ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, April 29, 2008

അക്കക്രമീകരണം മലയാളത്തില്‍

ഓഫീസില്‍ നിന്നിറങ്ങാറാവുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വിളി വന്നാല്‍ ഒന്നുറപ്പിക്കാം: ഇന്നും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നും എന്തോ വാങ്ങാനുണ്ടു്!

“എന്താ?” ഞാന്‍ സ്നേഹത്തോടെ ആരായും.
“തിരിച്ചു വരുന്ന വഴിയ്ക്കു് ഇന്ത്യന്‍ സ്റ്റോറില്‍ ഒന്നു കേറാമോ?”
“തീര്‍ച്ചയായും. ഇന്നു കണ്ടില്ലല്ലോ എന്നു് കടക്കാരനു തോന്നരുതല്ലോ!”
“ഓ, തമാശ കളഞ്ഞിട്ടു് ഇതൊന്നു എഴുതി എടുക്കൂ.”
“പറഞ്ഞോളൂ...”

സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ സാധനത്തിലൊതുങ്ങുന്ന ലിസ്റ്റു് നീണ്ടു നീണ്ടു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: “അതൊരു മെയിലായിട്ടു് അയച്ചു തന്നാല്‍ മതി.”

മലയാളത്തില്‍ വന്ന ലിസ്റ്റിന്‍റെ നീളം കണ്ടു് ഒന്നു ഞെട്ടിയ ശേഷം, മൊത്തം എത്ര സാധനം ഉണ്ടെന്നറിയാന്‍ ലിസ്റ്റെടുത്തു് വേഡിലിട്ടൂ് ഓട്ടോമാറ്റിക് നമ്പറിംഗ് (സ്വയപ്രേരിത അക്കക്രമീകരണം?) ഇട്ടു നോക്കി. ഒന്നും രണ്ടുമല്ല, 11 ഐറ്റംസ്‌!

ലിസ്റ്റു കണ്ടപ്പോഴാണു് പലപ്പോഴും തോന്നിയിട്ടുള്ള, എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്ന, ഒരു കാര്യം ശ്രദ്ധിച്ചതു്: മലയാളം ലിസ്റ്റായിരുന്നിട്ടു കൂടി അക്കക്രമീകരണത്തിനു് അറബിക് അക്കങ്ങള്‍ (1, 2, 3, തുടങ്ങിയവ) ആണു് ഉപയോഗിച്ചിരിക്കുന്നതു്.



എന്തായിരിക്കും ഇതിന്‍റെ കാരണം? ഒരു പക്ഷേ, ഇതു് വേഡിന്‍റെ ലീലാവിലാസമാവാമെന്നു ശങ്കിച്ചു്, പണ്ടു ചെയ്തതുപോലെ വേഡിന്‍റെ കീബോഡ് മലയാളമാക്കി നോക്കി.



എന്നിട്ടുണ്ടോ വല്ല മാറ്റവും?

ഈ പരീക്ഷണത്തില്‍ നിന്നും അക്കക്രമീകരണത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ ഏതുരീതിയിലുള്ളതാവണമെന്ന തീരുമാനത്തില്‍ വേഡിനു വലിയ പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ പിന്നെ ഇതു നിയന്ത്രിക്കുന്നതു് വിന്‍ഡോസ് തന്നെയാവും. “നമുക്കു കണ്ടുപിടിക്കാം” എന്ന പഴയ മൂന്നാം ക്ലാസ് സയന്‍സ് പുസ്തകത്തിലെ വാചകം വീണ്ടും ഓര്‍ത്തു. എന്നാല്‍ പിന്നെ, കണ്ടുപിടിച്ചു കളയാം.

വിന്‍‍ഡോസില്‍, യൂസര്‍ ലൊകായ്ല്‍ (user locale) സെറ്റിംഗ് ആണു് സമയത്തിനും തീയതിക്കും അക്കക്രമീകരണങ്ങള്‍ക്കും നാണയമൂല്യത്തിനും മറ്റും മറ്റും എന്തൊക്കെ രീതികള്‍ ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതു്.

The user locale determines which default settings a user wants to use for formatting dates, times, currency, and large numbers. The user locale is not the language. The only influence the user locale has on the language is on the names of the days and months. For example, if you use the long date format to display "November 25, 1998," the "November" string will change based on the user locale.

- MSDN KB Article

ആഹാ! അപ്പോള്‍ അവനാണു വില്ലന്‍. എന്നാല്‍ പിന്നെ യൂസര്‍ ലൊകായ്ല്‍ മാറ്റി നോക്കാം എന്നു കരുതിയതും, ഫോണ്‍ വന്നല്ലോ!

“ഹലോ കടയിലെത്തിയോ? ഒരു സാധനം കൂടി വാങ്ങാനുണ്ടു്.”
“അതേ, ഞാന്‍ കുറച്ചു കഴിഞ്ഞേ ഇറങ്ങുകയുള്ളൂ. കടയിലെത്തുമ്പോള്‍ വിളിക്കാം.”
“ഉടനേ ഇറങ്ങുന്നെന്നു പറഞ്ഞതാണല്ലോ. ആശാരിപ്പണിയാണോ?”
“ഹേയ് അല്ല. കസ്റ്റമര്‍ എസ്കലേയ്ഷന്‍ കേയ്സാണു്. വീപി ഇന്‍‍വോള്‍വ്ഡ്, ഹൈ വിസിബിലിറ്റി.”
“ഇന്നു വരുന്നില്ലേ?”
“കോണ്‍ഫറന്‍സ് കോള്‍ നടക്കുന്നു. എന്നാലും ഞാന്‍ പെട്ടെന്നു് ഇറങ്ങാന്‍ നോക്കാം!”

അങ്ങനെ, സംഭാഷണം ഒരു വഴിക്കാക്കി, ഞാന്‍ വീണ്ടും സ്വയപ്രേരിത അക്കക്രമീകരണം മലയാളത്തിലാക്കാനുള്ള പ്രവൃത്തി തുടര്‍ന്നു.

Control Panel തുറന്നു്, Clock, Language, and Region എന്ന വിഭാഗത്തില്‍ നിന്നും Change Keyboards or other input methods എന്ന ലിങ്കില്‍ ക്ലിക് ചെയ്തു. അപ്പോള്‍ Regional and Language Options എന്ന ഡയലോഗ് പൊന്തി വന്നു. നേരേ Formats എന്ന റ്റാബിലേയ്ക്കു വിട്ടു. അവിടെ Current format ആയി ഉണ്ടായിരുന്ന English (United States) മാറ്റി Malayalam (India) ആക്കി.

(വിന്‍‍ഡോസ് XP ആണു് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Options എടുക്കുക. Regional Options റ്റാബില്‍ ഫോര്‍മാറ്റ് Malayalam (India) ആക്കുക.)



അതിനു ശേഷം വീണ്ടും പഴയ ലിസ്റ്റു നോക്കാന്‍ ചെന്നു. ഒരു വ്യത്യാസവുമില്ല!



ശ്ശെടാ, ഇതെന്തൊരു മറിമായം? അപ്പോഴാണു് മറ്റൊരു സൂത്രപ്പണിയെപ്പറ്റി ഓര്‍മ്മ വന്നതു്. ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ടു്. വീണ്ടും Regional and Language Options ഡയലോഗ് എടുത്തു് Formats റ്റാബിലേയ്ക്കു പോയി. അവിടെ ഇപ്പോള്‍ Current format Malayalam (India) ആണു്. ഈ ഡയലോഗിലുള്ള Customize this format... എന്ന ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്നു വന്ന ഡയലോഗില്‍ Numbers റ്റാബില്‍ Use native digits എന്നതിന്‍റെ സെറ്റിംഗ് Never എന്നതില്‍ നിന്നും National എന്നാക്കി മാറ്റി.



വീണ്ടും പഴയ ലിസ്റ്റിലേയ്ക്കു്. ഹായ്, ഹായ്!



ഓട്ടോമാറ്റിക് നമ്പരുകള്‍ മാത്രമല്ല, സകല അക്കങ്ങളും മാറ്റി വേഡ് പ്രത്യക്ഷമായിരിക്കുന്നു. ചിത്രത്തില്‍ നോക്കിയാല്‍, ഫോണ്ട് വലിപ്പം, പേയ്ജ് എണ്ണം, വാക്കുകളുടെ എണ്ണം, സൂം ശതമാനം, ഡോക്യുമെന്‍റിന്‍റെ പേരിലെ അക്കം എന്നിവയെല്ലാം മലയാളത്തിലായതായി കാണാം. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ. ഈ മാറ്റം നടത്തിയാല്‍, വേഡു മാത്രമല്ല, അക്കങ്ങള്‍ കാണിക്കുന്ന മിക്ക പ്രോഗ്രാമുകളും സകല അക്കങ്ങളും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രമിച്ചു നോക്കൂ!

(പിന്‍‍കുറിപ്പു്: ഈ പരീക്ഷണം നടത്തിയതിന്‍റെ ഫലമായാണു് ഞാന്‍ ഈ ബഗ്ഗ് ശ്രദ്ധിക്കുന്നതു്.)

Labels: , ,

Tuesday, January 29, 2008

മൈക്രോസോഫ്റ്റ് വേഡും ചില്ലും

മൈക്രോസോഫ്റ്റ് വേഡില്‍ ചില്ലക്ഷരങ്ങള്‍ നേരേ ചൊവ്വേ കാണുന്നില്ല എന്ന പരാതി വളരെക്കാലം മുമ്പേ കേട്ടുതുടങ്ങിയതാണ്. വേഡുപയോഗിക്കുമ്പോള്‍ ചില ‘അപാകതകള്‍’ ഉള്ളതായി മലയാളം എഴുതിത്തുടങ്ങിയ നാളുകളില്‍ തന്നെ തോന്നിയിരുന്നതിനാല്‍, ഞാന്‍ നോട്പാഡ് ആണ് എഡിറ്ററായി ഉപയോഗിച്ചു വന്നത്. അതു മാത്രമല്ല, ആദ്യകാലത്ത് റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ പ്രോഗ്രാമുകള്‍ അധികം ഉപയോഗിക്കാതിരുന്നതിനാല്‍ വേഡില്‍ പോലും ചില്ലുപ്രശ്നം എന്നെ ബാധിച്ചിരുന്നില്ല. പിന്നീട്, കീമാന്‍, കീമാപ് എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോളാണ് പരാതികളില്‍ കഴമ്പുണ്ടല്ലോ എന്നു മനസ്സിലായത്.

എന്താണ് പ്രശ്നം?
റ്റ്രാന്‍സ്ലിറ്ററേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ വേഡ് 2003-യിലും വേഡ് 2007-ലും മലയാളം ചില്ലുകള്‍ എഴുതാന്‍ പറ്റുന്നില്ല. ചില്ലുകളിലുള്ള ZWJ ഉപേക്ഷിച്ച രൂപമാണ് വേഡില്‍ പ്രത്യക്ഷമാവുന്നത്. ഉദാഹരണത്തിന്, അവന്‍ എന്നെഴുതുമ്പോള്‍ അവന് എന്ന് കാണുന്നു. കാര്‍ കാറ് ആയും, നമ്മള്‍ നമ്മള് ആയുമേ വേഡില്‍ തെളിയുന്നുള്ളൂ.

എന്നാല്‍ ചില ഓഫീസ് പ്രോഗ്രാമുകളില്‍ (ഉദാ: എക്സല്‍) ഈ പ്രശ്നമില്ലാതെ ചില്ലുകള്‍ കാണുന്നുണ്ടു താനും.

(വിശദാംശങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എന്താണ് പരിഹാരം? എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

വേഡിന്‍റെ കുരുത്തക്കേടിനു കാരണമന്വേഷിച്ചിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് സിയാദ് ഖാലിദി, സോംബാത് ലീസറപോങ് എന്ന രണ്ട് ഓഫീസ് പുലികളുടെ മുന്നിലായിരുന്നു. ഓഫീസ് 2003, ഓഫീസ് 2007 എന്നീ സ്യൂറ്റുകളിലെ വേഡ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേയ്ഷനുകള്‍ കീമാന്‍, കീമാപ് തുടങ്ങിയ ഥേഡ് പാര്‍ട്ടി ഇന്‍പുട്ട് മെഥേഡ് എഡിറ്ററുകളുമായി ഉപയോഗിക്കുമ്പോള്‍ ചില്ലുകള്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഞാന്‍ ഈ മഹാന്മാരെ അറിയിച്ചു. മാത്രമല്ല, അടുത്ത ഓഫീസ് വേര്‍ഷനിലും (ഓഫീസ് 14) ഈ പ്രശ്നം നിലനില്‍കുന്നു എന്നും ഞാന്‍ ഇവരോട് പറഞ്ഞു.

എന്താണ് കാരണം?
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു മെയില്‍ കിട്ടി. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ IME-യുടെ പ്രശ്നങ്ങളാണ്.

അതുകൊള്ളാമല്ലോ. പക്ഷേ, അങ്ങനെ പറഞ്ഞ് കൈ കഴുകരുതെന്നും ഇപ്പറഞ്ഞത് IME-യുടെ പ്രശ്നം തന്നെയാണെന്നത് എന്നെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ, സിയാദും സോബാതും എന്നെ അവരുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു.

‘ഞാന്‍’ എന്ന വാക്ക് കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ (njAn) കീമാന്‍ അയയ്ക്കുന്ന വിന്‍ഡോസ് മെസ്സേജുകള്‍ അവര്‍ എനിക്ക് കാട്ടിത്തന്നു:



കീമാന്‍ ചെയ്യുന്നത് നോക്കൂ. വിന്‍ഡോസ് മെസ്സേയ്ജുകള്‍ കൊണ്ട് ഒരു കള്ളക്കളി തന്നെ. n കഴിഞ്ഞ് j അമര്‍ത്തുന്നതോടു കൂടി അദ്ദേഹം തുരുതുരാ VK_BACK മെസ്സേയ്ജുകള്‍ അയയ്ക്കുകയായി. എന്നു മാത്രമോ, WM_KEYDOWN, WM_CHAR, WM_KEYUP എന്നീ രീതിയിലല്ല മെസ്സേയ്ജുകള്‍ വേഡിന് കിട്ടുന്നത്. സാധാരണ ഗതിയില്‍, WM_KEYDOWN, WM_KEYUP മെസ്സേയ്ജുകള്‍ WM_CHAR ഇല്ലാതെ ആപ്ലിക്കേയ്ഷനു കിട്ടാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ IME ചെയ്യുന്നത്, WM_IME* മെസ്സേയ്ജുകള്‍ ഒപ്പമയച്ച്, ഈ മെസ്സേയ്ജുകള്‍ ഉറവെടുക്കുന്നത് ഒരു IME-യില്‍ നിന്നാണെന്ന് എഡിറ്ററെ അറിയിക്കുകയാണ്.

എഴുതുന്നത് IME ഉപയോഗിച്ചാണെന്ന് വേഡ് അറിയേണ്ട കാര്യമുണ്ടോ? ഒരു എഡിറ്ററായതിനാല്‍ സ്പെല്‍ ചെക്കര്‍, ഗ്രാമര്‍ തുടങ്ങിയ ഭാഷപരമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഓരോ ക്യാരക്റ്ററിന്‍റെ പോലും ഭാഷ ഏതെന്ന് വേഡ് ഓര്‍ത്തുവയ്ക്കുന്നു. ഇവിടെ IME ചെയ്യുന്നത് ഒരു ഹാക് ആണെങ്കിലും വര്‍ക് ചെയ്യുന്നുണ്ട്. നമ്മുടെ പ്രശ്നം, പക്ഷേ, ചില്ലുകള്‍ കാണുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് ചില്ലുകള്‍ കാണാത്തത്? വേഡ് വിചാരിച്ചിരിക്കുന്നത് നാം ഇപ്പോഴും ഇംഗ്ലീഷിലാണെഴുതുന്നതെന്നാണ്. അങ്ങനെയല്ല എന്നു കരുതാന്‍ വേണ്ടിയുള്ള വിവരം IME വേഡിനു നല്‍കുന്നില്ല. അതിനാല്‍ ചില്ലുണ്ടാവാന്‍ അവശ്യം വേണ്ട ZWJ-യെ (ആണവ ചില്ല് നിലവില്‍ വരുന്നതു വരെ) വേഡ് വിസ്മരിക്കുന്നു. വേഡിനെ സംബന്ധിച്ചിടത്തോളം, ഡോക്യുമെന്‍റ് ഇപ്പോഴും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതുമ്പോള്‍ ZWJ വേണ്ടല്ലോ.



ക്യാരക്റ്ററുകളുടേയും വാക്കുകളുടെയും ഭാഷ സൂക്ഷിക്കാത്ത ഓഫീസ് പ്രോഗ്രാമുകള്‍ ZWJ, ZWNJ തുടങ്ങിയവയെ വിസ്മരിക്കാത്തതിനാല്‍ അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ ചില്ലുകള്‍ കാണുന്നതിന് വിഷമമില്ല.

എന്താണ് പരിഹാരം?
എന്തുകൊണ്ടാണ് വേഡ് ചില്ല് കാണിക്കാത്തത് എന്നറിഞ്ഞപ്പോള്‍ അതിന്‍റെ പരിഹാരവും എളുപ്പമായി. ഉപയോഗിക്കുന്ന കീബോഡ് മലയാളത്തിലാക്കുക. അല്ലെങ്കില്‍ നാം മലയാളം കീബോഡ് ഉപയോഗിക്കുന്നു എന്ന് വേഡിനെ അറിയിക്കുക. അപ്പോള്‍ വേഡ് ZWJ, ZWNJ എന്നിവയെ മറക്കില്ല. അതിനാല്‍ വേഡില്‍ മലയാളം എഴുതുന്നവര്‍ ഇങ്ങനെ ചെയ്യുക:

൧. മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യുക: Windows XP-യില്‍ എങ്ങനെ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യാം എന്നത് ഈ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വിന്‍ഡോസ് വിസ്തയാണ് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Option എടുക്കുക. Keyboards and Languages എന്ന റ്റാബിലേയ്ക്കു പോകുക. അവിടെ Change keyboards എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ Text Services and Input Languages എന്ന ഡയലോഗിലെത്തും. അവിടെ Add ബട്ടണ്‍ അമര്‍ത്തുക. Add Input Language എന്ന ലിസ്റ്റില്‍ നിന്നും Malayalam (India) എന്നതില്‍ അമര്‍ത്തുക. പിന്നീട് Keyboard എന്നതില്‍ നിന്നും Malayalam തിരഞ്ഞെടുത്ത ശേഷം OK അമര്‍ത്തുക. തുറന്നിരിക്കുന്ന എല്ലാ ഡയലോഗുകളും അടയ്ക്കുക.

൨. വേഡ് തുറക്കുക. എന്നിട്ട് നിങ്ങളുടെ കീബോഡ് മലയാളമാക്കുക.



൩. വേഡില്‍ കീബോഡ് മലയാളമാണെന്ന് ഉറപ്പുവരുത്തിയ ശേഷം njAn എന്ന് IME ഉപയോഗിച്ച് എഴുതി നോക്കൂ:



പ്രശ്ന പരിഹാരമായില്ലേ? ഒരു വിധം, എന്നാണുത്തരം. ഈ രീതി അവലംബിച്ചാലും ചിലപ്പോള്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരങ്ങളുള്ള വാക്കുകളെഴുതിയാല്‍ ആദ്യത്തേതൊഴികെ ഒന്നും ശരിയായി വരുന്നില്ല എന്നു കാണാം. അതിന് താഴെപ്പറയുന്ന ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ:

൪. IME ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കീമാനും കീമാപിനും പകരം IME ഡോക്യുമെന്‍റേയ്ഷന്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള മൈക്രോസോഫ്റ്റ് ഫൊണറ്റിക് ഇന്‍പുട്ട് റ്റൂള്‍ ഉപയോഗിക്കുക. കീമാന്‍, കീമാപ് എന്നിവയോട് വളരെ സമാനമാണ് ഈ റ്റൂളിലെ റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സ്കീം. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടു താനും. (ഇത് ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.) അതല്ലെങ്കില്‍, IME ഒഴിവാക്കി മലയാളം കീബോഡ് നേരിട്ട് ഉപയോഗിക്കുക. അത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കാന്‍ മടിക്കരുത്.

Labels: , ,

Wednesday, November 28, 2007

കല്പാന്തകാലത്തോളം

എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?



101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.

Labels: , ,