ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, July 05, 2006

കണക്കു വയ്ക്കേണ്ടുന്ന ചെലവുകള്‍

“നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ?” പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു.

മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍, ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു: “ഇല്ല. മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല.”

സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ്? അവ വിശകലനം ചെയ്ത് ചെലവു കുറയ്ക്കാനാണോ? ഒരു മനസ്സമാധാനത്തിനോ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയാനോ? അതോ അനാവശ്യച്ചെലവുകളുടെ പട്ടിക നിരത്തി സമാധാനം കളയാനോ?

ആദ്യമായി ദൈനം ദിനച്ചെലവുകള്‍ക്ക് രൂപ സ്വന്തമായി കൈകാര്യം ചെയ്തു തുടങ്ങിയത് പ്രീ-ഡിഗ്രിക്ക് ഹോസ്റ്റലില്‍ എത്തിപ്പെട്ടപ്പോഴായിരുന്നു.

“അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കണം”, അമ്മ ഓര്‍മിപ്പിച്ചു. “ഒരു പഴയ പുസ്തകം അതിനായി കരുതണം.”
“അച്ഛന്‍ കണക്കെഴുതാറില്ലല്ലോ!”
“കണക്കെഴുതി വച്ച് ചെലവുകളെന്തൊക്കെയാണെന്ന് നോക്കാത്തതുകൊണ്ടാണ് ഷുഗറുണ്ടായിട്ടും അച്ഛന്‍ നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നത്. അതുകൊണ്ടാണ് കളീലുണ്ടായിട്ടും ഈ വീട്ടില്‍ പശുവില്ലാത്തത്.”
അമ്മ പരാതിപ്പെട്ടിയുടെ അടപ്പു തുറക്കുകയാണെന്നു മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു:
“ഞാന്‍ കണക്കെഴുതി വയ്ക്കാം!”

അഞ്ചാറുമാസം കഴിഞ്ഞ് ഞാന്‍ കണക്കെഴുത്ത് നിറുത്തി. ചെലവിന്‍റെ കണക്ക് എഴുതി വയ്ക്കുന്ന പരിപാടി അതീവ ബോറായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലതാനും. ഒരു മാസം എട്ടു രൂപയ്ക്ക് നാരങ്ങവെള്ളം കുടിച്ചു, അഞ്ചു രൂപ കടം കൊടുത്തു, തൊണ്ണൂറു രൂപയ്ക്ക് പുതിയ ടെക്സ്റ്റ് വാങ്ങി, കടം കൊടുത്ത പതിനേഴുരൂപ തിരികെ കിട്ടി തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് എനിക്കോ വീട്ടുകാര്‍ക്കോ പ്രയോജനപ്രദമായി തോന്നിയതേയില്ല.

പിന്നീട് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ കമ്പമുണ്ടായത് മൂന്നു കൊല്ലത്തോളം മുമ്പാണ്. ചെലവുകള്‍ ഇനം തിരിച്ച്, ഗ്രാഫ് വരച്ച്, വിശകലനം ചെയ്യേണ്ടുന്ന ആവശ്യകതയെക്കുറിച്ച് സുഹൃത്ത് വാചാലനായപ്പോള്‍ സ്വന്തം ചെലവുകള്‍ ഇങ്ങനെ ചിത്രരൂപത്തിലാക്കിയാല്‍ എങ്ങനെയിരിക്കും എന്നൊരു ജിജ്ഞാസ ഉടലെടുത്തു. രണ്ടുമാസം ഗ്രാഫ് കണ്ടതോടെ ആ കമ്പവും അവസാനിച്ചു.

അച്ചുവിന് ‘സമ്മര്‍ ഡ്രസ്’ നോക്കാന്‍ ദിവ്യ കടകള്‍ കയറിയിറങ്ങുകയാണ്. അച്ചു ഉറക്കമായതിനാല്‍ അച്ചുവും ഞാനും കാറില്‍ത്തെന്നെയിരിക്കുന്നു. റേഡിയോയില്‍ ‘പുസ്തകപരിചയം’ എന്ന പരിപാടി.

ബെര്‍ണാഡ് കൂപ്പറിന്‍റെ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’ എന്ന ഓര്‍മക്കുറിപ്പുകളാണ് പുസ്തകപരിചയത്തില്‍. ബെര്‍ണാഡിന്‍റെ പിതാവ് എഡ്‍വേഡ് കൂപ്പര്‍ ലോസ് ഏഞ്ചലസിലെ പ്രസിദ്ധനായ ഒരു വിവാഹമോചന അഭിഭാഷകനായിരുന്നു. അച്ഛന്‍റെയും മകന്‍റെയും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ഥ വീക്ഷണങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുള്ള പുസ്തകമത്രേ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’. മകന്‍ ഒരു എഴുത്തുകാരനായി പേരെടുത്തിട്ടും, ജീവിക്കാനുള്ള തൊഴില്‍ ഉള്ളവനായി അച്ഛന്‍ മകനെ കണക്കാക്കിയിരുന്നില്ല. മകന് അന്തസ്സിനു ചേര്‍ന്ന ഒരു തൊഴിലില്ലാത്തത്, പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത് ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന അച്ഛനെ നിരാശനാക്കി. ബെര്‍ണാഡിനെ വളര്‍ത്തി വലുതാക്കുന്നതു വരെയുള്ള ചെലവുകള്‍ ഒന്നും വിടാതെ ഒരു ബില്ല് ആയി മകനയച്ചു കൊടുത്തു, എഡ്‍വേഡ്. രണ്ട് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ ബില്ല്. (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇത്രയും റേഡിയോ പരിപാടി കേട്ട അറിവില്‍ നിന്നുമെഴുതുന്നതാണ്.)

ഈ പുസ്തകം സിനിമയാകുന്നുണ്ട്.

തിളങ്ങുന്ന ഒരു സ്പൈഡര്‍മാന്‍ ഉടുപ്പും നീല നിക്കറും പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ഞാന്‍ ദിവ്യയോട് ചോദിച്ചു:
“ഇതിനെത്രയായി?”
“സെയിലായിരുന്നു. ഒമ്പത് ഡോളര്‍”

“എന്താ ചിരിക്കുന്നത്?”

അച്ചുവിനയയ്ക്കുന്ന ബില്ലില്‍ ഒമ്പത് ഡോളര്‍ കൂടി എഴുതിച്ചേര്‍ക്കുന്ന രംഗം ഞാന്‍ സങ്കല്പിക്കുകയായിരുന്നു.

Labels:

12 Comments:

  1. Blogger ഡാലി Wrote:

    ഇത്ര മനോഹരമായി ജീവിതത്തിലെ ഒരു മണികൂര്‍ വിവരിക്കാനകും അല്ലെ? അതും കഥക്കും ജീവിതത്തിനും ഇടയില്‍ നിര്‍ത്തി. ഹോസ്റ്റല്‍ ജീവിതകാലത്ത് കണക്കെഴുതിയിരുന്ന്നു. പിന്നെ സന്തൊഷേട്ടനു മനസ്സിലായതു പോലെ മനസ്സിലായപ്പോല്‍ നിര്‍ത്തി. അപ്പോള്‍ എന്റെ അപ്പന്റെ ബില്ലിന്നായുള്ള കാത്തിരിപ്പു തുടരാം

    July 05, 2006 1:42 PM  
  2. Blogger prapra Wrote:

    ഇതും failed to meet my expectations-ന്റെ ഒരു പ്രശ്നം അല്ലേ? വക്കാരീസ്‌ ടിപ്‌ നമ്പര്‍ 7 ഓര്‍മ്മിക്കുന്നവര്‍ക്ക്‌, മാനസിക സുഖവും സമയ ലാഭവും ഞാന്‍ ഗാരണ്ടി നല്‍കുന്നു.

    July 05, 2006 6:19 PM  
  3. Blogger Santhosh Wrote:

    ഡാലി: കാത്തിരിക്കൂ, വരാതിരിക്കട്ടെ!
    പ്രാപ്ര: അച്ഛന്‍റെ ഭാഗത്തു നിന്നാണോ മകന്‍റെ ഭാഗത്തു നിന്നാണോ പറയുന്നത്? അച്ഛന്‍റെ ഭാഗത്തു നിന്നാണെങ്കില്‍ ഞാന്‍ യോജിക്കുന്നു.:)

    July 05, 2006 7:58 PM  
  4. Blogger myexperimentsandme Wrote:

    തന്നെ തന്നെ.. കര്‍മ്മണ്യേ.... പിന്നെ മീനത്തില്‍ താലികെട്ടെന്ന സിനിമയും കാണുക.

    സന്തോഷ്‌ജീ, എല്ലാ മക്കള്‍ക്കും തന്നെയുള്ള ഒരു കുഴപ്പം ഒരുനാള്‍ ഞാനും അച്ഛനെപ്പോലെ വളരും അച്ഛനാകും, അച്ഛനെപ്പോലെ ബ്രിട്ടാനിയാ മില്‍ക്ക് ബിക്കീസ് തനെ തിന്നും എന്നുള്ളതാണ്. അതുകൊണ്ട് അച്ഛന്‍ നിയമങ്ങളൊക്കെ മക്കള്‍ക്കും ബാധകമല്ലേ എന്നൊരു ആശങ്ക.

    ഞാന്‍ ഒരു ആറേഴു മാസത്തോളം കണക്കെഴുത്ത് തുടര്‍ന്നു. ചിലവായ പത്തു പൈസാ വരെ എഴുതാന്‍ മറന്നില്ല. അവസാനം പ്രാന്തായി. ജപ്പാനില്‍ വന്നതിനു ശേഷം, ഇവിടുത്തെ ജീവിത ചിലവ് എത്രയൊക്കെയുണ്ട് എന്നറിയാന്‍ ഒരു നാലുമാസത്തോളം എഴുതി. പിന്നെ നിര്‍ത്തി. കുറച്ചൊക്കെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു തന്നെയാണെന്ന് തോന്നുന്നു. എഴുതുന്നുണ്ട് എന്നുവെച്ച് മാത്രം, അതിന്റെപേരില്‍ ചിലവുകള്‍ കുറയ്ക്കണമെങ്കില്‍ കുറച്ച് മനക്കട്ടിയൊക്കെ വേണമെന്ന് തോന്നുന്നു. ഒരു പുതിയ പ്രദേശത്തു വന്നാല്‍ മൊത്തത്തിലൊരു ഐഡിയാ കിട്ടാന്‍ കുറച്ചു നാളത്തേക്കെങ്കിലും കണക്കെടുപ്പ് നല്ലതാണെന്ന് തോന്നുന്നു.

    എല്ലാം നേരാംവണ്ണം കൊണ്ടുപോകാന്‍ പറ്റിയിരുന്നെങ്കില്‍ നമ്മളൊക്കെ ആരായിരുന്നേനെ :)

    July 05, 2006 8:08 PM  
  5. Blogger Adithyan Wrote:

    അടുക്കും ചിട്ടയുമുള്ള ചിതറിയ ചിന്തകള്‍...
    നന്നായിരിയ്ക്കുന്നു...

    ഇന്നേ വരെ കണക്ക് എഴുതിയിട്ടില്ല. ബാങ്കില്‍ എത്ര പൈസ ബാക്കിയുണ്ടെന്നു നോക്കാതാവണം എന്നു കൂടിയുണ്ട്... നോക്കാന്‍ ഒന്നും ഇല്ലാത്തു കൊണ്ടു തന്നെ :)... ശംബളമായി വരുന്നു - ക്രെഡിറ്റ് കാര്‍ഡ് ബില്ലായി പോകുന്നു... പിന്നെ നമ്മള്‍ എന്തിനാ കണക്കു വെക്കുന്നെ എന്നൊരു ചിന്ത. കുറെ ഒക്കെ പ്രാബല്യത്തില്‍ വരുത്തി തുടങ്ങി... എന്നാലും വല്ലപ്പോഴും അറിയാതെ നോക്കിപ്പോവും...

    July 05, 2006 8:15 PM  
  6. Blogger ബിന്ദു Wrote:

    കണക്കെഴുതി കണക്കു പറയുമ്പോഴേയ്ക്കും കൂടുതല്‍ ചിലവാക്കേണ്ടി വരുന്നു എന്നൊരു കണ്ടുപിടുത്തം നടത്തി നിര്‍ത്തി ആ പരിപാടി.
    എന്റെ മുത്തശ്ശന്റെ ഒരു പഴയ കണക്കു ബുക്കു നോക്കിയപ്പോള്‍ കണ്ടത്‌.
    ആടിനെ കട്ട കള്ളനെ പിടിക്കാന്‍ പെറ്റീഷന്‍ കൊടുക്കാന്‍ പോയ വകയില്‍... 4 രൂപ

    (പോലീസിനു കൊടുത്തതും വഴിച്ചിലവിനും എല്ലാം കൂടി)
    ആടിനെ വിറ്റപ്പോള്‍ കിട്ടിയതു .... 3 രൂപ
    (ഇതൊക്കെ ഒത്തിരിക്കാലം മുന്‍പുള്ളതാണേ..അന്നു ഒരു പവനു 14 രൂപയോ മറ്റോ.. കണക്കുകള്‍ അത്ര കൃത്യമല്ലെങ്കിലും നഷ്ടക്കച്ചവടം ആയിരുന്നു എന്നോര്‍ക്കുന്നുണ്ട്‌ :))

    July 05, 2006 8:33 PM  
  7. Blogger Unknown Wrote:

    കണക്ക് എഴുതിയാല്‍ ഓ ഈ കാശെല്ലാം ഇങ്ങനെ ചിലവായെല്ലൊ എന്നോര്‍ത്തു ഭ്രാന്തു വരും.
    ഇനി കണക്ക് എഴുതിയില്ലെങ്കില്‍‍ ഓ ഈ കാശെല്ലാം എവിടെ ചിലവായോ എന്നോര്‍ത്തു ഭ്രാന്തു വരും.

    അപ്പൊ എന്തായാലും ഭ്രാന്തു വരും. പിന്നെ എഴുതി വെച്ചാല്‍ ബില്ല് ( വെണ്ടി വന്നാല്‍) അയിക്കുമ്പോള്‍ അറ്റാച്ച് ചെയ്തു അയിക്കാന്‍ എളുപ്പം!

    സന്തോഷ്,
    നല്ല ചിന്തകള്‍.

    July 05, 2006 8:43 PM  
  8. Blogger Visala Manaskan Wrote:

    നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

    ചിലവും വരവുമെഴുതിവക്കല്‍ ശീലവും സന്തോഷവുമാണ് എനിക്ക് .

    എവിടെയൊക്കെ ഞാന്‍ ‘എന്നെ‘ മറന്നൂ എന്നറിയാന്‍ , സ്വയം ഒരു ഓര്‍മ്മപ്പെടുത്തല്‍ അതും ഒരു ലക്ഷ്യമാണ് ഈ കണക്ക് വയ്ക്കലിന്റെ.

    July 05, 2006 9:03 PM  
  9. Blogger കല്യാണി Wrote:

    സന്തോഷേട്ടാ, നല്ല ചിന്തയും അവതരണവും.

    കണക്കെഴുതി കഴിയുമ്പോള്‍ കാശു പോയ വഴി മനസ്സിലായതിന്റെ സന്തോഷം. ആ വഴി അടുത്ത മാസം പോകാതിരിക്കാം എന്ന് മനസ്സിലോര്‍ക്കും. എന്നാലും കണക്കെഴുതുന്നതു തന്നെ സന്തോഷം എനിക്ക്‌. പക്ഷെ കണക്കെഴുതാന്‍ രണ്ടു ദിവസം വൈകിയാല്‍ ചിലവാക്കിയതെത്ര എന്ന കാര്യത്തില്‍ രണ്ടു പേര്‍ക്കും ഓര്‍മയില്ലാതായതോടെ കണക്കെഴുത്തു നിന്നു :-(

    July 05, 2006 10:36 PM  
  10. Blogger രാവുണ്ണി Wrote:

    രസമായിരിക്കുന്നു. മിനിഞ്ഞാ‍ന്ന് പഴയ കടലാസുകള്‍ ഒതുക്കി വയ്ക്കുന്നതിനിടെ പഠിക്കുന്ന കാലത്ത് കണക്കെഴുതി വച്ചിരുന്ന ചെറിയ പുസ്തകം കണ്ടപ്പോള്‍ എന്നോ ഉപേക്ഷിച്ച ആ ശീലത്തെപ്പറ്റി ഓര്‍ത്തു. ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ വക തിരിച്ചുള്ള കണക്കും കൃത്യമാ‍യ ബാങ്ക് സ്റ്റേറ്റ്മെന്റുകളുമൊക്കെയുണ്ടായിട്ടും കാശെവിടെപ്പോകുന്നെന്നൊരു പിടിയുമില്ല:)

    July 06, 2006 2:13 PM  
  11. Blogger മുല്ലപ്പൂ Wrote:

    എഴുത്തിന്റെ ഒഴുക്കു വളരെ ഇഷ്ടപ്പെട്ടു..
    നിര്‍ത്തിയ വരിയും...

    July 21, 2006 1:01 AM  
  12. Anonymous Anonymous Wrote:

    സന്തോഷേ, ഒരു വെറും കുറിപ്പാണെന്നു കരുതിയാണ് വായിച്ചത്. പക്ഷേ ഒരു മനോഹരമായ ചെറുകഥപോലെ. കഥ പറഞ്ഞു നിറുത്തിയ രീതി പെര്‍ഫെക്ട്! ഇനിയും വരാം.

    July 28, 2006 8:39 AM  

Post a Comment

<< Home