ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, November 21, 2020

ഉമേഷിന് അമ്പത്തഞ്ച്

ഏറെക്കാലമായി സുഹൃത്തായിരിക്കുന്ന ഉമേഷിന് ഇന്ന് 55 വയസ്സാവുന്നു. നാട്ടിൽ ആയിരുന്നെങ്കിൽ retire ചെയ്യാൻ സമയമായി.
ചെസ്സുകളി, പടം വര, നടനം
ചുള്ളനൊരു മഹാകവി, ഗുരുവും
ചങ്കു സഹജരാവതിലധികം
ചൊന്നു ജനന നാളിനു ശരണം!

(ഈ ശ്ലോകം ഗുരു വൃത്തത്തിലാണ്. ഭം സനലഗ ചേർന്നതു ഗുരുവാം)

Labels: ,

Tuesday, November 17, 2020

മാഹാപാവി!

ഒരു സമസ്യാപൂരണം. വലിയ അർത്ഥം ഒന്നുമില്ല, ഒരു wordplay മാത്രം.
സത്യം പറഞ്ഞാലിവനാണു പാവീ
സ്നേഹത്തിലാൾക്കാർ വിളിയാണു "ഫാവീ!"
എന്തോതിയാലും "ഗജഡാദബാ," വി-
പത്തിൽപ്പഠിക്കാത്തവനെന്തു ഭാവി?

(ഇന്ദ്രവജ്ര)

Labels: ,

Wednesday, November 11, 2020

യമകം പലമാതിരി

നവംബർ 11-ആയിട്ട് സ്രഗ്ദ്ധരയിൽ യമകമൊക്കെ വച്ച് ഒരു അലക്ക് അലക്കാം എന്ന് ആദ്യം വിചാരിച്ചത് കഴിഞ്ഞ വർഷമാണ്. തിരക്കിലായിപ്പോയി. ഈ വർഷം തിരക്കാണെങ്കിലും വേൽ മുരുഹൻ മുന്നിൽക്കൂടി കടന്നു പോകുന്നതിനാൽ വിളിച്ചു നിർത്തി ഒരു റിക്വസ്റ്റ് കൊടുത്തേക്കാം എന്നുവച്ചു.
പത്തും പിന്നൊമ്പതാണ്ടും സമരസുഖദമായ് പാതതാണ്ടും; കടിക്കും
കുത്തും പങ്കാളിയോടും; സമരസതവരും! വീണ്ടുമെന്നും ശഠിക്കും!
പുത്തൻ പാഠങ്ങളേതും പലസിലബസിലും കണ്ടിടാതേ പഠിച്ചി-
ട്ടെത്തീയൊന്നിച്ചുരണ്ടാൾ, വരുക മുരുക, നിൻ സിമ്പതിപ്പൂ പതിപ്പൂ!

(സ്രഗ്ദ്ധര)

PS: "ഭക്തർക്കിഷ്ടം കൊടുക്കും" എഴുതിയ ശീവൊളളി ക്ഷമിക്കുമായിരിക്കും. മലയാളം MA-യ്ക്കൊക്കെ പഠിക്കുന്നവർ യമകം എന്താവരുത് എന്നതിന് ഉദാഹരണമായി ഈ ശ്ലോകം ഉപയോഗിക്കാൻ മുൻകൂർ അനുവാദം തന്നിരിക്കുന്നു.

Labels: ,

Saturday, November 07, 2020

എന്റെ ഒരു കാര്യം!

ഞാനെന്റെ ചിഹ്നം കമലാന്നു ചൊല്ലീ,
പ്രണ്ടിന്റെയാൾക്കാർ കമലയ്ക്കു കുത്തി
ബൈജാന്റെ വോട്ടോ പലവട്ടമേറീ,
ഡോലാന്റെ കാര്യം പരിതാപമായി!

(ഇന്ദ്രവജ്ര)

Labels: ,