ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, September 03, 2006

ബൂലോഗ ക്ലബിന് സംഭവിക്കുന്നത്

ബൂലോഗ ക്ലബ് ചവറുകൂനയാണെന്നും അഴുക്കുചാലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിരിക്കുകയാണല്ലോ. ബൂലോഗ ക്ലബ് ഇത് രണ്ടുമല്ല-ആവരുത്-എന്ന എളിയ അഭിപ്രായമാണ് എനിക്കുള്ളത്. ഈ ഗതി തുടര്‍ന്നാല്‍ ക്ലബിനെ പിന്മൊഴി സം‌വിധാനത്തില്‍ നിന്നും വിലക്കും എന്ന് ഏവൂരാന് പറയേണ്ടി വന്നിരിക്കുന്നു.

തത്ത്വദീക്ഷയില്ലാത്ത പുതിയ പോസ്റ്റുകളാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത്. ക്ലബിലെ അംഗങ്ങളെ, “ചുമ്മാ വാ” എന്ന് പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്. ‘സഭ്യവും നിയമാനുസൃതവുമായ’ എന്തും പോസ്റ്റാം എന്ന ക്ഷണം, സഭ്യവും നിയമാനുസൃതവുമായ എല്ലാം ഇവിടെ പോസ്റ്റൂ എന്ന് വ്യാഖ്യാനിക്കുന്നതാണബദ്ധം. ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, രണ്ടാവൃ‍ത്തി ആലോചിക്കൂ എന്നാണെന്‍റെ അപേക്ഷ.

ക്ലബില്‍ കൂട്ടായ്മയ്ക്കാണ് സ്ഥാനം, വ്യക്തിക്കല്ല. ബൂലോഗര്‍ക്ക് പൊതുവായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങളാവണം പോസ്റ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ബൂലോഗം, മലയാളം, ഭാരതം എന്നിവയുമായി നേരിട്ട് ബന്ധമുള്ള പോസ്റ്റുകള്‍ അഭികാമ്യമത്രേ. മറ്റു ബ്ലോഗുകളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ (ഏത് വിഷയത്തെപ്പറ്റിയായാലും) ബൂലോഗ ക്ലബിലേയ്ക്ക് പറിച്ചുനടുന്നത്, പിന്നീട് തപ്പിയെടുക്കാന്‍ സഹായകമാവും.

സ്വന്തം കൃതിയുടെ പരസ്യവും പുതിയ സങ്കേതങ്ങളുടെ പരീക്ഷണവും ക്ലബില്‍ കല്ലുകടിയാണ്. പരസ്പരം മുതുകു ചൊറിയലും അരോചകമാണ്. വിശേഷദിവസങ്ങളുടെ ആശംസകള്‍ ക്ലബില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാമാണ് സ്വന്തം ബ്ലോഗുകള്‍ ഉപയോഗിക്കേണ്ടത്. കാണേണ്ടവന്‍ വന്നു കണ്ടുകൊള്ളും. വിശപ്പില്ലാത്തവനെ നിര്‍ബന്ധിച്ചൂട്ടിക്കേണ്ട കാര്യമില്ല.

കമന്‍റുകളുടെ എണ്ണം പോസ്റ്റിന്‍റെ വില അളക്കുന്നതിന് മാനദണ്ഡമാകാന്‍ പാടില്ല. എന്നാലും ബൂലോഗ ക്ലബിനുവേണ്ടി ഇതൊരു മാനദണ്ഡമാക്കാവുന്നതേയുള്ളൂ. കുറഞ്ഞത് അഞ്ച് കമന്‍റുകളെങ്കിലും ഇല്ലാത്ത പോസ്റ്റുകള്‍ ബൂലോഗ ക്ലബില്‍ വരേണ്ടതായിരുന്നില്ല എന്ന് എഴുത്തുകാര്‍ മനസ്സിലാക്കേണ്ടതാണ്.

ക്ലബില്‍ പോസ്റ്റു ചെയ്യുന്നവര്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് ക്ഷമയര്‍ഹിക്കാത്ത തെറ്റാണ്. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകള്‍ അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ തിരുത്താത്തപക്ഷം, മറ്റൊന്നുമാലോചിക്കാതെ നീക്കം ചെയ്യാന്‍ ക്ലബില്‍ അഡ്മില്‍ റൈറ്റുള്ളവര്‍ തയ്യാറാവേണ്ടതാണ്. ബൂലോഗത്തിന്‍റെ കൂട്ടായ്മയുടെ കേന്ദ്രം എന്നൊക്കെ അച്ചടി മാധ്യമങ്ങള്‍ പുകഴ്ത്തിയ ക്ലബിലേയ്ക്ക് പുതുതായെത്തുന്ന വിരുന്നുകാരനെ അക്ഷരപ്പിശാച് കൊഞ്ഞനം കുത്തിക്കാണിക്കുമ്പോള്‍ “ഇതാണോ ഇവിടുത്തെ ഒരു നിലവാരം?” എന്ന് ചോദിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതൊരു പെരുമാറ്റച്ചട്ടമല്ല; അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കാനുള്ള മുറവിളിയുമല്ല. എന്തിനുമേതിനും പെരുമാറ്റച്ചട്ടമില്ലെങ്കില്‍ തോന്നിയപോലെ ചെയ്തു ശീലിച്ചവര്‍ക്ക്, ആത്മസം‌യമനം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായാല്‍ ബൂലോഗ ക്ലബിലെ ചവറ്റുകുട്ട ഉപയോഗരഹിതമായി ഇരിക്കും; അത് അങ്ങനെ ഇരിക്കണം.

Labels: ,

30 അഭിപ്രായങ്ങള്‍:

 1. Blogger ഉമേഷ്::Umesh എഴുതിയത്:

  ലേഖനം സമയോചിതമായി സന്തോഷ്. മാദ്ധ്യമശ്രദ്ധയും മറ്റും കിട്ടിയതിനു ശേഷം ക്ലബ്ബിനു കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ടു്. പത്തു പോസ്റ്റെങ്കിലും ഇട്ടതിനു ശേഷമേ ക്ലബ്ബില്‍ അംഗത്വം കൊടുക്കാവൂ എന്നോ മറ്റോ ഒരു കീഴ്‌വഴക്കം തുടങ്ങിയാലോ?

  ക്ലബ്ബിന്റെ നിര്‍വ്വചനത്തില്‍ത്തന്നെ എനിക്കു തെറ്റെന്നു തോന്നുന്ന ഒരു വാക്കുണ്ടു്-ആര്‍മ്മാദിക്കുക. ബൂലോഗത്തിലല്ലാതെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു വാക്കു്. ഇതിപ്പോള്‍ എല്ലാവരും എടുത്തുപയോഗിക്കുന്നുണ്ടു്. ഇതു യഥാര്‍ത്ഥത്തില്‍ മലയാളത്തിലുള്ള വാക്കാണോ, അതോ ഏതെങ്കിലും പ്രാദേശികഭേദത്തിലുള്ളതാണോ, അതോ ബൂ‍ലോഗത്തിനു വേണ്ടി ഉണ്ടാക്കിയതാണോ?

  Sun Sep 03, 01:54:00 PM 2006  
 2. Blogger പുള്ളി എഴുതിയത്:

  അര്‍മ്മാദം വളരെ അര്‍ഥവ്യപ്തിയുല്ല ഒരു പുതിയ വാക്കാണു്‌ ഉമേഷ്‌, നിഘണ്ടുവിലില്ലെങ്കിലും.
  അടിച്ചുപൊളിക്കുക, ചെത്തിപ്പൊളിക്കുക മുതലായവ പര്യായങ്ങളും.
  എതൊക്കെയോ മുഖ്യധാരാ സിനിമകളിലും ഇതുപയോഗിച്ചിട്ടുണ്ട്‌.

  പിന്നെ ബൂലോക ക്ലബ്‌. അതില്‍ സഭ്യമായത്‌ എന്നത്‌ സഭയ്ക്കുനിരക്കുന്നത്‌ എന്ന്‌ അക്ഷരാര്‍ഥത്തില്‍ തന്നെയെടുത്താല്‍, direct marketingഉം, എന്‍ പൃഷ്ഠം നിന്‍ പൃഷ്ഠം deal കളും ഒഴിവാക്കവുന്നതേയുള്ളൂ.
  modaretors ഉണ്ടല്ലോ ഈ സഭയ്ക്ക്‌. അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാത്ത പോസ്റ്റുകളെ എന്തു ചെയ്യണം എന്ന് തീരുമനിക്കുന്നത്‌ നടപ്പില്‍ വരുത്താന്‍ അവരുടെ സേവനം വേണ്ടിവന്നേക്കും..

  Sun Sep 03, 06:09:00 PM 2006  
 3. Blogger സുരലോഗം || suralogam എഴുതിയത്:

  മലയാളം ബ്ലോഗിങിന്റെ നിലവാരത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് ഏറെ തെറി പിടിച്ചതാണ് ഈയുള്ളവന്‍.'മതിലുകെട്ടുന്നതെന്തിനാ?' എന്നൊക്കെയായി പരാതികള്‍.

  Sun Sep 03, 06:19:00 PM 2006  
 4. Blogger പുള്ളി എഴുതിയത്:

  ഇരു തോണിയില്‍ കാലനാവുകയല്ല പക്ഷെ ഇതു പറയുമ്പോള്‍ മറ്റൊന്നുകൂടിപറയാതിരിക്കാന്‍ വയ്യ.
  അധികാരമുള്ളിടത്തേ അധികാരരാഷ്ട്രീയമുണ്ടാകൂ. അതുകൊണ്ടു ബ്ലൊഗാധിപത്യവിദ്ധ്വംസനം ആകാത്ത രീതിയില്‍ ഈ നിയന്ത്രണം വന്നാല്‍ വളരെ നന്നു.
  ചുരുക്കി പറഞ്ഞാല്‍ വടി ഒടിയുകയും അരുത്‌ പാമ്പു ചാവുകയും വേണം.

  പുലിസ്ഥാനീയരേ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ ...

  Sun Sep 03, 07:39:00 PM 2006  
 5. Blogger Kuttyedathi എഴുതിയത്:

  വളരെ സമയോചിതമായി സന്തോഷ്, ഈ പോസ്റ്റ്. പൂതുതായി വരുന്നവറ്ക്ക് ക്ലബ്ബിനെ പറ്റി തെറ്റിദ്ധാരണകള്‍ ഏറെയുണ്ടെന്നു തോന്നുന്നു.

  ക്ലബ്ബില്‍ മെംബറ്ഷിപ്പെടുത്താല്‍ മാത്രമേ, തങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നതാണതിലൊന്ന്. ദിവസേന പിന്മൊഴികളില്‍ കാണുന്ന ‘പ്ലീസ് എനിക്കും അംഗത്വം തരൂ, എന്നെയും കൂടി ചേറ്ക്കൂ’ തുടങിയ മുറവിളികള്‍ ആ ചിന്തയുടെ ഫലമാണ്. ബൂലോഗ ക്ലബ്ബിലെ മെംബര്‍ഷിപ്പ് അവിടെ പോസ്റ്റിടാന്‍ വേണ്ടി മാത്രം ആവശ്യമായ ഒന്നാണെന്നും, അല്ലാതെ ബ്ലോഗ് തുടങ്ങുന്നതിനോ, കമന്റുന്നതിനോ, കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നതിനോ ഒന്നുമൊന്നും ക്ലബ്ബിലെ മെമ്പറ്ഷിപ്പാവശ്യമില്ല എന്ന് ആരെങ്കിലും ഒന്നു ബോധവല്‍ക്കരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

  ഉമേഷ്ജിയുടെ അഭിപ്രായം പരീക്ഷിക്കാവുന്നതാണ്. രണ്ടോ മൂന്നോ പോസ്റ്റിടുകയോ ഒക്കെ ചെയ്ത ശേഷം, ഭൂലോകം എന്താണെന്നൊന്നു മനസ്സിലാക്കിയ ശേഷം, ക്ലബ്ബില്‍ അംഗത്വം കൊടുക്കാവൂ എന്നോ മറ്റോ ?

  പോസ്റ്റുകള്‍ ഭൂലോക ക്ലബ്ബിലിട്ടാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടും, അല്ലെങ്കില്‍ അവിടെ ഇട്ടാല്‍ മാത്രമേ ആളുകള്‍ പുതിയ പോസ്റ്റുകള്‍ കാണുള്ളൂ എന്നും ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുള്ളതു കൊണ്ടാകും, സ്വന്തം ബ്ലോഗിലിട്ട പോസ്റ്റു പോലും വീണ്ടുമെടുത്തു ക്ലബ്ബിലിടുന്നത്. ക്ലബ് ഭാരവാഹികള്‍, എന്തെങ്കിലുമൊരു നിയമാവലി (ആറ്ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ) ഇക്കാര്യത്തില്‍ ഉണ്ടാക്കുന്നതു നന്നായിരിക്കും എന്നു തന്നെയാണെന്റെയും അഭിപ്രായം.

  സന്തോഷ്, അവസാന പാരയിലെ ‘അത്മസംയമനം’ തിരുത്തണേ.

  Sun Sep 03, 09:06:00 PM 2006  
 6. Blogger കണ്ണൂസ്‌ എഴുതിയത്:

  ജിത്ത്‌ മുന്‍പൊരിക്കല്‍ പറഞ്ഞ പോലെ, ഒരു കൂട്ടായ്മയില്‍ മറ്റൊരാള്‍ ഇട്ട പോസ്റ്റ്‌ നീക്കുന്നത്‌ അത്ര മര്യാദയുള്ള കാര്യമല്ല. അതു കൊണ്ട്‌, മെംബര്‍മാര്‍ തന്നെയാണ്‌ പോസ്റ്റ്‌ ചെയ്യുന്ന വിഷയം മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്രദമായതാണ്‌ അല്ലെങ്കില്‍ താത്‌പര്യമുള്ളതാണ്‌ എന്ന് ഉറപ്പു വരുത്തേണ്ടത്‌.

  ഒരു അഴുക്കുചാല്‍ ക്ലീനിംഗ്‌ അത്യാവശ്യമായി വന്നിരിക്കുന്നതിനാല്‍, പക്ഷേ, കുറച്ചു കാലത്തേക്കെങ്കിലും ഒരല്‍പ്പം കര്‍ക്കശ നിലപാടാവാം എന്നാണ്‌ എന്റെ അഭിപ്രായം. "ഞാന്‍ വന്നു", "എന്റെ സുഹൃത്ത്‌ ബ്ലോഗ്‌ തുടങ്ങി", "ഞാന്‍ ഒരു പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌" എന്നീ ടൈപ്‌ പോസ്റ്റുകള്‍ വീണ്ടുവിചാരമില്ലാതെ നീക്കം ചെയ്യുക. നീക്കണോ വേണ്ടയോ എന്ന് സംശയമുള്ള പോസ്റ്റ്‌ ആണെങ്കില്‍, കുറച്ച്‌ ആള്‍ക്കാരോട്‌ മെയില്‍ വഴി അഭിപ്രായം ആരാഞ്ഞ്‌ വേണ്ടത്‌ ചെയ്യുക.

  പക്വതയുള്ള ആരെങ്കിലും ഈ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ നന്നായിരുന്നു. ദേവിനേയോ സന്തോഷിനേയോ ആണ്‌ എനിക്ക്‌ നിര്‍ദ്ദേശിക്കാനുള്ളത്‌.

  Sun Sep 03, 09:16:00 PM 2006  
 7. Blogger മന്‍ജിത്‌ | Manjith എഴുതിയത്:

  കണ്ണൂസിന്റേതു നല്ല നിര്‍ദ്ദേശമാണ്. പക്ഷേ പക്വതയ്ക്കൊപ്പം ഏതെങ്കിലും പോസ്റ്റ് ഡിലിറ്റ് ചെയ്താല്‍ എന്തുകൊണ്ടു ഡിലിറ്റ് ചെയ്തു ആരു ഡിലിറ്റ് ചെയ്തു എന്നു വിശദീകരിക്കാനുള്ള ആര്‍ജ്ജവവും കാട്ടണം എന്നു മാത്രം.

  Sun Sep 03, 09:52:00 PM 2006  
 8. Anonymous സുനില്‍ എഴുതിയത്:

  മാധ്യമങള്‍ തെറ്റായി പ്രചരിപ്പിച്ച വാര്‍ത്തകള്‍ ആണ് ബൂലോക ക്ലബ്ബില്‍ അംഗമായേ തീരൂ എന്ന വിചാരത്തിന്റെ അടിസ്ഥാനം. യഥാര്‍ഥത്തില്‍ അങനെ ഒരു ക്ലബിന്റെ ആവശ്യകത തന്നെ എന്താണ്? ബാക് ലിങ്ക് ഫസിലിറ്റിയും സ്വന്തം ബ്ലോഗുകളുമുണ്ടാകുമ്പോള്‍. ഇനി ഒരു ക്ലബ്ബ് ആവശ്യമാണെന്നുതന്നെ കരുതുക, അത്‌ ആവശ്യമആണെന്ന്‌ കരുതുന്ന ബ്ലോഗേഴ്സിന്റെ ഇടയില്‍ മാത്രം നിര്‍ത്തിയാല്‍ പോരെ? അംഗത്വം കിട്ടണമെങ്കില്‍ ഒരു ചോദ്യാവലി പൂരിപ്പിക്കണം, മറ്റുനിലവിലുള്ള അംഗങള്‍-ക്ക്‌ പരിചിതരായിരിക്കണം അവര്‍ റഫര്‍ ചെയ്യണം എന്നോക്കെ ഒരു കണ്ടീഷനിട്ട്‌ കുറച്ചുകൂടെ ക്ലോസ്സ്‌ഡ് ആയ ക്ലബ്ബ്‌ ആകും ഉചിതം. ക്ലബ്ബിലംഗമല്ലാത്ത എന്റെ അഭിപ്രായം‍...സു...

  Sun Sep 03, 10:18:00 PM 2006  
 9. Blogger ദേവന്‍ എഴുതിയത്:

  ക്ലബ്ബിനെ നന്നാക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്‌, അതേ സമയം ആശങ്കകളുമുണ്ട്‌.

  ഒരു സമയത്ത്‌ എല്ല ബ്ലോഗുകള്‍ക്കും (ബ്ലോഗര്‍മാര്‍ക്കല്ല) വ്യക്തമായ പേര്‍സണാലിറ്റി ഉണ്ടായിരുന്നു. ഞാനാദികള്‍ ഇങ്ങോട്ടു കയറുന്ന സമയം എതാണ്ട്‌ 30 ബ്ലോഗര്‍മാര്‍ അവരവരുടെ കിടുപിടികള്‍ പരിപാലിച്ചുപോന്നതിന്റെ ഉച്ചിക്ക്‌ സംവാദവും ചര്‍ച്ചയും വാഗ്വാദവും ഗോഗ്വാദവും തുടങ്ങിയ "സെക്കന്‍ഡ്‌ ജെനറേഷന്‍" ബൂലോഗര്‍ മിക്കവരും എക്സ്‌- എം വിക്കാരായിരുന്നു, അവര്‍ക്ക്‌ ചര്‍ച്ചാഭൂതം ആവേശിച്ചത്‌ ഒരുകാലത്ത്‌ ഭംഗിയായി നടന്നിരുന്ന എം വി ബുള്ളറ്റിന്‍ ബോര്‍ഡില്‍ നിന്നുമായിരിക്കണം. ചക്കയെന്ന് എഴുതുമ്പോള്‍ ചുക്കിനെ കുറിച്ച്‌ കമന്റെഴുതി കൊക്കെന്ന് അടുത്തയാളിനെക്കൊന്റ്‌ പറയിക്കുന്ന ഇടപാട്‌ തുടങ്ങിയതില്‍ ഞാനടങ്ങുന്ന ആ ബാച്ച്‌ പ്രതിസ്ഥാനത്ത്‌ മുന്‍ നിരക്കാരാണെന്ന് തോന്നിയ സമയമാണ്‌ സത്യത്തില്‍ ഈ കോഞ്ഞാട്ടയെല്ലാം വളര്‍ന്നു കയറി നല്ലപോലെ പോകുന്ന കൊള്ളാവുന്ന ബ്ലോഗുകളെ ഇത്തിള്‍ പിടിച്ച മൂവാണ്ടന്‍ മാവു പോലെ ഉപയോഗരഹിതമാവാതിരിക്കാന്‍ ഒരു മൂല ഉണ്ടാക്കാമെന്ന് ഒരു വിളി തോന്നിയത്‌.

  കണ്ണൂസേ, ക്ലബ്ബിനെ ആരെങ്കിലും ഭരിച്ചാല്‍ അത്‌ ബുള്ളറ്റിന്‍ ബോര്‍ഡ്‌ ആയി മാറും. മാറിയാല്‍, അറിയാമല്ലോ? അനുഭവിച്ചതാണല്ലോ? ഇഷ്ടമ്പോലെ കിട്ടിയതാണല്ലോ?

  "ലൈസസ്‌ ഫെയര്‍" അല്ലെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തിന്റെ മുകളില്‍ ഭംഗിയാക്കല്‍ ഉണ്ടാവുമെന്ന്
  കരുതി. മുതിര്‍ന്നവരു മാത്രമേ ക്ലബ്ബില്‍ പോസ്റ്റാറുള്ളൂ എന്നും അവനവന്റെ മുറി തൂത്തുവാരുന്ന കൂട്ടത്തില്‍ നടുമുറ്റത്തും ചവറു വരാതെ സൂക്ഷിക്കുമെന്ന് കരുതി. പോസ്റ്റിന്റെ കോപ്പി, പരസ്യം, കോപ്പിപ്പേസ്റ്റ്‌ ഒന്നും ഇടരുതെന്ന് കുറഞ്ഞത്‌ ഒരു പത്തു കമന്റ്‌ ശ്രീജിത്ത്‌ ഇട്ടിട്ടുണ്ട്‌, ഒരുത്സവം പോലെ ആളു തിക്കിക്കയറുമ്പോള്‍ അതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല.

  ക്ലബ്ബെന്ന സംരംഭം ഏറ്റവും ഭംഗിയായി ഉപയോഗിച്ചത്‌ ക്ലബ്ബിങ്ങില്‍ അങ്ങേയറ്റം ആശങ്കയുണ്ടായിരുന്ന സിബുവാണ്‌. ഏറ്റവും മോശമായി ഉപയോഗിച്ചവരാരും ക്ലബ്ബ്‌ എന്താണെന്നോ എന്തിനാണെന്നോ മനസ്സിലാക്കാതെയാണ്‌ ചെയ്തതെന്നതിനാല്‍ അവര്‍ക്കു പകരം നമ്മള്‍ തന്നെയാകുന്നു കുറ്റക്കാര്‍...

  പോസ്റ്റ്‌ അവനവനന്‍ അല്ലാതെ ആരു ഡിലീറ്റ്‌ ചെയ്താലും വിവാദമാകുമെന്ന് ഞാന്‍ എഴുതി ഒപ്പു വച്ചു തരാം. ഒരു ബ്ലോഗര്‍ പിള്ളെരു ട്രെയിനില്‍ എഴുതുന്നപോലെ "സരളേ ഐ ലവ്‌ യൂ" എന്നൊരു പോസ്റ്റ്‌ ക്ലബ്ബില്‍ ഇട്ടെന്നു വിചാരിക്കുക, എന്നതാടാ നിനക്കു വട്ടാണോ എന്ന് മൂന്ന് അനോണിയും ദയവായി ഇങ്ങനെ സ്ഥലം മിനക്കെടുത്തല്ലേ എന്ന് പേരു വച്ച്‌ നാലുപേരും എഴുതും അതില്‍ ഒരു പ്രശ്നവും ആരും കാണില്ല. പക്ഷേ പോസ്റ്റ്‌ ഡെലീറ്റ്‌ ചെയ്യുന്നതോടെ കളി മാറി.

  ഒരു ജസ്റ്റിഫിക്കേഷനുമില്ലെങ്കില്‍ നൂറു പരാതി പോസ്റ്റുകള്‍ ഉയരും . എന്റെ മാത്രം പോസ്റ്റ്‌ പോയി, ലവന്റേത്‌ അതിലും മോശമായിരുന്നു അതു പോയില്ല - കാരണം നല്ലത്‌ മോശം എന്നത്‌
  ജഡ്ജ്‌മന്റ്‌ ആണല്ലോ, പോസ്റ്റ്‌ ഇട്ടയാള്‍ അത്‌ മഹാകാര്യമെന്ന് പറഞ്ഞാണ്‌ ഇടുന്നത്‌

  ജന്‍സ്റ്റിഫൈ ചെയ്താലോ, പ്രതി എവിടെന്നെങ്കിലും ഒരു പഴഞ്ചന്‍ പോസ്റ്റില്‍ നിന്നും ഒരു ഐ ലവ്‌ യൂവുമയി വരും, അത്‌ ഡിലീറ്റ്‌ ചെയ്തിട്ടില്ല, എന്നോട്‌ അനീതി, അവനോട്‌ പക്ഷപാതം, ഗ്രൂപ്പിസം, അവന്‍ മാര്‍ക്സിസ്റ്റ്‌ ആയിരുന്നു, പോസ്റ്റ്‌ കളഞ്ഞവനും അതു തന്നെ, അവന്‍ ദുബായിയില്‍ ആയിരുന്നു, പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തവനും, രണ്ടും ഒരു ജാതിയില്‍ പെട്ടവന്‍, ഞാന്‍ വേറേ ജാതി, പഴയ ആളുകള്‍ ഒരു കാര്‍ട്ടല്‍ ആയി റിഗ്ഗിംഗ്‌ നടത്തുന്നു, പുതിയവര്‍ അടിച്ചമര്‍ത്തപ്പെടുന്നു, മാങ്ങാ തേങ്ങാ ചക്കാ. കൂട്ടായ്മ അവിടെ മരിക്കും.

  കമ്യൂണിറ്റി വളരുമ്പോള്‍ അത്‌ പിരിഞ്ഞു പലതാകും. ഒരു ഫെഡറല്‍ സംവിധാനമേ നിലനില്‍ക്കൂ പിന്നെ. ഉടന്‍ തന്നെ ആ സെറ്റ്‌ അപ്പ്‌ നിലവില്‍ വരുമെന്ന് തോന്നുന്നു. അങ്ങനെ ഒരു മാറിയ സാഹചര്യത്തില്‍ ക്ലബ്ബിനു പ്രസക്തിയുണ്ടോ അതോ ഇതൊരു തലവേദനയും എവൂരാന്റെ തുമ്പിക്ക്‌ എടുക്കാനാവാത്ത പാറക്കഷണവുമായി മാറുമോ എന്ന് ഒരു പിടിയുമില്ല.

  പണ്ട്‌ ഞങ്ങളെല്ലാം രണ്ടുമണിക്കൂര്‍ ഓടിച്ച ഒരു വെരുകിന ഒരു പാപി ഒറ്റയടിക്ക്‌ കൊന്ന് എല്ലാ കഷ്ടപ്പാടും പ്രതീക്ഷയും നിമിഷാര്‍ദ്ധം കൊണ്ട്‌ വെറുതേയാക്കിക്കളഞ്ഞു. ക്ലബ്ബിലിടുന്ന ഒരൊറ്റ പോസ്റ്റുകൊണ്ട്‌ ബൂലോഗകൂട്ടായ്മയെന്ന വെരുകിനെ കൊല്ലാന്‍ ഏതു ബ്ലോഗനുമാകും എന്ന റിസ്കും കണക്കിലെടുക്കേണ്ടതുണ്ട്‌.

  Sun Sep 03, 11:20:00 PM 2006  
 10. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  പുതിയതായി വരുന്ന പലര്‍ക്കും ഉണ്ട് എന്ന് എനിക്ക് തോന്നിയ ധാരണകള്‍:

  1)ബൂലോഗം എന്നത് മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാകേണ്ട ഒരു സംഘടനയാണ്. മലയാളം ബ്ലോഗും പിന്മൊഴി സെറ്റിങ്സും മാത്രം പോര ബൂലോഗത്ത് അംഗമാകാന്‍.

  2)ബൂലോഗ ക്ലബ്ബ് ആണ് ഈ മെമ്പര്‍ഷിപ്പ് സംഘടിപ്പിക്കേണ്ട സ്ഥലം.(ഇത് മറ്റേത് ബ്ലോഗിനേയും പോലെത്തന്നെയാണ് എന്നും കൂടുതല്‍ മെമ്പേഴ്സ് ഉണ്ട് ഇതില്‍ എന്നേ വ്യത്യാസമുള്ളൂ എന്നും അറിയില്ല അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടില്ല)

  3)ഒരു കമന്റിട്ട് അംഗത്വം സംഘടിപ്പിച്ചാല്‍ ഉടന്‍ ഒരു പോസ്റ്റിട്ട് (‘ഞാന്‍ വന്നു’എന്ന ഒരു വാചകമായാലും മതി ) ഹാജര്‍ വെക്കണം.

  4)സ്വന്തം ബ്ലോഗില്‍ പോസ്റ്റിട്ടാല്‍ അത് ക്ലബ്ബില്‍ അറിയിച്ചാലെ നാലാള് കാണുകയുള്ളൂ.

  ഇതൊന്നും കൂടാതെ മുതിര്‍ന്ന ചില ബ്ലോഗേഴ്സ് “എന്റെ കൂട്ടുകാരന്‍ വരുന്നു,ഇതാ ഒരു ഭയങ്കരന്‍” എന്ന രീതിയില്‍ പോസ്റ്റുകള്‍ ഇടുന്നതും കണ്ടിട്ടുണ്ട്.

  ഈ തെറ്റിധാരണകള്‍ എങ്ങനെ മാറ്റും? ഇത് പുതിയതായി വരുന്നവരും ക്ലബ്ബ് സന്ദര്‍ശിക്കുന്നവരും ശ്രദ്ധിക്കുന്ന രീതിയില്‍ എവിടെ എഴുതി വെക്കും?

  Sun Sep 03, 11:40:00 PM 2006  
 11. Blogger സു | Su എഴുതിയത്:

  ബൂലോക ക്ലബ് തുടങ്ങിയ കാലത്ത് കൊച്ചുകൊച്ചു ലേഖനങ്ങളും തമാശകളും അതില്‍ പങ്കുവെച്ചിരുന്നു. ചിലരൊക്കെ നല്ല കഥകളും അതില്‍ എഴുതിയിട്ടിരുന്നു.
  ബൂലോഗമീറ്റുകളും ക്ലബ് വഴി നന്നായി ആഘോഷിച്ചു.
  ഇതൊക്കെ കഴിഞ്ഞ കഥ. ഇപ്പോള്‍ വരുന്ന ചിലര്‍ മലയാളം ബ്ലോഗിങ്ങ് എന്ന് പറഞ്ഞാല്‍, ബൂലോഗക്ലബ്ബില്‍ അംഗത്വം ആണെന്നും കരുതിയാണ് വരുന്നത്. അതുപോലെ, സ്വന്തം കൃതികള്‍ക്ക് ഒരു പരസ്യം നല്‍കാനും ഉപയോഗിക്കുന്നു, ചിലര്‍. ശ്രീജിത്ത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പരസ്യം ഇടരുത്, അത്യാവശ്യം ഉള്ളതേ ക്ലബില്‍ പറയാവൂ എന്ന്. ഒരാള്‍ മലയാളത്തില്‍ പോസ്റ്റ് ഇട്ടാല്‍, അത് തനിമലയാളത്തില്‍ വരും, അല്ലെങ്കില്‍ പിന്മൊഴിയിലേക്ക്, ഒരു കമന്റിട്ട് അറിയിക്കുന്ന വഴി എല്ലാവരും അറിയും, വായിക്കും എന്ന്.

  ഇവരൊക്കെ ഈ പോസ്റ്റുകള്‍ എന്തിനു ഇവിടെ ഇട്ടു എന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. ഒരു കമന്റില്‍ ഒതുക്കാവുന്ന കാര്യങ്ങള്‍ അവിടെ, എന്തോ ഒരു നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചുവെക്കുന്ന സ്റ്റൈലോടെയാണ് ചിലര്‍ പോസ്റ്റ് വെച്ച് കാണിക്കുന്നത്.

  ഒരു നിയമം നല്ലതാണ്. പരിധിയും. പഴയ പോസ്റ്റുകളും ഇപ്പോഴത്തെ പോസ്റ്റുകളും നോക്കിയാല്‍ മനസ്സിലാകും. അന്ന് പിന്നേം, പറയാമായിരുന്നു, അത്രയല്ലേ മെമ്പര്‍മാര്‍ ഉണ്ടായിരുന്നുള്ളൂ എന്ന്.

  ഓ.ടോ. കുട്ടീ :) ഭൂലോകക്ലബ് അല്ല. ബൂലോഗക്ലബ് എന്ന് പറയൂ. (വഴക്കുവേണ്ട. ആത്മസംയമനം പാലിക്കൂ ;))

  Sun Sep 03, 11:45:00 PM 2006  
 12. Blogger കണ്ണൂസ്‌ എഴുതിയത്:

  ദേവാ,

  എനിക്കും സംശയമൊന്നുമില്ല. ഒരു പോസ്റ്റ്‌ നീക്കിയാല്‍ അത്‌ ഒന്‍പത്‌ വിവാദങ്ങള്‍ക്ക്‌ തുടക്കമിടും. അതു കൊണ്ടാണ്‌ കുറച്ച്‌ കാലത്തേക്ക്‌ എന്ന് ഞാന്‍ എടുത്ത്‌ പറഞ്ഞത്‌. പക്വതയും, നിഷ്‌പക്ഷതയും, ആരോപണങ്ങളെ നേരിടാനുള്ള സമചിത്തതയും ഉള്ള ഒരാള്‍ ഈ ദൌത്യം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും അതു തന്നെ.

  നമുക്ക്‌ മുന്നില്‍ രണ്ട്‌ സാധ്യതകളാണുള്ളത്‌.

  1. ഒന്നും ചെയ്യാതിരിക്കുക. ക്ലബ്ബിനെ അതിന്റെ വഴിക്കു വിടുക. കുറെക്കാലം കൂടി അതിങ്ങനെ നോട്ടീസ്‌ ബോര്‍ഡായി തൂങ്ങിക്കിടക്കും. കുറേ നോട്ടീസുകള്‍ കൂടി പതിക്കപ്പെടും. ശ്രദ്ധിക്കാന്‍ ആളില്ലാതെ വരുമ്പോള്‍, അതിന്റെ പ്രസക്തി നഷ്ടപ്പെടും. ശേഷം ചിന്ത്യം.

  2. അല്‍പ്പകാലം കര്‍ശ്ശനമായ മോഡറേഷന്‍ ഏര്‍പ്പെടുത്തുക. എന്തു വേണം, എന്തു വേണ്ട എന്ന മെംബര്‍മാര്‍ക്ക്‌ ഒരു ഐഡിയ കിട്ടാന്‍ ഇത്‌ ഉപകരിക്കും. ക്ലബ്ബിന്റെ നിലവാരം, പ്രസക്തി ഇതിനൊന്നും ഒരു മറുപടി അല്ല അത്‌. വെറും ചവറു നീക്കല്‍ മാത്രം. പ്രസക്തി കാലത്തിനു വിട്ടു കൊടുക്കുക. ബൂലോഗത്തില്‍ ആസന്നമായിരിക്കുന്നു എന്ന് എല്ലാവര്‍ക്കും തോന്നുന്ന വികേന്ദ്രീകരണം ഉണ്ടാവുന്നെങ്കില്‍ ഒരു ക്ലബ്ബിനു പകരം പലത്‌ ഉടലെടുത്തേക്കാം. (ഇപ്പോള്‍ തന്നെ ഇതിന്റെ ചെറിയ രൂപങ്ങളായ ഓഫ്‌ യൂണിയനും, സിനിമാ നിരൂപണവും ഒക്കെ ഉണ്ടല്ലോ).

  രണ്ടായാലും, ക്ലബ്ബില്‍ വന്നു കഴിഞ്ഞ പ്രസക്തമായ ചര്‍ച്ചകളും, പോസ്റ്റുകളും എങ്ങോട്ടെങ്കിലും ഒന്ന് പറിച്ചു നടേണ്ടിയിരിക്കുന്നു.

  Mon Sep 04, 12:31:00 AM 2006  
 13. Blogger അരവിന്ദ് :: aravind എഴുതിയത്:

  ഈ പോസ്റ്റും , ചര്‍ച്ചയും ക്ലബ്ബിലിടാഞ്ഞത് ഭയങ്കര ചതിയായിപ്പോയി.

  Mon Sep 04, 01:55:00 AM 2006  
 14. Blogger അഗ്രജന്‍ എഴുതിയത്:

  മോഡറേറ്റര്‍(‍മാര്‍)‍ അപ്രൂവ് ചെയ്തതിന് ശേഷം മാത്രം പബ്ലീഷ് ചെയ്യുന്നൊരു രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്. ഡിലീറ്റി എന്നൊരു പരാതിയും വരില്ല... പോസ്റ്റിടുന്നയാളിന് രണ്ടാളറിഞ്ഞൂന്നുള്ള ചമ്മലും ഒഴിവാക്കാം... മോഡറേറ്റര്‍മാര്‍ക്ക് (സമയമുണ്ടെങ്കില്‍) നിരസിക്കാനുള്ള കാരണം അറിയിക്കാവുന്നതാണ്. തെറ്റുകള്‍ തിരുത്തി വന്നാല്‍ പബ്ലീഷ് ചെയ്യാവുന്നതുമല്ലേ..!

  ഇതെത്രമാത്രം പ്രായോഗീകമാണെന്നറിയില്ല...
  ഇതിവിടെ ചര്‍ച്ച ചെയ്തതാണോ എന്നും അറിയില്ല...

  Mon Sep 04, 02:02:00 AM 2006  
 15. Blogger കണ്ണൂസ്‌ എഴുതിയത്:

  കമന്റുകള്‍ അല്ലാതെ ഒരു പുതിയ പോസ്റ്റ്‌ മോഡറേറ്റ്‌ ചെയ്യാനുള്ള സംവിധാനം ബ്ലോഗിലുണ്ടോ? ഇല്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

  Mon Sep 04, 02:06:00 AM 2006  
 16. Blogger ദില്‍ബാസുരന്‍ എഴുതിയത്:

  അഗ്രജേട്ടാ,
  മോഡറേറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുക എന്ന ഏര്‍പ്പാട് ബ്ലോഗിങിന്റെ കാതലായ സ്വാതന്ത്ര്യതിന്റെ ഹരണമല്ലേ? (അതോ ഗുണിതമോ?)

  Mon Sep 04, 02:11:00 AM 2006  
 17. Blogger അഗ്രജന്‍ എഴുതിയത്:

  കണ്ണൂസ് പറഞ്ഞതില്‍ നിന്നും അങ്ങിനെയൊരു സം‌വിധാനം ഇല്ല എന്ന് മനസ്സിലായി.

  പക്ഷേ, ദില്‍ബൂ.. അങ്ങിനെയൊരു സം‌വിധാനം ഉണ്ടായിരുന്നെങ്കില്‍ ഒരു ക്ലബ്ബെന്ന നിലക്ക് തീര്‍ച്ചയായും മോഡറേറ്റ് ചെയ്യാവുന്നതാണ്... അവിടെ ദുസ്വാതന്ത്ര്യത്തിന്‍റെ ‘ഗുണന’മാണ് നടക്കുന്നത് :) അതിന് സമ്മതമുള്ളവര്‍ മാത്രം അവിടെ പോസ്റ്റിടട്ടെ.. വിക്കിപീഡിയ - അവിടെ ആര്‍ക്കും എഡിറ്റ് ചെയ്യാനുള്ള സമ്മതത്തോടെയല്ലേ പ്രസിദ്ധീകരിക്കുന്നത്. എന്തായാലും മോഡറേറ്റ് ചെയ്യാനുള്ള സം‌വിധാനമില്ലാത്തോണ്ട് നമുക്ക് ജനഗണമന ചൊല്ലാം.

  Mon Sep 04, 02:36:00 AM 2006  
 18. Blogger പെരിങ്ങോടന്‍ എഴുതിയത്:

  സെപ്റ്റംബറില്‍ ബൂലോഗക്ലബില്‍ വന്ന ഇക്കാസിന്റെ പോസ്റ്റൊഴികെ ബാക്കിയൊന്നും അവിടെ വരേണ്ടതല്ലെന്നു തോന്നുന്നു. ബൂലോഗ കമ്യൂണിറ്റിയിലെ 8-10 പേരെങ്കിലും പങ്കെടുത്തിരുന്ന ഒരു ഓഫ്‌ടോപ്പിക് സംവാദം അതു തുടങ്ങിയ ബ്ലോഗില്‍ അനന്തമായി തുടരാതെ പറിച്ചുനടുവാന്‍ ഒരിടം എന്ന നിലയിലും, ബ്ലോഗിങ് കമ്യൂണിറ്റിയെ സംബന്ധിക്കുന്ന സംവാദങ്ങള്‍ക്കും-കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുമായുള്ള ഇടം എന്ന നിലയിലും ബൂലോഗക്ലബിനു പ്രസക്തിയുണ്ടു്. ഈ കാര്യങ്ങളൊന്നും ഇപ്പോഴവിടെ നടക്കുന്നില്ലെന്നു തോന്നുന്നു. ആശംസകള്‍ അറിയിക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കാമെങ്കിലും പുതിയ ബ്ലോഗന്മാരെ പരിചയപ്പെടുത്തുവാന്‍ ക്ലബ് ഉപയോഗിക്കുവാന്‍ അവസരം കൊടുക്കുന്നതു നല്ലതായിരിക്കും.

  Mon Sep 04, 06:01:00 AM 2006  
 19. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  പെരിങ്ങോടര്‍ പറഞ്ഞതുപോലെ കലേഷിന്റെ അനിയത്തി വന്നതും ചന്തുവിന്റെ സുഹൃത്ത് രമേഷ് വന്നതുമൊക്കെ ക്ലബ്ബ് വഴിയാണ് അറിഞ്ഞത്. അതുവഴിയല്ലെങ്കിലും അറിയുമായിരുന്നിരിക്കും. എങ്കിലും...

  Mon Sep 04, 06:38:00 AM 2006  
 20. Anonymous Anonymous എഴുതിയത്:

  ബൂലോഗ ക്ലബ്ബിന്റെ URL ഉപയോഗിച്ചുതന്നെ പിന്മൊഴികള്‍/തനിമലയാളം സെര്‍വറുകളിലെവിടെയെങ്കിലും ഒരു ഫോറം സ്ഥാപിച്ചു കൂടെ? നിസ്സാ‍രമായ കാരണങ്ങള്‍ പറഞ്ഞ്‌ ഈയൊരുകാര്യം ഇനിയും നീട്ടിക്കൊണ്ട്‌ പോവേണ്ടതുണ്ടോ? ഒരു ഫോറം കൊണ്ടുള്ള ഉപകാരങ്ങള്‍ ഇവിടെല്ലാര്‍ക്കുമറിയുന്നതല്ലെ? ഉദാഹരണം: പുതുതായി വരുന്നവര്‍ക്ക്‌ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു വിഭാഗം, പരിചയപ്പെടുത്താന്‍ മറ്റൊന്ന്‌, ഗൌരവതരമായ പൊതു ചര്‍ച്ചകള്‍ക്ക്‌ വേറൊരെണ്ണം... തുടങ്ങി ഒട്ടനവധി ഉപകാരങ്ങളില്ലേ? ഇതെല്ലാം മന:പൂര്‍വ്വം മാ‍റ്റിവച്ച്‌ ബാലിശമായ കാരണങ്ങളല്ലേ ഉന്നയിക്കുന്നത്‌?
  ഒന്നാലോചിച്ചു നോക്കൂ...

  -അനോണിഭായി

  Mon Sep 04, 09:54:00 AM 2006  
 21. Blogger viswaprabha വിശ്വപ്രഭ എഴുതിയത്:

  ആദ്യം തന്നെ പറയട്ടെ, ബൂലോഗക്ലബ്ബിനെക്കുറിച്ചുള്ളാ ചര്‍ച്ച ഇവിടെത്തന്നെ വേണം. കാരണം ഈ കമന്റുകളൊക്കെ ആരാനും കേറി എങ്ങാനും സാഹചര്യത്തില്‍ മാച്ചുകളഞ്ഞുകൂടല്ലോ! ഇവിടെയാണെങ്കില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നമുക്കു സന്തോഷിനെ തന്നെ പിടിക്കാമെന്നേ!

  ഇനി തുടങ്ങാം:

  ദേവരാഗം ബൂലോഗക്ലബ്ബ് തുടങ്ങിവെച്ച നിമിഷം മുതല്‍ ഏറെ കൌതുകത്തോടെ കണ്ടുകൊണ്ടിരിക്കുകയാണു് ഞാന്‍.

  ചില പ്രത്യേകതകളൊക്കെയുണ്ട് ഈ ക്ലബ്ബിന്. ആര്‍ക്കും ചേരാം, ആര്‍ക്കും വേണ്ടിവന്നാല്‍ മേനേജരാവാം. ഒരിക്കല്‍ മെയിനേജരായാല്‍ ആര്‍ക്കും ആ പരമാധികാരം ഉപയോഗിച്ച് ഏതു പോസ്റ്റും ഏതു കമന്റും മൊത്തം ഈ ബ്ലോഗുതന്നെ ഡീലിറ്റു ചെയ്തു കളയാം! അഥവാ ഇനി അറിഞ്ഞിട്ടില്ലെങ്കില്‍, ഹിയ്യോ, ആരോടും പറയണ്ട! ;)

  മലയാളികള്‍ക്കു പൊതുവേ പറഞ്ഞിട്ടുള്ളതല്ല ഇങ്ങനത്തെ സ്വാതന്ത്ര്യം. ഇതുപോലത്തെ ഒരു ലോകം വന്നാല്‍ നമ്മുടെ പൊതുവായ ശീലം വെച്ച് ആദ്യം നാമൊക്കെ ചെയ്യുക കാണുന്നിടത്തൊക്കെ വിസര്ജ്ജിക്കുകയും കിട്ടാവുന്നവരെയൊക്കെ കേറിപ്പിടിക്കുകയും കൊള്ളാവുന്ന ചുമരൊക്കെ കരിക്കട്ടകൊണ്ട് വരച്ചുനിറക്കുകയും ആണ്.
  അങ്ങനെയാണു സാധാരണ പതിവ്‌.
  വിക്കിയെക്കുറിച്ച് സംസാരിക്കുമ്പോളൊക്കെ താരതമ്യേന മലയാളികള്‍ മാത്രം കൂടുതല്‍ ചോദിച്ചുകാണുന്ന ചോദ്യം, അതെങ്ങനെ ഇത്ര സ്വതന്ത്രമായി ആര്‍ക്കും കണ്ട്രോള്‍ ഇല്ലാതെ നിലനില്‍ക്കും എന്നാണ്. അങ്ങനെ നിലനില്‍ക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവു വിക്കി തന്നെയാണല്ലോ.

  പതിവില്ലാത്ത, നമുക്കൊന്നും ശീലമില്ലാത്ത, ഈ സുഖകരമായ അരാജകാവസ്ഥ എന്നു ഞാന്‍ ക്ലബ്ബിനെപ്പറ്റി പലപ്പോഴും പലയിടത്തും ആവര്‍ത്തിച്ചുപറയാറുള്ളതും ഇതുകൊണ്ടു തന്നെ.
  ഒന്നാലോചിച്ചാല്‍ മഹാത്ഭുതം തന്നെ! നമുക്കും നല്ല കുട്ടികളാകാമെന്ന് ഇത്ര നല്ലൊരു തെളിവു കണ്ടിട്ടില്ല ഇതുവരെ!

  എന്നിരുന്നാലും,
  ഈയിടെയായി ക്ലബ്ബിലെ പോസ്റ്റുകള്‍ക്കു വേണ്ടത്ര ‘മാറ്റു പോര’ എന്നു തോന്നാത്തവര്‍ ആരുമുണ്ടാകില്ല. ഈ അടുത്ത ദിവസം വരെ ബ്രൌസറില്‍ ഹോം പേജ് ആക്കി വെച്ചിരുന്നത് ഈയിടെ ഖിന്നതയോടെ മാറ്റേണ്ടി കൂടി വന്നു.
  അതേ സമയം തന്നെ,
  അളവറ്റ സ്വാതന്ത്ര്യത്തിന്റെ ഒരു ദുര്‍വ്വിനിയോഗമാണ് ഇവിടെ നടക്കുന്നതെന്നു തോന്നുന്നില്ല. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റായും പറഞ്ഞുകൂട. പുതുക്കക്കാരുടെ അറിവില്ലായ്മ തന്നെ പ്രശ്നം.
  എന്തു ചെയ്യാന്‍ പറ്റും?
  1. ആദ്യം ഒരു കാര്യം നാമൊക്കെ കൂടി സമ്മതിക്കണം. ആരെങ്കിലും കുറച്ചുപേര്‍ രക്ഷാകര്‍ത്താക്കളില്ലാതെ ഒരു സര്‍വ്വാണിക്കുട്ടിയായി നടന്നാല്‍ ബൂലോഗക്ലബ്ബ് തെരുവുപിള്ളേരെപ്പോലെ ചീത്തയായിപ്പോയെന്നുവരാം. അതുകൊണ്ട് ആരെങ്കിലും കുറച്ചുപേര്‍ക്ക് സൌമ്യവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ നിയന്ത്രണം വേണം.
  രക്ഷാകര്‍ത്താവ് എന്നാണു പറഞ്ഞത്. മോഡറേറ്റര്‍, അഡ്മിനി എന്നൊക്കെ പറഞ്ഞ് അധികാരം പ്രകടിപ്പിക്കാനല്ല, ദയ, ആര്‍ജ്ജവം, സംയമനം, ബുദ്ധിപരിപാകം എന്നിവകളെക്കൊണ്ട് അച്ഛനമ്മമാരെപ്പോലെ ശാസിക്കാനും നിയന്ത്രിക്കാനും എന്നിട്ടും സ്നേഹിക്കാനും കഴിയുന്നതാവണം ഈ രക്ഷാകര്‍ത്താക്കളുടെ ലക്ഷണം.

  ഓക്കെ. അപ്പോള്‍ ഈ പൂച്ചയ്ക്കാരു മണി കെട്ടും?
  അതും ഒരു ചോദ്യമാണ്. പക്ഷേ ഇത്രയെങ്കിലും നാമൊക്കെ കൂടി ഒരുമിച്ച് സമ്മതിച്ചേ പറ്റൂ.

  ‘ഗ്ലബ്ബ് തുടങ്ങിവെച്ച ആള്‍ എന്ന നിലയ്ക്ക് പിതൃസ്ഥാനത്ത് നില്‍ക്കുന്നയാള്‍ ദേവരാഗം തന്നെ’ എന്നു പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാവുമെന്നു തോന്നുന്നില്ല. ഇനി മറ്റൊരു രണ്ടു പേരെക്കൂടി വേണം. അച്ഛന്‍ തന്നെയാവട്ടെ ഈ കാര്യസ്ഥന്മാരെ തീരുമാനിക്കുന്നത്. പ്രത്യേകിച്ച് വ്യാപകമായ എതിര്‍പ്പൊന്നുമില്ലെങ്കില്‍ നമുക്കെല്ലാര്‍ക്കും കൂടി അച്ഛന്റെ തീരുമാനം കണ്ണടച്ച് അംഗീകരിക്കാം! എന്താ?
  ഈ രക്ഷാകര്‍ത്താക്കളൊക്കെ എന്തിനാണ്?

  അവര്‍ക്ക് വിശേഷവിധിയായി കുറച്ച് അധികാരങ്ങല്‍ ഇരിക്കട്ടെ. എല്ലാ മോഡറേറ്റര്‍മാര്‍ക്കും ചെയ്യാന്‍ സാങ്കേതികമായി വകുപ്പുള്ള ‘അന്യന്റെ പോസ്റ്റു ഡീലിറ്റല്‍’ തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ ഈ മൂന്നു പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുക. അതും കഴിയുമെങ്കില്‍ അവരില്‍ തന്നെ കൂട്ടാലോചനയോടെ. 3 പേരില്‍ 2 പേര്‍ അഭിപ്രായപ്പെട്ടാല്‍ ആ തീരുമാനം നടന്നോട്ടെ എന്നു വെക്കാം.

  അപ്പോള്‍ ഇപ്പോഴുള്ള മറ്റു മോഡറേറ്റര്‍മാരൊ?
  അവരൊക്കെ അങ്ങനെതന്നെ നില്‍ക്കട്ടെ. ഇത്ര നാളത്തെ രീതി കണ്ടിട്ട് അവരില്‍ കുഴപ്പക്കാര്‍ ആരും ഉള്ളതായി തോന്നിയിട്ടില്ല. അതുകൊണ്ട് സ്വയം ഒഴിഞ്ഞുപോകാന്‍ താല്‍പ്പര്യപ്പെടാത്തിടത്തോളം കാലം(അങ്ങനെ ഒരു കാലം, ഒരു താല്‍പ്പര്യം ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ,) അവരൊക്കെ അങ്ങനെതന്നെയുണ്ടാവട്ടെ.

  ഈ മോഡറേറ്റര്‍മാരെക്കൊണ്ടും ആവശ്യമുണ്ടാവാം. ഉദാഹരണത്തിന് ടെമ്പ്ലേറ്റ് ശസ്ത്രക്രിയ, ലിങ്ക് റിപ്പയര്‍ തുടങ്ങിയവ ചെയ്യാന്‍ കഴിവും അഭിരുചിയും ഉള്ള രണ്ടോ മൂന്നോ പേരെ ഏല്‍പ്പിക്കുക.

  പുതിയ മെംബര്‍മാരെ ക്ഷണിക്കുവാന്‍ വേറെയും രണ്ടേ രണ്ടു പേരെ ഏല്‍പ്പിക്കുക.
  ബാക്കിയുള്ളവര്‍ക്ക് എന്തൊക്കെ ജോലികള്‍ ആവാമെന്നുള്ളതു നമുക്കിവിടെ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിക്കാം.
  ഇതുവരെയുള്ളാ സാദാ മെമ്പര്‍മാരും അങ്ങനെത്തന്നെ തുടരട്ടെ. അഹമ്മതി കുറച്ചു് , ആര്‍മ്മാദം ഒട്ടും കുറയ്ക്കാതെ നല്ല ഒന്നാംതരം പോസ്റ്റുകള്‍ ചെയ്യട്ടെ.

  2. പോസ്റ്റുകള്‍, അവ താരതമ്യേന മോശമായിരുന്നാല്‍ തന്നെയും ഡീലിറ്റു ചെയ്യുവാന്‍ പാടില്ല എന്നാണെനിക്കു തോന്നുന്നത്. പ്രത്യേകിച്ച് അവയ്ക്കു കീഴില്‍ കമന്റുകള്‍ വന്നടിഞ്ഞിട്ടുണ്ടെങ്കില്‍. അത്തരം ഓരോ പോസ്റ്റും കമന്റുകളും ഭാവിയില്‍ വായിക്കുന്നവന് ഒരു പാഠമായി അവിടെ ഉണ്ടാവണം. എന്നെങ്കിലും സമയം കിട്ടുമ്പോള്‍ വായിച്ചുനോക്കാനോ, ചൂണ്ടിക്കാണിച്ചുകൊടുക്കാനോ അവയൊക്കെ അവിടെത്തന്നെ ഉണ്ടായിരിക്കട്ടെ. മാത്രമല്ല, മോശം പോസ്റ്റിടുന്നവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ ആപോസ്റ്റ് അതിന്റെ കര്‍ത്താവിനെ നോക്കി പിന്നെയുള്ള കാലം മുഴുവന്‍ ഇളിച്ചുകൊണ്ടിരിക്കുന്നതു തന്നെയാണ്.

  അതുകൊണ്ട്,
  a. മോശമായ പോസ്റ്റുകള്‍ ഉണ്ടാകാനേ പാടില്ല എന്നു വെയ്ക്കണം. നാമോരോരുത്തരും ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണവും പക്വതയും കാണിക്കണം. (ഈ മോശത്തരം വളരെ ആപേക്ഷികമാണെന്നും മോശമായി സ്വയം തോന്നുന്ന പോസ്റ്റുകള്‍ ആരും എന്തായാലും വെയ്ക്കില്ലല്ലോ എന്നുമുള്ള ചോദ്യങ്ങള്‍ ആരവത്തിനിടയ്ക്കു കേള്‍ക്കുന്നുണ്ട്! എന്നാലും കുറെയൊക്കെ കണ്ടുപരിചയം വന്നാല്‍ ശരിയാവില്ലേ?)
  b. ഇനി അഥവാ അത്തരം പോസ്റ്റുകള്‍ ഉണ്ടായാല്‍ അവയ്ക്കു കീഴെ കമന്റിടാതെ വേറൊരു സ്ഥലത്ത് വേണം കമന്റുകളിടാന്‍. എന്തെങ്കിലും കാരണവശാല്‍ പോസ്റ്റുപോയാലും അതോടനുബന്ധിച്ച (വിലപ്പെട്ടതാവാം) കമന്റുകള്‍ പൊയ്ക്കൂടാ. അഥവാ അത്തരം പോസ്റ്റിനുകീഴെ കമന്റിട്ടാലും അതിനു ജാതകവശാല്‍ ആയുസ്സു കുറവേ ഉണ്ടാവൂ എന്നും ഓര്‍മ്മയാവാം. ഇനി അതും പോരാഞ്ഞ്, നല്ല കമന്റുകളൊന്നും വരാത്തതും ഒരു മോശം പോസ്റ്റിനുള്ള ശിക്ഷയായി കണക്കാക്കിക്കൂടേ?
  c. ക്ലബ്ബിന്റെ അടിസ്ഥാനഗുണങ്ങള്‍ (സഭ്യത, നിയമാനുസൃതം) പോലും പാലിക്കാത്തവയാണെന്ന് ക്ലബ്ബച്ഛനും രണ്ടു കാരണവന്മാര്‍ക്കും ബോദ്ധ്യമായാല്‍, കമാന്നൊരക്ഷരം പറയാന്‍ ആര്‍ക്കും ഇടയില്ലാത്തത്ര സ്വാതന്ത്ര്യത്തോടെ അതു ഡീലിറ്റു പോട്ടണം. എന്തിനാണു ഡീലിറ്റു ചെയ്തത് എന്നതിനു വിശദീകരണം ചോദിക്കുകയോ കൊടുക്കുകയോ വേണ്ടെന്നു വെക്കണം. (big brother.. ! big brother...! കഷ്ടം, വേറേ വഴിയില്ല)

  d. ഇനി വിഭാഗം c യില്‍ പെടാത്തതും എന്നിരുന്നാലും ശരിയല്ലെന്നും തോന്നുന്ന പോസ്റ്റുകളെക്കുറിച്ചും പൊതുജനത്തിനൊക്കെ പ്രതിഷേധം അറിയിക്കാവുന്നതാണ്. ജനാരവം ഉഗ്രമാണെങ്കില്‍ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്ക് ഇടപെട്ട് കാര്യം അങ്ങോട്ടോ ഇങ്ങോട്ടോ ശമിപ്പിക്കാവുന്നതാണ്.

  ഇങ്ങനെ പ്രതിഷേധിക്കാനും കമന്റുകള്‍ മതി. അവ പോസ്റ്റിനുകീഴിലോ (പോസ്റ്റിന്റെ കൂടെ മാഞ്ഞുപോവും എന്നോര്‍മ്മയുണ്ടാവണം), വേറേ സ്ഥലത്തോ ആവാം.

  ഈ വേറേ സ്ഥലം എന്നു പറയുന്നത് എവിടെയാണ്? ബൂലോഗക്ലബ്ബില്‍ തന്നെ.
  ക്ലബ്ബില്‍ രണ്ടോ മൂന്നോ വിശേഷ സ്ഥിരം പോസ്റ്റുകളാവാം. ഇവ സ്ഥിരമായി എളുപ്പമായി ക്ലിക്കാന്‍ പാകത്തില്‍ ആദ്യത്തെ പേജില്‍ തന്നെ ലിങ്കുകയും ചെയ്യാം. (ഇപ്പോള്‍ ‘യുണികോഡ് സംവാദം’ എന്ന പോസ്റ്റു ചേര്‍ത്തിട്ടുള്ളതുപോലെ). ഉദാഹരണത്തിന്: വേറൊരു പോസ്റ്റിനെപ്പറ്റിയുള്ള പ്രതിഷേധം, ‘ഞാന്‍ വന്നേ’ സ്റ്റൈല്‍ അവതരണം, കാലാകാലം വരുന്ന ഓണത്തിനും ക്രിസ്തുമസ്സിനും മറ്റുമുള്ള ആശംസകള്‍ തുടങ്ങിയവയൊക്കെ കമന്റുകളായി ചേര്‍ക്കാന്‍ഇങ്ങനെ രണ്ടു മൂന്നു പോസ്റ്റുകള്‍ മാറ്റിവെക്കാം. പിന്മൊഴികളില്‍ വരുകയും ചെയ്യും, പുതിയൊരു പോസ്റ്റെഴുതി എന്ന അങ്കലാപ്പുമില്ല. കഴുതക്കാമം ആ പോസ്റ്റിനുള്ളില്‍ തന്നെ കരഞ്ഞുതീര്‍ക്കട്ടെ.

  ഇതുകൂടാതെ ഈ എഴുതിയതൊക്കെ പോലുള്ള ഒരു നിയമാവലി കൂടി ഒരു പോസ്റ്റ് ആയി, ഒരൊറ്റ പോസ്റ്റ് ആയി ഘടിപ്പിച്ച് അതും മുന്‍പേജില്‍ ലിങ്കാം. വേണമെങ്കില്‍ മുകളില്‍ ഒരു ചിത്രസമ്പുഷ്ടമായ ബാനര്‍‍ തന്നെയായി (ടെമ്പ്ലേറ്റില്‍ തന്നെ) ഈ ലിങ്ക് കൊടുക്കാം. ക്ലബ്ബിന്റെ വരാന്തയില്‍ വരുന്നവന്‍ ഇതു കാണുകതന്നെ ചെയ്യും എന്നുറപ്പുവരുത്താം ഈ വഴി.
  ഇതു ബൂലോഗമല്ല, വെറും ബൂലോഗക്ലബ്ബ്, മറ്റേതൊരു ബ്ലോഗുമെന്ന പോലെ വെറും ഒരു സാധാരണ ബ്ലോഗു മാത്രമാണെന്നും മലയാളം ബ്ലോഗുവട്ടത്തില്‍ വരാന്‍ ഇതില്‍ അംഗമാവേണ്ടതില്ല എന്നും കൂടി അവിടെ ജനം വായിക്കട്ടെ.

  3. ഇനി മെംബര്‍മാരെ ചേര്‍ക്കല്‍: നേരത്തെ പറഞ്ഞതുപോലെ രണ്ടേ രണ്ടുപേര്‍ക്ക് ഈ അധികാരം കൊടുക്കുക. (ദേവന്മാഷ് പറ്റുമെങ്കില്‍ സൂപ്പര്‍വൈസര്‍ ആയിക്കോട്ടെ.)
  മെംബര്‍ ആവാന്‍ വരുന്നവര്‍ നേരത്തെപറഞ്ഞ നിയമാവലി ലിങ്ക് ഇരുത്തിവായിച്ചിട്ടുണ്ടെന്ന് ഈ ചേട്ടന്മാരെ ബോദ്ധ്യപ്പെടുത്തണം. എങ്കിലേ പരിഗണിക്കാവൂ. പിന്നെ, സ്വന്തമായി ഒരു ബ്ലോഗും അതില്‍ നാലു തൃപ്തികരമായ പോസ്റ്റെങ്കിലും ഉണ്ടാവണമെന്നും ചുരുങ്ങിയത് ഒരു മാസമെങ്കിലും ആ ബ്ലോഗിനു പ്രായമെത്തിയിട്ടുണ്ടെന്നും കൂടി നിബന്ധന വെക്കാം.

  4. അപ്പോള്‍ ഇതുവരെയുള്ള പോസ്റ്റുകളും, കമന്റുകളും മറ്റും?
  അതൊക്കെ അങ്ങനെതന്നെ കിടക്കട്ടെ. പറ്റും പിഴയും വന്നുപോയിട്ടുണ്ടായിരിക്കാം പലതിലും. ഒരു കൂട്ടമാപ്പ് എല്ലാവര്‍ക്കും. മൊത്തം ക്ഷമിച്ചുകളയാം. നാളെവരുന്നവര്‍ക്ക് എന്തു പാടില്ല എന്നു കാണിക്കാന്‍ കുറച്ച് ഉദാഹരണങ്ങള്‍ നല്ലതാണ്. ആ അക്കൌണ്ടിലേക്കു പോവട്ടെ അവയുടെ ഗ്‌റെഡിറ്റ്.  5. പോസ്റ്റുകള്‍ മോഡറേറ്റു ചെയ്യാന്‍ പറ്റുമോ?
  പറ്റും. അതിനാണ് Save draft എന്ന പരിപാടി. ഒരു പുതിയ പോസ്റ്റ് എഴുതുന്ന ആള്‍ അതു പബ്ലിഷ് ചെയ്യുന്നതിനു പകരം draft ആയി സേവു ചെയ്യട്ടെ. മറ്റൊരു ‘അധികാരി’ വന്ന് അത് കൈയ്യൊപ്പിട്ടോ അല്ലാതെയോ പബ്ലിഷ് ചെയ്യട്ടെ. അതല്ലെങ്കില്‍ ആ draft -നെക്കുറിച്ച് ഒരഭിപ്രായം അറിഞ്ഞതിനുശേഷം സ്വയം പബ്ലിഷ് ചെയ്യട്ടെ.
  ഇതേ പരിപാടി, മുന്നേ പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ തീരുമാനം ആവുന്നതുവരേക്കും തല്‍ക്കാലം സസ്പെന്‍ഡ് ചെയ്തുവെക്കാനും ഉപയോഗിക്കാം.
  ഇതുപോലെ This Post accepts new comment എന്ന സൌകര്യവും ആവശ്യത്തിന് ഓരോ പോസ്റ്റിനും തിരുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

  ഇത്രയും എന്റെ ഭവ്യമായ അഭിപ്രായങ്ങള്‍ മാത്രമാണ്. നിര്‍ദ്ദയം വിമര്‍ശിക്കുക, പിച്ചിച്ചീന്തുക.

  ഒരു കാര്യം കൂടി. ബൂലോഗക്ലബ്ബ് എന്നത് സമാന്തരങ്ങളില്ലാത്ത ഒരു പ്രതിഭാസമൊന്നും ആവേണ്ട കാര്യമില്ല. വേണമെന്നുള്ളവര്‍ക്ക് നാളെ ഇതുപോലത്തെ സ്വതന്ത്രവും ജനകീയവുമായ പരീക്ഷണങ്ങള്‍ വേറെയും ആകാം!

  PS. എല്ലാ അവന്മാരേയും (അഥവാ അവളുമാര്‍ )എന്നു കൂടി ചേര്‍ത്തു വായിക്കേണ്ടതാണ്. എനിക്കു വയ്യ ഇനി അങ്ങനെ ഒരു പെണ്‍പുലിവാലുകൂടി പിടിക്കാന്‍!

  Mon Sep 04, 10:10:00 AM 2006  
 22. Anonymous Anonymous എഴുതിയത്:

  ഇക്കാര്യം ഒന്നാലോചിച്ചു കൂടെ?

  -അനോണീഭായി

  Tue Sep 05, 04:15:00 AM 2006  
 23. Blogger കലേഷ്‌ കുമാര്‍ എഴുതിയത്:

  വിശ്വേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുകൂടേ?

  ക്ലബ്ബ് നന്നാകണം.

  Tue Sep 05, 05:40:00 AM 2006  
 24. Blogger സുരലോഗം || suralogam എഴുതിയത്:

  കൂട്ടുബ്ലോഗുകള്‍ തുടങ്ങുമ്പോള്‍ small is beautiful തത്ത്വം പിന്‍തുടരുന്നതായിരിക്കും നല്ലത്.അല്ലെങ്കില്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാവും.ഇവ സൌഹൃദം,വിഷയം,അഭിരുചി തുടങ്ങി ഏതിന്റെയും അടിസ്ഥാനത്തില്‍ ആകാവുന്നതാണ്.ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം ബ്ലോഗുകളോടൊപ്പം തങ്ങള്‍ അംഗങ്ങളായ കൂട്ടുബ്ലോഗുകളിലും രചനകള്‍ വയ്ക്കാവുന്നതാണ്.കൂട്ടുബ്ലോഗുകള്‍ അതു തുടങ്ങുന്ന ആളുടെ നിയന്ത്രണത്തില്‍ ആകുകയും അയാള്‍ തുല്യരില്‍ മുന്‍പന്‍ മാത്രമാവുകയും വേണം.

  ഇത്തരം കൂട്ടുസംരഭങ്ങള്‍ ചേര്‍ത്ത് മറ്റൊരു ബ്ലോഗും(metablog?) ആകാവുന്നതാണ്.ഇതില്‍ ഇവയുടെ ഉദ്ദേശ്യങ്ങള്‍,ഗതിവിഗതികള്‍,മാറ്റങ്ങള്‍ തുടങ്ങിയവപ്പറ്റി വാര്‍ത്തയും അവലോകനവും ആവാം.

  പോസ്റ്റുകളുടെയും കമന്റുകളുടെയും നിയന്ത്രണം കഴിയുന്നതും അവയുടെ ഉടമസ്ഥന്‍ തന്നെ നിര്‍വ്വഹിക്കുക.അനാമി കമന്റുകള്‍ ബ്ലോഗിലെ white noise ആയി കണക്കാക്കാവുന്നതാണ്.

  മലയാളികള്‍ പൊതുവെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിമുഖരാണ്(തെളിവ്: കേരളത്തിലെ റോഡുയാത്ര).അതുകൊണ്ട് അവ കഴിയുന്നതും ലളിതമാക്കുക.

  കമന്റ് ചെയ്യുന്നവര്‍ അവ comment tracking സംവിധാനം ഉപയോഗിച്ച് സുക്ഷിക്കുകയും നിലനില്പില്ലാത്തവ delete ചെയ്യുകയും ചെയ്യുക.

  ഒരു കാര്യം എപ്പോഴും ഓര്‍ക്കുക.നിങ്ങളുടെ പോസ്റ്റുകള്‍/കമന്റുകള്‍ ശ്രദ്ധിക്കുന്ന അനേകം ആളുകള്‍ ഉണ്ട്.അവരില്‍ ഭൂരിഭാഗവും ഒരുവരി പോലും എഴുതാത്തവരാണ്;പ്രത്യേകിച്ചും മലയാളത്തില്‍. കാരണം രണ്ടുവരി എഴുതുന്ന സമയംകൊണ്ട് പത്തുപോസ്റ്റ് വായിക്കാം.

  Tue Sep 05, 09:42:00 AM 2006  
 25. Blogger ചന്തു എഴുതിയത്:

  ഞാന്‍ ഒരു ഓണപ്പാട്ടും,ചില സ്വാഗതങ്ങളും ക്ലബ്ബില്‍ ഇട്ടിരുന്നു.അതിനെ മായ്ച്ചുകളയുന്നു.

  Tue Sep 05, 11:43:00 PM 2006  
 26. Blogger kumar © എഴുതിയത്:

  അവസരോചിതമായ ലേഖനം. വഴിതെറ്റിത്തുടങ്ങിയ വണ്ടിക്ക് വാണിങ് കൊടുത്ത സന്തോഷിന് ഒരു സല്യൂട്ട്!
  കമനറ്റുകളും വായിച്ചു. ഇതൊക്കെ തന്നെയാണ് എനിക്കും പറയാന്‍ തോന്നുന്നത്.

  ഈ ക്ലബ്ബ് പുതിയ ബ്ലോഗേര്‍സിനെ വഴിതെറ്റിക്കുന്നുണ്ടോ? ക്ലബ്ബിലെ മെംബര്‍ഷിപ്പ് വേണം ബ്ലോഗു ചെയ്യാന്‍ എന്ന ധാരണയും, പോസ്റ്റ് ഇട്ടാല്‍ അതിനുള്ള നോട്ടീസ് ബോര്‍ഡാണ് ഈ ക്ലബ്ബ് എന്നൊക്കെയുള്ള മിഥ്യാധാരണകളും ഒക്കെ ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ തന്നെയാണ് ക്ലബ്ബിന്റെ അവസ്ഥ എന്നതും ശരിതന്നെയാണ്.
  ഈ പോസ്റ്റിലും കമന്റുകളിലും നിന്നുള്ള അഭിര്‍പ്രായ സമന്വയത്തിലൂടെ അടുത്ത ഗിയറിലേക്ക് തള്ളി വണ്ടി മുന്നോട്ട് നീങ്ങാനുള്ള സമയം ആയി.

  (ഓഫ് ടോപിക്: എന്റെ കുമാറേ ഇതു തന്നെ അല്ലേ മുകളില്‍ എല്ലാവരും പറഞ്ഞതും?? വോ തന്നെ തന്നെ!!

  Wed Sep 06, 04:18:00 PM 2006  
 27. Blogger പുള്ളി എഴുതിയത്:

  കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു വീറ്റൊ വോട്ടും കാണാത്തതിനാല്‍ വിശ്വേട്ടന്റെ നിര്‍ദ്ദേശം എല്ലാവരും എതിര്‍പ്പില്ലാതെ അംഗീകരിച്ചു എന്നു പറയാമോ?
  സന്തോഷ്‌, ഈ ചര്‍ച്ച ഒന്നു conclude ചെയ്തൂടേ?

  Thu Sep 07, 05:49:00 PM 2006  
 28. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  പുള്ളി പറഞ്ഞപോലെ, ഈ ചര്‍ച്ച ഒന്ന് conclude ചെയ്തു കൂടെ? അല്ലെങ്കില്‍ ഇതൊരു ചര്‍ച്ചയേ അല്ലാതായിപ്പോകില്ലേ?

  Mon Sep 11, 12:06:00 PM 2006  
 29. Blogger സന്തോഷ് എഴുതിയത്:

  ചര്‍ച്ച conclude ചെയ്യാം. ദയവായി അല്പം കൂടി സാവകാശം തരണം.

  Mon Sep 11, 12:30:00 PM 2006  
 30. Blogger സന്തോഷ് എഴുതിയത്:

  പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാര്‍ക്കും നന്ദി. തെറ്റു ചൂണ്ടിക്കാണിച്ച കുട്ട്യേടത്തിയ്ക്ക് ഡബിള്‍ നന്ദി.

  ‘മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍’ ഈ ചര്‍ച്ച അധികം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിച്ചതല്ല. ഇതുപോലൊരു സംഗതിക്ക് അന്തിമവിധി നിര്‍ണ്ണയിക്കുകയും പ്രയാസം തന്നെ.

  ഓണ്‍ലൈനായും ഓഫ്‍ലൈനായുമുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ചില കാര്യങ്ങള്‍ എന്‍റേതായ രീതിയില്‍ ഉപസംഹരിക്കുന്നു.

  1. ബൂലോഗ ക്ലബിന് ഇന്നും പ്രസക്തിയുണ്ട്. ചവറു കൂനയായല്ല, രസിക്കാനൊരിടം എന്ന നിലയില്‍. ഒരു പോസ്റ്റ്, അത് ആര്, ഏത് വിഷയത്തെപ്പറ്റി ഇട്ടാലും, വായിച്ചു രസിക്കാവുന്നതാണെങ്കില്‍ അതിന് ബൂലോഗ ക്ലബില്‍ ഇടം കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്വന്തം പോസ്റ്റില്‍ ഇടാഞ്ഞാല്‍ (അതിന് കാരണം എന്തു തന്നെ ആകട്ടെ, നഷ്ടം എഴുത്തുകാരനു മാത്രം).

  2. ലേഖനത്തില്‍ സൂചിപ്പിച്ചപോലെ, സ്വന്തം കൃതിയുടെ പരസ്യം, പുതിയ ബ്ലോഗര്‍ സങ്കേതങ്ങളുടെ പരീക്ഷണം, പരസ്പരം മുതുകു ചൊറിയല്‍, അക്ഷരത്തെറ്റുകള്‍ ഉള്ള പോസ്റ്റുകള്‍ എന്നിവ ഒഴിവാക്കേണ്ടതു തന്നെയാണ്. നല്ല കൃതികള്‍ എവിടെയിട്ടാലും വായിക്കാനാളുണ്ടാവും.

  3. മലയാളം ബ്ലോഗിംഗിനും പിന്മൊഴി, തനിമലയാളം തുടങ്ങിയവയില്‍ ചേരുന്നതിനും ബൂലോഗ ക്ലബ് മെംബര്‍ഷിപ്പിന്‍റെ ആവശ്യമേയില്ല. ഒരു ക്ലബിലും മെംബറാവാതെ താരമാവാമെന്ന് ഇഞ്ചി തെളിയിച്ചിട്ടുണ്ടല്ലോ.

  4. ബൂലോഗ ക്ലബ് അംഗത്വത്തിനും മറ്റും ഒരു മാനദണ്ഡം പരീക്ഷിക്കാവുന്നതാണ്. സ്വന്തം ബ്ലോഗില്‍ അഞ്ച് പോസ്റ്റെങ്കിലും ഇട്ടവര്‍ക്കേ ക്ലബ് അംഗത്വം കൊടുക്കൂ എന്ന്. ഈ സമയം കൊണ്ട് ക്ലബിന്‍റെയും മറ്റും രീതികളുമായി പരിചയത്തിലാവുമെന്ന പ്രതീക്ഷയിലാണിത്.

  5. മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അംഗങ്ങളെ മുന്‍‍കൂട്ടി അറിയിക്കുകയും അവയുടെ ലംഘനം സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനവസരം കൊടുക്കുകയും ചെയ്യണം. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുകയും വേണം.

  6. പുതിയ അംഗങ്ങളുടെ പോസ്റ്റുകള്‍ അപ്രൂവല്‍ കഴിഞ്ഞ് പ്രസിദ്ധീകരിക്കുക എന്ന നിര്‍ദ്ദേശമുണ്ട്. അപ്രൂവല്‍ രീതി എത്രത്തോളം പ്രായോഗികമാണെന്ന് എനിക്കുറപ്പില്ല.

  7. ഒരു ഫോറം സ്ഥാപിച്ചു കൂടേ? ആവാം. താഴെക്കൊടുക്കുന്ന രീതി പരാജയപ്പെട്ടാല്‍ മറ്റു രീതികളെപ്പറ്റി ആലോചിക്കേണ്ടതായി വരും.

  നാട്ടാര്‍ക്ക് കൊട്ടാന്‍ ചെണ്ടകളായിക്കൊള്ളാന്‍ സമ്മതമാണെന്ന് കര്‍മോത്സുകരായ ശ്രീജിത്തും ആദിത്യനും സമ്മതിച്ചിരിക്കയാണ്. ക്ലബിന്‍റെ സ്ഥാപകനായ ദേവന്‍ എതിര്‍ത്ത് പറയാത്തിടത്തോളം അതില്‍ തര്‍ക്കത്തിനു വഴിയില്ല. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കും അസൂയയുണ്ടാക്കുന്ന ജോലിയാണല്ലോ അവര്‍ ചെയ്യാമെന്നേറ്റിരിക്കുന്നത്. അവരായിരിക്കും തല്ക്കാലം ബൂലോഗ ക്ലബിന്‍റെ മോഡറേറ്റര്‍മാര്‍. ചെയ്യായ്കയും ചെയ്യരുതായ്മയും മറ്റും അവര്‍ തീരുമാനിക്കും. (അതിനെപ്പറ്റി അഭിപ്രായം പറയാന്‍ വായനക്കാര്‍ക്ക് സാഹചര്യമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.) എല്ലാം ജനാധിപത്യരീതിയില്‍ വോട്ടിട്ട് നടത്താനുള്ള പ്രയാസം മനസ്സിലാക്കി ഈ തീരുമാനം അംഗീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ക്ലബിനെ, നല്ല രീതിയില്‍ ഉപയോഗിക്കുന്നതിന് ചുരുങ്ങിയത് ഇത്രയെങ്കിലും ചെയ്യണം എന്നാണ് തോന്നുന്നത്.

  ഇതിനെപറ്റി കൂടുതല്‍ ചര്‍ച്ച ഇവിടെയോ ബൂലോഗ ക്ലബിലോ ആവാം.

  Tue Sep 12, 01:44:00 PM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home