ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 26, 2020

കൊറോണക്കാലത്ത് നാടൻ ചിക്കൻ ഉലർത്തിയത് മൻഹാട്ടനോടൊപ്പം

അധികം പാചകം ചെയ്തു ശീലമില്ലാത്തവർക്കു വേണ്ടിയുള്ള പാചകവിധിയാണ് ഇന്നത്തെ അടുക്കളക്കാഴ്ചയിൽ. എസ്റ്റാബ്ലിഷ്‌ഡ് ദേഹണ്ഡക്കാർക്ക് പാചകവിധി ഒന്നോടിച്ചുനോക്കി തുടങ്ങാവുന്നതരത്തിൽ ലളിതമായ വിഭവമാണ് നാടൻ ചിക്കൻ ഉലർത്തിയത്.

നാടൻചിക്കൻ കൊറോണയില്ലാത്ത കാലത്തും ഉലർത്താമെങ്കിലും (ഉലർത്തുക = ഡ്രൈ ആക്കുക) അനക്ഡോട്ടൽ എവിഡൻസ് പ്രകാരം സ്റ്റേ-ഇൻ ഓർഡറുകൾ അനുസരിക്കാൻ അപാകുക്കൾക്കാണ് (അങ്ങനെ ഒരു വാക്കുണ്ടോ?) കൂടുതൽ പ്രയാസം. അതിനാൽ നാളിന്നേവരെ അടുക്കള കണ്ടിട്ടില്ലാത്തവരും ചായ, ചമ്മന്തി എന്നിവയിൽ പാചകമൊതുക്കിയവരും മുന്നോട്ടു കടന്നുവരൂ, ഈ പാചകവിധി പരീക്ഷിക്കൂ! പാചകം എന്നാൽ കൈപ്പുണ്യമാണെന്ന് ധരിച്ചും ധരിപ്പിച്ചും കഴിയുന്നവർക്ക് അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

Tip: ചായയുടെ പാചകക്രമം ശ്ലോകത്തിൽ വേണമെന്നുള്ളവർ ഹരിദാസ്‌ മംഗലപ്പള്ളിയേയോ (സ്രഗ്ദ്ധര) എന്നെയോ (കുസുമമഞ്ജരി) സമീപിക്കുക.

ചിക്കൻ ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:

തൊലികളഞ്ഞ്, എല്ലോടുകൂടിയ കോഴിക്കഷണങ്ങൾ 1.5 x 1.5 x 1.5 ഇഞ്ച് വലിപ്പത്തിൽ മുറിച്ചത്: ഒരു കിലോ

Tip: ആദ്യമായി പാചകം ചെയ്യുമ്പോൾ കുറഞ്ഞ അളവാണ് ഉത്തമം. എന്നാലും കോൺഫിഡൻസ് ഉണ്ടെങ്കിൽ വലിയ അളവ് പരീക്ഷിക്കുന്നതിൽ തെറ്റില്ല.
FAQ: എല്ലില്ലെങ്കിൽ കുഴപ്പമുണ്ടോ?
ഉത്തരം: കോഴിക്ക് എല്ലില്ലെങ്കിലും കുഴപ്പമില്ല.

സാമാന്യം വലിപ്പമുള്ള സവാള ചെറുതായി നേടുകേ അരിഞ്ഞത്: 2 എണ്ണം
ഇഞ്ചി തള്ളവിരലിന്റെ വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: ഒരു കഷണം
വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്: 1

Tip: ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ 2 ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടാൽ മതി. രുചിവ്യത്യാസമൊന്നും ആരും അറിയാൻ പോകുന്നില്ല.

പച്ചമുളക് നേടുകേ അരിഞ്ഞത്: 4 (ഇല്ലെങ്കിലും കുഴപ്പമില്ല, കുരുമുളക് ഇട്ട് അഡ്ജസ്റ്റ് ചെയ്യാം, പക്ഷേ പച്ചമുളക് കിടക്കുന്നതു കണ്ടാൽ കാണുന്നവർക്ക് ആനന്ദമാണ്.)
തക്കാളി വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: 1

ബേർബൻ വിസ്കി: 60 മില്ലി (2 ഔൺസ്)
സ്വീറ്റ് വേർമൂത്: 15 മില്ലി (0.5 ഔൺസ്)
ആൻഗോസ്റ്റുര ബിറ്റേഴ്സ്: ആവശ്യത്തിന്
മരസ്കീനോ ചെറി: 1
ഓറഞ്ച് പീൽ: മരസ്കീനോ ചെറി കിട്ടിയില്ലെങ്കിൽ മാത്രം
2x2 ഇഞ്ച് വലിപ്പമുള്ള ട്രാൻസ്പേരന്റ് ഐസ് കഷണം: 1 (ഇത് പ്രധാനമായും ഇന്സ്റ്റഗ്രാമിൽ പടമിട്ട് ഷോ-ഓഫ് നടത്താനാണ്. ഇല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും കിട്ടുന്ന ഐസ് രണ്ട് വലിയ കഷണം ആയാലും മതി)

മഞ്ഞൾപ്പൊടി: 1 ടീ സ്പൂൺ (മഞ്ഞൾപ്പൊടി അല്പം ഓവർറേറ്റഡ് പൊടിയാണ്. ഇട്ടില്ലെങ്കിലും രുചി വ്യത്യാസമുണ്ടാവില്ല എന്നു മാത്രമല്ല, കഴിക്കുന്നവർ അറിയുകയുമില്ല. മഞ്ഞൾ എല്ലാറ്റിനും ഉതകുന്ന ഒറ്റമൂലിയാണെന്ന് നാസയും കേശവൻ മാമനും പറഞ്ഞിട്ടുള്ളതിനാൽ അല്പം ഇടുന്നെന്നേയുള്ളൂ.)
എരിവു കുറഞ്ഞ (കാശ്മീരി) മുളകുപൊടി: 3 ടേബിൾ സ്പൂൺ

Tip: എരിവുള്ള മുളകുപൊടി കൂടുതൽ ഇട്ടാൽ വിവരം അറിയും.

മല്ലിപ്പൊടി: 2 ടേബിൾ സ്പൂൺ
കുരുമുളകു പൊടി: 1 ടേബിൾ സ്പൂൺ (ടച്ചിംഗ്‌സ് ആയി ഉപയോഗിക്കാനാണെങ്കിൽ അല്പം കൂടിയാലും കുഴപ്പമില്ല.)
ഗരം മസാല (എരിവ് അനുസരിച്ച്): 2 ടീ സ്പൂൺ
ഉപ്പ്: പാകത്തിന് (അല്ല പിന്നെ)

കറിവേപ്പില: 3 തണ്ട് (കുറഞ്ഞാലും സാരമില്ല.)
കടുക്: ഒരു പിടി (25 എണ്ണത്തോളം)
മല്ലിയില: ഐശ്വര്യത്തിന്
വെളിച്ചെണ്ണ: കൂടിയാലും കുറയരുത്

ഇത്രയും സാധനങ്ങൾ കയ്യിലില്ലെങ്കിൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിക്കുക. ഓൺലൈനിൽ കിട്ടുന്നില്ലെങ്കിൽ അത്താഴത്തിന് വല്ല പുട്ടും പയറും ആവുന്നതാണ് ഭേദം.

ഡോ. പോൾ ഹീലി: 14 ദിവസം കൂടുമ്പോൾ ഒരിക്കൽ കടയിൽ പോയി അത്യാവശ്യ ഷോപ്പിംഗിന് നടത്തുന്നതാണ് അഭികാമ്യം. അല്ലാതെ എല്ലാ ദിവസവും ഷോപ്പിംഗ് എന്നു പറഞ്ഞ് ഇറങ്ങി നടക്കരുത്.

പാചകം ചെയ്യുന്ന വിധം:

മുറിച്ചെടുത്ത കോഴിക്കഷണങ്ങൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഒരു പൊടിയ്ക്ക് (30 മില്ലിയിൽ താഴെ) വെള്ളവും ചേർത്ത് പുരട്ടിയെടുത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇപ്പോൾ ചേർക്കരുത്. ഇനി പറഞ്ഞില്ല എന്നു വേണ്ട.

ഈ സമയം ഒരു മിക്സിംഗ് ഗ്ലാസിൽ ആദ്യം സ്വീറ്റ് വേർമൂത്, അതിനു ശേഷം ബേർബൻ വിസ്കി എന്നിവ ഒഴിച്ച് നന്നായി ഇളക്കുക. അതിനു ശേഷം വിസ്കി ഗ്ലാസിൽ ഐസ്ക്യൂബ് ഇട്ടശേഷം വേർമൂത്, ബേർബൻ വിസ്കി മിക്സ് അതിലേയ്ക്കു പകരുക. അഞ്ചുതുള്ളി ആൻഗോസ്റ്റുര ബിറ്റേഴ്സ് ഇതിലേയ്ക്കു തളിക്കുക. ഇതിനെ ചെറിയോ ഓറഞ്ചു പീലോ കൊണ്ട് അലങ്കരിക്കുക. ഫോട്ടോ എടുത്തശേഷം മെല്ലെ, ആസ്വദിച്ച് കുടിക്കുക. ഈ ദ്രാവകം മൻഹാട്ടൻ എന്നപേരിലാണ് ദേവാസുരൻമാർ നുകർന്നുകൊണ്ടിരുന്നത്. നമുക്കും ആ പേരിൽ തന്നെ കുടിക്കാം.

മുന്നറിയിപ്പ്: മദ്യം കുടിക്കാൻ പ്രേരിപ്പിക്കുന്നത് ശിക്ഷാർഹമല്ലെങ്കിലും അഭികാമ്യമല്ല. കുടിക്കുമ്പോൾ നാട്ടിലുള്ള എന്റെ കസിൻസ് ചെയ്യുന്നതുപോലെ ഒറ്റമോന്തിൽ ഒരു ഡ്രിങ്ക് തീർക്കരുത്.

മാരിനേറ്റ് ചെയ്ത കോഴി ഒരു പാത്രത്തിലിട്ട് ഒരു മൂടുപാത്രം വച്ച് പകുതി തീയിൽ ഏകദേശം മുപ്പത് മിനുട്ട് വേവിക്കുക. കോഴി വെന്തുകൊണ്ടിരിക്കുമ്പോൾ മിക്സിംഗ് ഗ്ലാസിൽ രണ്ടാമത്തെ ഡിങ്ക് ഫിക്സ് ചെയ്ത് വീണ്ടും ഫോട്ടോ എടുത്തശേഷം സാവധാനം കുടിച്ചാൽ പാത്രത്തിനടിയിൽ പിടിക്കുന്നുണ്ടോ എന്ന് പെട്ടെന്ന് മനസ്സിലാക്കാം.

രണ്ടാം ഡ്രിങ്കും കഴിയുമ്പോൾ കോഴി വെന്തുകഴിഞ്ഞെങ്കിൽ അടുപ്പിൽ നിന്നും വാങ്ങി മാറ്റി വയ്ക്കാം. ഇല്ലെങ്കിൽ അത് അവിടെയിരുന്ന് വേവട്ടെ.

ഇതേ സമയം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഉള്ളി, കറിവേപ്പില, പച്ചമുളക്, അല്പം ഉപ്പ് (എരിവ് കൂടുതൽ വേണമെന്നുള്ളവർ അല്പം കുരുമുളക് പൊടി) എന്നിവ ചേർത്ത് ഉള്ളി തവിട്ടുനിറം ആകുന്നതു വരെ ചെറിയ ചൂടിൽ വഴറ്റിയെടുക്കുക. ഈ കലാപരിപാടി ശരിക്കു ചെയ്താൽ പത്തു പന്ത്രണ്ടു മിനിട്ടെടുക്കും.

ഇതിനിടയിൽ കോഴി വെന്തുകഴിഞ്ഞെങ്കിൽ തീ അണയ്ക്കാൻ മറക്കരുത്. ഒരു ഡ്രിങ്കു കൂടി വേണോ എന്ന് ഗാഢമായി ആലോചിക്കാനും ഈ സമയം വിനിയോഗിക്കാം.

വീണ്ടും ഉള്ളിയിലേയ്ക്ക്. സ്വർണ്ണവർണ്ണത്തോടടുത്ത ഉള്ളിക്കൂട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വീണ്ടും മൂന്നു മിനുട്ട് വഴറ്റുക.

അതും കഴിഞ്ഞ് അരിഞ്ഞു വച്ച തക്കാളി ഇതിലേയ്ക്കു ചേർക്കുക. തക്കാളി അലിഞ്ഞ് വെള്ളംപോലെ ആകുന്നതുവരെ വഴറ്റൽ തുടരുക.

ഉള്ളിക്കൂട്ടും കോഴിവെന്തതും കൂടി ഒരു പാത്രത്തിലാക്കി നന്നായി കലർത്തി കുറച്ചു കറിവേപ്പില കൂടി ചേർത്ത് മൂടിവച്ച് മൂന്നു മിനിട്ടോളം കൂടി വേവിക്കുക.

അതുകഴിഞ്ഞ് തീ കുറച്ച് മൂടി മാറ്റി ഡ്രൈ ആവുന്നതുവരെ വേവിക്കണം. ഒരുവിധം തവിട്ടു നിറമായാൽ നിർത്താം.
FAQ: തവിട്ടു നിറമായില്ലെങ്കിലോ?
ഉത്തരം: ഒരല്പം എണ്ണ കൂടി ഒഴിച്ച് ഇളക്കാം.

കറിവേപ്പില ഇനിയും ബാക്കിയുണ്ടെങ്കിൽ അതും മല്ലിയിലയും കൂടിയിട്ട് ഫുഡീ ആപ്പിലൊരു പടവുമെടുത്താൽ കോറോണക്കാലത്തെ ബോറടി മാറിക്കിട്ടുകയും ചെയ്യും കഴിക്കാൻ വല്ലതും ആവുകയും ചെയ്യും.

(ഫസ്റ്റ് ഡേ ഫുൾ ശരിയായി വരണമെന്നില്ല എന്ന് ഏട്ടൻ പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.)

Labels: ,

0 Comments:

Post a Comment

<< Home