ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, December 31, 2022

ഈയർ ഇൻ റിവ്യൂ 2022

വിശദമായ ഈയർ ഇൻ റിവ്യൂ എഴുതണം എന്നു കരുതിയെങ്കിലും സാധിച്ചില്ല.

50 വയസ്സ് എത്തിയത് കുടുംബവും കൂട്ടുകാരും ചേർന്ന് കാര്യമായി ആഘോഷിച്ചു. ദിവ്യയുടേയും അടുത്തകൂട്ടുകാരുടേയും സമയവും പ്രയത്നവും ഏറെ ചെലവായവയായിരുന്നു മിക്ക ആഘോഷങ്ങളും. എല്ലാവരുടേയും സ്നേഹവായ്പ്പിന് വീണ്ടും നന്ദി. എഴുതാൻ തുടങ്ങിയാൽ ഇതുതന്നെയുണ്ട് കുറേ.

വർഷം പകുതിയോടെ ജോലി മാറി. AI-യെ പൂർണ്ണമായും ഉപേക്ഷില്ലെങ്കിലും ശല്യം കാര്യമായി കുറച്ചതോടേ ഡോക്ടറെകാണിക്കണോ എന്നുകരുതിയ തലവേദന പാതി കുറഞ്ഞുകിട്ടി. ജീവിതത്തിൽ AI-യുടെ പ്രയോഗം കൂടി.

പാൻഡമിക്കിൽ നിന്നും പതിയെ പുറത്തുവന്നു ജീവിതം സാധാരണമായിത്തുടങ്ങി. മാസ്ക് ഉപയോഗിക്കാതെയുള്ള യാത്രകൾ വീണ്ടും സാധ്യമായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെബിനിവേശം പംക്തിയിൽ ഞാൻ തയ്യാറാക്കിയ ശ്ലോകം സ്റ്റാർട്ടറിനെപ്പറ്റി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നു. വിക്കിപ്പീഡിയയിൽ ഉദാഹരണങ്ങൾ ഒന്നുമില്ലാത്ത ചില വൃത്തങ്ങളിൽ ശ്ലോകങ്ങൾ എഴുതി.

എന്നാൽ, 2021-നേക്കാൾ വായനയും എഴുത്തും കുറഞ്ഞ വർഷമായി 2022. ഗോൾഫ് കളി കുറഞ്ഞു, എന്നുമാത്രമല്ല, വ്യായാമവും ആരോഗ്യപരിപാലനവും കുറഞ്ഞു എന്നുതന്നെ പറയാം. ഒരു ആവശ്യവുമില്ലാതെ ചില സിനിമകൾ കണ്ടു എങ്കിലും കണ്ട സിനിമകളെപ്പറ്റി ഒന്നും എഴുതിയില്ല (എഡിറ്റിങ് പഠിക്കാൻ സമയം കിട്ടിയില്ല).

2023-ൽ 2022-ലെ എല്ലാ നിരാശകളും തരണം ചെയ്യണം എന്നാണ് ആഗ്രഹം.

Labels: ,

Wednesday, December 28, 2022

എന്നെ മറന്നാൽ (പ്രണയവർണ്ണങ്ങൾ - 7)

അടക്കുമെന്നോ മനസ്സിൽ-
പ്പതുക്കെ നിൻ പ്രേമമെല്ലാം?
എനിക്കുമില്ലാതെയാവും
നിനക്കു നല്കുന്ന രാഗം!

If You Forget Me എന്ന നെരൂദ കവിതയിലെ ഈ ഈരടികളുടെ വിദൂരപരിഭാഷ:
If little by little you stop loving me
I shall stop loving you little by little.

ഇത്രയും എഴുതിയിട്ട് ഒറിജിനലിനെ മറന്ന് എനിക്കിഷ്ടപ്പെട്ട പോലെ ശ്ലോകം മാറ്റി എഴുതി:
അടക്കുമെന്നോ മനസ്സിൽ-
പ്പതുക്കെ നീ നിന്റെ രാഗം?
ഒടുക്കമൊന്നിന്നുമാകാ-
തൊടുങ്ങി നീറുന്നു ഞാനും!

വൃത്തം: വിതാനം. ലക്ഷണം: ജതം വിതാനം ഗഗം കേൾ

Labels: , ,

Sunday, December 18, 2022

World Cup

What am I not missing anymore? Fox Sports commentators add more tension to an already tensed match.

When Argentina was leading 1-0:
"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝑤ℎ𝑒𝑛 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑙𝑒𝑑 1-0 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓 𝑖𝑛 𝑡ℎ𝑖𝑠 𝑡𝑜𝑢𝑟𝑛𝑎𝑚𝑒𝑛𝑡, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑚𝑎𝑡𝑐ℎ."

When Argentina was leading 1-0:
"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑤𝑎𝑠 𝑙𝑒𝑎𝑑𝑖𝑛𝑔 1-0, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙 𝑜𝑓 𝑡ℎ𝑒 𝑊𝑜𝑟𝑙𝑑 𝐶𝑢𝑝 𝑖𝑛 1930."

When MBappe had just scored his second goal:
"𝐶𝑎𝑛 𝑀𝐵𝑎𝑝𝑝𝑒 𝑠𝑐𝑜𝑟𝑒 𝑎 ℎ𝑎𝑡-𝑡𝑟𝑖𝑐𝑘 𝑖𝑛 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙?"

When Martinez saved a certain goal in the dying minutes:
"𝐶𝑎𝑛 ℎ𝑒 𝑠𝑢𝑟𝑣𝑖𝑣𝑒 𝑡𝑤𝑜 𝑚𝑜𝑟𝑒 𝑚𝑖𝑛𝑢𝑡𝑒𝑠?"

Glad they wrapped it off with: “𝑇ℎ𝑒 𝐺𝑂𝐴𝑇 ℎ𝑎𝑠 𝑡ℎ𝑒 𝑔𝑜𝑙𝑑!”

Labels:

Friday, December 16, 2022

അർജന്റീനയുടെ മിശിഹ

അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള വിവിധ ഗൂഢാലോചനാസിദ്ധാന്തങ്ങളും നൊസ്ട്രഡാമസിന്റെയുൾപ്പടെയുള്ള പ്രവചനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പലതും വിചിത്രമെന്ന് തോന്നാമെങ്കിലും അദ്ഭുതകരമാംവിധം വിശ്വസനീയവുമാണ്. ഫുട്ബോൾസ് യൂസ്ഡ് ഇൻ കോർണർ കിക്ക്സ് (ഇതിന് abbreviation ഇല്ല) എന്നപേരിൽ ബെക്കമിന്റേതായി ഒരു തിയറിതന്നെ ഇറങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് സ്റ്റേജുകളിൽ മൊറോക്കോ, ബെൽജിയം, ക്യാനഡ എന്നിവരുടെ ഭാഗ്യനക്ഷത്രങ്ങൾ 1986-ലും 2022-ലും ഒരുപോലെയായിരുന്നു എന്നത് കേവലം യാദൃച്ഛികത മാത്രമാണെന്ന് ഫുട്ബോൾ കാര്യമായി പിന്തുടരുന്ന, നാല്പത്തഞ്ചുവയസ്സു കഴിഞ്ഞ, ഏവർക്കും അറിയാം. (നാല്പത്തഞ്ച് കഴിയാത്തവരൊക്കെ എന്ത് ഫുട്ബോൾ പ്രേമികൾ?)

മഞ്ഞക്കാർഡ് ഖത്തറിൽ ഔട്ട് ഒഫ് സ്റ്റോക്ക് ആണെന്നത് പുതിയ വാർത്തയല്ല. എന്നാൽ മഞ്ഞക്കാർഡ് സംഭവം മറ്റൊരു ഒത്തുകളിയെ മൂടിവയ്ക്കാനായിരുന്നു എന്നതാണ് ചിലർ പറയുന്ന ന്യായം. പോർച്ചുഗൽ-മോറോക്കോ മത്സരം നിയന്ത്രിക്കാനായി ആദ്യം ഒരു ജർമ്മൻ റഫറിയായിരുന്നുവെന്നും പിന്നീട് ഫിഫ തന്ത്രപൂർവ്വം അത് അർജന്റീന റഫറിയെ ഏൽപ്പിച്ചു എന്നുമുള്ള വാദം വെറും ബാലിശമാണ്.

ഈ വാദങ്ങൾക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അതിനാൽ അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയമായ തെളിവ് ആദ്യമായി ഞാൻ അവതരിപ്പിക്കുകയാണ്.

സോക്രട്ടീസിനു മുമ്പ് 490-430 BC യിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫർ ആയ Zeno ആണ് താരം. 2022 മൂന്നിൽക്കണ്ട് അദ്ദേഹം താളിയോലയിൽ ഇങ്ങനെ കുറിച്ചു:
𝑇ℎ𝑎𝑡 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑖𝑛 𝑙𝑜𝑐𝑜𝑚𝑜𝑡𝑖𝑜𝑛 𝑚𝑢𝑠𝑡 𝑎𝑟𝑟𝑖𝑣𝑒 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓-𝑤𝑎𝑦 𝑠𝑡𝑎𝑔𝑒 𝑏𝑒𝑓𝑜𝑟𝑒 𝑖𝑡 𝑎𝑟𝑟𝑖𝑣𝑒𝑠 𝑎𝑡 𝑡ℎ𝑒 𝑔𝑜𝑎𝑙.

എന്നുവച്ചാൽ പന്ത് ഗോളിൽ എത്തുന്നതിനുമുമ്പ് ഗോളിനും കാലിനും ഇടയിലുള്ള നേർ മദ്ധ്യമായ പാതി വഴിയിൽ എത്തണമെന്ന്! പിന്നീടുള്ളവർ ഇതിനെ 𝐷𝑖𝑐ℎ𝑜𝑡𝑜𝑚𝑦 𝑃𝑎𝑟𝑎𝑑𝑜𝑥 എന്നുവിളിച്ച് ആക്ഷേപിച്ചു.

കേട്ടാൽ ചിരി വരുമെങ്കിലും കാര്യം അത്ര നിസ്സാരമല്ല. ബോൾ പാതിവഴി എത്തുന്നതിനുമുമ്പ് കാലിനും പാതി വഴിയ്ക്കും മദ്ധ്യത്തുള്ള കാൽ വഴിയിൽ എത്തണമല്ലോ. അതിനു മുമ്പ് 1/8 ദൂരം പോണം. അതിനും മുമ്പ് 1/16 ദൂരം പോണം. അതായത്, പന്ത് ഗോളിലെത്തുന്നതിന് മുമ്പ് 1/2, 1/4, 1/8, 1/6, 1/32, ... ഇങ്ങനെ ചെറുതെങ്കിലും അനന്തമായി നീളുന്ന വഴികൾ താണ്ടണം. വീണ്ടും പറയുന്നു: താണ്ടാനുള്ളത്, ചെറുതെങ്കിലും അനന്തമായി (𝑖𝑛𝑓𝑖𝑛𝑖𝑡𝑒) നീളുന്ന വഴികളാണ്.

ഒരിക്കലുമവസാനിക്കാത്ത ഇത്തരമൊരു പണി അചേതന വസ്തുവായ വെറുമൊരു തോൽപ്പന്തിനെ ഏൽപ്പിക്കുന്നത്, ഇനി അത് ശക്തമായ തൊഴിയിലൂടെ ആണെങ്കിൽക്കൂടി, മാനുഷികമായ കാര്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെയാണ് അമാനുഷികതയുടെ പ്രസക്തി. ആ കാൽപ്പന്ത് തൊഴിക്കുന്നത് ആരാണ്? സാക്ഷാൽ മിശിഹ!

𝑄𝑢𝑜𝑑 𝐸𝑟𝑎𝑡 𝐷𝑒𝑚𝑜𝑛𝑠𝑡𝑟𝑎𝑛𝑑𝑢𝑚.

Labels:

സർട്ടിഫിക്കറ്റ്

ഒരു പ്രൈവറ്റ് ഗ്രൂപ്പിനു വേണ്ടി എഴുതിയതായതിനാൽ ശ്ലോകം ക്രിപ്റ്റിക് ആണ്.
മൂസാക്കാ ഈ ബാങ്കിൽപ്പണ്ടേ അക്കൌണ്ടുള്ളോനാണെന്നും
രൂപയ്ക്കാണേൽ ഇത്തിപ്പോലും പഞ്ഞം മൂസയ്ക്കില്ലെന്നും
വേണോന്ന്വച്ചാൽ സ്വന്തം വണ്ടീൽ എത്താൻ സെറ്റപ്പുണ്ടെന്നും
ഞാനീ മുദ്രപ്പത്രത്താൽ സാക്ഷ്യപ്പെട്ടിട്ടുണ്ടേ, കണ്ടോ!

(വൃത്തം: കാമക്രീഡ)

Labels: ,

Wednesday, December 07, 2022

ഓർക്കുന്നില്ലേ? (പ്രണയവർണ്ണങ്ങൾ - 6)

ഓർക്കുന്നില്ലേ? പരിമണമെഴും വള്ളിമന്ദാരജാലം
പൂക്കുന്നേരം പ്രണയമധുരം മാലകോർക്കുന്ന കാലം;
വായ്ക്കും മോഹം ചുടുകനലിലും കാറ്റുതേടുന്ന താളം-
തീർക്കും ഭാവം, തരളിതമെഴും ചുംബനത്തിന്റെ മേളം?

വൃത്തം: മന്ദാക്രാന്ത

Labels: , ,

Friday, December 02, 2022

വൻമരങ്ങൾ വീഴുമ്പോൾ

ഹിഗ്വിറ്റ എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് "ആദ്യം" ഓർമ്മവരുന്നത്?

René Higuita 1989 മുതൽ 1999 വരെ കൊളംബിയൻ ഫുട്ബോൾ ടീമംഗമായിരുന്നു. 1990-ൽ ഇറ്റലിയിൽ വച്ചു നടന്ന വേൾഡ് കപ്പിലാണ് അദ്ദേഹം പ്രസിദ്ധനും അതുപോലെ കുപ്രസിദ്ധനും ആവുന്നത്. ഇത്രയും ചരിത്രം NS മാധവന്റെ ഹിഗ്വിറ്റ എന്നപേരിലുള്ള ചെറുകഥ വായിച്ചിട്ടില്ലാത്ത കുറേയേറെ മലയാളികൾക്കും അറിയേണ്ടതാണ്.

1993-ന് മുമ്പായിരുന്നു ഞാൻ ആ കഥ വായിച്ചത്. പത്തുമുപ്പത്‌ കൊല്ലമായി എന്ന്. ഗീവർഗ്ഗീസ് അച്ഛന്റെ ഫുട്ബോൾ ബന്ധം മാറ്റിവച്ചാൽ കഥയ്ക്ക് ഹിഗ്വിറ്റയുമായി എന്തുബന്ധം എന്ന് അന്ന് കുറച്ച് ആലോചിച്ചു കൂട്ടിയിരുന്നു. അച്ചനല്ലേ, അവസരം കാത്തുനിൽക്കുന്ന ഏകാന്തതയല്ലേ, മുന്നിൽ പത്തുപേർ പാഴ് കളി കളിക്കുന്നതുകാണാൻ വിധിക്കപ്പെട്ട് നിസ്സഹായനായി നിൽക്കേണ്ടി വരുന്നവനല്ലേ എന്നൊക്കെ വളരെ straightforward ആയ കാര്യങ്ങൾ ഒരു സുഹൃത്തുമായി സംസാരിച്ചതായി അവ്യക്തമായ ഓർമ്മയുണ്ട്. കളിക്കാരനായിരുന്ന സമയത്ത് അച്ചൻ ഗോളിയല്ല. "The Madman" എന്നുവിളിക്കത്തക്കവണ്ണം eccentric പോലുമല്ല.

അന്നുകാണാത്ത ഹിഡൻ ജെം വല്ലതും ഉണ്ടോ എന്നറിയാൻ ഹിഗ്വിറ്റ ഒരിക്കൽക്കൂടി വായിച്ചു. സിനിമക്കാർക്ക് പിന്നാലേ ഇനി ചെറുകഥാകൃത്തുക്കളും പഠിച്ചിട്ട് വിമർശിക്കാൻ പറയുമായിരുക്കും. എന്നാലും പറയട്ടെ, ആ കഥയ്ക്ക് വേറെ എന്തുപേരിട്ടാലും വലിയ വ്യത്യാസമൊന്നും വരാനില്ല. ഉദാഹരണത്തിന്, "ദൈവഹിതം" എന്ന് പേരിട്ടിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?

എഴുത്തുകാരൻ നവംബർ 28-ന് എന്താ പറഞ്ഞതെന്ന് നോക്കാം.
Malayalam cinema has always loved and respected writers. What this venture has done is it has taken away my rights on title of a movie based on my story, which generations have studied in schools. I wish no writer in any language to suffer my plight.

വലിയ പരാതിയൊന്നുമല്ല. "എന്റെ ഹിഗ്വിറ്റ കഥയെ ആസ്പദമാക്കി സിനിമയുണ്ടാക്കുമ്പോൾ ഞാൻ എന്തു പേരിടും" എന്ന നിരാശമാത്രമേ എനിക്ക് വായിക്കാൻ പറ്റിയുള്ളൂ.

ഡിസംബർ 1 ആയപ്പോൾ "സാംസ്കാരികനായകന്മാരെ എക്കാലത്തും സ്നേഹിച്ചും ആദരിച്ചും പോന്ന ചരിത്രമുള്ള" സിനിമാക്കാർ അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചു:
I have been informed that that the name Higuita will not be used for the movie. I am grateful to Kerala Film Chamber for facilitating this. Thanks for all the support. I wish young director Hemanth Nair and his film all success. May people flock to see Suraj-Dhyaan movie.

പിന്നല്ല. താൻ പോലുമറിയാതെ അദ്ദേഹം നമ്മുടെ സിനിമാക്കാരെ ഒരു പാഠം പഠിപ്പിച്ചു. എഴുത്തുകാരെക്കൊണ്ടല്ലാതെ ആരെക്കൊണ്ടു പറ്റും ഇങ്ങനെയൊക്കെ! മാധവൻ സാർ ജയിക്കട്ടെ.

PS: ഹിഗ്വിറ്റ എന്ന കഥാസമാഹാരത്തിൽ ഹിഗ്വിറ്റ എന്ന കഥയ്ക്കു ശേഷമുള്ള കഥയുടെ പേര് "വൻമരങ്ങൾ വീഴുമ്പോൾ."

Labels: