ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, April 03, 2019

L ആയ ഏട്ടൻ

കഥാകൃത്ത്

ഏതെങ്കിലും പേടിസ്വപ്നം കണ്ട് രാവിലെ മൂന്നുമണിക്ക് ഞെട്ടിയുണർന്നിട്ട് പിന്നെ ഉറങ്ങാൻ കഴിയാതെ മണിക്കൂറുകൾ തള്ളിനീക്കുമ്പൊഴോ, അലസമായി ഷവറിൽ നിൽക്കുമ്പോഴോ ആണ് എഡിറ്റിംഗ് ആവശ്യമില്ലാത്ത വിധം ശുദ്ധഗദ്യം അനർഗ്ഗളമായി ഒഴുകി വരുന്നത്. മറക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചാൽ പോലും പിന്നീട് അവയെല്ലാം മറന്നുപോകുകയും ചെയ്യും. പുകച്ചിട്ടും കുടിച്ചിട്ടും എഴുതാമെന്നു വച്ചാൽ ലഹരിപ്പുറത്ത് പേനയും പേപ്പറും കണ്ടെത്തി എഴുതിത്തുടങ്ങാൻ ആർക്കുനേരം? പുകയ്ക്കേണ്ടത് പുകച്ചിട്ട് പേനയുന്തിയാൽ മാസ് എന്റെർറ്റെയ്നർ സിനിമയുടെ കഥയും തിരക്കഥയും എഴുതാമെന്നു മനസ്സിലായി. സ്റ്റോക്ക് തീർന്നതിനാലാവണം കഥ ലാദവധം വരെ എത്താതിരുന്നത്. (അച്ഛന്റെ ചിത മകളെക്കൊണ്ട് കത്തിക്കാമെന്ന് കഥയിൽ എഴുതിച്ചേർത്തത് സ്ത്രീപക്ഷവാദിയായ സംവിധായകന്റെ നിർബന്ധം മൂലമാവാനാണ് സാദ്ധ്യത.)

സംവിധായകൻ

അഞ്ചാറു വർഷം മുമ്പുവരെയൊക്കെയുള്ള എന്റെ എഴുത്തുകളിൽ (ചിലപ്പോൾ പ്രവൃത്തിയിലും) അവിടവിടെയായി സ്ത്രീവിരുദ്ധത കണ്ടെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല. സാഹചര്യങ്ങളുടേയും സ്വയം തെരഞ്ഞെടുത്ത വിചിത്രമായ മാതൃകകളുടേയും സ്വാധീനത്താലായിരുന്നു എന്നൊക്കെ കാരണം കണ്ടെത്താമെങ്കിലും ആവക ന്യായീകരണത്തിനു ശ്രമിക്കുന്നില്ല. Context-ൽ നിന്നും അടർത്തിമാറ്റി നോക്കിയാൽ അന്നത്തെ പലനിലപാടുകളും വിചിത്രങ്ങളുമായിരുന്നു. മാറിവരുന്ന ലോകക്രമത്തിൽ സ്വയം വിലയിരുത്താനും പഴയതിലും പുരോഗമനപരമായ വീക്ഷണങ്ങൾ സ്വീകരിക്കാനും ഞാൻ മടികാണിച്ചിട്ടില്ല. എന്നുവച്ച് സാധാരണയിൽ നിന്നും വ്യത്യസ്തമായ ചെവിവലിപ്പമുള്ളവന് കേൾവി കൂടുതലാണെന്നോ കുറവാണെന്നോ ചാർത്തിത്തരുന്ന ലേബലുകളെ തിരസ്കരിക്കാൻ ചെവി ചെത്തിച്ചെറുതാക്കിയോ പരത്തിനീട്ടിയോ കൂട്ടത്തിൽ കൂടാൻ ശ്രമിച്ചുമില്ല. Local explanation-നെ (as used in Model Explainability) സ്വാധീനിക്കാനെന്നപോലെ വാലു മുറിച്ചുകളഞ്ഞ് കാഴ്ചയിൽ ‘നല്ലപിള്ള’ ചമയാനും നിന്നില്ല. ഇത് എന്റെമാത്രം കാര്യമല്ല. പരിചയമുള്ളവരിൽ, വിരലിലെണ്ണാവുന്ന തീവ്രവലതുപക്ഷമൊഴികെ, മറ്റാരും inclusive ചിന്താഗതി വെടിഞ്ഞ് പിറകോട്ടുനടന്നതായി കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ നിന്നാണ് ചോരത്തിളപ്പുള്ള യുവതുർക്കിയിൽ നിന്നും (പ്രതിച്ഛായ മാത്രം) വഴുവഴുപ്പാർന്ന വരാൽമത്സ്യത്തിലേയ്ക്കുള്ള സംവിധായകന്റെ ചുവടുമാറ്റം വീക്ഷിക്കേണ്ടത്. കഥാകൃത്ത് രണ്ടുപക്ഷങ്ങളേയും സമദൂരത്തിൽ തള്ളിപ്പറഞ്ഞ് മൂന്നാമത്തേതിനു പാതതെളിക്കുമ്പോൾ സംവിധായകനാവട്ടേ, ലഭ്യമായ മൂരിക്കാളകളിലൊന്നിനെ നുകത്തിൽക്കെട്ടി ബദൽമാഫിയ വിതയ്ക്കാൻ വയലൊരുക്കുകയാവണം.

നടൻ

മണിയൻ മാമൻ ഒരു ഇലക്ട്രീഷ്യനായിരുന്നു. അക്കാലത്ത് എന്റെ നാട്ടിൽ നിർമ്മിച്ച പല വീടുകളിലേയും വയറിംഗ് പണി മണിയൻ മാമൻ വകയാണ്. മണിയൻ മാമനെ വയറിംഗിനു വിളിക്കാതിരുന്നാൽ മാമൻ അടിച്ചു പൂസായി നേരിട്ടു ചെന്നു വീട്ടുകാരനോടു ചോദിക്കും: “നിനക്കെന്താടാ പട്ടീ എന്നെക്കൊണ്ട് ഒണ്ടാക്കിയാൽ?” സന്ധ്യനേരത്തെ തെറിപ്പൂരം ഒഴിവാക്കാനാണ് പലരും മണിയൻ മാമനെത്തന്നെ വയറിംഗ് ഏൽപ്പിക്കുന്നത്. ഓരോ വീടു വയറിംഗ് കഴിയുമ്പോഴും മാമൻ തന്റെ ‘വർക്കി’നെപ്പറ്റി കള്ളുഷാപ്പിലിരുന്ന് പൊങ്ങച്ചം പറയും. പിന്നെ ഷാപ്പിൽ നിന്നും പുറത്തിറങ്ങി നാട്ടുകാരോടൊക്കെ പൊങ്ങച്ചം പറയും. സ്വിച്ചിട്ടാൽ ലൈറ്റ് കത്തുന്ന പണിയാണ് ചെയ്തുകൂട്ടുന്നതെങ്കിലും തന്നിലും വലിയ ആർട്ടിസ്റ്റ് ഇല്ല എന്ന് മണിയൻ മാമനും ആ നാട്ടിലെ കുറേപ്പേരും വിശ്വസിച്ചുകൊണ്ടേയിരുന്നു.

Labels: