ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, July 19, 2006

എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.

Labels:

13 Comments:

  1. Blogger കണ്ണൂസ്‌ Wrote:

    കൃഷ്ണഗാഥ എഴുതിയ ആളാണെങ്കിലും പൂന്താനത്തിന്‌ കണ്ണനെ ഭക്തിയല്ല, സ്നേഹമാണുണ്ടായിരുന്നതത്രേ. പൂന്താനത്തിന്‌ ഗുരുവായൂരപ്പന്‍ എന്നും ഉണ്ണികൃഷ്ണന്‍ മാത്രം ആയിരുന്നു പോലും.

    ആ ലൈന്‍ ആണോ സന്തോഷേ?

    ഒരു ഓ. ടോ: ഗുരുവായൂരില്‍ രാവിലെ മുതല്‍ വൈകീട്ടു വരെയുള്ള പൂജകളില്‍ കൃഷ്ണ സങ്കല്‍പ്പം ആലില കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍, കല്ല്യാണ കൃഷ്ണന്‍, പാര്‍ത്ഥ സാരഥി എന്നിങ്ങനെ മാറുമെന്നു കേട്ടിട്ടുണ്ട്‌. ആര്‍ക്കെങ്കിലും ഇതിന്റെ പുറകിലുള്ള ഐതിഹ്യം അറിയാമോ?

    July 20, 2006 12:48 AM  
  2. Blogger അരവിന്ദ് :: aravind Wrote:

    അപ്പോ വില്വമംഗലമോ?
    ശ്രീകോവിലില്‍ പൂജചെയ്യാന്‍ എല്ലാം തയ്യാറാക്കുമ്പോള്‍ എല്ലാം തട്ടിമറിച്ച് കുസൃതി കാട്ടി നടന്ന ഉണ്ണികൃഷ്ണനെ രണ്ട് പൂശിയില്ലേ വില്വമംഗലം?

    July 20, 2006 3:02 AM  
  3. Blogger രാജ് Wrote:

    സന്തോഷെ ‘ഒരു നുണക്കഥ’ പറഞ്ഞപോലെയായില്ലേ കാര്യങ്ങള്‍. എന്തെങ്കിലും ഒരു ‘ന്യായം’ കവിതാന്ത്യത്തിലെങ്കിലും കാണുമെന്നു ഞാന്‍ ആശിച്ചിരുന്നു.

    July 20, 2006 4:12 AM  
  4. Blogger Santhosh Wrote:

    അപൂര്‍ണമായ ആശയമായിരുന്നു. ജീവിതമധ്യത്തിലെ സ്വയം വിലയിരുത്തലെന്നേ ഉദ്ദേശിച്ചുള്ളൂ. പിന്നെ ഞാന്‍ ചിലതൊക്കെ വരികള്‍ക്കിടയിലും (സ്വയം) വായിച്ചിരുന്നു. പരാജയപ്പെട്ട ഉദ്യമങ്ങള്‍:)

    July 20, 2006 8:42 AM  
  5. Blogger Santhosh Wrote:

    ഒന്നുകൂടി: കാമുകന്മാരെക്കാരണം ബ്ലോഗില്‍ നടക്കാനിടമില്ലെന്ന് ഇന്നലെ പ്രാപ്ര പറഞ്ഞിരുന്നു. ഒരു പക്ഷേ അതു കൂടി ചേര്‍ത്ത് വായിക്കുന്നത് നല്ലതായിരിക്കും.

    കണ്ണൂസ്, അരവിന്ദ്, പെരിങ്ങോടന്‍: വായിച്ചതിന് നന്ദി.

    July 20, 2006 9:20 AM  
  6. Blogger സു | Su Wrote:

    കവിത നന്നായി. കണ്ണന്‍ ഒരു കള്ളക്കാമുകന്‍ അല്ലേ ;)

    July 20, 2006 9:43 AM  
  7. Blogger ബിന്ദു Wrote:

    കണ്ണനെ മാത്രം എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടം പോലെ കൊണ്ടു നടക്കാം അല്ലേ? കള്ളക്കാമുകനായി, ആപല്‍ബാന്ധവനായി, സുഹൃത്തായി... അങ്ങനെ..
    ഗുരുവായൂരില്‍ പല സമയത്തും പല വേഷങ്ങളില്‍ ആണെന്നു കേട്ടിട്ടുമുണ്ട്‌, കണ്ടിട്ടുമുണ്ട്‌. പക്ഷെ ഐതിഹ്യം അറിയില്ല :(

    July 20, 2006 9:53 AM  
  8. Blogger Adithyan Wrote:

    (ഞാന്‍ മറ്റെ ലോ ലിങ്കു വഴി വന്നതാ...

    പോസ്റ്റു മാറിപ്പോയെന്നു തോന്നുന്നു. അഡ്രസ്സ് ഒന്നൂടെ നോക്കീട്ട് വേറെ ഏതേലും പോസ്റ്റില്‍ പോയി ഒന്നു മുട്ടിവിളിച്ചു നോക്കാം... :)
    )

    ഒരുപാട് കവികളുടെ കാമുകസങ്കല്‍പ്പങ്ങള്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട് നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞതാണ് ഇന്നത്തെ കൃഷ്ണസങ്കല്‍പ്പം എന്നു കേട്ടിട്ടുണ്ട്. ചക്രം ആയുധമാക്കാന്‍ വശമുള്ള, നയതന്ത്രവിദഗ്ദനായ, സരസനായ ഒരു കൊച്ചു രാജ്യത്തിന്റെ രാജാവായി കൃഷ്ണനെ എംടി അവതരിപ്പിച്ചിട്ടുമുണ്ട്. ഇതു അതിനടുത്തെങ്ങാനും വരുമോ?

    ഇല്ലല്ലെ?

    July 20, 2006 3:27 PM  
  9. Blogger Unknown Wrote:

    അതെ എല്ലാം വെറും കഥകളാണ്!

    ഓ.വി വിജയന്റെ “ഭഗവത്സന്നിധിയില്‍” എന്ന കഥയില്‍ നിന്നും ചില സീനുകള്‍.

    മലയാളിയായ ഭക്തന്‍ ക്രിസ്ത്യാനിയായ ഭാര്യയയോടൊപ്പം ഡെല്‍ഹിയില്‍ നിന്നും ഗുരുവായൂരപ്പനെ കാണാന്‍ ചെല്ലുന്നതാണു സംഭവം.

    ഭക്തന്റെ കൈയ്യില്‍ ഹിന്ദി മാസിക കണ്ട്
    ഭഗവാന്‍: ഏ സ്സാലെ, വോ ക്യാ ഹൈ?
    ഭക്തന്‍: ഒരു ഹിന്ദി സിനിമാ മാസികയാണേ
    ഭഗവാന്‍: ഇങ്ങു താ, (ഭഗവാന്‍ ആര്‍ത്തിയോടെ വായിച്ചു)ഇനിയുമുണ്ടോ?
    ഭക്തന്‍: അങ്ങേക്ക് ഹിന്ദി അറിയാമെന്ന കാര്യം ഓര്‍ത്തില്ല, അങ്ങ് മലയാളിയാണെന്നല്ലേ ധരിച്ചത്
    ഭഗവാന്‍:മലയാളികള്‍ക്ക് പ്രാന്താ, ബില്‍ക്കുല്‍ പാ‍ഗല്‍‌ലോഗ് ഹൈ!

    ഭക്തന്‍: അപ്പോള്‍ പട്ടേരിയുടെ വിഭക്തിയെക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് പത്ഥ്യമെന്ന് പറഞ്ഞാത്, അനന്തന്‍‌കാട്ടില്‍ വീണ്ടും കണ്ടുകൊള്ളാമെന്ന് വില്വാദിമംഗലത്തോടു പറഞ്ഞത്, ഇതെല്ലാം മലയാളത്തില്‍ എങ്ങനെ ഒപ്പിച്ചു?

    ഭഗവാന്‍: ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, സ്സാലെ. ലോഗ് ഝൂട്ട് ബോല്‍ത്താ ഹൈ!

    ഭക്തന്റെ ഭാര്യ ഭഗവാനോട്: ഫാമിലിയൊക്കെ ഇവിടെയുണ്ടോ?

    ഭഗവാന്‍: രാധയോ, ഇല്ല നാട്ടില്‍ത്തന്നെയാ, ഇവിടെ താമസിച്ചാല്‍ പറ്റില്ല. കുട്ടികളുടെ ഏഡ്യൂക്കേഷന്‍ നാശമാവും.

    ഭക്തന്റെ ഭാര്യ : എത്ര പിള്ളാരുണ്ട്?
    ഭഗവാന്‍: പത്ത് ലക്ഷം പെണ്ണ്. ഏഴരലക്ഷം ആണ്. മതി.

    ഭക്തന്റെ ഭാര്യ : നേരാ, ഇവിടെ കൊണ്ടുവന്നാല്‍ ഭക്ഷണക്ഷാമമാവും, കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തില്‍ വരും!

    ഓഫ് ടോപിക്കായോ സന്തോഷേ? എന്നാല്‍ ക്ഷമി!

    July 20, 2006 9:01 PM  
  10. Blogger K.V Manikantan Wrote:

    പിള്ളേ,

    പദ്യം നന്നായി.

    July 20, 2006 10:16 PM  
  11. Blogger Santhosh Wrote:

    സു: നന്ദി
    ബിന്ദു: ഐതിഹ്യം എനിക്കുമറിയില്ല. കൃഷ്ണനെ വഴിവക്കിലെ ചെണ്ടയാക്കിയെന്നാണോ ആരോപണം? :)
    ആദിത്യാ: പോസ്റ്റു മാറി... ഒന്നുകൂടി ആഞ്ഞ് തപ്പൂ. ഏയ്, താങ്കള്‍ പറയുന്നതിന്‍റെ അടുത്തു വരില്ലെന്നറിയാന്‍ അധികം ആലോചിച്ച് വിഷമിക്കുകയേ വേണ്ട.
    യാത്രാമൊഴി: ഭഗവത്സന്നിധിയില്‍ കഥയുടെ രത്നച്ചുരുക്കം വായിച്ചു. നന്ദി. ഓഫ് ആയിരുന്നില്ലല്ലോ...
    സങ്കുചിതാ: നന്ദി. ഈ പിള്ള പിള്ള വിളി വന്നപ്പോള്‍ ഒരു സന്ദേഹം. ബിക്കുട്ടിയുടെ ഹരിപ്പിള്ളയാണോന്ന്.

    സസ്നേഹം,
    സന്തോഷ്

    July 22, 2006 7:48 AM  
  12. Blogger sami Wrote:

    ഇങ്ങനെയൊക്കെ ആണ് കവിത എഴുതേണ്ടതെങ്കില്‍ ഞാനിന്നത്തോടെ കവിതയെഴുത്ത് നിരുത്തി....

    ഇതൊക്കെ വെറും കഥകളോ?.....

    സെമി

    July 22, 2006 11:46 AM  
  13. Blogger sami Wrote:

    ‘നിറുത്തി‘ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ....ഉപേക്ഷിക്കരുത്

    July 22, 2006 11:52 AM  

Post a Comment

<< Home