ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, June 14, 2026

ക്രിക്കറ്റും ഫാൻസും

ക്രിക്കറ്റ് ആരാധകരെ fans എന്ന് വിളിക്കുന്നതിന് പകരം crowd എന്ന് വിശേഷിപ്പിക്കുന്ന കമന്റേറ്റർമാരോടും കളിക്കാരോടും മാദ്ധ്യമപ്രവർത്തകരോടുമുള്ള എന്റെ അസ്വസ്ഥത പുതിയ കാര്യമല്ല. 2013-ൽ ഞാൻ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനും മുമ്പും പിമ്പും ഇതിനെക്കുറിച്ച് സൌഹൃദവേദികളിൽ പലരുമായും ചർച്ചചെയ്തിട്ടുമുണ്ട്.

2013-ൽ ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ആഴ്ച വീണ്ടും ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെ ESPN Cricinfo-യിൽ ന്യൂസിലൻഡ് ക്രിക്കറ്റർ Suzie Bates നൽകിയ അഭിമുഖം കാണാൻ ഇടയായി. അതിൽ അവർ ആരാധകരെ വളരെ സ്വാഭാവികമായി crowds എന്ന് വിശേഷിപ്പിച്ച കാര്യം ഞാൻ എഴുതി. ക്രിക്കറ്റിൽ ഈ ശീലം എത്ര ദൃഢമൂലമാണെന്ന് കാണുക!

ഇന്ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ T20 ലോകകപ്പ് മത്സരത്തിന്റെ ESPN Cricinfo കമന്ററി നോക്കുക. ആറുതവണയാണ് ജോലിയും കൂലിയുമില്ലാത്ത "ജനക്കൂട്ടം" വിഷയമാകുന്നത്. ഒരിക്കൽ ഈ തെമ്മാടിക്കൂട്ടം ഊച്ചാളി (rowdy) കളാവുന്നതായും പ്രസ്താവമുണ്ട്.

കമന്റേറ്റർമാർ: Shashank Kishore and Ashish Pant.
കളിക്കാർ: Deepti Sharma and Harmanpreet Kaur.

എന്റെ പ്രശ്നം വാക്കുകളോടല്ല, അവ ധ്വനിപ്പിക്കുന്ന അർത്ഥത്തോടാണ്. Crowd എന്നത് ഒരു സ്ഥലത്ത് ഒത്തുകൂടിയ ആളുകളെ സൂചിപ്പിക്കുന്ന വാക്കാണ്. Fans എന്നത് സമയം, വികാരം, വിശ്വസ്തത, പണം എന്നിവ നിക്ഷേപിക്കുന്ന ആളുകളെ അംഗീകരിക്കുന്ന വാക്കാണ്. ആദ്യത്തേത് സാന്നിധ്യത്തെ മാത്രം കാണുന്നു; രണ്ടാമത്തേത് ഒരു ബന്ധത്തെ അംഗീകരിക്കുന്നു.

ഇതിനെക്കുറിച്ച് ഞാൻ Cricinfo-യ്ക്ക് പല തവണ എഴുതിയിട്ടുണ്ട്. ഇന്നും എഴുതി. ആരോട് പറയാൻ!

Labels: ,

Wednesday, January 21, 2026

റം കുടിക്കുന്ന വിധം

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ 'സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!' എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

ഇത്രയും എഴുതി പോസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് കൃത്യം ഒരുമാസം.

പുതുവർഷത്തിൽ എനിക്ക് ബാധകേറിയെന്നാണ് തോന്നുന്നത്. ആരോ, കൊഴുക്കട്ട എന്നീ ഷോർട്ട് ഫിലിമുകൾക്കു പുറമേ, ഇത്തിരി നേരം, ഫെമിനിച്ചി ഫാത്തിമ, എക്കോ എന്നീ മുഴുനീളചിത്രങ്ങളും ഈ മാസം കണ്ടുതീർത്തു!

(ആരോ, ഇത്തിരി നേരം എന്നിവയിൽ റം കുടിക്കുന്ന രീതി കണ്ടപ്പോൾ അതേപ്പറ്റി എഴുതണം എന്നുവിചാരിക്കുകയായിരുന്നു. ഇതുവരെ സന്ദർഭം ഒത്തുവന്നിട്ടില്ല. ശ്ലോകത്തിൽ കഴിക്കാൻ പറ്റുന്ന വിഷയമല്ല അത്.)

Labels:

Thursday, September 04, 2025

നീലിയുടെ ഓർമ്മയിൽ

(2006-ൽ എഴുതിയത്.)

ചെറുപ്പത്തിൽ എന്നെ വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാൻ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോൾ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകൾ കുട്ടികളായ ഞങ്ങളിൽ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.

ആറിലും ഏഴിലും പഠിക്കുമ്പോൾ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റർ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂൾ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തൻവീട്ടിൽ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിൽപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയൻ പിണ്ണാക്കു വാങ്ങാൻ റെഡി. വലിയവിള കുന്നിൻ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തൻവീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടൻ മടങ്ങാൻ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാൽ അവർക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോൾ സന്ധ്യമയങ്ങുകയും ചെയ്യും.

ശശിയണ്ണൻ വിഷംകഴിച്ചു മരിച്ചശേഷം ഈ യാത്രകൾ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയിൽ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിർത്തുമെന്ന് ഞാൻ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാൻ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ കവിതകൾ ഉച്ചത്തിൽപ്പാടി വേഗത്തിൽ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോമറ്റോ ചെയ്താൽ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാൽ സ്വജീവനേക്കാൾ ഒരുതുടം ഉറയ്ക്ക് ഞാൻ വിലകൽപ്പിച്ചു. ഏതു നിമിഷവും പിന്നിൽ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാൻ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നിൽ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയിൽ തുറുകൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്റെ വടക്കുകിഴക്കേ കോണില്‍ മുനിഞ്ഞുകത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

Labels:

Friday, January 05, 2024

എന്റെ നീരദക്കുളിരലകൾ

നമ്മൾ പഞ്ചസാരയ്ക്ക് പകരം സിത എന്നോ വെറുതേ ഒരു ഓളത്തിന് സൃയവസഹജം എന്നോ ഉപയോഗിക്കുമ്പോൾ ഓഹോ! പുള്ളിക്കണക്കൻ (റോയ് ഗോപാൽ) എഴുതിയ നെഞ്ചോരമല്ലേ പെണ്ണേ എന്ന പാട്ട് കേട്ട് ആഹാ എന്ന് പറയുന്നതിന് മുമ്പ് ഈ വാക്കുകളുടെ അർത്ഥം പറയൂ:
  • കണ്ണാട്ടി
  • കണ്ണാളി
  • ആലീനം
  • നീരാഴം
  • നീരിത്താർ
വരികളുടെ റിവ്യൂ അല്ലാത്തതിനാൽ ഈ പ്രയോഗങ്ങൾ എന്താണെന്ന് ചോദിക്കുന്നില്ല:
  • ചെന്തണലാകെയാളിപ്പടരണ്
  • നീർക്കുഴൽ വാടിത്തളർന്നു
  • നീരദക്കുളിരല

Labels: ,

Wednesday, June 07, 2023

HR മാനേജർ

പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ KJ ജേക്കബ് തന്റെ ഫേസ്ബുക്ക് പേജിൽ ജൂൺ 7, 2023-ൽ ഇങ്ങനെ എഴുതി:
ഒരു പഴയ കഥയാണ്.

ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ പ്രോഡക്ട് കമ്പനികളിൽ ഒന്നിന്റെ ഇന്ത്യയിലെ ഡെവലപ്മെന്റ് സെന്റർ. അവരുടെ ഒരു ഗ്ലോബൽ പ്രൊഡക്ടിന്റെ ലോഞ്ചാണ്; അതിലൊരുഭാഗം ഇന്ത്യയിലാണ് നിർമ്മിച്ചത്; അതൊരു വലിയ സംഭവമാണ്; അതിനാണ് പത്രക്കാരെ വിളിച്ചത്.

ചടങ്ങിനിടയിൽ ടീമംഗങ്ങളെ പരിചയപ്പെടുത്തി. ഹെഡ്‍ക്വർട്ടേഴ്സിലെ ടീമിനോട് കിടപിടിക്കുന്ന ചെറുപ്പക്കാർ എഞ്ചിനീയർമാർ. പരിപാടി കഴിഞ്ഞ ശേഷം എച്ച് ആർ മാനേജരെ പരിചയമുണ്ടായിരുന്നതുകൊണ്ടു ഞാൻ ചോദിച്ചു, ഈ പിള്ളേരെന്താ നനഞ്ഞ കോഴികളെപ്പോലെയിരിക്കുന്നത്?

അപ്പോൾ അവരുടെ മറുപടി: പണിക്കു മിടുക്കരാണ്. പക്ഷെ ഒരു പാർട്ടിയ്ക്ക് ടൗണിലേക്ക് പോകുമ്പോൾ ടാക്സി കേടായാൽ ഇങ്ങോട്ടു വിളിക്കും; വേറൊരു വണ്ടി വിളിച്ചു പോകാനറിയില്ല.

സത്യകഥയാണ്.

അതിന് എഴുതിയ മറുപടി:

മു തു കു (മുരളി തുമ്മാരുകുടി) പോലെയല്ല കെ ജെ ജെ. ബ്ലോക്കിയാൽ പറഞ്ഞിട്ടേ ബ്ലോക്കുകയുള്ളൂ.

എന്നാലും software ഫീൽഡിൽ ഇത്രയും ആൾക്കാർ പരിചയക്കാരായി ഉണ്ടായിട്ടും എഞ്ചിനീയർമാർക്ക് പ്രായോഗിക ജ്ഞാനമില്ലെന്ന് ഏതോ HR മാനേജർ പറഞ്ഞത് കെ ജെ ജെ വിശ്വസിച്ചു പോലും. റ്റാക്സി വിളിച്ചു വീട്ടിൽ പോകണമെങ്കിൽ എങ്ങനെയെന്നറിയാതെ HR മാനേജറിനെ വിളിക്കും എന്നതൊക്കെ കെ ജെ ജെ-യ്ക്ക് വിശ്വാസയോഗ്യമായി തോന്നിയത്രേ!

നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ: ഒരു ലക്ഷം, അല്ലെങ്കിൽ വേണ്ട ആയിരം രൂപ കിട്ടാൻ പോകുന്ന ഒരു ഫോൺ എ ഫ്രണ്ട് പ്രോഗ്രാമിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ നിങ്ങൾ HR മാനേജറിനെ വിളിക്കുമോ അതോ software engineer-നെ വിളിക്കുമോ, Mr KJ Jacob? 😀

Labels:

Saturday, October 01, 2022

കുഴിമന്തി വിവാദം

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ളനടപടിയായിരിക്കും അത്. പറയരുത് കേള്‍ക്കരുത് കാണരുത് കുഴിമന്തി.

(വി കെ ശ്രീരാമൻ)

ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് എന്റെ അഭിപ്രായം. ആരും പറയാത്തതിനാൽ ഞാൻ പറഞ്ഞേക്കാം.
എത്രയും വേഗം കുഴിമന്തി എന്ന വാക്ക് നിരോധിക്കണം. നല്ല വാക്കുകളാണ് നല്ല ഭാഷയുടെ ബലം.

പകുതിപ്പേർക്ക് ഈ അഭിപ്രായമാണ്. മറ്റാൾക്കാരുടെ മനസ്സിലിരിപ്പ് അറിയണമല്ലോ.
കുഴിമന്തി എന്ന വാക്ക് നിരോധിക്കുന്നതിനെ അധികംപേർ എതിർക്കില്ല. മോശം വാക്കുകൾ (എന്നു ഞാനുൾപ്പടെയുള്ളവർ കരുതുന്നവ) നമുക്ക് മലയാളത്തിൽ നിന്നും ഒഴിവാക്കാം.

എന്റേത് ന്യൂനപക്ഷാഭിപ്രായമാവാനാണ് സാധ്യത. എന്നാലും പറഞ്ഞുനോക്കാം.
കുഴിമന്തി എന്നവാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? എനിക്ക് അത് കേൾക്കുമ്പോൾ ഈ വാക്കൊക്കെ എവിടുന്നുവന്നു എന്നു തോന്നും. ഇത്തരം വാക്കുകൾ ഒഴിവാക്കിയാൽ മലയാളഭാഷ നന്നായേക്കും.

എനിക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു അഭിപ്രായമുണ്ട്. Absurdity sells.
എന്നെ ഏകാധിപതിയാക്കിയാൽ മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാൻ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കും.

Labels:

Wednesday, April 27, 2022

നാട്ടാചാരങ്ങൾ

ഞാൻ വിമാനം കാത്ത് ഗേറ്റിൽ ഇരിക്കുകയാണ്.

നിങ്ങൾക്ക് സുഖം തന്നെ എന്ന് എന്നെ അറിയിക്കാത്തതിൽ എനിക്ക് കുണ്ഠിതമുണ്ട്. എനിക്ക് സുഖം തന്നെ എന്ന് നേരിട്ട് വിളിച്ചു പറയാൻ കഴിയാത്തവർ ഇതൊരു അറിയിപ്പായി കരുതണം.

ഞാൻ ലാൻഡ് ചെയ്യുമ്പോൾ എന്നെ പിക്ക് ചെയ്യാൻ എന്റെ ബന്ധു വരും. നിങ്ങൾക്ക് അതും അറിയാൻ താല്പര്യമുള്ളതിൽ സന്തോഷം.

ഇനിയും കുറേ പറയാനുണ്ട്. പക്ഷേ മറ്റേ ലൈനിൽ വേറൊരു സുഹൃത്ത്/ബന്ധു വിളിക്കുന്നതിനാൽ പിന്നെ സംസാരിക്കാം.

Labels:

Monday, October 11, 2021

നെടുമുടി

ഫേയ്‌സ്ബുക്കിൽ പത്തിരുപതിനായിരം ആൾക്കാർ ഫോളോ ചെയ്യുന്ന ഒരാളുടെ സഹോദരനും ഞാനും ഒന്നിച്ച് കോട്ടയത്ത് പഠിച്ചിരുന്നു. ഒരു ശനിയാഴ്ച സഹപാഠി എന്നോട്, "അച്ഛന് സ്ഥലംമാറ്റമായി ഇവിടെ അടുത്ത് വന്നിട്ടുണ്ട്. ഞാൻ അവിടംവരെ ഒന്നു പോവുകയാണ്. വരുന്നുണ്ടോ?" എന്നു ചോദിച്ചു.

ശനിയാഴ്ചകളിൽ അതിരമ്പുഴയ്ക്ക് ആൾക്കാർ പറയുന്നത്ര കാല്പനിക ഭംഗിയൊന്നുമില്ല. വല്ല ഭംഗിയും കാണണമെങ്കിൽ അതിരാവിലെ ഈറനണിഞ്ഞ് ഏറ്റുമാനൂർ പോകണം. ആ ബസ് പോയ സ്ഥിതിക്ക് ഞാൻ അവന്റെ സഹയാത്രികനാവാൻ സമ്മതിച്ചു.

ഞങ്ങൾ അങ്ങനെ കോട്ടയം ചങ്ങാനാശ്ശേരി വഴി രണ്ടുമൂന്നു ബസ് മാറിക്കയറി നാലുമണിയോടെ ഒരു ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങിയപ്പോൾ സുഹൃത്ത് പറഞ്ഞു: "ഇതാണ് സ്ഥലം."

അവിടെ ഒരു മൈൽക്കുറ്റിയിൽ എഴുതിവച്ചിരിക്കുന്നത് ഞാൻ അവിശ്വസനീയമായി നോക്കി. അനന്തരം മനസ്സിൽ വായിച്ചു:

"നെടുമുടി"

സുഹൃത്ത് എന്നെ നോക്കി. ഞാനും അവനും അവന്റെ അച്ഛന്റെ വാടകവീടന്വേഷിച്ചു വയൽവരമ്പിലൂടെ നടന്നു.

Labels: ,

Friday, April 02, 2021

എങ്ങനെ വിസ്കി കുടിക്കാം?

ഞാൻ ഒരു മദ്യാസക്തനല്ല. മദ്യമില്ലാതെ മാസങ്ങളോളം ജീവിക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. അങ്ങനെ ചെയ്യാറുമുണ്ട്. ഈ വിവരണം വായിക്കുന്നവർ അങ്ങനെ ആകണമെന്നില്ല. അതിനാൽ മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന മുന്നറിയിപ്പും, അമിതമദ്യപാനം ആരോഗ്യപരമായ പ്രശ്നങ്ങൾക്കുപരി സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാവും എന്ന ശക്തമായ മുന്നറിയിപ്പും നല്കുന്നു. പൊതുവേ ആസക്തികൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നവർ മദ്യം ഇതുവരെ കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ ഇനി തുടങ്ങാതിരിക്കുന്നതാണ് നല്ലത്.

മലയാളികൾ അധികവും റമ്മും ബ്രാൻഡിയുമാണ് കുടിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (anecdotal evidence). വിസ്കി കുടിക്കുന്നവരെ സിനിമയിൽ (അതും പുതിയ സിനിമകളിൽ) ആണ് കാണുക. ചില സിനിമകളിൽ എല്ലാ തരം കുപ്പികളും തുറന്നു വച്ച് എല്ലാറ്റിൽ നിന്നും കുടിക്കുന്നവരേയും കാണാം. കേരളത്തിന്റെ മദ്യ സംസ്കാരം ഞാൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ഈ പോസ്റ്റ് ആൾക്കാരെ "നല്ല മദ്യ സംസ്കാരം" പഠിപ്പിക്കാനുള്ള ശ്രമമൊന്നുമല്ല. ഈ പറയുന്നതാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന ചിന്തയുമില്ല.

ഇത്രയും പറഞ്ഞ് എന്റെ വിസ്കി കുടിയുടെ രീതിയിലേയ്ക്ക്. എങ്ങനെ വിസ്കി കുടിക്കാം എന്നതിന് ഒരു ഉത്തരമില്ല. എങ്ങനെ കുടിക്കുന്നതാണോ നിങ്ങൾ ആസ്വദിക്കുന്നത് അങ്ങനെ കുടിക്കുക. ഞാൻ ചെയ്യുന്ന രീതികൾ പറയുന്നു എന്നുമാത്രം.
വിസ്കികൾ പലവിധമുണ്ട്. അവയെക്കുറിച്ച് മറ്റൊരിക്കൽ ആവാം. ഞാൻ പറയാൻ പോകുന്നത് ഇതിൽ ഒരു ഇനം ആയതിനാൽ എല്ലാറ്റിനേയും ഒന്ന് ഓടിച്ച് പരിചയപ്പെടുത്താം. എനിക്ക് പരിചയമുള്ള/ഞാൻ രുചിച്ചിട്ടുള്ള ചില ബ്രാൻഡ് ഉദാഹരണങ്ങൾ കൂടി കൊടുക്കുന്നു.

  • സിംഗിൾ മോൾട്ട്: ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നത്. ഇതിൽ തന്നെ സിംഗിൾ കാസ്ക് എന്നൊരു വകഭേദമുണ്ട്: ഒരു കുപ്പിയിൽ ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നതിലുപരി ഒരു കാസ്കിൽ നിന്നും മാത്രം ഉണ്ടാക്കുന്നത്. Glenlivet, Glenfiddich, Ardbeg, Macallan, Laphroaig, Balvenie, Amrut, Paul John, Rampur, Yamazaki തുടങ്ങിയവ ഉദാഹരണങ്ങൾ.
  • ബ്ലെൻഡെഡ്: ഒന്നോ അതിലധികമോ ഡിസ്റ്റിലറിയിൽ ഉണ്ടാക്കിയ പലതരം വിസ്കികളുടെ മിശ്രിതം. ഒരു ബ്രാൻഡിന് ഈ മിശ്രിതം സ്ഥിരമായിരിക്കും. Johnnie Walker, Chivas Regal, Vat 69, J&B, 100 Pipers, Black & White, Teacher's എന്നിവ ഉദാഹരണങ്ങൾ.
വിസ്കിയുടെ ഉറവിടം അനുസരിച്ച് ഏഴുതരം വിസ്കികൾ ആണ് പ്രധാനമായും അറിയേണ്ടവ:
  1. സ്കോച്ച് വിസ്കി: സ്കോട്ലാൻഡിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് ബോട്ടിൽ ചെയ്യുന്നവയെ മാത്രമേ സ്കോച്ച് വിസ്കി എന്ന് വിളിക്കാറുള്ളൂ. ഉദാഹരണം: Johnnie Walker, Chivas Regal, Ballantine’s, J&B, Dewar's.
  2. ബേർബൻ (Bourbon) വിസ്കി: അമേരിക്കയിലെ കന്റക്കിയിൽ ഉല്പാദനം. അമേരിക്കക്കാരുടെ പ്രിയപ്പെട്ട വിസ്കിയാണ്. ഉദാഹരണം: Maker’s Mark, Woodford Reserve, Wild Turkey, Hudson Baby, Knob Creek, Elijah Craig.
  3. ഐറിഷ് വിസ്കി: ഐർലൻഡിൽ കൃഷിചെയ്ത ബാർലി ഉപയോഗിച്ച്, ഐർലൻഡിൽ ഉണ്ടാക്കി, ഐർലൻഡിൽ വച്ച് ബോട്ടിൽ ചെയ്യുന്നവ. ഉദാഹരണം: Jameson, Redbreast, Paddy, Midleton, Connemara.
  4. കനേഡിയൻ വിസ്കി: കാനഡയിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് കുപ്പിയിലാക്കുന്നവ. മറ്റു ചില നിബന്ധകളും ഉണ്ട്. ഉദാഹരണം: Crown Royal, Forty Creek, Pendleton, Lot 40, JP Wiser's, Shelter Point.
  5. ജാപ്പനീസ് വിസ്കി: ജപ്പാനിൽ വച്ച് ബോട്ടിൽ ചെയ്യുന്ന വിസ്കി. ഉദാഹരണം: Yamazaki, Nikka, Hakushu, Hibiki.
  6. റൈ വിസ്കി: പകുതിയിലധികം റൈ ഉപയോഗിച്ച് ഉണ്ടാക്കുന്നവ. അമേരിക്കയിൽ പ്രചാരം കൂടുതൽ. ഉദാഹരണം: Bulleit, Knob Creek, Templeton.
  7. ടെന്നസ്സി വിസ്കി: ബേർബന്റെ ഒരു വകഭേദമാണെങ്കിലും വ്യത്യസ്തമായ രുചിയുണ്ട്. ഉദാഹരണം: Jack Daniel’s, Uncle Nearest, Clayton James, Rollins.
ഇതിനെല്ലാം പുറമേ മിന്റ്, ആപ്പിൾ, തുടങ്ങി പലതും ഇൻഡ്യൂസ് ചെയ്ത വിസ്കി കിട്ടും. ഞാൻ വിസ്കിയിൽ മുളക്, ഏലയ്ക്ക എന്നിവ ചിലപ്പോൾ ഇൻഡ്യൂസ് ചെയ്ത് എടുക്കാറുണ്ട്.

ഏതു വിസ്കി കുടിക്കണം?
ഒന്നോ രണ്ടോ ബ്രാൻഡിൽ ഒതുങ്ങരുത്. എല്ലാം ശ്രമിക്കണം. എന്നാലേ നമുക്ക് ഇഷ്ടപ്പെട്ടത് കണ്ടുപിടിക്കാൻ പറ്റൂ. ഒരിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. എല്ലാം ഒരു acquired taste ആണ്. സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കിയാണ് എനിക്ക് പഥ്യം.

ബേർബൻ, റൈ എന്നിവ കോൿടെയിലുകൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കും. USA-യിൽ സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കി 750 ml-ന് ഏകദേശം 6 ഡോളർ മുതൽ വിലയുള്ളത് കിട്ടും. ഓരോ ബ്രാൻഡിനും 8 വർഷം മുതൽ 40 വർഷമോ അതിലധികമോ ഏജ്ഡ് ആയ വിസ്കികൾ ഉണ്ടെങ്കിലും സാധാരണ 12 വർഷമോ അതിലും കൂടുതലോ "ഏജ്ഡ്" ആയതാണ് കുടിക്കാൻ നല്ലത്. 21 വർഷത്തിൽ കൂടുതൽ ഏജ്ഡ് ആയ വിസ്കികൾ എന്റെ കീശയിൽ നിൽക്കില്ല എന്നതിനാൽ അവ ഒഴിവാക്കും. 12, 15, 18, 21 വർഷങ്ങൾ "പഴക്കമുള്ള" വിസ്കികളിൽ പലതും കുടിച്ചിട്ട് താഴെപ്പറയുന്നയാണ് എനിക്ക് ഇഷ്ടപ്പെട്ടവ (ഞാൻ പറയുന്ന വിലകൾ 750 ml-ന്റേതാണ്).

  • വെറുതേ കുടിക്കാൻ (രണ്ടു പെഗ് കുടിക്കാൻ തോന്നുന്നു. വേറെ വിശേഷമൊന്നുമില്ല. ഞാനും അടുത്ത സുഹൃത്തും മാത്രം): Glenlivet 12 ($50), Glenfiddich 12 ($50)
  • എനിക്ക് സന്തോഷമുള്ള ഒരു കാര്യം നടന്നു. ചെറുതായി ആഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 15 ($80), Macallan 12 ($85)
  • നന്നായി ഒന്നാഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 18 ($150), Balvenie 14 ($140)
  • ഓണമല്ലേ സുഭദ്രേ? Glenlivet 21 ($300), Johnnie Walker Blue ($250)
Glenlivet 15 ആണ് ഞാൻ എല്ലാവർക്കും കണ്ണും പൂട്ടി റെക്കമെൻഡ് ചെയ്യുന്നത് (biggest bang for the buck). ഒട്ടും റെക്കമെൻഡ് ചെയ്യാത്തത് Johnnie Walker Blue (highly overrated). കൂടുതൽ ബ്രാൻഡ് പടങ്ങൾക്ക് എന്റെ ഇന്സ്റ്റഗ്രാം അക്കൌണ്ട് നോക്കുക. 🙂

എത്ര കുടിക്കണം?
അത് ഓരോരുത്തരുടെ അവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചിരിക്കും. ഞാൻ ഓഫീസ് കോൺഫറൻസുകൾക്ക് പോയാൽ 6-7 ഡ്രിങ്ക്സ് ഒക്കെ അടിക്കും. വീട്ടിലാണെങ്കിൽ പരമാവധി 3. കൂട്ടുകാരൊത്ത് ചിലപ്പോൾ 4-5. ഒരു 200-300ml ആണ് എന്റെ കണക്ക്. USA-യിൽ കിട്ടുന്ന കുപ്പികൾ ഈ വിധമാണ്: 50ml (മിനി), Half Pint (200ml), Pint (375ml), Fifth (750ml), 1 L (1000 ml), Half Gallon (1.75 L), Gallon (3.5 L).

ഏതു ഗ്ലാസ്?
പല തരം വിസ്കി ഗ്ലാസുകൾ ഉണ്ട്. ഒരു വിസ്കി ആദ്യമായി ഉപയോഗിക്കുമ്പോഴും വളരെ ഫ്ലേവറുകളുള്ള വിസ്കികൾ കൂടിക്കുമ്പോഴും വിസ്കി സ്നിഫിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ മണ്ണെണ്ണ വിളക്കിന്റെ ചില്ലുപോലെ മുകളിൽ വാവട്ടം കുറഞ്ഞ ഗ്ലാസാണ് സ്നിഫിംഗ് ഗ്ലാസ്. വിസ്കിയുടെ അരോമ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത്തരം ഗ്ലാസ് സഹായിക്കും.

എങ്ങനെ കുടിക്കണം?
പൂസാവാൻ വേണ്ടിയുള്ള കുടിയും ആസ്വദിക്കാൻ വേണ്ടിയുള്ള കുടിയും രണ്ടാണ്. പൂസാവാൻ വേണ്ടിയാണെങ്കിൽ ഒറ്റയടിക്കോ അല്ലെങ്കിൽ പതുക്കെയാണെങ്കിൽ ഒരു കുപ്പി മുഴുവനുമോ കുടിച്ചു പൂസാവാം. "എത്ര അടിച്ചാലും ഞാൻ പൂസാവില്ല, എനിക്ക് നല്ല കപ്പാസിറ്റി ആണ്" എന്ന് വീമ്പിളക്കുന്നവരോടൊത്ത് ഒരിക്കലും കുടിക്കരുത്. അവർക്ക് കുപ്പി തീരും മുമ്പ് കിട്ടാവുന്നതിൽ കൂടിയ പങ്ക് അകത്താക്കുക എന്ന ലക്ഷ്യമേ കാണൂ. (പൂസാവാൻ കുടിക്കുന്നത് പാപമാണ് എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ വേണ്ടവർ അങ്ങനെ കുടിക്കട്ടെ.)

കുടിക്കുന്നതു സമയമെടുത്തടു കുടിക്കുക. ഒരു ലാർജ് (90 ml) 15 മിനിറ്റ് എങ്കിലും എടുത്ത് കഴിക്കണം. കുടിക്കുമ്പോൾ കുടിക്കുന്ന മദ്യത്തിന്റെ ഫ്ലേവർ മാസ്ക് ചെയ്യുന്ന ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്. സ്ഥിരം കഴിക്കുന്ന മദ്യമാണെങ്കിൽ അതോടൊപ്പം ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. കടി തൊണ്ടയിൽ നിന്ന് ഇറക്കാനുള്ള ഉപാധിയായി മദ്യത്തെ കാണരുത്. കഴിവതും വറുത്ത (dry ആയ) സാധനങ്ങൾ ആണ് മദ്യത്തോടൊപ്പം കഴിക്കാൻ നന്ന്. എന്നാൽ അധികം ഫ്ലേവർ ഇല്ലാത്തതും രസമുകുളങ്ങളെ തല്ലിത്തകർക്കുകയും ചെയ്യുന്ന Old Monk പോലുള്ള റം ഒക്കെ കുടിക്കുമ്പോൾ നാവും ആമാശയവും വരെ നീറിക്കീറുന്ന അച്ചാറും മറ്റും കഴിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

വെള്ളം? സോഡ? എന്തൊഴിക്കും?
Straight അല്ലെങ്കിൽ neat: ഐസോ വെള്ളമോ ഒന്നും ഒഴിക്കാതെ വിസ്കി മാത്രം. വളരെ ബോൾഡ് ആയിട്ടുള്ള വിസ്കികൾ ഇങ്ങനെ കുടിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനെ കുടിച്ചാൽ കരൾ വാടുകയൊന്നുമില്ല.

അഞ്ചു തുള്ളി വെള്ളം
വിസ്കിയിൽ നാലഞ്ചു തുള്ളി വെള്ളം ഒഴിക്കുക. എന്നിട്ട് ഗ്ലാസ് ഒരു നാലഞ്ചു പ്രാവശ്യം ചെറുതായി ചുഴറ്റുക. വിസ്കിയിലെ അരോമയും ഫ്ലേവറും ഇതു കാരണം റിലീസ് ചെയ്യപ്പെടും. മദ്യത്തിന്റെ രുചി നമുക്ക് അനുഭവപ്പെടും. മൂന്ന് തുള്ളി വീതം വെള്ളം ചേർത്ത് ഈ പ്രവൃത്തി പലപ്രാവശ്യം ചെയ്താൽ ഓരോ ബ്രാൻഡിന്റേയും കൃത്യമായ കണക്ക് നമുക്കു കിട്ടും. അഞ്ച് തുള്ളി എന്നത് മിക്കവാറും വിസ്കികൾക്ക് പറ്റുന്ന കണക്കാണ്.

On the Rocks
വിസ്കിയും ഒരു വലിയ ഐസ് കഷണവും ആണ് on the rocks-ന് സാധാരണ പതിവ്. തണുത്ത വിസ്കി കുടിക്കാൻ രസമാണ്. എന്നാൽ ആദ്യമായി വിസ്കി കഴിക്കുമ്പോൾ ഐസ് ഒഴിവാക്കുന്നതാണ് നല്ലത്. അലിയാത്ത വിസ്കി റോക്ക്സ് വാങ്ങാൻ കിട്ടും. തണുപ്പ് വേണമെങ്കിൽ ഐസിനു പകരം വിസ്കി റോക്ക്സ് ഉപയോഗിക്കാം. സാധാരണ വീട്ടിലെ റെഫ്രിജെറേറ്ററിൽ നിന്നും വലിയ ഐസ് കഷണം കിട്ടാൻ പാടാണ്. മാത്രമല്ല, പ്രീമിയം റെസ്റ്റോറന്റുകളിൽ കിട്ടുന്നപോലെ ട്രാൻസ്പേരന്റ് ഐസ് ഉണ്ടാക്കാനും പാടാണ്. എന്നാൽ ഇതിനൊക്കെ സഹായിക്കുന്ന സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കിട്ടും.

സോഡ
ഒരു ലാർജ്ജിൽ ഒരു ഗ്ലാസ് നിറയെ വെള്ളമോ സോഡയോ ഒക്കെ ഒഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഒരു ബ്രാൻഡ് മാത്രം ശീലമുള്ള ഒരാളിന് പുതിയൊരു ബ്രാൻഡ് ശ്രമിക്കാൻ ചിലപ്പോൾ അധികം വെള്ളമോ സോഡയോ ഒക്കെ ഉപയോഗിക്കേണ്ടി വരും. പിന്നെ സുഹൃത്ത് നമുക്ക് തരുന്ന ഡ്രിങ്ക് നമുക്ക് അധികം ഇഷ്ടമില്ലാത്തതാണെങ്കിൽ കുടിച്ചിറക്കാൻ ഇത്തരം കടുംകൈ ഒക്കെ ചെയ്യേണ്ടി വന്നേക്കും.

കോൿടെയിൽ
ഇവിടെ റൂൾ ഒന്നും ഇല്ല. പല കോൿടെയിലും നന്നായി വരണമെങ്കിൽ കൃത്യമായ ബ്രാൻഡ് വിസ്കി തന്നെ ഉപയോഗിക്കണം.

എങ്ങനെയുണ്ട്?
ഒരു ഡ്രിങ്ക് ഓഫർ ചെയ്തിട്ട് "എങ്ങനെയുണ്ടളിയാ?" എന്നു ചോദിച്ചാൽ എന്തുത്തരം പറയും? അതിന് ചില സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ഉണ്ട്.
  • കളർ: എന്തായിരുന്നു വിസ്കിയുടെ കളർ? ഗോൾഡ്? കോപ്പർ? രണ്ടിനും മദ്ധ്യേ? ഓരോ ആൾക്കാർക്കും ഓരോ കളർ ആവും ഇഷ്ടം. എനിക്ക് രണ്ടിനുമിടയിൽ എന്നാൽ, അല്പം കോപ്പർ കൂടിയ കളർ ഉള്ളവയാണ് ഇഷ്ടം.
  • ബോഡി: നാവിൽ വയ്ക്കുമ്പോൾ നിങ്ങൾക്ക് വിസ്കി എങ്ങനെ ഫീൽ ചെയ്യുന്നു എന്നതാണ് ബോഡി കൊണ്ട് ഉദ്ദേശിക്കുന്നത്. അനുഷ്ടുപ്പ് വൃത്തം പോലെയാണ്. നാവു നിറഞ്ഞു നിലക്കുന്ന ഫീൽ ആണെങ്കിൽ ഫുൾ ബോഡി എന്നു പറയും.
  • നോസ്: എന്തു ഗന്ധമാണ് വിസ്കി നല്കുന്നത്? തേൻ? ഏതെങ്കിലും പഴങ്ങൾ? വാനില, കാരമൽ പോലുള്ളവ?
  • പാലറ്റ്: എന്താണ് വിസ്കിയുടെ രുചി?മധുരം? സുഗന്ധവ്യഞ്ജനം? പുക? പഴവർഗ്ഗങ്ങൾ?
  • എൻജോയ്: ഒരു സിപ്പ് കഴിച്ചു കഴിഞ്ഞാൽ ഫ്ലേവർ എത്ര നേരം നിൽക്കും?
ഇതൊക്കെ വച്ച് നമുക്കു പറയാം വിസ്കി കൊള്ളാമോ ഇല്ലയോ എന്ന്.

വിസ്കികൾ പൊതുവേ ലൈറ്റ്, റിച്ച്, ഡെലികേറ്റ്, സ്മോക്കി എന്നീ ലക്ഷണങ്ങൾ കാണിക്കും. ലൈറ്റും റിച്ചും വിപരീതവശങ്ങളിൽ. ഡെലികേറ്റും സ്മോക്കിനെസ്സും വിപരീതവശങ്ങളിൽ. Cardhu 12 പോലെയുള്ളവ ലൈറ്റ് and ഡെലികേറ്റ് ആണ്. Glenlivet പൊതുവേ റിച്ച് and ഡെലികേറ്റ്. Ardberg/Lephroaig ലൈറ്റ് & സ്മോക്കി, Lagavulin, Higland Park എന്നിവ റിച്ച് and സ്മോക്കിയും. ഒരാൾക്ക് ഈ നാലു കോമ്പിനേഷനും ഒരുപോലെ ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കുറവാണ്. എനിക്ക് സ്മോക്കിയേക്കാൾ ഡെലികേറ്റ് ഫ്ലേവർ ആണ് ഇഷ്ടം. എന്റെ സുഹൃത്തുക്കളിൽ പലർക്കും തിരിച്ചും.

എന്തു കുടിച്ചാലും ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.

തൽകാലം ഇത്രയും. Happy and responsible drinking, everyone!

Labels: ,

Thursday, March 26, 2020

കൊറോണക്കാലത്ത് നാടൻ ചിക്കൻ ഉലർത്തിയത് മൻഹാട്ടനോടൊപ്പം

അധികം പാചകം ചെയ്തു ശീലമില്ലാത്തവർക്കു വേണ്ടിയുള്ള പാചകവിധിയാണ് ഇന്നത്തെ അടുക്കളക്കാഴ്ചയിൽ. എസ്റ്റാബ്ലിഷ്‌ഡ് ദേഹണ്ഡക്കാർക്ക് പാചകവിധി ഒന്നോടിച്ചുനോക്കി തുടങ്ങാവുന്നതരത്തിൽ ലളിതമായ വിഭവമാണ് നാടൻ ചിക്കൻ ഉലർത്തിയത്.

നാടൻചിക്കൻ കൊറോണയില്ലാത്ത കാലത്തും ഉലർത്താമെങ്കിലും (ഉലർത്തുക = ഡ്രൈ ആക്കുക) അനക്ഡോട്ടൽ എവിഡൻസ് പ്രകാരം സ്റ്റേ-ഇൻ ഓർഡറുകൾ അനുസരിക്കാൻ അപാകുക്കൾക്കാണ് (അങ്ങനെ ഒരു വാക്കുണ്ടോ?) കൂടുതൽ പ്രയാസം. അതിനാൽ നാളിന്നേവരെ അടുക്കള കണ്ടിട്ടില്ലാത്തവരും ചായ, ചമ്മന്തി എന്നിവയിൽ പാചകമൊതുക്കിയവരും മുന്നോട്ടു കടന്നുവരൂ, ഈ പാചകവിധി പരീക്ഷിക്കൂ! പാചകം എന്നാൽ കൈപ്പുണ്യമാണെന്ന് ധരിച്ചും ധരിപ്പിച്ചും കഴിയുന്നവർക്ക് അങ്ങനെയല്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

Tip: ചായയുടെ പാചകക്രമം ശ്ലോകത്തിൽ വേണമെന്നുള്ളവർ ഹരിദാസ്‌ മംഗലപ്പള്ളിയേയോ (സ്രഗ്ദ്ധര) എന്നെയോ (കുസുമമഞ്ജരി) സമീപിക്കുക.

ചിക്കൻ ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:

തൊലികളഞ്ഞ്, എല്ലോടുകൂടിയ കോഴിക്കഷണങ്ങൾ 1.5 x 1.5 x 1.5 ഇഞ്ച് വലിപ്പത്തിൽ മുറിച്ചത്: ഒരു കിലോ

Tip: ആദ്യമായി പാചകം ചെയ്യുമ്പോൾ കുറഞ്ഞ അളവാണ് ഉത്തമം. എന്നാലും കോൺഫിഡൻസ് ഉണ്ടെങ്കിൽ വലിയ അളവ് പരീക്ഷിക്കുന്നതിൽ തെറ്റില്ല.
FAQ: എല്ലില്ലെങ്കിൽ കുഴപ്പമുണ്ടോ?
ഉത്തരം: കോഴിക്ക് എല്ലില്ലെങ്കിലും കുഴപ്പമില്ല.

സാമാന്യം വലിപ്പമുള്ള സവാള ചെറുതായി നേടുകേ അരിഞ്ഞത്: 2 എണ്ണം
ഇഞ്ചി തള്ളവിരലിന്റെ വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: ഒരു കഷണം
വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്: 1

Tip: ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ 2 ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടാൽ മതി. രുചിവ്യത്യാസമൊന്നും ആരും അറിയാൻ പോകുന്നില്ല.

പച്ചമുളക് നേടുകേ അരിഞ്ഞത്: 4 (ഇല്ലെങ്കിലും കുഴപ്പമില്ല, കുരുമുളക് ഇട്ട് അഡ്ജസ്റ്റ് ചെയ്യാം, പക്ഷേ പച്ചമുളക് കിടക്കുന്നതു കണ്ടാൽ കാണുന്നവർക്ക് ആനന്ദമാണ്.)
തക്കാളി വലിപ്പമുള്ളത് ചെറുതായി അരിഞ്ഞത്: 1

ബേർബൻ വിസ്കി: 60 മില്ലി (2 ഔൺസ്)
സ്വീറ്റ് വേർമൂത്: 15 മില്ലി (0.5 ഔൺസ്)
ആൻഗോസ്റ്റുര ബിറ്റേഴ്സ്: ആവശ്യത്തിന്
മരസ്കീനോ ചെറി: 1
ഓറഞ്ച് പീൽ: മരസ്കീനോ ചെറി കിട്ടിയില്ലെങ്കിൽ മാത്രം
2x2 ഇഞ്ച് വലിപ്പമുള്ള ട്രാൻസ്പേരന്റ് ഐസ് കഷണം: 1 (ഇത് പ്രധാനമായും ഇന്സ്റ്റഗ്രാമിൽ പടമിട്ട് ഷോ-ഓഫ് നടത്താനാണ്. ഇല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും കിട്ടുന്ന ഐസ് രണ്ട് വലിയ കഷണം ആയാലും മതി)

മഞ്ഞൾപ്പൊടി: 1 ടീ സ്പൂൺ (മഞ്ഞൾപ്പൊടി അല്പം ഓവർറേറ്റഡ് പൊടിയാണ്. ഇട്ടില്ലെങ്കിലും രുചി വ്യത്യാസമുണ്ടാവില്ല എന്നു മാത്രമല്ല, കഴിക്കുന്നവർ അറിയുകയുമില്ല. മഞ്ഞൾ എല്ലാറ്റിനും ഉതകുന്ന ഒറ്റമൂലിയാണെന്ന് നാസയും കേശവൻ മാമനും പറഞ്ഞിട്ടുള്ളതിനാൽ അല്പം ഇടുന്നെന്നേയുള്ളൂ.)
എരിവു കുറഞ്ഞ (കാശ്മീരി) മുളകുപൊടി: 3 ടേബിൾ സ്പൂൺ

Tip: എരിവുള്ള മുളകുപൊടി കൂടുതൽ ഇട്ടാൽ വിവരം അറിയും.

മല്ലിപ്പൊടി: 2 ടേബിൾ സ്പൂൺ
കുരുമുളകു പൊടി: 1 ടേബിൾ സ്പൂൺ (ടച്ചിംഗ്‌സ് ആയി ഉപയോഗിക്കാനാണെങ്കിൽ അല്പം കൂടിയാലും കുഴപ്പമില്ല.)
ഗരം മസാല (എരിവ് അനുസരിച്ച്): 2 ടീ സ്പൂൺ
ഉപ്പ്: പാകത്തിന് (അല്ല പിന്നെ)

കറിവേപ്പില: 3 തണ്ട് (കുറഞ്ഞാലും സാരമില്ല.)
കടുക്: ഒരു പിടി (25 എണ്ണത്തോളം)
മല്ലിയില: ഐശ്വര്യത്തിന്
വെളിച്ചെണ്ണ: കൂടിയാലും കുറയരുത്

ഇത്രയും സാധനങ്ങൾ കയ്യിലില്ലെങ്കിൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിക്കുക. ഓൺലൈനിൽ കിട്ടുന്നില്ലെങ്കിൽ അത്താഴത്തിന് വല്ല പുട്ടും പയറും ആവുന്നതാണ് ഭേദം.

ഡോ. പോൾ ഹീലി: 14 ദിവസം കൂടുമ്പോൾ ഒരിക്കൽ കടയിൽ പോയി അത്യാവശ്യ ഷോപ്പിംഗിന് നടത്തുന്നതാണ് അഭികാമ്യം. അല്ലാതെ എല്ലാ ദിവസവും ഷോപ്പിംഗ് എന്നു പറഞ്ഞ് ഇറങ്ങി നടക്കരുത്.

പാചകം ചെയ്യുന്ന വിധം:

മുറിച്ചെടുത്ത കോഴിക്കഷണങ്ങൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഒരു പൊടിയ്ക്ക് (30 മില്ലിയിൽ താഴെ) വെള്ളവും ചേർത്ത് പുരട്ടിയെടുത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇപ്പോൾ ചേർക്കരുത്. ഇനി പറഞ്ഞില്ല എന്നു വേണ്ട.

ഈ സമയം ഒരു മിക്സിംഗ് ഗ്ലാസിൽ ആദ്യം സ്വീറ്റ് വേർമൂത്, അതിനു ശേഷം ബേർബൻ വിസ്കി എന്നിവ ഒഴിച്ച് നന്നായി ഇളക്കുക. അതിനു ശേഷം വിസ്കി ഗ്ലാസിൽ ഐസ്ക്യൂബ് ഇട്ടശേഷം വേർമൂത്, ബേർബൻ വിസ്കി മിക്സ് അതിലേയ്ക്കു പകരുക. അഞ്ചുതുള്ളി ആൻഗോസ്റ്റുര ബിറ്റേഴ്സ് ഇതിലേയ്ക്കു തളിക്കുക. ഇതിനെ ചെറിയോ ഓറഞ്ചു പീലോ കൊണ്ട് അലങ്കരിക്കുക. ഫോട്ടോ എടുത്തശേഷം മെല്ലെ, ആസ്വദിച്ച് കുടിക്കുക. ഈ ദ്രാവകം മൻഹാട്ടൻ എന്നപേരിലാണ് ദേവാസുരൻമാർ നുകർന്നുകൊണ്ടിരുന്നത്. നമുക്കും ആ പേരിൽ തന്നെ കുടിക്കാം.

മുന്നറിയിപ്പ്: മദ്യം കുടിക്കാൻ പ്രേരിപ്പിക്കുന്നത് ശിക്ഷാർഹമല്ലെങ്കിലും അഭികാമ്യമല്ല. കുടിക്കുമ്പോൾ നാട്ടിലുള്ള എന്റെ കസിൻസ് ചെയ്യുന്നതുപോലെ ഒറ്റമോന്തിൽ ഒരു ഡ്രിങ്ക് തീർക്കരുത്.

മാരിനേറ്റ് ചെയ്ത കോഴി ഒരു പാത്രത്തിലിട്ട് ഒരു മൂടുപാത്രം വച്ച് പകുതി തീയിൽ ഏകദേശം മുപ്പത് മിനുട്ട് വേവിക്കുക. കോഴി വെന്തുകൊണ്ടിരിക്കുമ്പോൾ മിക്സിംഗ് ഗ്ലാസിൽ രണ്ടാമത്തെ ഡിങ്ക് ഫിക്സ് ചെയ്ത് വീണ്ടും ഫോട്ടോ എടുത്തശേഷം സാവധാനം കുടിച്ചാൽ പാത്രത്തിനടിയിൽ പിടിക്കുന്നുണ്ടോ എന്ന് പെട്ടെന്ന് മനസ്സിലാക്കാം.

രണ്ടാം ഡ്രിങ്കും കഴിയുമ്പോൾ കോഴി വെന്തുകഴിഞ്ഞെങ്കിൽ അടുപ്പിൽ നിന്നും വാങ്ങി മാറ്റി വയ്ക്കാം. ഇല്ലെങ്കിൽ അത് അവിടെയിരുന്ന് വേവട്ടെ.

ഇതേ സമയം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഉള്ളി, കറിവേപ്പില, പച്ചമുളക്, അല്പം ഉപ്പ് (എരിവ് കൂടുതൽ വേണമെന്നുള്ളവർ അല്പം കുരുമുളക് പൊടി) എന്നിവ ചേർത്ത് ഉള്ളി തവിട്ടുനിറം ആകുന്നതു വരെ ചെറിയ ചൂടിൽ വഴറ്റിയെടുക്കുക. ഈ കലാപരിപാടി ശരിക്കു ചെയ്താൽ പത്തു പന്ത്രണ്ടു മിനിട്ടെടുക്കും.

ഇതിനിടയിൽ കോഴി വെന്തുകഴിഞ്ഞെങ്കിൽ തീ അണയ്ക്കാൻ മറക്കരുത്. ഒരു ഡ്രിങ്കു കൂടി വേണോ എന്ന് ഗാഢമായി ആലോചിക്കാനും ഈ സമയം വിനിയോഗിക്കാം.

വീണ്ടും ഉള്ളിയിലേയ്ക്ക്. സ്വർണ്ണവർണ്ണത്തോടടുത്ത ഉള്ളിക്കൂട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വീണ്ടും മൂന്നു മിനുട്ട് വഴറ്റുക.

അതും കഴിഞ്ഞ് അരിഞ്ഞു വച്ച തക്കാളി ഇതിലേയ്ക്കു ചേർക്കുക. തക്കാളി അലിഞ്ഞ് വെള്ളംപോലെ ആകുന്നതുവരെ വഴറ്റൽ തുടരുക.

ഉള്ളിക്കൂട്ടും കോഴിവെന്തതും കൂടി ഒരു പാത്രത്തിലാക്കി നന്നായി കലർത്തി കുറച്ചു കറിവേപ്പില കൂടി ചേർത്ത് മൂടിവച്ച് മൂന്നു മിനിട്ടോളം കൂടി വേവിക്കുക.

അതുകഴിഞ്ഞ് തീ കുറച്ച് മൂടി മാറ്റി ഡ്രൈ ആവുന്നതുവരെ വേവിക്കണം. ഒരുവിധം തവിട്ടു നിറമായാൽ നിർത്താം.
FAQ: തവിട്ടു നിറമായില്ലെങ്കിലോ?
ഉത്തരം: ഒരല്പം എണ്ണ കൂടി ഒഴിച്ച് ഇളക്കാം.

കറിവേപ്പില ഇനിയും ബാക്കിയുണ്ടെങ്കിൽ അതും മല്ലിയിലയും കൂടിയിട്ട് ഫുഡീ ആപ്പിലൊരു പടവുമെടുത്താൽ കോറോണക്കാലത്തെ ബോറടി മാറിക്കിട്ടുകയും ചെയ്യും കഴിക്കാൻ വല്ലതും ആവുകയും ചെയ്യും.

(ഫസ്റ്റ് ഡേ ഫുൾ ശരിയായി വരണമെന്നില്ല എന്ന് ഏട്ടൻ പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.)

Labels: ,

Wednesday, March 04, 2020

ഡെമോക്രാറ്റിക് പാർട്ടിക്ക്

(നവംബറിൽ ഈ പോസ്റ്റുവായിച്ച് തെറ്റിപ്പോയി എന്നു പറയാൻ വേണ്ടി എഴുതിയിടുന്നത്.)

ഡെമോക്രാറ്റിക് പാർട്ടീ,

ഞങ്ങളുടെ വാറനെയുമപഹരിച്ചൂ, നിങ്ങൾ
ഞങ്ങളുടെ സർ‍വ്വസ്വമപഹരിച്ചൂ
ചുട്ടെരിച്ചൂ നിങ്ങൾ‍ ബേർണിയെ, നിങ്ങളുടെ
വോട്ടുബാങ്കാകെത്തകർത്തൂ!

നിങ്ങളുടെ കണ്ണിലെ കൃഷ്ണമണിയായവനെ,
നിങ്ങൾക്കൊരുണ്ണിയുമുടയോനുമായവനെ,
നിങ്ങളിലെയുണ്മയും ആരുയിരുമായവനെ,
നിങ്ങൾ, നിങ്ങളുടെ ബൈഡനെ തുണച്ചൂ... 

ഒരു ഞടുക്കത്തോടെ, നെഞ്ചുരുക്കത്തോടെ,
ഒടുവിലീ സത്യമറിയുന്നു:
ഒന്നൊന്നുമറിയാതെ പുക്കുന്ന ട്രംപിന്ന്
ഇനി നാലു വർഷവും ഭരണം!

Labels:

Saturday, December 30, 2017

2017 റിവ്യൂ

2017-ൽ രണ്ടു മലയാള സിനിമകൾ കണ്ടു. തീയേറ്ററിൽ പോയി ഒന്നും (ടേക്ക് ഓഫ്) വീട്ടിലിരുന്ന് ഒന്നും (ശവം). രണ്ടും ഭാഗ്യത്തിന് പകുതിവച്ചു നിർത്തിയില്ല. ഇതിനു പുറമേ രണ്ടോ മൂന്നോ ഇംഗ്ലീഷ് ചിത്രങ്ങൾ കുട്ടികളോടൊപ്പവും കണ്ടു. തൂവാനത്തുമ്പികൾ ഈ വർഷവും കാണാൻ പറ്റിയില്ല. സീയാറ്റിലിൽ മലയാള സിനിമ വരുന്ന തീയേറ്റർ അടച്ചുപൂട്ടുകയാണെന്നൊരു ശ്രുതിയുണ്ട്. അതിനാൽ 2018 പ്രതീക്ഷ നൽകുന്നുണ്ട്. 2018-ൽ വീട്ടിലിരുന്ന് അഞ്ചു സിനിമയെങ്കിലും കാണണം. (“കാണും!” എന്നൊരശരീരി കേൾക്കുന്നു!)

പന്ത്രണ്ട് പുസ്തകങ്ങൾ വായിക്കണമെന്നുണ്ടായിരുന്നെങ്കിലും വായന അഞ്ചോളം പുസ്തകങ്ങളിലൊതുങ്ങി. ചുവന്ന ബാഡ്ജ് സഹിതം വായിക്കാനാഗ്രഹിച്ച ചില പുസ്തകങ്ങൾ കയ്യിൽ കിട്ടിയെങ്കിലും വായന കൂടെവന്നില്ല. 2018-ൽ “പന്ത്രണ്ട് പുസ്തകങ്ങളെങ്കിലും” എന്ന് ലക്ഷ്യം പുതുക്കുന്നു. ഇടയ്ക്ക് ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാനെടുത്തത് അബദ്ധമായി; വായനയുടെ ഫ്ലോ പോയി.

ശ്ലോകരചനാ ക്ലാസു നടത്തി (ഇത് ഇനി പറയില്ല, സത്യം!). പങ്കെടുത്തവർ പല നല്ല ശ്ലോകങ്ങളുമെഴുതി. ക്ലാസിനു വേണ്ടി ഉദാഹരണങ്ങളായും തിരുത്തലുകളായും ചില ശ്ലോകങ്ങൾ രചിച്ചു.

ഈ വർഷം ഏകദേശം 6000 ഫോട്ടോകൾ എടുത്തു. ഇഷ്ടപ്പെട്ടത് എന്നു പറയാവുന്ന ഇരുപതോളം എണ്ണം. 2018-ൽ ഇഷ്ടപ്പെടുന്നവ 25 എത്തിക്കാം എന്നാണ് വിചാരം.

ക്രിക്കറ്റ് കാണലും കളിക്കലും മാറ്റമില്ലാതെ തുടർന്നു. ക്ലബ് നാലു ടീമായി വളർന്നതിൽ ചെറിയ പങ്കുവഹിച്ചു. ക്ലബ്ബിന്റെ കൂടിച്ചേരലുകളിൽ അമ്മാവൻ സിൻഡ്രോം പുറത്തുവരാതിരിക്കാൻ കഷ്ടപ്പെട്ടു.

എഴുപത്തഞ്ചോളം പാർട്ടികളിലായി മുപ്പതിലധികം തരം ലഹരിപാനീയങ്ങൾ പരീക്ഷിച്ചു. ഇഷ്ടപ്പെടാത്തവ ഒഴുക്കിക്കളയാൻ ഒരു മടിയും കാണിച്ചില്ല. 2018-ൽ ഇത് മെച്ചപ്പെടാനേ തരമുള്ളൂ. (മദ്യപ്പടങ്ങൾ മിക്കവയും ഇൻസ്റ്റഗ്രാമിലേയ്ക്കു മാറ്റി.)

എല്ലാ വർഷാവസാനവും തോന്നുന്നതു തന്നെ ഇപ്പോഴും: “ഈ വർഷം പെട്ടെന്ന് പോയതു പോലെ. എന്തരോ ആവട്ട്, പുല്ല്.”

Labels: ,

Thursday, November 12, 2009

ഡോട്ട് കോം ഡോട്ട് കോം

വളരെപ്പണ്ടു നടന്ന സംഭവമാണു്. ഒരു പക്ഷേ ഈ കഥയ്ക്കും മുമ്പു്. പണ്ടു പണ്ടൊരു ഡോട്ട് കോം കാലത്തു്.

അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ. സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു. (ഇന്നും വലിയ മാറ്റമില്ല.) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു:

“എടാ, മൈ... ഡീയർ” (തെറ്റിദ്ധരിക്കരുതു്. “എടാ എന്‍റെ പ്രിയപ്പെട്ടവനേ” എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ‘പ്രകൃതിവിരുദ്ധമായ’ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.)

“എന്തോ?” ഞാൻ വിളികേൾക്കും.

“എന്‍റെ മൂല്യം ഒരു മില്യനായെടാ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും?”

രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല. അന്നല്ല, ഇന്നുമറിയില്ല.

“നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു്? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും.” ഞാൻ ആശങ്കാകുലനായി.

ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല.

ഡോട്ട് കോമൊക്കെ പോയി, ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു. വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ.

അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത്. വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ്: http://www.wwwdotcom.com (ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം).

Labels:

Friday, April 03, 2009

ഹൈപകോണ്‍‍ഡ്രിയ

എനിക്കു് ഒരു അമ്മായിയുണ്ടു്. നല്ല തങ്കപ്പെട്ട സ്വഭാവം. സ്നേഹമയി. കുശുമ്പും കുന്നായ്മയും പരദൂഷണവുമില്ലാത്ത സാധ്വി. അതു കൊണ്ടു തന്നെ ഈ പോസ്റ്റ് അവരെങ്ങാനും വായിച്ചാല്‍ എന്‍റെ കാര്യം പോക്കാണു്.

അമ്മായിയ്ക്ക് ഒരുകാര്യത്തില്‍ നിര്‍ബന്ധമാണു്: ഭൂമികുലുക്കമാണെന്നു പറഞ്ഞാലും, പക്ഷേ ദേഹമനക്കില്ല. എനിക്കു് അറിവായ നാള്‍ മുതല്‍ അവര്‍ രാവിലെ എഴുന്നേറ്റു് ഉമ്മറത്തേയ്ക്കു നോക്കി ഒറ്റയിരുപ്പാണു്. (എനിക്കറിവായ നാളില്‍ അവര്‍ക്കു് അധികം പ്രായമായിട്ടില്ല: ഏറിയാല്‍ ഒരു ഇരുപത്തെട്ടു്-മുപ്പതു് വയസ്സു്.)

അന്നു് കൂട്ടുകുടുംബമായാണു് താമസം. അപ്പൂപ്പനൊഴികെ വീട്ടിലെ ആണുങ്ങളെല്ലാം രാവിലെ എഴുന്നേറ്റു് പണിക്കു പോവും. പകലന്തിയോളം അമ്മായി ഒരിരുപ്പു് ഇരിക്കും. അതിനിടയില്‍ നാത്തൂന്മാരും ചേട്ടത്തിമാരും മറ്റും വച്ചു കൂട്ടുന്ന ചോറും കറികളും കഴിക്കാന്‍ മാത്രം ദേഹം അനങ്ങും.

“എടിയേ നെനക്കു് എന്തിന്‍റെ കേടാ?” അമ്മൂമ്മ ചോദിക്കും.

അമ്മായി ഒന്നു ചുമയ്ക്കും. പിന്നെ ഇരുന്ന ഇരുപ്പില്‍ കുറച്ചു കഫം തുപ്പും. നാലഞ്ചു് അസുഖങ്ങളുടെ പേരു പറയും. അടുത്തിരിക്കുന്ന കഷായക്കുപ്പിയില്‍ നിന്നും കുറച്ചെടുത്തു മോന്തും.

“നെനക്കേ, ചൊമേം കൊരേം ഒന്നൂല്ല. ദേഹോനങ്ങാത്തേന്‍റ കേടാ!” അമ്മൂമ്മ വിധി പറയും.

പക്ഷേ ആരോടു പറയാന്‍?

അമ്മാവനും അമ്മായിയും സ്വന്തം വീട്ടിലേയ്ക്കു മാറി താമസം തുടങ്ങിയ കാലമായപ്പോഴേയ്ക്കും അമ്മായി രണ്ടാണ്മക്കളേയും പാചകവും, തുണിയലക്കലും മറ്റു വീട്ടു ജോലികളും പഠിപ്പിച്ചിരുന്നു. അമ്മായി പുതിയ വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരുപ്പുതുടങ്ങി.

അമ്മായി വീടുമാറിപ്പോയപ്പോള്‍ കുടുംബ വീട്ടിലെ പെണ്ണുങ്ങള്‍ കൂടുതല്‍ ഉഷാറായി അമ്മായിയെപ്പറ്റി അടക്കം പറഞ്ഞു തുടങ്ങി.

“അവള്‍ക്കു് നീരെറക്കം വച്ചു് കാണും,” “അവള്‍ട ഡാവല്ലീ ഇദൊക്കെ!” എന്നൊക്കെയുള്ള മുറുമുറുപ്പുകള്‍ അല്ലാതെ അമ്മായിയ്ക്കു് എന്താണു് അസുഖമെന്നു് എനിക്കു് മനസ്സിലായിരുന്നില്ല.

We need to talk about Kevin എന്ന ലേഖനം വായിക്കവേ, ഹൈപകോണ്‍‍ഡ്രിയ എന്നൊരു വാക്കു് ശ്രദ്ധയില്‍ പെട്ടു. അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ എനിക്കൊരു ആഹാ മൊമെന്‍റ് ഉണ്ടായതു പോലെ.
Hypochondriasis (or hypochondria, sometimes referred to as health phobia) refers to an excessive preoccupation or worry about having a serious illness.
(ഇതൊന്നും കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ തോന്നിയ കാര്യങ്ങളല്ല. സത്യമായും എനിക്കൊരമ്മായിയുണ്ടു്. എന്‍റെ പരിമിതമായ വായനയില്‍ നിന്നും അവര്‍ക്കു് ഹൈപകോണ്‍‍ഡ്രിയയാണെന്നാണു് തോന്നുന്നതു്. സത്യം.)

Labels: ,

Tuesday, July 29, 2008

അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്

നിങ്ങളുടെ ചെറുഗ്രാമത്തിലെ പഠന സംബന്ധമായ എല്ലാ റെക്കോഡുകളും തകര്‍ത്താണു് നിങ്ങളുടെ വിദ്യാഭ്യാസം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നു് ബാര്‍ബര്‍ കുട്ടപ്പേണ്ണന്‍ നിങ്ങളെ കാണുമ്പോഴൊക്കെ പറയാറുണ്ടെന്നു വിചാരിക്കുക. പത്താം തരത്തില്‍, തൊട്ടടുത്ത എതിരാളി 1960-കളില്‍ സൃഷ്ടിച്ച 357 മാര്‍ക്ക് എന്ന നിങ്ങളുടെ പഞ്ചായത്തു് റെക്കോഡ് എത്ര ആയാസ രഹിതമായാണു് നിങ്ങള്‍ തകര്‍ത്തതു് എന്നു് അഭിമാനപൂര്‍വം നിങ്ങളെ ഓര്‍മിപ്പിച്ചതു് ആ റെക്കോഡിനുടമായിരുന്ന ശ്രീമാന്‍ പീതാംബരന്‍ മാമന്‍ തന്നെയാണെനും വിചാരിക്കുക. ഇത്രയും സങ്കല്പിക്കാനായാല്‍, നിങ്ങളുടെ ട്രാക്ക് റെക്കോഡ് കണ്ടു് അന്തം‍വിട്ട ആ നാട്ടിലെ കുഞ്ഞുപൈതങ്ങളുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ക്കു കൂടി ആ പഠന രീതി സ്വായത്തമാക്കാന്‍ എത്രയെത്രെ സന്ധ്യകളില്‍ നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന കാര്യവും നിസ്സാരമായി സങ്കല്പിക്കാവുന്നതേയുള്ളൂ!

വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”

നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”

അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

Labels:

Sunday, July 27, 2008

പൊട്ടി പുറത്തു്

(സ്ഥിരം വായനക്കാര്‍ക്കു് ഒരു പക്ഷേ നിഷ്പ്രയോജനമായേക്കാവുന്ന പോസ്റ്റാണിതു്.)

ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു് അറ്റകുറ്റപ്പണികളെല്ലാം ഒറ്റപ്പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമമാണിതു്. ഇനി മുതല്‍ എല്ലാ കര്‍ക്കടക മാസവും ഇത്തരം വൃത്തിയാക്കലുകള്‍ പ്രതീക്ഷിക്കാം. ഈ സം‍രംഭത്തിന്‍റെ ആദ്യപടിയായി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളിലേയും ലിങ്കുകളാണു് ഇവിടെ പരിശോധനാവിധേയമാക്കിയതു്. പ്രശ്നമുള്ള ലിങ്കുകള്‍ മാത്രമേ താഴെപ്പറയുന്നുള്ളൂ.
  1. എനിക്കു് ഇന്നും പ്രിയപ്പെട്ട എന്‍റെ പോസ്റ്റുകളിലൊന്നു്, മഴയുടെ സൌന്ദര്യം ആണു്. മലയാളം എഴുതാന്‍ പഠിച്ച കാലത്തു് ബുദ്ധിമുട്ടി സൗന്ദര്യം എന്നെഴുതിപ്പിടിപ്പിച്ചതോര്‍മ്മയുണ്ടു്. ഇന്ദുലേഖയിലെ ആഹാ...മഴ എന്ന ലിങ്ക് ഇപ്പോഴില്ല. ഇന്ദുലേഖ സൈറ്റില്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയാനും നിവൃത്തിയില്ല, മഴരാഗം എന്ന ഈ പേയ്ജ് പ്രതീക്ഷ തരുന്നുണ്ടെങ്കിലും.

  2. അടയാളമൂര്‍ത്തി പറഞ്ഞുതന്നത് എന്ന ലേഖനം IIT-പ്പയ്യന്മാര്‍ ഉണ്ടാക്കിയ ‘പരിത്രാണ’ എന്ന പാര്‍ട്ടിയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോള്‍ ‘ലോക് പരിത്രാണ്‍’ എന്നാണു് അറിയപ്പെടുന്നതു്. പോസ്റ്റില്‍ ലിങ്കു ചെയ്തിരിക്കുന്ന ഇകണോമിക് റ്റൈംസിലെ വാര്‍ത്ത ഇപ്പോള്‍ കാണാനില്ല. റ്റൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഇവിടെ.

  3. അതിവേഗം ബഹുദൂരം എന്ന പോസ്റ്റിലെ India Rising എന്ന ലേഖനത്തിന്‍റെ പുതിയ ലിങ്ക് ഇതാണു്.

  4. ലൂസ് ചേയ്ഞ്ച് എന്ന ലേഖനത്തിലെ വിഡിയോ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതാണു് പുതിയ ലിങ്ക്.

  5. വിരാജിനൊപ്പം, തളരാതെ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്ന വിരാജിനെ ഓര്‍ക്കുന്നുവോ? ആ ലേഖനത്തിലെ ഈ ലിങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വിരാജ് എന്ന കൊച്ചുമിടുക്കന്‍ സുഖമായിരിക്കുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ടു്.

  6. മിറവേള്‍ഡ് റ്റിവി എന്ന പോസ്റ്റില്‍ വിവരിക്കുന്ന ആപ്ലികേയ്ഷന്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല. ഈ ലിങ്കു പ്രകാരം അവര്‍ ചില കോപിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു്.

  7. പഴയലിപി എന്‍റെ പുതിയ ലിപി എന്ന പ്രതിഷേധപ്പോസ്റ്റില്‍ നിന്നും ലിങ്കു ചെയ്തിരുന്ന കെ. സന്തോഷ് കുമാറിന്‍റെ വകയായി saturdaydigest.com എന്ന സൈറ്റില്‍ വന്ന ലേഖനം ഇപ്പോള്‍ കാണാനില്ല. ആ ലേഖനത്തിന്‍റെ കോപ്പി കൈപ്പള്ളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

  8. ഫൊക്കാന പിളര്‍ന്നു് ഫോമ ഉണ്ടായതോടെ ചിലരുടെ അധികാരക്കൊതി മാത്രമല്ല അവസാനിച്ചതു്; ഫൊക്കാന വീണ്ടും എന്ന ലേഖനത്തില്‍ നിന്നും ഫൊക്കാനയുടെ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ലിങ്കു നല്‍കിയിരുന്നതും പ്രവര്‍ത്തിക്കാതായി. പുതിയ ഭാരവാഹികളെക്കണ്ടു് സായൂജ്യമടയാന്‍ ഇനിമേല്‍ ഈ ലിങ്കാണു് ഉപയോഗിക്കേണ്ടതു്. ഫൊക്കാനയുടെ ഫ്ലോറിഡ കണ്‍‍വെന്‍ഷനെപ്പറ്റിയറിയാന്‍ ഇപ്പോള്‍ ചരിത്രപേയ്ജ് നിലവിലില്ല. പങ്കെടുത്ത ആരോടെങ്കിലും ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ബോണസ് ലിങ്കുകള്‍
  1. ഗൂഢവാക്കുകളായി മലയാളം വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു നാളേറെയായി. ഗൂഢവാക്കുകള്‍ക്കിടയില്‍ ഇടം (space) അനുവദനീയമാണെന്നു് എത്രപേര്‍ക്കറിയാം? അതായതു്, MS-NET 1.0 റിലീസായ 1984 മുതല്‍ ‘ഗൂഢവാചകങ്ങള്‍’ അനുവദനീയമാണു്.

  2. ആരായിത്തീരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ പേരിലൊരു പുസ്തകം പോലുമുണ്ടു്. ജീവിതം കുറേക്കൂടി അയത്നലളിതമായിരുന്നെങ്കില്‍...

Labels: ,

Tuesday, May 13, 2008

മറ്റേ അച്ഛന്‍

പ്രിയപ്പെട്ട ഡോക്റ്റര്‍,

സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു്. സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍‍ബോസ്/വേളൂര്‍ പി. കെ. രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ. ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം. പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും, പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം.

കാലം കഴിയവേ, പെണ്‍‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു. താങ്കള്‍ കൈകാര്യം ചെയ്യുന്ന ‘ഡോക്റ്ററോടു ചോദിക്കൂ’ എന്ന പംക്തി, ഭാര്യ കാണാതെയാണെങ്കിലും, ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു്. (അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍‍കൈയെടുത്തു് ഈ മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല.)

ഇനി കാര്യത്തിലേയ്ക്കു വരാം. കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് ഈ കത്തയയ്ക്കുന്നതു്. ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു്. ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു്, പ്ലീസ്. താങ്കളുടെ മാസിക വായിക്കാത്തവരായോ ഈ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല.

കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു്, “അമ്മാ, മറ്റേ അച്ഛയല്ല, ഓഫിസി പോണ അച്ഛ വന്നു!”

സത്യം പറഞ്ഞാല്‍, ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല. “ഓഫിസി പോയ അച്ഛ വന്നു” എന്നാണു് ഞാന്‍ കേട്ടതു തന്നെ. പിന്നീടുള്ള ദിവസങ്ങളിലാണു്, “ഓഫീസി പോയ അച്ഛ” എന്നല്ല മകന്‍ പറയുന്നതെന്നും “ഓഫീസി പോണ അച്ഛ” എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു്. ഈ തിരിച്ചറിവിനു ശേഷവും, ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ. എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ “മറ്റേ അച്ഛന്‍റെ” സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി.

ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു.

ഞാന്‍: “മോനേ, നിനക്കു് അമ്മയെയാണോ ഇഷ്ടം, അച്ഛനെയാണോ ഇഷ്ടം?”
മകന്‍: “അമ്മേ ആണിസ്ടം.”
ഞാന്‍: “ഓക്കേ, അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം?”
മകന്‍: “ഓക്കേ, ബൈ ബൈ!”
ഞാന്‍: “അതല്ല, മോനേ... അച്ഛനെ ഇഷ്ടമല്ലേ?”
മകന്‍: “മറ്റേ അച്ഛനെ ഇസ്ടം.”

* * *

ഞാന്‍: മോനും, അമ്മയും, അച്ഛനും കൂടി ഇന്നു് എവിടെ പോവും?
മകന്‍: മോനും, അമ്മയും, മറ്റേ അച്ഛയും ഇന്നു് കടേ പോവും. അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും.

* * *

ഞാന്‍: മോനേ, അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ. കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും.
മകന്‍: മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ?
ഞാന്‍: നിന്‍റെയൊരു മറ്റേ അച്ഛന്‍. മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും?
മകന്‍: (കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു്) മറ്റേ അച്ഛ ഇങ്ങനെയിരിക്കും.

* * *

മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍. ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ ഈ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു. ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ-മട്ടിലുള്ള മറുപടി. ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും. ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ.

ഈ കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി. ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം.

സര്‍, ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു്? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ, ഭാര്യയെ തല്ലാതെ, വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ, കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് (അല്ല, കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു്) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ, ഈ പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു.

Labels:

Wednesday, February 14, 2007

ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്

കേരളത്തില്‍ വാലന്‍റൈന്‍സ് ഡേയുടെ വാണിജ്യവല്‍ക്കരണം തുടങ്ങുന്നതിനും മുമ്പുള്ള കാലത്താണ് തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ് എന്ന നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഞാന്‍ വായിക്കുന്നത്. (നോവല്‍ ഇവിടെ വായിക്കാം. കടപ്പാട്: ഇടങ്ങള്‍.) നോവലിലെ പതിമൂന്നാമധ്യായം “Sortes Sanctorum - The Valentine” ആരംഭിക്കുന്നത് ഇങ്ങനെയാണ്:
It was Sunday afternoon in the farmhouse, on the thirteenth of February.
വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ആ നോവലില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ടോ, പഠിപ്പിച്ച അധ്യാപകന്‍ ചെറുപ്പക്കാരനായതിനാലോ, ക്ലാസില്‍ ‘ദിവ്യയാമവതാരചാരുതയാര്‍ന്ന രാഗപൂത’മാരുണ്ടായിട്ടോ വാലന്‍റൈന്‍ എന്നാല്‍ എന്താണെന്നും അതിന്‍റെ പ്രസക്തിയെന്താണെന്നും മറ്റും മറ്റും ഞങ്ങളെല്ലാവരും അറിവുനേടി. മേല്‍പ്പറഞ്ഞ വരി കാരണമാവണം, ഫെബ്രുവരി 13 ആണ് വാലന്‍റൈന്‍സ് ഡേ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാലും കാലാകാലങ്ങളില്‍ ഫെബ്രുവരി 14-ന് വാലന്‍റൈന്‍സ് ഡേയുടെ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍, ‘എന്നാലും എന്‍റെ ഹാര്‍ഡീ’ എന്ന് ഞാന്‍ ആലോചിച്ചു പോകാറുണ്ട്.

പഠിക്കാനുണ്ടായിരുന്ന പുസ്തകങ്ങളില്‍ എനിക്കിപ്പോഴും മനസ്സില്‍ തങ്ങുന്നതാണ് 1874-ല്‍ തോമസ് ഹാര്‍ഡി രചിച്ച ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്.
I've lost my love, and I care not,
I've lost my love, and I care not;
I shall soon have another
That's better than t'other;
I've lost my love, and I care not.
എന്നും
'The rose is red,
The violet blue,
Carnation's sweet,
And so are you.'
എന്നും മറ്റും മറ്റുമുള്ള വരികള്‍ പിന്നീടെത്ര തവണ ഞങ്ങളില്‍ പലര്‍ക്കും സഹായകമായില്ല!

ഇടയ്ക്കിടെ മണിമുത്തുകള്‍ പോലെ പൊഴിഞ്ഞുവീഴുന്ന ഇത്തരം ‘ആശംസാ കാര്‍ഡ്’ വചനങ്ങള്‍ മാത്രമല്ല ഈ നോവലിന്‍റെ പ്രത്യേകത. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ പോലും ജിജ്ഞാസയുണര്‍ത്തുന്നവയായിരുന്നു: Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക!

ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേല്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?

Labels: