ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, October 07, 2009

ഇങ്ങനേയും മനുഷ്യർ!

മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു് എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.

എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്. ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?

ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.

അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:

ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു് Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ fa-യും, ജ്യോനവന്‍റെ ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.

ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?

Labels: ,

13 അഭിപ്രായങ്ങള്‍:

 1. Blogger cALviN::കാല്‍‌വിന്‍ എഴുതിയത്:

  പൂരണം വളരെ നന്നായി...

  Wed Oct 07, 09:45:00 PM 2009  
 2. Blogger അരവിന്ദ് :: aravind എഴുതിയത്:

  ഇത് മലയാളത്തിലെ ആദ്യത്തെ ടെക്നിക്കല്‍ ശ്ലോകമാണോ? മാതൃഭൂമിക്ക് ഒരു വാര്‍ത്ത കൊടുക്കട്ടേ?

  :-)

  Wed Oct 07, 10:49:00 PM 2009  
 3. Blogger Sapna Anu B.George എഴുതിയത്:

  ഞാൻ ഇഞ്ചിയുടെ റ്റ്വിറ്ററിൽ നിന്നിവിടെയെത്തി... കണ്ടതിലും വായിച്ചതിലും സന്തോഷം.

  Thu Oct 08, 09:16:00 AM 2009  
 4. Blogger പാഞ്ചാലി :: Panchali എഴുതിയത്:

  :))

  Thu Oct 08, 09:22:00 AM 2009  
 5. Blogger Umesh::ഉമേഷ് എഴുതിയത്:

  കലക്കി. എന്റെ വകയായി ഒന്നും ഇരിക്കട്ടേ:

  ഏകത്ര പോസ്റ്റുകളൊരുത്തനിടുന്നതിൽ നി-
  ന്നാകെക്കുടഞ്ഞു ചിലതൊക്കെ വലിച്ചു നീട്ടി
  ഏകുന്നു തന്റെ കൃതിയായ് ചിലർ ബ്ലോഗിലിപ്പോൾ;
  ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?

  :)

  Thu Oct 08, 09:54:00 AM 2009  
 6. Blogger cibu cj എഴുതിയത്:

  blindsearch ഇഷ്ടമായി. അവസാനം അതിന്റെ റിസൾട്ട് അറിയാനെന്തു വഴി?

  Thu Oct 08, 10:51:00 AM 2009  
 7. Blogger സന്തോഷ് എഴുതിയത്:

  സിബൂ, ഉപയോഗിക്കുന്നവർക്കു് റ്റ്രെൻഡ് മനസ്സിലാകുമല്ലോ. അതുതന്നെയാണു് ലക്ഷ്യവും എന്നു തോന്നുന്നു.

  Thu Oct 08, 01:01:00 PM 2009  
 8. Blogger പാഞ്ചാലി :: Panchali എഴുതിയത്:

  ഉമേഷെ,

  ‘ഏകത്ര’

  എന്തരോ എന്തൊ?
  :)

  Thu Oct 08, 02:28:00 PM 2009  
 9. Blogger Umesh::ഉമേഷ് എഴുതിയത്:

  ഏകത്ര = ഒരിടത്തു്.

  ഈ ശ്ലോകം വേണമെങ്കിൽ വായിച്ചോളൂ. അവിടെ മാത്രമാണു ഞാൻ ഈ വാക്കു കണ്ടിട്ടുള്ളതു്. വസന്തയുടെ തിലകവും ദ്വിതീയയുടെ പ്രാസവും കിട്ടാൻ ഓരോ അഭ്യാസങ്ങൾ!

  Thu Oct 08, 02:31:00 PM 2009  
 10. Blogger പാഞ്ചാലി :: Panchali എഴുതിയത്:

  നന്ദി!
  :)

  Thu Oct 08, 02:42:00 PM 2009  
 11. Blogger പാത്തുമ്മയുടെ നായര്‍ എഴുതിയത്:

  ഏകത്ര എന്ന വാക്കിന് 'ഒരുമിച്ച്' എന്നൊരര്‍ത്ഥമുണ്ടോ?
  ഏകത്രിത് എന്നൊരു ഹിന്ദി വാക്ക് കേട്ടിട്ടുണ്ട്.

  Thu Oct 08, 07:24:00 PM 2009  
 12. Blogger സു | Su എഴുതിയത്:

  :)

  Fri Oct 09, 01:36:00 AM 2009  
 13. Blogger ഹരിത് എഴുതിയത്:

  :)വീണ്ടും സ്വാഗതം.

  Sun Oct 11, 08:50:00 PM 2009  

Post a Comment

<< Home