴല്ല. എന്നാലും ചെരിപ്പെറിയുക എന്നൊക്കെപ്പറഞ്ഞാൽ?"

"ചെരിപ്പെറിയുകയോ? മനസ്സിലായില്ല."

"നീ എനിക്കെതിരെ ചെരിപ്പു്‌ ഒരു ആയുധമായി പ്രയോഗിച്ചിട്ടില്ല. ഉണ്ടോ?"

"ചോദ്യങ്ങൾ ഒഴിവാക്കി കാര്യം പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ! നിങ്ങൾക്കു്‌ എലവേറ്റർ പിച്ച് ബാധകമല്ലേ?"

"എന്നാൽ പറയാം. 5-ൽ 2 പെണ്ണുങ്ങൾ ആണുങ്ങൾക്കു നേരേ ചെരിപ്പു വീശിയിട്ടുണ്ടെന്നാണു്‌ കണക്കു്‌. എന്റെ അറിവിൽ നീയോ, എന്റെ അമ്മയോ, മറ്റേമ്മയോ ഈ കൃത്യം നിർവ്വഹിച്ചതായി അറിവില്ല. പിന്നെ മനസ്സിൽ വന്ന ആദ്യത്തെ അഞ്ചു വനിതകളിൽ ബാക്കിയുള്ളതു്‌ നിന്റെ അമ്മയും എന്റെ കുഞ്ഞമ്മയുമാണു്‌..."

വലിയൊരു തമാശക്കാരൻ എന്ന മട്ടിൽ ഭാര്യ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: "നിങ്ങളുടെ കുഞ്ഞമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്നു്‌ വിചാരിച്ചാൽ പോലും കണക്കു ശരിയാവില്ലല്ലോ. ചിലപ്പോൾ 50-ൽ 2 പെണ്ണുങ്ങൾ എന്നതു്‌ 5-ൽ 2 എന്നായിപ്പോയതാവും."

ഇനി പറഞ്ഞു വന്ന കാര്യം പറയാം. ബെസ്റ്റ് ആക്റ്റർ എന്ന മലയാള സിനിമയിൽ കേട്ടാൽ വിശ്വസിച്ചുപോകുന്ന ഒരു ശതമാനക്കണക്കു്‌ പറയുന്നുണ്ടു്‌. 95% പേർക്കും സിനിമയിൽ അഭിനയിക്കണമെന്നു്‌ ആഗ്രഹമുണ്ടത്രേ (കേരളത്തിലെയാണോ അതോ ലോകത്തിലെയാണോ എന്നു്‌ പറച്ചിലിൽ നിന്നും വ്യക്തമല്ല). പക്ഷേ ആരും പുറത്തു പറയില്ല പോലും.

ഇതു കേട്ടപാടെ ഞാനൊരു ഞെട്ടു ഞെട്ടി. മറ്റൊന്നും കൊണ്ടല്ല, ഏതുനിമിഷവും അന്യം നിന്നു പോകാവുന്ന, ബാക്കിയുള്ള, 5%-ന്റെ പ്രതിനിധിയാണല്ലോ ഞാൻ എന്നൊർത്തിട്ടു്‌. "എന്റെ അറിവിലുള്ള ആർക്കും ഇങ്ങനെയൊരസുഖം ഉള്ളതായി അറിയില്ലല്ലോ" എന്നുപറയാമെന്നു വച്ചാൽ "ആരും പുറത്തുപറയാത്ത" വികാരമായതുകൊണ്ടു്‌ ആ വഴിക്കു ചിന്തിക്കുകയേ വേണ്ട. എന്നാലും ഈ കണക്കു്‌ വെള്ളം തൊടാതെ വിഴുങ്ങണമെങ്കിൽ, എന്റെ അമ്മയുമമ്മായിയമ്മയും, അനിയന്മാരും അളിയന്മാരും, അവരുടെ ഭാര്യമാരും സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടായിട്ടു്‌ പുറത്തു പറയാതെ നടക്കുന്നവരായിരിക്കണം.

ഈ സിനിമക്കാരുടെ ഒരു കാര്യമേ! എല്ലാവരും അവരെപ്പോലെയാവാൻ ശ്രമിക്കുകയാണെന്നു്‌ കരുതി നടക്കുന്ന പാവങ്ങൾ!

സിനിമാഭിനയം എന്നതൊഴിവാക്കി, അല്പം ഭേദഗതിയോടെ, 95% പേരും പ്രശസ്തരാവണമെന്നു്‌ (നാലാളറിഞ്ഞാൾ കൊള്ളാമെന്നു്‌) ആഗ്രഹിച്ചു നടക്കുന്നവരാണെന്നെങ്ങാനും കാച്ചിയിരുന്നെങ്കിൽ ഈ പോസ്റ്റ് തന്നെ വേണ്ടി വരുമായിരുന്നില്ല. വൗ! എന്നൊരാർത്തനാദത്തോടെ ഞാനതങ്ങു്‌ വെള്ളം തൊടാതെ വിഴുങ്ങിയേനെ.

Labels: ,

4 Comments:

  1. Blogger Calvin H Wrote:

    വൗ!

    February 01, 2011 12:50 AM  
  2. Blogger Inji Pennu Wrote:

    ഇങ്ങിനെ ബ്ലോഗിൽ വീണ്ടും സജീവമാവുമെന്നു ഒരു 35.4% ശതമാനം ഉറപ്പുണ്ടായിരുന്നു... ;)

    സിനിമേലു ആഗ്രഹം ഇല്ലെങ്കിൽ പിന്നെ 1947 ലവ് സ്റ്റോറി മൊഡലിൽ ചുള്ളൻ ആന്റ് ചുള്ളത്തീസ് ഫേസ് ബുക്കിലെ ഫോട്ടോസ് ക്യാ ബോൽതി? സിനിമേലു അവസരം തന്നാ നിഷേധിക്ക്വോ? :)

    February 01, 2011 6:48 AM  
  3. Blogger രാവുണ്ണി Wrote:

    മനസ്സിൽ ആദ്യം വരുന്ന സ്ത്രീകൾ ഭാര്യയുടെ അമ്മയും കുഞ്ഞമ്മയുമൊക്കെയാണ്. ഇത്രയ്ക്ക് ശുദ്ധത പാടുണ്ടോ?

    February 02, 2011 10:21 AM  
  4. Blogger Santhosh Wrote:

    രാവുണ്ണീ, ജീവിക്കേണ്ടേ? :)

    February 02, 2011 10:33 AM  

Post a Comment

<< Home