ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, January 29, 2008

മൈക്രോസോഫ്റ്റ് വേഡും ചില്ലും

മൈക്രോസോഫ്റ്റ് വേഡില്‍ ചില്ലക്ഷരങ്ങള്‍ നേരേ ചൊവ്വേ കാണുന്നില്ല എന്ന പരാതി വളരെക്കാലം മുമ്പേ കേട്ടുതുടങ്ങിയതാണ്. വേഡുപയോഗിക്കുമ്പോള്‍ ചില ‘അപാകതകള്‍’ ഉള്ളതായി മലയാളം എഴുതിത്തുടങ്ങിയ നാളുകളില്‍ തന്നെ തോന്നിയിരുന്നതിനാല്‍, ഞാന്‍ നോട്പാഡ് ആണ് എഡിറ്ററായി ഉപയോഗിച്ചു വന്നത്. അതു മാത്രമല്ല, ആദ്യകാലത്ത് റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ പ്രോഗ്രാമുകള്‍ അധികം ഉപയോഗിക്കാതിരുന്നതിനാല്‍ വേഡില്‍ പോലും ചില്ലുപ്രശ്നം എന്നെ ബാധിച്ചിരുന്നില്ല. പിന്നീട്, കീമാന്‍, കീമാപ് എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോളാണ് പരാതികളില്‍ കഴമ്പുണ്ടല്ലോ എന്നു മനസ്സിലായത്.

എന്താണ് പ്രശ്നം?
റ്റ്രാന്‍സ്ലിറ്ററേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ വേഡ് 2003-യിലും വേഡ് 2007-ലും മലയാളം ചില്ലുകള്‍ എഴുതാന്‍ പറ്റുന്നില്ല. ചില്ലുകളിലുള്ള ZWJ ഉപേക്ഷിച്ച രൂപമാണ് വേഡില്‍ പ്രത്യക്ഷമാവുന്നത്. ഉദാഹരണത്തിന്, അവന്‍ എന്നെഴുതുമ്പോള്‍ അവന് എന്ന് കാണുന്നു. കാര്‍ കാറ് ആയും, നമ്മള്‍ നമ്മള് ആയുമേ വേഡില്‍ തെളിയുന്നുള്ളൂ.

എന്നാല്‍ ചില ഓഫീസ് പ്രോഗ്രാമുകളില്‍ (ഉദാ: എക്സല്‍) ഈ പ്രശ്നമില്ലാതെ ചില്ലുകള്‍ കാണുന്നുണ്ടു താനും.

(വിശദാംശങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എന്താണ് പരിഹാരം? എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

വേഡിന്‍റെ കുരുത്തക്കേടിനു കാരണമന്വേഷിച്ചിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് സിയാദ് ഖാലിദി, സോംബാത് ലീസറപോങ് എന്ന രണ്ട് ഓഫീസ് പുലികളുടെ മുന്നിലായിരുന്നു. ഓഫീസ് 2003, ഓഫീസ് 2007 എന്നീ സ്യൂറ്റുകളിലെ വേഡ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേയ്ഷനുകള്‍ കീമാന്‍, കീമാപ് തുടങ്ങിയ ഥേഡ് പാര്‍ട്ടി ഇന്‍പുട്ട് മെഥേഡ് എഡിറ്ററുകളുമായി ഉപയോഗിക്കുമ്പോള്‍ ചില്ലുകള്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഞാന്‍ ഈ മഹാന്മാരെ അറിയിച്ചു. മാത്രമല്ല, അടുത്ത ഓഫീസ് വേര്‍ഷനിലും (ഓഫീസ് 14) ഈ പ്രശ്നം നിലനില്‍കുന്നു എന്നും ഞാന്‍ ഇവരോട് പറഞ്ഞു.

എന്താണ് കാരണം?
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു മെയില്‍ കിട്ടി. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ IME-യുടെ പ്രശ്നങ്ങളാണ്.

അതുകൊള്ളാമല്ലോ. പക്ഷേ, അങ്ങനെ പറഞ്ഞ് കൈ കഴുകരുതെന്നും ഇപ്പറഞ്ഞത് IME-യുടെ പ്രശ്നം തന്നെയാണെന്നത് എന്നെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ, സിയാദും സോബാതും എന്നെ അവരുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു.

‘ഞാന്‍’ എന്ന വാക്ക് കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ (njAn) കീമാന്‍ അയയ്ക്കുന്ന വിന്‍ഡോസ് മെസ്സേജുകള്‍ അവര്‍ എനിക്ക് കാട്ടിത്തന്നു:കീമാന്‍ ചെയ്യുന്നത് നോക്കൂ. വിന്‍ഡോസ് മെസ്സേയ്ജുകള്‍ കൊണ്ട് ഒരു കള്ളക്കളി തന്നെ. n കഴിഞ്ഞ് j അമര്‍ത്തുന്നതോടു കൂടി അദ്ദേഹം തുരുതുരാ VK_BACK മെസ്സേയ്ജുകള്‍ അയയ്ക്കുകയായി. എന്നു മാത്രമോ, WM_KEYDOWN, WM_CHAR, WM_KEYUP എന്നീ രീതിയിലല്ല മെസ്സേയ്ജുകള്‍ വേഡിന് കിട്ടുന്നത്. സാധാരണ ഗതിയില്‍, WM_KEYDOWN, WM_KEYUP മെസ്സേയ്ജുകള്‍ WM_CHAR ഇല്ലാതെ ആപ്ലിക്കേയ്ഷനു കിട്ടാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ IME ചെയ്യുന്നത്, WM_IME* മെസ്സേയ്ജുകള്‍ ഒപ്പമയച്ച്, ഈ മെസ്സേയ്ജുകള്‍ ഉറവെടുക്കുന്നത് ഒരു IME-യില്‍ നിന്നാണെന്ന് എഡിറ്ററെ അറിയിക്കുകയാണ്.

എഴുതുന്നത് IME ഉപയോഗിച്ചാണെന്ന് വേഡ് അറിയേണ്ട കാര്യമുണ്ടോ? ഒരു എഡിറ്ററായതിനാല്‍ സ്പെല്‍ ചെക്കര്‍, ഗ്രാമര്‍ തുടങ്ങിയ ഭാഷപരമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഓരോ ക്യാരക്റ്ററിന്‍റെ പോലും ഭാഷ ഏതെന്ന് വേഡ് ഓര്‍ത്തുവയ്ക്കുന്നു. ഇവിടെ IME ചെയ്യുന്നത് ഒരു ഹാക് ആണെങ്കിലും വര്‍ക് ചെയ്യുന്നുണ്ട്. നമ്മുടെ പ്രശ്നം, പക്ഷേ, ചില്ലുകള്‍ കാണുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് ചില്ലുകള്‍ കാണാത്തത്? വേഡ് വിചാരിച്ചിരിക്കുന്നത് നാം ഇപ്പോഴും ഇംഗ്ലീഷിലാണെഴുതുന്നതെന്നാണ്. അങ്ങനെയല്ല എന്നു കരുതാന്‍ വേണ്ടിയുള്ള വിവരം IME വേഡിനു നല്‍കുന്നില്ല. അതിനാല്‍ ചില്ലുണ്ടാവാന്‍ അവശ്യം വേണ്ട ZWJ-യെ (ആണവ ചില്ല് നിലവില്‍ വരുന്നതു വരെ) വേഡ് വിസ്മരിക്കുന്നു. വേഡിനെ സംബന്ധിച്ചിടത്തോളം, ഡോക്യുമെന്‍റ് ഇപ്പോഴും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതുമ്പോള്‍ ZWJ വേണ്ടല്ലോ.ക്യാരക്റ്ററുകളുടേയും വാക്കുകളുടെയും ഭാഷ സൂക്ഷിക്കാത്ത ഓഫീസ് പ്രോഗ്രാമുകള്‍ ZWJ, ZWNJ തുടങ്ങിയവയെ വിസ്മരിക്കാത്തതിനാല്‍ അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ ചില്ലുകള്‍ കാണുന്നതിന് വിഷമമില്ല.

എന്താണ് പരിഹാരം?
എന്തുകൊണ്ടാണ് വേഡ് ചില്ല് കാണിക്കാത്തത് എന്നറിഞ്ഞപ്പോള്‍ അതിന്‍റെ പരിഹാരവും എളുപ്പമായി. ഉപയോഗിക്കുന്ന കീബോഡ് മലയാളത്തിലാക്കുക. അല്ലെങ്കില്‍ നാം മലയാളം കീബോഡ് ഉപയോഗിക്കുന്നു എന്ന് വേഡിനെ അറിയിക്കുക. അപ്പോള്‍ വേഡ് ZWJ, ZWNJ എന്നിവയെ മറക്കില്ല. അതിനാല്‍ വേഡില്‍ മലയാളം എഴുതുന്നവര്‍ ഇങ്ങനെ ചെയ്യുക:

൧. മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യുക: Windows XP-യില്‍ എങ്ങനെ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യാം എന്നത് ഈ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വിന്‍ഡോസ് വിസ്തയാണ് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Option എടുക്കുക. Keyboards and Languages എന്ന റ്റാബിലേയ്ക്കു പോകുക. അവിടെ Change keyboards എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ Text Services and Input Languages എന്ന ഡയലോഗിലെത്തും. അവിടെ Add ബട്ടണ്‍ അമര്‍ത്തുക. Add Input Language എന്ന ലിസ്റ്റില്‍ നിന്നും Malayalam (India) എന്നതില്‍ അമര്‍ത്തുക. പിന്നീട് Keyboard എന്നതില്‍ നിന്നും Malayalam തിരഞ്ഞെടുത്ത ശേഷം OK അമര്‍ത്തുക. തുറന്നിരിക്കുന്ന എല്ലാ ഡയലോഗുകളും അടയ്ക്കുക.

൨. വേഡ് തുറക്കുക. എന്നിട്ട് നിങ്ങളുടെ കീബോഡ് മലയാളമാക്കുക.൩. വേഡില്‍ കീബോഡ് മലയാളമാണെന്ന് ഉറപ്പുവരുത്തിയ ശേഷം njAn എന്ന് IME ഉപയോഗിച്ച് എഴുതി നോക്കൂ:പ്രശ്ന പരിഹാരമായില്ലേ? ഒരു വിധം, എന്നാണുത്തരം. ഈ രീതി അവലംബിച്ചാലും ചിലപ്പോള്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരങ്ങളുള്ള വാക്കുകളെഴുതിയാല്‍ ആദ്യത്തേതൊഴികെ ഒന്നും ശരിയായി വരുന്നില്ല എന്നു കാണാം. അതിന് താഴെപ്പറയുന്ന ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ:

൪. IME ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കീമാനും കീമാപിനും പകരം IME ഡോക്യുമെന്‍റേയ്ഷന്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള മൈക്രോസോഫ്റ്റ് ഫൊണറ്റിക് ഇന്‍പുട്ട് റ്റൂള്‍ ഉപയോഗിക്കുക. കീമാന്‍, കീമാപ് എന്നിവയോട് വളരെ സമാനമാണ് ഈ റ്റൂളിലെ റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സ്കീം. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടു താനും. (ഇത് ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.) അതല്ലെങ്കില്‍, IME ഒഴിവാക്കി മലയാളം കീബോഡ് നേരിട്ട് ഉപയോഗിക്കുക. അത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കാന്‍ മടിക്കരുത്.

Labels: , ,

19 അഭിപ്രായങ്ങള്‍:

 1. Blogger വാല്‍മീകി എഴുതിയത്:

  സന്തോഷ്, വളരെ പ്രയോജനപ്രഥം.
  ഡ്രാഫ്റ്റുകള്‍ സേവ് ചെയ്യാന്‍ ഞാന്‍ നോട്ട്‌പാഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കിഷോറിന്റെ രാഗകൈരളിയുടെ ട്രാന്‍സ്ലേഷന്‍ സമയത്താണ് ആദ്യമായി വേഡ് ഉപയോഗിക്കാന്‍ ശ്രമിച്ചത്. അന്നാണ് അതിന്റെ പോരായ്മകളെക്കുറിച്ച് അറിയുന്നതും. എവിടെയും അതിനൊരു പോംവഴി കണ്ടതുമില്ല.

  Tue Jan 29, 03:33:00 PM 2008  
 2. Blogger അപ്പു എഴുതിയത്:

  യാഹൂ മെയില്‍ ഐ.ഡി.കളിലേക്ക് മലയാ‍ളം ടെക്സ്റ്റില്‍ മെയില്‍ അയയ്ക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്? അത് റിസീവ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കിലും മലയാളം കാണുന്നില്ലത്രേ.
  ഈ ലേഖനം വളരെ വിജ്ഞാനപ്രദം. ശ്രമിച്ചുനോക്കട്ടെ.

  Tue Jan 29, 06:55:00 PM 2008  
 3. Blogger സന്തോഷ് എഴുതിയത്:

  അപ്പൂ, യാഹു ഐഡിയിലേയ്ക്ക് മലയാളം മെയില്‍ അയയ്ക്കാന്‍ പറ്റുന്നുണ്ടല്ലോ. താങ്കള്‍ IE ഉപയോഗിച്ചാണ് യാഹൂ മെയില്‍ വായിക്കുന്നതെങ്കില്‍ IE-യില്‍ എന്‍‍കോഡിംഗ് UTF-8 ആയി സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കൂ.

  IE View Menu->Encoding->Unicode (UTF-8).

  Unicode (UTF-8) കാണുന്നില്ലെങ്കില്‍ More എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യാന്‍ മറക്കേണ്ട.

  Tue Jan 29, 08:11:00 PM 2008  
 4. Blogger sivakumar ശിവകുമാര്‍ എഴുതിയത്:

  വളരെ വിജ്ഞാനപ്രദം...നന്ദി...ഒരുപാട്‌...

  Tue Jan 29, 08:46:00 PM 2008  
 5. Blogger ശ്രീ എഴുതിയത്:

  വളരെ നല്ല ലേഖനം. വിഞ്ജാനപ്രദം.
  നന്ദി.
  :)

  Tue Jan 29, 09:18:00 PM 2008  
 6. Blogger ഹരിത് എഴുതിയത്:

  “ചില്ലു മേടയിലിരുന്നെന്നെ, കല്ലെറിയല്ലേ.... സന്തോഷ്, കല്ലെറിയല്ലേ..”

  ഇതൊക്കെ നിങ്ങള്‍ മൈക്രോസോഫ്റ്റ്കാരും മറ്റു മിടുക്കന്മാരും ചര്‍ച്ച ചെയ്തു ഒരു സൊല്യൂഷന്‍ ഉണ്ടാക്കി ഞങ്ങളെ അറിയിക്കുക. അപ്പൊ ഞ്ങ്ങള്‍ വേര്‍ഡ് ഉപയോഗിച്ചു എഴുതാം. ലേഖനത്തിനെ ബാക്കി ഒന്നും മനസ്സിലാവാനുള്ള സാക്ഷരത ഇല്ലാതെ പോയി മോനേ...നന്ദി

  Wed Jan 30, 01:18:00 AM 2008  
 7. Blogger ഗീതാഗീതികള്‍ എഴുതിയത്:

  വളരെ വിജ്ഞാനപ്രദം.

  പക്ഷെ IME, JWZ ഇതൊന്നും മനസ്സിലായില്ല.

  ശ്രീ. അപ്പു പറഞ്ഞ പ്രോബ്ലെം എനിക്കുമുണ്ട്.
  വരമൊഴി ഉപയോഗിച്ചോ, കീ മാന്‍ ഉപയോഗിച്ചൊ ഒക്കെ മലയാളം ടൈപ്പ് ചെയ്ത് മെയില്‍ എനിക്കു തന്നെ അയച്ചു നോക്കി. പക്ഷെ അതു യൂണിക്കോഡിലേക്ക് മാറ്റുമ്പോള്‍ ചില ന്യൂമെറിക് കോഡ് കാണുന്നു. എന്നാല്‍ എനിക്ക് മറ്റുള്ളവര്‍ അയക്കുന്ന മലയാളം മെയില്‍ വായിക്കാനുമൊക്കുന്നുണ്ട്. എന്താണ് പ്രോബ്ലം?

  Wed Jan 30, 01:28:00 AM 2008  
 8. Blogger ഉപാസന | Upasana എഴുതിയത്:

  സന്തോഷ് ഭായ്
  കൊള്ളാം
  പക്ഷേ കൊറേ മെനക്കെടണം
  :)
  ഉപാസന

  Wed Jan 30, 03:28:00 AM 2008  
 9. Blogger നിഷ്ക്കളങ്കന്‍ എഴുതിയത്:

  സന്തോഷേ
  വ‌ള‌രെ ഉപകാരം.
  കുറച്ച് മാന്തിയല്ലോ :)

  Wed Jan 30, 07:36:00 AM 2008  
 10. Blogger സന്തോഷ് എഴുതിയത്:

  വാല്മീകി, ശിവകുമാര്‍, ശ്രീ, ഉപാസന: നന്ദി!

  ഹരിത്: സൊല്യൂഷന്‍ ഉണ്ടല്ലോ. അത് വായിച്ചില്ലേ?

  ഗീതാഗീതികള്‍: IME: ഇന്‍പുട്ട് മെഥേഡ് എഡിറ്റര്‍ (കീമാപ്, കീമാന്‍ പോലുള്ളവ) ZWJ എന്നത് യൂണികോഡ് സൈറ്റിലേയ്ക്കുള്ള ലിങ്കില്‍ കാണാം.

  കീമാന്‍ ഉപയോഗിച്ച് റ്റൈപ്പ് ചെയ്താല്‍ പിന്നെ എന്തിനാണ് യൂണികോഡിലേയ്ക്ക് മാറ്റുന്നത്? നോട്പാഡിലാണോ റ്റൈപ്പ് ചെയ്യുന്നത്? വിശദാംശങ്ങള്‍ പറഞ്ഞാല്‍ ഇവിടെയുള്ള മിടുക്കന്മാരാരെങ്കിലും സഹായിക്കും.

  നിഷ്ക്കളങ്കാ: നന്ദി. മാന്തിയെന്നാല്‍? സേര്‍ചു ചെയ്തു എന്നാണോ? അതോ ഒരുപാട് ലിങ്ക് എന്നോ?

  Wed Jan 30, 10:32:00 AM 2008  
 11. Blogger Sebin Abraham Jacob എഴുതിയത്:

  മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ചില്ലക്ഷരമെഴുതുമ്പോഴുള്ള പ്രശ്നത്തെ കുറിച്ചു് വായിച്ചു. ഞാന്‍ XP sp 2 ആണു് ഉപയോഗിക്കുന്നതു്. ടെക്സ്റ്റ് ഇന്‍പുട്ടിനു് ആള്‍ട്ട് ഉപയോഗിച്ചു് വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ആണു് ഉപയോഗിക്കുന്നതു്. മലയാളം മലയാളത്തില്‍ തന്നെ എഴുതണം എന്ന നിര്‍ബന്ധം കൊണ്ടാണു് അങ്ങനെ ചെയ്തതു്. ബ്ലോഗിലേക്കു വേണ്ട പോസ്റ്റുകള്‍ തയ്യാറാക്കാന്‍ അടുത്തിടെയായി ഓപ്പണ്‍ഓഫീസ് റൈറ്ററാണു് ഉപയോഗിക്കുന്നതു്. നേരത്തെ മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിച്ചിരുന്നു. ചില്ലക്ഷരമെഴുതാന്‍ ഒരു പ്രയാസവും ഞാന്‍ നേരിടുന്നില്ല. ഇത്രയും ആമുഖം.

  ഇനി പ്രശ്നത്തിലേക്കു് കടക്കാം. വിന്‍‍ഡോസ്, കാര്‍‍ക്കോടകന്‍, ചാര്‍‍ക്കോപ്പു് (ബോംബെയിലെ ഒരു സ്ഥലം) തുടങ്ങിയ വാക്കുകള്‍ വേഡില്‍ zwj / zwnj ഉപയോഗിക്കാതെ എഴുതിയാല്‍ 'േ' ചിഹ്നം ചില്ലിനു മുമ്പിലേക്കു് കടന്നുവരും. ഓപ്പണ്‍ഓഫീസില്‍ ഈ പ്രശ്നമില്ല. എന്നാല്‍ ഇതേക്കാള്‍ പ്രധാന പ്രശ്നം ല്ല, യ്യ, വ്വ എന്നീ കൂട്ടക്ഷരങ്ങള്‍ക്കു് ഒടുവില്‍ സംവൃതോകാരം നല്‍കിയാല്‍ ല്ലു്, യ്യു്, വ്വു് എന്നിങ്ങനെയേ വിന്‍‌ഡോസില്‍ കാണാന്‍ കഴിയൂ എന്നതാണു്. ഗ്നൂ ലിനക്സില്‍ ഈ പ്രശ്നം ഉണ്ടാവില്ല. ഇതു് കൂടി ഫിക്‍സ് ചെയ്യണമെന്നു് താത്പര്യപ്പെടുന്നു.

  Thu Jan 31, 09:32:00 AM 2008  
 12. Blogger സന്തോഷ് എഴുതിയത്:

  സെബിന്‍,

  ഞാന്‍ റാല്‍മിനോവിന്‍റെ കീബോഡ് ഉപയോഗിച്ചിട്ടില്ല. അതിനാല്‍ എവിടെയാണ് പ്രശ്നം (വേഡിലാണോ അതോ ആ കീബോഡിന്‍റെ പ്രശ്നമാണോ) എന്ന് തീര്‍ത്ത് പറയാന്‍ പറ്റുന്നില്ല. റാല്‍മിനോവിന്‍റെ കീബോഡ് ഉപയോഗിച്ച ശേഷം അറിയിക്കാം.

  അതേ സമയം, താങ്കള്‍ മൈക്രോസോഫ്റ്റിന്‍റെ കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്ത് ഇത് വീണ്ടും ശ്രമിക്കാമോ?

  sanpil അറ്റ് മൈക്രോസോഫ്റ്റ്.കോം എന്ന വിലാസത്തില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളുടെ സ്ക്രീന്‍ ഷോട്ട് കൂടി അയച്ചാല്‍ ഉപകാരം.

  Thu Jan 31, 01:47:00 PM 2008  
 13. Blogger Benny എഴുതിയത്:

  ഇതിനാണ്‌ ഞാന്‍ സന്തോഷിന്റെ ബ്ലോഗില്‍ വരുന്നത്. ഇഷ്ടപ്പെട്ടു. പ്രശ്നം അവതരിപ്പിച്ചതും എക്സ്‌പ്ലോര്‍ ചെയ്തതും സൊലൂഷന്‍ വച്ചതും.

  Fri Feb 01, 11:33:00 PM 2008  
 14. Blogger MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ എഴുതിയത്:

  നന്നായിരിക്കുന്നു. വളരെ വിജ്‌ജ്ഞാനപ്രദമായ പോസ്റ്റ്.
  ഞാന്‍ Photoshop-7 ല്‍ മലയാളം അക്ഷരങ്ങള്‍ എഴുതുവാന്‍ ശ്രമിക്കുകയായിരുന്നു.
  character map ല്‍ font മാറ്റി സെലക്റ്റ് ചെയ്ത് copy paste ചെയ്യുകയായിരുന്നു
  പതിവ്. പക്ഷെ കുറച്ചു നാളായി copy paste ചെയ്യുന്ന അക്ഷരങ്ങളല്ല വരുന്നത്. character mapലും
  photoshopലും ഒരേ ഫോണ്ടു തന്നെയാക്കിയാണ് ശ്രമിച്ചത്. photoshopല്‍ ആനായാസമായി
  മലയാളം എഴുതുവാന്‍ എന്തെങ്കിലും പോം വഴിയുണ്ടൊ?

  Sat Feb 02, 11:54:00 PM 2008  
 15. Blogger MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ എഴുതിയത്:

  ഫോട്ടോഷോപ് uninstall ചെയ്ത് വീണ്ടും instal ചെയ്തു നോക്കിയിട്ടും പഴയ നിലയിലേക്കു വന്നില്ല. ഒരു പോം വഴി പറഞ്ഞു തന്നാല്‍ വളരെ ഉപകാരം.

  Sat Feb 02, 11:58:00 PM 2008  
 16. Blogger സന്തോഷ് എഴുതിയത്:

  മോഹന്‍, എന്‍റെ കയ്യില്‍ ഫോട്ടോഷോപ്പ് ഇല്ല. ഫോട്ടോഷോപ്പിനെപ്പറ്റി ആധികാരികമായി പറയാനറിയുന്ന ഹരീയോടോ മറ്റോ ചോദിക്കുന്നത് നല്ലതായിരിക്കും.

  Mon Feb 04, 12:39:00 PM 2008  
 17. Blogger നിഷ്ക്കളങ്കന്‍ എഴുതിയത്:

  സന്തോഷ് ന‌ന്നായി ഗ‌വേഷ‌ണ‌ം നടത്തി എന്നാണ് അ‌ര്‍ത്ഥ‌മാക്കിയത്. ആശയക്കുഴപ്പത്തിന് ക്ഷമിയ്ക്കുക.

  Wed Feb 06, 01:07:00 AM 2008  
 18. Blogger Jyothirmayi എഴുതിയത്:

  This comment has been removed by the author.

  Fri Feb 08, 08:21:00 AM 2008  
 19. Blogger ज्योतिर्मयी ജ്യോതിര്‍മയി എഴുതിയത്:

  വേഡു മൈക്രോസോഫ്റ്റിന്റേതായാലും മാറ്റില്ലാന്നില്ലല്ലോ...ഇതൊക്കെ മാറ്റിപ്പറയുമ്പോള്‍ വന്നുവായിയ്ക്കാം, അപ്പൊ എന്തെങ്കിലുമൊക്കെ മനസ്സിലായേയ്ക്കും :)

  (അഞ്ചുമിനിട്ടേ ഇവിടെ നില്‍ക്കാന്‍ പ്ലാനുണ്ടായിരുന്നുള്ളൂ, അജഗജാന്തരം കാരണം ഈ പോസ്റ്റ് പഠിയ്ക്കാന്‍ മെനക്കെട്ടില്ല:)

  ഓ.ടോ:) പോസ്റ്റിനു നന്ദി, എപ്പോഴെങ്കിലും എനിയ്ക്കും ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയുമായിരിയ്ക്കും.

  ജ്യോതിര്‍മയി

  Fri Feb 08, 08:24:00 AM 2008  

Post a Comment

<< Home