ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, July 13, 2006

ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വായനക്കാരുടെയോ പ്രേക്ഷകരുടെയോ പൂര്‍ണവിശ്വാസ്യതയില്‍ പിറന്നുവീഴുന്നില്ല. പത്രങ്ങള്‍ എഴുതുന്നത് മുഴുവന്‍ വിശ്വാസയോഗ്യമല്ലാത്തതാണെന്നും ബ്ലോഗുകളെല്ലാം പരമസത്യങ്ങളാണെന്നും ഒരു വായനക്കാരനും പറയുമെന്നും തോന്നുന്നില്ല. വിശ്വാസ്യതയും പേരുമുള്ള പത്രങ്ങള്‍ വരുത്തുന്നത്ര തെറ്റുകള്‍, വിശ്വാസ്യതയും പേരുമുള്ള ബ്ലോഗുകളില്‍ കണ്ടെത്താനുള സാധ്യത കുറവായിരിക്കും എന്നുമാത്രമാണ് വാദം.

പത്ര, റ്റി. വി. മാധ്യമങ്ങളിലെന്നപോലെ ബ്ലോഗിലും വിശ്വാസ്യത ആര്‍ജിച്ചെടുക്കുന്നതാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന മാധ്യമങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനും നഷ്ടപ്പെടുത്താനും ഏറ്റവും അനായാസം സാധ്യമാകുന്നത് ബ്ലോഗുകള്‍ക്കാണ്. കെട്ടിലും, മട്ടിലും, സൃഷ്ടിയിലുമുള്ള ഈ അനായാസതയാണ് മറ്റുമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗുകളെ വേര്‍തിരിക്കുന്ന വലിയൊരു ഘടകം.

വര്‍ഷങ്ങളുടെ സദ്കൃത്യം (അതോ പരസ്യമോ) കൊണ്ട് നേടിയെടുക്കുന്നതാണ് പത്രങ്ങളുടെ പേരും വിശ്വാസ്യതയും. ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചും സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ ‘സംഭവസ്ഥലം’ സന്ദര്‍ശിച്ചും അല്ലാതെയും ‘ലൈവ്’ ആയും ഫയല്‍ ചെയ്യുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ കുറച്ചുകാലം മുമ്പുവരെ ആരും മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം. ഇനി അഥവാ, തെറ്റുകള്‍ കണ്ടെത്തിയാലും അത് പത്രത്തെ അറിയിച്ച് തിരുത്തല്‍ പ്രസിദ്ധീകരിപ്പിക്കുന്നത് മുന്‍‍ഗണനയുള്ള ഒരു കാര്യമായി പലര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. ആളുകളുടെ പേരുകള്‍ മുതലായ ചില്ലറ തിരുത്തലുകളല്ലാതെ, കാര്യമായ ഒരു തെറ്റു തിരുത്തലും ഒരു പത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. വന്‍ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട്, പിറ്റേന്ന് കുറച്ചുകൂടി ശരിയായ വാര്‍ത്ത അറിയിക്കുമ്പോഴും, തെറ്റ് സമ്മതിക്കലും ഖേദപ്രകടനവും നടത്തിയ സംഭവങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്നേയില്ല.

വസ്തുതകള്‍ ക്രോസ്ചെക്ക് ചെയ്യുന്നത് എളുപ്പമാവുകയും വാര്‍ത്താവിനിമയ രംഗം പുരോഗമിക്കുകയും ചെയ്തതോടെ ചെറിയ തെറ്റുകള്‍ പോലും പത്രത്തെ അറിയിക്കാനും വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനുമുള്ള പ്രവണത കൂടി വന്നു. പത്രങ്ങള്‍ ലൈവ് വിപ്ലവത്തോട് അത്ര ആവേശകരമായ പ്രതികരണം കാണിക്കാതിരുന്നപ്പോള്‍ പ്രതികരണങ്ങള്‍ക്ക് ഇന്‍സ്റ്റന്‍റ് മറുകുറി കിട്ടുന്ന മറ്റുമാധ്യമങ്ങള്‍ക്ക് പ്രചാരമേറി. റ്റി.വി. യിലെ ഫോണ്‍-ഇന്‍ പരിപാടികളുടെ പ്രചാരം ഈ വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍
ദേശാഭിമാനിയേയും മനോരമയേയും വായനക്കാരന്‍ ഒരേ കണ്ണില്‍ കാണാറില്ലല്ലോ. രണ്ടു കൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയ/സസമൂഹിക അജണ്ടകളുള്ളതു കാരണം, പല വാര്‍ത്തകളും ആ മുന്‍‍വിധിയോടു കൂടി മാത്രമേ ഈ മാധ്യമങ്ങളില്‍ നിന്ന് വായിക്കാനാവൂ.

എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്. അച്ചുതാനന്ദന്‍റെ ഭരണം കെങ്കേമമെന്ന് ദേശാഭിമാനിയും (അവരെഴുതുമോ?) മഹാമോശമെന്ന് വലതുപക്ഷ പത്രങ്ങളും എഴുതിവിടുന്നതിനെ പൊക്കിപ്പിടിച്ച്, ഒരു കൂട്ടര്‍ പറയുന്നത് തെറ്റ്, മറ്റൊരു കൂട്ടര്‍ പറയുന്നത് ശരി എന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച്, തെറ്റായ കണക്കുകള്‍, പേരുകള്‍, സ്ഥിതിവിവരങ്ങള്‍, പ്രത്യേകിച്ച് യാതൊരന്വേഷണവും കൂടാതെ വായില്‍ തോന്നിയ മാതിരി പടച്ചു കൂട്ടുന്ന “ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറീസ്‍” എന്നിവയാണ് ഇവിടെ വിമര്‍ശന വിധേയമാക്കേണ്ടുന്നത്, ആക്കുന്നത്. എന്നു കരുതി, പത്രങ്ങള്‍ വരുത്തുന്ന വളരെ നിര്‍ദ്ദോഷമായ തെറ്റുകളെ പൊക്കിപ്പിടിച്ച് കൊണ്ടാടുന്നത് അനാവശ്യമാണുതാനും. (‘ഇന്‍ പ്രെയ്സ് ഓഫ് മിസ്റ്റേക്സ്’ എന്ന പേരില്‍ പ്രീ-ഡിഗ്രിക്ക് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചും എഴുതിയും പരാതിപറയുന്നവര്‍ക്ക് വേറേ പണിയില്ലേ എന്ന ചോദ്യമായിരുന്നു ആ ലേഖനത്തില്‍. ആല്‍ഡസ് ഹക്സ്‍ലി ആയിരുന്നു ലേഖകന്‍ എന്നാണോര്‍മ. തെളിവു തരാന്‍ ലിങ്കൊന്നും തെരഞ്ഞിട്ട് കിട്ടുന്നില്ല.)

ബ്ലോഗുകള്‍ക്ക് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?
 • പലപ്പോഴും ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്‍ട്ടര്‍ ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര്‍ ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് ഉദാഹരണമായെടുക്കുക. ഇത് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ ബ്ലോഗ് ആണ് (ആള്‍ ഇപ്പോഴും അജ്ഞാതന്‍). മൈക്രോസോഫ്റ്റ് മാനേജ്മെന്‍റിനെ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള്‍ വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉദാഹരണം ഇവിടെ.

 • സിബു പറഞ്ഞിട്ടുള്ളതു പോലെ, ബ്ലോഗുകളില്‍ തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതയും അതിനുള്ള വേഗതയും വളരെ കൂടുതലാണ്. ബ്ലോഗില്‍ എഴുതി വിട്ട തെറ്റായ കാര്യം വായനക്കാര്‍ തിരുത്തിയ കഥ എല്‍ജി പറഞ്ഞിട്ടുണ്ട്. ഇനി സ്വാനുഭവം പറയാം. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. അതില്‍ എനിക്ക് അറിവില്ലാത്തതോ ഓര്‍മയില്ലാത്തതോ ആയ സംഗതികള്‍ എത്ര വേഗമാണ് തിരുത്തപ്പെട്ടത്. ബ്ലോഗുകളുടെ ഗുണം, “ഇന്‍ പ്ലെയ്സ്” തിരുത്തലുകള്‍ നല്‍കാമെന്നതാണ്. അതായത്, ഒരിക്കല്‍ തിരുത്തിയാല്‍, പിന്നെ ആ ലേഖനം വായിക്കുന്ന ആര്‍ക്കും ഈ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്‍ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില്‍ കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള്‍ കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല. ഈ സൌകര്യം ലഭ്യമായ ഓണ്‍ലൈന്‍ പത്രങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തിക്കണ്ടിട്ടില്ല.

 • കതിരും പതിരും തിരിച്ചറിയാന്‍ എളുപ്പം. ബ്ലോഗുകള്‍ ആര്‍ക്കും എന്തും എഴുതാനുള്ള ഇടങ്ങളാണെന്ന് ഒരു വിശ്വാസം ചിലേടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു. ഇതില്‍ സത്യമില്ലാതില്ല. വിശ്വാസയോഗ്യമല്ലാത്ത ബ്ലോഗുകള്‍ക്കുദാഹരണം പലരും നിരത്തുകയുണ്ടായി. ഇത് ബ്ലോഗുകളുടെ മാത്രം കാര്യമല്ല. ഇന്‍റര്‍നെറ്റില്‍ അസത്യങ്ങളോ അര്‍ഥസത്യങ്ങളോ ആയ ഒരുപാട് കാര്യങ്ങള്‍ ഒരുപാടൊരുപാട് പേര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനുദാഹരണം ദേവന്‍ ഇവിടെ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വായനക്കാരന്‍, പത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും സെലക്ടീവായേ തീരൂ. വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായത് എന്നത് തര്‍ക്കവിഷയമാണല്ലോ. നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ട് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്ന് കണ്ടെത്തുകയുണ്ടായി. (ഈ പഠനം അശാസ്ത്രീയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്ക പറഞ്ഞിട്ടുണ്ട്. അതിലത്ഭുതമില്ല.)
നല്ല നാളേയ്ക്ക്
ഒരു കണക്കിന് നോക്കിയാല്‍ ഇത് ഒരു അനാവശ്യ ചര്‍ച്ചയാണ്. എന്നാലും ബ്ലോഗുകളുടെ, പ്രത്യേകിച്ച് മലയാളം ബ്ലോഗുകളുടെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുത്സിതബുദ്ധിയോടും അല്ലാതെയും വിശ്വാസ്യതയുടെ പ്രശ്നം പല കോണില്‍ നിന്നും പൊങ്ങി വരാന്‍ സാധ്യത കാണുന്നു. ചാറ്റുറൂമുകള്‍ സൃഷ്ടിച്ച മോശം ഇമേജുകളാവാം, ഒരു പക്ഷേ, ഇന്‍റര്‍നെറ്റുമായി ബന്ധമുള്ളതെന്തും കാപട്യം നിറഞ്ഞതും അവിശ്വസനീയവും സുരക്ഷാരഹിതവുമാണെന്ന പൊതുധാരണയ്ക്ക് നിനാദം. ആ ധാരണ മാറ്റിയെടുക്കേണ്ടുന്നത് നമ്മുടെ കടമയാണ്. അതിലേയ്ക്ക് ഇത്തരം സം‌വാദങ്ങള്‍ സഹായകമാകണം എന്ന് ആശിക്കുന്നു. ഒപ്പം, പത്രങ്ങളുള്‍പ്പടെയുള്ള ഇതരമാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കാനും ഈ ചര്‍ച്ച വഴിതെളിച്ചാല്‍ നന്ന്.

Labels: ,

13 അഭിപ്രായങ്ങള്‍:

 1. Blogger KP എഴുതിയത്:

  എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്.

  സന്തോഷ്, ഈ പക്ഷപാതിത്വത്തെ അംഗീകരിക്കുന്നതെന്തിന്‍?

  Thu Jul 13, 06:21:00 PM 2006  
 2. Anonymous Anonymous എഴുതിയത്:

  പക്ഷപാതകരമായ റിപ്പോര്‍ട്ടിങ്ങ് ഒരു മനുഷ്യനാണ് എഡിറ്റര്‍ സ്ഥാനത്തെങ്കില്‍ തീര്‍ച്ചയായും ഉണ്ടാവും.അലെങ്കില്‍ വല്ലോ കമ്പ്യൂട്ടറൈസ്ഡ് എഡിറ്റിങ്ങ് ആയിരിക്കണം എന്ന് എനിക്ക് തോന്നുന്നു.എല്ലാവര്‍ക്കും ഒരു ചായ്‌വുണ്ട്...എന്തിനോടെങ്കിലും.. അതു ബ്ലോഗുകള്‍ക്കും ഉണ്ട്...

  Thu Jul 13, 06:32:00 PM 2006  
 3. Blogger വക്കാരിമഷ്‌ടാ എഴുതിയത്:

  മാധ്യമങ്ങള്‍ ഒരു ചായ്‌വും കാണിക്കരുതെന്നും അവര്‍ക്ക് ഒരു രീതിയിലുള്ള തെറ്റും പറ്റരുതെന്നുമൊക്കെ വാശിപിടിക്കുന്നതില്‍ ഇന്നത്തെ കാലത്ത് എത്രമാത്രം അര്‍ത്ഥമുണ്ടെന്നറിയില്ല. ചായ്‌വൊന്നുമില്ലാത്ത മാധ്യമങ്ങളുണ്ടെങ്കില്‍ വളരെ നല്ലത്; അതുപോലെ തെറ്റുകള്‍ പറ്റാത്തവയും.

  പക്ഷേ തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതു നിലവരെയും പോകുമെന്നും വേണമെങ്കില്‍ ഒരു ധാര്‍മ്മികതയും അക്കാര്യത്തില്‍ കാണിക്കുകയില്ല എന്നുമുള്ള നിലപാട് ചിലപ്പോഴെങ്കിലും പല മാധ്യമങ്ങളും എടുക്കുന്നതാണ് പ്രശ്‌നം. ഐ.എസ്.ആര്‍.ഓ റിപ്പോര്‍ട്ടിംഗില്‍ നാമത് കണ്ടു. നാട്ടിലെ സാധാരണക്കാരനു പോലും തോന്നുന്ന സംശയങ്ങള്‍ പത്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തോന്നിയതായി അവര്‍ ഭാവിച്ചില്ല. പല കോടതികളും പലപ്പോഴായി പറഞ്ഞെങ്കിലും തങ്ങള്‍ക്ക് എവിടെയൊക്കെയോ പിഴച്ചു എന്നൊന്ന് സമ്മതിക്കാന്‍ കൂടി പല പത്രങ്ങളും‍ തയ്യാറായില്ല. ഇവിടെയൊക്കെ മാധ്യമങ്ങളെ അതിന്റെ തലവന്മാര്‍ വെറും ഉപകരണങ്ങളാക്കുന്നു. നിങ്ങള്‍ കാണിക്കുന്നത് തെറ്റാണ് എന്ന് നമ്മളാരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ആ ചൂണ്ടിക്കാണിക്കല്‍ പ്രസിദ്ധീകരിക്കാന്‍ പോലും പത്രങ്ങള്‍ പലപ്പോഴും തയ്യാറാവില്ല. ഒരു റിപ്പോര്‍ട്ടിംഗിന് നേരേ വിപരീതമായ കാര്യങ്ങള്‍ വേറൊരു റിപ്പോര്‍ട്ടിംഗില്‍ വേറൊരു സാഹചര്യത്തില്‍ അവര്‍ പറഞ്ഞാല്‍ രണ്ടും വായിക്കുക എന്നതില്‍ കവിഞ്ഞ് വായനക്കാര്‍ക്ക് കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ല, പത്രങ്ങളുടെ കാര്യത്തില്‍.

  അതുപോലെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വാശ്രയ കോളേജ് വിവാദങ്ങളും. നാട്ടില്‍ നമുക്കൊക്കെയുള്ള സംശയങ്ങള്‍ ചില പത്രങ്ങളെങ്കിലും കണ്ടില്ല എന്നു നടിക്കുന്നു. ചില താത്‌പര്യങ്ങളുടെ പുറകെ മാത്രം അവര്‍ പോകുന്നു. എന്നാല്‍ ഞങ്ങള്‍ ഇന്ന കൂട്ടര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരാണ്, ഞങ്ങള്‍ അവരെ പിന്തുണച്ച് മാത്രമേ എഴുതൂ എന്ന് തുറന്നൊട്ടു സമ്മതിക്കുകയുമില്ല. ആ ഹിപ്പോക്രസിയാണ് സഹിക്കാന്‍ വയ്യാത്തത്.

  നല്ല ലേഖനം, സന്തോഷ്.

  Thu Jul 13, 07:00:00 PM 2006  
 4. Blogger കേരളഫാർമർ/keralafarmer എഴുതിയത്:

  ചിലര്‍ സത്യങ്ങള്‍ വെളിച്ചം കാണിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചില മാധ്യമങ്ങള്‍ അവര്‍ക്കനുകൂലമാക്കി മാറ്റുകയും പത്തിലൊന്നുഭാഗം വെളിച്ചം കാണുകയും ചെയ്താല്‍ വെളിച്ചം കാണിച്ചവരോട്‌ നന്ദിയും കടപ്പാടും ഉള്ളതുകാരണം പിന്നീട്‌ അവരെ വിമര്‍ശിക്കുവാനും കഴിയുകയില്ല എന്ന അവസ്ഥയാണ്‌ പലര്‍ക്കും ഉള്ളത്‌. പരസ്യങ്ങള്‍ക്കായി വാക്കൊന്നിന്‌ 30 രൂപ മുതല്‍ 45 രൂപവരെ ഈടാക്കുമ്പോള്‍ അത്തരം പത്രങ്ങളുണ്ടാക്കുന്ന കോടികളുടെ കണക്ക്‌ ആരും അറിയാറും അന്വേഷിക്കാറും ഇല്ല.ദൃശ്യമാധ്യമങ്ങളും വ്യത്യസ്തമല്ല. അധികാരവും ഒരു വലിയ മാധ്യമവും കയ്യിലുണ്ടെങ്കില്‍ ഇവിടെ പലതും നടക്കും എന്ന അവസ്ഥയാണുള്ളത്‌.
  ഈ ചുറ്റുപാടില്‍ ഒരു സാധാരണക്കാരന്‌ വെളിച്ചം കാണിക്കാന്‍ കഴിയാതെ പോകുന്നവ സ്വന്തം ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുവാനും കുറച്ചുപേരെങ്കിലും വായിക്കുവാനും ഇടയാകുമ്പോഴാണ്‌ മാധ്യമങ്ങളിലെ വിശ്വാസ്യതയ്ക്ക്‌ കോട്ടം തട്ടുന്നത്‌. തെളിവുകള്‍ വള്ളതും വേണോ?

  Thu Jul 13, 08:17:00 PM 2006  
 5. Blogger സന്തോഷ് എഴുതിയത്:

  പക്ഷപാത റിപ്പോര്‍ട്ടിംഗ് തീര്‍ത്തും മറ്റൊരു ചര്‍ച്ചയ്ക്കുള്ള വിഷയമായതിനാലാണ് അത് ഈ ചര്‍ച്ചയില്‍ ഉന്നയിക്കേണ്ടതല്ല എന്നെഴുതിയത്. അല്ലാതെ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അംഗീകരിക്കുന്നതു കൊണ്ടല്ല. ഒരു വേള, ‘ബ്ലോഗുകളുടെ വിശ്വാസ്യത’യെ ചോദ്യം ചെയ്യുന്ന പത്രക്കാരുള്‍പ്പെടെയുള്ളവരോടുള്ള ഒരു മറു ചോദ്യമായി അത് ചോദിക്കാവുന്നതാണ്. ISRO റിപ്പോര്‍ട്ടിംഗ് മുതല്‍ ഇലക്ഷന്‍ പ്രവചനം വരെ എത്രയെത്ര കാര്യങ്ങളാണ് നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടാവുക!

  ആരെങ്കിലും പത്രങ്ങളുടെ പക്ഷപാതം/നിഷ്പക്ഷത എന്ന ഒരു ബ്ലോഗ് തുടങ്ങിയാല്‍ അവിടെ പോസ്റ്റുകള്‍ നിറയ്ക്കാന്‍ ബ്ലോഗര്‍മാര്‍ ക്യൂ നില്‍ക്കുമെന്ന് ഞാന്‍ വാതുവയ്ക്കാം.

  Thu Jul 13, 08:33:00 PM 2006  
 6. Blogger അരവിന്ദ് :: aravind എഴുതിയത്:

  ചില പത്രറിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ തന്നെ വളരെ അസ്വസ്ഥനാകുന്നു.
  വെറുതേ സെന്‍സേഷണലിസം മാത്രമാണ് ഇപ്പോഴത്തെ പത്രധര്‍മം എന്ന് തോന്നിപ്പോകുന്നു.
  വാര്‍ത്തയുണ്ടാക്കാനായി വാര്‍ത്തകള്‍.
  ഏതെങ്കിലും ഒരു യുവാവ് റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടാല്‍ ഉടന്‍ അയാളുടെ ജാതി തിരക്കി
  “ദളിത് യുവാവ് കൊല്ലപ്പെട്ട നിലയില്‍” എന്ന് അച്ചടിക്കുന്നതിലെ ജാതി പ്രാധാന്യം എനിക്ക് ഇതു വരെ മനസിലായിട്ടില്ല.“യുവാവ് കൊല്ലപ്പെട്ട നിലയില്‍“ അല്ലെങ്കില്‍ യുവാവിനെ പോലീസ് പിടിച്ചു മര്‍ദ്ദിച്ചു എന്നത് ജാതി, ന്യൂനപക്ഷം ഇവക്ക് ഊന്നല്‍ കൊടുത്ത്കൊണ്ട് പത്രങ്ങള്‍ പ്രസിധീക്കുരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ വെറുതേ വിഷം കുത്തി വയ്ക്കുകയാണ്.
  സാമൂഹികപരിണാമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ദിനപത്രങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോള്‍ ശരിക്കും വേദന തോന്നാറുണ്ട്.

  നല്ല ലേഖനം സന്തോഷ് ജീ..

  പത്രങ്ങളും ഒരു വ്യവസായമാണെന്ന് വരുമ്പോള്‍ പത്രധര്‍മ്മം എന്ന വാക്ക് പിന്നെ ഉപയോഗിക്കാന്‍ പറ്റാതെ വരും.
  കണ്ടില്ലേ ബോംബേ പൊട്ടിത്തെറി കവറുചെയ്തുകൊണ്ടിരിക്കുമ്പോള്‍ വാര്‍ത്താ വായനക്കാരന്‍ പറഞ്ഞത് “ നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് സി.എന്‍.എന്‍ -ഐ.ബി.എന്‍ നെറ്റ്വര്‍ക്കിലൂടെ..ചൂടുള്ള വാര്‍ത്തകള്‍ക്ക് എപ്പോഴും ഐ.ബി.എന്‍ കാണുക”

  കഷ്ടം!

  Fri Jul 14, 01:30:00 AM 2006  
 7. Blogger അജിത്‌ | Ajith എഴുതിയത്:

  ബ്ലോഗിനെ വാര്‍ത്ത അറിയാനുള്ള മാധ്യമം എന്നതിലുപരി, അറിഞ്ഞു കഴിഞ്ഞ വാര്‍ത്തയെ പറ്റി തങ്ങളുടെ അഭിപ്രായം അല്ലെങ്കില്‍ അതിന്റെ പ്രാധാന്യം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു മാധ്യമം ആക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ അതായിരിക്കാം ഒരു ബ്ലോഗിന്റെ നിര്‍വചനം.

  Fri Jul 14, 01:36:00 AM 2006  
 8. Blogger പാപ്പാന്‍‌/mahout എഴുതിയത്:

  അജിത് പറഞ്ഞത് വളരെ ശരി. പരമ്പരാഗത വാര്‍ത്താമാദ്ധ്യമങ്ങളുടെ “news reporting" എന്ന പ്രവൃത്തി ബ്ലോഗുകള്‍ക്ക് പൂര്‍ണ്ണമായും ചെയ്യാന്‍ കഴിയും എന്നെനിക്കു തോന്നുന്നില്ല. സാമ്പത്തികമായും ഘടനാപരമായും അതു സാദ്ധ്യമാകുക വിഷമം. Analysis, commentary എന്നിവയായിരിക്കും ബ്ലോഗുകള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്നതെന്നു തോന്നുന്നു.

  Fri Jul 14, 05:25:00 AM 2006  
 9. Blogger ആനക്കൂടന്‍ എഴുതിയത്:

  പൊതുവായ ഒരു അജണ്ടയുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടര്‍ ഏതുതരത്തിലെഴുതി നല്‍കിയാലും ആ അജണ്ടയ്ക്കനുസരിച്ചു മാറും. അതേസമയം വ്യക്തിയുടെ വിശ്വാസങ്ങളും ചിന്താ രീതിയുമാണ് ബ്ലോഗില്‍ പ്രതിഫലിക്കുന്നത്. വിഷയ കേന്ദ്രീകൃതമായിരിക്കും അത് പലപ്പോഴും എന്ന് തോന്നുന്നു

  പത്രങ്ങളെ മുന്‍‌നിര്‍ത്തി ബ്ലോഗിനെ പരിശിധോക്കാന്‍ ആവില്ല. ഇക്കാര്യത്തില്‍ പാപ്പാന്റെയും അജിത്തിന്റേയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഒരു വാരികയുടെ അല്ലെങ്കില്‍ മാസികയുടെ ഉള്ളടക്ക തലത്തിലേക്ക് ബ്ലോഗിനെ കൊണ്ടു വരാന്‍ സാധിച്ചേക്കാം. ദേവേട്ടന്റെ ആയുരാരോഗ്യം ബ്ലോഗ് നല്ലൊരു ഉദാഹരണമാണ്.

  Fri Jul 14, 06:17:00 AM 2006  
 10. Blogger സന്തോഷ് എഴുതിയത്:

  ഞാന്‍ പറഞ്ഞു വന്നത് ഒന്നുകൂടി വ്യക്തമാക്കട്ടെ. ബ്ലോഗ് പത്രമുള്‍പ്പടെയുള്ള ഏതെങ്കിലും മാധ്യമത്തിന്‍റെ നില നില്പിനെ ഇല്ലാതാക്കുമോ എന്നതല്ല പ്രശ്നം. ബ്ലോഗില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വിശ്വാസ്യതയേറും എന്നതു മാത്രമായിരുന്നു ഞാന്‍ വാദിച്ചത്.

  ഏന്നെങ്കിലുമൊരിക്കല്‍, ഒരു ബ്ലോഗില്‍ എല്ലാ വാര്‍ത്തയും എഴുതിത്തുടങ്ങിയാല്‍ ആ ബ്ലോഗും ഒരു പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷനും തമ്മിലെന്താണ് വ്യത്യാസം? എന്നു മാത്രമല്ല, ഒരാളിനാല്‍ സര്‍വമാന വാര്‍ത്തകളും ശേഖരിക്കാനാവാത്തതിനാല്‍ റിപ്പോര്‍ട്ടര്‍മാര്‍ വേണ്ടിവരുന്നു, ചെലവുകള്‍ വഹിക്കുവാന്‍ പരസ്യം വേണ്ടിവരുന്നു, കൂടുതല്‍ പരസ്യം നല്‍കിയവരെയോ പണം ചെലവിട്ടവരെയോ സഹായിക്കാനായി വാര്‍ത്തകള്‍ വളച്ചൊടിക്കേണ്ടി വരുന്നു... പിന്നെ ഒരു പേരുകൂടി ഇട്ട് പത്രമാക്കി ഇറക്കിയാല്‍ പോരേ?

  എന്നാല്‍ വളരെ സ്പെസിഫിക് ആയ ചില സ്ഥാപനത്തെപ്പറ്റിയോ സംഗതികളെപ്പറ്റിയോ കൃത്യമായ വാര്‍ത്തകള്‍ നല്‍കുവാന്‍ ബ്ലോഗുകള്‍ക്കാവും. അവിടെ, നേരത്തേ അറിഞ്ഞ വാര്‍ത്തയുടെ ചര്‍ച്ച എന്നതിനുപരി, ഇത്തരം വാര്‍ത്തകളുടെ ഉറവിടമായും ബ്ലോഗുകള്‍ക്ക് നിലനില്‍ക്കാനാവും. ഉദാഹരണങ്ങള്‍ അനവധി. ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച മിനി മൈക്രോസോഫ്റ്റ് ബ്ലോഗ് ഉള്‍പ്പടെ.

  Fri Jul 14, 08:27:00 AM 2006  
 11. Blogger ആനക്കൂടന്‍ എഴുതിയത്:

  (സന്തോഷ് പറയുന്ന കാര്യങ്ങളെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് പിന്തുണയ്ക്കുന്നുണ്ട്. )

  മുംബൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ചലനം അറ്റ് നിന്നപ്പോള്‍ ബാഹ്യ ലോകത്തെ ആശ്വസിപ്പിക്കാന്‍ ബ്ലോഗര്‍മാരുടെ കരങ്ങള്‍ മാത്രം നിര്‍ത്താതെ ചലിച്ചു.

  മാധ്യമങ്ങളിലെ വൈരുധ്യം അപ്പപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനം ആക്കിയാണ്. പക്ഷേ വേണ്ടപ്പെട്ടവര്‍ക്ക് അപകടം പറ്റിയോ എന്നറിയാന്‍ ടെലഫോണ്‍ ബന്ധം പോലും ഇല്ലാത്ത അവസ്ഥ സംജാതം ആയി. ഇതിനെ എങ്ങനെ തരണം ചെയ്യും? തെരച്ചിലിന്റെ അവസാനം ചിലരെങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്തി. അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ബ്ലോഗര്‍ സമൂഹത്തെ ആശ്രയിക്കുക.

  നേരിട്ട് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരുന്ന മുംബൈഹെല്‍പ്പ് ഡോട്ട് ബ്ലൊഗ് പോസ്റ്റ് ഡോട്ട് കോം അന്യസംസംസ്ഥാനത്ത് നിന്നുള്ള ആവശ്യം അനുസരിച്ച് പലരുടെയും വിവരങ്ങള്‍ അന്വേഷിച്ച് കൃത്യമായി വിവരം നല്‍കിയിരുന്നു. വര്‍ണം ഡോട്ട് ഒ ആര്‍ ജി ബ്ലോഗും ദുരന്തത്തെ കുറിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.

  ഇന്ത്യയില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ബ്ലോഗര്‍ സേവനങ്ങള്‍ ലഭ്യമാവുന്നത് പുതുമയല്ല. ഇന്ത്യന്‍ തീരത്ത് കോപം വര്‍ഷിച്ച് സുനാമി വന്നപ്പോളും ബ്ലോഗുകള്‍ സഹായ ഹസ്തം നീട്ടിയിരുന്നു.

  ബ്ലോഗുകള്‍ വിശ്വസിക്കാമോ?

  ബ്ലോഗുകളുടെ വിശ്വാസ്യതയെ കുറിച്ചുള്ള ചോദ്യം ന്യായമാണ്. ഒരു വ്യക്തി സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ നിറം കലര്‍ത്തി എഴുതുന്നത് ആണല്ലോ ബ്ലോഗുകള്‍. ഇവ എഡിറ്റിംഗ് നടക്കാത്തതിനാല്‍ പൂര്‍ണ്ണ മായും വിശ്വസിക്കുന്നത് എങ്ങനെ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും. എന്നാല്‍ ഇതിനുള്ള മറുപടിയും ബ്ലോഗര്‍ സമൂഹം തന്നെ നല്‍കും.

  മിക്ക ബ്ലോഗുകളും അന്യോന്യം ബന്ധിപ്പിച്ച് ഒരു ബ്ലോഗര്‍ സമൂഹം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബ്ലോഗര്‍ മാത്രമല്ല ബ്ലോഗിന്റെ വിശ്വാസ്യത തെളിയിക്കുന്നത്. വായനക്കാരും വിമര്‍ശകരും കൂടിച്ചേര്‍ന്നുള്ള അന്യോന്യ സംവാദമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ബ്ലോഗുകള്‍ ഭാവിയിലെ ഏറ്റവും സുഗമം ആയ വിവര കേന്ദ്രം ആവുമെന്നതില്‍ സംശയം ഇല്ല.

  Sat Jul 15, 01:38:00 AM 2006  
 12. Blogger ഗന്ധര്‍വ്വന്‍ എഴുതിയത്:

  മാധ്യമങ്ങള്‍ക്കു താത്പര്യങ്ങളുണ്ടു. അവ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിംഗ്‌ രീതിയാണു അവര്‍ അവലംഭിക്കുന്നതു. ശൈലിയിലും ഉള്ളടക്കത്തിലും ഇതു വ്യക്തമാവുന്നു. ഒരു ചാന്നലുകളും ഇതില്‍ നിന്നും വിഭിന്നമല്ല.

  ബ്ലോഗുകള്‍ ഇന്നത്തെ അവസ്ഥയില്‍ സര്‍വതന്ത്ര സ്വത്ന്ത്രരാണു. പക്ഷെ ഇതിനുമുകളിലും സെന്‍സര്‍ഷിപ്പിന്റെ ഗഡ്ഗമുയരുന്ന നാളുകള്‍ അകലെയല്ല.
  മാനവരാശിയുടെ വളര്‍ച്ച തന്നെ താത്പര്യങ്ങള്‍ക്കനിസ്യൂദമായാണു.

  ഒന്നുമാത്രം സുവിതര്‍ക്കമായി പറയാം. നാളത്തെ ജനകീയ മാധ്യമം ബ്ലോഗാണു.

  പക്ഷേ ഈ സെന്‍സറിങ്ങിന്റെ പൊസിറ്റീവ്‌ വശവും നമ്മള്‍ കണ്ടേ പറ്റു. ക്വാലിറ്റി രചനക്കള്‍ , വാര്‍ത്തകള്‍ അറിയണമെങ്കില്‍ , വായിക്കണമെങ്കില്‍ , ക്വാലിറ്റി എഡിറ്റിംഗ്‌ അനിവാര്യം.

  ഒരു പാടു ഡിബേറ്റ്‌ ആവശ്യപ്പെടുന്ന ഒരു വിഷയമണിതു. സന്തോഷ്‌ എത്തിപ്പെട്ടിരിക്കുന്നതു ഒരു ഗഹനമായ വിഷയത്തിന്റെ ആമുഖത്തിലേക്കാണു. ഭാവുകങ്ങള്‍.

  Sat Jul 15, 02:08:00 AM 2006  
 13. Anonymous Anonymous എഴുതിയത്:

  Aanakkuudan parajnathinoppam...

  Wed May 16, 03:27:00 AM 2007  

Post a Comment

<< Home