ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, March 15, 2022

മോറൽ ഹൈഗ്രൌണ്ട്

നൂറു മോന്തിടുകിലെന്തിനോ പെരുകുമുള്ളിനുള്ളിലൊരപസ്വരം
മോറു മാറി, ചെറു നീറിറുക്കിയതുപോലെ ഭാവപരിവർത്തനം
താറുചുറ്റി, വിരിമാറുകാട്ടി, പരിഹാസമേറെ തരമാക്കിയോർ
മോറലങ്ങുയരെയാണു പോൽ, "മലരു*" തുല്യരാം ലഹരിവർജ്ജകർ!

വൃത്തം: കുസുമമഞ്ജരി (രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി)

* മലര്: ഇത് എഴുതുന്ന സമയത്ത് മലയാളത്തിൽ നിലനിന്നിരുന്ന ഒരു തെറി. (മൈരിന്റെ വകഭേദം.)

Labels: ,

Thursday, June 18, 2020

ഹൃദയേ ലയിച്ചോ?

അമരുകശതകത്തിലെ മുപ്പത്തഞ്ചാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

ഉമേഷിന്റെ പരിഭാഷ (വൃത്തം: കുസുമമഞ്ജരി):
ഉന്നതസ്തനമമർന്നു പോം പടി പുണർന്നു കോൾമയിരണിഞ്ഞവൾ
തന്നരയ്ക്കു തുണിയൂർന്നു പോയ വിധമന്നു കാമരസമാർന്നുമേ
ഇന്നു വേണ്ടിനി, നിറുത്തു, വെന്നിഹ തളർന്നു ചൊന്ന സതിയെങ്ങു താൻ?
വന്നുവോ മൃതി? യുറങ്ങിയോ? ഹൃദിയലിഞ്ഞുവോ? ഉരുകി മാഞ്ഞുവോ?

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

Labels: , , , ,

Friday, June 05, 2020

ചായയുടെ റെസിപ്പി

ചായയുടെ പാചകക്രമം എന്ന പേരിൽ പണ്ടെഴുതിയതാണ്. ചെറിയ വ്യത്യാസത്തോടെ വീണ്ടും.

ഇത് പിന്തുടർന്ന് ചായയുണ്ടാക്കിയവർക്ക് ഒരു കൊല്ലത്തേയ്ക്കുള്ള ചായപ്പൊടി സൌജന്യമായി കിട്ടിയിട്ടുണ്ട്. ഇത് അവഗണിച്ചവർ ചായയുണ്ടാക്കിയപ്പോൾ പാൽ തിളച്ചു തൂവി അടുപ്പ്/സ്റ്റൌ/മൈക്രോവേവ് നാശമായി. ഇങ്ങനെ ഉണ്ടാക്കിയ ചായയുടെ പടടം ഇൻസ്റ്റയിലിട്ടവർക്ക് ചുമ്മാ നടക്കാനിറങ്ങിയപ്പോൾ DSLR കളഞ്ഞുകിട്ടി. ചായയുടെ പടത്തിനു പകരം, പരിസ്ഥിതി ദിനമാണെന്ന കാരണം പറഞ്ഞ് ആമ്പലിന്റെ പടമെടുക്കാൻ പോയവരുടെ ഫോൺ വെള്ളത്തിൽ വീണ് കേടായിപ്പോയി. ഇത് ലൈക്ക് ചെയ്തവർക്ക് ജീവിതത്തിലും ലൈക്കുണ്ടായി. കണ്ടിട്ടും കാണാതെ പോയവരെ ഷോർട്ട്ഫിലിമിലെടുത്തു.

ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലേകണം
ഒച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകർത്തണം,
മെച്ചമാം പുതിയ പാലൊഴിച്ചു, രുചികിട്ടുവാൻ സിത കലക്കണം,
സ്വച്ഛമിങ്ങനെ പചിച്ച ചായ, കടിയോടുതാനുടനടിക്കണം.

(കുസുമമഞ്ജരി)

Labels: ,

Wednesday, May 13, 2020

മന്നിൽപ്പടച്ചോളിവളാണു ശംഭോ!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് വീണ്ടും ട്രോൾ.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ മൂന്നാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
ആലോലാമളകാവലീം വിലുളിതാം ബിഭ്രച്ചലത്കുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകം തനുതരൈഃ സ്വേദാംഭസാം ജാലകൈഃ
തമ്പ്യാ യത് സുരതാന്തതാന്തനയനം വക്ത്രം രതിവ്യത്യയേ
തത്ത്വാം പാതു ചിരായ കിം ഹരിഹര ബ്രഹ്മാദിഭിർദൈവതൈഃ

ഉമേഷിന്റെ വിവർത്തനം (കുസുമമഞ്ജരി):
ചഞ്ചലങ്ങളളകങ്ങൾ ചിന്നി, യിളകുന്ന കുണ്ഡലമണിഞ്ഞുമാ-
ക്കുഞ്ഞുവേർപ്പുകണമാകെ മൂടി വടിവിൽ കുറച്ചു കുറി മാഞ്ഞുമേ,
പഞ്ചബാണരതി തീർന്നു കണ്ണുകൾ തളർന്നു, സൗഭഗമണയ്ക്ക നിൻ
നെഞ്ചിലേറുമവൾ തൻ മുഖം, ഹരവിരിഞ്ച വിഷ്ണുജനമെന്തിനോ?

ബെൽസ് ആൻഡ് വിസിൽസ് ഇല്ലാതെ കാര്യത്തിലേയ്ക്ക് കടന്നാൽ (ഇന്ദ്രവജ്രയുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ):
ചിന്നിപ്പറക്കും മുടിയും, കുലുങ്ങും
കർണ്ണക്കുണുക്കും, കുറിമാഞ്ഞ നെറ്റീം,
കണ്ണും തളർന്നാൾ, സുരത പ്രകാരം:
മന്നിൽ'പ്പടച്ചോ'ളിവളാണു ശംഭോ!

Labels: , , , ,

Sunday, September 09, 2007

ചായയുടെ പാചകക്രമം

ബ്ലോഗ് എന്ന അതീവ നൂതനമായ മാധ്യമത്തിലൂടെപ്പോലും വിവരിക്കാനും വിശദമാക്കാനും പ്രയാസമേറിയ ഒരു ‘പ്രത്യേക രാഷ്ട്രീയ സാഹചര്യം’ ഈ അടുത്ത കാലത്ത് ഈയുള്ളവന്‍റെ ഗൃഹത്തില്‍ സംജാതമായി. അതേത്തുടര്‍ന്ന്, വളരെക്കാലത്തിനു ശേഷം സ്വന്തമായി, പരസ്സഹായമില്ലാതെ, ചായയിടേണ്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

പല പാചക സൈറ്റുകളും/ബ്ലോഗുകളും കയറിയിറങ്ങിയെങ്കിലും നല്ല ചായ പോയിട്ട്, വെറും ചായ പോലും (വെറുഞ്ചായയല്ല. നമ്മുടെ നാട്ടില്‍ കട്ടന്‍ ചായയ്ക്ക് വെറുഞ്ചായ എന്ന് പറയാറുണ്ട്) ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനായില്ല. പല പാചകക്കാരും ചായയിടല്‍ അത്ര വലിയ കാര്യമാണെന്ന് കരുതിയിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചായയുണ്ടാക്കാനറിയാത്തവര്‍ക്ക് ഇനി നിരാശരാവേണ്ട കാര്യമില്ല. ‘മിനി സ്ക്രീനില്‍ ആദ്യമായി ഇതാ’ എന്നൊക്കെ ചില ചാനലുകാര്‍ അലറും പോലെ, ‘ബ്ലോഗില്‍ ആദ്യമായി’ ഇതാ ചായയുടെ പാചകക്രമം പ്രസിദ്ധീകരിക്കുന്നു. ഭാവി തലമുറ പറയാനിരിക്കുന്ന അസംഖ്യം നന്ദികള്‍ ഞാന്‍ വിനയാന്വിതനായി ഏറ്റുവാങ്ങുകയാണ്.

പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലിട്ടു, പി-
ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകര്‍ത്തണം,
മെച്ചമാം പുതിയ പാലു, മൊട്ടു രുചികിട്ടുവാന്‍ സിതയൊരല്പവും
സ്വച്ഛമിങ്ങനെ പചിക്ക ചായ, യിനി, യിച്ഛയോടതു കുടിക്കുവിന്‍!

അയ്യേ, ചായയില്‍ ഏലയ്ക്ക ഇടേണ്ടേ എന്നൊക്കെ ചോദിക്കുന്നവരോട്: വേണ്ട. ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവയിട്ട് എത്രയെത്ര കറികളാണ് നാം ഉണ്ടാക്കി വിടുന്നത്? ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?

ശ്ലോകം തിരുത്തി വെടിപ്പാക്കിത്തന്ന ഉമേഷ് മറ്റൊരു ചായക്കാര്യം പറയുകയുണ്ടായി (അതും നല്ല ചായയാണ്, കേട്ടോ!). അതിനാലാണ് ‘ഇന്‍റര്‍നെറ്റില്‍ ആദ്യമായി’ എന്നുപയോഗിക്കാതെ ‘ബ്ലോഗില്‍ ആദ്യമായി’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

വൃത്തം: കുസുമമഞ്ജരി.

Labels: ,

Friday, July 20, 2007

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറുമായ്
നൂറു കാര്യമഥ ചായയൊപ്പ; മില നൂറു2കൂട്ടി ശമ സന്ധ്യയിൽ
നൂറു3 മാറിയതു പൂരിയാകുവരെ നൂറുമില്ലി മധുമോന്തണം
നൂറുതൻ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാർച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്. വൃത്തം: കുസുമമഞ്ജരി]


Labels: , ,