ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Thursday, March 30, 2006

കള്ളിപ്പെണ്ണ്

ഇതൊരു സാങ്കല്പിക സൃഷ്ടിയാണ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാം‍പസില്‍ ഞാന്‍ പഠിച്ചിട്ടില്ല. എന്‍റെ ക്ലാസില്‍ കലശ്ശലായ പ്രേമവുമായി രണ്ടുപേര്‍ ഉണ്ടായിരുന്നില്ല. പ്രേമം മൂത്ത്, ക്യാം‍പസ് സ്ഥിതി ചെയ്യുന്ന നാല്പാത്തിമല മുഴുവന്‍ അവര്‍ അലസഗമനം നടത്തിയിരുന്നില്ല. ആറുമാസത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ലാസ് ടൂറിന്‍റെ തലേന്നു മദ്യലഹരിയില്‍ കുറിച്ചിട്ടതല്ല ഈ ‘സൃഷ്ടി’. ഇതില്‍പ്പറയുന്ന രണ്ടു പേരും ഇപ്പോള്‍ ലോകത്തിന്‍റെ രണ്ടു കോണുകളില്‍ സസുഖം ജീവിച്ചിരുപ്പുമില്ല.

* * *

വണ്ണപ്പുറംകാരി കള്ളിപ്പെണ്ണേ, നിന-
ക്കെങ്ങനെ കിട്ടിയീക്കള്ളച്ചിരി?


എന്നോമല്‍ച്ചെക്കനെക്കണ്ണാലെ കണ്ടപ്പം
താനേ മുളച്ചതീ കള്ളച്ചിരി!

കണ്ടാലും മിണ്ടാതെ കാര്യങ്ങളോതാതെ
മണ്ടിനടന്നൊരു കള്ളിപ്പെണ്ണേ,
രണ്ടാം സെമസ്റ്ററിലെന്തുകൊണ്ടിങ്ങനെ
കണ്ടിടം തോണ്ടുന്നു മണ്ടിപ്പെണ്ണേ?


എന്‍റെ മനസ്സിന്‍റെ മച്ചുമ്പിലപ്പൊഴേ
ഉണ്ടായിരുന്നവന്‍ കണ്ണനായി,
കണ്ടിടാതെ, യൊന്നും മിണ്ടാതെയെങ്ങനെ-
യുണ്ടാവും പ്രേമമെന്‍ കൂട്ടുകാരേ!

ഒക്കെമനസ്സിലായെങ്കിലും പെണ്ണേ, നീ
വെക്കമിതെങ്ങനെ സാധിച്ചെടീ?


മഞ്ഞപ്പൂവല്ലോ തുടങ്ങിവച്ചൂ, പിന്നെ
കൊഞ്ചലില്‍ വീണവന്‍ കൂട്ടുകാരേ!
കൊഞ്ചിക്കൊഞ്ചീപിന്നെത്തഞ്ചത്തില്‍ ഞാനുമാ-
പ്പഞ്ചാസ്ത്രമങ്ങു തൊടുത്തുവിട്ടൂ,
കട്ടിച്ചുവപ്പായി മഞ്ഞ പിന്നെ, ഞങ്ങള്‍-
കെട്ടിപ്പിടിച്ചില്ലയെന്നേയുള്ളൂ!
കണ്ടിട്ടു തീരാതെ കേട്ടിട്ടും തീരാതെ
കൊണ്ടു നടന്നു ഞാന്‍ നാല്പാത്തിയില്‍
‍ക്ഷേത്രത്തില്‍ പോയി നാം ലാബു ചെയ്തു, ഒറ്റ-
പ്പാത്രത്തില്‍ നിന്നും കഴിച്ചു പോന്നൂ.
മുറ്റത്തുകാട്ടുന്ന കോപ്രായം കണ്ടിട്ട്
ഏറ്റുമാനൂരപ്പനന്തം വിട്ടു.
ഉറ്റവനല്ലെങ്കില്‍ ചെയ്യുമോ കൂട്ടരേ,
തെറ്റി, നാളെന്നാലും, പുഷ്പാഞ്ജലി?
പൊട്ടിപ്പോയെക്സാമി, നെന്നാലും കൂട്ടരേ,
കിട്ടിയല്ലോ കുട്ടന്‍ കൂട്ടുകൂടാന്‍!

Labels:

21 അഭിപ്രായങ്ങള്‍:

 1. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  അപ്പോ സന്തോഷ് മാഷെ, തുടങ്ങ്വല്ലേ? ഇതിനു പിന്നെ മലയാളിയുടെ ‘സ്വന്തം’ രീതിയല്ലേ? :-) ഞാന്‍ ഇടപ്പള്‍ളി യൂണിവേര്‍സിറ്റി സെന്ററിന്റെ സന്താനമാണ്‍.. അതോണ്ട് ഏരിയ നന്നായറിയാം ;-)

  Thu Mar 30, 02:00:00 PM 2006  
 2. Anonymous Anonymous എഴുതിയത്:

  തിരുവാതിര കളിക്കാന്‍ പറ്റിയ പാട്ട്‌ !!

  ബിന്ദു

  Thu Mar 30, 02:53:00 PM 2006  
 3. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  ഹാഹാ.. ബിന്ദൂ, കൊള്ളാം..

  Thu Mar 30, 05:23:00 PM 2006  
 4. Blogger ഇന്ദു | Indu എഴുതിയത്:

  ഇത് അസ്സലായി! കണ്ണടച്ച് ഇരുട്ടാക്കി ജാമ്യമെടുത്തതും കൊള്ളാം :)

  Thu Mar 30, 05:29:00 PM 2006  
 5. Blogger സു | Su എഴുതിയത്:

  :)ആദ്യമേ കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചത് നന്നായി.

  Thu Mar 30, 08:15:00 PM 2006  
 6. Blogger സന്തോഷ് എഴുതിയത്:

  ശനിയാ...!
  ബിന്ദു: ഇത് ഏതോ പാട്ടിന്‍റെ ഈണമൊപ്പിച്ചുണ്ടാക്കിയതാണെന്നാണെന്‍റെ ഓര്‍മ. അതോ പാടാനറിയാവുന്നവര്‍ അങ്ങനെ പാടിയൊപ്പിച്ചതോ! തിരുവാതിര ഒരു പുതിയ അനുഭവമായിരിക്കും:)
  ഇന്ദു, സൂ: :) നാലാമത്തെ വരിയില്‍ നിന്നും അവസാനത്തെ വരിയില്‍ നിന്നും ‘ചെക്കന്‍റെ’ പേരു നീക്കം ചെയ്ത രൂപമാണിത്. അടി കൊള്ളാതിരിക്കാനും കുടുംബം കങ്ങാതിരിക്കാനും മുന്‍‍കൂര്‍‍ ജാമ്യമെടുക്കുന്നതല്ലേ നല്ലത്?

  സസ്നേഹം,
  സന്തോഷ്

  Fri Mar 31, 11:11:00 AM 2006  
 7. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  മാഷെ ‘ഒരു‘ പാട്ടോ? ;-) അതെ, തിരുവാതിര എന്തായലും പുതിയ അനുഭവം ആവും.. ചിലപ്പൊ ചരിത്രത്തില്‍ ആദ്യം തന്നെ ആയിക്കൂടാന്നില്ല..

  മുന്‍‌കൂര്‍ ജമ്യം എന്തയലും നല്ലതാ ;-)

  Fri Mar 31, 11:16:00 AM 2006  
 8. Blogger സന്തോഷ് എഴുതിയത്:

  ശനിയാ, കള്ളി വെളിച്ചത്താവുമോ?

  Fri Mar 31, 11:32:00 AM 2006  
 9. Blogger Kuttyedathi എഴുതിയത്:

  സന്തോഷ്‌,

  ' ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കാര്‍ക്കും മലയാള ബൂലോഗത്ത്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ യാതൊരാളുമായി ബന്ധമുള്ളതല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അതു കേവലം യാദൃശ്ചികം മാത്രം'

  എന്നു കൂടി ചേര്‍ക്കാമായിരുന്നു, സന്തോഷ്ജി :)

  അപ്പോ ഇനി ആരാണിതു തിരുവാതിരയാക്കുക ? ബിന്ദുവേ, തുടങ്ങ്വല്ലേ കോറിയോഗ്രഫി? :)

  Fri Mar 31, 11:51:00 AM 2006  
 10. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  സന്തോഷ് മാഷെ, അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെ? :-)

  Fri Mar 31, 11:54:00 AM 2006  
 11. Blogger സന്തോഷ് എഴുതിയത്:

  ആക്ച്വലി, കുട്ട്യേടത്തീ, ഈ കഥാപാത്രങ്ങള്‍ മലയാള ‘ബൂലോഗത്ത്’ ജീവിച്ചിരിപ്പില്ല എന്നത് ശരിയാണ്. ഇനി അവരെങ്ങാനും ബൂലോഗത്ത് എത്തിപ്പെട്ടാലോ എന്ന പേടിയില്‍ ആണ് ജാമ്യമെടുത്തത്.

  Fri Mar 31, 11:59:00 AM 2006  
 12. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  :-) നന്നായി...

  Fri Mar 31, 12:01:00 PM 2006  
 13. Anonymous Anonymous എഴുതിയത്:

  അതേയ്‌ കുട്ടിയേടത്തീ... ഞാന്‍ പണ്ട്‌ (88 ലൊ മറ്റോ) കരിമണ്ണൂര്‍ സ്കൂളില്‍ ഉപജില്ലാമല്‍സരത്തിന്‌(അതോ ജില്ലയോ) തിരുവാതിര കളിക്കാന്‍ വന്നിട്ടുണ്ട്‌. തിരുവാതിരയോടു എനിക്കിത്തിരി ഭ്രമം ഉണ്ടെന്നും കൂട്ടിക്കോളൂ... അതുകൊണ്ടു ഏതു പാട്ടു കണ്ടാലും ആദ്യം തിരുവാതിര ട്യൂണ്‌ ആണു വരിക. അതൊരു രോഗം ആണോ??

  ബിന്ദു

  Fri Mar 31, 01:14:00 PM 2006  
 14. Blogger Kuttyedathi എഴുതിയത്:

  ആഹാ... അങ്ങനെ വരട്ടെ. അപ്പോ ബിന്ദൂന്റെ റ്റീമാരുന്നല്ലേ അന്നു ഞങ്ങളുടെ റ്റീമിനെ തിരുവാതിരയില്‍ തോല്‍പ്പിച്ചത്‌? ബിന്ദു വണ്ണപ്പുറം കാരിയല്ലല്ലോ അല്ലേ :)

  ജട്ജസിനു കാശു കൊടുത്തെന്നും മറ്റുമവിടെ അസൂയക്കാരു പറയുന്ന കേട്ടു. :)

  Fri Mar 31, 02:12:00 PM 2006  
 15. Blogger യാത്രാമൊഴി എഴുതിയത്:

  ചീകിത്തിരുകിയ പീലിത്തലമുടി
  ആകെയഴിഞ്ചിതെടി കുറത്തി
  ആകെയഴിഞ്ചിതെടി..
  കാത്തു നിന്നീടുന്ന തോഴിമാര്‍ കണ്ടെത്തി
  കാരണം കേള്‍ക്കുമ്പോഴെന്തു ചൊല്ലും..(ചിത്രം:ഒന്നാം പ്രതി ഒളിവില്‍, പാടിയത് യേശുദസ്, ചിത്ര) ഈ പാട്ടിന്റെ ട്യൂണിലാണോ സന്തോഷേ?

  Fri Mar 31, 04:47:00 PM 2006  
 16. Blogger ദേവന്‍ എഴുതിയത്:

  Anonymous said...
  അതേയ്‌ കുട്ടിയേടത്തീ... ഞാന്‍ പണ്ട്‌ (88 ലൊ മറ്റോ) കരിമണ്ണൂര്‍ സ്കൂളില്‍ ഉപജില്ലാമല്‍സരത്തിന്‌(അതോ ജില്ലയോ) തിരുവാതിര കളിക്കാന്‍ വന്നിട്ടുണ്ട്‌.
  ---------------------
  ഓ അന്നത്തെ പ്രോഗ്രാം തിരുവാതിരയായിരുന്നോ; കരാട്ടേ ആണെന്ന ഞാന്‍ കരുതിയേ, എന്തൊരു ലാസ്യം!!

  Fri Mar 31, 08:47:00 PM 2006  
 17. Anonymous Anonymous എഴുതിയത്:

  ദേവാ..വേണ്ടാ.. ..വേണ്ടാ..
  കുമ്മായത്തില്‍ ഊതല്ലേ... കണ്ണു നീറുമേ.. :)

  ബിന്ദു

  Sat Apr 01, 06:44:00 AM 2006  
 18. Blogger nalan::നളന്‍ എഴുതിയത്:

  കോളേജ് ടൂറിനിടയില്‍ തരപ്പെടുത്തിയതാണെങ്കില്‍ ഇതിനു കലാഭവന്‍ മണി “കൊച്ചീക്കാരീ കൊച്ചുപെണ്ണേ...” പാടിയ ട്യൂണാവാനേ സാധ്യതയുള്ളൂ. :)

  Sat Apr 01, 09:25:00 AM 2006  
 19. Blogger വിശാല മനസ്കന്‍ എഴുതിയത്:

  അടിപൊളി. അതേ ടൂര്‍ പോകുമ്പോള്‍ തകര്‍ക്കാന്‍ പറ്റിയ പാട്ടന്നെ.

  ‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ’ ആ പാട്ടിന്റെ ട്യൂണ്‍ ചേരുന്നുണ്ട്...

  ‘ഇക്കൊല്ലം ഞങ്ങക്ക് ഓണല്ല്യടീ കുഞ്ഞ്യേച്ച്യേ,
  അമ്മാവന്‍ തീരെ കിടപ്പിലല്ലേ..‘

  ‘അന്തിമയങ്ങുമ്പോ, അച്ഛനുറങ്ങുമ്പോ.. അത്തിമരച്ചോട്ടീല്‍ വന്നോളോട്ടാ..‘

  സ്റ്റൈലിലുള്ള, മണ്ണുപണിക്കാര്‍ പാടുന്ന ട്യൂണിലും (പിന്നീട് മണി പാടി ഹിറ്റാക്കിയ)ഇത് പെര്‍ഫെക്റ്റായി പെരുക്കാം. നൈസ്.

  Sun Apr 02, 04:37:00 AM 2006  
 20. Blogger സന്തോഷ് എഴുതിയത്:

  വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി. ഇത് പല ട്യൂണിലും പാടാമെന്ന്റിഞ്ഞ് സന്തോഷിക്കുന്നു. ഭരണിപ്പാട്ട് സ്റ്റൈലായിരുന്നു എന്നാണ് എന്‍റെ ഓര്‍മ.

  Mon Apr 10, 01:20:00 PM 2006  
 21. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  :) ഓര്‍മ്മ... :)

  Mon Apr 10, 01:31:00 PM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home