ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, June 21, 2006

സമയമായില്ലാ പോലും!

രംഗം ഒന്ന്

[ഒരു ഓഫീസ് മുറി. വൃത്തിയുള്ള മേശപ്പുറം. മേശപ്പുറത്ത് മൂന്നോ നാലോ മോണിറ്ററുകളും ഒരു ചെറിയ റ്റി. വി. യും മറ്റും നിരത്തി വച്ചിരിക്കുന്നു. വീഡിയോ കേബിളുകള്‍, ഗ്രാഫിക്സ് കാര്‍ഡുകള്‍, റ്റി. വി. റ്റ്യൂണര്‍ കാര്‍ഡുകള്‍ എന്നിവ ഒരു മൂലയില്‍ കാണാം. ഇത്രയും മാത്രം ഉയര്‍ത്തിക്കാട്ടുന്ന ലൈറ്റിംഗ് ആണ് ഉചിതം. കര്‍ട്ടന്‍ ഉയരുമ്പോള്‍ നായകന്‍ കമ്പ്യൂട്ടറില്‍ എന്തോ വായിച്ചിരിക്കുകയാണ്. രംഗപടത്തില്‍, ഒരു ജനാലയ്ക്കപ്പുറത്ത് തെരുവിലൂടെ വാഹനങ്ങളും കാല്‍ നടക്കാരും പോകുന്നുണ്ട്. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും അലാം ക്ലോക്കിന്‍റെ രൂപം ധരിച്ച ഒരാള്‍ രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം (ദൃഢ സ്വരത്തില്‍): ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം സ്റ്റേജിന്‍റെ ഇടതുവശത്തേയ്ക്കു തന്നെ നടന്നു മറയുന്നു. അല്പ സമയത്തിനു ശേഷം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരു സായിപ്പ് സ്റ്റേജിന്‍റെ വലതു വശത്തു കൂടി രംഗത്തേയ്ക്ക് വരുന്നു.]

നായകന്‍ (സായിപ്പിനെ നോക്കി)‍: ഹായ്, ചാര്‍ളീ!
ചാര്‍ളി (കമ്പ്യൂട്ടറില്‍ നോക്കി): ഓ, വാട്സ് ദാറ്റ്?
നായകന്‍: ഇത് മലയാളത്തിലുള്ള ഒരു ബ്ലോഗ് ആണ്.
ചാര്‍ളി: ഇറ്റ് ലുക്സ് പ്രെറ്റി! ഇറ്റ്സ് അമേയ്സിംഗ് ദാറ്റ് യു കാന്‍ റീഡ് ആന്‍ഡ് റൈറ്റ് മള്‍ട്ടിപ്‍ള്‍ ലാംഗ്വേജസ്!
നായകന്‍: ഇന്‍ ഇന്‍ഡ്യ...
ചാര്‍ളി (ഇടയ്ക്കു കയറി): യു നോ, ഐ ഹാവ് ബീന്‍ തിങ്കിംഗ്... നീ ഈ പഠിച്ചുവച്ചിരിക്കുന്ന കാര്യങ്ങളൊക്കെ, നോട്ട് എബൌട്ട് ദിസ് ബ്ലോഗ്, ഐ മീന്‍ മീഡിയ സെന്‍റര്‍ കാര്യങ്ങള്‍, നമുക്ക് ഏഷ്യയിലെ കുഞ്ഞാടുകള്‍ക്ക് പറഞ്ഞു കൊടുത്താലോ? നീ ഇന്നു തന്നെ പോയി ജപ്പാന്‍ വിസ എടുത്തു വരൂ!
നായകന്‍: ജപ്പാന്‍? ഐ ഥോട്ട് വി പ്ലാന്‍ഡ് റ്റു ഗോ റ്റു യൂറൊപ്പ്...
ചാര്‍ളി: ഞാനും അതാ വിചാരിച്ചത്. പക്ഷേ, ഈ സോക്കര്‍ ഭ്രാന്തന്മാര്‍ കാരണം ഇപ്പോള്‍ യൂറൊപ്പില്‍ പോയിട്ട് ഒരു കാര്യവുമില്ല. ലെറ്റ്സ് ഗോ റ്റു ജപ്പാന്‍...
നായകന്‍: എല്ലാം അങ്ങു പറയുന്ന പോലെ പ്രഭോ!

[നായകനും ചാര്‍ളിയും ഒരുമിച്ച് സ്റ്റേജിന്‍റെ വലതു വശത്തു കൂടി പുറത്തേയ്ക്ക് പോകുന്നു]

രംഗം രണ്ട്

[നായകന്‍റെ വീട്. ഒരറ്റത്ത് ഒരു തീന്‍‍മേശകാണാം. അതിനടുത്ത് രണ്ടു കസേരകളും. കസേരകളിലൊന്നില്‍ ഇരുന്ന്, നായകന്‍റെ ഭാര്യ പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുന്നു. രംഗത്ത് മറ്റൊന്നും ആവശ്യമില്ല. സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍റെ ഭാര്യ ഈ രൂപത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാനാണ് സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം. ഞാന്‍ കടന്നുപോകുകയാണ്...

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു തന്നെ കടന്നു പോയാലുടന്‍, ആ ഭാഗത്തു കൂടിത്തന്നെ നായകന്‍ രംഗത്തു വരുന്നു. കയലിയും ഷര്‍ട്ടുമാണ് വേഷം. കയ്യില്‍ പാസ്പോര്‍ട്ടുണ്ട്. ]

നായകന്‍: എടേ, എന്‍റെ പാസ്പോര്‍ട്ടിന്‍റെ കാലാവധി കഴിഞ്ഞു!
നായകന്‍റെ ഭാര്യ: അതിനു ഞാനെന്തു വേണം?

[പിന്നണിയില്‍ അനൌണ്‍സ്മെന്‍റ്. ഈ സമയം സ്റ്റേജിലെ വെളിച്ചം മങ്ങുന്നു.]

Four Passport size photos: $16
Next-Day delivery to US Consulate at SFO: $21
Getting the Passport renewed in time: Priceless

രംഗം മൂന്ന്

[ഒന്നാം രംഗത്തില്‍ കണ്ട ഓഫീസ് മുറി തന്നെ. നായകന്‍റെ വേഷത്തില്‍ മാറ്റമുണ്ട്. പതിവുപോലെ, സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: അതെ, ഞാന്‍ സമയം തന്നെ. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ആറ് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു.

കുറിപ്പ്: ഈ രംഗത്തില്‍ സമയം എപ്പോഴും സ്റ്റേജിന്‍റെ ഇടതു വശത്തുനിന്നും വരികയും ഇടതു വശത്തേയ്ക്കു തന്നെ പോകുകയും ചെയ്യുന്നു.

സ്റ്റേജില്‍ ഇ-മെയില്‍ സംഭാഷണം കാണിക്കുന്നത് ലോക നാടക സങ്കേതത്തില്‍ ആദ്യമായതിനാല്‍ സം‌വിധായകന് ഇവിടെ മനോധര്‍മം പോലെ അവതരിപ്പിക്കാവുന്നതാണ്. നായകന്‍ അയയ്ക്കുന്ന ഇ-മെയില്‍ നായകനെക്കൊണ്ടു തന്നെ വായിപ്പിച്ച ശേഷം അയാള്‍ ‘സെന്‍‍ഡ്’ ബട്ടന്‍ അമര്‍ത്തുന്നതായി അഭിനയിപ്പിക്കാം. ഇ-മെയില്‍ വരുമ്പോളാവട്ടെ, ‘You've got mail’ എന്ന പ്രശസ്തമായ ശബ്ദം പിന്നണിയില്‍ കേള്‍പ്പിച്ച ശേഷം അയച്ചയാളിന്‍റെ ശബ്ദത്തില്‍ വായിപ്പിക്കാം. ഇതെല്ലാം നിര്‍ദ്ദേശങ്ങള്‍ മാത്രം. സം‌വിധായന്‍റെ മനോധര്‍മമാണ് പ്രധാനം.]

നായകന്‍: വക്കാരീ, ഞാന്‍ ജപ്പാനിലേയ്ക്ക് വരുന്നു. ജൂണ്‍ 21 മുതല്‍ 24 വരെ ഞാന്‍ അവിടെയുണ്ടാവും.
വക്കാരി: നമുക്ക് നേരില്‍ കാണാമോ? എവിടെയാണ് താമസം? വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ കൂടാം!
നായകന്‍: തീര്‍ച്ചയായും. നമുക്ക് 23 വെള്ളിയാഴ്ച കണ്ടാലോ? പിന്നെ, ഞാനല്പം നേരത്തേ ഇക്കാര്യം താങ്കളെ അറിയിച്ചോ എന്ന് സംശയം. എല്ലാം എന്‍റെ പാസ്പോര്‍ട്ടും വിസയും ശരിയായാല്‍ മാത്രം!

[നായകന്‍ കമ്പ്യൂട്ടറില്‍ ചെസ് ഗെയിം ആരംഭിക്കുന്നു. രണ്ടു മൂന്നു നീക്കങ്ങള്‍ക്കു ശേഷം, “You've been defeated. Do you want to play again?” എന്ന് കമ്പ്യൂട്ടര്‍ ശബ്ദം കേള്‍ക്കുന്നു. നായകന്‍ ചെസ് കളി നിറുത്തുന്നു. ഇത്രയുമാകുമ്പോള്‍ സ്റ്റേജിലെ വെളിച്ചം മങ്ങി, സാവധാനം പൂര്‍ണ്ണാന്ധകാരമാവുന്നു. ഈ തക്കത്തില്‍, നായകന്‍റെ ഷര്‍ട്ട് മാറാം. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ എട്ട് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ വീണ്ടും ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്. ഇനിയുള്ള സംഭാഷണങ്ങളില്‍ സ്റ്റാറ്റസ് സെക്ഷനു വേണ്ടി വികാര രഹിതമായ ശബ്ദം ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കും.]

നായകന്‍: സാറേ, എന്‍റെ വഹ ഒരു അപേക്ഷ ഇതിനോടകം അവിടെ കിട്ടിക്കാണുമല്ലോ. അത് അത്യാവശ്യമായി പരിഗണിച്ച് രക്ഷിക്കുമാറാകണം. നിങ്ങളെ നേരിട്ട് വിളിച്ചപ്പോള്‍ ഇ-മെയില്‍ ഉപയോഗിക്കാന്‍ ഉപദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കത്ത്... എന്‍റെ പുതിയ പാസ്പോര്‍ട്ട് ജൂണ്‍ പതിന്നാലിനു മുമ്പ് എനിക്ക് തിരിച്ചു കിട്ടിയാല്‍ ഈ ജന്മം മുഴുവനും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും!
സ്റ്റാറ്റസ് സെക്ഷന്‍ (പതിഞ്ഞ ശബ്ദത്തില്‍‍): അന്വേഷണത്തിനു നന്ദി. നാളെ പരിശോധിക്കൂ. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടപേക്ഷകള്‍ ഈ സീസണില്‍ 20 ദിവസം എടുക്കാറുണ്ട്. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: താങ്കളുടെ മറുപടിക്ക് വളരെ നന്ദിയുണ്ട്.
സ്റ്റാറ്റസ് സെക്ഷന്‍: INS-ല്‍ അന്വേഷിക്കൂ. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: സാര്‍, മനസ്സിലായില്ല. ഞാന്‍ എന്തിനെപ്പറ്റിയാണ് INS-ല്‍ അന്വേഷിക്കേണ്ടത്?
സ്റ്റാറ്റസ് സെക്ഷന്‍ (തെല്ലിടവേളയ്ക്കു ശേഷം‍): ആ മെയില്‍ താങ്കള്‍ക്കുദ്ദേശിച്ചയച്ചതല്ല. ദയവായി അത് അവഗണിക്കൂ.
നായകന്‍ (ആത്മഗതം, ഇ-മെയിലില്‍ അല്ല): ശരി സാര്‍!

[നായകന്‍ കുറെ നേരം റ്റി. വി. കാണുന്നു. ലോകകപ്പ് ഫുട്ബോള്‍. നായകന്‍ ഒരു ഫുട്ബോള്‍ പ്രേമിയാണെന്ന് കളികാണുന്ന രീതിയില്‍ നിന്നും വെളിവാകും. ഇതിനിടയില്‍, സാവധാനം സ്റ്റേജിലെ വെളിച്ചം മങ്ങി, അവസാനം പൂര്‍ണ്ണാന്ധകാരമാവുന്നു. വീണ്ടും വെളിച്ചം വരുമ്പോള്‍, നായകന്‍, കമ്പ്യൂട്ടറിന്‍റെ മുന്നില്‍ത്തന്നെ. അപ്പോള്‍, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ സമയത്തിനെ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പന്ത്രണ്ട് തിങ്കളാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലാണ്.]

നായകന്‍: അപേക്ഷയുടെ നിജസ്ഥിതിയറിയാനാണ് ഈ കത്ത്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ അഡ്രസ് അയച്ചു തരൂ. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍: ഇതാ എന്‍റെ അഡ്രസ്... (എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ശബ്ദം.)

[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കായി കാതോര്‍ക്കുന്നു. എങ്ങും നിശ്ശബ്ദത മാത്രം. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ഇപ്പോള്‍ സമയത്തെ ശ്രദ്ധിക്കുന്നുണ്ട്.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിമൂന്ന് ചൊവ്വാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചില്‍ നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

നായകന്‍: സാറേ, പാസ്പോര്‍ട്ട് നാളേയ്ക്കകം കിട്ടിയില്ല എന്നുണ്ടെങ്കില്‍ എനിക്ക് വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും റദ്ദാക്കണം. ജപ്പാന്‍ വിസ കിട്ടാന്‍ മൂന്നു ദിവസം എടുക്കുമെന്നാണ് അവരുടെ കൌണ്‍സിലേറ്റിലെ വിസ ഓഫീസര്‍ എന്നോട് പറഞ്ഞിരിക്കുന്നത്. എനിക്ക് നാളെ പാസ്പോര്‍ട്ട് കിട്ടുമോ എന്ന് പറഞ്ഞു തരാമോ? ഞാന്‍ ‘പിറ്റേന്നു തന്നെ പുതിയ പാസ്പോര്‍ട്ട് തിരിച്ചയയ്ക്കാനുള്ള ഫീസ്’ എന്‍റെ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

[നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കു വേണ്ടി കാത്തിരിക്കുന്നു. നിശ്ശബ്ദത. അല്പ സമയം കഴിഞ്ഞ്, സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ അസ്വസ്ഥനാണ്. സമയത്തെ ശ്രദ്ധിക്കുന്നുമുണ്ട്.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിന്നാല് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ വാച്ചിലും സമയത്തേയും മാറി മാറി നോക്കുന്നു. പിന്നെ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അയയ്ക്കൂ. കഴിഞ്ഞ മെയിലില്‍ ഞാന്‍ താങ്കളുടെ അഡ്രസ് ചോദിച്ചിരുന്നു. നമ്മുടെ വെബ്സൈറ്റായ http://www.cgisf.org/ സന്ദര്‍ശിക്കൂ.
നായകന്‍ (നിരാശയോടെ): ഞാന്‍ താങ്കള്‍ക്ക് അഡ്രസ് തിങ്കളാഴ്ച തന്നെ അയച്ചു തന്നിരുന്നു. ഇതാ എന്‍റെ ഫോണ്‍ നമ്പരുകള്‍... എന്‍റെ പാസ്പോര്‍ട്ട് ഇന്നെങ്കിലും അയയ്ക്കാന്‍ പറ്റുമോ എന്നറിയിച്ചാല്‍ ഉപകാരമായിരുന്നു. അത് അസാധ്യമാണെങ്കില്‍ എന്‍റെ യാത്ര റദ്ദാക്കാനാണ്.

[നായകന്‍റെ ഫോണ്‍ ശബ്ദിക്കുന്നു. നായകന്‍ പെട്ടെന്ന് ഫോണ്‍ എടുക്കുന്നു.]

നായകന്‍: ഹലോ, ഇത് നായകനാണ്.
സ്ത്രീ ശബ്ദം: ഞാന്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നാണ്. എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?
നായകന്‍: എന്‍റെ പാസ്പോര്‍ട്ട് എന്ന് കിട്ടുമെന്നറിഞ്ഞാല്‍ കൊള്ളാം.
സ്ത്രീ ശബ്ദം: എന്നാണ് അപേക്ഷ അയച്ചത്?
നായകന്‍: അപേക്ഷ ജൂണ്‍ 7-ന് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.
സ്ത്രീ ശബ്ദം: ഞങ്ങള്‍ക്ക് ദിവസവും വളരെയധികം മെയിലുകള്‍ കിട്ടാറുണ്ട്. നിങ്ങളുടെ അപേക്ഷ അതില്‍ നിന്ന് കണ്ടുപിടിക്കേണ്ടതുണ്ട്.
നായകന്‍ (നിരാശയോടെ)‍: അപ്പോള്‍ അത് നാളെ തിരികെ എനിക്ക് കിട്ടാന്‍ ഒട്ടും സാധ്യത ഇല്ല, അല്ലേ?
സ്ത്രീ ശബ്ദം: എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ലെ. അപേക്ഷ കണ്ടു പിടിച്ച്, ഓഫീസറെ കാണിച്ചാല്‍, മറ്റു പ്രശ്നമൊന്നുമില്ലെങ്കില്‍ ഇന്നു തന്നെ അയയ്ക്കാവുന്നതേയുള്ളൂ. താങ്കള്‍ അതിവേഗ കാര്യസാധ്യ ഫീസായ തൊണ്ണൂറു ഡോളര്‍ അപേക്ഷയോടൊപ്പം അയച്ചിട്ടില്ലേ?
നായകന്‍: അതിവേഗ കാര്യസാധ്യ ഫീസോ? അങ്ങനെ ഒരു കാര്യമുള്ളതായി എനിക്കറിവില്ലായിരുന്നു. നിങ്ങളുടെ വെബ്സൈറ്റിലും പറയുന്നില്ല. എന്നാലും പാസ്പോര്‍ട്ട് നാളെത്തന്നെ കിട്ടുമെങ്കില്‍ ഫീസ് ഞാന്‍ അടയ്ക്കാം.
സ്ത്രീ ശബ്ദം: ശരി, ഞാന്‍ തിരിച്ചു വിളിക്കാം.

[നായകന്‍ കുറേ നേരം ഫോണില്‍ നോക്കിയിരിക്കുന്നു. റിംഗ് ചെയ്യുന്നില്ലെങ്കിലും ഫോണ്‍ എടുത്ത് ചെവിയില്‍ വച്ച് ഹലോ എന്നു പറയുന്നു. സ്വന്തം സെല്‍‍ഫോണില്‍ നിന്നും ഓഫീസ് ഫോണിലേയ്ക്ക് വിളിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കുറെ നേരം ഈ പ്രവൃത്തികളില്‍ മുഴുകിയ ശേഷം, പിന്നെ ഇ-മെയിലിലേയ്ക്ക് തിരിയുന്നു.]

നായകന്‍ (ദുഃഖിതനായി): വക്കാരീ, എന്‍റെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല.

[നായകന്‍ മേശമേല്‍ തല വച്ചിരിക്കുന്നു. പിന്നണിയില്‍ പഞ്ചാബി ഹൌസിലെ, ‘എല്ലാം മറക്കാം നിലാവേ, എല്ലാം മറയ്ക്കാം കിനാവില്‍’ എന്ന ഗാനം വളരെ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കാം. പാട്ട് പതുക്കെ ഇല്ലാതാവുന്നതോടൊപ്പം, സമയം രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ തല ഉയര്‍ത്തുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനഞ്ച് വ്യാഴാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ തലയുയര്‍ത്തുന്നു. സമയത്തെ പ്രതീക്ഷ കൈവിട്ട കണ്ണുകളാല്‍ നോക്കുന്നു. അതു കഴിഞ്ഞ് ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

നായകന്‍: സാര്‍, എന്‍റെ അപേക്ഷയില്‍ തീരുമാനം വല്ലതും? ഇതാ എന്‍റെ ഒരു ലഘു ജീവചരിത്രം ഈ കത്തിനോടൊപ്പമുണ്ട്.

[നായകന്‍ വീണ്ടും ചെസ് കളിയിലേയ്ക്ക് മടങ്ങുന്നു. ഇത്തവണയും കമ്പ്യൂട്ടര്‍ നായകനെ തോല്‍പ്പിക്കുന്നു. സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നേയില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ പതിനാറ് വെള്ളിയാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം കടന്നു പോകുന്നു. നായകന്‍ ഇ-മെയില്‍ സംഭാഷണത്തിലേയ്ക്ക്.]

വക്കാരി: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടുദാസാ എന്നല്ലേ നാടോടിക്കാറ്റ്‌ സൂക്തം. പിന്നെ സമയമായില്ല പോലും സമയമായില്ലാ പോലും എന്ന ശ്ലോകവുമുണ്ട്.

നായകന്‍ (അല്പ സമയത്തെ ആലോചനയ്ക്കു ശേഷം): സാര്‍, ഇതു വരെ എന്‍റെ അപേക്ഷയുടെ സ്ഥിതി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ത്തമാനവുമില്ല എന്നത് നല്ല വര്‍ത്തമാനം അല്ലാത്തതിനാല്‍ ഞാന്‍ യാത്ര റദ്ദാക്കുന്നു. താങ്കള്‍ക്ക് ഒരു പക്ഷേ അപ്രധാനമെന്ന് തോന്നിയേക്കാവുന്ന ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഞാന്‍ ജപ്പാന്‍ കോണ്‍സുലേറ്റില്‍ വിളിച്ച് വിസ ‘അതിവേഗ കാര്യസാധ്യ’ മാര്‍ഗത്തിലൂടെ ശരിയാക്കാന്‍ എത്ര നേരമെടുക്കുമെന്ന് ചോദിച്ചു. അവര്‍ 24 മണിക്കൂറില്‍ ശരിയാക്കിത്തരാമെന്നും അതിലും വേഗം ചെയ്യാന്‍ മാര്‍ഗമില്ലാത്തതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞു. അപേക്ഷകന് കൃത്യമായ സ്ഥിതി അറിയിക്കാന്‍ എന്‍റെ മാതൃരാജ്യത്തിന്‍റെ കോണ്‍സുലേറ്റിനായെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുകയാണ്.
സ്റ്റാറ്റസ് സെക്ഷന്‍: താങ്കളുടെ ഇ-മെയില്‍ പാസ്പോര്‍ട്ട് സെക്ഷന് അയച്ചുകൊടുത്തിട്ടുണ്ട്.

[നായകന്‍ കുറെ നേരം കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു. പിന്നണിയില്‍ ചില മലയാളം പാട്ടുകള്‍ കേള്‍ക്കാം. കുറച്ചു സമയം കഴിഞ്ഞ്, ‘ഇന്നിതു മതി’ എന്നു പറഞ്ഞ് എഴുനേല്‍ക്കുന്നു. പിന്നണിയില്‍ ‘have a nice weekend’ എന്ന് കേള്‍ക്കുന്നുണ്ട്. വെളിച്ചം മങ്ങുന്നു. നായകന്‍ സ്റ്റേജിന്‍റെ വലതു വശത്തുകൂടി പുറത്തേയ്ക്ക് പോകുന്നു.]

രംഗം നാല്

[രണ്ടാം രംഗത്തില്‍ കണ്ട നായകന്‍റെ വീട്. നായകന്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. നായകന്‍റെ ഭാര്യ രംഗത്തില്ല. സമയം സ്റ്റേജിന്‍റെ ഇടതുഭാഗത്തുനിന്നും രംഗമധ്യം വരെ നടന്നു വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു. നായകന്‍ ശ്രദ്ധിക്കുന്നില്ല.]

സമയം: ഞാന്‍ സമയം. ഞാന്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. ഇന്ന് ജൂണ്‍ ഇരുപത്തിയൊന്ന് ബുധനാഴ്ച. ഞാന്‍ കടന്നുപോകുകയാണ്...

[സമയം സ്റ്റേജിന്‍റെ ഇടതു വശത്തേയ്ക്കു കടന്നു പോകുന്നു. ഡോര്‍ ബെല്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നു. പിന്നണിയില്‍ ഭാര്യയുടെ ശബ്ദം.]

ഭാര്യ (ആഹ്ലാദത്തോടെ): പാസ്പോര്‍ട്ടായിരിക്കും!

[നായകന്‍ പതുക്കെ കതക് തുറക്കുന്നു. പോസ്റ്റുമാന്‍ ഒരു പായ്ക്കറ്റ് കൊടുത്ത് ഒപ്പ് വാങ്ങി മടങ്ങുന്നു. പായ്ക്കറ്റ് പൊട്ടിച്ച് തന്‍റെ പുതിയ പാസ്പോര്‍ട്ട് പുറത്തെടുക്കുന്നു. പശ്ചാത്തലത്തില്‍ ‘സമയമായില്ല പോലും’ എന്ന പാട്ടിന്‍റെ ശീലുകള്‍ ഒഴുകി വരുകയും അനന്തതയിലേയ്ക്ക് കണ്ണുനട്ട് നായകന്‍ ഫ്രീസ് ആവുന്നതും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.]

(ശുഭം)

അറിയിപ്പ്: ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് നാടകകൃത്തിന്‍റെ മുന്‍‍കൂട്ടിയുള്ള അനുവാദം രേഖാമൂലം നേടിയിരിക്കേണ്ടതാണ്.

Labels:

26 Comments:

  1. Blogger ഉമേഷ്::Umesh Wrote:

    കൊള്ളാം. സ്വന്തം അനുഭവമാണോ?

    അങ്ങനെ ബൂലോകത്തിനു് ഒരു നാടകവും കിട്ടി.

    വക്കാരിയുടെ വാക്കുകള്‍ ഈ സ്റ്റൈലല്ലെന്നൊരു വര്‍ണ്യത്തിലാശങ്ക...

    June 22, 2006 12:11 AM  
  2. Blogger അരവിന്ദ് :: aravind Wrote:

    കൊള്ളാം സന്തോഷ്ജീ :-))
    എനിക്കിഷ്ടപ്പെട്ടു :-)

    June 22, 2006 12:42 AM  
  3. Blogger കുറുമാന്‍ Wrote:

    അതുശരി, സന്തോഷ്ജി ആളൊരു ബഹുമുഖ പ്രതിഭയാണല്ലെ.....തകര്‍ത്തു നാടകം,

    കഥ - സന്തോഷ്
    തിരക്കഥ- സന്തോഷ്
    സംവിധാനം - സന്തോഷ്
    ഗാനരചന- സന്തോഷ്
    രംഗപടം- സന്തോഷ്
    നായക വേഷം- സന്തോഷ്


    ശ്രീനിവാസന്നൊരു പിന്‍ ഗാമി..

    നമിച്ചു

    June 22, 2006 12:59 AM  
  4. Blogger myexperimentsandme Wrote:

    അങ്ങിനെ ലോകത്തുള്ള മറ്റെല്ലാ അണ്ണന്മാരും കൂടുന്നതിനുമുന്‍‌പ് കൂടാന്‍ വേണ്ടി പ്ലാന്‍ ചെയ്‌ത ആ വെജിറ്റേറിയന്‍ മീറ്റ് ലെവന്മാരുടെ അര്‍പ്പണ അനസൂയ രംഭ തിലോത്തമ ബോധം കാരണം പൊളിഞ്ഞു പാളീസായി. മീറ്റിനിടാന്‍ വേണ്ടി വാങ്ങിച്ച പുതിയ ഷര്‍ട്ട്, പാന്റ്സ്, തൊപ്പി, കണ്ണാടി, ഷൂസ്, ചെരുപ്പ്, കോട്ട്, ഓവര്‍ക്കോട്ട്, അതിന്റെ പുറത്ത് വേറൊരു കോട്ട്, കൊട്ടുവടി ഇതെല്ലാം വേസ്റ്റ്. എന്തു പറയാന്‍ :(

    സന്തോഷ്‌ജീ, നാടകം തകര്‍ത്തൂ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, ബ്ലോഗുലോകത്തെ ആദ്യത്തെ നാടകം.

    ഉമേഷ്‌ജീ, ലെതൊക്കെ എന്റെ വാക്കുകളല്ലെങ്കിലും (സൂക്തങ്ങളും ശ്ലോകങ്ങളുമല്ലേ) ആ സന്ദര്‍ഭത്തില്‍ ഞാന്‍ പറഞ്ഞതുതന്നെ... ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്താ കാര്യം..

    June 22, 2006 1:08 AM  
  5. Blogger bodhappayi Wrote:

    സമയത്തിനു മനുഷ്യരൂപം കൊടുത്ത ഭാവനക്കു നല്ല പുതുമയുണ്ട്‌.

    June 22, 2006 5:01 AM  
  6. Blogger ബിന്ദു Wrote:

    ഇതടിപൊളി ! മറ്റാര്‍ക്കും സമയമില്ലെങ്കില്‍ സമയമായി ഞാന്‍ തന്നെ വേഷം കെട്ടാം. ;)

    June 22, 2006 6:51 AM  
  7. Blogger സു | Su Wrote:

    നല്ല നാടകം. സമയം കാത്ത് നില്‍ക്കില്ല. :)

    June 22, 2006 6:58 AM  
  8. Blogger Kuttyedathi Wrote:

    നാടകം ഉഗ്രന്‍ സന്തോഷ്‌. നന്നായി എഴുതിയിരിക്കുന്നു. സമയത്തിനു കൊടുത്ത പ്രാധാന്യം പുതുമയായി.

    നമ്മുടെ കോണ്‍സുലേറ്റിലേക്ക്‌ എന്തെങ്കിലും കാര്യത്തിനു വിളിക്കേണ്ടി വന്നാല്‍, മനസ്സമാധാനം പോകാനതു മതി. നാട്ടിലെ ക്കാള്‍ കഷ്ടമാണെന്നു തോന്നുന്നു ഇവിടെ കാര്യങ്ങള്‍. എങ്ക്വയറി നമ്പറില്‍ വിളിച്ചാല്‍ ആരുമെടുക്കാറില്ല. ഒരു വോയിസ്മെയിലു പോലും സെറ്റപ്‌ ചെയ്തിട്ടില്ല. നാട്ടിലെ നമ്പറൊക്കെ വിളിക്കുന്ന പോലെ ഇരുപതിരുപത്തഞ്ചു ബെല്ലടിച്ചു കട്ടാവും. വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്‌, വിളിക്കരുത്‌, ഇന്ന ഐ ഡി യില്‍ മെയിലയക്കൂ. ഇരുപത്തിനാലു മണിക്കൂറിനകം മറുപടി എന്നാണ്‌. ഞാനെത്രയോ മെയിലുകളയച്ചു. ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല.

    ഇങ്ങനെ ചാറ്റ്‌ പോലെ സ്റ്റാറ്റസ്‌ തെരക്കാനുള്ള സംവിധാനവുമുണ്ടോ ? അതറിയില്ലായിരുന്നു.

    June 22, 2006 8:10 AM  
  9. Blogger Santhosh Wrote:

    ഉമേഷ്: സ്വാനുഭവം. ബാക്കി വക്കാരി പറയട്ടെ:)

    അരവിന്ദ്: നന്ദി, സുഹൃത്തേ.

    കുറുമാന്‍: അത്രയൊക്കെ വേണോ? ബാലചന്ദ്രമേനോന്‍ എന്നാണ് പറയേണ്ടിയിരുന്നതെന്ന് നല്ല പാതി (ശ്രീനിവാസനൊക്കെ നല്ല ടാലന്‍റുള്ള ആളല്ലേ. മേനോനാവുമ്പം, അഭിനയിക്കാനറിയില്ലെങ്കിലും സ്വയം പുകഴ്ത്തലിനൊരു കുറവുമില്ലല്ലോ!)

    വക്കാരീ: പോണാല്‍ പോട്ടും. ചോദിക്കാതെ, ചില വാചകങ്ങള്‍ സ്വാതന്ത്ര്യത്തോടെ എടുത്തുപയോഗിച്ചതിന് ക്ഷമാപണം. ജപ്പാന്‍കാരെ സമ്മതിക്കണം. കാനഡയ്ക്കു പോണമെങ്കിലും മിനിമം അമ്പതു ഡോളര്‍ വിസയ്ക്കാകും. ജപ്പാന്‍ വിസയ്ക്ക് ഏഴു ഡോളര്‍ മാത്രം. ‘എമര്‍ജെന്‍‍സി പ്രോസസിംഗ്’ ഫ്രീ! കാര്യം എമര്‍ജെന്‍‍സിയാണെന്ന് പറഞ്ഞാല്‍ മാത്രം മതി!

    കുട്ടപ്പായി: നന്ദി!

    ബിന്ദു: സമയമുള്ളവര്‍ മാത്രമേ സമയമായി അഭിനയിക്കാവൂ. എന്നാല്‍ സമയം പോകുന്നതറിയില്ല.

    സു: താങ്ക്യൂ!

    കുട്ട്യേടത്തീ: ഇതു ചാറ്റല്ല. സാക്ഷാല്‍ ഇ-മെയില്‍ തന്നെ. പലസമയത്തായി അയച്ചതും കിട്ടിയതുമായ ഇ-മെയിലുകള്‍ എടുത്ത് ഇങ്ങനെ ഒരുമിച്ച് വച്ചതാണ്. അവരുടെ ഫോണില്‍ വിളിച്ചാല്‍ പലപ്പോഴും എന്‍‍ഗേജ്ഡ് റ്റോണ്‍ ആണ് കേള്‍ക്കുക. പാസ്പോര്‍ട്ടിന്‍റെയും വിസയുടെയും മേല്‍നോട്ടം വൈസ് കോണ്‍സല്‍ ആയ മിച്ചിങ്ങല്‍ വിജയനാണ്. ഇദ്ദേഹം മലയാളിയാണ്. അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചാല്‍ പ്രയോജനപ്പെടും എന്ന് സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞിരുന്നു. ആ വഴി ശ്രമിച്ചില്ല.

    സസ്നേഹം,
    സന്തോഷ്

    June 22, 2006 11:35 AM  
  10. Blogger പാപ്പാന്‍‌/mahout Wrote:

    ഞങ്ങളോടൊന്നും പറയാതെ വക്കാരിയുമായി സമാഗമത്തിനു ഇറങ്ങിത്തിരിച്ചാ ഇങ്ങനെയൊക്കെ പറ്റും.

    Seriously, ഇവിടെ ന്യൂ യോര്‍‌ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായുള്ള എന്റെ ഇടപാടുകളൊക്കെ പൊതുവെ കുഴപ്പമില്ലാത്തവയായിരുന്നു. ക്യൂ നില്‍ക്കേണ്ടി വരും എന്നെതൊഴിച്ചാല്‍. ഇ-മെയില്‍ വഴിയുള്ള ചോദ്യങ്ങള്‍ക്കൊക്കെ ഉടനുടന്‍ മറുപടി കിട്ടിയിട്ടുണ്ട് (തടിയില്‍ തൊടട്ടെ).

    ഒരു തവണ പക്ഷേ വെള്ളം കുടിച്ചുപോയി. നാട്ടില്‍ പോകാന്‍ രണ്ടാഴ്ച മാത്രം ബാക്കി. എന്റെ മോനു വിസ എടുക്കാന്‍ ഞാന്‍ കോണ്‍‌സുവില്‍ ചെല്ലുന്നു. രാവിലെ പാസ്‌പോര്‍‌ട്ടു കൊടുത്താല്‍ വൈകിട്ടു വിസയടിച്ചു തിരികെകിട്ടും എന്നതാണു കണക്ക്. പക്ഷേ വൈകിട്ടു ഞാന്‍ ചെന്നപ്പോള്‍ പാസ്പോര്‍ട്ടു കിടന്നയിടത്ത് ഒരു പാസ്‌പോര്‍ട്ടു പൂട പോലുമില്ലായിരുന്നു. എങ്ങനെയോ അവരതു കളഞ്ഞു. ആര്‍ക്കും ഒരു പിടിയുമില്ല. എന്നിട്ട് കോണ്‍സുലേറ്റുകാര്‍ എന്നോടു പറഞ്ഞു പോയി പുതിയൊരു പാസ്‌പോര്‍ട്ട് കൊണ്ടാടാ എന്ന്. ഞാനാണെങ്കില്‍ ഇവിടെ വന്നിട്ട് ഒരു കൊല്ലം പോലുമായിട്ടില്ല. ഇവിടത്തെ കാര്യങ്ങളൊന്നും ഒരു പിടിയുമില്ല. നാട്ടിലെ കണക്കാണെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് കിട്ടാന്‍ 3 മാസമെങ്കിലും പിടിക്കും. അവസാനം അന്വേഷിച്ചുപിടിച്ചുവന്നപ്പോള്‍ മനസ്സിലായി കുട്ട്യേടത്തിയുടെ ഫില്ലിയില്‍ ഒരു റീജിയണല്‍ പാസ്‌പോര്‍‌ട്ട് ഓഫീസൂണ്ട്, അവിടെ പോയാല്‍ വല്ല രക്ഷയുമുണ്ടാവും ന്ന്. അപ്പോയിന്റ്മെന്റ് തേച്ച് അവിടെച്ചെന്നു. കൌണ്ടരില്‍ ച്ചെന്നു കാര്യം പറഞ്ഞു. 15 മിനിട്ടില്‍ പുതിയ പാസ്‌പോര്‍‌ട്ട് കയ്യില്‍ ത്തന്നു അവര്‍. അമേരിക്ക എന്നെ ശരിക്കും ഇമ്പ്രസ്സ് ചെയ്യിച്ച്ത് അന്നാണ്‍.

    June 22, 2006 12:36 PM  
  11. Blogger Santhosh Wrote:

    സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിനെ കുറ്റം പറഞ്ഞതല്ല. സത്യത്തില്‍ അവര്‍ വളരെ നല്ല ജോലിയാണ് ചെയ്തത്. ആപ്ലിക്കേഷന്‍ കിട്ടി പത്താമത്തെ പ്രവൃത്തി ദിവസത്തില്‍ എനിക്കെന്‍റെ പുതിയ പാസ്പോര്‍ട്ട് കിട്ടി. ഏതു മാനദണ്ഡം വച്ചു നോക്കിയാലും അത് നല്ല കാര്യം തന്നെ. ഒരു ചെറിയ പരാതിയുള്ളത്, മോനേ, ഒരു കാരണവശാലും നീ വിചാരിക്കുന്ന നേരത്ത് ഇതു കിട്ടാന്‍ പോകുന്നില്ല, അതിനുള്ള വെള്ളം വാങ്ങി വച്ചേരെ എന്നു സമയത്തിനു പറഞ്ഞില്ല എന്നതാണ്. അതും ഒരു വലിയ പരാതിയല്ല, ഒരു വിഷ്‍ മാത്രം, അങ്ങനെയൊരു സൌകര്യം കൂടി ഉണ്ടായിരുന്നെകില്‍ എന്ന ആശ. മകന്‍റെ PIO കാര്‍ഡ് വളരെ കൃത്യമായി അയച്ചു തന്നു (അതിന്‍റെ സ്റ്റാറ്റസ് അന്വേഷിക്കേണ്ട കാര്യമില്ലായിരുന്നു:)) ഇവിടെ കൂട്ടുകാര്‍ക്കിടയിലും ആര്‍ക്കും ഒരു മോശപ്പെട്ട അനുഭവം സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റില്‍ നിന്നുണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല.

    OCI കൊടുത്തു തുടങ്ങിയതായി അറിവില്ല.

    June 22, 2006 12:59 PM  
  12. Anonymous Anonymous Wrote:

    OCI- കൊടുത്തു തുടങ്ങി കുട്ട്യേടത്തി..
    ഹൂസ്റ്റണ്‍ലായിരുന്നു ആദ്യത്തേതു.

    രണ്ടും കണക്കണു. രണ്ടിലും വോട്ടും ചെയ്യാന്‍ പറ്റില്ല,അഗ്രികള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി മേടികാനോ കൈവശം വെക്കാനൊ പറ്റില്ല..

    June 22, 2006 1:00 PM  
  13. Blogger പാപ്പാന്‍‌/mahout Wrote:

    കുട്ട്യേടത്തീ, ഇതാ.
    ഇവിടെ ഓസിയൈ കൊടുത്തുതുടങ്ങി.

    ഹൂസ്റ്റണ്‍? നിങ്ങള്‍ക്കും ന്യൂയോര്‍ക്കിലല്ലേ കോണ്‍സുലേറ്റ്?

    ജിഷ്ണുവിനും അപര്‍‌ണ്ണയ്ക്കും PIO ഉണ്ട്. അത് OCI ആക്കണമെന്നു വിചാരിക്കുന്നു.

    June 22, 2006 1:03 PM  
  14. Blogger പാപ്പാന്‍‌/mahout Wrote:

    നിങ്ങ ഡാളസ് കാരാന്നെനിക്കറിയില്ലായിരുന്നൂ കുട്ട്യേടത്തീ. അപ്പൊ ഡാളസ്-ഫില്ലി യാത്രയായിരുന്നൂ ല്ലേ 2 ദിവസം കൊണ്ട് 1500 മൈല്‍? (കുട്ട്യേടത്തിക്കു മാത്രമല്ല എനിക്കും സി ഐ ഡി മൂസയാകാം:))

    June 22, 2006 2:13 PM  
  15. Blogger Santhosh Wrote:

    അപ്പോള്‍ കുട്ട്യേടത്തി AR-11 ഫയല്‍ ചെയ്തിട്ടില്ലേ? (H1B യിലാണെങ്കില്‍ മതിയെന്നു തോന്നുന്നു.

    June 22, 2006 2:52 PM  
  16. Blogger സ്നേഹിതന്‍ Wrote:

    'സമയമായില്ലാ പോലും' നാടകം കൊള്ളാം. വിഷയവും അവതരണവും വളരെ നന്നായിരിയ്ക്കുന്നു.

    സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ച് ഞങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ കിട്ടിയിട്ടുണ്ട്.

    ഓ.ടോ. ഞാനൊരു നാടകം അടുത്തു തന്നെ പോസ്റ്റാനിരുന്നതായിരുന്നു. ഇനിയത് പിന്നീടാകാം. അല്ലെങ്കില്‍ ബൂലോഗര്‍ക്ക് വിരസതയാകും. :)

    June 22, 2006 4:29 PM  
  17. Blogger Santhosh Wrote:

    ഇത് മറ്റൊരു ചര്‍ച്ചയ്ക്കുള്ള വിഷയമായല്ലോ. A-ക്യാറ്റഗറി വിസയിലൊഴികെയുള്ളവര്‍ അവരുടെ താമസ അഡ്രസ് AR-11 വഴി USCS-നെ അറിയിച്ചിരിക്കണം പോലും (പത്ത് ദിവസത്തിനകം).

    കുട്ട്യേടത്തിയുടെ ട്രിക് പല സ്റ്റേറ്റിലും നടക്കില്ല. ഉദാഹരണമായി, വാഷിംഗ്ടണിലേയ്ക്ക് താമസം മാറി ഒരു കൊല്ലത്തിനകം ലൈസന്‍സ് പ്ലേറ്റ് മാറ്റിയിരിക്കണം. (അഡ്രസ് മാറ്റാത്തിടത്തോളം ഒരു പക്ഷേ ഇത് പ്രശ്നമാവില്ല.)

    എന്നാല്‍, ജോലിസ്ഥാപനമല്ലേ ഹെല്‍ത് ഇന്‍ഷുറന്‍സ് തരുന്നത്. അവരുടെ കയ്യിലും ഡാലസ് അഡ്രസ്സാണോ? ഇതാകെ കോം‍പ്ലിക്കേറ്റഡ് പരിപാടി ആണല്ലോ!

    ഏതായാലും ഇത് നല്ലതോ ചീത്തയോ എന്നു പറയാനൊന്നും ഞാനാളല്ല! ഞാന്‍ അഭിഭാഷകനല്ല, ഒരു നാടകത്തില്‍ പോലും അഭിഭാഷകനായി അഭിനയിച്ചിട്ടുമില്ല:)

    June 22, 2006 7:00 PM  
  18. Blogger Adithyan Wrote:

    നാടകാചാര്യാ... കമന്റിടാന്‍ താമസിച്ചു...

    നാടകമേ ജീവിതം, ജീവിതമേ നാടകം എന്നു കാണിച്ചു തരികയാണല്ലെ ? :)

    June 22, 2006 7:03 PM  
  19. Anonymous Anonymous Wrote:

    സന്തോഷേട്ടാ,

    ഒരു കോമ്പ്ലിക്കേഷനും ഇല്ല.

    കണ്‍സള്‍ട്ടെന്റാണെങ്കില്‍ നമുക്കു കമ്പനിയുടെ സ്ഥലത്തു ഒരു സ്ഥിരം അഡ്ഡ്രസും,clients-ന്റെ സ്ഥലത്തു പോയി ജോലി ചെയ്യാന്‍ ഒരു ട്ടെമ്പ് അഡ്ഡ്രസും പറ്റും.

    ഡാള്ളസ്സില്‍ ട്ടാക്സ് ഇല്ലാത്തകൊണ്ടു ട്ടാക്സും കൊടുക്കണ്ട. പേചെക്ക് കിട്ടുന്നതും കുട്ട്യേടത്തിക്കു ഡാള്ളസ്സ് അഡ്ഡ്രസ്സില്‍ ആയിരിക്കും എന്നു തോന്നുന്നു.

    ഇതു എല്ലാരും ചെയ്യുന്നതാണു,പ്രത്യേകിച്ചു കണ്‍സള്‍ട്ടിങ്ങ് ഫീല്‍ഡ്ഡില്‍.

    June 22, 2006 7:38 PM  
  20. Anonymous Anonymous Wrote:

    എടത്തീ, ഇങ്ങളൊരു ആക്രാന്തിസ്റ്റ് കൂടിയാണല്ലേ?

    സീസറിനുള്ളത് അവനു കൊടുത്തേക്കാണ്‍ പറഞ്ഞ ദൈവപുത്രന്റെ മക്കള്‍ നികുതിവെട്ടിപ്പുകാരാകുന്നത്....

    സാധാരണ ഗര്‍ഭിണികള്‍ വലിയ യാത്രകള്‍ ഒഴിവാക്കാറുള്ളതാണ്. അങ്ങിനെയിരിക്കെ കഷ്ഠപെട്ട് അമേരിക്കയിലെത്തിയ കഥയും കൂട്ടി വായിച്ചപ്പോള്‍ പൂര്‍ത്തിയായി.എനാലെന്താ? അമേരിക്കന്‍ പൌരത്വവും പാസ്‌പോര്‍ട്ടും കുട്ടിക്കായല്ലോ...?

    June 22, 2006 8:50 PM  
  21. Anonymous Anonymous Wrote:

    ആക്രാന്തിസ്റ്റ് ചേട്ടാ

    അതില്‍ യാതൊരു നികുതി വെട്ടിപ്പും ഇല്ല. അതു നിയമം ആണു. നമ്മളുടെ സ്ഥിരം അഡ്ഡ്രസ്സ് ആണു വെച്ചാണു നമ്മള്‍ ട്ടാക്സ് ഫയല്‍ ചെയ്യേണ്ടതു. അല്ലാതെ, മൂവ് ചെയ്തോണ്ടിരിക്കുന്ന അഡ്ഡ്രസ്സ് വെച്ചല്ല. സാധാരണ, കണ്‍സള്‍ട്ടന്മാര്‍ ചിലപ്പോഴൊക്കെ
    മൂന്നു മാസം ഒരു സ്ഥലത്തു, വെറെ മൂന്നു മാസം മറ്റൊരു സ്ഥലത്തു അങ്ങിനെ ആയിരിക്കും. നമ്മുടെ ട്ടാക്സിന്റെ അഡ്ഡ്ര്സ് ഉണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിന്റെ ഫയലിങ്ങിനൊക്കെ അതാണു മുഖ്യം ആയി നോക്കുന്നെ എന്നു തോന്നുന്നു. അല്ലാണ്ടു അമേരിക്കയില്‍ നികുതി ഒക്കെ വെട്ടിക്കാന്‍ പാടാണു.

    June 22, 2006 9:02 PM  
  22. Blogger മുല്ലപ്പൂ Wrote:

    സന്തോഷേ,

    നാടകം പണ്ടെ എന്റെ വീക്നെസ്സാണു..

    കണ്ടപ്പോളേ ഇതു എങ്ങനെ സ്റ്റേജില്‍ എതിക്കം എന്നയി ചിന്ത..

    സമയത്തിന്റെ വരവും പോക്കും എറ്റവും ഇഷ്റ്റമായി..

    എപ്പോളും വരുകയും പോവുകയും, ഇടക്കു ശ്രധിക്കാതെ ആകുകയും...


    ഇഷ്റ്റമായി..

    word verificatiion kuruh...;)

    June 23, 2006 5:33 AM  
  23. Anonymous Anonymous Wrote:

    കൂട്ട്യേടത്തി,

    ഈ ഫ്ലോറിഡായിലും സ്റ്റേറ്റ് ട്ടാക്സ് ഇല്ല.
    അപ്പൊ കുട്ട്യേട്ടാത്തിക്കു പേചെക്ക് കിട്ടുന്നതു ഡാള്ളസ്സിലാണെങ്കില്‍ എന്തിനാ ട്ടാക്സ് വെറുതെ കൊടുക്കുന്നതു? എനിക്കറിയാവുന്ന ഒരു സുഹൃത്തു
    ഇതു പോലെ ട്ടേക്സാസ് ബേസ്ഡ് ആണു..
    പുള്ളിക്കാരന്‍ പറന്നു നടക്കുന്ന ഒരു കണ്‍സള്‍ട്ടന്റും.. സൊ ഇതുപോലെ വെറെ ട്ടാക്സ് ഉള്ള സ്ഥലമാണേങ്കിലും ട്ടാക്ശ് കൊടുക്കണ്ടാന്നാ പറയണെ.അതുകൊണ്ടു പുള്ളി ട്ടെക്ക്സ്സാസ്സില്‍ നിന്നു ബേസ് മാറ്റത്തില്ല്ലാന്നു....

    പേചെക്ക് എവിടെയാ ഏതു അഡ്ഡ്രസ്സിലാ കിട്ടുന്നെ,അതല്ലെ നമ്മുടെ മുഖ്യ സ്ഥലം? ഞാന്‍ അങ്ങിനെയാണു കേട്ടതു...

    June 23, 2006 6:24 AM  
  24. Anonymous Anonymous Wrote:

    ഒ! അന്ത മാതിരിയാ..... താങ്ക്സ്..

    June 23, 2006 7:33 AM  
  25. Blogger evuraan Wrote:

    ഔട്ട് ഓഫ് സ്‌റ്റേറ്റ് ലൈസന്‍സും റെജിസ്‌ട്രേഷനും വെച്ച് കുഴപ്പത്തിലൊന്നും ചെന്ന് ചാടല്ലേ...

    പി.എ.-യിലെ അപ്പാര്‍ട്ട്‌മെന്റ് ആരുടെ പേരിലാ ലീസ്‌ഡ്?

    റെസിഡന്‍സി പ്രൂവ് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് ബാലിശമായ വാദങ്ങള്‍ മതിയാവും. അപാര്‍ട്ട്‌മെന്റ് ലീസ്, സെല്‍‌ഫോണ്‍ ബില്ല്, കറണ്ട് ബില്ല്ല്, നെറ്റിന്റെ ബില്ല് എന്നൊക്കെ.

    റെസിഡന്‍സിയുടെ 20 ദിവസത്തിനകം, പെന്‍‌സില്‍‌വേനിയ റെജിസ്‌ട്രേഷന്‍ വേണമെന്ന് നിയമം.

    റെസിഡന്‍സിയുടെ 60 ദിവസത്തിനകം പി.എ. ലൈസന്‍സും വേണമെന്ന് വേറൊരു നിയമവും.

    പെന്‍‌സില്‌വേനിയ ഡി.എം.വി.-കളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരെ പ്രയാസമില്ല, ഒരു ടെസ്റ്റ്‌ എഴുതണം, അത്രമാത്രം.

    വെറുതെ എന്തിനാ ആവശ്യമില്ലാത്ത കോമ്പ്ലിക്കേഷനുണ്ടാക്കുന്നത്?

    പിന്നെ, ഭാവിയില്‍ ക്രെഡിറ്റ് ഹിസ്റ്ററി-യിലും ഇതൊക്കെ കാണപ്പെട്ടേക്കാം. ഒരു വീടൊക്കെ എവിടേലും എന്നേലും വാങ്ങേണ്ടേ സുജേ?

    June 23, 2006 11:08 AM  
  26. Blogger ദേവന്‍ Wrote:

    നാടകമല്ലിതു നമ്മളില്‍ ചിലരുടെ ചോരയിലെഴുതിയ ജീവിത ഗാഥ!! അടിപൊളി നാടകം (ട്രാജഡി ആണെങ്കിലും)

    വക്കാരി, യൂയേയി മീറ്റിനു അതൊക്കെ ഇട്ടു ഇങ്ങു പോരെ.

    June 23, 2006 9:59 PM  

Post a Comment

<< Home