ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, April 03, 2010

ഇൻ‍വിറ്റേയ്ഷൻ

(ഔട്‍ലുക്ക് മുതലായ കലണ്ടറിംഗ് ഉപാധികൾ ഉപയോഗിച്ചു് മീറ്റിംഗ് സംഘടിപ്പിച്ചിട്ടില്ലാത്തവർക്കു് ഈ പോസ്റ്റിലെ തമാശ മനസ്സിലാവണമെന്നില്ല.)

ജോലിയിൽ പ്രവേശിച്ച പുത്തൻ പ്രവാസിയെ (ഭാരതീയനല്ല) ഭരിക്കാൻ മുതലാളി ഏർപ്പെടുത്തിയതു് ഈയുള്ളവനെ. എന്‍റെ ഭരണനയമനുസരിച്ചു് (അനുഭവമനുസരിച്ചും) ആഴ്ചയിലൊരിക്കൽ മിണ്ടിയും പറഞ്ഞുമിരുന്നില്ലെങ്കിൽ പുതിയ ജോലിക്കാർ പണിയെടുക്കില്ല. ‘ഞാനിവിടെ പുതിയതല്ലേ, എനിക്കൊന്നുമറിഞ്ഞുകൂടേ!’ എന്നമട്ടിലിരിക്കും. പുത്തനച്ചി പുരപ്പുറം തൂത്തു വൃത്തിയാക്കിയതൊക്കെ പണ്ടു് കേരളക്കരയിൽ മാത്രം.

അങ്ങനെ, നാട്ടുനടപ്പുപോലെ, ഞാൻ അദ്ദേഹത്തിനു് മൂന്നുവരി മെയിലയച്ചു:
I want to chat with you once a week regarding your ramp up, prep work, schedules etc. Can you schedule ½ hour recurring meeting with me? My calendar is up-to-date.

ഉടൻ മറുപടിയെത്തി:
You can schedule it anytime. But if I have to decide it, it will be good at 2pm – 6pm, on Mondays and Tuesdays.

“If I have to decide it?” അങ്ങനെ ഒരു ഓപ്ഷൻ തന്നതായി ഞാൻ ഓര്‍ക്കുന്നില്ലല്ലോ! എന്നുമാത്രമോ, നിന്നോടു് schedule ചെയ്യാൻ പറയുമ്പോൾ നീ എന്നോടു് schedule ചെയ്യാൻ പറയുന്നോ. അത്രയ്ക്കു പോലും മൂടനങ്ങാൻ മടിയായിത്തുടങ്ങിയോ? എന്നാൽ നീ തന്നെ schedule ചെയ്താൽ മതി. എന്നോടാണു് കളി! ഞാൻ തിരിച്ചെഴുതി:
Monday 2 PM works for me. Please send me an invite.

നിമിഷനേരത്തിനകം മറുകുറിവന്നു:
I would like to invite you to the recurring meetings on all Mondays at 2 PM. Please come. Thank you.

കൂട്ടത്തിൽ പറയട്ടെ, we are hiring. As you see, we don’t set unreasonable expectations on our new-hires!

Labels:

Thursday, April 01, 2010

കണ്ടുപിടുത്തം

(മുൻ‍കൂർ ജാമ്യം: വളരെക്കാലത്തിനു ശേഷമുള്ള ശ്രമമാണു്.)

ഹൊ, ഭയങ്കരം. ഈ ബുദ്ധി എനിക്കു് തോന്നിയില്ലല്ലോ!

സ്ഥിതിചെയ്യുന്നതു് ഇറ്റലിയിലാണെങ്കിലും തനി അമേരിക്കൻ വിധേയത്വം വച്ചുപുലർത്തിവരുന്ന റോമിലെ ജോൺ കോബോൾട് യൂണിവേഴ്സിറ്റിയിലെ ഹോറോളജി ഡിപാര്‍ട്മെന്‍റിലെ ശാസ്ത്രജ്ഞന്മാർ അത്ഭുതകരമായ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നു. (നമ്മൾ സാധാരണക്കാർ വിചാരിക്കുന്ന സാധനമല്ല ഹോറോളജി. അതുകൊണ്ടു് ബഹുമാന്യ വായനക്കാരുടെ ഊഹം മുഴുവൻ ഊഹമായിമാത്രം അവശേഷിക്കട്ടെ.)

കണ്ടുപിടുത്തം എന്താണെന്നോ? സമയമറിയാൻ ഉപയോഗിക്കുന്ന ക്ലോക്കുകളില്ലേ? അതിനു് 24 മണിക്കൂറാണല്ലോ അലോട്ട് ചെയ്തിരിക്കുന്നതു്? എന്നാൽ 34-ഓളം ചിമ്പാൻസികളിൽ ഹോറോളജി ഡിപാര്‍ട്മെന്‍റ് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ 24 മണിക്കൂർ എന്നത് 36 ആയാലും യാതൊരു കുഴപ്പവുമില്ല എന്നു് ആധികാരികമായി തെളിയിച്ചിരിക്കുന്നു. ഡോ. റിച്ചാർഡ് പൊട്ടന്‍റെ നേതൃത്വത്തിലാണു് പതിനാറു വർഷം നീണ്ടുനിന്ന ഈ പരീക്ഷണം നടന്നതു്.

റോമിന്‍റെ പുറമ്പോക്കിലുള്ള വില്ല അൽബനിയിലുള്ള തന്‍റെ വില്ലയിൽ വച്ചു് ഡോ. പൊട്ടൻ ഈ പുതിയ ക്ലോക്ക് ലോകത്തിനു സമർപ്പിച്ചു.



ഇതേത്തുടർന്നു് റോമിൽ എല്ലാവരും വീണ നിർത്തി മറ്റു വാദ്യോപകരണങ്ങൾ വായിച്ചുതുടങ്ങി എന്നാണു് റിപ്പോർട്ട്. അത്രയും നല്ലതു്.

Labels: ,