ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, April 19, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും! - രണ്ടാം ഭാഗം

ഉണ്ടുമുറങ്ങിയും, ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഒന്നുരണ്ടു മലയാളിപ്പെണ്‍കൊടികളെ ആഴ്ചയിലൊരിക്കല്‍ സിനിമ കാണിച്ചും അതുവഴിയിട്ട പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും (കൊച്ചു കള്ളികളേ, ‘യൂ ആര്‍ വെല്‍ക്കം!’) ഞങ്ങളുടെ ന്യൂജേഴ്സി ജീവിതനദി വിഘ്നം കൂടാതൊഴുകി ആഴ്ചകളും മാസങ്ങളും കടന്നു പോയി.

(ഇതും, ഇതിന്‍റെ ഒന്നാം ഭാഗവും വായിച്ച്, ശ്ശെ, ഇവന്മാര് പക്കാ സ്ത്രീലമ്പടന്‍സ് ആണല്ലോ, അല്ലെങ്കില്‍ പണ്ട് ആയിരുന്നല്ലോ എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. ആദ്യ ഭാഗത്തില്‍ പരാമര്‍ശിച്ച കോത ഡ്രൂവിനെപ്പോലെയിരുന്നതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ന്നിമേഷാക്ഷരായ് നിന്നു പോയത്. അവള്‍ വല്ല പാരിസ് ഹില്‍ട്ടനെപ്പോലെയോ, സല്‍മാ ഹായക്കിനെപ്പോലെയോ മറ്റോ ആയിരുന്നെങ്കില്‍, ഞങ്ങള്‍ അവളുടെ മുഖത്തു നോക്കില്ലായിരുന്നു. അതുപോലെ മുകളില്‍ പറഞ്ഞ പാലം, നിളയ്ക്കു കുറുകേ കെട്ടിയ കുറ്റിപ്പുറം പാലം പോലെയൊന്നുമായിരുന്നില്ല, കലക്ക വെള്ളം വന്നു മറിയുന്ന തോടിനു കുറുകേ മണ്ട ചീഞ്ഞ തെങ്ങുംതടി വെട്ടിയിട്ട പോലൊരു സെറ്റപ്പു മാത്രം. നിങ്ങളുടെയും, അതിബലവാനായ എന്‍റെ ഭാര്യാ സഹോദരന്‍റെയും സംശയം മാറിയെന്നു കരുതുന്നു.)

നിര്‍ത്താതെയുള്ള മണിയടിയോടൊപ്പം, സഹമുറിയന്‍ തെലുങ്കന്‍റെ “ഫോണ് എതറ എഥവാ!” എന്ന് തുടങ്ങിയ പുളിച്ച തെറിയും കേട്ടാണ് ഒരു ശനിയാഴ്ച പ്രഭാതം പൊട്ടി വിരിഞ്ഞത്. “എനിക്ക് മിസ്റ്റര്‍ ക്യാരുറ്റി ലവാടിയുമായി ഒന്നു സംസാരിക്കണം”, ഉറക്കത്തില്‍ നിന്നും വിളുച്ചുണര്‍ത്തിയ സ്ത്രീശബ്ദം എന്നോടു മൊഴിഞ്ഞു. കേട്ടിട്ടില്ലാത്ത സ്വരം. മദാമ്മയെ വളയ്ക്കാന്‍ തക്കവണ്ണം ഗിരീഷ് വളര്‍ന്നോ? ചോദിച്ചേക്കാം.

“ആരു നീ, ജിന്‍മകളേ?”

സമാധാനം. പാറപ്പുറത്ത് ചിരട്ടയിട്ടുരച്ചതു പോലെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന ഗിരീഷ് കരുത്തിലാവാടിയെ വിളിച്ചുണര്‍ത്തി ഞാന്‍ ഫോണ്‍ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റിന്‍റെ കാലാവധി അവസാനിക്കുമെന്നും, പകരം ഇന്‍ഷുറന്‍സ് ഫയലില്‍ വയ്ക്കാന്‍ ന്യൂജേഴ്സി ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നും ഉപദേശിക്കാനാണ് മദാമ്മ വിളിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ഓഫ് അമേരിക്കയുടെ കിഴക്കേ തീരം വിറപ്പിച്ച് വണ്ടി പറപ്പിച്ച് നടന്ന ഗിരീഷിനാണോ, ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നു പറയുമ്പോള്‍ കുലുങ്ങുന്നത്? നെവെര്‍ ഇന്‍ അനദര്‍ ഫിഫ്റ്റിട്ടൂ ഈയേഴ്സ്. (എഴുപത്തേഴു കഴിഞ്ഞാല്‍ ശേഷം ചിന്ത്യമെന്ന് ജാതകം.)

“തോറ്റു, അല്ലേ?” ടെസ്റ്റ് എഴുതാന്‍ പോയിട്ട്, അണ്ടികളഞ്ഞ അണ്ണാച്ചിയെപ്പോലെ മടങ്ങി വന്ന ഗിരീഷിനോട് ഞാന്‍ ആഹ്ലാദപരവശനായി ചോദിച്ചു. റിട്ടണ്‍ ടെസ്റ്റ് പാസ്സായെങ്കിലും, സാങ്കേതിക തടസ്സമുണ്ടെന്ന കാരണത്താല്‍ ഡ്രൈവിങ് ടെസ്റ്റ് എടുക്കാന്‍ അനുവദിക്കാതിരുന്ന കണ്ണു നീരില്‍ കുതിര്‍ന്ന കദന കഥ അവിടെ ഹൌസ് ഫുള്‍ ആയി അവതരിച്ചു.

ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിങ്ങിലെ ഏമാന്‍: “ടായ് പയലേ, നിനക്ക് ഖണക്റ്റികറ്റില്‍ ആറുമാസത്തെ നിരോധനാജ്ഞയുണ്ടെന്ന് നോം മഷിയിട്ട് നോക്കിയപ്പോള്‍ കാണുമാറാകുന്നുവല്ലോ.”
ഗിരീഷ്: (കമ്പ്യൂട്ടറിനെ നോക്കി) “എന്തതിശയമേ, കുന്തത്തിന്‍ ശൌര്യം...” (പിന്നെ ഏമാനോട്) “കല്പനയുണ്ടായിരുന്ന കാലത്ത് ഞാന്‍ അവിടെ നിന്നും സ്വയം ഓടിച്ച് ന്യൂജേഴ്സിയിലേയ്ക്ക് വന്നിട്ടേയില്ല. എന്നെക്കണ്ടാല്‍ അങ്ങനെ വന്നവനാണെന്ന് തോന്നുമോടാ കൂവേ?”
ഏമാന്‍: “ഓക്കി ഡോക്കി... ഖണക്റ്റികറ്റുകാര്‍ വിലക്ക് പിന്‍‍വലിച്ചു എന്നെഴുതിത്തന്ന തുണ്ടുകടലാസ് കൃപയാ കാട്ടിയാലും.”
ഗിരീഷ്: “വാട്ട് കടലാസ്? ആറുമാസം കഴിഞ്ഞാല്‍ സ്വമേധയാ ഒഴിയുന്ന ബാധയല്ലയോ അത്? (ശബ്ദം താഴ്ത്തി) ആ ചരിത്ര സംഭവം നടന്നുകൊണ്ടിരുന്ന രാത്രിയില്‍ കുട്ടികളുണ്ടാവാന്‍ വേണ്ടി ഉത്സാഹിച്ച മിക്ക ആള്‍ക്കാര്‍ക്കും ഇപ്പോള്‍ കുട്ടികളുണ്ട്. (ശബ്ദം ഉയര്‍ത്തി) ആ ചരിത്ര സംഭവം നടന്നിട്ട് ഇന്നേയ്ക്ക് ഒന്‍പതോ പത്തോ മാസമാകുന്നല്ലോ. ”
ഏമാന്‍: “ആ പാപ്പിറസ് ഇല്ലാതെ ഒന്നും നടക്കില്ല മോനേ, ഗിരീശാ!”
ഗിരീഷ്: “ക്യാന്‍ ഐ പേ സം മണി, ആന്‍‍ഡ്...”
ഏമാന്‍: “വാട്ട്യൂ മീന്‍? ആര്‍ യൂ ട്രൈയിന്‍ റ്റു ബ്രൈബ് മി?”

സായിപ്പേമാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നു കണ്ടപ്പോള്‍ ഗിരീശന്‍ പ്ലേറ്റ് മാറ്റി. “ഓ, നോ, നോ! ഞാന്‍ ഫൈനടച്ച് തടിതപ്പാമോന്ന് നോക്കിയതാ, വെറുതേ തെറ്റിദ്ധരിച്ചു...”

ദിവസങ്ങള്‍ കടന്നുപോയി. ഭക്ഷണം കഴിക്കാനും കക്കൂസില്‍ പോകാനുമൊഴികെ മറ്റെല്ലാ കാര്യവും അലാറം വച്ചാല്‍ മാത്രം ഓര്‍ത്തുവയ്ക്കുന്ന ഗിരീഷ്, വിലക്ക് പിന്‍‍വലിച്ചു എന്നെഴുതി തുല്യം ചാര്‍ത്തിയ കടലാസ് ഖണക്റ്റികറ്റ് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന കാര്യം പാടേ മറന്നുപോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോകേ, “എങ്ങനെ ഞാന്‍ മറക്കും, മറുതേ!” എന്നൊരു ഗാനവുമായി ഇന്‍ഷുറന്‍സ് മദാമ്മ ഗിരീഷിന് ആദ്യത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു.

ക്ലാസിലെ പല്ലുന്തിയ പെണ്ണ്, റസണന്‍സ് കോളം പ്രാക്റ്റിക്കല്‍ ചെയ്യുന്നതിനിടയില്‍ ആരും കേള്‍ക്കാതെ ഐലവ്യൂ പറഞ്ഞിട്ടും അത് തന്നോടല്ല എന്ന മട്ടില്‍ ഫോര്‍ക്കെടുത്ത് ആഞ്ഞടിച്ച് പ്രകമ്പനങ്ങള്‍ ഉണ്ടാക്കിക്കളിക്കുന്ന കോളജുകുമാരന്‍റെ നിഷ്കളങ്കതയോടെ, ഗിരീഷ് മദാമ്മയുടെ ലാസ്റ്റ് വാണിംഗ് തള്ളിക്കളഞ്ഞു. അനതിവിദൂരഭാവിയില്‍ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക/സാംസ്കാരിക പ്രശ്നത്തെക്കുറിച്ചോര്‍ത്ത് ആധിപൂണ്ട ഞാന്‍, ഗിരീഷിനെ നേര്‍വഴിക്കു നടത്താന്‍ ഉദ്ദേശിച്ച് എന്‍റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി.

സാമൂഹിക/സാംസ്കാരിക പ്രശ്നം: ഗിരീഷിന്‍റെ ലൈസന്‍സ് റദ്ദായാല്‍ പിന്നെ ആ ദേഹത്തിനെ ഓഫീസില്‍ കൊണ്ടു വിടുന്നതും അവിടുന്ന് പൊക്കിക്കൊണ്ടുവരുന്നതും എന്‍റെ തലയിലാവും. അത് എന്‍റെ പ്രൈവസിയുടെ മേല്‍ സംഭവിക്കുന്ന മാരകമായ ഒരു പ്രഹരമായിരിക്കും.
വിലയേറിയ അഭിപ്രായം: “ടേയ്, ഖണക്റ്റികറ്റിലെ പണ്ടാരങ്ങളെ വിളിച്ച് നിന്‍റെ എന്‍. ഓ. സീ. തപാലിലയച്ചു തരാന്‍ പറയെടേയ്...”

എന്‍റെ അഭിപ്രായം മാനിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല ഗിരീഷ്. മാനിച്ചവര്‍ ഇന്ന് സമൂഹത്തിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുകയും ചില്ലുമേടകളിലിരുന്ന് കല്ലെറിഞ്ഞ് കളിക്കുകയും ചെയ്യുന്നു. മാനിക്കാത്ത അപൂര്‍വം ചിലരോ, വെളിച്ചമില്ലാത്ത വിളക്കുമരങ്ങള്‍ക്കു താഴെ ഗുണം പിടിക്കാതെ അലയുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മദാമ്മ പിന്നെയും വിളിച്ചു. ഗിരീഷ് ചോദിച്ചു:
“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് എലോങ് വിത്ത് മൈ ഇന്‍ഷുറന്‍സ് ആന്‍‍ഡ് കണ്ടിന്യൂ റ്റു യൂസ് ദിസ് ഐ. ഡി. പി?” അതാവത്, കാലാവധി തീര്‍ന്ന സാധനം തുടര്‍ന്നും ഉപയോഗിച്ചോട്ടേന്ന്.
“യൂ മസ്റ്റ് ബി കിഡിംഗ്...” മദാമ്മയ്ക്ക് ഗിരീഷ് ആ പറഞ്ഞത് മനസ്സിലായേയില്ല.

അങ്ങനെ ചുളുവില്‍ ഒന്നും നടക്കില്ലെന്നും എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുമെന്നും പറഞ്ഞ് മദാമ്മ രണ്ടാമത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു. മറ്റ് മാര്‍ഗമില്ലാതെ ഗിരീഷ് എന്‍റെ ഉപദേശം അനുസരിക്കാന്‍ തീരുമാനിച്ചു.

“അതിനെന്താ, എന്‍. ഓ. സീ. അയയ്ക്കുന്നത് വളരെ എളുപ്പമാണല്ലോ” ഖണക്റ്റികറ്റിലെ ആപ്പീസര്‍ ഫോണിലൂടെ അറിയിച്ചു. “എന്‍. ഓ. സീ. താങ്കള്‍ക്ക് നേരിട്ട് അയച്ചുതരണോ അതോ ഞങ്ങള്‍ ന്യൂജേഴ്സി ആപ്പീസിലേക്ക് ഫാക്സ് ചെയ്താല്‍ മതിയോ?”

എന്തൊരു മാന്യന്‍. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഗിരീഷ് എന്നെ നോക്കി ഒരു ‘ഥംസ് അപ്’ കാണിച്ചു.

“ഇതിന് ചിക്ലി വല്ലതും ആവുമോ? ആര്‍ ദേര്‍ എനി ഫീസ് ഫോര്‍ ദിസ് സര്‍വീസ്?”
“അബ്സല്യൂറ്റ്ലി നണ്‍!” ഗിരീഷ് ആഹ്ലാദ പരവശനായി, “നര്‍ത്തകികള്‍ നൃത്തമാടട്ടെ!” എന്ന് വിളിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.
“താങ്കളുടെ ഇന്‍ഷുറന്‍സ് കമ്പനി, താങ്കള്‍ക്ക് SR22 ഉണ്ട് എന്നതിന്‍റെ തെളിവ് ഞങ്ങള്‍ക്കയച്ചുതന്നാലുടനെ ഞങ്ങള്‍ ഇത് താങ്കള്‍ക്കയച്ചു തരാം.”

അങ്ങനെ ആണും പെണ്ണും ആദ്യദര്‍ശനത്തിലോ ആദ്യസ്പര്‍ശനത്തിലോ ആദ്യാലിംഗനത്തിലോ ആകൃഷ്ടരായ ശേഷം ബാക്കി പിന്നെയാവാം എന്നോര്‍ത്ത് ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുന്നതുപോലെ, ഗിരീഷും ഖണക്റ്റികറ്റിലെ ആപ്പീസറും പേരും, നാളും, ഫോണ്‍, ഫാക്സ്, നെഞ്ചളവ് ആദിയായ നമ്പരുകളും കൈമാറി. വീണ്ടും ബന്ധിക്കും വരെ വണക്കം എന്ന് വികാരവിവശരായിപ്പറഞ്ഞ് അവര്‍ മനസ്സില്ലാമനസ്സോടെ ഫോണ്‍ കമഴ്ത്തി.

SR22 എന്താണെന്ന് ഗിരീഷിനോ എനിക്കോ അറിയില്ലായിരുന്നു. അത് അറിയേണ്ട കാര്യവുമില്ല. എന്തായാലും നമ്മുടെ കയ്യിലില്ലാത്ത കാര്യമാണ്. കാര്യം, പക്ഷേ, ബഹുത് ഈസി. ഇന്‍ഷുറന്‍സുകാരിയെ വിളിക്കുക, ‘അധികം സംസാരിക്കാതെ അയയ്ക്കടീ എസ്സാര്‍ ഇരുപത്തിരണ്ട്’ എന്ന് അലറുക.

അറിയാവുന്നവരോട് ചോദിക്കുമ്പോഴാണല്ലോ, അറിഞ്ഞുകൂടാത്ത പലതും നമുക്ക് അറിയാവുന്നതാവുന്നത്. ഇന്‍ഷുറന്‍സുകാരിയെ വിളിച്ചപ്പൊഴാണ് ഈ വിഷയം സംബന്ധിച്ച് നമുക്കറിവില്ലാതിരുന്ന മറ്റൊരു കാര്യം മനസ്സിലായത്. നിലവില്‍ ഒരു അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് ഉള്ളവര്‍ക്കേ, ഇന്‍ഷുറന്‍സ് കമ്പനികള്‍ SR22 എന്ന ഹൈ റിസ്ക് ഇന്‍ഷുറന്‍സ് നല്‍കുകയുള്ളൂ. ഗിരീഷിന് ഇന്ത്യയില്‍ നിന്നും തരപ്പെടുത്തിയ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റ് എന്ന ഐ. ഡി. പി. മാത്രമേയുള്ളൂ. അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടാന്‍ വേണ്ടിയാണ് SR22 വേണ്ടത്.

ചുരുക്കത്തില്‍, ഗിരീഷ് ചെന്നുപെട്ടത് ഒരു വിഷമ വൃത്തത്തിലാണ്. ഗിരീഷിന് അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടണമെങ്കില്‍, ഖണക്റ്റികറ്റില്‍ നിന്നും എന്‍. ഓ. സീ. വേണം. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 വേണം. SR22 വേണമെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഡ്രൈവേഴ്സ് ലൈസന്‍സ് വേണം.

പതിവുപോലെ, ഉപദേശവുമായി ഞാന്‍ റെഡി. വെറും പച്ചമാങ്ങയും പച്ചവെള്ളവും മോന്തിയാല്‍ ഏ-വണ്‍ ഉപദേശങ്ങള്‍ ഒഴുകിവരാന്‍ പ്രയാസമാണെന്നും, കോഴിക്കാലും ഫോറിന്‍-മേയ്ഡ് ഫോറിന്‍ ലിഖറും കരുമുരാ അകത്താക്കിയാല്‍ അധികം ആലോചിക്കാതെ ഐഡിയാ വരുമെന്നും അറിയാവുന്ന ഗിരീഷ്, വേഗം പോയി സാമാന്യം വലിപ്പമുള്ള ഒരു കുപ്പിയുമായി മടങ്ങിവന്നു. ഒരു തുള്ളിപോലും ബാക്കിവയ്ക്കാതെ കുപ്പികാലിയാക്കിയ ശേഷം, ‘എല്ലാം പറഞ്ഞപോലെ’ എന്നു പറഞ്ഞ് തെലുങ്കനും ഞാനും, ‘ഇനി നീയായി നിന്‍റെ പാടായി’ എന്ന മട്ടില്‍ ഉറങ്ങാന്‍ പോയി.

ഗിരീഷ് ഇന്‍ഷുറന്‍സുകാരിയെ വീണ്ടും വിളിച്ചു. വല്ല വിധേനയും ലൈസന്‍സ് ഇല്ലാത്ത തനിക്ക് ഒരു SR22 ഒപ്പിച്ചു താരാമോ എന്ന് കെഞ്ചി. നോ രക്ഷ. മദാമ്മ അടുക്കുന്നില്ല.

“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് ആന്‍ഡ്...”

ഇല്ല, അതും വിലപ്പോവുന്നില്ല.

“എടീ, എരണം കെട്ടവളേ, ഞാന്‍ നിനക്ക് കുറച്ച് കാശുതന്നാല്‍ നീ ഇല്ലാത്ത ഒരു ലൈസന്‍സ് നമ്പര്‍ വച്ച് എനിക്കാ തൊല്ല ഒന്നു ശരിയാക്കിത്തരുമോ?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും?”
“അതൊന്നും എനിക്കറിയില്ല. എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്ത് ആ വിവരം ഞങ്ങളുടെ ഫയലില്‍ വയ്ക്കാന്‍ എത്തിച്ചില്ലെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് റദ്ദാക്കും.”
“പക്ഷേ, എനിക്ക് SR22 ഇല്ലാതെ എങ്ങനെ...?”
“അതൊന്നും എനിക്കറിയില്ല.”
“പിന്നെ ഞാന്‍ എന്തു ചെയ്യും? എനിക്ക് നിന്‍റെ മാനേജരോട് സംസാരിക്കണം.”
“ഓ, യെസ്.”

മാനേജര്‍ ഇതിലുമപ്പുറം. ഇത് ഇങ്ങനെ കുറെ നേരം തുടര്‍ന്നു. സംഭാഷണം നിറുത്തി ദേഷ്യവും സങ്കടവും വന്ന് ഗിരീഷ് ഫോണ്‍ വലിച്ചെറിയുന്നു. അടുത്ത വിളി ഖണക്റ്റികറ്റിലേയ്ക്ക്.

“SR22 കിട്ടിയില്ല.”
“എന്‍. ഓ. സീ. തരില്ല.”
“എനിക്ക് SR22 കിട്ടില്ല. SR22 ലൈസന്‍സ് ഉള്ളവര്‍ക്കേ കൊടുക്കൂ.”
“അതൊന്നും എനിക്കറിയില്ല. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 ആയി വരൂ.”
“എനിക്ക് SR22 കിട്ടില്ല.”
“അതൊന്നും എനിക്കറിയില്ല.”
“ക്യാന്‍ ഐ പേ എ ഫൈന്‍ ആന്‍ഡ് ദെന്‍ വില്‍ ഐ ഗെറ്റ് ദ എന്‍. ഓ. സീ.?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും? ഞാന്‍ താങ്കള്‍ക്ക് കുറച്ച് കാശ് തരട്ടെയോ, ഇതൊന്നു ശരിയാക്കാന്‍?”
“കൈക്കൂലി? ഓ, നോ! ഇവിടെ അതൊന്നും നടപ്പില്ല. ഒരു പക്ഷേ നിങ്ങളുടെ രാജ്യത്തില്‍ സാധിക്കുമായിരിക്കും.”
“ഞാന്‍ നിന്‍റെ തലവനോട് സംസാരിക്കട്ടെ.”

ഇത്രയും സംഭാഷണം തലവനുമായും നടത്തി. അയാളും കൈമലര്‍ത്തി.

ഒന്നര ആഴ്ച കഴിഞ്ഞ് ഒരു രാഹുകാലത്ത്, ഗിരീഷിന്‍റെ ഇന്‍ഷുറന്‍സ് റദ്ദാക്കിക്കൊണ്ടുള്ള കത്ത് തപാലില്‍ വന്നു. ഗിരീഷിനെ ചുമക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടു. (എന്‍റെ പ്രൈവസി പോയെങ്കിലും ഗിരീഷിന്‍റെ പ്രൈവസിയില്‍ കൈകടത്താനായതില്‍ ഞാന്‍ അതിരറ്റ് ആനന്ദിച്ചു.) കല്യാണം കഴിഞ്ഞ് ഭാര്യയില്ലാതെ ഗള്‍ഫില്‍ പോയവനെപ്പോലെ, സ്വന്തമായി കാറുണ്ടായിട്ടും ഡ്രൈവ് ചെയ്യാനാവാതെ ഗിരീഷ് നീറി. മുന്‍പറഞ്ഞ ഗള്‍ഫുകാരനില്‍ നിന്നു വിരുദ്ധമായി; സ്വന്തം കാര്‍, സ്വന്തം കണ്മുന്നില്‍ വച്ച് മറ്റുള്ളവര്‍ ഓടിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വരികയും, കാറോടിക്കണമെന്ന ആഗ്രഹം അടക്കാന്‍ വയ്യാതായാല്‍ക്കൂടി അതിനു കഴിയാതെ, മറ്റുള്ളവര്‍ ഓടിക്കുന്നത് നോക്കിയിരിക്കാന്‍ മാത്രം വിധിയുണ്ടാവുകയും ചെയ്തു. നാലാള്‍ കാണ്‍കെ കാറോടിക്കല്‍ വിലക്കിയിരുന്നതിനാല്‍, ഒളിച്ചും പാത്തും, ഇരുളിന്‍റെ മറവില്‍, പാര്‍ക്കിംഗ് ലോട്ടില്‍ വച്ചോ മറ്റിടനാഴികളില്‍ വച്ചോ അദ്ദേഹം തന്‍റെ വികാരങ്ങള്‍ ശമിപ്പിച്ചു.

എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ പോകുന്നതിനു മുമ്പ്, ന്യൂജേഴ്സി ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിംഗ്, ഖണക്റ്റികറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ വിളിച്ച് ക്ഷേമമന്വേഷിക്കുന്നത് ഗിരീഷ് ഒരു പതിവാക്കിയിരുന്നു. ഈ രണ്ട് ഓഫീസിലെയും എല്ലാ ജീവനക്കാര്‍ക്കും ഗിരീഷിനെ നല്ല പരിചയമായി. ഈ സൌഹൃദത്തിനിടയിലും, ഒരു തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഒരാളും ഒരുക്കമായിരുന്നില്ല. ‘നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്ന മറുപടി എല്ലാ ആഴ്ചയിലും ഗിരീഷിനു കിട്ടിക്കൊണ്ടിരുന്നു.

ഏതാണ്ട് ഏഴുമാസം കഴിഞ്ഞൊരുനാളില്‍, ഖണക്റ്റികറ്റ് ഓഫീസില്‍ ഒരു പുതിയ സൂപ്പര്‍വൈസര്‍ ചാര്‍ജ് എടുത്തു എന്ന് ‘പരിചയക്കാരിലൊരാള്‍’ ഗിരീഷിനെ അറിയിച്ചു. ഗിരീഷ് തന്‍റെ ദുഃഖം പുതിയ മേലാളത്തിയെ അറിയിക്കുകയും ദയയുണ്ടാവണമെന്ന് കേണപേക്ഷിക്കുകയും ചെയ്തു. സംഭവ കഥ മുഴുവന്‍ വള്ളിപുള്ളിവിസ്സര്‍ഗം വിടാതെ എഴുതി, അത് ഒരു പബ്ലിക് നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് സമര്‍പ്പിച്ചാല്‍ എന്‍. ഓ. സീ. തരുന്ന കാര്യം പരിഗണിക്കാമെന്ന് മനുഷ്യത്വമുള്ള ആ സ്ത്രീ ഗിരീഷിനോട് പറഞ്ഞു.

ഗിരീഷ് അങ്ങനെ തന്‍റെ ആദ്യ നോവല്‍ എഴുതിത്തുടങ്ങി. നാലുനാളുകള്‍ക്കു ശേഷം, ഏഴു പേജ് സത്യവാങ്മൂലവുമായി ഞങ്ങള്‍ നോട്ടറിയെത്തേടിയിറങ്ങി.

“ക്വൈറ്റ് എ സ്റ്റോറി”, നോട്ടറി അതിശയം പൂണ്ടു. “ബട്ട്, ദെന്‍, ഹൈ ഡു ഐ നോ യൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്?”
“ഐ ആം റ്റെല്ലിങ് ദ ട്രൂത്ത്!”
“ഹൈ ഡു ഐ നോ?”
(എന്നെ ചൂണ്ടി) “ഹി ഈസ് എ വിറ്റ്നസ്.”
“ബട്ട്, ദെന്‍, ഹൈ ഡു ഐ നോ ഹീ ഈസ് റ്റെല്ലിങ് ദ ട്രൂത്ത്?”

ഞങ്ങള്‍ മാറി നിന്ന് കുശുകുശുത്തു. നോട്ടറിയേമാന് കുലുക്കമില്ല. സത്യവാന്‍. സത്യമാണെന്നറിഞ്ഞാലേ, ഇഷ്ടന്‍ ഒപ്പിടൂ... അറ്റകൈ പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

“താങ്കള്‍ക്ക് എത്രയാണ് ഫീസ്?”
“ഇരുപത്തഞ്ച് ഡോളര്‍.”
“സാര്‍, ഞങ്ങള്‍ നൂറ് ഡോളര്‍ തരാം, ദയവായി ഒപ്പിട്ടു തരണം!”

നോട്ടറിയാന്‍ ഞങ്ങളെ തുറിച്ചു നോക്കി. ആദ്യം അവിശ്വസീനയമായി. പിന്നെ ‘പറ്റിക്കല്ലേ മക്കളേ’ എന്ന രീതിയില്‍. രണ്ടാമത്തെ രീതിയിലുള്ള നോട്ടം ഒരുപാട് കണ്ട് തഴമ്പിച്ച കണ്ണുകളായതിനാല്‍ നമുക്ക് കാര്യം പിടികിട്ടി.

“സാര്‍, നൂറ് ഡോളര്‍ താങ്കള്‍ക്ക് തരാം, ജീവിത പ്രശ്നമാണ്, സഹായിക്കണം.” ഗിരീഷ് ലേലം ഉറപ്പിച്ചു.

നൂറു ഡോളര്‍ എണ്ണി വാങ്ങി, ആ സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കുമ്പോഴും, ഒരു അരവട്ടനെപ്പോലെ നോട്ടറിയാന്‍ പറഞ്ഞു കൊണ്ടിരുന്നു:

“ബട്ട്, ദെന്‍, ഐ ഹാവ് നോ ഐഡിയ ഇഫ് യൂ ടൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്!”

(അവസാനിച്ചു)

Labels: ,

25 അഭിപ്രായങ്ങള്‍:

 1. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  അതു കലക്കി!! എന്നാലും പാവം നോട്ടറി.. "അവന്‍ ചെയ്തതെന്തെന്ന് അവനറിയുന്നില്ലാ...."

  Wed Apr 19, 05:08:00 PM 2006  
 2. Blogger ഉമേഷ്::Umesh എഴുതിയത്:

  സന്തോഷ്,

  കഴിഞ്ഞ ഭാഗത്തിനു ഞാന്‍ കൊടുത്ത കമന്റു പിന്‍‌വലിച്ചിരിക്കുന്നു, ഇതു വായിച്ചപ്പോള്‍. കലക്കി. നര്‍മ്മവും വല്ലഭനു പുല്ലു പോലെ സന്തോഷിനായുധം എന്നു പറയട്ടേ.

  നിങ്ങടെയൊക്കെ കുഴപ്പമെന്താണെന്നു പറയട്ടേ? നിങ്ങളൊക്കെ സിസ്റ്റമാറ്റിക് ആണു്. എന്റെ കാര്യം നോക്കൂ. അമേരിക്കയ്ക്കു പോകുന്നതിന്റെ തലേ ദിവസമാണു് IDP-യെപ്പറ്റി ഓര്‍ത്തതു്. അന്നു നോക്കിയപ്പോള്‍ നാട്ടിലെ ലൈസന്‍സു കാണുന്നില്ല. അങ്ങനെ ലൈസന്‍സില്ലാതെ ഞാന്‍ അമേരിക്കയ്ക്കു പോയി. അപ്പോള്‍ എന്തു ചെയ്യും? ലൈസന്‍സ് എടുക്കുക തന്നെ. വാസ്കോ ഡി ഗാമയുടെ നാട്ടുകാരനായ ഡൊസ്റ്റാന്റോ ഡിസ്റ്റാന്റിയാനോ എന്ന ഒരു ഡ്രൈവിംഗ് മാസ്റ്ററെ (ചീപ്പായിരുന്നു : മണിക്കൂറിനു 24 ഡോളര്‍) സംഘടിപ്പിച്ചു സംഗതി പഠിച്ചു. ആദ്യത്തെ തവണ തോറ്റു (അതിന്റെ തലേ ദിവസം മഞ്ഞു പെയ്തിരുന്നു. മഞ്ഞുള്ള വഴിയിലൂടെ സ്പീഡ് ലിമിറ്റിനും ഒരുപാടു കുറച്ചേ പോകാവൂ പോലും! എന്നാല്‍ അതു കൂടി ഈ കാലമാടന്മാര്‍ക്കു് എഴുതി വെച്ചു കൂടേ?), പിന്നത്തെ തവണ കിട്ടി. 400 ഡോളര്‍ പോയി. എന്നാലെന്താ? ലൈസന്‍സ് കയ്യില്‍.

  ഗുണപാഠം: മടിയന്‍ മല ചുമന്നാലും ആ മലയ്ക്കു പിന്നെ ഉപയോഗമുണ്ടാവും.

  (തിന്നാനും മറ്റേക്കാര്യത്തിനുമല്ലാതെ എല്ലാറ്റിനും അലാറം വേണ്ടവനാണേ ഞാനും!)

  Wed Apr 19, 05:18:00 PM 2006  
 3. Blogger യാത്രാമൊഴി എഴുതിയത്:

  കൊള്ളാം സന്തോഷ്.
  ന്യൂ ജേഴ്സി അല്ലെങ്കിലും നൊട്ടോറിയസ് ആണു ഈ വക കാര്യങ്ങളില്‍. ഇപ്പോള്‍ വിദേശികള്‍ക്ക് ചില സെന്ററുകളില്‍ മാത്രമേ എഴുത്തു പരീക്ഷയ്ക്ക് ഇരിക്കാന്‍ പറ്റു. ഇന്‍ഷുറന്‍സ് കമ്പനികളും കുറവ്. എന്റെ സുഹൃത്തുക്കള്‍ റട്ഗേഴ്സില്‍ ഉണ്ടായിരുന്നു. ഇപ്പൊഴും ചിലരുണ്ട് അവിടെ.

  ഉമേഷ്ജി, ഞാനേതായാലും തീരെ കാശുമുടക്കില്ലാതെ ലൈസന്‍സ് എടുത്ത കൂട്ടത്തിലാണു. ബാംഗ്ലൂരിലെ ഒരു ഡ്രൈവിംഗ് സ്കൂളില്‍ പേരിനു മാത്രം വണ്ടിയോടിച്ച് കിട്ടിയ ലൈസന്‍സും (ഞങ്ങളുടെ ഡ്രൈവിങ്ങ് ടെസ്റ്റ് തന്നെ ഒരു വലിയ തമാശസംഭവം ആയിരുന്നു, അത് പിന്നീട് എപ്പൊഴെങ്കിലും പറയാം) ഐ.ഡി.പിയും കയ്യിലുണ്ടായിരുന്നു. വന്ന് അധികം നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ നെബ്രാസ്കയിലെ ലിങ്കണില്‍ നിന്നും ഫിലഡെല്‍‌ഫിയ വരെ ഞാനും എന്റെ ഒരു സുഹൃത്തും കൂടി കാറോടിക്കേണ്ട ഗതികേടുണ്ടായി. അവിടുന്ന് തിരിക്കുമ്പോള്‍ രാത്രി. അവന്‍ എന്നോട് പറഞ്ഞു, ഡേയ് നീ തന്നെ തുടങ്ങിക്കോ, രാത്രി ആയതുകൊണ്ട് കുഴപ്പമില്ല. വഴിയിലെങ്ങും ആരും കാണില്ല. കയ്യില്‍ ഐ.ഡി.പി മാത്രമേയുള്ളു, ഇവിടെ വന്നിട്ട് ആദ്യമായിട്ടാണു വണ്ടിയോടിക്കാന്‍ പോകുന്നത്. പക്ഷെ ഒരു ധൈര്യത്തിനങ്ങു തുടങ്ങി. ഹൈവേയില്‍ കയറിയപ്പോള്‍ അവന്‍ പറഞ്ഞതുപോലെ ആകെ വിജനം. ഒരു വാഹനം പോലുമില്ല. കുറച്ചു നേരം സ്റ്റിയറിങ്ങ് നേരെയാക്കലും, ലെയ്ന്‍ ചെയ്ഞ്ചിങ്ങും ഒക്കെയായി അങ്ങനെ പോയി. പിന്നെ മാറി മാറി ഒരേ ഓടിക്കല്‍. ഫിലിയില്‍ എത്തിയപ്പോഴെക്കും ഞാന്‍ ഒരു മാതിരി വിദഗ്ദനായിപ്പോയി. കുറച്ച് പാരലല്‍ പാര്‍ക്കിങ്ങ് കൂടി പഠിച്ച്, അധികം സമയം കളയാതെ പോയി എഴുത്തു പരീക്ഷ, റോഡ് ടെസ്റ്റ് എന്നിവ പാസായി ലൈസന്‍സ് കൈക്കലാക്കി!

  Wed Apr 19, 07:24:00 PM 2006  
 4. Blogger വിശാല മനസ്കന്‍ എഴുതിയത്:

  'ക്ലാസിലെ പല്ലുന്തിയ പെണ്ണ്, റസണന്‍സ് കോളം പ്രാക്റ്റിക്കല്‍ ചെയ്യുന്നതിനിടയില്‍ ആരും കേള്‍ക്കാതെ ഐലവ്യൂ പറഞ്ഞിട്ടും അത് തന്നോടല്ല എന്ന മട്ടില്‍ ഫോര്‍ക്കെടുത്ത് ആഞ്ഞടിച്ച് പ്രകമ്പനങ്ങള്‍ ഉണ്ടാക്കിക്കളിക്കുന്ന കോളജുകുമാരന്‍റെ നിഷ്കളങ്കതയോടെ' സ്പോട്ടടക്കം പറയുന്നു.. ങും ങും.!

  അപ്പോള്‍ അളിയന് ജിമ്മാണല്ലേ ??

  തിന്നാനും, വിപരീത കാര്യത്തിനും മാത്രം അലാറം വേണ്ട ഹ ഹ..അടിപൊളി.

  സന്തോഷേ, സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റിങ്ങായിട്ടുണ്ട്.

  Wed Apr 19, 08:44:00 PM 2006  
 5. Blogger കണ്ണൂസ്‌ എഴുതിയത്:

  രസിച്ചു. ആദ്യഭാഗവും രണ്ടാം ഭാഗം അവസാനത്തിനു തൊട്ടു മുന്‍പു വരേയും വായിച്ച്‌, അമേരിക്കയില്‍ കൈക്കൂലി വാങ്ങുന്ന ഒരു തെണ്ടിയുമില്ലേ എന്ന് പേടിച്ചിരിക്കുകയായിരുന്നു. എന്തായാലും നോട്ടറി രക്ഷിച്ചു.

  Wed Apr 19, 09:19:00 PM 2006  
 6. Blogger ചില നേരത്ത്.. എഴുതിയത്:

  സന്തോഷ്ജീ
  കലക്കി മാഷേ. എല്ലാ പോസ്റ്റുകളും വ്യത്യസ്തം.
  ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട്. അമേരിക്കയില്‍ വല്യ പാടായിരിക്കും കൈക്കൂലി കൊടുക്കാന്‍. മിഡ്ഡിലീസ്റ്റില്‍ ഒരു ബുദ്ധിമുട്ടുമില്ല. ചിലരിത് കേട്ട് വിയോജിച്ചേക്കാം.
  എന്റെ അനുഭവം പറയാം. വിസ ചെയ്ഞ്ച് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു കുറച്ച് മുന്‍പ് വരെ. എനിക്കാണെങ്കില്‍ ഒരു കമ്പനിയില്‍ നിന്ന് തരക്കേടില്ലാത്ത ഓഫറ്. നിയമം കടു കട്ടി. അവസാനം ഡിപ്പാര്‍ട്ട്മെന്റുകളില്‍ കയറിയിറങ്ങി, ഓഫീസിലെ ഡ്യൂപ്ലിക്കേറ്റ് വത്വീനികള്‍(യെമനി, ഇറാനി പൌരന്മാര്‍ ഇവിടുത്തെ സ്ത്രീകളെ കല്യാണം കഴിച്ച് പൌരത്വം നേടിയവര്‍) ആരൊക്കെയെന്ന് കണ്ടെത്തി ഗിരീഷ് സ്റ്റൈലില്‍ കാ‍ര്യം സാധിച്ചു. കാശ് കുറേ പോയാലെന്താ, കമ്പനി മാറി. പണത്തിനു മീതെ ഏതോ ഒരു പക്ഷി പറക്കില്ലാന്നല്ലേ ..

  Wed Apr 19, 10:21:00 PM 2006  
 7. Blogger പെരിങ്ങോടന്‍ എഴുതിയത്:

  സന്തോഷെ നന്നായിരിക്കുന്നു.രസകരമായ ശൈലി, ആദ്യഭാഗത്തിലെ ചില പോരായ്മകള്‍ ഇവിടെ കുറച്ചിരിക്കുന്നു [ഒപ്പം ഓ.ടോ: “ആ രാത്രി” കണ്ടതിനുശേഷം പാരീസിനെ ഞാനും മുഖത്തു നോക്കാറില്ല ;) ]

  ഉമേഷെ എന്നാലും എന്നെക്കുറിച്ചുള്ള അഭിപ്രായം മാറ്റിയില്ലല്ലേ, ബൈദിവേ മമ്മൂട്ടിയിപ്പോള്‍ നന്നായി ഡാന്‍സുകളിക്കുന്നുണ്ടെന്നാണു് അറിവ് (തുരുപ്പുഗുലാന്‍ കാണണം) - മമ്മൂട്ടി എവിടെ നിന്നു കേറി വന്നു എന്നറിയാത്തവര്‍ക്കു്: ഞാന്‍ ഹാസ്യമെഴുതിയാല്‍ മമ്മൂട്ടി ഡാന്‍സ് കളിക്കുന്നതുപോലെയാണെന്നാണു്, സ്നേഹപൂര്‍വ്വം ഉമേഷ് എന്നെ ഉപദേശിച്ചതു്. ആ ഉപദേശം ഞാന്‍ സ്വീകരിച്ചതുകൊണ്ടുമാത്രമാണു് വിശാലവിന്ദവക്കാരിത്രയങ്ങളും കണ്ണൂസ് സന്തോഷാദികളുമെല്ലാം ഇപ്പോഴും ബ്ലോഗിലു ഹിറ്റുണ്ടാക്കി ജീവിച്ചുപോകുന്നത്‌. ഹല്ല പിന്നേ!

  Wed Apr 19, 10:36:00 PM 2006  
 8. Blogger à´¬àµ†à´¨àµà´¨à´¿::benny എഴുതിയത്:

  നോട്ടറിഞ്ഞുതന്നെയാണ് നോട്ടറിയാന്‍ ഒപ്പിട്ടതല്ലേ? നന്നായിട്ടുണ്ട് സന്തോഷേ..

  പിന്നെ, പെരിങ്ങോടന്‍ പറഞ്ഞപോലെ, ഞാനും ഹാസ്യത്തില്‍ കൈവെക്കുന്നില്ല. ഞാന്‍ ഹാസ്യത്തില്‍ കൈവെച്ചാല്‍ ബ്ലോഗിലെ സകല തമാശക്കടകളും പൂട്ടേണ്ടി വരും. ഹല്ല പിന്നെ!

  Wed Apr 19, 10:44:00 PM 2006  
 9. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  സന്തോഷേ... അടിപൊളി എഴുത്ത്..അടിപൊളി രചന... രസിച്ച് രസിച്ച് വായിച്ചു... വായിച്ച് വായിച്ച് രസിച്ചു... വാവിട്ട് വാവിട്ട് ചിരിച്ചു...

  ..ന്നാലും കൈയേതാ കൂലിയേതാ എന്നറിയില്ലായിരുന്ന പാ‍വം അമേരിക്കന്‍ നോട്ടെറിയല്‍ വീരനെ നോട്ടെറിഞ്ഞ് തന്നെ വഴിതെറ്റിച്ചല്ലോ.... രണ്ടാഴ്ചമുന്‍പ് ഒരു ജപ്പാന്‍ കാരന്‍ പത്തുപതിനേഴുകൊല്ലം മുന്‍പ് സിങ്കപ്പൂരുചെയ്ത ഒരു കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷവാങ്ങിക്കാന്‍ വിമാനവും പിടിച്ച് സിങ്കപ്പൂര്‍ക്ക് പോയി..... ദയ തോന്നി ജഡ്‌ജി ഒരു അയ്യായിരം-ആറായിരം ഡോളറില്‍ സംഗതി തീര്‍പ്പാക്കി.

  അതുപോലെങ്ങാനും എപ്പോഴെങ്ങാനും തോന്നുകയാണെങ്കില്‍.... ഞാന്‍ ആ ജപ്പാന്‍‌കാരന്റെ അഡ്രസ്സൊന്നു തപ്പട്ടെ...

  Thu Apr 20, 05:58:00 AM 2006  
 10. Blogger അരവിന്ദ് :: aravind എഴുതിയത്:

  ഇത്രയും സരസ്സമായി എഴുതുന്ന സന്തോഷ് ജീ..അങ്ങേയ്ക്ക് സലാം നമസ്തെ.
  ഉഗ്രന്‍ ശൈലി-ഉഗ്രന്‍ കോമഡി..വായിച്ച് രസിച്ചു. സന്തോഷ് ജിക്ക് തമാശ ചേരൂലാന്നാരാ പറഞ്ഞേ?
  തമാശയേ ചേരൂ :-) ബമ്പര്‍ പോസ്റ്റ്.

  Thu Apr 20, 06:37:00 AM 2006  
 11. Blogger prapra എഴുതിയത്:

  ഇങ്ങനെ ഓടിച്ച്‌ ശീലിച്ച നമ്മളോട്‌ ലൈസന്‍സ്‌ എടുക്കണം എന്നൊക്കെ നിര്‍ബന്ധിക്കുന്നത്‌ ക്രൂരത അല്ലേ കൂട്ടുകാരെ? ചിലപ്പോള്‍ അത്‌ അറിഞ്ഞിട്ടായിരിക്കും അവരും വാശി പിടിക്കുന്നത്‌.
  സന്തോഷ്‌, നന്നായി എന്നു ഞാന്‍ എടുത്തു പറയുന്നില്ല.

  Fri Apr 21, 12:39:00 PM 2006  
 12. Blogger ദേവന്‍ എഴുതിയത്:

  ഹാവൂ. ഒടുക്കം നോട്ടറിയുടെ മുന്നില്‍ നോട്ടെറിഞ്ഞു. ഇതെവിടെയും കൊടുക്കാനാകാതെ ഇന്ത്യക്കാരുടെ മാനം പോകുമെന്നു ഭയന്നു പോയി. ജനനീ ജയിക്ക നീ ജയഭാരതീ..

  അസ്സലായി സന്തോഷ്‌..ആ വക്കാരി പറയുമ്പോലെ "എനിക്കു വയ്യായേ" ചിരി ചിരിച്ചു പോയി.

  Fri Apr 21, 02:37:00 PM 2006  
 13. Blogger സാക്ഷി എഴുതിയത്:

  രണ്ടാം ഭാഗവും കലക്കി. വളരെ നന്നായിട്ടുണ്ട്.
  ഹാസ്യം എഴുതാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഒര്‍ പ്രത്യേക കഴിവുതന്നെ വേണം. നമ്മള്‍ ഭൂലോകര്‍ ഭാഗ്യവാന്മാരാണ് ഇവിടെ പുലികള്‍ നാള്‍ക്കുനാള്‍ കൂടിക്കൊണ്ടേയിരിക്കുന്നു.

  എനിക്കും ഹാസ്യമെഴുതാന്‍ മുട്ടണേയ്..
  അല്ലെങ്കില്‍ വേണ്ട അല്ലേ.

  Fri Apr 21, 11:20:00 PM 2006  
 14. Blogger സന്തോഷ് എഴുതിയത്:

  ശനിയന്‍: അവന്‍ ചെയ്തതെന്തെന്നവന്‍ അറിഞ്ഞില്ലെങ്കിലും അവനും കൂടി കൈക്കൂലി വാങ്ങാതിരുന്നാലുള്ള കാര്യം ആലോചിക്കാന്‍ കഴിയുന്നതായിരുന്നില്ല:)

  ഉമേഷ്: വാരിക്കോരിയുള്ള പ്രോത്സാഹനത്തിന് നന്ദി. സിസ്റ്റമാറ്റിക്കായതല്ല ഐ. ഡി. പി എടുക്കാന്‍ കാരണം. നമുക്കു മുമ്പ് അമേരിക്കയിലേയ്ക്ക് പറന്ന സുഹൃത്ത്, ഇവിടെ ഐ. ഡി. പി ഇല്ലാതെ വന്നാല്‍ ശ്വാനനു സമമായിരിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചതുകൊണ്ട് മാത്രമാണ് അതൊന്നു കരുതി വച്ചത്.

  യാത്രാമൊഴി: നന്ദി. എനിക്ക് ഓര്‍മയില്‍ പോലും വെറുപ്പ് തോന്നുന്ന സ്ഥലമാണ് ന്യൂജേഴ്സി. ഇന്ത്യക്കാരുടെ ‘കയ്യിലിരിപ്പ്’ കാരണം ആ ദേശത്തെ സായ്‍വന്മാര്‍ക്ക് നമ്മുടെ രാജ്യക്കാരോട് തികഞ്ഞ അവജ്ഞയാണെന്ന് തോന്നുന്നു. അവിടുന്ന് സീയാറ്റിലില്‍ വന്നപ്പോഴുള്ള ആറ്റിറ്റ്യൂട് വ്യത്യാസം വളരെ വലുതായിരുന്നു.

  വിശാലാ: താങ്ക്യൂ, താങ്ക്യൂ...

  അതെ, സ്പോട്ട് നല്ല ഓര്‍മയുണ്ട്:) ‘പല്ലുന്തിയ പെണ്ണിനെന്താ കുഴപ്പം, സൌന്ദര്യം മനസ്സിലല്ലേ’ എന്നൊക്കെപ്പറഞ്ഞ് ആരെങ്കിലും എന്‍റെ തലയില്‍ കയറുമെന്ന് പേടിച്ചിരിക്കയായിരുന്നു.

  അളിയന്‍ ജിമ്മാണെന്നാണ് അളിയന്‍റെ വിചാരം. വയറുഭാഗത്ത് ആളു ജിമ്മു തന്നെ!

  കണ്ണൂസ്: ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നോട്ടറി രക്ഷിച്ചു.

  ഇബ്രൂ: വളരെ നന്ദിയും സന്തോഷവും. അമേരിക്കയില്‍ ഈ സംഭവത്തിനു മുമ്പ് രണ്ടു പ്രാവശ്യം വിജയകരമായി കൈക്കൂലി കൊടുത്തിട്ടുണ്ട്. രണ്ടും നിസ്സാര കാര്യങ്ങള്‍ക്കാണെന്നു മാത്രം. അതുകൊണ്ടു കൂടിയാണ് ആ രീതി കാണുന്നിടത്തൊക്കെ പരീക്ഷിക്കാന്‍ ഒരു ഉത്സാഹം. മാത്രമല്ല, കൈക്കൂലിയും അഴിമതിയുമില്ല എന്ന് ഹുങ്ക് പറഞ്ഞ് നടക്കുന്നവരുടെ നാട്ടിലും ഇതൊക്കെ സാധ്യമാവുമെന്ന് തെളിയിക്കാനുള്ള വ്യഗ്രതയും.

  പെരിങ്ങോടാ: ആദ്യത്തേതിനേക്കാള്‍ പെട്ടെന്നെഴുതിത്തീര്‍ത്തതാണ് രണ്ടാം ഭാഗം. അധികം ആധിയില്ലാതെ എഴുതിയാല്‍ പോരായ്മകള്‍ താനേ കുറയുമായിരിക്കും...

  ഹും... പാരീസിന്‍റെ കാര്യം... വേറെവിടെ നോക്കാനാ അവളെ? (ഇഫ് യൂ നോ വാട്ട് ഐ മീന്‍!)

  ബെന്നി: നന്ദി... താങ്കളും കൂടി ഇനി ഹാസ്യത്തില്‍ കൈവയ്ക്കേണ്ട. ഇവിടുത്തെ തമാശക്കാര്‍ ജീവിച്ചു പോട്ടെ!

  വക്കാരി: നന്ദി, നന്ദി. ഇഷ്ടപ്പെട്ടതില്‍ പെരുത്ത് സന്തോഷം. ജപ്പാന്‍കാരന്‍റെ അഡ്രസ് എന്തിനാ? വല്ല കുറ്റവും ഏറ്റുപറയാനുണ്ടോ? അവന്‍റെ കയ്യില്‍ നിന്നും ഉപദേശം വാങ്ങാനാണോ? ഉപദേശത്തിനാണെങ്കില്‍ ചോദിക്കാന്‍ മടിക്കല്ലേ...

  അരവിന്ദ്: വളരെ സന്തോഷം. തമാശ രാജാക്കന്മാര്‍ തന്നെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോള്‍...

  പ്രാപ്ര: താങ്ക്യൂ സാര്‍.

  ദേവന്‍: ആ നോട്ടറി ഞങ്ങളുടെ മാനം കാത്തു. അപ്പോള്‍ ഒരു ജയഭാരതി ലൈനാണല്ലേ!

  സാക്ഷി: നല്ലവാക്കുകള്‍ക്ക് വളരെ നന്ദി. താങ്കളും മുട്ടു തീര്‍ക്കൂ.

  സസ്നേഹം,
  സന്തോഷ്

  Sat Apr 22, 09:37:00 PM 2006  
 15. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  സത്യം.. ഇവിടത്തെ മൊത്തം സെറ്റപ്പു വെച്ച് അതു സംഭവിച്ചില്ലായിരുന്നെങ്കില്‍....

  (എന്നേപ്പോലെ ഉറങ്ങുന്ന ശീലം മാഷ്ക്കും ഇല്ല ല്ലേ?)
  :)

  Sat Apr 22, 09:47:00 PM 2006  
 16. Blogger സന്തോഷ് എഴുതിയത്:

  ഉറക്കമുണ്ടല്ലോ ശനിയാ എനിക്ക്. ഇവിടെ ഇപ്പോള്‍ രാത്രി 10 ആകുന്നേയുള്ളൂ.

  Sat Apr 22, 09:58:00 PM 2006  
 17. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  ഓ അപ്പോ ഇല്ലാത്തത് എനിക്കു മാത്രേ ള്ളൂ ല്ലേ?.. ഇവിടെ 1:00

  Sat Apr 22, 10:04:00 PM 2006  
 18. Blogger സന്തോഷ് എഴുതിയത്:

  സാരമില്ല. നാളെ അവധിയാണല്ലോ...
  (ഒറ്റത്തടിയാണല്ലേ?)

  Sat Apr 22, 10:08:00 PM 2006  
 19. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  സാധാരണ ഉറക്കം 1:30-7 ആണ്.. (അതെ, ഒറ്റ തടിയേ ഉള്ളൂ തല്‍ക്കാലം) :)

  Sat Apr 22, 10:19:00 PM 2006  
 20. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  പോര പോരാ ശനിയണ്ണാ...
  ഇന്നലെ-ഇന്നത്തെ (അല്ല ഇന്ന്- ഇന്നത്തെ) എന്റെ നിലവാരം

  2.00 - 1.00

  ആ നിലവാരമെങ്കിലും വേണം കേട്ടോ (ഇപ്പോ മണി ഉച്ച കഴിഞ്ഞ് 2:25. പല്ലുമാത്രം ഒരഞ്ചുമിനിറ്റ് മുന്‍പ് തേച്ചു. ഇനി ബ്രേക്കും ലഞ്ചും വൈകുന്നേരത്തെ കാപ്പിയുംകൂടി മക്കില്‍നിന്നടിക്കണം. ചോറുവെക്കാനൊരു മൂഡില്ല)

  ഒറ്റത്തടി, 7.00 മണിക്കെഴുന്നേല്‍ക്കുമെന്നോ...??!!

  Sat Apr 22, 10:28:00 PM 2006  
 21. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  വക്കാരി, കുറച്ചു കാലം ഒരു പ്രോജക്റ്റിന്റെ സപ്പോര്‍ട്ട് പണി ഉണ്ടായിരുന്നു.. ആ കാലത്താണ് പോത്തുപോലെ ഉറങ്ങിയിരുന്ന ഞാന്‍ ഉറക്കമില്ലാത്തവനായി മാറിയത്.. എന്റെ രണ്ട് അവസ്ഥയും കണ്ട ഒരാള്‍ ചോദിച്ചതു നിന്റെ ഒടുക്കത്തെ ഉറക്കം മുഴുവന്‍ ഉറങ്ങിത്തീര്‍ന്ന പോലെ ഉണ്ടല്ലോ? എന്നാണ്..

  Sat Apr 22, 10:43:00 PM 2006  
 22. Blogger Inji Pennu എഴുതിയത്:

  സന്തോഷേട്ടാ
  എന്തൊരു അസാമാന്യ പോസ്റ്റ്! സന്തോഷേട്ടന്‍ ഇത്ര രസായിട്ട് ഹാസ്യം എഴുതുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ചിരിച്ചു ഞാന്‍ ഒരു പരുവമായി. നോട്ടറി സിഗനേച്ചര്‍ മാത്രമല്ലേ നോക്കണ്ടേ കാര്യമുള്ളൂ? എന്തു പേപ്പര്‍ ആണെന്ന് നോക്കുമൊ..ഒഹ്..
  (ഈശ്വരാ, കഥയില്‍ ചോദ്യമില്ലാന്ന് ഞാന്‍ ഇന്നലേം കൂടി മൊത്തം ചില്ലറയില്‍ നിന്ന് പടിച്ചേയുള്ളൂ..എന്നിട്ടും ഇതെനിക്ക് നിറുത്താന്‍ പറ്റണില്ലല്ലൊ...)

  പിന്നേയ്, അന്‍പതില്‍ മൂന്ന് ബാല്യകാലസഖികളുടെ പേരു കിട്ടീട്ടൊ.
  ഭാവനയെയും ഭാനുപ്രിയയെയും ഭാര്‍ഗവിയെയും :)

  Wed Dec 13, 11:56:00 AM 2006  
 23. Blogger Inji Pennu എഴുതിയത്:

  സന്തോഷേട്ടാ
  എന്തൊരു അസാമാന്യ പോസ്റ്റ്! സന്തോഷേട്ടന്‍ ഇത്ര രസായിട്ട് ഹാസ്യം എഴുതുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ചിരിച്ചു ഞാന്‍ ഒരു പരുവമായി. നോട്ടറി സിഗനേച്ചര്‍ മാത്രമല്ലേ നോക്കണ്ടേ കാര്യമുള്ളൂ? എന്തു പേപ്പര്‍ ആണെന്ന് നോക്കുമൊ..ഒഹ്..
  (ഈശ്വരാ, കഥയില്‍ ചോദ്യമില്ലാന്ന് ഞാന്‍ ഇന്നലേം കൂടി മൊത്തം ചില്ലറയില്‍ നിന്ന് പടിച്ചേയുള്ളൂ..എന്നിട്ടും ഇതെനിക്ക് നിറുത്താന്‍ പറ്റണില്ലല്ലൊ...)

  പിന്നേയ്, അന്‍പതില്‍ മൂന്ന് ബാല്യകാലസഖികളുടെ പേരു കിട്ടീട്ടൊ.
  ഭാവനയെയും ഭാനുപ്രിയയെയും ഭാര്‍ഗവിയെയും :)

  Wed Dec 13, 12:00:00 PM 2006  
 24. Blogger Ambi എഴുതിയത്:

  പാരീസ് ഹില്‍റ്റണ്‍ ഒരു പെണ്ണായിരുന്നല്ലേ..ഞാന്‍ വിചാരിച്ചു അതൊരു ഹോട്ടലായിരിയ്ക്കുമെന്ന്.
  ഈശ്വരാ..

  Sat Sep 20, 05:04:00 AM 2008  
 25. Blogger Ambi എഴുതിയത്:

  പോസ്റ്റ് കലകലക്കികക്കടുവറുത്തു.
  ഇരുപത്തഞ്ച് ഡോളറാണല്ലേ അവിടെ നോട്ടറീടെ കാശ്..ഇവിടെ അമ്പത് പൌണ്ടാണ്.ഒരു സര്‍വകലാശാലാ അപേക്ഷയയച്ചപ്പോ രൂഫാ പതിനായിരം കീറി അറ്റസ്റ്റേഷന്‍ മാത്രം.കാലന്മാര്‍.

  Sat Sep 20, 05:08:00 AM 2008  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home