ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, August 27, 2006

ഉച്ചാരണപ്പിടിവാശികള്‍

സൂര്യനുതാഴെയുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താനുള്ള ചുമതല ഞങ്ങള്‍ അഞ്ചാറ് അവിവാഹിതര്‍ക്കാണെന്ന് ധരിച്ചിരുന്ന നാളുകളിലൊന്നില്‍ അവിചാരിതമായാണ് ഞങ്ങള്‍, “ഈ നാട്ടില്‍, അമേരിക്കയില്‍, കടകളില്‍ പോയി നമുക്ക് കൃത്യമയി ഉച്ചാരണമോ സ്പെല്ലിംഗോ അറിയാത്ത ഒരു സാധനം വാങ്ങുന്നതിലുള്ള വിഷമം” എന്ന വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്.

ഒരു ‘ലോംഗ് വീക്കെന്‍ഡ്’ പ്രാപ്രയോടൊപ്പം ചെലവഴിക്കാന്‍ ഷികാഗോയിലെത്തിയ ഞങ്ങള്‍, ഒരു ദിവസം രാവിലെ ഉണര്‍ന്ന് കുളിജപാദികളൊക്കെ കഴിച്ച് എങ്ങോട്ടോ ഓടിച്ചു പൊയ്ക്കൊണ്ടിരിക്കേയാണ് ഒരു നിമിത്തം പോലെ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമാവാനുള്ള ഉള്‍വിളിയായത്.

അമ്മയെത്തല്ലിയാലും രണ്ടഭിപ്രായമില്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച? അതിനാല്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരും അല്ലാത്തവരുമായിത്തിരിഞ്ഞ്, അവരവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി.

ഞാന്‍: “വേര്‍ ക്യാന്‍ ഐ ഫൈന്‍ഡ് അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല (Uncooked Tortilla)?
കടയില്‍ നില്‍ക്കുന്നവന്‍: “അണ്‍കുക്ക്‍ഡ് വാറ്റ്?”
ഞാന്‍: “അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല.”
കടയില്‍ നില്‍ക്കുന്നവന്‍: “ഹും. ഐ ഡോണ്ട് നോ വാറ്റ് യ്വാര്‍ റ്റോക്കിംഗ് ബൌട്ട്... ക്യാന്‍ യു സ്പെല്‍ ദാറ്റ് ഫോര്‍ മി!”
ഞാന്‍: “റ്റി-ഓ-ആര്‍-റ്റി-ഐ-എല്‍‍എല്‍-ഏ”
കടയില്‍ നില്‍ക്കുന്നവന്‍: “ആ! അണ്‍കുക്ക്‍ഡ് റ്റോര്‍റ്റീയ! ലുക് അറ്റ് ഐല്‍ 13.”

റ്റോര്‍റ്റില്ല എന്ന് ചോദിച്ചപ്പോള്‍ റ്റോര്‍റ്റീയ എന്നാണുദ്ദേശിച്ചത് എന്നറിയാന്‍ അല്പം ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും മതി. നമ്മുടെ നാട്ടിലെ ഏതെങ്കിലും മുറുക്കാന്‍ കടയില്‍ ചെന്ന് “നാലു പളവും ഒരു ക്ലാസ് ബെല്ലവും ഒരു ജിഞ്ചി മുട്ടായി”യും ചോദിച്ചാല്‍,
മറിച്ചൊരുവാക്കുപോലും ചോദിക്കാതെ നാലു പഴവും ഒരു ക്ലാസുവെള്ളവും ഒരു ഇഞ്ചിമിഠായിയും എടുത്തു കൊടുക്കും. അതുപോലെ തന്നെ, പച്ചക്കറിക്കടയില്‍ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രിക്കയും ‘ഫാന്‍സി സ്റ്റോറില്‍’ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രികയും ‘അതെന്തോന്ന് കുന്തം’ എന്ന മറുചോദ്യമില്ലാതെ കിട്ടുമെന്ന് ഏതാണ്ടുറപ്പല്ലേ? ഇവിടെ, അമേരിക്കയില്‍, അക്കാര്യം അല്പം പ്രയാസമത്രേ. ആരോ റൂട്ട് പൌഡര്‍ (arrowroot powder) അന്വേഷിച്ചു ചെന്ന എന്നെക്കൊണ്ട് കടക്കാരന്‍ ‘ഏരോ രൂട്ട് പൌഡര്‍’ എന്നു പറയിച്ചിട്ടേ സാധനം എവിടെയാണിരിക്കുന്നതെന്ന് പറഞ്ഞു തന്നുള്ളൂ. (ഉച്ചാരണം ആരോരൂട്ട് എന്നാണെന്ന് ഇവിടം സാക്‍ഷ്യപ്പെടുത്തുന്നു.) മറ്റൊരിക്കല്‍, നാട്ടില്‍ക്കിട്ടുന്ന ലാക്ടോഖലാമിന്‍റെ ഓര്‍മയില്‍, ഖലാമിന്‍ ലോഷന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സാധനം ഇല്ലെന്ന് പറഞ്ഞ് മടക്കി വിട്ടു. പുറത്തേയ്ക്ക് പോകുന്ന വഴിയില്‍ ‘ലോഷന്‍സ്’ ഏരിയയില്‍ വെറുതേ പരതിയപ്പോള്‍ അതാ ഇരിക്കുന്നു കക്ഷി. കിട്ടിയ കുപ്പിയുമെടുത്ത് ഫാര്‍മസിസ്റ്റിന്‍റെ അടുത്തു ചെന്നു: “ഓ, യു വാന്‍റഡ് ഖാലമിന്‍ ലോഷന്‍?” എന്നായിരുന്നു ചോദ്യം. (ഇവനെ ഉച്ചരിക്കേണ്ടത് ഖാലമൈന്‍ എന്നത്രേ!)

വാദം തുടരവേ, ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി ഒരു കോഫി ഷോപ്പിന്‍റെ ‘ഡ്രൈവ് ത്രൂ’വിലെത്തി. ഓര്‍ഡര്‍ കൊടുക്കാന്‍ സമയമായപ്പോള്‍ കുര്യന്‍ പറഞ്ഞു: “ഈ വാദം നമുക്ക് ഇപ്പോള്‍ തീരുമാനമാക്കാം.”

ഡ്രൈവ് ത്രൂവില്‍ സ്ത്രീ ശബ്ദം: “ഗുഡ് മോണിംഗ്, വാറ്റ് ക്യാന്‍ ഐ ഗെറ്റ്ച്യൂ?”
കുര്യന്‍: “ഫോര്‍ കാപ്പി, ഫോര്‍ ഒറിജിനല്‍ ഗ്ലെയ്സ്ഡ് ഡോണറ്റ്സ്.”
സ്ത്രീ ശബ്ദം: “ഫോര്‍ കോഫി ആന്‍ഡ് ഫോര്‍ ഡോണറ്റ്സ്, ഈസ് ദാറ്റ് ഓള്‍?”
കുര്യന്‍: “ദു മതി.”
സ്ത്രീ ശബ്ദം: “സെവന്‍ സിക്സ്റ്റീന്‍ അറ്റ് ദ നെക്സ്റ്റ് വിന്‍ഡോ.”

ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും ഉള്ളവര്‍ ഈ നാട്ടില്‍ കുറവാണ് എന്ന് വാദിച്ചവര്‍ തല്ക്കാലം തോറ്റു. എന്നാലും തോല്‍വി എളുപ്പം സമ്മതിച്ചു കൊടുക്കാനുള്ള വിമുഖതകാരണം ഓര്‍ഡര്‍ എടുത്തവള്‍ മെക്സിക്കോക്കാരിയായതാണ് കാപ്പി എന്ന് പറഞ്ഞപ്പോള്‍ കോഫി എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയതെന്ന് ഞങ്ങള്‍ വാദിച്ചു കൊണ്ടിരുന്നു.

ഇത്രയും ഓര്‍ക്കാന്‍ കാരണം, ഈ അടുത്തിടെ മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് എന്ന വിഷയവുമായെത്തിയ ഒരു ഈ-മെയിലില്‍ കണ്ട ഓഡിയോ ലിങ്ക് ആണ്.

ഇതു കേള്‍ക്കുമ്പോള്‍, ഇത്ര പരിതാപകരമാണോ മൈക്രോസോഫ്റ്റിന്‍റെ ഗതി എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. ഒരു കണക്കിനു നോക്കിയാല്‍, ഇത്ര മാത്രമല്ല, ഇതിലും പരിതാപകരമാണ് പലപ്പോഴും. മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് (ഇന്ത്യയുള്‍പ്പടെ) വിവിധ രാജ്യങ്ങളില്‍ നിന്നാണ് നടത്തിവരുന്നത്. സഹായത്തിനു വേണ്ടി വിളിക്കുന്നവര്‍ക്ക് ഏത് രാജ്യത്തിലെ ഓഫീസില്‍ നിന്നാണ് സഹായം കിട്ടുക എന്നറിയാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ, വിളിക്കുന്നവന്‍ മറുതലയ്ക്കല്‍ നിന്നും ഇംഗ്ലീഷ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ! ചിലപ്പോള്‍ ചൈനീസ് ആക്സന്‍റിലായിരിക്കും, ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ ഏതെങ്കിലും പ്രാദേശിക ആക്സന്‍റില്‍. സീറൊ എന്നതിനു പകരം ജീറോ എന്ന് പറയുന്നവരുണ്ടാകാം. ഇവരുടെ വരികളില്‍ ചില ചെറിയ വ്യാകരണത്തെറ്റുകള്‍ കടന്നു വന്നേക്കാം. എന്നാലും ഒന്നുണ്ട്: ചോദിക്കുന്ന വിഷയത്തില്‍ ഇവര്‍ക്ക് ജ്ഞാനമുണ്ടാവും. കേള്‍ക്കുന്നയാളിന് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമേയില്ല (ചിലപ്പോള്‍ അല്പം സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടി വരുമെന്ന് മാത്രം).

അങ്ങേത്തലയ്ക്കല്‍ നിന്നും നമ്മോട് സംസാരിക്കുന്നത് ഇങ്ങനെ സാമാന്യ ബുദ്ധി പ്രയോഗിക്കാന്‍ കഴിവുള്ള ആളാണോ, അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് അവഗാഹമുള്ള ആളാണോ എന്ന് നിശ്ചയിക്കുക എളുപ്പമാണ്.

“ഹാവ് യു കോള്‍ഡ് കോപ്രോക്സിബ്ലാങ്കറ്റ് ഓണ്‍ ദ ഇന്‍റര്‍ഫേയ്സ്?”
“വാറ്റ് ബ്ലാങ്കറ്റ് നൌ?”
“സിന്‍സ് വി മേയ് ഹാഫ് റ്റു ചേയ്ഞ്ച് സം ഖോഡ്, ഐ വില്‍ ഹാഫ് റ്റു റ്റോക് റ്റു എ ഡിവലപ്പര്‍ ഓണ്‍ ദിസ്. ക്യാന്‍ വി ഗെറ്റ് സം‍വണ്‍ ഓണ്‍ ദ ലൈന്‍?”

അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് നമ്മള്‍ കോക്രിയേയ്റ്റ്‍ഇന്‍സ്റ്റന്‍സ് എന്ന് പറയുമ്പോള്‍ മറ്റവന്‍ കാക്കറമൂക്കറ എന്ന് കേള്‍ക്കുന്നത്.

ഇത്തരം സംഭാഷണങ്ങളൊക്കെ പലപ്പോഴും മൈക്രോസോഫ്റ്റും ഇതര കമ്പനികളും റെഖോഡ് ചെയ്യാറുണ്ട്. ട്രെയിനിംഗിനു വേണ്ടിയും മറ്റും. പിന്നെ ഉപയോക്താക്കളോട് മര്യാദവിട്ട് സംസാരിക്കുകയോ മറ്റോ ചെയ്താല്‍ ജീവനക്കാരനെ പുറത്താക്കി കമ്പനിയുടെ മാനം രക്ഷിക്കാനും.

Labels:

22 അഭിപ്രായങ്ങള്‍:

 1. Blogger Adithyan എഴുതിയത്:

  സന്തോഷേ, അള്‍ട്ടിമേറ്റ് ഐറ്റം :))

  ആറോയെഫെല്‍ റൈറ്റ് നൌ;))

  Sun Aug 27, 07:28:00 PM 2006  
 2. Anonymous Anonymous എഴുതിയത്:

  ഹഹഹ...ഇത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
  ഈ ലോങ്ങ് വീക്കെന്റ് യാത്രകൊള്‍ ഒക്കെ ഒരു h1-b സിന്റ്രോമില്‍ പെട്ടാതാണല്ലെ...
  ഇതുപോലെ ഇഷ്ടം മാതിരി അനുഭങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഒരെണ്ണം പറയാം.. ആദ്യത്തെ ക്രിസ്തുമസ്സിന്ന് വാള്‍മാര്‍ട്ടില്‍ ചെന്ന് ഞാന്‍ ക്രിബ് സെറ്റ് ഉണ്ടോന്ന് ചോദിച്ചു. അവരെന്നെ കുഞ്ഞുങ്ങളുടെ സെക്ഷനില്‍ കൊണ്ട് പോയി..അപ്പൊ..നോട്ട് ഫോര്‍ കിഡ്സ്..തിസ് ഇസ് ഫോര്‍ ജീസസ് മേരി..ജീസ്സ് ക്രിബ്..
  അയാള്‍ എന്നെ വല്ലാണ്ട് നോക്കി..ഞാന്‍ കുറെ എക്സ്പ്ലേന്‍ ചെയ്തു..ഞാന്‍ വര്‍ത്താനം പറയുമ്പൊ കൈ കൊണ്ട് ആക്ഷന്‍ സോങ്ങുള്ള കൂട്ടതില്‍ ആണ്.അപ്പൊ ഔസേപ്പിതാവും മാതാവും ജെറുസലേമിക്ക് പോയതും ഈശോ പുല്‍ത്തൊട്ടില്‍ ജനിച്ചതും ഒക്കെ ഞാന്‍ ഒരു ടാബ്ലോ തന്നെ അവിടെ അവതരിപ്പിച്ചു...

  എന്നിട്ടും അയാള്‍ കുന്തം വിഴുങ്ങിയ പോലെ ഇരുന്നു... പിന്നെ ക്രിസ്തുമസ്സ് ഡെക്കറേഷന്‍ ഐറ്റംസ് എന്ന് ചോദിച്ചു. അയാള്‍ എന്നെ അവിടെ കൊണ്ടോയപ്പൊ അവിടെ ഇരിക്കുണു എനിക്ക് വേണ്ട സാധനം..ദേ ഇതാണ് ഞാന്‍ പറഞ്ഞെ എന്ന് പറഞ്ഞപ്പൊ..അയാള് പറഞ്ഞു. മവളെ, ദാറ്റ് ഇസ് കോള്‍ഡ് നേറ്റിവിറ്റി സെറ്റ്...

  ഹൌ!!!! ക്രിസ്തുമസ്സ് ആയതുകൊണ്ട് ഞാന്‍ എന്റെ കണ്ട്രോള്‍ വിടാതെ മെരി ക്രിസ്തുമസ് പറഞ്ഞു..അല്ലെങ്കില്‍ ഹാപ്പി ഹാലോവീന്‍ പറഞ്ഞെനെ..

  Sun Aug 27, 07:45:00 PM 2006  
 3. Blogger prapra എഴുതിയത്:

  ആ കാലത്തെ ഓരോ ബാലചാപല്യങ്ങള്‍ :).

  Sun Aug 27, 07:47:00 PM 2006  
 4. Blogger Kuttyedathi എഴുതിയത്:

  സന്തോഷ്ജി കറക്റ്റ് കറക്റ്റ്‌. എത്രയോ വട്ടം ഞങളും ചറ്ച്ച ചെയ്തിട്ടുള്ള വിഷയമാണെന്നോ ? ലവരുച്ചരിക്കുന്ന രീതിയില്‍ നിന്നല്പമൊന്നു മാറി പോയാല്‍, അതിന്നതായിരിക്കുമെന്നൂഹിക്കാനുള്ള കഴിവു സായിപ്പിനു തീരെയില്ല. കുഞുമോളെയും കൊണ്ടാശുപത്രിയില്‍ പോയപ്പോള്‍, ‘ഐ ഹാവ് ആന്‍ അപ്പൊയിന്മെന്റ് സ്കെജ്യൂള്‍ഡ് ഫോറ് ഡോക്ടറ് ചാള്‍സ് റെയ്‌ലി‘ (Charles Reilly)എന്നു പതിനഞ്ചു പ്രാവശ്യം പറഞിട്ടും കൌണ്ടറിലിരുന്നവള്‍ക്കു മനസ്സിലായില്ല, ഏതു ഡോക്ടറെന്ന്. അവസാനം സ്പെല്ലിങ് മുഴുവനും പറഞപ്പോള്‍, യൂ മീന്‍ ചാള്‍സ് റൈലി’ എന്നു ചോദിച്ചപ്പോള്‍ സത്യമായിട്ടും എനിക്കു ചിരിയാണു വന്നത്. ആ ഹോസ്പിറ്റലില്‍ എത്ര ചാള്‍സ് ഡോക്റ്റര്‍ കാണും, അതില്‍ തന്നെ ഇ എന്‍ റ്റി മാരില്‍ ചാള്‍സ് ഒന്നല്ലെങ്കില്‍ രണ്ടോ അല്ലേ കാണൂ.. എന്നിട്ടു പോലും എന്റെ റെയ്‌ലി ലവളുടെ റൈലി ആയിരിക്കുമെന്നൂഹിക്കാന്‍ ലവള്‍ക്കു പറ്റിയില്ല.

  ഇതു പോലെ എത്രയെത്ര അനുഭവങള്‍. പ്രത്യേകിച്ചും കടയില്‍ ചെന്നൊരു സാധനം തപ്പിയെടുക്കുമ്പോള്‍. നന്നായി പറഞ്ഞിരിക്കുന്നു സന്തോഷ്. അപ്പോള്‍ അടുത്ത വീക്കെന്റില്‍ സായ്പ്പിന്റെ മുന്നില്‍ നാണം കെടാതിരിക്കാന്‍ എവിടേയ്ക്കാ യാത്ര ? :)

  Sun Aug 27, 07:57:00 PM 2006  
 5. Blogger ദിവ (diva) എഴുതിയത്:

  ഉച്ചാരണത്തിന്റെ കാര്യം പറയാന്‍ പോയാല്‍ വേറൊരു പോസ്റ്റ് തന്നെ വേണ്ടി വരും :)

  1. കസ്റ്റമര്‍ സര്‍വീസിന്റെ പൊതുസ്വഭാവം വച്ച്, AOL-ന്റെ ജോലിക്കാരന്‍ ചെയ്തത് അയാള്‍ക്ക് നല്‍കിയ ടാര്‍ഗറ്റിന് അനുസരിച്ചായിരിക്കണം എന്ന് ഊഹിക്കുന്നു.

  സംഭവം പരസ്യമായിക്കഴിഞ്ഞപ്പോള്‍, കമ്പനിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടി അയാളുടെ ജോലിയും തെറിച്ചു.

  അതികഠിനമായ പരീക്ഷണങ്ങളാണ് മിക്കവാറും കസ്റ്റമര്‍ സര്‍വീസുകാര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതെഴുതുന്ന ഞാന്‍ പോലും ഒരു തവണ ഇതേ പ്രശ്നത്തിന്റെ പേരില്‍ ഏഓഎല്‍ സ്റ്റാഫുമായി വഴക്കുണ്ടാക്കി.

  ഒരു ജോലിയില്‍ തന്നെ തുടര്‍ന്നേ മതിയാവൂ എന്ന് ഇവിടെ പൊതുവേ നിര്‍ബന്ധമില്ലാത്തത് നന്നായി.

  2. ഏ.ഓ.എല്‍.-ഉമായി ഇതിലും കൂടുതല്‍ ഇറിറ്റേറ്റാക്കുന്ന സംഭാഷണങ്ങള്‍ ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. ക്യാന്‍സല്‍ ചെയ്യാ‍ന്‍ വേണ്ടി പല തവണ വിളിക്കേണ്ടി വരുകയും ചെയ്തു.

  ഇതിലും മോശമായ ഒരു സംഭാഷണം ‘എസ്ബീസി‘യുമായി ഉണ്ടായി.

  വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ലാതിരുന്ന കാലത്ത് ഒരു ഡീ.എസ്സ്.എല്‍. മോഡം ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ അയച്ചുതരികയുണ്ടായി. ഇരുനൂറ് ഡോളറോ മറ്റോ ആണ് അതിന്റെ വില.

  ഞങ്ങള്‍ ഇത് ഓര്‍ഡര്‍ ചെയ്തില്ല, ഇവിടേ കമ്പ്യൂട്ടര്‍ പോലുമില്ല എന്ന് പറഞ്ഞ്, അത് ഒന്ന് തിരിച്ച് കൊടുക്കാന്‍ പെട്ട പാട്. ഹോ !

  Sun Aug 27, 08:05:00 PM 2006  
 6. Blogger അരവിന്ദ് :: aravind എഴുതിയത്:

  ഹഹഹ അടിപൊളി..!
  ജര്‍മന്‍സിന്റേയും ആഫ്രിക്കാന്‍സിന്റേയും ഇടയില്‍ ജോലി ചെയ്യുന്നത് കൊണ്ട് അങ്ങോട്ട് പഠിപ്പിക്കാനേ എനിക്ക് ചാന്‍സുള്ളൂ.
  :-))

  Mon Aug 28, 05:58:00 AM 2006  
 7. Blogger സന്തോഷ് എഴുതിയത്:

  ആദിത്യാ: നന്ദി.

  ഇഞ്ചി: കഥകള്‍ ഏറെയുണ്ട് പറയാന്‍. ഹോം ഡിപ്പോയുടെയും മറ്റും ഇലക്റ്റ്റിക്കല്‍ സെക്ഷനില്‍ പലേ ദിവസവും എന്‍റെ റ്റാബ്ലോ ഉണ്ടായിരിക്കും:)

  പ്രാപ്രാ: ഓര്‍മയുണ്ടോ ആ നല്ല കാലങ്ങള്‍:)

  കുട്ട്യേടത്തീ: ഏടത്തിക്ക് അതു കേള്‍ക്കുമ്പോള്‍ ചിരി വരുമെന്നോ. എനിക്ക് ദേഷ്യവും സങ്കടവുമാണ് വരിക. സായിപ്പിന്‍റെ മുന്നിലെ നാണം കെടലൊക്കെ പണ്ടല്ലേ? ഇപ്പോള്‍ ഭാര്യയുടേയോ മകന്‍റേയോ അസുഖം എന്ന കള്ളക്കാരണം എന്തിനും ഉപയോഗിക്കാമാല്ലോ.

  “ഞങ്ങള്‍ ലോകം ചുറ്റാനിരുന്നതാ, അപ്പോഴല്ലേ, മോനൊരു തുമ്മല്‍...”
  “ഓ, നോ! ഇപ്പോഴെങ്ങനെ, കുറവുണ്ടോ?”
  “മച്ച് ബെറ്റര്‍”
  “ഗ്രേയ്റ്റ്!”

  ദിവാ: കസ്റ്റമര്‍ സര്‍വീസിന്‍റെ കഥയും ഇതുപോലെ പറഞ്ഞിരിക്കാന്‍ പറ്റിയ വക തന്നെയാണ്.

  അരവിന്ദ്:നന്ദി.

  പിന്‍‍കുറിപ്പ്: ഈ പോസ്റ്റ് ഒന്നു കൂടി വെട്ടിയൊതുക്കി നന്നാക്കാണമെന്ന് അഭിപ്രായമുണ്ട്. അങ്ങനെ ചെയ്യുന്നതായിരിക്കും. അപ്പോള്‍ റ്റൈറ്റിലും ചെറുതായൊന്ന് മാറ്റിയേക്കും. എല്ലാര്‍ക്കും നന്ദി.

  Mon Aug 28, 03:01:00 PM 2006  
 8. Blogger സന്തോഷ് എഴുതിയത്:

  ചെറിയൊരഴിച്ചു പണി. മനുഷ്യപ്പറ്റുള്ള ഒരു തലക്കെട്ടും. ഇനി ഇതില്‍ ഒരു എഡിറ്റു കൂടിയുണ്ട്: ബ്രായ്കറ്റിലുള്ള യ്വര്‍ ഖോള്‍ എന്നത് രണ്ടു ദിവസത്തിനുള്ളില്‍ എടുത്തു മാറ്റും.

  Mon Aug 28, 06:57:00 PM 2006  
 9. Blogger bodhappayi എഴുതിയത്:

  അമേരിക്കന്‍ കോള്‍ സേന്ററില്‍ വിളിക്കുമ്പോള്‍ ആല്‍ഫബെറ്റുകള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പണ്ടു നഴ്‌സറിയില്‍ പഠിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കണം. എനിക്കൊരു രസകരമായ അനുഭവം ഉണ്ടായിട്ടുണ്ട്‌. ഉച്ച സമയത്താണു ഞാന്‍ വിളിച്ചത്‌, ഒരു പുള്ളിക്കാരന്‍ ഉറക്കം തൂങ്ങിയെടുത്തു: എന്റെ പേരിന്റെ സ്പെല്ലിങ്ങും യൂസര്‍ ഐടിയും ഒരു വിധം പറഞ്ഞു തീര്‍ത്തു. ഇനി പുള്ളിയുടെ ചാന്‍സ്‌. പുള്ളി പുതിയ ഐടി പറയാന്‍ തുടങ്ങി: p for pocket. b for ---. പുള്ളികാരന്‍ 1968 അമേരിക്കയില്‍ ചില ഫെമിനിസ്റ്റുകള്‍ കത്തിച്ചുവെന്നു പറയുന്ന സാധനം അവലോകനം ചെയ്യുവായിരുന്നിരിക്കണം. വേഗം തന്നെ മാറ്റി ബിസ്കറ്റ്‌ എന്നു പറഞ്ഞു... :)

  Mon Aug 28, 11:50:00 PM 2006  
 10. Blogger അരവിന്ദ് :: aravind എഴുതിയത്:

  വളരെ രസകരമായിരിക്കുന്നു.

  ഏതായാലും പോക്കറ്റിന് പോക്കീറ്റ് എന്നു പറയുന്ന ആഫ്രിക്കന്റേയും, ചാറ്റിന് ഷാറ്റ് എന്നു പറയുന്ന ജര്‍മ്മന്റേയും കൂടെയായതിനാല്‍ എന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് ഇവിടെ സിം‌ബ്ലി ബെട്ടര്‍! :-)

  Mon Aug 28, 11:59:00 PM 2006  
 11. Blogger യാത്രാമൊഴി എഴുതിയത്:

  അതു കലക്കി.
  അപ്പോ ഈ വരുന്ന ലോങ്ങ് വിക്കെന്‍ഡില്‍ എങ്ങോട്ടാ യാത്ര?

  Tue Aug 29, 07:03:00 PM 2006  
 12. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  ഇതടിപൊളി സന്തോഷേ. ആദ്യം തന്നെ വായിച്ചിരുന്നു എങ്കിലും ഒരു ലിങ്കിടാന്‍ താമസിച്ചത് കാരണം കമന്റിയില്ല.

  ഉച്ചാരണപ്പിടിവാശിയുടെ ഇര പല തവണ ആയിട്ടുണ്ട് ഞാന്‍. പണ്ടേ ദുര്‍ബ്ബലന്‍, പിന്നേം ദുര്‍ബ്ബലന്‍ എന്ന് പറഞ്ഞപോലെ ഒന്നാമത് എന്റെ ഉച്ചാരണം ശരിയല്ല (കോ‍‌ഓഫി എന്നും ഇന്‍ഡ്ഡിപ്പെന്‍ഡ്ഡന്‍സ് എന്നുമൊക്കെ സാധാരണം). അതിനും പുറമെ സായിപ്പണ്ണന്മാര്‍ പറയുന്നത് ഒന്നും മനസ്സിലാവുകയുമില്ല. ശരിക്കും കോം‌പ്ലക്‍സ് കയറിയിരുന്നു. എന്നാല്‍ ചില സായിപ്പണ്ണന്മാര്‍ക്ക് നമ്മള്‍ പറയുന്നത് നല്ലപോലെ തിരിയുകയും ചിലരൊക്കെ പറയുന്നത് അതിലും നല്ലതുപോലെ മനസ്സിലാവുകയും ചെയ്യുകയും ചെയ്യും. എന്തായാലും നിര്‍ത്തി നിര്‍ത്തി പറയൂ കുട്ടീ എന്നാലല്ലേ വല്ലതും മനസ്സിലാവൂ എന്ന് നെടുമുടി സായിപ്പ് ശരിക്കും പറഞ്ഞത് എന്നോട് തന്നെ. നിര്‍ത്തി നിര്‍ത്തി നിര്‍ത്തി തന്നെ പറയാന്‍ ശ്രമിക്കുന്നു. സായിപ്പിന്റെ ആക്സന്റ് വേണ്ട, പക്ഷേ ഉച്ചാരണമെങ്കിലും ഒന്ന് ശരിയാക്കിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെങ്കിലും...

  ഇവിടെയുള്ള ഏക സമാധാനം ആംഗലേയ ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഒരു പിടിവാശിയും വേണ്ട എന്നുള്ളതാണ്. എങ്കിലും ഇവര്‍ക്ക് പഥ്യം സായിപ്പിന്റെ ആംഗലേയം തന്നെ. ദേശീയ ആംഗലേയം കേട്ടാല്‍ അവര്‍ക്ക് അപ്പത്തന്നെ ടെക്‍നിക് പിടികിട്ടും.

  സന്തോഷ് കാണിച്ച ലിങ്കിലുള്ള അണ്ണന്റെ കാര്യം മഹാ കഷ്ടം. അതിന്റെ വിപരീതം ഈ ലിങ്കിലുണ്ട്. അവസാനം ഇതെല്ലാം കേട്ട് കൈയ്യടിക്കുന്നവരെ ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്റെ ഇംഗ്ലീഷില്‍ നാല് പറയാമായിരുന്നു. ഇവിടെയും അവന്മാരുടെ പണി പോയി എന്നാണ് തോന്നുന്നത്. എങ്കിലും അവരുടെ തനിനിറം ഇങ്ങിനെ പബ്ലിക്കായി അവര്‍ കാണിക്കും ഇടയ്ക്കിടയ്ക്ക്.

  Thu Aug 31, 06:24:00 AM 2006  
 13. Anonymous Anonymous എഴുതിയത്:

  വക്കാരി ജി!!!!!!!

  ആ ലിങ്ക് കേട്ട് എന്റെ സകല കണ്ട്രോളും പോയി...!!!!!!!! എനിക്ക് സഹിക്കണില്ല്യ...അതു കേട്ടിട്ട് എനിക്ക്
  സഹിക്കണില്ല്യ!!!! ഏത് സ്റ്റേഷന്‍ ആണ്.. ആരാണെന്ന് ഒന്ന് പറയോ....!!!! എനിക്ക് സഹിക്കണില്ല്യ!!!!! തെറി പറയാന്‍ പഠിക്കായിരുന്നു എന്ന് എനിക്ക് തോന്നണു.
  അങ്ങിനെയെങ്കിലും ഒരു മന:സമാധാനം എനിക്ക് കിട്ടിയെനെ...എനിക്ക് സങ്കടം വരുന്നു..!!!!!!

  Thu Aug 31, 06:35:00 AM 2006  
 14. Blogger ഉമേഷ്::Umesh എഴുതിയത്:

  സന്തോഷിന്റെ ബ്ലോഗില്‍ ചെന്നു് ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യചിഹ്നങ്ങളിടാതെ ഇഞ്ചീ. ഫുള്‍ ടൈം ഡെസ്കില്‍ കയറി നില്‍ക്കുന്നതാണോ ഇഷ്ടം? :)

  സന്തോഷേ, പോസ്റ്റ് കലക്കി. ചെറുതാക്കിയതിനു ശേഷം പ്രത്യേകിച്ചും.

  Thu Aug 31, 06:42:00 AM 2006  
 15. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  ഇത് ഒന്നര കൊല്ലം മുന്‍പ് നടന്ന സംഗതിയാണ് ഇഞ്ചീ. അവരെ ആ സ്റ്റേഷനില്‍ നിന്നും പറഞ്ഞ് വിട്ടു എന്ന് തോന്നുന്നു. പക്ഷേ സ്റ്റേഷന്‍ മാസ്റ്റര്‍ പരസ്യമായി ഖേദപ്രകടനങ്ങളൊന്നും നടത്തിയില്ല എന്നാണ് തോന്നുന്നത്. ഇതേ അവതാരകര്‍ ആണോ എന്നറിയില്ല, ഇതിനു മുന്‍പും ജെന്നിഫര്‍ ലോപസിനെയോ മറ്റോ ഇതുപോലെ അധിക്ഷേപിച്ചു എന്നൊരാരോപണം ഉണ്ടായിരുന്നു (അത് ഇവര്‍ തന്നെയാണോ എന്ന് ഉറപ്പില്ല).

  അവരുടെ ഇന്ത്യാ തോന്ന്യവാസത്തിന്റെ വാര്‍ത്തയുടെ ലിങ്ക് ഇവിടെയും പിന്നെ ഗൂഗിളന്വേഷണ ലിങ്കുകള്‍ ഇവിടെയും ഉണ്ട്.

  Thu Aug 31, 06:51:00 AM 2006  
 16. Blogger അരവിന്ദ് :: aravind എഴുതിയത്:

  കാള്‍ സെന്ററുകളില്‍ ഇതൊക്കെ സാധാരണയാണ് എങ്കിലും ഒരു റേഡിയോ സ്റ്റേഷന്‍ അത് സം‌പ്രേക്ഷണം ചെയ്യുകാന്നൊക്കെ വച്ചാല്‍..
  അല്ല സ്ഥലം അമേരിക്കയല്ലേ? ആര്‍ക്കും റേഡിയോ സ്റ്റേഷന്‍ നടത്താമല്ലോ? അത്രവലിയ ലിസണര്‍ ബേസ് ഉള്ള സ്റ്റെഷനൊന്നുമാകാന്‍ വഴിയില്ല..(അമേരിക്കന്‍സ്, കറക്ഷന്‍സ് പ്ലീസ്?) .ആകാശവാണിയോടും എ.ബി,സിയോടുമൊന്നും കം‌പയര്‍ ചെയ്ത് ഈ തെറ്റിന്റെ വ്യാപ്തി അളക്കുന്നതില്‍ കാര്യമില്ല. ആളെക്കൂട്ടാന്‍ കാട്ടിക്കൂട്ടുന്ന വിദ്യകളായിരിക്കണം.
  ഇന്ത്യയിലെ കാള്‍സെന്ററുകളില്‍ റേഷ്യല്‍ അബ്യൂസിനെതിരെ എങ്ങെനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കുന്നുണ്ട്. എ.ഒ.എല്‍ പോലെയുള്ളവ. അതൊക്കെ എല്ലായിടത്തുമുണ്ട്. അമേരികയിലാണെങ്കിലും, ഇന്ത്യയിലാണെങ്കിലും. ഇന്ത്യക്കാര്‍ തന്നെ കാള്‍‌സെന്ററുകളില്‍ വിളിച്ച് സ്ത്രീകളോട് അസഭ്യം പറയാറില്ലേ? എത്രയോ ഓഡിയോ ക്ലീപ്പുകള്‍ ഉണ്ട്!
  ശ്രദ്ധയില്‍ തങ്ങിയത്, പാക്കിസ്ഥാനിലെ മോബിലിങ്ക് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് ഒരിന്ത്യന്‍ ഇതുപോലെ ചീത്തവിളിക്കുന്നതിന്റെ റിക്കോര്‍ഡാണ്. ഇന്ത്യക്കാരനായിട്ട് പോലും എനിക്കത് സുഖിച്ചില്ല.

  പറഞ്ഞ് വന്നത്, ആരും മാലാഖമാര്‍ അല്ല.
  ഓള്‍ ഇന്‍ ദി ഗേയിം.

  Thu Aug 31, 07:17:00 AM 2006  
 17. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  അരവിന്ദന്‍ പറഞ്ഞത് “ഹേയ് നമ്മളാ ടൈപ്പല്ല” എന്നൊക്കെ പറയാന്‍ ആദ്യം തോന്നുമെങ്കിലും സംഗതി വാസ്തവം. നമ്മളും മോശമല്ല.

  Thu Aug 31, 07:25:00 AM 2006  
 18. Anonymous Anonymous എഴുതിയത്:

  അവരെ ഒരു ദിവസത്തിന് സസ്പെണ്ട് ചെയ്തെയുള്ളൂ.
  ഇവിടെ അവര്‍ക്കുറിച്ചുണ്ട്. പിന്നെ വേറെ കാര്യത്തിന് അവരെ പറഞ്ഞുവിട്ടു. ഞാനീ പ്രശ്നത്തെക്കുറിച്ചെപ്പോഴൊ കേട്ടിട്ടുണ്ടെന്നെനിക്ക് ഇപ്പൊ തോന്നുന്നു. പക്ഷെ ഞാന്‍ ഡീറ്റയിത്സ് അന്ന് വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലാന്ന് തോന്നുന്നു. അപമര്യാദ്യായി പെരുമാറി എന്നു മാത്രം കേട്ടുള്ളൂന്നു തോന്നണു..

  സന്തോഷേട്ടാ,സോറി ഫോര്‍ ദ എക്സ്ക്ലമേഷന്‍ മാര്‍ക്ക്...

  അരവിന്ദേട്ടാ, ഒരു കറമ്പന്‍ കറമ്പനെ ‘നി...ര്‍’
  എന്ന് വിളിക്കുന്നതിലും കൂടുതല്‍ അവര്‍ക്ക് ഫീല്‍ ചെയ്യാ ഒരു സായിപ്പതു വിളിക്കുമ്പോഴല്ലെ?

  ബട്ട് യെസ്..യൂ ആര്‍ രൈറ്റ്..ഓള്‍ ഇന്‍ ദ ഗേം!

  Thu Aug 31, 07:28:00 AM 2006  
 19. Anonymous Anonymous എഴുതിയത്:

  നമ്മള്‍ ഒട്ടും മോശമല്ല.കൂടുതലാ‍ണ് താനും! നമ്മള്‍ കറമ്പന്‍മാരെ ട്രീറ്റ് ചെയ്യുന്ന വിധവും ബംഗ്ലാദേശികളെ നോക്കി ചിരിക്കുന്നതും ഒക്കെ ഇതിന്റെ പങ്ക് തന്നെ. യാതൊരു സംശയവുമില്ല. അത് വേറെ ഒരു വിധത്തില്‍ തിരിച്ചു കിട്ടുന്നു. :(

  Thu Aug 31, 07:30:00 AM 2006  
 20. Blogger ബിന്ദു എഴുതിയത്:

  കാപ്പി എന്ന് കേട്ട് കോഫി എന്നു മനസ്സിലാക്കിയെങ്കില്‍ കൌണ്ടറില്‍ ഇരുന്നത് മലയാളി തന്നെ ആവും എന്നു തോന്നുന്നു. :)ഉച്ചാരണം ഒരു വല്യ പ്രശ്നം തന്നെയാണ്. വക്കാരി തന്ന ഓഡിയോ കേട്ടു. :(

  Thu Aug 31, 08:44:00 AM 2006  
 21. Blogger സ്നേഹിതന്‍ എഴുതിയത്:

  പല രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരായതുകൊണ്ട് ഇവിടെയുള്ളവരോട് സംസാരിയ്ക്കുമ്പോള്‍ ആവര്‍ത്തിയ്ക്കേണ്ടി വരുന്നതും അക്ഷരങ്ങള്‍ ഓരോന്നായി എടുത്തു പറയേണ്ടി വരുന്നതും സ്വാഭാവികം.

  വളരെ നന്നായിരിയ്ക്കുന്നു സന്തോഷ്.

  Thu Aug 31, 10:50:00 AM 2006  
 22. Blogger അപ്പൊള്‍ ദമനകന്‍ ... എഴുതിയത്:

  one night @ the call center എന്ന ബുക്കില്‍ ഈ വക സംഭവങ്ങള്‍ ഉണ്ട്. ബുക്ക് വലിയ ഗുണമുള്ളതല്ല എന്നും പറയട്ടെ.

  Thu Aug 31, 11:15:00 AM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home