ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, May 27, 2021

സന്ധ്യേ, മനോഹാരിണീ!

ഉമേഷ് വക "സന്ധ്യേ, മനോഹാരിണീ!" എന്ന സമസ്യയുടെ ശാർദ്ദൂലവിക്രീഡിതത്തിലുള്ള പൂരണം.
അന്തിക്കള്ളു കുടിച്ചു പാമ്പു പുളയും പോലായ് ഗൃഹം പൂകിയാ
സന്ധ്യാകാന്തനെയേറിടും കലിയൊടായ് നോക്കീട്ടു നിൽപ്പുണ്ടവൾ!
ചന്തയ്ക്കെന്നു പറഞ്ഞു പോയ മടയൻ, നിർലജ്ജനായി സ്വയം
ചന്തിക്കൊന്നു ചൊറിഞ്ഞു ചൊന്നു: "കരളേ, സന്ധ്യേ, മനോഹാരിണീ!"

വൃത്തം: ശാർദ്ദൂലവിക്രീഡിതം

Labels: , ,

Wednesday, May 26, 2021

ഫേയ്സ്ബുക്ക് പ്രതികരണങ്ങൾ

Clubhouse കൂടി വന്നതോടെ പുതിയ തലമുറയിൽപ്പെട്ട പഴയവർ പോലും ഫേയ്സ്ബുക്കിനെ ഏതാണ്ടുപേക്ഷിച്ച മട്ടാണല്ലോ. ഇനിയും ഫേയ്സ്ബുക്കിൽ ബാക്കിയുള്ളവർ എല്ലാരും കൂടി വിചാരിച്ചാൽ ഇവിടം അല്പമെങ്കിലും വർണ്ണാഭമാക്കി നിർത്താം. അതിന് ആദ്യപടിയായി ഒരു ചെറിയ ഫേയ്സ്ബുക്ക് ഉപയോഗ ഗൈഡ് പ്രസിദ്ധീകരിക്കുന്നു.

പാഠം 1: എങ്ങനെ പ്രതികരിക്കാം?

പോസ്റ്റുകൾ കാണുമ്പോൾ വെറുതേ 👍 കുത്താതെ പഠിച്ചിട്ട് പ്രതികരിക്കൂ സുഹൃത്തേ! നിങ്ങൾക്ക് വേണ്ടി ഇന്റർനെറ്റിൽ ആദ്യമായി ഇതാ പ്രതികരണ സൂചിക. ഇനി മുതൽ നിങ്ങളുടെ മനസ്സിലിരുപ്പ് അനുസരിച്ചുള്ള ഇമോജി ഉപയോഗിക്കാം.
  • പോസ്റ്റ്/ഫോട്ടോ കണ്ടു കേട്ടോ / തരക്കേടില്ല / ഇനിയും നന്നാക്കാം — 👍 (Like — Thumbs Up)
  • എനിക്ക് ഇതങ്ങ് ബോധിച്ചു / സുന്ദരാ / സുന്ദരീ / സ്നേഹം, പ്രേമം താങ്ങാൻ വയ്യല്ലോ എന്റെ ദേവീ / എന്റെ ഹൃദയം നിറഞ്ഞു — ❤️ (Love — Beating Heart)
  • ഏന്തൊരു കരുതലാണെനിക്ക് / എന്റെ പ്രാർത്ഥനയിൽ നീ / ശ്രദ്ധയോടെ നിന്നെയോർക്കുന്നു (COVID—19 special) — 🤗 (Hugging face holding a red love heart — not a standard Unicode emoji)
  • നിന്റെ ഒരു തമാശ! / ഹമ്മേ ചിരിച്ചു മരിച്ചു — 😂 (Haha — Laughing Face)
  • അവിശ്വസനീയം! / നീയിതെന്താണ് പറയുന്നത്! അസംഭവ്യം! — 😯 (Wow — Surprised Face)
  • അനുശോചിക്കുന്നു / എനിക്ക് വിഷമമുണ്ട് / നിന്റെ വിഷമത്തിൽ പങ്കുചേരുന്നു — 😢 (Sad — Crying Face)
  • എന്തൊരു *ര് / പന്നപ്പന്നികൾ / ഇടിച്ചു കൂമ്പു വാട്ടാനുള്ള ദേഷ്യം വരുന്നുണ്ട്, ഞാൻ കമ്പ്യൂട്ടറിൽ (ഫോണിൽ) ആയത് നിന്റെ ഭാഗ്യം — 😡 (Angry — Red / Angry / Pouting Face)
കാര്യവും കാരണവും നോക്കി പ്രതികരിച്ച് ഫേയ്സ്ബുക്കിനെ ബിസിനസിൽ നിന്നും പുറത്താകുന്നതിൽ നിന്ന് നമുക്ക് രക്ഷിക്കാം! ഒരു കൈ സഹായിക്കൂ.

(തുടരും)

PS: ഈ പോസ്റ്റിന്റെ പ്രതികരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതാണ്. (😂 Haha — Laughing Face)

Labels:

Sunday, May 23, 2021

സജിത്തിന് പിറന്നാൾ ആശംസ

സജിത്തിനെ 2006 മുതൽ അറിയുന്നതാണെങ്കിലും ഈ അടുത്തകാലത്താണ് കൂടുതൽ ഇടപഴകാൻ സാധിച്ചത്. സജിത്തിന് പിറന്നാൾ ആശംസ പഞ്ചചാമരത്തിൽ.
സമർത്ഥനായ നാവലന്നെഴുത്തിലും പടുത്വമാ-
ണടുത്ത കൂട്ടുകാർക്കിയാളെഴുത്തിടാത്ത പോസ്റ്റുമാൻ!
പുകഴ്ത്തുവാൻ തുടങ്ങിയാൽ മറുത്തു ചൊല്ലുവോനിവൻ
സജിത്തു തന്റെ ജന്മനാളടുത്തു, നൂറു മംഗളം!

നാവലൻ = പണ്ഡിതൻ, കവി
പോസ്റ്റുമാൻ = സജിത്തിന്റെ തൂലികാനാമം

(വൃത്തം: പഞ്ചചാമരം)

Labels: , ,

Saturday, May 15, 2021

കലമ്പിക്കറുക്കും!

രവിക്കെൻ വസന്തം തളർത്താൻ പുളിക്കും
മഴയ്ക്കെന്നിലെത്തീ കെടുത്താൻ കടുക്കും
ശരത്തെന്റെ പത്രം പൊഴിക്കാനറയ്ക്കും,
ശരിക്കന്നൃതുക്കൾ കലമ്പിക്കറുക്കും!

വൃത്തം: ഭുജംഗപ്രയാതം

Labels: ,