അച്ഛന്റെ കത്തുകള്‍
പ്രീ-ഡിഗ്രി മുതല്‍ പോസ്റ്റ്-ഗ്രാജ്വേഷന്‍ വരെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു എന്‍റെ പഠനം. ഈ കാലത്ത് വര്‍ഷത്തില്‍ അഞ്ഞൂറിലധികം കത്തുകള്‍ ഞാന്‍ എഴുതുമായിരുന്നു. ഏകദേശം ഇത്രത്തോളം കത്തുകള്‍ എനിക്ക് ലഭിക്കാറുമുണ്ടായിരുന്നു. അതിമനോഹരമായി കത്തുകള്‍ എഴുതിയിരുന്ന അനവധി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഇപ്പോഴും അവരില്‍ പലരും സുഹൃത്തുക്കളായി തുടരുന്നുണ്ടെങ്കിലും, എന്നെപ്പോലെ അവരും കത്തെഴുത്ത് പൂര്‍ണമായിത്തന്നെ ഉപേക്ഷിച്ചിരിക്കുന്നു.
ഒരു സ്നേഹോപദേശം പോലെ, മുടങ്ങാതെ എത്തുമായിരുന്ന അച്ഛന്‍റെ കത്തുകള്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അപ്രിയങ്ങളെന്ന് എനിക്ക് തോന്നിയേക്കാവുന്ന കാര്യങ്ങള്‍ അച്ഛന്‍ എഴുതാറില്ലായിരുന്നു. ചില ചെറുകഥകളിലൂടെയോ മറ്റോ ആശയം സംവേദനം ചെയ്യുകയായിരുന്നു പതിവ്. അതുപോലെ, അച്ഛനോ അമ്മയ്ക്കോ അനിയന്മാര്‍ക്കോ സുഖമാണെന്നോ അല്ലെന്നോ ഉള്ള വാചകവും കത്തുകളില്‍ കാണില്ല. എന്നാല്‍ വരികള്‍ക്കിടയില്‍ നിന്നും അതു മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമുണ്ടാവാറില്ല.
സുഹൃത്തുക്കള്‍ക്കു പലര്‍ക്കും സമയമെടുത്ത് ഓരോ വരിയും ശ്രദ്ധിച്ച് കത്തെഴുതുമായിരുന്ന ഞാന്‍, പക്ഷേ, അച്ഛന് കാര്യമാത്രപ്രസക്തങ്ങളായ കത്തുകള്‍ മാത്രമാണ് അയച്ചിരുന്നത്. ഞാന്‍ കുത്തിക്കുറിക്കുമായിരുന്ന വരികളിലൊന്നുപോലും അച്ഛന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. (അതിനൊരപവാദം, മാര്‍ ഈവാനിയോസ് കോളജ് മാഗസിനില്‍, മനസ്സില്ലാമനസ്സോടെ എഴുതിക്കൂട്ടിയ ‘അത്യന്താധുനികത മലയാള കവിതയില്‍’ എന്ന ലേഖനമായിരിക്കണം. നന്നായില്ല എന്നതിനു പകരം, ‘ധൃതിയിലെഴുതിയതാണല്ലേ’ എന്നു മാത്രം ചോദിച്ചൂ, അച്ഛന്‍.)
1987 നവമ്പര്‍ 6-ന് എഴുതി, നവമ്പര്‍ 9-ന് എന്‍റെ കയ്യില്‍ കിട്ടിയതാണ് അച്ഛന്‍ എനിക്കയച്ച ആദ്യത്തെ കത്ത്. അദ്ദേഹത്തിന്‍റെ മൌനാനുവാദത്തോടുകൂടി അത് ഞാനിവിടെ പകര്‍ത്തുന്നു.
1. വീട്ടുകാരും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം എന്നെ ‘വീട്ടില്‍ വിളിക്കുന്ന പേര്’ ആയിരുന്നു വിളിച്ചിരുന്നതെങ്കിലും അച്ഛന്‍ കത്തുകളില്‍ എപ്പോഴും സന്തോഷ് എന്നോ മോനേ എന്നോ മാത്രം സംബോധന ചെയ്തിരുന്നു.
2. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടു.
3. പത്താം ക്ലാസ് പരീക്ഷയാണ് ‘തെറ്റ്’. തെറ്റു മനസ്സിലാക്കി തിരുത്തുകയാണ് ഏക പോംവഴി എന്ന് ധ്വനി.
ഒരു സ്നേഹോപദേശം പോലെ, മുടങ്ങാതെ എത്തുമായിരുന്ന അച്ഛന്‍റെ കത്തുകള്‍ ഞാന്‍ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അപ്രിയങ്ങളെന്ന് എനിക്ക് തോന്നിയേക്കാവുന്ന കാര്യങ്ങള്‍ അച്ഛന്‍ എഴുതാറില്ലായിരുന്നു. ചില ചെറുകഥകളിലൂടെയോ മറ്റോ ആശയം സംവേദനം ചെയ്യുകയായിരുന്നു പതിവ്. അതുപോലെ, അച്ഛനോ അമ്മയ്ക്കോ അനിയന്മാര്‍ക്കോ സുഖമാണെന്നോ അല്ലെന്നോ ഉള്ള വാചകവും കത്തുകളില്‍ കാണില്ല. എന്നാല്‍ വരികള്‍ക്കിടയില്‍ നിന്നും അതു മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമുണ്ടാവാറില്ല.
സുഹൃത്തുക്കള്‍ക്കു പലര്‍ക്കും സമയമെടുത്ത് ഓരോ വരിയും ശ്രദ്ധിച്ച് കത്തെഴുതുമായിരുന്ന ഞാന്‍, പക്ഷേ, അച്ഛന് കാര്യമാത്രപ്രസക്തങ്ങളായ കത്തുകള്‍ മാത്രമാണ് അയച്ചിരുന്നത്. ഞാന്‍ കുത്തിക്കുറിക്കുമായിരുന്ന വരികളിലൊന്നുപോലും അച്ഛന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. (അതിനൊരപവാദം, മാര്‍ ഈവാനിയോസ് കോളജ് മാഗസിനില്‍, മനസ്സില്ലാമനസ്സോടെ എഴുതിക്കൂട്ടിയ ‘അത്യന്താധുനികത മലയാള കവിതയില്‍’ എന്ന ലേഖനമായിരിക്കണം. നന്നായില്ല എന്നതിനു പകരം, ‘ധൃതിയിലെഴുതിയതാണല്ലേ’ എന്നു മാത്രം ചോദിച്ചൂ, അച്ഛന്‍.)
1987 നവമ്പര്‍ 6-ന് എഴുതി, നവമ്പര്‍ 9-ന് എന്‍റെ കയ്യില്‍ കിട്ടിയതാണ് അച്ഛന്‍ എനിക്കയച്ച ആദ്യത്തെ കത്ത്. അദ്ദേഹത്തിന്‍റെ മൌനാനുവാദത്തോടുകൂടി അത് ഞാനിവിടെ പകര്‍ത്തുന്നു.
6/11/87
സന്തോഷിന്1,
ഞാന്‍ ഇന്നലെ വന്നപ്പോള്‍ പലതും ചോദിക്കാന്‍ വിട്ടുപോയി.
നല്ലവണ്ണം പഠിക്കണം. ആ വിവരം എപ്പോഴും നല്ല ഓര്‍മ്മയില്‍ വേണം. ഞാന്‍ പലപ്പോഴും പറയാറുള്ള ആ വാചകം നീ ഓര്‍ക്കുന്നുണ്ടാവും. ബസ് പോയിട്ട് കൈ കാണിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇന്ത്യ ജയിക്കുമെന്നായിരുന്നല്ലോ നാം കരുതിയിരുന്നത്2.
പ്രയത്നിക്കുക. ഫലം ദൈവം തരും. അലസതയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ശ്രമിച്ചാല്‍ കഴിയാത്തതായി ഒന്നും ഇല്ലെന്നാണ് മഹാന്മാരുടെ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഒന്നും നിസ്സാരമായി തള്ളിക്കളയരുത്. അഹങ്കാരവും വിദ്വേഷവും അകറ്റാന്‍ ശ്രമിക്കണം. മനുഷ്യന്‍റെ ഏറ്റവും വലിയ വിജയം അവന്‍റെ വിനയമാണ്.
മഹാകവി ഭാരവി അച്ഛനെ കൊല്ലാന്‍ തീരുമാനിച്ച കഥ അറിയാമല്ലോ. തെറ്റുമനസ്സിലാക്കിയ ഭാരവി ശിക്ഷയ്ക്കുവേണ്ടി അച്ഛനെ സമീപിച്ചു. അദ്ദേഹം ഉപദേശിച്ചു: വിവരമുള്ളവന്‍ ചെയ്ത തെറ്റിനു പശ്ചാത്തപിക്കുക. വിവരമില്ലാത്തവന്‍ ഭാര്യവീട്ടില്‍ പോയി ആറു മാസം താമസിക്കുക3.
ദൈവം അനുഗ്രഹിക്കട്ടെ!
എന്ന്,
പിതാവ്.
1. വീട്ടുകാരും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം എന്നെ ‘വീട്ടില്‍ വിളിക്കുന്ന പേര്’ ആയിരുന്നു വിളിച്ചിരുന്നതെങ്കിലും അച്ഛന്‍ കത്തുകളില്‍ എപ്പോഴും സന്തോഷ് എന്നോ മോനേ എന്നോ മാത്രം സംബോധന ചെയ്തിരുന്നു.
2. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടു.
3. പത്താം ക്ലാസ് പരീക്ഷയാണ് ‘തെറ്റ്’. തെറ്റു മനസ്സിലാക്കി തിരുത്തുകയാണ് ഏക പോംവഴി എന്ന് ധ്വനി.
Labels: വൈയക്തികം
27 Comments:
അച്ഛന്റെ കത്തു വായിച്ചു. കരുത്തുറ്റ ഭാഷ. ഇന്നും എല്ലാ കത്തുകളും സൂക്ഷിച്ചു വച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ അതിരറ്റ ആഹ്ലാദം.
പറ്റുന്ന കത്തുകള്‍ ഇനിയും പോസ്റ്റ് ചെയ്യൂ.
വായിക്കാനായ് ഞങ്ങള്‍ മക്കള്‍ ഇനിയും പലരുമുണ്ട്.
ഒര്‍മ്മയില്‍ പോലും അച്ഛന്‍ ഇല്ലാതിരുന്നിട്ടും ഒരിക്കലും അതോര്‍ത്ത് വിഷമം തോന്നിയിരുന്നില്ല. ഇതു വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു, ഞാനറിയുന്നു ഒരച്ഛന്റെ സ്നേഹത്തിനെ ആഴം.
ഇനിയും എഴുതുമല്ലോ...
ഒരച്ഛന്‍ മകനയച്ച കത്തുകള്‍ ആണോ? കത്തല്ല, ശരിക്കും, സ്നേഹവും, വാത്സല്യവും, കരുതലും ഒക്കെ അല്ലേ?
കത്തുകള്‍ നമുക്ക് നഷ്ടമായ ശീലങ്ങളാണ്. എന്റെ ഉപ്പ, കത്തുകളെന്ന പേരില്‍ കഥകള്‍ അയക്കുമായിരുന്നു. റിട്ടയര്‍ ചെയ്ത്, കുടുംബമൊന്നിച്ച് ജീവിക്കുന്നതിന്റെ കഥകള്‍, സമൂഹത്തിന്റെ മാറ്റങ്ങളെ കുറിച്ചുള്ള കഥകള്‍ അങ്ങിനെ എനിക്ക് വേണ്ടി അവരെ പറ്റി പറയാതെ പോകുന്ന കഥകള്‍. കത്ത് കിട്ടിയില്ലേ എന്നിത് പോലെ ഒരു കഥയയച്ച് ചോദിച്ചപ്പോള്‍, ബുക്കുകളാണവയെന്നും ഒഴിവ് കിട്ടുമ്പോള്‍ വായിക്കാമെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. അതില്‍ പിന്നെയൊരുനാള്‍ കത്തെഴുതാന്‍ ആരുമില്ലെന്ന രീതിയില്‍ ഒരു സുഹൃത്ത് പരിഭവിച്ചപ്പോഴാണ്, എനിക്കയച്ചിരുന്ന കത്തുകളുടെ വില ഞാന്‍ അറിഞ്ഞത്.
കത്തുകള്‍ പരിഭവങ്ങളാണ് സംവദിക്കുന്നതെങ്കില്‍ പോലും സ്നേഹത്തില്‍ മുക്കിയാണതിന്‍ അക്ഷരം കുറിക്കുന്നതെന്നാണ് വാസ്തവം. ഞാന്‍ അതിനെയാണല്ലോ നിരുത്സാഹപ്പെടുത്തിയതെന്ന കുറ്റബോധം ഇരട്ടിപ്പിക്കുകയാണ് ഈ അച്ഛന്റെ പഴയകത്തുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഒരു ധീരമായ നീക്കമാണ് പ്രിയപ്പെട്ട സന്തോഷ് നിങ്ങളീ നടത്തിയിരിക്കുന്നത്. അച്ഛന്‍ മകന്‍ക്കയച്ച കത്തുകളായല്ല, മക്കള്‍ക്കയച്ചതായി തീര്‍ന്നിരിക്കുന്നു ഈ പരസ്യപ്പെടുത്തലുകളിലൂടെ..
സസ്നേഹം
ഇബ്രു
അധികം ഒന്നും എഴുതാതെ എന്നാല്‍ എല്ലാം എല്ലാം മന്‍സ്സിലാക്കിക്കാന്‍ അച്ഛന്റെ കത്തുകള്‍ക്കു കഴിഞ്ഞിരുന്നു.
ജീവിതത്തില്‍ ആദ്യമായും (അവസാനമായും) ഒരു പേപ്പര്‍ ബാക് വന്നപ്പൊള്‍, അച്ഛന്‍ എഴുതിയ ലെറ്റര്‍ പാടില്‍ (അതു ഞാന്‍ എന്നൊ വീട്ടില്‍ കൊണ്ടു വെച്ചിരുന്നത്) ഒരു പെങ്കുട്ടി രണ്ടു കയ്യിലും പൂക്കൂടയും ആയി പോകുന്നതായിരുന്നു...
പടതിനു താഴെ ഒരു കുറിപ്പും..
"ടൊണ്ട് ബീ ഓവര്‍ലോടെട്"
സന്തോഷ്,
അവിടേയും സുഖം ഇവിടേയും സുഖം കത്തുകള്‍ക്കപ്പുറം ഏതോ ലോകത്തെക്ക് പോണ കത്ത്.ലോകത്തിന്‍റെ ഏത് മൂലയിലും മോന്‍ ഒറ്റക്കാവില്യാ, ഇങ്ങനത്റ്റെ ക്കത്തുകളീടയ്ക്ക് വരുമ്പോ.കത്തെഴുത്ത് തന്നെ മറന്ന് പോയിരിക്കണ ഈ കാലത്ത് ഇതു കാണുമ്പോ ഒരു സുഖം.
ഈബ്ബ്രുട്ടന്‍ പറഞ്ഞത് ശര്യാ. വിലയറിയാണ്ടെ അവഗണിച്ച,അല്ല്ലെങ്കി എങ്ങന്യോ നഷ്ടപ്പെട്ട് പോയ എന്തൊക്ക്യ്യൊ തിരിച്ചു കൊണ്ടരണത് പോലെ.
സ്നേഹം
ഇപപ്പോഴല്ലെ പിടിക്കിട്ടിയേ,സന്തോഷേട്ടന്‍ എങ്ങിനെയാ ബില്‍ ചേട്ടന്റെ കമ്പനിയില്‍ കേറികൂടിയെ എന്നു....ഇങ്ങിനത്തെ കത്തൊക്കെ എനിക്കു കിട്ടിയെങ്കില്‍ ഞാന്‍ എപ്പൊ ബില്‍ ഗേറ്റ്സ് ആയി എന്നു ചോദിച്ചാല്‍ മതി..........
എനിക്കുമുണ്ടായിരുന്നു നീണ്ട കത്തുകളെഴുതുന്ന സുഹൃത്തുക്കള്‍. ഞാനും ഒരുപാടു് കത്തുകളെഴുതിയിരുന്നു. ഫുള്‍സ്കാപ്പ് പേജില്‍ 30 പേജു വരെയുള്ള കത്തുകള്‍ എഴുതിയിട്ടുണ്ടു്.
ഇപ്പോള്‍, ടൈപ്പിംഗു മാത്രം. പണ്ടു മലയാളമെങ്കിലും എഴുതുമായിരുന്നു. ഇപ്പോള്‍ അതുമില്ല. “ധിക് സിബു, ധിക് കെവിന്‍, ധിക് സണ്ണി, ധിക് പെരിങ്ങോടന്‍...” എന്നൊരു സംസ്കൃതകവിയെപ്പോലെ പറയാന്‍ തോന്നുന്നു.
നല്ല കത്തു്. നല്ലപോസ്റ്റ്. നന്ദി, സന്തോഷ്.
ശരിയാണ്, കത്തയയ്ക്കല്‍ മടിയായി തുടങ്ങി, എന്നാലും വീട്ടിലേക്കു മാത്രം ഇടയ്ക്കെഴുതും. അച്ഛന്റെ മറുപടിയില്‍ ഇമ്പോസിഷന്‍ എഴുതേണ്ട വാക്കുകളുടെ ലിസ്റ്റും കാണും ;) സ്കൂള്‍ മാഷ് ആയിരുന്നേ... എന്നാലും അച്ഛന്‍ എഴുത്തയച്ചിട്ടുണ്ടെന്നു കേട്ടാല്‍ ഞാന്‍ നോക്കിയിരിക്കും. നന്ദി സന്തോഷ്, അച്ഛന്റെ സ്നേഹം പങ്കു വച്ചതിന്. :)
അച്ഛന് മലയാളം എഴുതാന്‍ അറിയില്ല, വായിക്കന്‍ അറിയാം. ബാംഗ്ലൂരാണ് പുള്ളി ജനിച്ചതും പഠിച്ചതും മറ്റും. മധുരനൊംബരക്കാറ്റില്‍ നായകനും മകളും ഇരുന്നു കത്തെഴുതുന്ന കണ്ടപ്പോല്‍ ഞാന്‍ ഓര്‍ത്തതു അനിയത്തിയേം അമ്മേം പിന്നെ എന്നേം ആണ്.
ആധുനിക സംവിധാനങ്ങള്‍, പ്രത്യേകിച്ച് ഫോണ്‍, തട്ടിപ്പറിച്ചെടുത്ത ഒരു നന്മയാണ് കത്തുകള്‍ എന്നു തോന്നുന്നു.
ഒരു കത്ത് കൈ കൊണ്ടെഴുതിയിട്ട് എത്രയോ കാലങ്ങളായി :(
നന്ദി സന്തോഷ്. വളരെ നന്ദി.
കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞപോലെ, കുറെ ഓര്‍മകളെ ഈ പോസ്റ്റ് കുത്തിയിളക്കി..എഴുതിയതും കിട്ടിയതുമായ കത്തുകള്‍ക്ക് കൈയും കണക്കുമില്ല.. ഇപ്പം ഒരു കത്തെഴുതിയിട്ട് ഏകദേശം 5 കൊല്ലമായിക്കാണും!
സന്തോഷ്, വളരെ നല്ല പോസ്റ്റ്..
ഇനിയും പോന്നോട്ടെ..കാത്തിരിക്കുന്നു..
വ്യത്യസ്തതയുള്ള ഒരു പോസ്റ്റ്...
നന്നായിരിക്കുന്നു സന്തോഷ്...
പറയുന്നതിനേക്കാള്‍ കൂടുതല്‍ പറയാതിരിക്കുന്ന അച്ചന്‍റെ കത്ത്...
ബാക്കിയുള്ള കത്തുകളും പോസ്റ്റ് ചെയ്യുമല്ലോ....അച്ചന്‍റെ സ്നേഹം കിട്ടാതെ പോയ മക്കള്‍ക്ക് അതൊരു നിധിയായിരിക്കും......
സസ്നേഹം
സെമി
വളരെ നല്ലത്. ആ അച്ഛനെയും അച്ഛനും മകനും തമ്മിലുള്ള ബന്ധവും ഒന്ന് സങ്കല്പിക്കാന്‍ ശ്രമിക്കുന്നു.
ഡിഗ്രി തീരുന്നതു വരേയും കത്തുകള്‍ എഴുതിയിരുന്നു. പിന്നെ കുറേനാള്‍ കാര്‍ഡുകള്‍ മാത്രമായി. ഈമെയിലും ഓണ്‍-ലൈന്‍ ഗ്രീറ്റിംഗ് കാര്‍ഡുകളുമൊക്കെ വന്നതില്‍പിന്നെ കത്തെന്നല്ല, എഴുത്തെന്ന പരിപാടിയേ തീര്‍ന്നു. ഇപ്പോള്‍ പേനാ കൈകൊണ്ട് തൊടുന്നത് വല്ലപ്പോഴും സ്പീഡ് പോസ്റ്റ് അയക്കാന്‍ നേരം അഡ്രസ്സ് എഴുതുമ്പോഴും, അതിനകത്ത് വല്ല കുറിപ്പും വെയ്ക്കുമ്പോഴും പിന്നെ അതിലും വല്ലപ്പോഴും വിമാനത്താവളത്തിലെ ആ ഫോം പൂരിപ്പിക്കുമ്പോഴും മാത്രം.
വളരെ നന്ന് സന്തോഷ്... കത്തും പോസ്റ്റും.
വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി ഒരു തിരക്കഥ പോലെ അച്ഛന്‍ ഞങ്ങള്‍ക്ക് കത്തെഴുതുമായിരുന്നു, ഞങ്ങള്‍ ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍.
ഒന്നില്‍ തൊട്ട് മറ്റൊന്നായി ഒരു ചങ്ങല പോലെ പോകുന്ന ഇടത്തേയ്ക്ക് ചരിഞ്ഞ വരികള്‍.
ഇന്നിപ്പോള്‍ അഛനില്ല. അഛന്‍ കത്തെഴുതാനാവാത്ത ലോകത്തേക്ക് പോയി.
കത്തുകള്‍ ഫോണുകള്‍ക്കും മെയിലുകള്‍ക്കും ചാറ്റുകള്‍ക്കും വഴിമാറിക്കൊടുക്കുകയും ചെയ്തു.
നീലനിറത്തിലെ ഇന്‍ലന്റ് കണ്ടിട്ട് ഒത്തിരി നാളായി.
പണ്ട് ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ഒരുപാട് കത്തിടപാടുകള്‍ നടത്തുമായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ കാണുന്നവരാണെങ്കിലും കത്തെഴുത്ത് ഒരു സുഖമുള്ള പരിപാടിയായിരുന്നു. ഇളം നീല നിറത്തിലെ ആ പ്രതിഭാസത്തിനു മനസു തുറപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു.
എനിക്കൊരു കത്തെഴുതണം. എന്റെ മോള്‍ക്കെങ്കിലും.
ഓര്‍മ്മിപ്പിച്ചതിനു നന്ദി, സന്തോഷ്.
ഒരു വര്‍ഷത്തിലഞ്ഞൂറിലധികം കത്തെന്നു പറയുമ്പോള്‍, മുന്നൂറ്റി അറുപത്തഞ്ചു ദിവസമുള്ള വര്‍ഷത്തില്‍, ഒരു ദിവസം ഒന്നില്‍ കൂടുതല്‍ കത്ത്! യെന്റമ്മച്ചിയോ... അതെല്ലാം സൂക്ഷിച്ചു വച്ചിട്ടുമുണ്ടല്ലേ ?
പ്രീഡിഗ്രി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ ഞനൌം ഹോസ്റ്റലില്‍ തന്നെ. പക്ഷേ വീട്ടിലേക്കൊരിക്കലുമൊരു കത്തെഴുതിയിട്ടില്ല. ഫോണ്‍ വിളികള്‍ മാത്രം. കൂട്ടുകാര്‍ക്കൊക്കെ അയച്ചിട്ടുണ്ട്. (ഇന്നിപ്പോള്‍ ഒരു കത്തയച്ചിട്ടു വര്‍ഷങ്ങള്‍ എത്ര ആയിട്ടുണ്ടാവും ? അഞ്ചോ..അതിലധികമോ ? കത്തു പോകട്ടെ, പേന എടുത്തൊരു വരി മലയാളത്തില്‍ എഴുതിയിട്ടെത്ര വര്‍ഷം ? ബിന്ദു ഇപ്പോഴും നാട്ടിലേക്കു കത്തയക്കും എന്നു വായിച്ചപ്പോള്‍ അല്‍ഭുതം. )
എന്നാലും ഇത്രയും മനോഹരമായ ഒരു കത്തൊരിക്കലും വായിക്കാന്‍ കിട്ടിയിട്ടില്ല. ഇതു വായിച്ചപ്പോള്‍, എനിക്കും നഷ്ടബോധം. വല്ലപ്പോഴും കത്തയക്കേണ്ടതാരുന്നു, ഇങ്ങിനെ ഒന്നു മറുപടി ആയി ചിലപ്പോ എന്റെ അപ്പനും അയക്കുമാരുന്നെങ്കിലോ ?
സന്തോഷ് ജീവിതത്തിലിത്രയും ഉയരങ്ങളിലെത്തിയതെങ്ങനെ എന്നുള്ളതില്‍ ഇനി എനിക്കൊരതിശയവുമില്ല. ഇങ്ങനെ സ്നേഹവും കരുതലും വാരിക്കോരി തന്ന, എന്തു ചെയ്യണം, എന്തു ചെയ്യരുതെന്നു ജീവിതത്തിന്റെ ഓരോ തിരിവിലും, കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം തരുന്ന ഒരച്ഛനുള്ളപ്പോള്‍.. ആ അച്ഛനു നമോവാകം.
മനോഹരമായിരിക്കുന്നു, സന്തോഷ്. അച്ഛന്‍ മകനയച്ച, മനോഹരങ്ങളായ മറ്റു കത്തുകളും ഇവിടെ ഇടൂ. വായിക്കാന്‍ ഒരുപാടു മക്കള്‍ കാത്തിരിക്കുന്നു. നമ്മുടെ മക്കള്‍ക്കും എന്തു പറഞ്ഞു കൊടുക്കണം എങ്ങനെ പറഞ്ഞു കൊടുക്കണമെന്നൊക്കെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവുമാകുമല്ലോ അത്.
(ithinnale type cheythu vachathu. idaan blogger sammathichchilla. :(
പുത് എന്ന നരകത്തില്‍ നിന്നും പിതാവിനെ ത്രാടനം ചെയ്യിക്കുന്നവത്രേ, പുത്രന്‍. പിതാവില്‍ നിന്ന് സമയാസമയം ലഭിക്കുന്ന ഉപദേശങ്ങളും, വാത്സല്യങ്ങളും അവനെ അതിന് പ്രാപ്തനാക്കുന്നു. നല്ല ഒരു പോസ്റ്റ്. നന്ദി.
കുറുമാന്‍: നന്ദി. അച്ഛന്‍റെ കത്തു മാത്രമല്ല, എനിക്കു കിട്ടിയ എല്ലാ കത്തുകളും കൈവശമുണ്ട്.
തുളസി: അച്ഛന്‍റെ ചില കത്തുകള്‍ ഇപ്പോള്‍ എന്‍റെയും കണ്ണു നിറയ്ക്കാറുണ്ട്.
സു: ശരിയാണ്.
ഇബ്രു: വായിച്ചതിലും സ്വാനുഭവം പങ്കുവച്ചതിലും സന്തോഷം.
മുല്ലപ്പൂ: അച്ഛന്‍റെ ഉപദേശം അനുസരിക്കാറുണ്ടെന്നു കരുതട്ടെ.
അചിന്ത്യ: നന്ദി. അക്ഷരം കൂട്ടിയെഴുതാറായ നാളുമുതല്‍ അമ്മ അച്ഛനെഴുതിയിരുന്ന കത്തിന്‍റെ ഒരു ഓരം മക്കള്‍ക്കു തരുമായിരുന്നു; വിശേഷങ്ങള്‍ സ്വന്തമായി അച്ഛനെ കേള്‍പ്പിക്കാന്‍. തുടക്കവും ഒടുക്കവുമില്ലാതെ അപ്പോള്‍ തോന്നുന്നവ എഴുതാന്‍. “അച്ഛാ, ഇപ്പോള്‍ ഇവിടെ ഒരു എറുമ്പിന്‍ കൂടുണ്ട്...”
LG: കറക്ട്! ബില്‍ ചേട്ടന്‍റെ ഭാഗ്യമോ, എന്‍റെയും LG-യുടെയും നിര്‍ഭാഗ്യമോ!
ഉമേഷ്: 30 പേജോ! എട്ടു പേജാണ് എന്‍റെ റെക്കോഡ്.
ബിന്ദൂ: ഇപ്പോഴും എഴുതാറുണ്ടെന്നതില്‍ സന്തോഷം. നിറുത്തരുത്.
കുട്ടപ്പായി: അച്ഛന്‍ ഇംഗ്ലീഷിലാണോ കത്തെഴുതിയിരുന്നത്? അതോ, എഴുതാറുണ്ടായിരുന്നില്ലേ?
അനില്‍: എത്ര ശരി. ഇനിയുള്ള തലമുറയ്ക്ക് കത്തെഴുത്ത് അന്യമായിരിക്കും.
സതീഷ്: അഞ്ചു കൊല്ലമോ. ഉടന്‍ എഴുതൂ ഒരു കത്ത്.
ആദിത്യന്‍: നന്ദി.
സെമി: തീര്‍ച്ചയായും ശ്രമിക്കാം. ച്ഛ എഴുതാന്‍ chchha എന്നെഴുതിയാല്‍ മതി.
വക്കാരി: മിക്ക ആള്‍ക്കാരുടെയും ഗതി ഇതു തന്നെ. ഇപ്പോള്‍ വിദേശത്തുള്ള എത്ര പേരുടെ കയ്യില്‍ മഷിപ്പേനയുണ്ട്? (എന്‍റെ കയ്യിലുണ്ട്!, മഷിയുമുണ്ട്:))
കുമാര്‍: ഇതു വായിച്ചപ്പോള്‍ ആ അച്ഛന്‍റെ മുഖം മനസ്സില്‍ തെളിഞ്ഞു. ഫോട്ടോ ഒരിക്കലോ മറ്റോ കണ്ടിട്ടുള്ളൂ, എന്നാലും മറക്കാനാവാത്ത മുഖം.
കുട്ട്യേടത്തി: അതെ, ഒട്ടനവധി കത്തുകള്‍! വീട്ടിലേയ്ക്കൊരു കത്തയയ്ക്കൂ. മന്‍ജിത്തിനും അയച്ചിട്ടില്ലേ കത്ത്? അയ്യോ, എന്നാലത് കഷ്ടമെന്നേ പറയേണ്ടൂ:) അയയ്ക്കൂ!!
വഴിപോക്കന്‍: ഞാന്‍ മധുസൂദനന്‍ നായരുടെ "അമ്മയുടെ എഴുത്തുകള്‍" വായിച്ചിട്ടില്ല. വായിക്കാന്‍ ആഗ്രഹമുണ്ട്.
പഴങ്കലം (എന്നു തന്നെയാണോ?): നന്ദി!
സസ്നേഹം,
സന്തോഷ്
ഞാന്‍ സ്കൂള്‍ കുട്ടിയായിരിക്കുമ്പോഴേ നഷ്ടമായ എന്റെയച്ഛനെനിക്ക് ഒരു കത്തു മാത്രമേ അയച്ചിട്ടുള്ളു. മൂന്നു ദശാബ്ദ്ദം മുന്നേ എനിക്കയച്ച ആ കത്തിലെ ഓരോ വരിയും ഓര്‍മ്മയുണ്ട് ഇപ്പോഴും.
സന്തോഷിന്റെ അച്ഛന്റെ കത്തുവായിച്ചു. ഭയങ്കരമായി സന്തോഷിച്ചു.
ഭാഗ്യമുള്ള അച്ഛന്റെ ഭാഗ്യമുള്ള മകന്‍. ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ.
കത്തുകള്‍ അനവധിയെഴുതി ശീലമുള്ള മറ്റൊരാളാണ് ഞാന്‍. പണ്ട്, പോലീസ് ട്രയിനിങ്ങ് ക്യാമ്പിലുള്ള എന്റെ സുഹൃത്തിനെഴുതിയ കത്തുകള്‍ അവനും അവന്റെ കൂട്ടുകാരും വായിക്കാറുണ്ടെന്നും, “ലവന്റെ കത്ത് വന്നാല്‍ തരണേ” എന്ന് അവനോടവര്‍ പറഞ്ഞെന്ന് കേട്ടതില്‍ നിന്നുമുണ്ടായ ആവേശമാണ് എന്നെക്കൊണ്ട് ‘പുരാണം’ എഴുതിച്ചത്.
എനിവേ, ഇപ്പോള്‍ ആര്‍ക്കും കത്തെഴുതാറില്ല!
എല്ലാരേയും പോലെ ഞാനും...
അച്ഛനും അമ്മയും അധികം കത്തുകള്‍ എഴുതിയിട്ടില്ല. മിക്കവാറും ഞങ്ങള്‍ ഒപ്പമായിരുന്നു. പിന്നീട് നാടു വിട്ടപ്പോഴേക്കും ഫോണും എത്തിപ്പോയി.
ചെറുപ്പത്തില്‍ കത്തിടപാടുകള്‍ മുഴുവന്‍ കസിന്‍സുമായിട്ടായിരുന്നു. പിന്നീട് രണ്ട് മൂന്ന് പെന്‍ ഫ്രണ്ട്‌സിനെ കിട്ടി. ഒരു സുഹൃത്തുമായുള്ള എഴുത്തുകുത്തുകള്‍ 6 വര്‍ഷത്തോളം ഉണ്ടായിരുന്നു.
ഇപ്പോള്‍ പെന്‍ പിടിക്കുന്നത് സൈന്‍ ചെയ്യാന്‍ മാത്രമായി.
ദേവന്‍: വീട്ടില്‍ ഫോണ്‍ കിട്ടുന്നതിനു മുമ്പ്, ദൂരെ ദിക്കില്‍ പഠനത്തിനോ ജോലിക്കോ പോയാല്‍ മാത്രമേ സാധാരണ രീതിയില്‍ വീട്ടിലേയ്ക്കോ വീട്ടില്‍ നിന്നോ കത്തയയ്ക്കേണ്ടുന്ന ആവശ്യം വരുകയുള്ളൂ. അതുകൊണ്ടാണ് എനിക്ക് അച്ഛന്‍റെ കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നത്. ഫോണ്‍ കിട്ടിയശേഷവും അത് (വല്ലപ്പോഴുമാണെങ്കിലും) തുടര്‍ന്നെന്നു മാത്രം.
വിശാലാ: നന്ദി. ‘പുരാണക്കാരന്‍ എനിക്കയച്ച കത്തുകള്‍’ എന്ന പേരില്‍ സുഹൃത്ത് പബ്ലിഷ് ചെയ്യുമോ? :)
കണ്ണൂസ്: അതെ, ഇനി സൈന്‍ ചെയ്യുന്നതും വേണ്ടാതാവുന്ന ഒരു കാലം വരും. ഇപ്പോള്‍ പലതിനും ‘ഇലക്ട്രോണിക് സൈനിംഗ്’ മതിയല്ലോ.
കത്തുകളെക്കുറിച്ച് പറയുമ്പോള്‍...
ഏതാണ്ട് ഒന്നര വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു കത്തെഴുതുന്നത് സന്തോഷിനായിരുന്നു എന്നത് ഒരു പക്ഷെ യാദൃശ്ചികം മാത്രം!
നന്ദി.. ഓര്‍മ്മകളെ ഉണര്‍ത്തിയ മറ്റൊരു പോസ്റ്റിനു..
വളരെ നല്ല പോസ്റ്റ്, സന്തോഷ് ജി.
കത്തയക്കുന്നതിലും കത്ത് കിട്ടുന്നതിലും പിന്നിലായിരുന്നു, എന്നും ഞാന്‍. :-(
സന്തോഷേ. തന്റെ അഛന്റെ കത്ത് വളരെ നന്നായിട്ടുണ്ട്. അഛന്റെ സ്നേഹവും അദ്ധ്യാപകന്റെ സൂക്ഷ്മതയും കവിയുടെ മിതത്വവുമുള്ള കത്ത്. സ്വകാര്യത നഷ്ടപ്പെടില്ലെങ്കില്‍ ഇനിയും വെളിച്ചം കാണിക്കൂ.
അരവിന്ദിനും കൂമനും നന്ദി!
Post a Comment
<< Home