ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, December 31, 2023

ഈയർ ഇൻ റിവ്യൂ 2023

Happy New Year, 2024!

അമ്മയെ ഇല്ലാതാക്കിക്കൊണ്ടാണ് 2023 കടന്നുപോയത്. ഇഷ്ടങ്ങൾ പലതും സ്വന്തം രീതിയിൽ പരസഹായമില്ലാതെ നേടിയെടുത്തിരുന്ന രീതിയായിരുന്നു അമ്മയുടേത്. പ്രതിഛായ മെച്ചപ്പെടുത്തുവാൻ വേണ്ടി ആരേയും—അടുത്ത ബന്ധുക്കളായാൽക്കൂടി—പ്രീണിപ്പിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല. സ്വേച്ഛപ്രകാരമുള്ള മരണത്തിന് ക്യാൻസർ അനുവദിച്ചില്ല എന്നതാവും അമ്മയുടെ ദുഃഖം. കാൽനൂറ്റാണ്ടുകാലം മക്കളും മരുമക്കളും കൊച്ചുമക്കളും സന്ദർശകർ മാത്രമായിരുന്നു, അമ്മയ്ക്ക്. രണ്ടുപതിറ്റാണ്ടു നീണ്ട വൈധവ്യത്തിൽ മിക്കവാറും അയൽക്കാരും ബന്ധുക്കളും മാത്രമായിരുന്നു അമ്മയുടെ ദിനക്കുറിപ്പുകളിലെ ചാർത്തുവിഷയങ്ങൾ. പരാതികളും ദീനപ്പട്ടികകളും പോയിട്ട് കുഞ്ഞു മോഹങ്ങൾ പോലും പങ്കുവയ്ക്കുന്ന സ്വഭാവമായിരുന്നില്ല അമ്മയുടേത്. അതിനാൽത്തന്നെ, മരണസമയത്ത് മക്കളെല്ലാവരും അരികിലുണ്ടായിരുന്നെങ്കിലും അമ്മയുടേത് ആഗ്രഹപൂർത്തീകരണം വന്ന ജീവിതമായിരുന്നോ എന്ന് അറിയാൻ മാർഗ്ഗമുണ്ടായില്ല. "അധികം നരകിക്കാതെ പോയല്ലോ!" എന്ന ബന്ധുമിത്രാദികളുടെ സാന്ത്വനവാക്കുകളോട് യോജിക്കുമ്പോഴും everyone dies alone എന്നാലോചിക്കുമ്പോൾ അമ്മയുടെ മരണനാളിൽ നനയാത്ത കണ്ണുകൾ ഇപ്പോൾ സജലങ്ങളാകുന്നു.

മകൻ കോളജിൽ ചേർന്നു. "I am so happy to get out of this house" എന്നതും "Glad to be back home" എന്നതും സൃയവസഹജമായ ഭാവപ്രകടനസഞ്ചയത്തിൽ കാണപ്പെടുന്നതിനാൽ അച്ഛനമ്മമാര്‍ എന്ന നിലയിൽ വിജയമാണോ പരാജയമാണോ എന്ന് തീരുമാനിക്കാൻ 2023 ഉപയോഗിക്കുന്നില്ല എന്നു വയ്ക്കുന്നു.

മറ്റുചില നേട്ടങ്ങളും കോട്ടങ്ങളും:
  • ജോലിയിൽ തിരക്ക് കൂടിയതോടെ ഓൺലൈൻ ഇടപെടലുകൾ ഒന്നുരണ്ടു വരികളിലോ ഫോട്ടോകളിലോ മാത്രമായി ഒതുങ്ങി. ആവേശപ്രേരണയാലുള്ള പോസ്റ്റുകൾ ഇല്ലാതായി.
  • പ്രായമേറുന്തോറും സഹിഷ്ണുത കുറയുന്നു എന്ന് തിരിച്ചറിയുന്നു. പക്ഷേ അസഹിഷ്ണുത വ്യക്തമായി പ്രകടിപ്പിക്കുന്ന സ്വഭാവം മുമ്പത്തേക്കാൾ കുറച്ചു എന്നാണ് വിലയിരുത്തൽ.
  • ക്രിക്കറ്റുകളി കാര്യമായി കുറഞ്ഞു. ഗോൾഫ്, വോളിബോൾ എന്നിവ നിന്നുപോയി.
  • ജീവിതത്തിൽ ആദ്യമായി സ്കൂബാ ഡൈവ് ചെയ്തു. ഇനി ഒരിക്കലും കയാക്കിങ് ചെയ്യില്ല എന്ന് രണ്ടുമൂന്നു വർഷം മുമ്പ് തീരുമാനിച്ചപോലെ ഇനി ഒരിക്കലും സ്കൂബാ ഡൈവിങ്ങിന് ഇറങ്ങിപ്പുറപ്പെടില്ല എന്നും ശപഥം ചെയ്തു.
  • അടുത്ത ഓം ശാന്തി ഓശാനയ്ക്കു വേണ്ടിയുള്ള തിരച്ചിൽ 2023-ലും വിഫലമായി അവശേഷിച്ചു.
  • 2016-നു ശേഷം വീണ്ടും ഇലക്ട്രിക് കാർ ഉപയോഗിച്ചു തുടങ്ങി.
  • കേകയും വസന്തതിലകവും എന്ന പേരിൽ ഞാൻ എഴുതിയ ലേഖനം "You might like this" എന്ന കുറിപ്പോടെ എനിക്കുതന്നെ WhatsApp-ൽ കിട്ടി.
  • എന്റെ പേരിൽ ഉണ്ടായ ഫേക്ക് Facebook പ്രൊഫൈൽ ആരോടും പണം ചോദിച്ചില്ല. അയാളുടെ ഈയർ ഇൻ റിവ്യൂ ഒന്നു വായിച്ചുനോക്കണമെന്നുണ്ട്.

Labels: ,