ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, June 19, 2006

ഉത്തമ ഭര്‍ത്താവ്

കള്ളിന്നോടു വിരക്തി, യെന്നുമിരുളും മുമ്പേ ഗൃഹം പൂകിടും,
തള്ളീടും വയറില്ല, നല്ല സരസൻ, തല്ലില്ല, യെന്തേകിലും
കൊള്ളാമെന്നരുളും, പിശുക്കു മിതമായ് മാത്രം, സ്വയം പൊക്കലി-
ല്ലെള്ളോളം പൊളിയില്ല, സത്യമിതു നൽഭർത്താവുതൻ ലക്ഷണം!

(ശാർദ്ദൂലവിക്രീഡിതം)

Labels: ,

14 Comments:

  1. Blogger ഉമേഷ്::Umesh Wrote:

    പ്ലീസ്, “തള്ളീടും വയറില്ല”എന്നതു മാറ്റാമോ? എന്നാല്‍ എനിക്കൊരു നല്ല ഭര്‍ത്താവാകാമായിരുന്നു :-)

    നല്ല ശ്ലോകം, സന്തോഷ്! അക്ഷരശ്ലോകസദസ്സില്‍ ഇനി “ക” വരുമ്പോള്‍ ഇതു ചൊല്ലണേ. കൂടുതല്‍ ശ്ലോകങ്ങള്‍ പ്രതീക്ഷിക്കുന്നു.

    June 19, 2006 3:27 PM  
  2. Blogger ബിന്ദു Wrote:

    ഇരുളിടും മുന്‍പു എന്നതിനു മുന്നില്‍ 401 ബിസിയല്ലെങ്കില്‍ എന്നുകൂടി ചേര്‍ക്കാമോ? ആശ്വസിക്കാനാണേ.. ;)

    June 19, 2006 6:31 PM  
  3. Blogger ദേവന്‍ Wrote:

    രാവിലേ എന്റെ എസ്റ്റീം (കാറല്ല) റോട്ടില്‍ വീണ മൊട്ട പോലെ പൊട്ടിപ്പോയല്ലോ സന്തോഷേ

    1. കള്ളിനോട്‌ വിരക്തി - ഉവ്വ്‌. രണ്ട്‌ കിംഗ്‌ ഫിഷര്‍ അല്ലെങ്കില്‍ മൂന്ന് ബഡ്വൈസറിനു ഷേശം തോന്നാറുണ്ട്‌

    2.ഇരുളും മുന്നേ ഗൃഹം പൂകല്‍ - ഉവ്വ്‌. പക്ഷെ അത്‌ ദുബായില്‍ ഇരുളും മുന്നേ ആകണം എന്നില്ല . വക്കാരി നാട്ടിലോ വെമ്പള്ളിനാട്ടിലോ ഉമേഷുനാട്ടിലോ എവിടെയെങ്കിലും ഇരുളാറാകുമ്പോള്‍ ഞാന്‍ കൂടണയും.

    3. തള്ളീടും വയറില്ല - ഹാവൂ. അതില്ല

    4. നല്ല സരസന്‍? യെസ്‌ ആന്‍ഡ്‌ നോ. ചില നേരത്തെ എന്റെ മൂശേട്ട കണ്ടാല്‍ ഹാവൂ സതിയും ശീലാവതിയും വരെ വക്കീല്‍ നോട്ടീസ്‌ അയച്ചു പോകും റസ്റ്റ്‌ ഓഫ്‌ ദ്‌ റ്റൈം, ഞാന്‍ സരസന്‍ കൊക്ക്‌.

    5. എന്തേകിലും കൊള്ളാമെന്നോതിടും- ഉവ്വ്‌. പക്ഷേ "കൊള്ളാം‌" എന്നത്‌ രണ്ടു കോണ്ടക്സ്റ്റില്‍ വിപരീത അര്‍ത്ഥം വരുത്തി പറയാനുള്ള സ്കില്ല് ദൈവം തന്നത്‌ എന്റെ കുറ്റമാണോ?

    6. പിശുക്കു മിതമായി. 200% ശരി. ഓട്ടക്കയ്യനാ, കാല്‍ക്കാശ്‌ ങേ ഹേ. കയ്യിലില്ല.

    7. സ്വയം പൊക്കലില്ല. വീ ഹാവ്‌ അ ഡിഫറന്‍സ്‌ ഓഫ്‌ ഒപ്പീനിയന്‍ ദെയര്‍. സ്വ്യം പൊക്കുന്ന അല്‍പ്പന്‍ അല്ല ഞാന്‍ എന്നു ഞാനും, അല്‍പ്പ സ്വല്‍പ്പം ഇല്ലാതില്ല എന്നു ഭാര്യേം പറയുന്നു. ഞാന്‍ പറയുന്നതാ ശരി, ഞാന്‍ ആരാ മോന്‍, എന്റെ വീക്ഷണം എന്തൊരടിപൊളിയാ അപ്പൊ അതു തന്നെ ശരി. ഇത്രേം വലിയ മഹാനാനായ എനിക്കു സ്വയം പൊക്കലോ? ഛായ്‌!

    8. എള്ളോളം പൊളിയില്ല.
    രണ്ടാമത്തേത്ജ്‌ ക്ലിക്ക്‌ ആയി. പൊളിയില്ല. ഞാന്‍ കേമനായിട്ടല്ല, പൊളി കല്യാണത്തിന്റെ അടിത്തറ പൊളിക്കുമെന്ന് ഭയന്നിട്ടാ

    യോര്‍ക്കില്‍ ഇതു നല്‍ ഭര്‍ത്താവ്‌ ലക്ഷണം . അയ്യയ്യോ വെറുതേ സമയം പാഴാക്കി. യോര്‍ക്കിലെ ലക്ഷണം കേട്ടിട്ട്‌ ഞാന്‍ എന്തിനു വെറുതേ. ദുബായിലെ നല്‍ ഭര്‍ത്താവ്‌ ലക്ഷണം പറയിന്‍.

    (അക്ഷരശ്ലോകപ്പുലിയാണല്ലേ? ഗംഭീരം ഗംഭീരം. പാമ്പിന്റെ രത്നം കൊതിയന്റെ വിത്തം സതീകുചം കേസരി തന്റെ കേശം എന്നൊക്കെ പടച്ച ചന്ദ്രോത്സവക്കാര്‍ ആണാപ്പിറന്നോനെ കയറൂരി വിട്ടുകളഞ്ഞില്ലേ ,ശരിയാക്കുക)

    June 19, 2006 9:04 PM  
  4. Blogger Santhosh Wrote:

    ഉമേഷ്: വായിച്ചതിനും തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചതിനും വളരെ നന്ദി. അപ്പൊ, വയറുണ്ടെന്നതൊഴിച്ചാല്‍ എല്ലാം തികഞ്ഞയാള്‍, അല്ലേ? എന്നാലെന്‍റെ കാര്യമോ? ഉത്തമ ഭര്‍തൃലക്ഷണമെന്തെന്ന് ഭാര്യയോടു ചോദിച്ചപ്പോള്‍, ‘അതെളുപ്പമല്ലേ, എനിക്ക് എന്തൊക്കെയില്ലയോ അത് വേണമെന്നും എന്തൊക്കെയുണ്ടോ അതു വേണ്ടെന്നും’ എഴുതാന്‍ പറഞ്ഞു.

    ബിന്ദൂ: :)

    ദേവാ: എട്ടില്‍ രണ്ട് ഒത്തല്ലേ? എട്ടില്‍ ഏഴുമായി നില്‍ക്കുന്ന ഉമേഷിനെ അപേക്ഷിച്ച് വളരെ മോശം... കൂട്ടുണ്ട്, എനിക്കും എട്ടില്‍ രണ്ടേയുള്ളൂ, പക്ഷേ ദേവന്‍റെ രണ്ടു ഗുണമല്ല, എന്‍റേത്:)
    ‍‍

    June 19, 2006 10:29 PM  
  5. Blogger ഉമേഷ്::Umesh Wrote:

    സോറി. എട്ടില്‍ ആറേ ഉള്ളൂ. ഇത്രയും പറഞ്ഞ സ്ഥിതിക്കു് (അല്ലെങ്കിലും) “സ്വയം പൊക്കലില്ല” എന്നു പറയാന്‍ പറ്റില്ലല്ലോ :-)

    June 19, 2006 10:53 PM  
  6. Blogger അരവിന്ദ് :: aravind Wrote:

    നല്ല ലക്ഷണം സന്തോഷ്‌ജീ...:-)

    എന്റെ കാര്യം

    1. കള്ളിനോട്‌ വിരക്തി - കുപ്പി കാലിയായി അടുത്ത ബോട്ടിലിന്റെ വില ആലോചിക്കുമ്പോള്‍.

    2.ഇരുളും മുന്നേ ഗൃഹം പൂകല്‍ - ഉവ്വ്‌. ബ്ലോഗി ബ്ലോഗി ഇപ്പോ പെട്ടെന്ന് ക്ഷീണിക്കുന്നു.

    3. തള്ളീടും വയറില്ല - ഇല്ല, ഇല്ല.

    4. നല്ല സരസന്‍? പിന്നേ!

    5. കൊള്ളാമെന്നോതിടും- ഷോപ്പിംഗിനു പോകുമ്പോള്‍ വേറെ പെണ്ണുങ്ങളെ കാണുമ്പോള്‍.

    6. പിശുക്കു മിതമായി. പിശുക്ക് ഒട്ടുമില്ല.ധാരാളിത്തം.

    7. സ്വയം പൊക്കലില്ല. അതേയുള്ളൂ. പക്ഷേ വീട്ടില്‍ മാത്രം..തിണ്ണമിടുക്കേ..

    8. എള്ളോളം പൊളിയില്ല. ഇല്ല ഇല്ല (ഹാ ഹാ)

    June 19, 2006 10:58 PM  
  7. Blogger സിദ്ധാര്‍ത്ഥന്‍ Wrote:

    ആഹാ അവന്‍താനിവന്‍. ഈശ്ലോകം എനിക്കുവേണ്ടിയുണ്ടാക്കിയതോ? ഇതിന്നു ചെന്നു്‌ ഭാര്യയെ കാണിച്ചാലോ? എന്നൊക്കെ ചിന്തിച്ചപ്പോള്‍ മനസ്സിലായി, ഏഴാമത്തേതു്‌ തെറ്റിയിരിക്കുന്നു. അപ്പോഴെട്ടമത്തേതും തെറ്റി. എന്തൊരു കുരുക്കപ്പാ. ഇനിയുമെന്തെങ്കിലും തെറ്റും മുന്‍പു്‌ കമന്റിട്ടിട്ടോടാം. അടിപൊളി ശ്ലോകം സന്തോഷേ

    June 19, 2006 10:58 PM  
  8. Blogger ചില നേരത്ത്.. Wrote:

    സന്തോഷ്ജീ
    ശ്ലോകം കലക്കി..എടുത്ത് സൂക്ഷിക്കട്ടെ..ആവശ്യം വരുമ്പോള്‍ എടുത്ത് നോക്കാല്ലോ.ലക്ഷണമൊക്കുന്നില്ലേന്ന്.

    June 20, 2006 2:50 AM  
  9. Blogger കുറുമാന്‍ Wrote:

    കുറുമിക്കിത് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പറഞ്ഞു, ഇതിലെന്തെങ്കിലും ഒന്നെന്റെ കെട്ട്യോനുണ്ടായിരുന്നെങ്കില്‍, ജീവിതം എത്ര ധന്യംന്ന് :)

    June 20, 2006 3:07 AM  
  10. Blogger Visala Manaskan Wrote:

    സ്വയം പുകഴ്ത്തല്‍ ഒഴിച്ച് എല്ലാം മാച്ചിങ്ങ്! എനിക്ക് നാണമാവുന്നൂ. ഈശ്വരാ ഞാനൊരു HP ആണോ..?

    കള്ളിന്റെ ടേയ്സ്റ്റ് ഇഷ്ടല്യാത്തോണ്ട് കുടിയില്ല, വേറെ പോകാന്‍ ഇടമില്ലാത്തോണ്ട് 6 മണിക്ക് വീട്ടില്‍ മുളയും, പാരമ്പര്യമായിട്ട് വയറന്മാരല്ല, സീരിയസ് ടൈപ്പാവാന്‍ ആഗ്രഹിച്ചാലും നടക്കുന്നില്ല, പിശുക്കാന്‍ ട്രൈ ചെയ്താല്‍ വിചാരിച്ചേന്റെ ഇരട്ടി ചിലവാകും.

    June 20, 2006 5:34 AM  
  11. Blogger സു | Su Wrote:

    നന്നായിട്ടുണ്ട്.


    “തള്ളീടും വയറില്ല, പിശുക്കു മിതമായ് മാത്രം“
    ഇത് രണ്ടും ഒഴിച്ചാല്‍ ചേട്ടന്റെ ലക്ഷണം.

    June 20, 2006 6:59 AM  
  12. Blogger Santhosh Wrote:

    അഭിപ്രായം പറഞ്ഞവരെല്ലാം ഗുണം നമ്പ്ര 5-നെ ഒഴിവാക്കുകയാണല്ലോ (തല്ലില്ല)... വരികള്‍ക്കിടയില്‍ വായിക്കണോ?

    അരവിന്ദേ: ഈ പ്രൂഫ് കയ്യില്‍ കരുതിക്കോളൂ.

    സിദ്ധാര്‍ത്ഥന്‍: എല്ലാര്‍ക്കും ഇത് അവരവരെപ്പറ്റിയാണെന്ന് സംശയമുണ്ടാവുകയാണല്ലോ. ഈ ബൂലോഗത്ത് എല്ലാരും ഡീസന്‍റായോ?

    ഇബ്രൂ: :)

    കുറുമാന്‍: ഞങ്ങളുടെ (ദേവന്‍റെയും എന്‍റെയും) മാനം കാത്തല്ലോ. താങ്കൂ, താങ്കൂ!

    വിശാലാ: ഓ, നോ! എല്ലാം മാച്ചിംഗ് ആയ സ്ഥിതിക്ക്, ഇനി സ്വയം പുകഴ്ത്തലും കൂടി തുടങ്ങിക്കോളൂ:)

    സൂ: ചേട്ടന്‍ കള്ളം പറയുമായിരിക്കും, സൂ അറിയാത്തതാ:)

    ദേവാ, ഒരു കാര്യം വിട്ടു. അക്ഷരശ്ലോകത്തില്‍ പുലി പോയിട്ട്, ഒരു പൂച്ചയോ എലിപോലുമോ അല്ല:(

    സസ്നേഹം,
    സന്തോഷ്

    June 20, 2006 1:47 PM  
  13. Blogger Santhosh Wrote:

    ഒന്നു കൂടെ: ഉമേഷിന്‍റെ ഈ പോസ്റ്റും അതിന് രാജേഷ് വര്‍മയിട്ട ഈ കമന്‍റും കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണേ!

    June 20, 2006 1:50 PM  
  14. Blogger Umesh::ഉമേഷ് Wrote:

    ആറു വർഷങ്ങൾക്കു ശേഷം, ഇതിൽ "തല്ലില്ല" എന്നൊരു ഗുണം മാത്രമേ ഉള്ളൂ സന്തോഷേ...

    November 20, 2012 9:24 AM  

Post a Comment

<< Home