ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, April 09, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും!

ലോകം കറങ്ങുന്നതിനെപ്പറ്റിയുള്ള എന്‍റെ മിക്ക തിയറികള്‍ക്കും, അതു കേട്ടിട്ടുള്ള പലരും പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ല. ഇടയ്ക്കിടെ എന്‍റെ തിയറികളില്‍ തെറ്റുണ്ടെന്ന് അനുഭവങ്ങളിലൂടെ എന്നെ ബോധ്യപ്പെടുത്തുക വഴി, ദൈവം തമ്പുരാന്‍ എന്‍റെ ജല്പനങ്ങളെല്ലാം കൃത്യമായും ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഈ കഥ നടക്കുന്നത്.

ന്യൂജേഴ്സിയിലെ എഡിസണില്‍ നിന്ന് ന്യൂയോര്‍ക്കു വഴി ഏകദേശം നാലു മണിക്കൂര്‍ വടക്കുകിഴക്കേയ്ക്ക് കാര്‍‍യാത്ര ചെയ്താല്‍ ഞങ്ങളുടെ സുഹത്തുക്കള്‍ ആനന്ദും മത്തായിയും താമസിക്കുന്ന ബോസ്റ്റണിലെ കേംബ്രിഡ്ജിലെത്താം. പക്ഷേ, ഇത്തവണ ഞങ്ങള്‍ക്ക്-എന്‍റെ സുഹൃത്ത് ഗിരീഷിനും എനിക്കും-ബോസ്റ്റണ്‍ വരെ പോകേണ്ട. ഖണക്റ്റികറ്റ് എന്ന സംസ്ഥാനത്തിലെ, എഡിസണില്‍ നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്തെത്താവുന്ന റ്റോളണ്ട് എന്നോ മറ്റോ പേരുള്ള ഒരു ഓണം കേറാമൂലയിലെ കോടതിവളപ്പ് ഉന്നം വച്ചാണ് നമ്മുടെ ഈ യാത്ര. അതിനു കാരണമായതോ, ഏകദേശം ഒന്നര മാസം മുമ്പ് നടത്തിയ കേംബ്രിഡ്ജ് സന്ദര്‍ശനവും.

അന്ന്, കേംബ്രിഡ്ജില്‍ നിന്നും മടങ്ങി വരുന്ന വഴി, 65 മൈല്‍ സ്പീഡ് ലിമിറ്റ് ഉള്ള ഹൈവേയില്‍ 110 മൈല്‍ സ്പീഡില്‍ വണ്ടിയോടിച്ചതിന് 350 ഡോളര്‍ ജാമ്യം കെട്ടിവച്ചാണ് ഗിരീഷിനെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ജയില്‍വാസത്തില്‍ നിന്നും മോചിപ്പിച്ചത്. അറസ്റ്റു ചെയ്ത പോലീസിനോട് വാശി തീര്‍ക്കാനെന്നോണം ‘കോടതിയില്‍ക്കാണാം’ എന്ന് പലപ്രാവശ്യം വെല്ലുവിളിച്ചിട്ടേ, ഗിരീഷിന്‍റെ തിളയ്ക്കുന്ന ചോരയ്ക്ക് തണുക്കാന്‍ തോന്നിയുള്ളൂ. അങ്ങനെ ‘കോടതിയില്‍ക്കാണാനാണ്’
അവധിയെടുത്ത് സുഹൃത്തും ഞാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

(ഗിരീഷ് ലോക്കപ്പിനുള്ളിലായിരുന്ന സമയം ക്രിയാത്മകമായി ചെലവഴിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന ആലോചനയിലായിരുന്ന ഞാന്‍, പോലീസിനു ചെറിയൊരു കൈക്കൂലി ഓഫര്‍ ചെയ്യാനും, അതിനയാള്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഗാന്ധിജിയുടെ സത്യം, ധര്‍മം, നീതിബോധം, തുടങ്ങിയവയെപ്പറ്റി ചെറിയൊരു ലക്ചര്‍ നടത്താനും, ‘നിങ്ങളുടെ ചേഷ്ടകളെല്ലാം വീഡിയോയില്‍ റെക്കോഡ് ചെയ്യപ്പെടും’ എന്ന മുന്നറിയിപ്പ് വായിച്ച് അരിശം തോന്നി, പോലീസ് സ്റ്റേഷന്‍റെ വിശാലമായ സ്വീകരണമുറിയുടെ ഒരു മൂലയില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ വച്ചിരുന്ന വീഡിയോ ക്യാമറയെ നോക്കി കൊഞ്ഞനം കുത്താനുമായി വിലയേറിയ നിമിഷങ്ങള്‍ വിനിയോഗിച്ചത് പ്രസക്തമല്ലെങ്കിലും വായനക്കാര്‍ക്ക് എന്‍റെ ബയോഡാറ്റയെപ്പറ്റി മതിപ്പുണ്ടാവാന്‍ ഇവിടെ കൊടുക്കുന്നുവെന്ന് മാത്രം.)

കഥയിലേയ്ക്ക് തിരിച്ചു വരാം. കോട്ടയത്തെ മറ്റൊരു തച്ചോളി തറവാട്ടില്‍ ജനിച്ചയാളായതിനാല്‍, പിഴയൊടുക്കി തലയൂരിവരാന്‍ ഗിരീഷിന് സമ്മതമായിരുന്നില്ല. പിന്നീട് കോടതിയില്‍ ഹാജരാവാമെന്നെഴുതി കയ്യൊപ്പു വച്ച്, ‘നിന്നെപ്പിന്നെക്കണ്ടോളാം’ എന്ന വെല്ലുവിളിയും മുഴക്കി, എന്നിട്ടുമരിശം തീരാഞ്ഞ്, തിരിഞ്ഞുനിന്ന്, നീയൊന്നും നന്നാവില്ലെന്ന് ആംഗലേയത്തിലും, ആവേശം കൂടിയപ്പോള്‍ ഗ്രാമര്‍ പിഴച്ചതിനാല്‍ മാംഗലേയത്തിലും വിളിച്ചുകൂവിയിട്ടും, എല്‍. ബി. ഡബ്ള്യൂ. അപ്പീല്‍ കേട്ട സ്റ്റീവ് ബഖ്നറെപ്പോലെ നിന്നൂ, പോലീസ് സായ്‍വ്.

പറഞ്ഞവാക്കിനു വിലയുള്ള, തന്തയ്ക്കു പിറന്ന, രണ്ട് മാന്യന്മാരായതിനാല്‍, പോലീസ് സായ്‍വിനു കൊടുത്ത വാക്കുപാലിക്കാനും കോടതിയില്‍ ഞങ്ങളുടെ ഭാഗം സ്വയം വാദിക്കാനുമായി ഖണക്റ്റികറ്റ് സര്‍ക്കാരിന്‍റെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാവനുള്ള ഇണ്ടാസു പ്രകാരം അരയും തലയും മുറുക്കി ഇറങ്ങാനൊരുങ്ങിയതാണ് നിങ്ങള്‍ രണ്ടാം ഖണ്ഡികയില്‍ വായിച്ചു തുടങ്ങിയത്. ഏതു ദിക്കില്‍ പോയാലും ഭാഗ്യദേവത വിടാതെ കൂടുന്ന സൊയമ്പന്‍ വ്യക്തിത്വമാണ് ഗിരീഷിനുള്ളത്. ഗിരീഷ് ഒരുവഴിക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍, “ഗുഡ് ലക്ക്”, “ബെസ്റ്റ് ഓഫ് ലക്ക്”, “ലക്ക് ലഗാന്‍”, ഇത്യാദി ചൊല്ലി യാത്രയാക്കുകയും, തിരിച്ചു വരുമ്പോള്‍, “ഹാര്‍ഡ് ലക്ക്”, റ്റഫ് ലക്ക്”, “ബാഡ് ലക്ക്”, “അണ്‍ലക്കി ബാസ്റ്റാര്‍ഡ്” എന്നീ വാക്കുകളാല്‍ വരവേല്‍ക്കുകയും ചെയ്യുക സാധാരണമായിരുന്നു. ഈ ദേവതാ ഇഫക്ട് നെഗേറ്റ് ചെയ്യാന്‍ വേണ്ടി, 11 മണിക്ക് കോടതിയിലെത്തേണ്ടുന്ന ഞങ്ങള്‍ രാവിലെ 7 മണിക്ക് പുറപ്പെട്ടു. ഭാവനയെയും ഭാനുപ്രിയയെയും ഭാര്‍ഗവിയെയും ചതിക്കാം (ഇവരെയൊക്കെ ചതിച്ചു എന്നല്ല), എന്നാലും ഭാഗ്യദേവതയെപ്പറ്റിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

ന്യൂയോര്‍ക്കില്‍ നിന്നും ബോസ്റ്റണിലേക്ക് പോകുന്ന പ്രധാന വഴിയായ I-95-ല്‍ തിരക്കോട് തിരക്ക്. മൂന്നോളം വരികള്‍ ഗതാഗതത്തിനുതകാത്ത വിധം വലിയൊരു അപകടം നടന്നുവെന്ന് ഗതാഗതവകുപ്പിന്‍റെ അറിയിപ്പ് റേഡിയോവഴി കേട്ടു. റോഡ് അതിവേഗം ഒരു വലിയ പാര്‍ക്കിംഗ് ലോട്ട് ആയി മാറിക്കൊണ്ടിരിക്കുന്നു. സാധാരണ അപകടസ്ഥലം ക്ലിയര്‍ ചെയ്യാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കാറില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപകടം, കാര്യങ്ങള്‍ മുന്‍‍കൂട്ടിക്കാണാനും അവയ്ക്കെതിരെ ആവശ്യമായ മുന്‍‍കരുതല്‍ എടുക്കാനുമുള്ള എന്‍റെ അസാമാന്യ കഴിവിന്‍റെ മറ്റൊരുദാഹരണമാണെന്ന് ഗിരീഷിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

തൊട്ടുമുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും വെളുത്തു തുടുത്ത, കണ്ടാല്‍ ഡ്രൂ ബാരിമൂറിനെപ്പോലെയിരിക്കുന്ന, ഒരു സുന്ദരിക്കോത പുറത്തേക്കിറങ്ങി നിന്ന് കാറ്റുകൊണ്ടു. കണ്ട്രോള്‍ വിട്ട മൂരിയെപ്പോലെ ഞാന്‍ കാറില്‍ നിന്നും പറത്തേയ്ക്കു ചാടി. ഏതാണ്ട് സമാനമായ വികാര വിചാരങ്ങളില്‍ക്കൂടിക്കടന്നുപോയെന്ന് പിന്നീടവകാശപ്പെട്ട ഗിരീഷും, അവളുടെ ഗന്ധം മോഷ്ടിച്ചെത്തുന്ന മന്ദാനിലനു വേണ്ടി കടിപിടി കൂടി.

“എവിടേയ്ക്കാ?” ഐസ് ബ്രേക്കിംഗില്‍ ബിരുദാനന്തര ബിരുദമുള്ള ഗിരീഷ് സമയം പാഴാക്കിയില്ല.
“വണ്ടിയപകടമാണെന്ന് തോന്നുന്നു!” അവളുടെ അംഗപ്രത്യംഗ സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ ഗിരീഷടിച്ച ഗോള്‍ കണ്ട് കണ്ണും പൂട്ടി കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മാത്രം മണ്ടനായിരുന്നില്ല ഞാന്‍.

“ഞങ്ങള്‍ ബോസ്റ്റണിലേയ്ക്കാണ്.” ആറടി മൂന്നിഞ്ചുകാരന്‍ ഒരു ബെന്‍ അഫ്ളാക്കും മറ്റൊരു ആറടി ചുള്ളനും ഞങ്ങള്‍ക്കുള്ള മറുപടിയുമായി കാറില്‍ നിന്നിറങ്ങി. ഇരുപത് വയസ്സില്‍ത്താഴെയുള്ള പിള്ളേരാണ്. എന്നാലും ഞങ്ങളെ രണ്ടു പേരെ ശരിപ്പെടുത്താന്‍ അതില്‍ ഒരുവന്‍ തന്നെ ധാരാളം.

“വേര്‍ ആര്‍ യൂ ഗൈസ് ഗോയിന്‍?” അവന്മാര്‍ക്ക് നമ്മളോട് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാശ.

നമുക്കോ? അവള്‍ ഒരു സൈഡില്‍ നില്‍ക്കുന്നിടത്തോളം കുട്ടികളോട് കണ്ണില്‍ നോക്കി സംസാരിക്കാന്‍ പറ്റില്ല. അവളുടെ രസകരമായ ഓരോ ചെയ്തികള്‍ കണ്ടാനന്ദിച്ച് ഞങ്ങളുടെ രക്തം, റേയ്സിനു നില്‍ക്കുന്ന കാറെഞ്ചിന്‍ പോലെ, ചൂടായിത്തന്നെ നില്‍ക്കുകയാണ്. ചെറുക്കന്മാര്‍ നമ്മളെ വിടാന്‍ ഒരുക്കമില്ലാത്തതിനാല്‍, ഞാന്‍ പറഞ്ഞു: “ഞാന്‍ കാറില്‍ കയറിയിരിക്കാം. ഈ കാറ്റ് എനിക്കത്ര പിടിക്കുന്നില്ല.”

ഇളം വെയില്‍. ചെറിയ കാറ്റും. കാല്പനിക സുന്ദര കാലാവസ്ഥ. പറഞ്ഞിട്ടെന്താ? ഡ്രൂവിനെ നോക്കിയിരിക്കണമെങ്കില്‍ കാറിനകം തന്നെ ശരണം. ഞാന്‍ കാറിലേക്ക് വലിഞ്ഞു അവളെ കാര്‍ന്നു തിന്നാന്‍‍ തുടങ്ങി. കൂടിയാല്‍ 15 സെക്കന്‍റ് കഴിഞ്ഞുകാണും. ഗിരീഷും കാറിനകത്തായി, എന്‍റെ നേരേ അമ്പട കള്ളാ എന്ന ഒരു നോട്ടവും. ഞങ്ങള്‍ ഡ്രൂവിനെ അടിമുടി പരിശോധിച്ച് അവള്‍ക്ക് ഒറ്റനോട്ടത്തില്‍ യാതൊരു ‘കുറവും’ ഇല്ല (അല്പം കൂടുതലുണ്ടെങ്കിലേ ഉള്ളൂ) എന്ന് വിധിയെഴുതിയപ്പോഴേയ്ക്കും തടസ്സം മാറി വാഹനങ്ങള്‍ ചലിച്ചു തുടങ്ങി.

അര മണിക്കൂര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗിരീഷിനു വിശന്നു. അതൊരു ന്യൂസ് അല്ല. ആളിനു നമ്മുടെ സിനിമാ നടന്‍ കൊച്ചുപ്രേമന്‍റെ ആകാരമാണെങ്കിലും എം. എല്‍. ബാലകൃഷ്ണന്‍റെ ശരീരത്തിനു വേണ്ടിയാണ് ഇഷ്ടന്‍റെ ഭക്ഷണമുറകള്‍. ഒരു നാല് ബര്‍ഗര്‍ അകത്താക്കിയിട്ട് ‘ഓ, ഇന്നു തീരെ വിശപ്പില്ല’ എന്ന് അദ്ദേഹം കൂളായി പറയും. ആദ്യ വിമാനയാത്രയില്‍ തരുണീമണി വന്ന് ‘വെജിറ്റേറിയന്‍ ഓര്‍ നോണ്‍ വെജിറ്റേറിയന്‍ ഫോര്‍ യുവര്‍ ഡിന്നര്‍, സര്‍’ എന്ന് ചോദിച്ചപ്പോള്‍ ‘ബോത്ത്’ എന്നു പറഞ്ഞ് വാങ്ങി പോത്തു പോലെ ശാപ്പിട്ട്, ഒരു നാല് ലാര്‍ജും ഓര്‍ഡര്‍ ചെയ്ത് സുഖമായി ഉറങ്ങിയവനത്രേ ടിയാന്‍.

അമൃതേത്തും കഴിഞ്ഞ് ചോദിച്ചും പറഞ്ഞും കോടതി വളപ്പിലെത്തിയപ്പോള്‍ സമയം 11:10. പതുക്കെ മുഖവും മുടിയും മിനുക്കി ക്ലാര്‍ക്കിനെപ്പോയിക്കണ്ടു. ‘നിങ്ങളുടെ കേസ് വിളിച്ചല്ലോ’ എന്ന് ക്ലാര്‍ക്ക്. ‘അതിനെന്താ, ഒന്നൂടെ വിളിച്ചാല്‍ പോരേ’ എന്ന് ഞങ്ങള്‍. ‘ഇം‍പോസിബിള്‍’ എന്ന് ക്ലാര്‍ക്ക്. ‘പോസിബിള്‍, പോസിബിള്‍’ എന്ന് ഞങ്ങള്‍. ‘ഡോണ്ട് യൂ അണ്ടര്‍സ്റ്റാന്‍റ്?’ എന്ന് ക്ലാര്‍ക്ക്. ‘വി അണ്ടര്‍സ്റ്റാന്‍റ്’ എന്ന് ഞങ്ങള്‍.

ഗിരീഷും ഞാനും ഒരു ചെറിയ ചര്‍ച്ച നടത്തി ഭാവിപരിപാടികളെപ്പറ്റി ഒരു ഏകദേശ രൂപം ഉണ്ടാക്കി. ഒരു സംശയം.
“ഇനി അടുത്ത സ്റ്റെപ്സ് എന്താ?”
“അന്ന് അടച്ച 350 ഡോളര്‍ പിഴയായി കണക്കാക്കി കേസ് ഡിസ്മിസ് ചെയ്തു.”
“അപ്പോള്‍ നോ പ്രോബ്ലമാ?”
“അതെ, ഇനി ഒന്നുമില്ല. കേസ് ഒഴിവാക്കി. ഓ, ഒരു കാര്യം കൂടി: തിരിച്ചു പോകുമ്പോള്‍ താങ്കള്‍ വണ്ടി ഓടിക്കേണ്ട. കൂട്ടുകാരന്‍ ഓടിക്കട്ടെ. ആറ് മാസത്തേക്ക് ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്നും നിങ്ങളെ വിലക്കിയിട്ടുണ്ട്.”

ഹ, ആര്‍ക്കു ചേതം? ന്യൂജേഴ്സിയില്‍ താമസിക്കുന്ന തന്നെ ആറുമാസം ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ ആര്‍ക്കു ചേതം? എന്നാലും 350 ഡോളര്‍ ഖണക്റ്റികറ്റ് സര്‍ക്കാര്‍ പിടുങ്ങിയതിലുള്ള നിരാശ, വിലക്ക് ലംഘിച്ച് വണ്ടിയോടിച്ചാല്‍ മാറുമെന്നതിനാല്‍ മടക്കയാത്രയില്‍ ഖണക്റ്റികറ്റിന്‍റെ അത്ര വിരിവില്ലാത്ത മാറിലൂടെ ഗിരീഷ് തന്നെ കാറ് ഓടിച്ചു.

ഉള്ളത് ഉള്ളതു പോലെ പറയണമല്ലോ. കോടതിയുടെ കാര്യക്ഷമത ഞങ്ങളെ ഇംപ്രസ് ചെയ്യിച്ചു. ആളു ഹാജരില്ലാത്തതിനാല്‍ മാറ്റി വയ്ക്കാന്‍ നില്‍ക്കാതെ, വലിയ തെറ്റെന്നു പറയാന്‍ വയ്യാത്ത ഒരു വിധി പ്രഖ്യാപിച്ചല്ലോ. എന്നാണാവോ ഈ സമ്പ്രദായം നമ്മുടെ നാട്ടില്‍ വരുന്നത് എന്നു ഞങ്ങളില്‍ ഉറങ്ങിക്കിടന്ന ആദര്‍ശധീരന്മാര്‍ ഓര്‍ത്തു. അഴിമതിയും കൈക്കൂലിയും അവസാനിച്ചാല്‍ നമ്മുടെ ജീവിതം മോഹനസുന്ദരമാവുമെന്നും ഇന്ത്യ വികസനത്തിലേക്കും ലോക നേതൃത്വത്തിലേക്കും മുന്നേറുമെന്നും മറ്റാരുടേയും മനസ്സില്‍ നാളിതുവരെ തോന്നാത്ത ഒരു ഒറിജിനല്‍ തിയറി മുന്നോട്ടു വയ്ക്കാന്‍ ഞാന്‍ ആ അവസരം വിനിയോഗിച്ചു.

എന്നാലും, ആദ്യം നമ്മളെ തടഞ്ഞു നിറുത്തിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നവനായിരുന്നെങ്കില്‍ എന്ന് ഗിരീഷ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. വല്ല പത്തോ അമ്പതോ കൊടുത്ത് ഒതുക്കാമായിരുന്ന കേസാണല്ലോ. ഈ ഒരു കോടതി കയറ്റത്തിന്‍റെ പേരില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ‘സാര്‍ കൈക്കൂലി വാങ്ങുമോ’ എന്ന് മറ്റു പലരോടും ഗിരീഷിനു ചോദിക്കേണ്ടി വരുമെന്ന് അന്ന് ഞങ്ങളറിഞ്ഞിരുന്നില്ല; അതു വഴി എന്‍റെ തിയറി കാറ്റില്‍പ്പറക്കുമെന്നും.

(തുടരും. അതെ, ഭീഷണി തന്നെ!)

Labels: ,

17 അഭിപ്രായങ്ങള്‍:

 1. Blogger സു | Su എഴുതിയത്:

  വിദേശികളെ ഇന്ത്യക്കാരുടെ കൈക്കൂലി പഠിപ്പിക്കല്ലേ.
  ഇന്ത്യയിലെ കോടതികള്‍ കേസ് നാലു മാസത്തിനു ശേഷമുള്ള ഒരു ദിവസത്തേക്ക് മാറ്റിവെക്കും.
  തുടരൂ..

  Sun Apr 09, 10:31:00 PM 2006  
 2. Blogger പെരിങ്ങോടന്‍ എഴുതിയത്:

  ഇതു കൊള്ളാല്ലോ സന്തോഷ്! നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

  ഓ.ടോ: അവളെ (ഡ്രൂനെ) കണ്ടിട്ടു കുറച്ചു കാലമായി, ബെന്‍ സ്റ്റില്ലറിന്റെ കൂടെ ഏതോ സിനിമയിലാണു് അവസാനമായി കണ്ടതു്. ചാര്‍ളി ചേട്ടന്റെ മാലാഖമാര്‍ അതിനുശേഷമായിരുന്നുവോ പ്രൊഡക്ഷന്‍??

  Sun Apr 09, 11:03:00 PM 2006  
 3. Blogger അരവിന്ദ് :: aravind എഴുതിയത്:

  കലക്കി!!! സന്തോഷ്ജീ
  അപ്പോ തമാശയും നല്ലപോലെ വഴങ്ങും അല്ലേ :-)
  വായിച്ച് രസിച്ചു. ആദ്യം തൊട്ട് അവസാനം വരെ .

  Mon Apr 10, 12:13:00 AM 2006  
 4. Blogger ഉമേഷ്::Umesh എഴുതിയത്:

  കൊള്ളാം, സന്തോഷേ.

  എങ്കിലും, സന്തോഷും പെരിങ്ങോടനും തമാശ എഴുതുമ്പോള്‍ അവരുടെ ശൈലി സീരിയസ് എഴുത്തിന്റെ രീതിയില്‍ നിന്നു വലുതായി മാറുന്നില്ല എന്നു് എനിക്കൊരു തോന്നല്‍. ഊറിച്ചിരിക്കാനേ പറ്റുന്നുള്ളൂ, പൊട്ടിച്ചിരിക്കാന്‍ പറ്റുന്നില്ല. ഒരു പക്ഷേ അതേ ഉദ്ദേശിച്ചിട്ടുള്ളായിരിക്കും, അല്ലേ?

  Mon Apr 10, 06:02:00 AM 2006  
 5. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  മാഷേ, അപ്പൊ ഗിരീഷ് മാഷ് കണക്റ്റിക്കട്ടില്‍ പോയി കാഷു കൊടുത്ത് കടിക്കണ പട്ടിയേ വാങി, ല്ലേ! ഇവിടെ എന്റെ ആപ്പീസിലൊരു കഥാപാത്രം മെരിലാന്‍ഡിലെ ലൈസന്‍സ് റദ്ദാവുന്നതിന്റെ വക്കില്‍ നില്‍പ്പുണ്ട്. ചേട്ടായി ഒരിക്കെ ഇവിടന്ന് ഡിസി വരെ ഇരുപത് മിനിട്ടിലേ എത്തിയുള്ളൂ എന്ന് പറയുന്ന കേട്ടൂ.

  :)

  Mon Apr 10, 10:03:00 AM 2006  
 6. Blogger nalan::നളന്‍ എഴുതിയത്:

  രസിച്ചു..
  ഓര്‍മ്മവരുന്ന മറ്റൊന്ന് ഇവിടുത്തെ പോലീസുകാരുടെ പെരുമാറ്റമാണു്.
  റ്റിക്കറ്റെഴുതിരുമ്പോഴുള്ള വിനയവും , ക്ഷേമാന്വേഷണവും ഒക്കെ കണ്ടാല്‍ അറിയാതെ പറഞ്ഞുപോകും ‘എന്തു നല്ല മനുഷ്യന്‍, പോലീസുകാരായാല്‍ ഇങ്ങനെ വേണം’.
  ഒരു കാര്യം കൂടി. ചെയ്ത തെറ്റ് ബോധ്യപ്പെടുത്താനുള്ള ശ്രമം, അതൊരുപക്ഷെ പ്രതീക്ഷിക്കാത്തതായതുകൊണ്ടായിരിക്കാം, കൌതുകമാണാദ്യം തോന്നുക.

  Mon Apr 10, 10:50:00 AM 2006  
 7. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  നളന്‍ മാഷേ, അതു വളരെ ശരിയാ.. എന്റെ പ്രോജക്റ്റ് മാനേജര്‍ക്ക് ടിക്കറ്റ് എഴുതിക്കൊടുത്തതു കണ്ടു നിന്നപ്പൊ ആ വ്യത്യാസം ശരിക്കും കണ്ടു.. കേരളാ പോലീസിന്റെ ഭാവവും ഇവരുടെ ഭാവവും തമ്മില്‍ ചെകുത്താനും ദൈവവും തമ്മിലുള്ള അന്തരമുണ്ട്..

  Mon Apr 10, 11:57:00 AM 2006  
 8. Blogger സന്തോഷ് എഴുതിയത്:

  സു: ഇവിടെയുള്ളവറ്റകള്‍ക്ക് പലതിനും വാങ്ങി ശീലമില്ലാത്തതുകൊണ്ടാണ്. ഇങ്ങനെയൊക്കെയല്ലേ, ഓരോന്നു പഠിക്കുന്നത്? :) തുടരാം!
  പെരിങ്ങോടന്‍: നന്ദി... ഞാനും അവളെക്കണ്ടിട്ട് കുറെ നാളായി.
  അരവിന്ദ്: സന്തോഷം. തമാശ വഴങ്ങിയോ എന്ന് എനിക്ക് സംശയമാണ്. നിങ്ങളുടെയൊക്കെ തമാശകള്‍ ആസ്വദിച്ച് ഒരു അതിബുദ്ധി കാട്ടിയതാണ്.
  ഉമേഷ്: ശരിയാണ്. ഓരോരുത്തര്‍ക്കും ഓരോന്നു പറഞ്ഞിട്ടുണ്ടല്ലേ! തുടരും എന്നു പറഞ്ഞു പോയ സ്ഥിതിക്ക് ഒരു ശ്രമം കൂടി നടത്താം. ഇത്രയെങ്കിലും ഒത്താല്‍ ഞാന്‍ ധന്യനായി!
  ശനിയന്‍: അതേന്നേ! അതൊരു പട്ടി തന്നെയായിരുന്നു! അതില്‍ നിന്ന് തലയൂരിയ കഥ തുടരനില്‍ വിടാം. (കൂട്ടുകാരന്‍റെ ലൈസന്‍സ് റദ്ദാവല്ലേ എന്നു പ്രാര്‍ത്ഥിക്കുന്നു)
  നളന്‍: അതു ശരിയാ. ടിക്കറ്റ് കിട്ടിയ ദിവസത്തെ അനുഭവം വിസ്തരഭയത്താല്‍ ഒഴിവാക്കിയതാണ്. എതൊരു വിനയവും മര്യാദയുമായിരുന്നു “കൂട്ടുകാരനെ കൊല്ലാന്‍ കൊണ്ടുപോകുകയാണോ” എന്നു ചോദിച്ചപ്പോള്‍. അതു പോലെ “സാറിന്‍റെ കയ്യില്‍ തോക്കുണ്ടോ” എന്നു ചോദിച്ചപ്പോള്‍ ഞാനും ഗിരീഷും ഒരു പോലെ ചിരിച്ചു പോയി. എന്നാലും സ്വന്തം കണ്‍‍മുന്നില്‍ വച്ച്, കൂട്ടുകാരന്‍റെ ചെവിക്ക് പിറകില്‍ നിറതോക്കും പിടിച്ച് അറസ്റ്റ് ചെയ്യുന്നത് ഒന്നും ചെയ്യാനാവാതെ കണ്ടുകൊണ്ടുനില്‍ക്കുന്നത് അല്പം പ്രയാസം തന്നെ.

  സസ്നേഹം,
  സന്തോഷ്

  Mon Apr 10, 11:55:00 PM 2006  
 9. Blogger ചില നേരത്ത്.. എഴുതിയത്:

  സ്ന്തോഷ് ജീ.
  ദൈവത്തിന്റെ, ഈ തിയറി തിരുത്തല്‍ അനുഭവം ആസ്വദിച്ചു. തമാശ വിവിധ പശ്ചാത്തലങ്ങളിലൂടെ ..
  തുടരട്ടെ..
  ആശംസകള്‍!!

  Tue Apr 11, 02:38:00 AM 2006  
 10. Blogger ദേവന്‍ എഴുതിയത്:

  നന്നായി സന്തോഷ്‌.
  പോലീസ്‌ എന്നാല്‍ കാണുമ്പോ നമ്മള്‍ പ്രാണനും കൊണ്ടോടേണ്ട സര്‍ക്കാര്‍ ഗൂണ്ടാകള്‍ എന്നു മനസ്സിലുണ്ടായിരുന്ന എനിക്കും വിദേശപ്പോലീസ്‌ അനുഭവങ്ങള്‍ അത്ഭുതമായിരുന്നു ആദ്യമൊക്കെ. അതൊരു പോസ്റ്റാക്കാമെന്നു വിചാരിക്കുന്നതിനാല്‍ ഇപ്പോ പങ്കുവയ്ക്കുന്നില്ല (എന്തൊരു സ്വാര്‍ത്ഥന്‍ ഞാന്‍)

  Tue Apr 11, 02:52:00 AM 2006  
 11. Blogger വിശാല മനസ്കന്‍ എഴുതിയത്:

  'ആളിനു നമ്മുടെ സിനിമാ നടന്‍ കൊച്ചുപ്രേമന്‍റെ ആകാരമാണെങ്കിലും എം. എല്‍. ബാലകൃഷ്ണന്‍റെ ശരീരത്തിനു വേണ്ടിയാണ് ഇഷ്ടന്‍റെ ഭക്ഷണമുറകള്‍.'

  രസകരമായി, രസച്ചരട് പൊട്ടാതെ വായിച്ചു. സന്തോഷ്, വെരി നൈസ് . തുടരണം.

  Tue Apr 11, 02:59:00 AM 2006  
 12. Blogger ശനിയന്‍ \OvO/ Shaniyan എഴുതിയത്:

  മാഷെ, ചോദിക്കാന്‍ വിട്ടു.. നിങ്ങടെ ആ അഭ്യാസം ‘അമേരികാസ് വൈല്‍ഡസ്റ്റ് പോലീസ് വീഡിയോസില്‍ കാണേണ്ടി വരുമോ?

  :-)

  Tue Apr 11, 05:26:00 AM 2006  
 13. Blogger സാക്ഷി എഴുതിയത്:

  ചുവടുമാറ്റം കൊള്ളാം സന്തോഷ്.
  ഇടത്താവളമാണല്ലോ അല്ലേ.
  പായും തലയിണയും എടുത്താ വന്നിരിക്കുന്നതെങ്കില്‍
  ഞാന്‍ പുകച്ച് പുറത്തുചാടിക്കും.
  അങ്ങനിപ്പോ സുഖിക്കണ്ട. ;)

  Sat Apr 15, 05:02:00 AM 2006  
 14. Blogger ദേവന്‍ എഴുതിയത്:

  This comment has been removed by a blog administrator.

  Sat Apr 15, 08:02:00 AM 2006  
 15. Blogger ദേവന്‍ എഴുതിയത്:

  റാസ്കല്‍ 2006.
  നമ്മളെയോ ബന്ധുക്കളേയോ പോലീസു പിടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ സ്റ്റേഷനില്‍ കയറേണ്ടിവരുന്നു. അങ്ങനെ സ്റ്റേഷനില്‍ കയറുന്ന നമ്മള്‍, പോലീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "റാസ്കത്സ്‌", എങ്ങനെ പെരുമാറണം എന്നു വിവരിക്കുന്ന ലളിതമായ പുസ്തകമാണ്‌ റാസ്കല്‍ 2006.

  സ്റ്റേഷനില്‍ കയറിക്കഴിഞ്ഞാല്‍ അടി, ഇടി, തുപ്പ്‌, മലം തീറ്റല്‍, മേത്തു മൂത്രിക്കല്‍, തള്ളക്കുവിളി തന്തക്കുവിളി, അവനവനെ നേരിട്ടുള്ള വിളി, ഉരുട്ടല്‍, നഖം പിഴുതെടുക്കല്‍, കണ്ണടിച്ചു പൊട്ടിക്കല്‍, കൂമ്പിനിടി, കാവടി, ഗരുഡന്‍ തൂക്ക്‌, ഐസില്‍ കിടത്തല്‍, ഞണ്ടുപിടിത്തം മുതല്‍ അണ്ടര്‍വെയറിന്റെ വള്ളിയില്‍ കെട്ടിത്തൂക്കല്‍ വരെ നമ്മള്‍ അവിടെ എങ്ങനെ പെരുമാറുന്നു, എത്രരൂപ ആര്‍ക്കെങ്ങനെ കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ഈ എഴുതാത്ത ചട്ടങ്ങളെ ലളിതമായി രേഖപ്പെടുത്തിയ പുസ്തകമാണ്‌ റാസ്കല്‍ 2006. വാങ്ങിക്കുക, വായിക്കുക സൂക്ഷിച്ചു വയ്ക്കുക. പുസ്ത്തകമൊന്നിനു റും 10 രൊപാ മാത്രം
  (മിമിക്രിക്കാരന്‍ സാജന്‍ പള്ളുരുത്തിക്ക്‌ ക്രെഡിറ്റ്‌)

  Sat Apr 15, 08:02:00 AM 2006  
 16. Blogger സന്തോഷ് എഴുതിയത്:

  ഇബ്രൂ: നന്ദി!
  ദേവന്‍: താങ്കളുടെ പൊലീസ് സ്റ്റോറികള്‍ കലക്കുന്നുണ്ട്.
  വിശാലാ: താങ്ക്യൂ!
  ശനിയന്‍: സാധ്യതയുണ്ട്! വിടാതെ കണ്ടോളൂ...
  സാക്ഷി: ഇടത്താവളമാണ്. വഴങ്ങാത്ത കാര്യങ്ങള്‍ അധികം ചെയ്യരുതല്ലോ.

  ഇതിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ലക്കം പുറത്തിറങ്ങിയിട്ടുണ്ട്...

  Wed Apr 19, 05:01:00 PM 2006  
 17. Blogger ജിഹേഷ് എഴുതിയത്:

  ഗുഡ് ലക്ക്”, “ബെസ്റ്റ് ഓഫ് ലക്ക്”, “ലക്ക് ലഗാന്‍”, ഇത്യാദി ചൊല്ലി യാത്രയാക്കുകയും, തിരിച്ചു വരുമ്പോള്‍, “ഹാര്‍ഡ് ലക്ക്”, റ്റഫ് ലക്ക്”, “ബാഡ് ലക്ക്”, “അണ്‍ലക്കി ബാസ്റ്റാര്‍ഡ്” എന്നീ വാക്കുകളാല്‍ വരവേല്‍ക്കുകയും ചെയ്യുക"

  ഹ ഹ :)

  Wed Jul 16, 10:31:00 AM 2008  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home