ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, May 11, 2020

അമരുകശ്ലോകം!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് ചെറിയ വൃത്തത്തിൽ ഒരു ട്രോൾ എഴുതിയാലോ എന്ന് ഒരാഗ്രഹം. പ്രോത്സാഹിപ്പിച്ചാൽ സമയം കിട്ടുന്നമുറയ്ക്ക് വീണ്ടും തുടരും. ഇന്ററസ്റ്റ് അളക്കാനുള്ള ശ്രമമായതിനാൽ അധികം സമയം ചെലവഴിച്ചിട്ടില്ല.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ അറുപത്തേഴാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

ഉമേഷിന്റെ നല്ല വിവർത്തനം (ശാർദ്ദൂലവിക്രീഡിതം):
പൂന്തേൻ വാണി തൊടായ്മയായരികിൽ വന്നീടാത്ത നേരത്തിലാ-
ക്കാന്തൻ ചുണ്ടിലൊരുമ്മ നൽകുവതിനായാക്കണ്ണു കാണിക്കവേ,
താൻ തന്നേ ചിരി തൂകി, യംശുകമെടുത്താസ്യം മറ, "ച്ചില്ലെടാ
കോന്താ" യെന്നു കുലുക്കിനാൾ തലയവൾ, തൻ കമ്മലാടും വിധം.

എന്റെ പരിഭാഷ/പാരഡി/ട്രോൾ (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ണാലെഞാനെത്ര കസർത്തു കാട്ടി
പെണ്ണോ ചിരിച്ചേച്ചു പതുക്കെ മുങ്ങീ!

Labels: , , ,

0 Comments:

Post a Comment

<< Home