ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, October 15, 2016

പുസ്തകങ്ങൾ: നിലം പൂത്തു മലർന്ന നാൾ

മനോജ് കുറൂരിന്റെ “നിലം പൂത്തു മലർന്ന നാൾ” വായിച്ചു. പുസ്തകവായന ഇഷ്ടമുള്ളവർ വായിച്ചിരിക്കേണ്ട നോവലാണിത്.

കൊലുമ്പൻ, ചിത്തിര, മയിലൻ എന്നീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ നിന്നാണ് നോവലിസ്റ്റ് പതിനേഴു നൂറ്റാണ്ടു മുമ്പുള്ള കേരള-തമിഴ്‌നാട് ഭൂവുടങ്ങളിലെ പോരാട്ട കലുഷിതമായ ഒരേട് വരച്ചുവയ്ക്കുന്നത്. കഥാപാത്രങ്ങളേയും സ്ഥലകാലങ്ങളേയും പരിചയപ്പെടുത്തുന്ന “ഒന്നാം എഴുത്താ”യ കൊലുമ്പൻ വായനയുടെ ക്ഷമയെ നന്നായി പരീക്ഷിച്ചു. പട്ടിണിയുടെ പച്ചയായ ചിത്രീകരണം മനസ്സിൽത്തട്ടും വിധം ഒന്നാം എഴുത്തിലുണ്ട്: “രണ്ടുനാൾ മുമ്പാണ് ഇറക്കിവിട്ടിട്ടും പോകാതെ കൂടെക്കൂടിയിരുന്ന ഒരു പട്ടി ആളേറെയുള്ള ആ കുടിലിൽത്തന്നെ പെറ്റത്. കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളുടെ കിളുന്നുവായകൾ തള്ളയുടെ മുലകളിൽ മുട്ടി തിരഞ്ഞെങ്കിലും അവ വറ്റി വരണ്ടിരുന്നു. ഞങ്ങളുടെ വറുതി വളർത്തുപട്ടിയിലും പകർന്നിരുന്നു. ഉള്ളിലുള്ള കനിവ് മുലകളിലേയ്ക്കു ചുരത്താനാവാതെ അത് മോങ്ങിക്കൊണ്ടിരുന്നു.”

ചിത്തിരയുടെ ആഖ്യാനമെത്തുമ്പൊഴേയ്ക്കും കഥയുമായി ഒരാത്മബന്ധം വന്നു. നോവലിസ്റ്റിന്റെ കയ്യൊപ്പാകെ നിറഞ്ഞുകിടക്കുന്നതും ഈ രണ്ടാം എഴുത്തിലാണ്. വായനാസുഖം മെല്ലെയാരംഭിച്ച് അതിന്റെ പാരമ്യത്തിലെത്തുന്നതും ഈ ഭാഗത്തുതന്നെ. ചിത്തിരയും മകീരനും തമ്മിലുള്ള ബന്ധം മികവുറ്റ ആഖ്യാനത്തിനു മാതൃകയാകും വിധം ചായം കലർത്തി വരച്ചിട്ടിട്ടുണ്ട്. എന്നു മാത്രമോ, രസച്ചരടുപൊട്ടാതെ നാടകീയത നന്നേ പകർത്തിക്കൂട്ടാനായതും രണ്ടാമെഴുത്തിൽത്തന്നെ. ഉദാഹരണങ്ങൾ എങ്ങെങ്ങും നിറഞ്ഞു നിൽക്കയാൽ ഒന്നും എടുത്തെഴുതുന്നില്ല.

കേന്ദ്രകഥാപാത്രമായ മയിലനിലെത്തുമ്പോഴേയ്ക്കും ആഖ്യാനം അവരോഹണത്തിലേയ്ക്കിറങ്ങിയത് അനുഭവപ്പെടും. പിന്നെ ഉഴവുകാളയെ കുളിപ്പിച്ച് എരുത്തിലിൽ കെട്ടിയിട്ട് ഉണ്ണാനിരിക്കാനുള്ള തത്രപ്പാട് പ്രകടമാണ്. ഒന്നാം എഴുത്തിൽ ഒന്നും ഒന്നരയും വാചകങ്ങളിൽ പറഞ്ഞുവച്ചവയുടെ “അർത്ഥവും വ്യാപ്തിയും” കാണിച്ചുതരാനും മൂന്നാം എഴുത്ത് ഉപയോഗിക്കുന്നുണ്ട് (അതു പാടില്ലായിരുന്നു എന്നല്ല).

സംഘകാലശേഷമുള്ള മലയാളത്തിന്റേയും തമിഴകത്തിന്റേയും ഭാഷ, രാഷ്ട്രീയം, ഭക്ഷണരീതികൾ എന്നിവയിലേയ്ക്കൊക്കെയുള്ള തിരിഞ്ഞു നോട്ടത്തിന് ഈ നോവൽ സഹായകമാവുന്നു. സംസ്കൃതാതിപ്രസരമില്ലാതെ മലയാള ഭാഷ നിലനിന്നിരുന്നെങ്കിലെന്ന് വായനയിലുടനീളം ആഗ്രഹിച്ചു പോകും (ഈ എഴുതിയതിലെ ഐറണി മനസ്സിലാക്കാതെയല്ല). വരേണ്യതയും പാരമ്പര്യവും കല്പിച്ചു നൽകുന്ന “പുല്ലും പച്ചപ്പും മാത്രമായുള്ള” ഭക്ഷണരീതി നമുക്കു ശീലമായതിനോടും നാം അത്ഭുതം കൂറും.

നോവലിനു മുന്നുരയെഴുതിയ ജയമോഹനും ആസ്വാദനക്കുറിപ്പെഴുതിയ പി. രാമനും (രണ്ടും പുസ്തകത്തിന്റെ ഭാഗമാണ്) നോവലിസ്റ്റിനെ പുകഴ്ത്തിപ്പാടുന്നുണ്ട് (“ഭാഷ, നാട്, മനസ്സ്--ഈ മൂന്നനുഭങ്ങളും ഉരുക്കിച്ചേർത്തുണ്ടാക്കിയതാണീ ആഖ്യാനം. ഇങ്ങനെയൊരു ത്രിവേണീസംഗമം മലയാളനോവലിൽ ഞാൻ മുമ്പ് പരിചയിച്ചിട്ടില്ല”--പി. രാമൻ). പുറം കവറിൽ സി. ആർ. പരമേശ്വരന്റേയും അയ്മനം ജോണിന്റേയും അത്യുക്തികളും ചേർത്തിരിക്കുന്നു. (“ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി.”--അയ്മനം ജോൺ). ഇതൊക്കെ വായിച്ചിട്ട്, വിശാലമനസ്കൻ ചോദിക്കുന്നതു പോലെ, “ഇത്തിരി ആര്‍ഭാടം ആവില്ലേ? എന്തെങ്കിലും കുറയുമോ?” എന്നു മനസ്സിലാലോചിച്ചു പോയി.

എന്നാലും ആദ്യം പറഞ്ഞതു തന്നെ വീണ്ടും പറയട്ടെ: വായന ഇഷ്ടമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണിത്.

Labels: