ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, June 23, 2008

മലയാളമെഴുതാന്‍ കീമാന്‍ വെബും

റ്റെക്നികല്‍ കാര്യങ്ങള്‍ എന്തെങ്കിലും ഒരു വരി എഴുതിപ്പോയാല്‍ ഇരുപതു ശതമാനം വായനക്കാരെ (അതായതു് ഒരാള്‍!) നഷ്ടമാവുമെന്നു കൂട്ടിയാല്‍ മതി എന്നു നല്ലപാതി നിര്‍ദ്ദേശിച്ചതനുസരിച്ചാണു് ഈയിടെയായി ഞാന്‍ ആ ദിശയിലേയ്ക്കു തിരിയാത്തതു്. ഉമേഷ് എഴുതിയ കമന്‍റിടാന്‍ ഒരു പുതിയ വഴി എന്ന ലേഖനം വായിച്ചപ്പോള്‍ കമന്‍റായി പറഞ്ഞതിനു പുറമേ, ഇത്രയും കൂടി പറഞ്ഞുവയ്ക്കണമെന്നു തോന്നി.

റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.

കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
  2. അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
  3. മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
  4. കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
  5. കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
  6. ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
  7. ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സം‌യോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
    • ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
    • കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
  8. പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!
കീമാന്‍ വെബ് ഉപയോഗിക്കുന്ന ഉദാഹരണം (താഴെക്കാണുന്ന റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ അതിന്‍റെ വലതുവശത്തു് കീമാന്‍ വെബ് ബട്ടണുകള്‍ തെളിയുന്നതു് ശ്രദ്ധിക്കുക:



റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)



ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.



(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)

ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

Labels: , ,

19 Comments:

  1. Blogger ആഷ | Asha Wrote:

    ഇത് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് എനിക്കങ്ങോട്ട് ശരിക്കും മനസ്സിലായില്ല. ഉമേഷ്ജീയുടെ അല്ലാണ്ട് മറ്റു ലിങ്കുകള്‍ ഒന്നും വായിച്ചില്ല. അതു കൊണ്ട് ഇത്തിരി കഴിഞ്ഞ് വന്ന് മുഴുവന്‍ വായിച്ച് ഒന്നൂടി ശ്രമിച്ചു നോക്കാം.
    ആ ടെക്സ്റ്റ് ബോക്സില്‍ രണ്ടു ചിഹ്നത്തിലും ഞെക്കിട്ട് എഴുതീട്ടും മലയാളം വരണില്ലാരുന്നു.
    ഉമേഷ്ഗീയുടേതില്‍ വന്നിരുന്നു. അതോ അങ്ങനല്ലേ ഇതു ഉപയോഗിക്കുന്നത്?

    June 24, 2008 12:05 AM  
  2. Blogger മൂര്‍ത്തി Wrote:

    സംഭവം കൊള്ളാം എന്ന് തോന്നുന്നു..വൈകീട്ട് പരീക്ഷിക്കാം...നന്ദി..

    June 24, 2008 12:15 AM  
  3. Blogger Santhosh Wrote:

    XP മെഷീനില്‍ ഇപ്പൊഴാണു് പരീക്ഷിച്ചു നോക്കിയതു്. Undefined എന്നൊരു error കാണിക്കുന്നുണ്ടു്. ആതെന്താണെന്നു് നേരം വെളുത്തിട്ടു നോക്കിപ്പറയാം. :)

    June 24, 2008 12:17 AM  
  4. Blogger ശ്രീ Wrote:

    സംഭവം കൊള്ളാമല്ലോ. എന്തായാലും പരീക്ഷിച്ചു നോക്കാം.

    ഈ അറിവ് പങ്കു വച്ചതിനു നന്ദി മാഷേ.
    :)

    June 24, 2008 1:23 AM  
  5. Blogger Santhosh Wrote:

    XP-യിലെ പ്രശ്നം കീമാന്‍ വെബിലെ ബഗ് ആയിരുന്നു. അവര്‍ അതു് ഫിക്സ് ചെയ്തിട്ടുണ്ടു്.

    June 24, 2008 8:24 AM  
  6. Blogger പാഞ്ചാലി Wrote:

    ഓ. ടോ.
    സന്തോഷേ, ഈ ശേഷം ചിന്ത്യം കണ്ടിരുന്നോ?

    June 24, 2008 10:16 AM  
  7. Blogger Santhosh Wrote:

    ഇല്ല, ഇപ്പോഴാണു കാണുന്നതു്.:)

    June 24, 2008 11:27 AM  
  8. Blogger ഹരിത് Wrote:

    ഇതെന്തായാലും കൊള്ളാം. നാട്ടുകാര്‍ക്കു പ്രയോജനമുള്ള സോദ്ദേശ പോസ്റ്റ്. പിന്നെ പഴയതുപോലെ മൈക്രൊസോഫ്റ്റ്, ഡിഗോള്‍ബിഫിക്കേഷന്‍ എന്നൊക്കെപ്പറഞ്ഞ് റ്റെക്ക്നിക്കല്‍ പോസ്റ്റിയാല്‍ ഒരു ഇരുപതു ശതമാനം വായനക്കാര്‍ കൂടെ നഷ്ടമാവും. (അതു ഞാനെന്ന ഒരാള്‍ കൂടി)താങ്കളുടെ നല്ല പാതി ഞാന്‍ കരുതിയതുപോലെ അല്ല. നല്ല വിവരമുണ്ട്.:)

    June 24, 2008 8:02 PM  
  9. Blogger ആഷ | Asha Wrote:

    ഗൂപഹ ോോകോജജോോഊആ കദെപോജജോോളോതതധ
    ോബബധ ോബബോബബധ

    ഇതാകപ്പാടെ കൊഴപ്പാണല്ലോ
    അയ്യോ അയ്യയ്യോ
    എന്നുമാ ആ മോളില്‍ കാണുന്നത്. ആ കീ ബോര്‍ഡീന്ന് എഴുതിയതാ. ഓരോ അക്ഷരങ്ങളിലും ഞെക്കി എഴുതാന്‍ വയ്യ. അതു മുട്ടാപോക്ക് ന്യായം പറയണവര് കുത്തി കുത്തിയെഴുതട്ടെ.

    ഇതില്‍ അക്ഷരങ്ങളുടെ സ്ഥാനം വേറേയാണോ?
    മുന്‍പ് ആ കീ ബോര്‍ഡൊന്നും എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.undefined എന്നു കണ്ടിരുന്നു.

    June 24, 2008 8:26 PM  
  10. Blogger Santhosh Wrote:

    ആഷേ, ഇതു് മലയാളത്തിന്‍റെ ഇന്‍സ്ക്രിപ്റ്റ് കീബോഡാണു്. വിന്‍ഡോസില്‍ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്താലും ഈ കീബോഡാണു കിട്ടുന്നതു്.

    ഹരിത്തേ, പിണങ്ങിപ്പോവല്ലേ...

    June 24, 2008 9:38 PM  
  11. Blogger Unknown Wrote:

    സന്തൊഷേട്ടാ,, ഒരു സംശയം. കീ മാനുമായി ബന്ധപ്പെട്ടല്ലാട്ടോ.
    എന്റെ outlook 2007 install ചെയ്ത അന്നു മുതല്‍ ഒടുക്കത്തെ സ്ലോ ആണ്. വിന്‍ഡോസ് SP 3 ആണ് ഉപയോഗിക്കുന്നത്. ഒരു മയിലില്‍ ക്ലിക്കിയാല്‍ അതു തെളിയണേല്‍ ഒരു പാടു സമയമെടുക്കുന്നു. കൂടാതെ മെയില്‍ വന്നു കുറേ കഴിയുമ്പോഴാണ് റൂള്‍സ് വര്‍ക്ക് ചെയ്യുന്നത്. ഇതിനു മുന്‍പ് ഇങ്ങനെയൊരു പ്രശ്നം കണ്ടിരുന്നില്ല.
    വല്ല പരിഹാരോം ഉണ്ടോ ചേട്ടാ?

    June 24, 2008 10:50 PM  
  12. Blogger Santhosh Wrote:

    നിസ്, വിശദാംശങ്ങളുള്‍‍പ്പെടുത്തി എനിക്കൊരു മെയിലയയ്ക്കുമോ?

    June 25, 2008 4:47 PM  
  13. Blogger Santhosh Wrote:

    ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

    ഇനി ആഷ, “ഗൂപഹ ോോകോജജോോഊആ കദെപോജജോോളോതതധ
    ോബബധ ോബബോബബധ” എന്നെഴുതിയാല്‍ “ഇതാകപ്പാടെ കൊഴപ്പാണല്ലോ അയ്യോ അയ്യയ്യോ” എന്നു തന്നെ കാണും!

    മൊഴി കീബോഡു മാത്രം പരിചയമുള്ളവര്‍ക്കും സ്വന്തം സൈറ്റിലോ ബ്ലോഗിലോ ഇനി ഇതു് പരീക്ഷിക്കാവുന്നതാണു്.

    June 25, 2008 5:36 PM  
  14. Blogger Santhosh Wrote:

    നിസിന്‍റെ മറുപടി കാണാത്തതിനാല്‍ രണ്ടു കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

    1. ഔട്‍ലുക്കില്‍ നിന്നും റൂള്‍സ് എക്സ്പോര്‍ട് ചെയ്തശേഷം ഔട്‍ലുക്ക് ക്ലോസ് ചെയ്യുക. അതിനു ശേഷം Start | Run “Outlook.exe /cleanrules”. എന്നിട്ടു് പെര്‍ഫോമന്‍സ് മെച്ചപ്പെട്ടോ എന്നു നോക്കുക. പിന്നീടു് റൂള്‍സ് ഇം‍പോര്‍ട് ചെയ്യുക.

    2. ഔട്‍ലുക്ക് സേയ്ഫ് മോഡില്‍ റണ്‍ ചെയ്തു നോക്കുക. (Hold down the Ctrl key while starting Outlook).

    ഇത്രയും ചെയ്താല്‍ പ്രശ്നം എവിടെയാണെന്നു് (അല്ലെങ്കില്‍ എവിടെ അല്ലെന്നു്) അറിയാന്‍ കഴിഞ്ഞേക്കും.

    June 26, 2008 9:59 PM  
  15. Blogger ആഷ | Asha Wrote:

    ശരിയായല്ലോ
    അടിപൊളി!

    എനിക്കീ ഇന്‍സ്ക്രിപ്പ്റ്റ് ഒന്നും അറിഞ്ഞൂടാ :(

    June 26, 2008 10:40 PM  
  16. Anonymous Anonymous Wrote:

    യീ ആഴ്ച ഇതൊന്നു പരീക്ഷിക്കണം. ഉപയോഗിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.

    June 26, 2008 11:12 PM  
  17. Blogger Unknown Wrote:

    സന്തോഷേട്ടാ,
    നന്ദി, മെയില്‍ അയക്കാത്തതിന് ക്ഷമിക്കണേ,വീട്ടിലെ നെറ്റ് കുറേ ദിവസായി പോയിക്കിടക്കുവാ, ആപ്പീസില്‍ മെയില്‍ അയക്കാന്‍ പറ്റില്യ.

    ഞാന്‍ സേഫ് മോഡില്‍ ഉപയോഗിച്ചപ്പോള്‍ നല്ല വേഗത ഉണ്ട്. പക്ഷേ റൂള്‍ മാറ്റിയിട്ട് പ്രത്യേകിച്ച് ഗുണമൊന്നും തോന്നിയില്യ.

    എന്തായിരിക്കും കാരണം എന്ന് വല്ല പിടിയും ഉണ്ടാ? സേഫ് മോഡില്‍ കിട്ടണ സ്പീഡ് അല്ലാതെ കിട്ടാന്‍ എന്തു ചെയ്യണം?

    July 02, 2008 9:53 PM  
  18. Blogger Viswaprabha Wrote:

    നിസ്,
    ഔട്ട്‌ലുക്ക് 2007 2003-വേര്‍ഷനെ അപേക്ഷിച്ച് പ്രായേണ സ്ലോ ആണെന്നാണ് എന്റെ അനുഭവം. “ഭയങ്കര” വലിപ്പമുള്ള (പല .pst ഫയലുകളുമായി 100 GBയില്‍ കൂടുതല്‍) എന്റെ ഔട്ട്‌ലുക്ക് മെയില്‍ബോക്സുകള്‍ വിജയകരമായി വേണ്ടത്ര വേഗത്തില്‍ കൊണ്ടുനടക്കാന്‍ ഔട്ട്‌ലുക്ക് 2007നു് ആയില്ല. ഒരു മാസം ഉപയോഗിച്ചുനോക്കിയിട്ട് തല്‍ക്കാലം ഞാന്‍ 100% വിശ്വസ്തവും സുഗമവും ആയ 2003ലേക്കു തിരിച്ചുപോയി.


    ഔ.ലു.2007ല്‍ വേഗത കൂടാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:
    1. സ്വയം ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന സെര്‍ച്ച് പ്ലഗ് ഇന്നുകള്‍ / ആഡ് ഓണുകള്‍ പരമാവധി ഓഫ് ചെയ്തുവെയ്ക്കുക. ആവശ്യമുള്ള കസ്റ്റം സെര്‍ച്ചുകള്‍ പുതുതായി ഉണ്ടാക്കി സെര്‍ച്ച് ഫോള്‍ഡറുകളാക്കി ചേര്‍ക്കുക.

    2. ദിവസം ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും കമ്പ്യൂട്ടര്‍ റീ-ബൂട്ട് ചെയ്യുക.

    ഒരു രണ്ടാം ശ്രമമായി, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഓഫീസ് 2007 ലേക്ക് കളം മാറ്റിച്ചവിട്ടിനോക്കാനുള്ള പരിപാടിയുണ്ട്. അപ്പോള്‍ കൂടുതല്‍ അറിയിക്കാം. (ഇതുവരെ ഉപയോഗിച്ചിട്ടുള്ള‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകളില്‍ ഒന്നാംകിട എന്നുതന്നെ പറയാവുന്ന വിന്‍ഡോസ് എക്സ്പി / ഓഫീസ് 2003 കോമ്പിനേഷന്‍ കൈവിടാന്‍ ഇപ്പോഴും വിഷമമുണ്ട്.)

    July 08, 2008 11:44 AM  
  19. Blogger Science Uncle - സയന്‍സ് അങ്കിള്‍ Wrote:

    നല്ല പാതിയുടെ ഉപദേശം അനുസരിച്ച് റ്റെക്നികല്‍ കാര്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെ താങ്കള്‍ മലയാളികള്‍ക്ക് വലിയ നഷ്ടമാണു വരുത്തുന്നത്. ഗണിത ശാസ്ത്രതില്‍ ശ്രീ. ഉമേഷിനു ചെയ്യാന്‍ കഴിയുന്ന സേവനങ്ങളാണു താങ്കള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ചെയ്യാന്‍ കഴിയുന്നത്! മികച്ച രീതിയില്‍ എങ്ങനെ പ്രോഗ്രാം ചെയ്യണം എന്നറിയാതെ ഒട്ടനേകം ആളുകള്‍ ഈ ഭൂമി മലയാളത്തില്‍ കിടന്നു കറങ്ങുന്നുണ്ട്. അവരെ ഒന്നു സഹായിച്ചു കൂടേ? തീര്‍ച്ചയായും മലയാളി സോഫ്റ്റ്വെയര്‍ സുഹൃത്തുക്കള്‍ അതു രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അതിനു വേണ്ടി മാത്രം ഒരു ബ്ലോഗ് തുറക്കുന്നതായിരിക്കും നല്ലത്. ചിന്ത്യത്തില്‍ വേണ്ട!

    August 05, 2008 9:28 AM  

Post a Comment

<< Home