Friday, January 18, 2008

അജഗജാന്തരം

അനന്തമായ അറിവിന്‍റെ നിധിശേഖരം പങ്കുവയ്ക്കുന്നതുവഴി അപഥസഞ്ചാരം നടത്തുന്ന ഒരു സമൂഹത്തെത്തന്നെ ഉദ്ധരിക്കാമെന്നും, ഉറങ്ങുകയല്ലെങ്കിലും ഉറക്കംനടിക്കുന്ന മനസ്സിനെ തൊട്ടുണര്‍ത്തി സാമൂഹികാവബോധം കുത്തിവയ്ക്കാമെന്നുള്ള പ്രതീക്ഷയോടെയാണ്, മറ്റുപലരേയും പോലെ, ഞാനും ബ്ലോഗെഴുതുന്നത്. 2007-ലോ അതിനു മുമ്പോ നിലവില്‍ വന്ന ജനപ്രിയ അവാര്‍ഡുകളൊന്നും തരമായില്ലെങ്കിലും ‘ഏറ്റവും നല്ല നവോത്ഥാന ബ്ലോഗ്’ എന്ന വിഭാഗത്തില്‍ സ്പെഷല്‍ ജൂറി പരാമര്‍ശം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് ഈ സാമൂഹിക പ്രതിബദ്ധത കൊണ്ടു മാത്രമാണ്. ‘കല ജീവിതം തന്നെ’ എന്ന സിദ്ധാന്തത്തിനോടുള്ള എന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞുവയ്ക്കുന്നത്.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ (ഡ്രാഫ്റ്റ് രൂപത്തില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഏതാണ് ഉടന്‍ പ്രസിദ്ധീകരണയോഗ്യം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച പതിനൊന്നിന റ്റെസ്റ്റാണ് സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റ്) പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാം. ഓഫ് റ്റോപിക് ആയി വന്നതും (എനിക്ക് അഹങ്കാരമാണെന്ന് ആരോപിച്ചതുള്‍പ്പടെയുള്ളവ) സ്വന്തം ബ്ലോഗു പരസ്യങ്ങളായി വന്നതുമായ കമന്‍റുകള്‍ ഒരു ബോട്ടുപയോഗിച്ച് ഡിലീറ്റ് ചെയ്തതുകൊണ്ടുമാത്രമാണ് (കൈ കൊണ്ടു ഡിലീറ്റു ചെയ്യുക കേവലം അസാധ്യമായിരുന്നു) ആ പോസ്റ്റില്‍ കമന്‍റുകള്‍ തീരെ കുറവാണല്ലോ എന്ന് ബ്ലോഗിലെ നവാഗതര്‍ക്ക് തോന്നുന്നത്. ആ പോസ്റ്റിന്‍റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് എനിക്കുണ്ടായ അഭൂതപൂര്‍വ്വമായ പ്രശസ്തി സാമൂഹികനന്മയ്ക്കുപകരിക്കും‍വിധം വഴിതിരിച്ചുവിടുന്നതിനു ചുക്കാന്‍ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം നഗരത്തില്‍ രൂപം കൊള്ളാനിരുന്ന ‘ശേഷം ചിന്ത്യം ഫാന്‍സ് അസോസിയേഷന്‍’ എന്ന ജീവകാരുണ്യസംഘടയുടെ ആദ്യയോഗം എന്‍റെ തന്നെ നിര്‍ബന്ധപ്രകാരം മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവച്ചതും പരസ്യമായ രഹസ്യം മാത്രമാണ്. ‘റൂമര്‍ മില്‍’ എന്ന പോസ്റ്റില്‍ പറഞ്ഞകാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു: എന്‍റെ സമയം നന്നല്ല എന്ന് കലണ്ടര്‍, പഞ്ചാംഗം, ആദിയായ കാര്യങ്ങളില്‍ നിപുണനായ ഒരു സരസകവി എന്നെ അറിയിക്കുകയുണ്ടായി. അതുമൂലമാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്. അല്ലാതെ കുത്തകകമ്പനികളിലെ ജീവനക്കാര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂലമല്ല. എന്‍റെ സമയം നന്നായാലുടന്‍ SCFA അതിന്‍റെ രൂപീകരണയോഗവുമായി മുന്നോട്ടുപോകുന്നതാണ്.

പറഞ്ഞു കാടുകയറിയതുകാരണം പറയേണ്ട കാര്യം ഇതുവരെ പറഞ്ഞില്ല.

ഞാന്‍ അഭിപ്രായം മാറ്റി!

കാളപെറ്റെന്നു കേള്‍ക്കും മുമ്പ് കയറെടുത്തോടരുത്. പോസ്റ്റുമുഴുവന്‍ വായിച്ചിട്ടേ അഭിപ്രായം പറയാവൂ. പണ്ടൊക്കെയായുന്നെങ്കില്‍ നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായം മാറ്റിയാലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു. ഇന്ന് അങ്ങനെയാണോ? പണ്ടു പറഞ്ഞതെന്ത്? ഇന്ന് പറയുന്നതെന്ത്? പണ്ടു പറഞ്ഞതു മൂലം ബ്ലോഗുലോകത്തിനുണ്ടായ മാറ്റങ്ങളെ ഇല്ലായ്മ (undo) ചെയ്ത് പുതിയ അഭിപ്രായത്തിലേയ്ക്ക് സമന്വയിപ്പിക്കുന്നത് സാധ്യമോ? അങ്ങനെയെങ്കില്‍ അതിന്‍റെ ചുമതല ആര്‍ക്ക്? പഴയ അഭിപ്രായത്തെ അധികരിച്ചുണ്ടാക്കിയ പ്രബന്ധങ്ങളെ പിന്താങ്ങിയവരുടെ ഗതിയെന്ത്? അങ്ങനെയുള്ളവരെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുമോ? അവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചു നടത്തുവാന്‍ പറ്റിയ തത്വശാസ്ത്രം വല്ലതും പുതിയ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നുണ്ടോ? ഇനിയും അഭിപ്രായം മാറാന്‍ സാധ്യതയുണ്ടോ? പഴയ അഭിപ്രായത്തോടു അന്ന് യോജിപ്പുപ്രകടിപ്പിച്ചവര്‍ക്ക് പുതിയ അഭിപ്രായത്തെ ഇപ്പോള്‍ പിന്താങ്ങാമോ? അവരെ അവസരവാദിയെന്ന് വിളിക്കാതിരിക്കാന്‍ മുന്‍‍കരുതലെടുത്തിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ചോദിക്കുന്നരൂപേണ സ്വയം ചോദിച്ച് അതിന് സ്വയം ഉത്തരം കണ്ടെത്തി, പരിക്കുകളേതുമില്ലാതെ രക്ഷപ്പെടാം എന്നു ബോധ്യമായശേഷമേ എന്നെപ്പോലുള്ളവര്‍ക്ക് അഭിപ്രായം മാറാന്‍ പറ്റൂ. (കാര്യം വളരെ കഷ്ടമാണ്. എന്നാലും പ്രശസ്തിയോടൊപ്പം വന്നുചേരുന്ന ഇത്തരം ചില്ലറ അസൌകര്യങ്ങള്‍ വിസ്മരിക്കാതെ വയ്യല്ലോ.)

പറയേണ്ട കാര്യം ഇനിയും പറഞ്ഞില്ല.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാമെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ആ പോസ്റ്റില്‍,

ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

എന്ന് ഞാന്‍ സമര്‍ഥിച്ചിരുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ‘ഞാനും നീയും’ എന്നതിനു പകരം, സായിപ്പ് പറയുമ്പോലെ ‘നീയും ഞാനും’ എന്ന് പറയുന്നതാണ് മലയാളത്തിനും ഉചിതമെന്ന് പറഞ്ഞുവയ്ക്കുവാന്‍ അന്നെനിക്ക് ജളതയുണ്ടായില്ല.

മറ്റൊരു പ്രശസ്ത വ്യക്തിയായ എം. എല്‍. ബാലകൃഷ്ണനേയും എന്നേയും ഒരു വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമന്‍റ് കേള്‍ക്കാനിടയായിയായതാണ് എന്‍റെ അഭിപ്രായമാറ്റത്തിന് കാരണമായി ഭവിച്ചത്. തുടര്‍ന്നു വായിക്കുമ്പോള്‍, ഞാന്‍ ചെയ്തത് മഹാപരാധമല്ലെന്നും, സ്വന്തം ഇമേയ്ജിനെപ്പറ്റി ബോധമുള്ള ഏതൊരു മലയാളിയും ചെയ്യുന്നതാണ് ഇത്തരം അഭിപ്രായമാറ്റങ്ങളെന്നും നിങ്ങള്‍ക്ക് മനസ്സിലാവും. (ഒരു കാര്യം പറഞ്ഞേക്കാം: ഇതൊന്നും ചെന്ന് എം. എല്‍. ബാലകൃഷ്ണനോട് ചോദിച്ചേക്കരുത്, രണ്ടുപേര്‍ക്കും അനാവശ്യ പ്രശസ്തി ഇഷ്ടമല്ല.) ആ കമന്‍റിനു മറുപടിയായി, മുകളില്‍ പ്രതിപാദിച്ച നിയമം തെറ്റിക്കാതെ ഞാന്‍ പറഞ്ഞു:

എം. എല്‍. ബാലകൃഷ്ണനും ഞാനും തമ്മില്‍ അജഗജാന്തരമുണ്ട്.

അജഗജാന്തരത്തില്‍ അജം (ആട്) ആദ്യം വരുന്നതിനാലും ഗജം (ആന) എന്നു വിളിക്കപ്പെടാന്‍ തക്ക തടിയുണ്ടെന്ന് സമ്മതിക്കാന്‍ എനിക്ക് വിഷമമായതിനാലും, ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:

ഞാനും എം. എല്‍. ബാലകൃഷ്ണനും തമ്മില്‍ അജഗജാന്തരമുണ്ട്.

നല്ല ഡിസൈനറും ആശാരിയും ആയാലും ഇന്ത്യയും ബ്രിട്ടനുമായാലും പുതുതലമുറയും പഴയതലമുറയുമായാലും, അജഗജാന്തരം എന്ന വാക്കുപയോഗിക്കുമ്പോള്‍ ആരെ ആനയാക്കണം എന്ന് ആലോചിച്ചിട്ട് മറ്റേയാളെ ആടാക്കുക എന്നത് വെറും സാമാന്യബോധം മാത്രമാകുന്നു. സ്വന്തം കാര്യമാവുമ്പോള്‍ ഇത് ശ്രദ്ധിക്കേണ്ടത് ഏറ്റവും അത്യാവശ്യവും.

സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാതിരിക്കാനും, വേണമെങ്കില്‍ തകര്‍ക്കാനും തിരുത്താനുമല്ലെങ്കില്‍ പിന്നെ നമ്മളൊക്കെയെന്തിനാ റൂളുണ്ടാക്കുന്നത്?

9 പ്രതികരണങ്ങൾ:

 1. Umesh::ഉമേഷ്

  അജഗജാന്തരവ്യത്യാസമെന്നൊക്കെ പറേമ്പോ ആദ്യത്തേതു് ആടു പോലേം രണ്ടാമത്തേതു് ആന പോലേം ഇരിക്കണമെന്നു പറഞ്ഞതു മനസ്സിലായി. എസ്. കുമാറും എന്‍. പി. ആറും ഏറനാടനുമൊക്കെ ആടിനെ ആനയും തിരിച്ചും ആക്കിയെന്നും മനസ്സിലായി. അതിനു നീ അതിന്റെ മോളില്‍ ഇങ്ങനെ കുറേ കുലുകുലാന്നു പറഞ്ഞിരിക്കണതു് എന്തരപ്പീ?

  “കലണ്ടര്‍, പഞ്ചാംഗം, ആദിയായ കാര്യങ്ങളില്‍ നിപുണനായ ഒരു സരസകവി...” ഇങ്ങനെ കലുകുലാന്നു് മൂന്നു പേജ് മനുഷ്യനു മനസ്സിലാകാത്ത കാര്യം എഴുതണം എന്നും പറഞ്ഞുതന്നോ?

 2. ഹരിത്

  എന്തു നല്ല വിനയം. വിനയമേ നിന്റെ പേരുമാറിയത് ഞങ്ങളാരും അറിഞ്ഞിരുന്നില്ല.!!
  ‘ മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍’ എന്നു സന്തോഷ് എഴുതിയതു അടിച്ചു മാറ്റിയാണു കാളിദാസന്‍ പണ്ട് ആളായതു അല്ലേ?

  ചേട്ടാ ....ഇന്നലെയായിരുന്നോ അവിടെ ന്യൂ ഇയറാഘോഷിച്ചത്? അല്ല, ചുമ്മാ ചോദിച്ചതാണു. ഒരു ഹാങൊവെറില്‍ ചാമ്പിയ പോസ്റ്റാണെന്നു തോന്നി. (സന്തോഷിന്റെ പോസ്റ്റ്പോലെ തന്നെ സീരിയസാണ് ഈ കമന്റും)

 3. ഹരിത്

  ഉമേഷ് ഗുരു അജഗജാന്തര “വ്യത്യാസം” എന്നെഴുതിയതു നര്‍മ്മത്തിനു വേണ്ടിയാണെന്നു കരുതാനാണെനിക്കിഷ്ടം

 4. Umesh::ഉമേഷ്

  ഞാന്‍ ആ എഴുതിയതു മുഴുവന്‍ നര്‍മ്മമല്ലേ ഹരിതേ? ഇനി സ്മൈലി കൂടെ ഇടണോ? :)

 5. വാല്‍മീകി

  വളരെ നല്ല ലേഖനം സന്തോഷ്.

 6. Priya

  ച്ചേ , വേണ്ടായിരുന്നു. റൂള് തിരുത്തണ്ടായിരുന്നു.ഇനി ചരിത്രം അങ്ങയെ " വാക്ക് മാറ്റിയവന് " എന്ന് ആക്ഷേപിക്കില്ലേ? പകരം ആ അജത്തിനെയും ഗജത്തിനെയും ഒന്നും സ്ഥാനം മാറ്റി നിര്ത്തിയാല് പോരായിരുന്നോ?
  ഗജഅജാന്തരം :p

 7. സന്തോഷ്

  എന്‍റെ ഡ്രൈ ഹ്യൂമര്‍ മനസ്സിലാക്കിയവര്‍ക്കായി സ്തോത്രം. (നര്‍മ്മം എന്ന ലേബലില്‍ കാര്യം കഴിയും എന്നു കരുതിയ ഞാന്‍ മണ്ടന്‍!)

  വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി!

 8. ഹരിത്

  ഓഹോ... നര്‍മ്മമായിരുന്നു അല്ലേ? പോസ്റ്റ് ഡ്രൈ ഹൂമര്‍, കമന്റ് ബ്ലാക്ക് ഹൂമര്‍...
  ജഗതിച്ചേട്ടന്‍ ചോദിച്ച്തു പോലെ ഒന്നു ചോദിച്ചോട്ടെ ( മുണ്ട് മടക്കിക്കുത്തുന്നു)

  “ താനാരൂവേ....”

  വിഷമിക്കണ്ട കേട്ടോ, പോസ്റ്റ് കൊള്ളാം.....ഞാന്‍ സന്തോഷിന്റെ പഴയ ഒരു ആരാധകന്‍ അല്ലേ.... ആ ഉമേഷ് ഗുരുവിന്റെ കമന്റല്ലേ എന്നെ വഴിതെറ്റിച്ചതു...

  “ അമ്മാണെ.തന്നെ...കേട്ടാ...”

 9. Inji Pennu

  ആ രണ്ട് പാരഗ്രാഫ് എഴുതുന്നതിനു മുന്‍പ് രാജേഷ് വര്‍മ്മയോട് വല്ലോം സംസാരിച്ചായിരുന്നോ? :) തമാശക്കാരെ പറ്റി പോസ്റ്റിടാന്‍ നേരമായി.