ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, February 21, 2017

പുസ്തകങ്ങൾ: ഉദകപ്പോള

തൂവാനത്തുമ്പികൾ നാളിതുവരെ കണ്ടിട്ടില്ല എന്ന് കഴിഞ്ഞൊരു ദിവസം ഞാൻ കുമ്പസരിച്ചിരുന്നു. അതേത്തുടർന്നാണ് ക്രാഫ്റ്റിന്റെ ഇന്ദ്രജാലം കാണണമെങ്കിൽ ഉദകപ്പോളയിൽ തുടങ്ങണം എന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞത്. ഉദകപ്പോള പണ്ടെപ്പൊഴോ (1994-ൽ ആവണം) വായിച്ചിരുന്നെങ്കിലും ജാലവിദ്യയൊന്നും ഓർമ്മയിലില്ലാത്തതിനാൽ ഒരിക്കൽ കൂടി വായനയാവാം എന്നു വിചാരിക്കുകയായിരുന്നു.

ആ വിചാരം വെറുതേയായില്ല. സത്യം പറഞ്ഞാൽ ഒരിക്കൽ വായിച്ചിട്ടുള്ള, വിശിഷ്യ, വായിച്ച് ഹർഷപുളകഫലമൊത്തെന്നു കരുതുന്ന എല്ലാ പുസ്തകങ്ങളും പതിനഞ്ച്-ഇരുപത് വർഷം കഴിയുമ്പോൾ ഒന്നുകൂടി വായിച്ച് ഇക്കാലത്തിനിടെ ആർജ്ജിച്ച അനുഭവമണ്ഡലങ്ങളോടുരസി മാറ്റുറപ്പിക്കേണ്ടതാണ്.

വർഷങ്ങൾക്കുമുമ്പുള്ള ആദ്യവായനയിൽ ഉദകപ്പോള വലിയൊരു സംഭവമെന്നു തോന്നിയിരുന്നില്ലെങ്കിലും പദ്മരാജന്റെ മറ്റു പല കൃതികളും വായിക്കാൻ അതു കാരണമായി. (എങ്ങനെയാണ് പദ്മരാജൻ എന്നെഴുതുന്നത്? പദ്മ ആണോ പത്മ ആണോ—ഡി. സി. യുടെ പുസ്തകത്തിൽ പത്മരാജൻ എന്നാണ്. ഗൂഗിളും ബിംഗും പത്മരാജൻ എന്ന സേർച്ചിനാണ് കൂടുതൽ റിസൽട്ടുകൾ കാണിക്കുന്നത്.)

ഇരുപത്തിമൂന്നോളം വർഷം കഴിഞ്ഞുള്ള രണ്ടാം വായനയിൽ ഉദകപ്പോളയെപ്പറ്റി പുതുതായി തോന്നിയ ചില കാര്യങ്ങൾ മാത്രം പറയാം.

ഒന്ന്: ഇന്നത്തെ ‘കഥാഭാഷ,’ പദ്മരാജന്റേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു. വാക്കുകൾ കൊണ്ട് തെല്ലെങ്കിലും മാസ്മരികത തീർക്കാൻ പതിനഞ്ചദ്ധ്യായമുള്ള ഉദകപ്പോളയിൽ അദ്ദേഹം പതിനാലാം അദ്ധ്യായം വരെ കാത്തിരുന്നു. വാക്കുകളുടെ മാജിക് കഥയ്ക്ക് അനിവാര്യതയല്ലാത്തതിനാൽ, ഇതൊരു പോരായ്മയല്ല, നിരീക്ഷണം മാത്രം. പല പുസ്തകങ്ങൾ വായിക്കുമ്പോഴും മായാതെ കിടക്കുവാൻ ഒന്നുരണ്ടു വാക്കുകൾ കൂടെപ്പോരും. എം. ജി. ശ്രീകുമാർ ‘ഓഡിയൻ’ എന്നു പണ്ടൊരിക്കൽ കാച്ചിയത്, ഒരു പക്ഷേ, ഈ പുസ്തകത്തിലുപയോഗിച്ചിരിക്കുന്ന വാക്ക് കൂടെപ്പോന്നിട്ടാണെന്നു വരാം.

രണ്ട്: ഉദകപ്പോള വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിച്ച സുഹൃത്ത് അവകാശപ്പെട്ടപോലെ, “വീട്ടിലൊരു രാധ, മനസ്സിലൊരു ക്ലാര” എന്ന് തൂവാനത്തുമ്പികൾ ആവിഷ്കരിച്ചുറപ്പിച്ചെന്നു പറയുന്ന പുരുഷസ്വപ്നമൊന്നും ഉദകപ്പോളയുടെ അവസാന പേജ് വായിച്ചു കഴിഞ്ഞിട്ടും എന്നിലുറഞ്ഞില്ല. വായനയുടെ കുഴപ്പമാകാം. എന്നുമാത്രമോ, ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളിൽ കരുണാകരമേനോനൊഴികെയാരും വായനാനന്തരം മനസ്സിൽ തങ്ങിനിന്നതുപോലുമില്ല. (‘ക്‌ളാര,’ അതായത്, ക് കഴിഞ്ഞ് ളാ എന്നരീതിയിലാണ് പുസ്തകത്തിലുടനീളം ക്‌ളാര എന്നെഴുതിയിരിക്കുന്നത്. എന്നാൽ പുറം ചട്ടയിലാകട്ടെ, ‘ക്ലാര’—stacked ക്ല ഉപയോഗിച്ച് ആണ് എഴുതിയിരിക്കുന്നത്.)

മൂന്ന്: കഥാപാത്രങ്ങളുടെ സ്വഭാവവിശേഷം വാക്കുകളിലൂടെ പകരാൻ ശ്രമിക്കുന്ന കഥാകൃത്ത്, സ്വഭാവനിർമ്മിതിയിലൂടെ അവയെ അടിച്ചുറപ്പിക്കാനൊന്നും ശ്രമിക്കുന്നില്ല. ജയകൃഷ്ണൻ എന്ന കഥാപാത്രം പദ്മരാജന്റെ ഏതോ സുഹൃത്തിന്റെ പകർപ്പാണെന്നും എന്നാൽ ക്ലാര പൂർണ്ണമായും ഭാവനാസൃഷ്ടിയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ജയകൃഷ്ണന്റേതുൾപ്പെടേയുള്ള പ്രധാന കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിപോലും ചിലപ്പോഴെങ്കിലും, പരസ്പരവിരുദ്ധമായ സ്വഭാവവിശദീകരണങ്ങളിൽ കോർത്തിട്ടിട്ടുണ്ട്. ലംബമോ തിരശ്ചീനമോ ആയ പാത്രവികസനം കേന്ദ്രകഥാപാത്രങ്ങൾക്കു പോലും കഷ്ടിയാണ്.

ചുരുക്കത്തിൽ, “ഉദകപ്പോള വായിച്ചിട്ടില്ലേ?” എന്ന ചോദ്യത്തിന് ഉണ്ട് എന്നു പറയാനാണെങ്കിൽ ഈ ചെറു നോവൽ വായിക്കാം (ഡി. സി. യുടെ ഏഴാം പതിപ്പ്, പ്രസാധകക്കുറിപ്പും അനുബന്ധവുമടക്കം 144 പേജ് മാത്രം). ‘ലോല’ വായിച്ചിട്ടുണ്ടോ? ലോലയാണ് പദ്മരാജന്റേതായി അവസാനം വായിച്ചതെങ്കിൽ, അതു മറക്കാനായി, അതിലും ഒരു പടി മുകളിലുള്ള ഉദകപ്പോള വായിക്കുന്നതിൽ തെറ്റില്ല.

പുസ്തകം സിനിമയാക്കിയപ്പോൾ കഥയേയും കഥാപാത്രങ്ങളേയും പറ്റി രണ്ടാമതാലോചിക്കാൻ സാഹചര്യമുണ്ടായ സ്ഥിതിക്ക് സിനിമയാണ് പുസ്തകത്തേക്കാൾ നന്നാവാൻ സാദ്ധ്യത എന്ന് ഞാൻ പ്രവചിക്കുന്നു. വികസിപ്പിക്കാതെ നിറുത്തിയ, എന്നാൽ ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ വായനക്കാരനിൽ അല്പം കൗതുകം നിറച്ചേക്കാവുന്ന കഥാപാത്രങ്ങൾ നോവലിൽ എങ്ങോളം കാണാം. സിനിമയിൽ എത്തുമ്പോൾ ഇവരെ തേച്ചുമിനുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. കണ്ടിട്ടു പറയാം.

Labels:

Sunday, February 12, 2017

തൂവാനത്തുമ്പികൾ

ലഹരിസ്വാധീനത്താൽ അസ്‌പഷ്‌ടമായ ഏതോ നേരത്ത്, സിനിമാസംഭാഷണങ്ങൾ അവിരതം ലീലയാടിനിന്ന സദസ്സിൽ വച്ച്, തൂവാനത്തുമ്പികൾ നാളിതുവരെ കണ്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞുപോയി. സഭയുടെ ജീവശ്വാസം ഒരുമാത്ര ഇല്ലാതായി. സദസ്യരിൽ ചിലർ ബിച്ചുതിരുമലയേയും ഓയെൻവിയേയും പറ്റി ഞാൻ പറഞ്ഞതൊക്കെ മറന്നിട്ട് തൂവാനത്തുമ്പികൾ കാണാത്ത മലയാളിയെ ഇനിയുമിനിയും രസിച്ചാസ്വദിച്ചു. മറ്റുചിലരാവട്ടെ, തൂവാനത്തുമ്പികൾ മഴയാണ്, പ്രേമമാണ്, പദ്മരാജനാണ് എന്നൊക്കെപ്പറഞ്ഞ് എന്നിൽ നൈരാശ്യം ജനിപ്പിക്കാൻ ശ്രമിച്ചു. ‘ചെറുപ്പത്തിൽ’ കണ്ടിട്ടുണ്ടാവുമെന്നും മറന്നതാവാമെന്നും ചിലർ ഒഴിവുകണ്ടെത്തി. “കണ്ടിട്ടുണ്ടെങ്കിൽ ക്ലാരയെ മറക്കുമോ?” എന്ന് ബാക്കിയുള്ളവരിൽ ബോധമുള്ളവർ അമ്പരന്നു.

ഒറ്റപ്പെടലിനെ ചെറുക്കാതെ പ്രദർശനവസ്തുവായി ഞാൻ ഇരുന്നുകൊടുത്തു. അടുത്ത മാസത്തിനുള്ളിൽ തൂവാനത്തുമ്പികൾ കണ്ടുതീർക്കണമെന്ന് ഇടയ്ക്കെപ്പൊഴോ ഉറപ്പിയ്ക്കുകയും ചെയ്തു.

Labels: