ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, January 11, 2019

തൂവാനത്തുമ്പികൾ: ഒരു നിസ്സംഗ കാഴ്ച

(തൂവാനത്തുമ്പികളെയോർത്ത് കോൾമയിർ കൊള്ളുന്നവർ തുടർന്ന് വായിക്കരുത്.)

പന്ത്രണ്ടു വയസ്സു തികയാത്തവർക്കും നാല്പതിനും അമ്പത്തഞ്ചിനും ഇടയ്ക്കു പ്രായമുള്ളവർക്കും വേണ്ടിയാണ് സത്യൻ അന്തിക്കാട് സിനിമയെടുക്കുന്നത്. ഇതിനിടയിൽ രണ്ടു പ്രേക്ഷകസെഗ്മന്റുകളുണ്ട്: പതിമൂന്നു മുതൽ ഇരുപത്തഞ്ചു വയസ്സു വരെ പ്രായമുള്ള ‘യുവാക്കൾ’ ഒരു കൂട്ടം. ഇരുപത്താറിനു മേൽ നാല്പതിൽത്താഴെ കഴിയുന്നവർ: യുവത്വം കഴിഞ്ഞു; എന്നാൽ അന്തിക്കാട് വരെ എത്തിയിട്ടില്ലാത്തവർ.

പക്ഷേ അവരല്ല ഇന്നത്തെ ചിന്താവിഷയം.

യുവാക്കൾക്കുവേണ്ടി എടുത്ത സിനിമകളുടെ പേരിലാണ് പദ്മരാജനെന്ന അനുഗ്രഹീതകലാകാരൻ പരക്കെ ആഘോഷിക്കപ്പെടുന്നത്. ആ സിനിമകളിൽത്തന്നെ മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയകഥകളിലൊന്നത്രേ തൂവാനത്തുമ്പികൾ. ആകപ്പാടെ ഒരു സംഭാഷണശലകം എടുത്തുവച്ചാണ് ആസ്വാദകലക്ഷങ്ങളുടെ നിരൂപണാതിസാരം എന്നുമാത്രം.

ഒന്നാലോചിച്ചു നോക്കൂ: നിങ്ങൾ നാട്ടിൻ പുറത്തെ ഒരു വിദ്യാലയത്തിലാണ്. വീട്ടിൽ വലിയ സ്വാതന്ത്ര്യമൊന്നുമില്ല. സന്ധ്യയ്ക്ക് മുമ്പ് ഹാജർവച്ച്  പഠിക്കുന്നതായി അഭിനയിച്ചോളണം. ചിത്രഗീതം വേണമെങ്കിൽ കാണാം, ചിത്രഹാർ നിഷിദ്ധം. ക്ലാസിലുള്ള പെൺകുട്ടികളെയൊക്കെ കോഴ്സ് കഴിയാറാവുമ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുന്നത് തന്നെ. അതിലൊരുവളിൽ നിങ്ങൾ ആകൃഷ്ടനാവുന്നു.

ഒരു ദിവസം കോളജിന്റെ പടികൾ കയറവേ അവളുടെ കയ്യിൽ നിന്നും ഒരു പുസ്തകം താഴെവീഴുന്നു. ഏതോ വിധിവെപരീത്യത്താൽ നിങ്ങൾ അവിടെയുണ്ട്. പുസ്തകം നിലത്തുനിന്നെടുത്ത് കൊടുക്കുന്നതിനിടയിൽ പുസ്തകത്താളുകൾക്കിടയിൽ വച്ചിരുന്ന മയിൽപ്പീലി (അതൊക്കെയാണല്ലോ പതിവ്) നിങ്ങൾ അവളുടെ അനുവാദമില്ലാതെ അപഹരിക്കുന്നു. ഈ മോഷണം തടയാൻ അവൾക്കാകുന്നില്ല. അതിനാൽ അവൾ അത് കണ്ടില്ലെന്ന് നടിക്കുന്നു.

അന്നുമുതൽ നിങ്ങളുടെ സ്വപ്നങ്ങൾ വർണ്ണാഭമാവുന്നു. അവളും വല്ലപ്പോഴും നിങ്ങളെ നോക്കുന്നുണ്ട്. അവൾക്ക് നിങ്ങളോട് പ്രേമം ആണെന്ന് നിങ്ങൾ കൂട്ടുകാരനോട് ആണയിട്ടു പറയുന്നു. ദിവസങ്ങൾക്കുശേഷം മയിൽപ്പീലി മടക്കിനൽകുമ്പോൾ അവൾ വേണ്ടെന്നു ശഠിക്കുന്നു. അവൾക്ക് നിങ്ങളോട് പ്രേമം ആണെന്ന് നിങ്ങൾ കൂട്ടുകാരനോട് വീണ്ടും പറയുന്നു. നിങ്ങൾക്കും ആദ്യമായാണ് ഒരു പെണ്ണിനോട് ഇങ്ങനെയൊരു വികാരം തോന്നുന്നതെന്നും അവളോടൊപ്പമല്ലെങ്കിൽ ജീവിതമില്ലെന്നും നിങ്ങൾ ഉറപ്പിക്കുന്നു. മൂന്നുനാലു മാസങ്ങൾ കഴിഞ്ഞുപോകുന്നു.

ഡിഗ്രിപ്പരീക്ഷകഴിഞ്ഞ് അവൾ അവളുടെ വഴിക്കും നിങ്ങൾ നിങ്ങളുടെ വഴിക്കും പോകുന്നു. സന്ധ്യകഴിഞ്ഞനേരത്തുപോലും അമ്പലക്കോണിലിരിക്കാനും നിലാവുദിക്കുന്ന വൈകുന്നേരങ്ങളിൽ വയലിറമ്പിലൂടെ വെറുതേ നടക്കാനും ഇപ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഇടവപ്പാതിയെത്തുമ്പോൾ നിങ്ങൾ മഴകണ്ടിരിക്കും. പഠിക്കാനൊന്നുമില്ല. മഴയുടെ ശബ്ദവും മഴക്കാറ്റിന്റെ തണുപ്പുമേൽക്കാൻ വേണ്ടി, രാത്രിയേറെയെത്തിയാലും ജന്നൽ തുറന്നിടാൻ നിങ്ങൾ മടിക്കുന്നില്ല. അവളുടെ ഓർമ്മകൾ മനസ്സിലേയ്ക്കുകൊണ്ടുവരാൻ പറ്റിയ അന്തരീക്ഷം വേറേയില്ലല്ലോ. ഉത്തരാസ്വയംവരം കഥകളിയൊന്നും കാണുവാൻ പോകാനുള്ള സെറ്റപ്പില്ലെങ്കിലും ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ നിങ്ങൾ അർജ്ജുനനും അവൾ ഉത്തരയുമായി മാറുന്നു.

നാളുകൾ കഴിയുമ്പോൾ നിങ്ങൾ PSC, ബാങ്ക് ടെസ്റ്റ് തുടങ്ങിയവയൊക്കെ എഴുതി യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങിവരാനൊരു ശ്രമം നടത്തും. അതിനിടയിൽ അവളെവിടെ, നിങ്ങളുടെ അനശ്വര പ്രണയമെവിടെ? അവളെമറക്കാൻ ശ്രമിച്ചുവരവേ തുലാവർഷം പെയ്തിറങ്ങും.

ഇടിവെട്ടി മഴപെയ്യുന്ന രാവുകളിലൊന്നിൽ അവളുടെ ഓർമ്മകൾ പാടേ പിഴുതെറിയുന്നതിന്റെ മുന്നോടിയായി ജനലരികിലിരുന്ന് നിങ്ങൾ അവളോട് സംവദിക്കും:

അവൾ: “ഞാൻ ഇപ്പോഴും ഓർക്കും. ഓരോ മുഖം കാണുമ്പോഴും ഓർക്കും!”
നിങ്ങൾ: “മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ? അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും.”
അവൾ: “മറക്കുമായിരിക്കും, അല്ലേ?”
നിങ്ങൾ: “പിന്നെ മറക്കാതേ!”

സംഭാഷണം ഇവിടെ നിൽക്കും. ഇനിയുള്ളത് അവൾ പറയുന്നതല്ല. അവൾ പറയുന്നതായി നിങ്ങൾക്ക് തോന്നുന്നതാണ്.

അവൾ: “പക്ഷേ, എനിക്ക് മറക്കണ്ട!”

ഇത്രേയുള്ളൂ തൂവാനത്തുമ്പികൾ.

ഈ സിനിമയിൽ കാണിക്കുന്ന മഴയ്ക്ക് ഭാവങ്ങളൊന്നുമില്ല. പാടിപ്പുകഴ്ത്തുന്നവരെല്ലാം കൂടി മഴയെ സഹനടിയാക്കിയതാണ്. സൂക്ഷ്മമായി നോക്കിയാൽ പെണ്ണിനൊപ്പമല്ല--ക്ലാരയ്ക്കൊപ്പമല്ല--സിനിമയിൽ മഴവരുന്നത്. നിരൂപകവ്യാഘ്രങ്ങൾ ആക്രോശിച്ചപോലെ പെണ്ണിന്റെ പ്രേമത്തിനൊപ്പവുമല്ല. പെണ്ണിനോടടുത്തിടപഴകുമ്പോഴുണ്ടാവുന്ന വിഭ്രമമാണ് ഈ സിനിമയിലെ മഴ. അതിന് പെൺസാമീപ്യം വേണ്ട. “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്നു തുടങ്ങുന്ന കത്തെഴുതിയാലും മതി. ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്ണിന്റെ തിളങ്ങുന്ന കണ്ണുകൾ മനസ്സിൽ കണ്ട് പ്രേമം തോന്നി മഴപെയ്തു എന്നു വേണമെങ്കിൽ വിശ്വസിക്കണമെങ്കിൽ കൂടിയതരം ലഹരിസേവിക്കണം. അല്ലെങ്കിൽ നിങ്ങൾ (മുകളിൽ പറഞ്ഞപോലെ) യുവാവായിരിക്കണം. കോളജിൽ പോയി മൂലക്കുരു സൃഷ്ടിക്കുമ്പോഴും ജയകൃഷ്ണന്റെ വിഭ്രമം നമ്മൾ കാണുന്നു. സത്യത്തിൽ ഇവിടേയും മഴപെയ്യേണ്ടതാണ്, അന്ന് പമ്പുസെറ്റ് വടകയ്ക്ക് കിട്ടിയില്ലെന്നേയുള്ളൂ.

പിന്നെ ക്ലാര. സുമലതയല്ലാത്തൊരു ക്ലാരയെ സങ്കൽപ്പിച്ചു നോക്കൂ (കാർത്തികയോ മറ്റോ). ക്ലാര ആദ്യമായും അവസാനമായും ഒരു സേഡിസ്റ്റ് ആണ്. സിനിമയിൽ ക്ലാരയുടേതായി നമ്മളെക്കാണിക്കുന്ന ബ്രില്യൻസ്(!) ഒരു ആവരണം മാത്രം. താൻ രക്ഷപ്പെടുന്നതിന്റെ തെളിവുകൾ അപ്പപ്പോൾ വേണ്ടപ്പെട്ടവരെ അറിയിച്ചാഹ്ളാദിക്കാൻ അവൾ മറക്കുന്നില്ല. ആത്മഹർഷം ക്ലാര വ്യക്തമാക്കുന്നുണ്ട് എന്നത് സംവിധായകന്റെ വിജയമായിക്കാണാം. ഒറ്റപ്പാലത്തുനിന്ന് ട്രെയിൻ നീങ്ങുമ്പോൾ അവളുടെ മുഖം നിങ്ങൾപോലുമറിയാതെ അവസാനമായി ഒരുവട്ടം നിങ്ങൾക്ക് കാട്ടിത്തരുന്നുണ്ട്.

ജയകൃഷ്ണന്റെ ദ്വന്ദവ്യക്തിത്വത്തിനൊന്നും ഒരു ലോജിക്കുമില്ല. നോവൽ സിനിമയാക്കിയപ്പോൾ പറ്റിയതാണ്, സാരമില്ല. സിനിമയിൽ ലോജിക് വേണമെന്നില്ല. പക്ഷേ ഇതൊക്കെപ്പറഞ്ഞാണ് ഫാൻസ് ആഘോഷിക്കുന്നതെന്നോർക്കണം. കഥാന്ത്യം വരെ അയാൾ സ്വവർഗ്ഗാനുരാഗിയാണെന്ന് തോന്നാതിരിക്കാൻ കാരണമൊന്നുമില്ല. ജയകൃഷ്ണൻ വലിയ ആദർശവാനാണ്. ഒരു ആദർശം മാത്രം: ആദ്യമായി ഭോഗിച്ചവളെ കല്യാണം കഴിക്കും. വേറേ ആദർശവുമില്ല, ഇപ്പറഞ്ഞ ആദർശത്തിനു കാരണവുമില്ല. ഒരിക്കലും ഒരു കാര്യത്തിനും സ്വന്തമായി അഭിപ്രായം പോലുമില്ല.

രാധയാവട്ടെ ബുദ്ധിയും ബോധവുമുള്ളമട്ടിൽ രംഗപ്രവേശം ചെയ്ത് തീനാളത്തിലാകൃഷ്ടയായ ശലഭംകണക്കേ എരിയാൻ തയ്യാറാവുന്നു. തീനാളത്തിന് ഒരു മോടിയൊക്കെയുണ്ട്. എരിഞ്ഞതാവട്ടെ, വെറും ബീഡിത്തുമ്പിലായിപ്പോയി. അവൾക്കു പ്രേമവും മണ്ണാങ്കട്ടയുമൊന്നുമില്ല. കുറ്റബോധമാണെന്നാണ് വയ്പ്. വീട്ടുകാരെ ധിക്കരിക്കുന്ന രാധയ്ക്ക് മറ്റൊരു സ്ത്രീയെ മനസ്സിൽ വച്ചുനടക്കുന്നവനെ കല്യാണം കഴിക്കാൻ ഒരു മടിയുമില്ല, എന്നാൽ അതിനൊട്ടു കാരണവുമില്ല.

ആകെമൊത്തം അബ്സേഡ് ആയ കഥ. ഞാൻ വിചാരിച്ചു സിനിമയാക്കുമ്പോഴെങ്കിലും ഉദകപ്പോള വെടിപ്പാക്കിയെടുക്കുമെന്ന്. എവിടെ!

ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞ് ഈ സിനിമയൊക്കെ ആഘോഷിച്ചൂ നടക്കുന്നവർ സ്നേഹം, പ്രണയം എന്നൊക്കെയുള്ള വാക്കുകൾ കേട്ടിരിക്കും എന്നല്ലാതെ അതിനെപ്പറ്റി ഒരു സങ്കൽപ്പരൂപവും ഇല്ലാത്തവരായിരിക്കണം.

Labels: