ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, July 01, 2018

പുസ്തകങ്ങൾ: പ്രപഞ്ചവും മനുഷ്യനും

എന്റെ ഒരു ബന്ധുവുണ്ട്. ദിവസക്കണക്കുകൾ കോറിയിട്ടിരിക്കുന്ന പഴയ ഡയറിത്താളുകളിലെ തിരക്കൊഴിഞ്ഞ മൂലകളിൽ എഴുത്തിച്ചേർത്തിരിക്കുന്ന ഓരോ കുറിപ്പുകളും രസകരമായ വായനാനുഭവങ്ങളായതിനാൽ അവരുടെ പാചകക്കുറിപ്പുകൾ പുസ്തകമായി ഇറക്കിയാൽ അടുപ്പില്ലാത്തെ വീടാണെങ്കിൽ കൂടി ധൈര്യമായി വാങ്ങാമെന്ന് ഞാൻ ശുപാർശ ചെയ്യും.

എന്നാൽ ഏകദേശം അമ്പതു വർഷം മുമ്പ്, 1969-ൽ, കെ. വേണു എഴുതിയ പ്രപഞ്ചവും മനുഷ്യനും എന്ന പുസ്തകമാണെങ്കിലോ? പ്രപഞ്ചവും മനുഷ്യനും വായിച്ചു തുടങ്ങിയപ്പോൾ തന്നെ അദ്ധ്യാപകൻ അവധിയായ ക്ലാസിന്റെ ഓർമ്മ വന്നു. ഹെഡ് മാസ്റ്റർ വന്നിട്ട്, “എല്ലാരും ഫിസിക്സ് പുസ്തകം എടുത്തിട്ട് ഇനി പഠിപ്പിക്കാനുള്ള ചാപ്റ്റർ വായിക്കൂ. ഞാൻ കുറച്ചു കഴിഞ്ഞു വന്ന് ചില ചോദ്യങ്ങൾ ചോദിക്കും” എന്ന ഓർമ്മ. കഷ്ടപ്പെട്ട് അടുത്ത അദ്ധ്യായം വായിക്കുകയും പലപേജുകളും പുനർവായിക്കുകയും ചെയ്തുകഴിയുമ്പോഴാണ് ഹെഡ് മാസ്റ്റർ ഇനി വരുകയുമില്ല, നാളെ ഇതിന്റെ പരീക്ഷയുമില്ല എന്ന് ഓർമ്മ വരുന്നത്.

പുസ്തകങ്ങൾ വായിച്ചുപോകുമ്പൊൾ ചെറിയ നോട്സ് സൂക്ഷിക്കുന്ന പതിവുണ്ട്. ചിലപ്പോൾ കമ്പ്യൂട്ടറിൽ, ചിലപ്പോൾ ഫോണിൽ, മറ്റു ചിലപ്പോൾ പേപ്പറിൽ. പ്രപഞ്ചവും മനുഷ്യനും വായിക്കുമ്പോൾ കരുതിയ നോട്സ് മുഴുവൻ പേപ്പറിൽ ആണ് സൂക്ഷിച്ചത്. ആദ്യ അറുപതു പേജു വായിച്ചപ്പോൾ എഴുതിവച്ചിരുന്ന നോട്സ് മുഴുവൻ നഷ്ടപ്പെട്ടുപോയി. അതുണ്ടായാലും ഇല്ലെങ്കിലും ഈ കുറിപ്പിന് മാറ്റം വരില്ല എന്നതിനാൽ ആ പേജുകൾ വീണ്ടും വായിക്കാൻ മിനക്കെടുന്നില്ല.

ആരാണ് വായനക്കാർ?

ഇതൊരു ആധികാരിക ശാസ്ത്രപുസ്തകമാണോ? (അല്ല.) ശാസ്ത്രം ലളിതമായി വിവരിക്കുന്ന മികച്ച വായനാനുഭവമാണോ? (അല്ല.) ശാസ്ത്രത്തിന്റെ ചരിത്രമോ ചരിത്രത്തിന്റെ ശാസ്ത്രമോ അപഗ്രഥിക്കാനുള്ള ശ്രമമാണോ? (അല്ല.) താൻ പ്രതിനിധീകരിച്ചിരുന്ന സംഘടനയ്ക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്താനുള്ള കൈപ്പുസ്തകം? (ആവാം.) വരും തലമുറയ്ക്കു പരിശോധിക്കാൻ ശാത്രാവബോധത്തിന്റെ പരിച്ഛേദം സൂക്ഷിച്ചു വച്ചതാണോ? (ആവാം.) ആരാണിതിന്റെ വായനക്കാർ? (അറിയില്ല.)

പലപ്പോഴും ആലങ്കാരിക ഭാഷാപ്രയോഗത്തിന്റെ ആധിക്യതയാലും അവിടവിടെ ചിതറിക്കിടക്കുന്ന തെറ്റുകൾ മൂലവും റഫറൻസ് സ്വഭാവം നഷ്ടപ്പെടുന്നതിനാൽ ഇത് ശാസ്ത്രവിദ്യാർത്ഥികൾക്കു വേണ്ടിയുള്ളതല്ലെന്ന് ഊഹിക്കാം. സയൻസ് അറിയുന്നവർക്ക് ഭാഷാപാണ്ഡിത്യവും ഭാഷ അറിയുന്നവർക്ക് സയൻസ് പരിജ്ഞാനവും ഇല്ലാത്തത് കെ. വേണുവിന്റെ കുറ്റമല്ല. എന്നാൽ വായനക്കാരിൽ ആർക്കുമാർക്കും ദഹിക്കാതിരിക്കാനുള്ള യോഗമാണ് ഈ പുസ്തകത്തിനുള്ളത്.

ഭാഷ

പലപ്പോഴും ദുർഗ്രഹമാവുന്ന ഭാഷയാണ് ശാസ്ത്രം ലളിതമായി വിശദീകരിക്കുന്നു എന്നുഭാവിക്കുന്ന പുസ്തകത്തിന്റേത്. ഇംഗ്ലീഷിൽ സുപരിചിതങ്ങളായ ചില പ്രയോഗങ്ങളെ മലയാളീകരിച്ച് വായനയ്ക്ക് തടസ്സം വരുത്തുന്നതിൽ രചയിതാവിന് ഒരു മടിയുമില്ല. വായിച്ചുപോകുമ്പോൾ എന്താ ഈ പറയുന്ന സാധനം എന്ന് റഫർ ചെയ്തുകൊണ്ടേയിരിക്കണം. ഉദാഹരണത്തിന്,

“നിയമിത ഗാലക്സികൾ രണ്ടു വിഭാഗമുണ്ട്. അണ്ഡാകാരങ്ങളും സർപ്പിലങ്ങളും.” ഈ വരി വായിച്ചിട്ട്, നമ്മൾ സ്വാഭാവികമായും “type of galaxies” എന്നു സെർച് ചെയ്യുന്നു. അപ്പോൾ നമുക്കു കിട്ടുന്നതോ? “The three different types of galaxies are the Spiral galaxy, the Elliptical galaxy, and the Irregular galaxy.” ശാസ്ത്രവാക്കുകൾ മലയാളത്തിൽ നിർബാധം ഉപയോഗിച്ചിട്ടുണ്ട്. “ചൂളംവിളിയുടെ താരത്വം,” “ക്ഷോഭമണ്ഡലം,” “കിണ്വം,” “ഗുപ്തജീൻ,” “ദകവിന്യാസം” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പുസ്തകത്തിലുടനീളം കാണാം. തത്തുല്യമായ ഇംഗ്ലീഷ് പദത്തിന്റെ അഭാവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുക ദുഷ്കരമാവുന്നു. (ഇത് വിൻഡോസിൽ മലയാളം LIP ഉപയോഗിക്കുന്നതു പോലെയാണ്. ചില മെനു ഐറ്റങ്ങൾ “സംഭവബഹുലമായി സംജാതമാക്കുക” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാവും. കാര്യമെന്തെന്നറിയണമെങ്കിൽ ഇംഗ്ലീഷ് OS ഉള്ള മറ്റൊരു കമ്പ്യൂട്ടർ അടുത്തു വേണം.)

പ്രൂഫ് റീഡിംഗിന്റെ അഭാവമാണ് മറ്റൊരു കല്ലുകടി. “മറ്റൊരു ഭൗതികപദാർത്ഥത്തിനും ഇല്ലാത്ത ചില ഗുണങ്ങളാണല്ലോ ജീവികളുടെ പ്രത്യേകത. ഒരു കോശം രണ്ടായി വിഭജിക്കുന്നതുകൊണ്ടാണല്ലോ വളർച്ച സാദ്ധ്യമാവുന്നത്. ഒരു ഭ്രൂണകോശം വിഭജിച്ച് കോടിക്കണക്കിനു കോശങ്ങളായി വളരുന്നതാണല്ലോ ഓരോ മനുഷ്യനും.” പുസ്തകത്തിൽ അനുബന്ധമായി കൊടുത്തിരിക്കുന്ന ഒരു ലേഖനം 1989-ൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചതാണ്. അത് അപ്പടി പകർത്തി ഉപയോഗിച്ചതുകൊണ്ട്, “ടോമി മാത്യു സൂചിപ്പിച്ചതുപോലെ” എന്നൊക്കെ ഈ പുസ്തകത്തിൽ നിങ്ങൾക്ക് വായിക്കാം.

‘സാഹിത്യം’

പുസ്തകത്തിലെ ചില ഭാഗങ്ങളിൽ വേണു കാല്പനികതയുടെ വേണുവുമൂതി നടക്കുന്നുണ്ട്. “യുഗാന്തരങ്ങളിലൂടെ ഊനംതട്ടാതെ നിലനിന്നുപോന്ന ആ ആശയങ്ങളുടെ സാധുതയെയും അവയെ പ്രതിനിധാനം ചെയ്യുന്ന പദങ്ങളുടെ അർത്ഥകല്പനയെയും കുറിച്ച് നിരന്തരം സമാർജ്ജിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന വിജ്ഞാനസമ്പത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധന നടത്താൻ ആരും തയ്യാറായില്ല. തന്മൂലം പ്രാചീന സാങ്കല്പികമേഖലകളിൽ ഉദിച്ചുയർന്ന ഒട്ടേറേ ആശയങ്ങൾ ആധുനിക ശാസ്ത്രീയതയ്ക്കു മുന്നിൽ മരിച്ചുവീണെങ്കിലും, അവയുടെ ശുഷ്കിച്ച പ്രേതങ്ങൾ കണക്കേ അർത്ഥകല്പന മാറിയ പദങ്ങൾ ഇന്നും നമ്മുടെയിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നു. പദാർത്ഥം, ജീവൻ, മനസ്സ് തുടങ്ങിയവ അത്തരത്തിൽപ്പെടുന്നു.”

ഇനി ഗുരുവായൂരപ്പനു ജലദോഷം കൂടി വന്നാൽ എല്ലാം പൂർത്തിയായി.

പുസ്തകത്തിലുടനീളം ശാസ്ത്രവസ്തുതകൾ ഇതുപോലെ വിചിത്രമായ ഭാഷാപ്രയോഗങ്ങൾക്കും പരിഭാഷാതന്ത്രങ്ങൾക്കുമരികിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമുണ്ട്.

“അനന്തവിശാലമായ വിശ്വമേഖലകളുടെ അറ്റം കണ്ടെത്താനുള്ള നമ്മുടെ നഗ്നനേത്രങ്ങളുടെ ശ്രമം എല്ലായ്പ്പോഴും പരാജയപ്പെടുന്നു, രാത്രികളിൽ ആകാശത്തു ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ പ്രപഞ്ചത്തിന്റെ സീമയെ കണ്ടെത്താൻ ശ്രമിക്കുന്തോറും നമ്മുടെ ചിന്താശക്തി തളർന്നുപോവുകയല്ലാതെ ഉത്തരത്തിലെത്തുകയില്ല.”

“നിരപേക്ഷമായ ചലനങ്ങളും ആപേക്ഷികമായ ചലനങ്ങളും വേർതിരിക്കുന്നതിനുള്ള മാപനാധാരമായിരുന്നു ന്യൂട്ടോണിയൻ നിരപേക്ഷതലം.

“ക്ഷീരപഥം പരന്നു വൃത്താകാരത്തിലുള്ള ഒരു സർപ്പിലമാണ്.”

അദ്ധ്വാനമേ സംതൃപ്തി

1969-ൽ എഴുതിയ പുസ്തകമാണെന്ന് പറഞ്ഞല്ലോ. അന്ന് ചുമ്മാ ഇന്റർനെറ്റിൽ പോയി തിരഞ്ഞ് ഇതൊക്കെ എഴുതിക്കൂട്ടാൻ പറ്റില്ല. ലൈബ്രറികൾ തന്നെ ശരണം. ചിലപ്പോൾ അന്നുണ്ടായിരുന്ന വിവരം ഇതായിരിക്കാം എന്നൊക്കെ സമാധിച്ചാണ് പുസ്തകം ഓരോ പേജും വായിക്കുന്നത്. അതിനുള്ള അദ്ധ്വാനവും ഓർക്കണം. രണ്ടും മൂന്നും മാസം തുടർച്ചയായി നാലഞ്ചു വയസ്സുള്ള കുട്ടികളെ ഡാൻസ് എന്ന പേരിൽ എന്തൊക്കെയോ കാട്ടാൻ പഠിപ്പിച്ചിട്ട് അവർ ആറേഴു മിനുട്ട് പരിപാടി സ്റ്റേജിൽ അവതരിപ്പിച്ചിട്ടിറങ്ങുമ്പോൾ എന്നെ സ്ഥിരം ഓർമ്മപ്പെടുത്താറുള്ള ഒരു കാര്യമുണ്ട്: “വല്ലതും നല്ലതു പറഞ്ഞേക്കണേ! പിള്ളര് ഒരുപാട് പ്രാക്റ്റീസ് ചെയ്തതാണ്.” ഇത്തരമൊരു പുസ്തകം അരനൂറ്റാണ്ട് മുമ്പ് എഴുതിയുണ്ടാക്കിയത് വലിയൊരു ‘ജോലി’ തന്നെയാണ്. എന്നാലും, ‘വേണ്ടിയിരുന്നോ?’ എന്ന ചോദ്യം മനസ്സിൽ വരും. കല/പുസ്തകം നിർമ്മിക്കുന്നതിനുള്ള പ്രയത്നം ഒരളവിൽ കവിഞ്ഞ് ആസ്വാദകർ കണക്കിലെടുക്കേണ്ടതില്ല. ഗുഡ്‌വിൽ ആയോ മറ്റോ കലാകാരനും ആസ്വാദകനും തമ്മിൽ ക്രയവിക്രയം നിലവിലുള്ള സാഹചര്യത്തിൽ മാത്രമേ ആസ്വാദകന് “മാനുഷികപരിഗണനയ്ക്കു പുറത്തുള്ള” ഇത്തരമൊരു വിട്ടുവീഴ്ചയെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ.

നിൽക്കണോ പോണോ?

പ്രപഞ്ചവും മനുഷ്യനും വായിക്കണോ എന്ന് ആരു ചോദിച്ചാലും—കാന്താരിമുളകിന് എരിവുണ്ടെങ്കിലും മുളകരച്ച് കണ്ണിൽ തേച്ചാൽ കണ്ണ് നീറുമോ എന്നു സ്വയം പരീക്ഷിച്ചുനോക്കുന്നവരൊഴികെ—വേണ്ടെന്നല്ലാതൊരുത്തരം പറയാൻ ചില്ലറ വൈരാഗ്യമൊന്നും പോര. വാട്സാപ്പിൽ ‘ശാസ്ത്രം’ പരത്തുന്നവർ വേണമെങ്കിൽ ഈ പുസ്തകം ഒന്നു വായിച്ചാൽ കൊള്ളം. പുസ്തകം വായിച്ചുതീർക്കാനെടുക്കുന്ന ഏതാനും ദിവസമെങ്കിലും അവരുടെ വിരൽത്തുമ്പുകൾ വിശ്രമിക്കുമല്ലോ.

ഇനി പുസ്തകം വായിച്ചേതീരൂ എന്നു വാശിയുള്ളവർ മൂന്നാം ഭാഗമായ “മനോമണ്ഡലം” വായിച്ചു നോക്കുക. ഏറ്റവും ആയാസരഹിതവായന ഈ ഭാഗത്താണ്. കൂട്ടത്തിൽ പറയട്ടെ, ഈയിടെ വൈശാഖൻ തമ്പി ചെയ്ത ഒരു പ്രഭാഷണത്തിനൊടുവിൽ എന്താണ് M-theory എന്ന് വിശദീകരിക്കാമോ എന്നൊരാൾ ചോദിച്ചിരുന്നു. കെ. വേണു ഇപ്പോഴും ഈ മണ്ഡലത്തിലൊക്കെ ഉള്ളതു തന്നെ ആശ്വാസം.

Labels:

Saturday, January 27, 2018

പുസ്തകങ്ങൾ: അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം

ഗ്രേസിയുടെ ആദ്യ കഥാസമാഹാരം ‘പടിയിറങ്ങിപ്പോയ പാർവതി’ പുറത്തുവന്നത് 1991-ലാണ്. വായനമുറ്റിയിട്ടില്ലാത്ത കാലമായിരുന്നു അത്. 1995 മുതൽ 2000 വരെയൊക്കെ കഥാകഥനത്തിൽ ഗ്രേസിയുടെ സുവർണ്ണകാലമായിരുന്നു എന്നു കരുതണം. ഇക്കാലത്ത് വായന കുറഞ്ഞെങ്കിലും തീരെ ഇല്ലാതായിരുന്നില്ല. എന്നിട്ടും ഗ്രേസിയുടെ ഒരു കൃതിപോലും വായിച്ചതായി ഓർക്കാൻ കഴിയുന്നില്ല.

‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ 2015-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രേസിയുടെ ഓർമ്മക്കുറിപ്പുകളാണ്. ഒരു ബിസിനസ് യാത്രയ്ക്കിടയിലാണ് ഈ പുസ്തകം വായിക്കുന്നത്. (വരികൾക്കിടയിൽ വായിക്കരുത്!) എൺപത്തെട്ടു പേജേയുള്ളൂ എന്നതായിരുന്നു മാനദണ്ഡം. മുഖവുര, ആമുഖം, പഠനം, ആസ്വാദനം തുടങ്ങിയ മറ്റു ഗിമ്മിക്കുകളൊന്നും ഇല്ലെന്നതും ആശ്വാസം നൽകി.

‘ഹൃദയം പോലെ ഒരു ത്രികോണം’ ആണ് പുസ്തകത്തിലെ ആദ്യ ഓർമ്മ. എഴുത്തുകാർക്ക് ഓർമ്മകൾ ഉണ്ടാവാം, അവ ചേർത്തുവച്ച് ഓർമ്മക്കുറിപ്പുകൾ എന്നപേരിൽ പുസ്തകമാക്കാം. ഇത് പ്രസിദ്ധീകരിക്കുമ്പോൾ വർഷം 2015 ആയി എന്ന് ഗ്രേസി ഓർക്കുന്നത് നന്നായിരുന്നു. താനൊരു എഴുത്തുകാരിയാണെന്നതിലൂടെ ആർജ്ജിക്കുന്ന ആത്മവിശ്വാസം നന്നായിപ്രയോഗിച്ചിട്ടുണ്ട് കുറിപ്പിനാധാരമായ അനുഭവത്തിൽ. നാല്പതു വയസ്സു കഴിഞ്ഞവർ ഈ കുറിപ്പ് വായിക്കാതിരിക്കുകയാവും ഭേദം.

പുസ്തകത്തിന്റെ പേര് പേറുന്ന ‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ ആണ് രണ്ടാം കുറിപ്പ്. മലയാളിയുടെ മനസ്സിനെ നന്നേ വായിച്ചിട്ടുള്ളത് കൊണ്ടാവണം പുസ്തകത്തിന് ഈ പേരുതന്നെ കൊടുക്കാൻ കാരണം. ഒരുതരം ക്ലിക് ബെയ്‌റ്റ്. മാർക്കറ്റിങ്ങിന്റെ കുതന്ത്രത്തിൽ തനിക്കു പങ്കില്ല എന്നു വിളിച്ചുപറഞ്ഞു കൈയൊഴിയുന്ന വരികൾ ഈ കുറിപ്പിൽ കരുത്തിവയ്ക്കാൻ എഴുത്തുകാരി മറക്കുന്നില്ല. “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചികഞ്ഞപ്പോഴാണ് അപഥത്തിന് പഴകിയുറച്ച അർഥം മാത്രമല്ല ഉള്ളതെന്നു കണ്ടെത്തിയത്. ആരും നടക്കാത്ത വഴി എന്നും വ്യാഖ്യാനിക്കാവുന്നതാണ്.” ഗ്രേസിയുടെ ഭാഷ ഇവിടെ സ്വാഭാവികത ഉപേക്ഷിച്ച് കപടമെന്നു തോന്നുന്ന കാല്പനികഭാവം കൈക്കൊള്ളുന്നുണ്ട്. “എന്റെ ഫോൺ ജലതരംഗമുതിർത്തു” എന്നും “ചൂണ്ടുവിരൽ സ്പർശം കൊണ്ട് ഞാൻ ഫോൺ ഒരചേതനവസ്തുവാക്കി” എന്നുമൊക്കെ പറയുമ്പോൾ ചിലപ്പോൾ ഈ ഭാവം വേലി പൊളിച്ചു പുറത്തു പോകുന്നുമുണ്ട്. “ബുദ്ധിജീവികളായ പുരുഷന്മാർപോലും പെണ്ണ്, കള്ള്, പണം, പെരുമ എന്നിവയിലെല്ലാറ്റിലുമോ ഏതെങ്കിലും ചിലതിലോ അഭിരമിക്കുന്നുവല്ലോ” എന്നോർത്ത് നെടുവീർപ്പിടുന്നതാണ് കുറിപ്പിന്റെ അവസാനവാക്കായി ഗ്രേസി ഓർത്തെടുക്കുന്നത്. നാലഞ്ചുവർഷം ഡ്രാഫ്റ്റിൽ കിടന്നത് കാലാന്തരങ്ങൾ കടന്നതറിയാതെ ചിലർ പോസ്റ്റ് ആക്കുന്ന പോലെ, ആദികൗമാരത്തിലെപ്പോഴോ തികട്ടിവന്ന വ്യർത്ഥവ്യഥകൾ ഈ ഓർമ്മക്കുറിപ്പിലേയ്ക്ക് വാക്കുകളായി ഒഴുകിയതാവാം. വായനക്കാരായ നമ്മളല്ലേ ക്ഷമിക്കേണ്ടത്?

തന്നേക്കാൾ പ്രായം കുറഞ്ഞ എഴുത്തുകാരിക്കു കിട്ടിയ “തകരച്ചന്തത്തിൽ മുളച്ച പുകഴ്‌ത്തൽ കത്തുകൾ” ഗ്രേസിയെ അന്തം വിടുവിക്കുകയും ഇത്രയും പ്രശംസനീയമായ കഥ തന്റെ കഥയുടെ കോപ്പിയാകാതെ വരാൻ തരമില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു ‘പുതിയ മുഖം’ എന്ന കുറിപ്പിലൂടെ. ഈ വേദനയിൽ ഉഴറുകയാണ് എഴുത്തുകാരി. കഥയുടെ മാതൃത്വം കിട്ടാതെ വന്നപ്പോൾ കുറ്റം പത്രാധിപരിൽ കെട്ടിവച്ച് ലോകം ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ആശങ്കിച്ചവസാനിക്കുന്നു എഴുത്തുകാരിയുടെ സ്മരണ.

കെ. പി. അപ്പനെപ്പറ്റിയാണ് (ഗ്രേസിയുടെ വാക്കുകളിൽ “അപ്പൻ സാറിനെ”) ‘അദൃശ്യ സാന്ത്വനം’ എന്ന ലേഖനം. “ലാളിത്യത്തിലും വിശുദ്ധിയിലും പുലരുന്ന ഒരു ജീവിതത്തെപ്പോലും അർബുദം വിഴുങ്ങുമെന്നറിഞ്ഞ് ഞാൻ ചകിതയായി” എന്നുകണ്ട് ഈയുള്ളവൻ ഓടിപ്പോയി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചകിതയായതിന് പഴകിയുറച്ചതല്ലാത്ത അർത്ഥം വല്ലതുമുണ്ടോ എന്നു ചികഞ്ഞു (സത്യം!). അതികഠിനമായ നിരാശയാണ് ഫലം. എന്താ ഈ കലാകാരന്മാർ ഇങ്ങനെ? (“ഒരു നിരൂപകന് അവശ്യം വേണ്ട ഗുണമാണ് സഹൃദയത്വം” എന്ന് ഗ്രേസി തന്റെ നിരൂപകന്മാരെ ഓർമ്മപ്പെടുത്തുന്നു. എന്റെ ഈ പോസ്റ്റ് നിരൂപണമല്ല, എനിക്കീപ്പറഞ്ഞ സഹൃദയത്വം എന്ന സംഗതിയുമില്ല.)

ഇതൊക്കെ വായിക്കാൻ ഞാൻ എന്തപരാധമാണ് ചെയ്തത് എന്നു ചോദിച്ചുപോകും ‘ശാഗ്പാനി’ വായിച്ചുതീരുമ്പോൾ. മലയാളത്തിനു ലഭിച്ച പുതിയ വാക്കായ ശാഗ്പാനിയുടെ ചരിത്രമാണ് ഗ്രേസി ഓർത്തെടുക്കുന്നത്. ചുറ്റും കാണുന്നവരെ കഥാപാത്രങ്ങളാക്കി രചനകളൊരുക്കാനും അവ അമൂല്യമാണെന്ന് കരുതാനും അവയെ പശ്ചാത്തലമാക്കി കുറിപ്പുകളെഴുതി കൊരുത്തെടുത്ത് പുസ്തകമാക്കാനും ആർക്കും വിലക്കില്ല. ഈ സ്വാതന്ത്ര്യത്തിലൊരല്പം തിരിച്ചുകാണിച്ചാലോ? ഗ്രേസിയുടെ വക പുച്ഛവും പരിഹാസവും.

ഈ കുറിപ്പുകളിൽ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങൾ വായിക്കുന്നുള്ളൂവെങ്കിൽ ‘ഞരമ്പുരോഗി’ വായിക്കുക. ‘ഹൃദയം പോലെ ഒരു ത്രികോണം’ എന്ന പോലെ പൈങ്കിളിയായി തുടങ്ങി, എന്നാൽ അതിൽ നിന്നും വേറിട്ട്, ശക്തവും ധീരവുമായി, ദുര്‍ഭാഷണത്തേയും അധിക്ഷേപത്തേയും സ്ത്രീനിന്ദയേയും നേരിട്ട ഓർമ്മയാണ് ‘ഞരമ്പുരോഗി’ എന്ന കുറിപ്പിൽ. ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്ന അനുഭവമാണ് ‘കണ്ണാടിയിലെ പെണ്ണ്’ പറയുന്നത്. പല വിധത്തിലും സർവ്വസാധാരണമായ ഒരനുഭവം. വേണ്ടവിധത്തിൽ വേണ്ടസമയത്ത് പ്രതികരിക്കാതെ പിന്നീട് നിരാശപ്പെടുന്നതും സംഭവം “റീപ്ലെ” ചെയ്ത് ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് വിചാരിച്ചു കൂട്ടുന്നതിലും നമ്മളാരും പിന്നിലല്ല. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീയനുഭവങ്ങളിലൊന്നിനെ മനുഷ്യപ്പറ്റുള്ളവരിൽ രക്തം തിളപ്പിക്കുമാറ് പറഞ്ഞൊരുക്കുന്നു ‘കണ്ണാടിയിലെ പെണ്ണ്.’

എഴുത്തുകാരും സിനിമാക്കാരും (മലയാളക്കരയിലെ സെലിബ്രിറ്റികൾ) സ്വയം സാംസ്കാരിക നായകന്മാരും നായികകളുമായി സങ്കല്പിച്ച് സാമൂഹ്യ പുനരുദ്ധാരണം നടത്തുന്നത് പതിവാണല്ലോ. ഉപദേശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമെന്നല്ലാതെ സ്വജീവിതത്തിൽ പകർത്തുന്നവർ തുലോം കുറവാണെന്ന് ആരാധനാന്ധത ബാധിച്ചവർക്കൊഴികെ മറ്റെല്ലാർക്കും ബോദ്ധ്യവുമുണ്ട്. ബോധിച്ചുറച്ചതെന്ന് നാം (കേൾവിക്കാരും വായനക്കാരും) കരുതുന്ന ആദർശപ്രഖ്യാപനങ്ങൾ പ്രസരിപ്പിക്കുമ്പോഴും അവ സ്വജീവിതത്തിലുണ്ടാക്കിയേക്കാവുന്ന “പൊല്ലാപ്പു”കളെ ജീവസഹജമായ സ്വാർത്ഥത എന്ന ഒഴിവുകഴിവിന്റെ മിഠായിപ്പൊതിയിൽ ഒളിപ്പിച്ചു ‘അനാമികയുടെ കഥ’ എന്ന കുറിപ്പിലൂടെ വിൽക്കാൻ കാട്ടുന്ന വിരുത് ശ്രദ്ധേയം തന്നെ.

മനുഷ്യ സഹജമായ വികാരങ്ങളെ മറയില്ലാതെ കാണിക്കുന്നു, ‘ഒരു യക്ഷിക്കഥ.’ വെട്ടി നേടാനും പരിഹസിക്കാനും ധൈഷണിക മുൻതൂക്കം ഭാവിക്കാനും എഴുത്തുകാർക്ക് ഒരു മടിയുമില്ല. എന്നു മാത്രമല്ല, അതൊക്കെ നോർമലൈസ് ചെയ്യാനുള്ള വ്യഗ്രതയിൽ “എനിക്ക് ഉള്ളത് ഉള്ളതുപോലെ പറയാൻ മടിയില്ല” എന്ന് ധ്വനിപ്പിക്കുകയും ചെയ്യും (അതായത്, വായനക്കാരായ നമുക്കാണ് പ്രശ്നം മുഴുവൻ!). ഈ കുറിപ്പിൽ ഗ്രേസി താനെഴുതിയ ഒരു കഥയുടെ വൃത്താന്തം പറയുന്നുണ്ട്. മറ്റൊന്നും വായിച്ചില്ലെങ്കിലും ‘ദേവീ മാഹാത്മ്യം’ എന്ന കഥ വായിക്കണമെന്ന ആഗ്രഹം ജനിപ്പിക്കാൻ കുറിപ്പിന് കഴിഞ്ഞു. ഗ്രേസിയുടെ കഥകൾ ചിലതെങ്കിലും തിരഞ്ഞുപിടിച്ച് വായിക്കണം.

‘സായാഹ്നസഞ്ചാരം’, ‘അധീരയുടെ ആത്മഭാഷണങ്ങൾ’ എന്നിവ വായിക്കുമ്പോൾ ഇവയൊക്കെയും ആത്മകഥയിൽ നിന്നും വെട്ടിമാറ്റിയ ഏടുകളല്ലേ എന്ന സംശയം ബലപ്പെടും. ഇവയിൽ നിന്നൊക്കെ എന്താണ് കൊള്ളേണ്ടത് എന്താണ് തള്ളേണ്ടത് എന്ന സംശയമാണ് വായിച്ചു തീരുമ്പോൾ ഉണ്ടാവുക. ആത്മപ്രശംസയാണ് അജണ്ട എന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ സന്ദേഹം ഇല്ലാതാവും.

ഇരുപത്താറ് കുറിപ്പുകളുടെ ആകെത്തുകയാണ് പുസ്തകം. അവയിൽ ചിലതിനെപ്പറ്റി മാത്രമേ ഞാൻ മുകളിൽ പരാമർശിച്ചിട്ടുള്ളൂ. പിന്നീടുള്ള മിക്കതിനും യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലെന്നു മാത്രമല്ല, പല കുറിപ്പുകളും ഉപരിപ്ലവവും ഉടലാകമാനം പിന്തിരിപ്പനുമാണ്. ഇത്തരം കുറിപ്പുകൾ നാഴികയ്ക്ക് നാൽപ്പത് വട്ടം പലരുടെവകയായും ഫെയ്സ്ബുക്കിൽ കാണാറുണ്ട്. ദോഷം പറയരുതല്ലോ, കഥപോലെ വായിച്ചു പോകാവുന്നവയും അച്ചടക്കത്തോടെ എഴുതിയിരിക്കുന്നവയുമായ രണ്ടുമൂന്നു ഓർമ്മകളുണ്ട് പുസ്തകത്തിൽ. ബാക്കിയുള്ളവയിൽ ‘എടുക്കാത്ത നാണയം’ മമ്മൂട്ടിയുടെ അഭിനയത്തെ സംബന്ധിച്ച വിമർശനമാണെഞിലും കാമ്പില്ലാത്തതിനാൽ കാര്യമാക്കാനില്ല. ‘കഥ നന്നാക്കാനുണ്ടോ?’ എന്നത് കഥയെഴുതേണ്ടുന്ന സമയത്ത് അതിനു പകരം താൻ ചെയ്ത പരിത്യാഗങ്ങളുടെ പായ്യാരം പറച്ചിലാണ്.

“ഒരു ചെറിയ ജീവിതത്തിന്റെ ശിരോ രേഖകൾ” എന്ന പേരിൽ ഗ്രേസിയുടെ ആത്മകഥ ഉണ്ടു പോലും. ഈ ഓർമ്മക്കുറിപ്പുകളുടെ രീതിവച്ച് ആ ആത്മകഥ വായിക്കാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. ഒരുപക്ഷേ, ആത്മകഥയിൽ “ആത്മ കഥാംശം” കൂട്ടിയതു കാരണം പ്രസാധകൻ വെട്ടിനിരത്തിയത് ബാക്കിവന്നതാവാം ഓർമ്മക്കുറിപ്പായത് എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. (പഠിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടാഴ്ച ക്ലാസ് കട്ട് ചെയ്ത് ‘ആൾക്കൂട്ടം’ വായിച്ചയാളാണ്. ചെറുകാടിന്റെ ആത്മകഥയൊക്കെ വായിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. എന്നിട്ടും!) പഞ്ചസാര മണലുറങ്ങുന്ന മെക്സിക്കൻ കടൽത്തീരത്ത് ആട്ടു മഞ്ചലിൽ ചായയും ബിസ്കറ്റുമൊപ്പം ഗ്രേസിയുടെ ആത്മകഥ വായിക്കുന്നൊ അതോ ഇങ്ങു സീയാറ്റിലിൽ കേരള അസോസിയേഷൻ പരിപാടി നടക്കുന്ന ഹോളിൽ കാലും കയ്യും കെട്ടിയിട്ട് സ്റ്റീവൻ സ്മിത്തിന്റെ ഒരു ഇന്നിംഗ്‌സ് മുഴുവൻ കാണുന്നോ എന്നു ചോദിച്ചാൽ ഞാൻ ഒരു വേള ഈ അഭിപ്രായം മാറ്റിയേക്കും; ഉറപ്പില്ല.

Labels:

Thursday, March 23, 2017

പുസ്തകങ്ങൾ: ശരീരം അറിയുന്നത്

“You are not entitled to your opinion” എന്ന് വാദിക്കുന്നവരുണ്ട്. കേൾക്കുമ്പോൾ ചെടിപ്പ് തോന്നുമെങ്കിലും അതത്ര മോശം വാദമല്ലാതെ വരുന്നത് വാദത്തിന്റെ ശിഷ്ടരൂപം “You are only entitled to what you can argue for” എന്നതായതിനാലാണ്. അഭിപ്രായപ്രകടനങ്ങളിൽ generic irreverence ഇടയ്ക്കെല്ലാം തലപൊക്കാറുണ്ടെന്ന് പൊതുവേ ഒരാക്ഷേപം എന്നെപ്പറ്റി നിലവിലുണ്ടെങ്കിലും പ്രായം കൂടുമ്പോൾ സാധാരണയായി പുറത്തുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായിക്കണ്ട് പലരും അതത്ര കാര്യമാക്കാറില്ല എന്നാണ് എന്റെ നിരീക്ഷണം. പുസ്തകങ്ങളെപ്പറ്റി പറയുമ്പോഴും ഇപ്പറഞ്ഞ irreverence തോന്നുന്നുണ്ടെങ്കിൽ, വാദിക്കാൻ തയ്യാറാണെന്നതിനാൽ, അതിശയിക്കരുതെന്ന് സാരം.

കഴിഞ്ഞ വർഷം പുത്തരിക്കണ്ടത്തു നടന്ന മാതൃഭൂമിയുടെ പുസ്തകപ്രദർശനത്തിനു പോകുക വഴി സി. വി. ബാലകൃഷ്ണന്റെ ‘ശരീരം അറിയുന്നത്’ എന്ന കഥാസമാഹാരം കാണാനും വാങ്ങാനും അവസരമുണ്ടായി. സി. വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ മാത്രമേ ഞാൻ വായിച്ചിരുന്നുള്ളൂ. അതാവട്ടെ, 1989-1992-കാലഘട്ടത്തിലെപ്പോഴോ ആയിരിക്കണം. ഈ സമയത്തിനും മുമ്പുതന്നെ, ഹോസ്റ്റൽ വാസം കാരണം ബൈബിൾ സാഹിത്യം എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു. വായനാനന്തരം, ആയുസ്സിന്റെ പുസ്തകത്തിലെ ഭാഷകൊണ്ടു മാത്രം ആ പുസ്തകത്തോട് പ്രത്യേകിച്ചൊരിഷ്ടം തോന്നിയതായും ഓർക്കുന്നു. പിന്നീടെന്തുകൊണ്ടോ, വല്ലപ്പോഴുമൊരിക്കൽ പുസ്തകക്കടകളിൽ കയറിയിറങ്ങുമ്പോഴൊന്നും സി. വി. ബാലകൃഷ്ണന്റെ ഒരു പുസ്തകവും എന്റെ കണ്മുന്നിൽ വന്നുപെട്ടില്ല. ‘ശരീരം അറിയുന്നത്’ എന്ന പുസ്തകത്തിന്റെ പുറം ചട്ടയിൽ ‘പ്രണയത്തിന്റെയും രതിയുടെയും കഥകൾ’ എന്നുകൂടി വിശദീകരിച്ചതു കണ്ടതേ മറ്റൊന്നുമാലോചിക്കാതെ വാങ്ങുകയായിരുന്നു.

“I want to do to you what spring does with the cherry trees” എന്ന വരികളില്ലാതെ എന്തോന്ന് പ്രണയത്തിന്റെയും രതിയുടെയും പുസ്തകം എന്നതിനാൽ കവിതയുടെ അവസാന വരികൾ മലയാളത്തിലാക്കി ആദ്യമേ അരങ്ങൊരുക്കിയിട്ടുണ്ട്. അതും കഴിഞ്ഞാണ് രണ്ടുഭാഗങ്ങളിലായി 26 കഥകൾ അവതരിപ്പിക്കുന്നത്.

എന്തിനാ കൂടുതൽ പറഞ്ഞ് നിങ്ങളുടേയും എന്റേയും സമയം കളയുന്നത്? ഈ ഇരുപത്താറ് കഥകളിൽ ഏഴെണ്ണമൊഴികെ ബാക്കിയെല്ലാം വെറും പാഴാണ്. ഏഴു കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവതെങ്ങനെ, ഒരു പുസ്തകമെന്നൊക്കെപ്പറയുമ്പോൾ കുറഞ്ഞത് നൂറ്-നൂറ്റമ്പതു പേജെങ്കിലും തികയ്ക്കേണ്ടേ എന്ന പ്രസാധകന്റെ നിർദ്ദേശപ്രകാരം ഒറ്റരാത്രികൊണ്ട് എഴുതിത്തീർത്തപോലുള്ളവയാണ് മറ്റെല്ലാ ‘കഥ’കളും. ഭാഷയുടെ, പ്ലോട്ടിന്റെ, രാഷ്ട്രീയത്തിന്റെ, അതിലുപരി, പുസ്തകത്തിന്റെ ഏറ്റവും വലിയപരസ്യമായ പ്രണയം, രതി എന്നീ വികാരങ്ങളുടെ തലങ്ങളിൽ അനുവാചകനെ സ്പർശിക്കുന്ന (ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുന്ന, അപൂർവ്വമായി ചിരിപ്പിക്കുകപോലും ചെയ്യുന്ന) സൃഷ്ടികളുടെ കൂട്ടത്തിൽ പെടുത്താവുന്നവ ‘ബ്ലോസം മാർട്ടിന,’ ‘ഇപ്പോൾ മൺമറയിലൂടെ കാണുന്നു,’ ‘തികച്ചും വ്യത്യസ്തമായ ഒരു സായാഹ്നം,’ ‘സാന്ദ്രസൗഹൃദം,’ ‘രഹസ്യവാതിൽ,’ ‘പുകയിലക്കള്ളൻ,’ ‘ഹൃദയാകാശം’ എന്നീ ഏഴെണ്ണം മാത്രം.

ഇക്കൂട്ടത്തിൽ ‘രഹസ്യവാതിൽ’ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കളങ്കമില്ലാത്ത വൈകാരികാവിഷ്കാരമാണ് ഈ കഥയുടെ ജീവൻ. ചെറുകഥയ്ക്കനുയോജ്യമായ സന്ദർഭവും കഥാപാത്രങ്ങളും. വിസ്മയം നിലനിർത്തിയുള്ള, വായനക്കാരെ വ്യാപൃതരാക്കുന്ന രീതിയിൽ നാടകീയമായ ആഖ്യാനം. മനോഹരമായ അന്ത്യം. ‘തികച്ചും വ്യത്യസ്തമായ ഒരു സായാഹ്ന’വും ‘പുകയിലക്കള്ള’നും പ്രണയമോ രതിയോ ഇതു രണ്ടുമോ പങ്കുവയ്ക്കുന്നതിനു പുറമേ ഒരു പുഞ്ചിരികൂടി അവശേഷിപ്പിക്കും. ‘ബ്ലോസം മാർട്ടിന,’ ‘ഇപ്പോൾ മൺമറയിലൂടെ കാണുന്നു,’ ‘ഹൃദയാകാശം’ എന്നിവ ടെക്സ്റ്റ്ബുക്ക് ടൈപ്പ് ചെറുകഥകളാണെങ്കിലും വായനാസുഖം അവശേഷിപ്പിക്കുന്നവയാണ്. ഈ പുസ്തകത്തിലെ ഏറ്റവും നീണ്ടകഥകളാണ് ‘സാന്ദ്രസൗഹൃദ’വും (14 പേജ്) ‘ഉറങ്ങാൻ വയ്യ’യും (17 പേജ്). പന്ത്രണ്ടു ഭാഗങ്ങളായി പകുത്ത് ഏകാഗ്രതയോടെ പറയുന്ന ‘സാന്ദ്രസൗഹൃദ’ത്തിന്റെ നേരെതിരാണ് ‘ഉറങ്ങാൻ വയ്യ’യുടെ ആവിഷ്കാരശൈലി. വായിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്നോ നാലോ തവണ “ഇത് ഇവിടെ നിർത്തിയാൽ നന്നാവും” എന്നു തോന്നുന്ന ഭാഗങ്ങളുണ്ട്. പക്ഷേ, നമുക്കു തോന്നിയിട്ട് കാര്യമില്ലല്ലോ. ഒന്നു തിരുത്തിയെഴുതിയാൽ ഏറ്റവും നന്നായേക്കാവുന്ന കഥ ‘ഉറങ്ങാൻ വയ്യ’ ആണെന്നു പറയാം.

167 പേജേയുള്ളൂവെങ്കിലും വളരെ കഷ്ടപ്പെട്ടാണ് ‘ശരീരം അറിയുന്നത്’ വായിച്ചു തീർത്തത്. ഏഴുകഥകൾ ആസ്വദിക്കാൻ വേണ്ടി മറ്റു പത്തൊമ്പതെണ്ണം സഹിക്കുന്നത് അല്പം കടന്ന കയ്യാണ്. വായിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ ഏഴെണ്ണം വായിക്കുക, ബാക്കിയുള്ളത് ഉറക്കസഹായിയായി കരുതിവയ്ക്കുക. എന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ പ്രണയവും രതിയും ആസ്പദമാക്കി ഞാനെഴുതിയ ‘ശുപാര്‍ശക്കത്ത്,’ ‘സ്വപ്നപ്രഭ’ എന്നീ കഥകൾ കൂടി വായിച്ചു നോക്കുക. നന്നായി ഉറങ്ങും.

ഈ പുസ്തകസംബന്ധിയായ മൂന്നു കാര്യങ്ങൾ കൂടി:

തളർന്നുറങ്ങുന്ന ഭാഷ:

ചില കൃതികൾ വാക്കുകൾ കൊണ്ട് മായിക പ്രപഞ്ചം വിരിയിക്കും. വായനക്കാരൻ ചുറ്റുശാലയിൽ നിന്നും കഥാപാത്രത്തോടൊപ്പം കളിക്കളത്തിലെത്തും. ‘ശരീരം അറിയുന്നത്’ പോലെയുള്ള രചനകളാവട്ടെ (മിക്ക കഥയിലും), ഭാഷയാൽ വായനക്കാരനെ തെല്ലകലത്തിൽ നിർത്തും. രണ്ടു പെണ്ണുങ്ങൾ കുളിക്കാൻ കയറുന്നത് ഒരേകണ്ണുകൊണ്ടു കാണുന്ന കഥാകൃത്ത് രണ്ടുകഥകളിൽ ഏകദേശം ഒരുപോലെ എഴുതുന്നതിൽ തെറ്റില്ലെങ്കിലും 128-ആം പേജിൽ കന്യാദശ എന്ന കഥയിൽ:

‘ഞാൻ കുളിക്കുന്നു,’ റൂം ബോയ് പുറത്തിറങ്ങിയതും മായ പ്രഖ്യാപിച്ചു. അവൾ ടൗവലുമായി കുളിമുറിയിലേക്കു കയറി. വാതിൽ അടഞ്ഞുകിടക്കുകയാണെങ്കിലും സുതാര്യമായ ഒരു ചില്ലുപാളിയിലൂടെയെന്നപോലെ വിനോദ് തന്നെ കാണുന്നുവെന്നതറിയാതെ അവൾ ഷവറിനു കീഴേ നിന്നു.

ഇങ്ങനെ വായിച്ചിട്ട്, ആ ചൂടാറും മുമ്പ്, 137-ആം പേജിൽ വിനോദസഞ്ചാരികൾ എന്ന കഥയിൽ ഇങ്ങനെ വായിക്കുമ്പോൾ:

‘ഞാനൊന്നു കുളിക്കട്ടെ,’ ക്രിസ്റ്റീന പറഞ്ഞു. നോബർട്ടിന്റെ കൺമുന്നിൽവെച്ചുതന്നെ വസ്ത്രം അഴിച്ചുമാറ്റി ഒരു ബാത് ടൗവൽ കൈയിലെടുത്ത് ക്രിസ്റ്റീന കുളിമുറിയിലേക്കു നടന്നു. നോബർട്ടിന്റെ കണ്ണുകളിലൂടെ, ഗോതമ്പുനിറമുള്ള നഗ്നമായ ഉടലുമായി അവൾ നടന്നകന്നു.

ഉറങ്ങിപ്പോയതിനാൽ പേജുകൾ അറിയാതെ പിറകിലേയ്ക്ക് മറിഞ്ഞ് വായിച്ച കഥ വീണ്ടും വായിക്കുകയാണോ എന്നു സംശയിക്കും. ചിലപ്പോൾ അറിഞ്ഞില്ലെന്നുതന്നെ വരും!

കഥയുടെ മതവും ജാതിയും:

‘വാതിൽ’ എന്ന കഥയുടെ പാത്രസൃഷ്ടിയെപ്പറ്റിയൊന്നും പറയാത്തതാണ് നല്ലത്. കഥാപാത്രങ്ങളുടെ ജാതിയും മതവുമൊക്കെ വളരെ യാദൃച്ഛികമായി കഥകൃത്തിന്റെ മനസ്സിലെത്തുന്നതാവാനാണു സാദ്ധ്യത. ബാക്കി വായനക്കാർ തീരുമാനിക്കട്ടെ.

പിശുക്കില്ലാത്ത തലക്കെട്ടുകൾ:

കഥകൾക്കു പേരിടുന്നത് ഒരു കലതന്നെയാണ്. സി. വി. ബാലകൃഷ്ണൻ ഈ പുസ്തകത്തിലെ പല കഥകൾക്കും വളരെ നല്ല പേരുകൾ കൊടുത്തിട്ടുണ്ട്. പലപ്പോഴും ആ പേരുകൾ വളരെ അനുയോജ്യവുമാണ്. മുകളിൽ പരാമർശിക്കാത്ത കഥകളിൽ നിന്നും രണ്ട് ഉദാഹരണങ്ങൾ: കൊച്ചു കൊച്ചു കുരിശുരൂപങ്ങൾ, ഗന്ധമാദനം. പേരുകണ്ട് ഓടിച്ചെന്ന് വായിച്ചേക്കരുത്!

Labels:

Tuesday, February 21, 2017

പുസ്തകങ്ങൾ: ഉദകപ്പോള

തൂവാനത്തുമ്പികൾ നാളിതുവരെ കണ്ടിട്ടില്ല എന്ന് കഴിഞ്ഞൊരു ദിവസം ഞാൻ കുമ്പസരിച്ചിരുന്നു. അതേത്തുടർന്നാണ് ക്രാഫ്റ്റിന്റെ ഇന്ദ്രജാലം കാണണമെങ്കിൽ ഉദകപ്പോളയിൽ തുടങ്ങണം എന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞത്. ഉദകപ്പോള പണ്ടെപ്പൊഴോ (1994-ൽ ആവണം) വായിച്ചിരുന്നെങ്കിലും ജാലവിദ്യയൊന്നും ഓർമ്മയിലില്ലാത്തതിനാൽ ഒരിക്കൽ കൂടി വായനയാവാം എന്നു വിചാരിക്കുകയായിരുന്നു.

ആ വിചാരം വെറുതേയായില്ല. സത്യം പറഞ്ഞാൽ ഒരിക്കൽ വായിച്ചിട്ടുള്ള, വിശിഷ്യ, വായിച്ച് ഹർഷപുളകഫലമൊത്തെന്നു കരുതുന്ന എല്ലാ പുസ്തകങ്ങളും പതിനഞ്ച്-ഇരുപത് വർഷം കഴിയുമ്പോൾ ഒന്നുകൂടി വായിച്ച് ഇക്കാലത്തിനിടെ ആർജ്ജിച്ച അനുഭവമണ്ഡലങ്ങളോടുരസി മാറ്റുറപ്പിക്കേണ്ടതാണ്.

വർഷങ്ങൾക്കുമുമ്പുള്ള ആദ്യവായനയിൽ ഉദകപ്പോള വലിയൊരു സംഭവമെന്നു തോന്നിയിരുന്നില്ലെങ്കിലും പദ്മരാജന്റെ മറ്റു പല കൃതികളും വായിക്കാൻ അതു കാരണമായി. (എങ്ങനെയാണ് പദ്മരാജൻ എന്നെഴുതുന്നത്? പദ്മ ആണോ പത്മ ആണോ—ഡി. സി. യുടെ പുസ്തകത്തിൽ പത്മരാജൻ എന്നാണ്. ഗൂഗിളും ബിംഗും പത്മരാജൻ എന്ന സേർച്ചിനാണ് കൂടുതൽ റിസൽട്ടുകൾ കാണിക്കുന്നത്.)

ഇരുപത്തിമൂന്നോളം വർഷം കഴിഞ്ഞുള്ള രണ്ടാം വായനയിൽ ഉദകപ്പോളയെപ്പറ്റി പുതുതായി തോന്നിയ ചില കാര്യങ്ങൾ മാത്രം പറയാം.

ഒന്ന്: ഇന്നത്തെ ‘കഥാഭാഷ,’ പദ്മരാജന്റേതിൽ നിന്നും ഏറെ മാറിയിരിക്കുന്നു. വാക്കുകൾ കൊണ്ട് തെല്ലെങ്കിലും മാസ്മരികത തീർക്കാൻ പതിനഞ്ചദ്ധ്യായമുള്ള ഉദകപ്പോളയിൽ അദ്ദേഹം പതിനാലാം അദ്ധ്യായം വരെ കാത്തിരുന്നു. വാക്കുകളുടെ മാജിക് കഥയ്ക്ക് അനിവാര്യതയല്ലാത്തതിനാൽ, ഇതൊരു പോരായ്മയല്ല, നിരീക്ഷണം മാത്രം. പല പുസ്തകങ്ങൾ വായിക്കുമ്പോഴും മായാതെ കിടക്കുവാൻ ഒന്നുരണ്ടു വാക്കുകൾ കൂടെപ്പോരും. എം. ജി. ശ്രീകുമാർ ‘ഓഡിയൻ’ എന്നു പണ്ടൊരിക്കൽ കാച്ചിയത്, ഒരു പക്ഷേ, ഈ പുസ്തകത്തിലുപയോഗിച്ചിരിക്കുന്ന വാക്ക് കൂടെപ്പോന്നിട്ടാണെന്നു വരാം.

രണ്ട്: ഉദകപ്പോള വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിച്ച സുഹൃത്ത് അവകാശപ്പെട്ടപോലെ, “വീട്ടിലൊരു രാധ, മനസ്സിലൊരു ക്ലാര” എന്ന് തൂവാനത്തുമ്പികൾ ആവിഷ്കരിച്ചുറപ്പിച്ചെന്നു പറയുന്ന പുരുഷസ്വപ്നമൊന്നും ഉദകപ്പോളയുടെ അവസാന പേജ് വായിച്ചു കഴിഞ്ഞിട്ടും എന്നിലുറഞ്ഞില്ല. വായനയുടെ കുഴപ്പമാകാം. എന്നുമാത്രമോ, ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളിൽ കരുണാകരമേനോനൊഴികെയാരും വായനാനന്തരം മനസ്സിൽ തങ്ങിനിന്നതുപോലുമില്ല. (‘ക്‌ളാര,’ അതായത്, ക് കഴിഞ്ഞ് ളാ എന്നരീതിയിലാണ് പുസ്തകത്തിലുടനീളം ക്‌ളാര എന്നെഴുതിയിരിക്കുന്നത്. എന്നാൽ പുറം ചട്ടയിലാകട്ടെ, ‘ക്ലാര’—stacked ക്ല ഉപയോഗിച്ച് ആണ് എഴുതിയിരിക്കുന്നത്.)

മൂന്ന്: കഥാപാത്രങ്ങളുടെ സ്വഭാവവിശേഷം വാക്കുകളിലൂടെ പകരാൻ ശ്രമിക്കുന്ന കഥാകൃത്ത്, സ്വഭാവനിർമ്മിതിയിലൂടെ അവയെ അടിച്ചുറപ്പിക്കാനൊന്നും ശ്രമിക്കുന്നില്ല. ജയകൃഷ്ണൻ എന്ന കഥാപാത്രം പദ്മരാജന്റെ ഏതോ സുഹൃത്തിന്റെ പകർപ്പാണെന്നും എന്നാൽ ക്ലാര പൂർണ്ണമായും ഭാവനാസൃഷ്ടിയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ജയകൃഷ്ണന്റേതുൾപ്പെടേയുള്ള പ്രധാന കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിപോലും ചിലപ്പോഴെങ്കിലും, പരസ്പരവിരുദ്ധമായ സ്വഭാവവിശദീകരണങ്ങളിൽ കോർത്തിട്ടിട്ടുണ്ട്. ലംബമോ തിരശ്ചീനമോ ആയ പാത്രവികസനം കേന്ദ്രകഥാപാത്രങ്ങൾക്കു പോലും കഷ്ടിയാണ്.

ചുരുക്കത്തിൽ, “ഉദകപ്പോള വായിച്ചിട്ടില്ലേ?” എന്ന ചോദ്യത്തിന് ഉണ്ട് എന്നു പറയാനാണെങ്കിൽ ഈ ചെറു നോവൽ വായിക്കാം (ഡി. സി. യുടെ ഏഴാം പതിപ്പ്, പ്രസാധകക്കുറിപ്പും അനുബന്ധവുമടക്കം 144 പേജ് മാത്രം). ‘ലോല’ വായിച്ചിട്ടുണ്ടോ? ലോലയാണ് പദ്മരാജന്റേതായി അവസാനം വായിച്ചതെങ്കിൽ, അതു മറക്കാനായി, അതിലും ഒരു പടി മുകളിലുള്ള ഉദകപ്പോള വായിക്കുന്നതിൽ തെറ്റില്ല.

പുസ്തകം സിനിമയാക്കിയപ്പോൾ കഥയേയും കഥാപാത്രങ്ങളേയും പറ്റി രണ്ടാമതാലോചിക്കാൻ സാഹചര്യമുണ്ടായ സ്ഥിതിക്ക് സിനിമയാണ് പുസ്തകത്തേക്കാൾ നന്നാവാൻ സാദ്ധ്യത എന്ന് ഞാൻ പ്രവചിക്കുന്നു. വികസിപ്പിക്കാതെ നിറുത്തിയ, എന്നാൽ ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ വായനക്കാരനിൽ അല്പം കൗതുകം നിറച്ചേക്കാവുന്ന കഥാപാത്രങ്ങൾ നോവലിൽ എങ്ങോളം കാണാം. സിനിമയിൽ എത്തുമ്പോൾ ഇവരെ തേച്ചുമിനുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. കണ്ടിട്ടു പറയാം.

Labels:

Thursday, November 03, 2016

പുസ്തകങ്ങൾ: ഓർമ്മയുടെ ഞരമ്പ്

ഞാൻ ആദ്യമായാണ് കെ. ആർ. മീരയുടെ ഏതെങ്കിലുമൊരു കൃതി വായിക്കുന്നത്. 14 വർഷങ്ങൾക്കു മുമ്പ് 2002-ലാണ് ഓർമ്മയുടെ ഞരമ്പ് എന്ന ഏഴു കഥകളുടെ സമാഹാരം പുറത്തിറങ്ങുന്നത്.

വായിച്ചില്ലെങ്കിലും നഷ്ടമൊന്നും വരില്ലെങ്കിലും ഈ സമാഹാരത്തിലെ രണ്ടു കഥകൾ (സർപ്പയജ്ഞം, ആലിഫ് ലെയ്‌ല) എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ‘സർപ്പയജ്ഞം’ അതിന്റെ ക്ലാസിക് ആഖ്യാനരീതികൊണ്ടും ‘ആലിഫ് ലെയ്‌ല’ അവതരണത്തിലെ അനായാസതകൊണ്ടും. ‘സർപ്പയജ്ഞം’ പരീക്ഷണമേതുമില്ലാതെ കഥാകഥനത്തിന്റെ “ടെക്സ്റ്റ്‌ബുക്ക് പ്രകൃതം” അപ്പടി പിന്തുടരുന്നുണ്ട്. എന്നാൽ ‘ആലിഫ് ലെയ്‌ല’യാവട്ടെ, കഥനോദ്യമത്തിൽ ഋജുരേഖയുടെ ആഘോഷമാണ്.

പുസ്തകത്തിന്റെ പേരായിവന്ന ഓർമ്മയുടെ ഞരമ്പ് എന്നകഥയുടെ സവിശേഷത എനിക്കു മനസ്സിലായില്ല (പുസ്തകത്തിന്റെ പേരെന്നതിനു പുറമേ ഈ കഥയെപ്പറ്റി ടി. പത്മനാഭൻ പറഞ്ഞ നല്ലവാക്കുകൾ പുസ്തകത്തിലുണ്ട്). നിർമമത എന്നത് സാധാരണ കഥാസമാഹാരത്തിലോ നോവലിലോ ഒരിക്കൽ മാത്രമൊക്കെ പ്രത്യക്ഷപ്പെടുന്ന വാക്കാണ്. ഈ കൃതിയിൽ, ഏഴുകഥകളിൽ, വെറും 68 പേജുകളിൽ “നിർമമത” രണ്ടു പ്രാവശ്യമുണ്ട്!

കെ. ആർ. മീരയിൽ നിന്നു കുറച്ചുകൂടി സ്ത്രീപക്ഷ എഴുത്തു പ്രതീക്ഷിച്ചിരുന്നു. ഈ പുസ്തകത്തിലെ ഒരു കഥയിലും അതില്ല. ഒരു പക്ഷേ, ഇതിനുശേഷമുള്ളവയിൽ ഉണ്ടാവാം, ഒക്കേയും പതിയേ വായിക്കുന്നുണ്ട്.

Labels:

Saturday, October 15, 2016

പുസ്തകങ്ങൾ: നിലം പൂത്തു മലർന്ന നാൾ

മനോജ് കുറൂരിന്റെ “നിലം പൂത്തു മലർന്ന നാൾ” വായിച്ചു. പുസ്തകവായന ഇഷ്ടമുള്ളവർ വായിച്ചിരിക്കേണ്ട നോവലാണിത്.

കൊലുമ്പൻ, ചിത്തിര, മയിലൻ എന്നീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ നിന്നാണ് നോവലിസ്റ്റ് പതിനേഴു നൂറ്റാണ്ടു മുമ്പുള്ള കേരള-തമിഴ്‌നാട് ഭൂവുടങ്ങളിലെ പോരാട്ട കലുഷിതമായ ഒരേട് വരച്ചുവയ്ക്കുന്നത്. കഥാപാത്രങ്ങളേയും സ്ഥലകാലങ്ങളേയും പരിചയപ്പെടുത്തുന്ന “ഒന്നാം എഴുത്താ”യ കൊലുമ്പൻ വായനയുടെ ക്ഷമയെ നന്നായി പരീക്ഷിച്ചു. പട്ടിണിയുടെ പച്ചയായ ചിത്രീകരണം മനസ്സിൽത്തട്ടും വിധം ഒന്നാം എഴുത്തിലുണ്ട്: “രണ്ടുനാൾ മുമ്പാണ് ഇറക്കിവിട്ടിട്ടും പോകാതെ കൂടെക്കൂടിയിരുന്ന ഒരു പട്ടി ആളേറെയുള്ള ആ കുടിലിൽത്തന്നെ പെറ്റത്. കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളുടെ കിളുന്നുവായകൾ തള്ളയുടെ മുലകളിൽ മുട്ടി തിരഞ്ഞെങ്കിലും അവ വറ്റി വരണ്ടിരുന്നു. ഞങ്ങളുടെ വറുതി വളർത്തുപട്ടിയിലും പകർന്നിരുന്നു. ഉള്ളിലുള്ള കനിവ് മുലകളിലേയ്ക്കു ചുരത്താനാവാതെ അത് മോങ്ങിക്കൊണ്ടിരുന്നു.”

ചിത്തിരയുടെ ആഖ്യാനമെത്തുമ്പൊഴേയ്ക്കും കഥയുമായി ഒരാത്മബന്ധം വന്നു. നോവലിസ്റ്റിന്റെ കയ്യൊപ്പാകെ നിറഞ്ഞുകിടക്കുന്നതും ഈ രണ്ടാം എഴുത്തിലാണ്. വായനാസുഖം മെല്ലെയാരംഭിച്ച് അതിന്റെ പാരമ്യത്തിലെത്തുന്നതും ഈ ഭാഗത്തുതന്നെ. ചിത്തിരയും മകീരനും തമ്മിലുള്ള ബന്ധം മികവുറ്റ ആഖ്യാനത്തിനു മാതൃകയാകും വിധം ചായം കലർത്തി വരച്ചിട്ടിട്ടുണ്ട്. എന്നു മാത്രമോ, രസച്ചരടുപൊട്ടാതെ നാടകീയത നന്നേ പകർത്തിക്കൂട്ടാനായതും രണ്ടാമെഴുത്തിൽത്തന്നെ. ഉദാഹരണങ്ങൾ എങ്ങെങ്ങും നിറഞ്ഞു നിൽക്കയാൽ ഒന്നും എടുത്തെഴുതുന്നില്ല.

കേന്ദ്രകഥാപാത്രമായ മയിലനിലെത്തുമ്പോഴേയ്ക്കും ആഖ്യാനം അവരോഹണത്തിലേയ്ക്കിറങ്ങിയത് അനുഭവപ്പെടും. പിന്നെ ഉഴവുകാളയെ കുളിപ്പിച്ച് എരുത്തിലിൽ കെട്ടിയിട്ട് ഉണ്ണാനിരിക്കാനുള്ള തത്രപ്പാട് പ്രകടമാണ്. ഒന്നാം എഴുത്തിൽ ഒന്നും ഒന്നരയും വാചകങ്ങളിൽ പറഞ്ഞുവച്ചവയുടെ “അർത്ഥവും വ്യാപ്തിയും” കാണിച്ചുതരാനും മൂന്നാം എഴുത്ത് ഉപയോഗിക്കുന്നുണ്ട് (അതു പാടില്ലായിരുന്നു എന്നല്ല).

സംഘകാലശേഷമുള്ള മലയാളത്തിന്റേയും തമിഴകത്തിന്റേയും ഭാഷ, രാഷ്ട്രീയം, ഭക്ഷണരീതികൾ എന്നിവയിലേയ്ക്കൊക്കെയുള്ള തിരിഞ്ഞു നോട്ടത്തിന് ഈ നോവൽ സഹായകമാവുന്നു. സംസ്കൃതാതിപ്രസരമില്ലാതെ മലയാള ഭാഷ നിലനിന്നിരുന്നെങ്കിലെന്ന് വായനയിലുടനീളം ആഗ്രഹിച്ചു പോകും (ഈ എഴുതിയതിലെ ഐറണി മനസ്സിലാക്കാതെയല്ല). വരേണ്യതയും പാരമ്പര്യവും കല്പിച്ചു നൽകുന്ന “പുല്ലും പച്ചപ്പും മാത്രമായുള്ള” ഭക്ഷണരീതി നമുക്കു ശീലമായതിനോടും നാം അത്ഭുതം കൂറും.

നോവലിനു മുന്നുരയെഴുതിയ ജയമോഹനും ആസ്വാദനക്കുറിപ്പെഴുതിയ പി. രാമനും (രണ്ടും പുസ്തകത്തിന്റെ ഭാഗമാണ്) നോവലിസ്റ്റിനെ പുകഴ്ത്തിപ്പാടുന്നുണ്ട് (“ഭാഷ, നാട്, മനസ്സ്--ഈ മൂന്നനുഭങ്ങളും ഉരുക്കിച്ചേർത്തുണ്ടാക്കിയതാണീ ആഖ്യാനം. ഇങ്ങനെയൊരു ത്രിവേണീസംഗമം മലയാളനോവലിൽ ഞാൻ മുമ്പ് പരിചയിച്ചിട്ടില്ല”--പി. രാമൻ). പുറം കവറിൽ സി. ആർ. പരമേശ്വരന്റേയും അയ്മനം ജോണിന്റേയും അത്യുക്തികളും ചേർത്തിരിക്കുന്നു. (“ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി.”--അയ്മനം ജോൺ). ഇതൊക്കെ വായിച്ചിട്ട്, വിശാലമനസ്കൻ ചോദിക്കുന്നതു പോലെ, “ഇത്തിരി ആര്‍ഭാടം ആവില്ലേ? എന്തെങ്കിലും കുറയുമോ?” എന്നു മനസ്സിലാലോചിച്ചു പോയി.

എന്നാലും ആദ്യം പറഞ്ഞതു തന്നെ വീണ്ടും പറയട്ടെ: വായന ഇഷ്ടമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണിത്.

Labels:

Monday, September 05, 2016

പുസ്തകങ്ങൾ: വിഷ്ണു

(ഞാൻ ഒരു നിരൂപകനല്ല. നിരൂപണം പഠിച്ചിട്ടില്ല. വേണമെങ്കിൽ കഥയെഴുതിക്കാണിക്കാൻ തയ്യാറാണ്.)

പുസ്തകത്തിന്റെ കനം കുറവുകൊണ്ടു മാത്രമാണ് വിമാനത്തിലെ വായനയ്ക്ക് ആനന്ദിന്റെ “വിഷ്ണു” തിരഞ്ഞെടുത്തത്. മുമ്പ് പലയാത്രകളിലും ഉറക്കം, മദ്യം, ലോകത്തിലെല്ലാരും കണ്ടിട്ടും നമ്മളുമാത്രം കാണാത്ത സിനിമ എന്നീ പ്രലോഭനങ്ങൾ കാരണം വായിക്കാനെടുക്കുന്ന പുസ്തകം ഒരു പേജുപോലും തുറക്കേണ്ടി വന്നിട്ടില്ല.

എ. വി. പവിത്രന്റെ ഏഴുപേജിലുള്ള പഠനം/ആമുഖം, സതീഷ് കെ. വരച്ച പത്തു ഫുൾപേജ് പടങ്ങൾ എന്നിവ ഒഴിവാക്കിയാൽ വെറും 35 പേജ് മാത്രമുള്ള വളരെച്ചെറിയ നോവലാണ് വിഷ്ണു.

എ. വി. പവിത്രന്റെ പരിചയപ്പെടുത്തൽ ലേഖനം നോവലിന്റെ പിന്നീടുള്ള വായനയെ സഹായിക്കുമെങ്കിലും അതൊരു അനാവശ്യഭാരമായി അനുഭവപ്പെട്ടു. “സമകാലിക ഇന്ത്യനവസ്ഥയുടെ പരിഛേദമാണ്” ഈ കഥ എന്നു സമ്മതിക്കുമ്പോൾ തന്നെ, “ആഖ്യാതാവിൽ എന്നപോലെ വായനക്കാരിലും വിഭ്രാമകസത്യങ്ങളുടെ ഒരു പരമ്പരതന്നെ ഈ ‘ഒരേ പലർ’ തുറന്നിടുന്നുണ്ട്” എന്നൊരു അതിവായനയ്ക്കൊന്നും വിഷ്ണു ഇടം തരുന്നില്ല.

വല്ലപ്പോഴും നാട്ടിലെത്തുന്ന പ്രവാസിയുടെ ചിന്തകളുടെ ദശാവതാരമായി വിഷ്ണുവിനെക്കാണാനാണെനിക്കിഷ്ടം. ആരോടൊക്കെയോ സംവദിക്കണമെന്നും “എല്ലാം ശരിയാക്കണ”മെന്നും അത് എങ്ങനെ ചെയ്യണമെന്നും “എല്ലാം അറിയുന്ന” പ്രവാസി. പ്രായോഗികപരിചയമില്ലെങ്കിലും അവൻ പ്രശ്നപരിഹാരങ്ങളെ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ഒരു രാവുവെളുക്കുമ്പോൾ എല്ലാം “അവിടത്തെപ്പോലെ” ആയിരുന്നെങ്കിൽ എന്ന് ഉറക്കെച്ചിന്തിച്ചിട്ടുണ്ട്. താൻ ബാക്കിയാക്കിപ്പോയ ബന്ധുമിത്രാദികളെ, അവർ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടങ്ങളെ, മറക്കാനാഗ്രഹിക്കുന്ന രീതിക്രമങ്ങളെ ഋജുരേഖയിലാക്കാൻ വെമ്പുന്ന, അടൂരോ മറ്റോ പറഞ്ഞതുപോലെ, തന്റെ സമരാഹ്വാനങ്ങൾക്ക് മറ്റാരെങ്കിലും ഗതികോർജ്ജം പകരുമെന്ന് രഹസ്യമായാഗ്രഹിക്കുന്ന കപടവിപ്ലവകാരി.

ഈ അവസ്ഥ, പക്ഷേ, പ്രവാസിക്കുമാത്രമുള്ള വിധിയല്ലെന്നു വിഷ്ണു പറഞ്ഞുതരുന്നു. തനിക്കു ചുറ്റും കറങ്ങുന്ന, തന്റെ ഇപ്പോഴുള്ള ആഭിമുഖ്യത്തിന്റെ കടുംചായം കലർന്ന വാർത്തകൾ കണ്ട് നേരേ ഫേസ്‌ബുക്ക് വഴി പുച്ഛം തുപ്പുന്ന, അരാഷ്ട്രീയതയുടെ കൂത്തരങ്ങായ ചെറുലോകത്തും ദശാവതാരങ്ങൾ സംവദിക്കാനെത്താം. അവസാന അവതാരവും സംഹരിക്കപ്പെടുന്നതുവരെ ഈ കൂടിക്കാഴ്ച നിലനിൽക്കും.

ഈ അഭിമുഖങ്ങളിൽ, അനുഭവങ്ങളാൽ കരുത്താർജ്ജിക്കുന്ന ജീവിതം വരച്ചുകാട്ടുന്നൂ, ആനന്ദ്. സ്വയം ചൂടനുഭവിച്ചും അന്യരെ സഹായിക്കുന്ന സൈക്കിൾ റിക്ഷക്കാരനായാണ് വിഷ്ണു ജീവിതയാത്ര ആരംഭിക്കുന്നത്. തണൽ വൃക്ഷങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നവൻ. വളരുന്ന ലോകത്തിൽ ഒഴുക്കിനൊപ്പം നീന്തി കൺസ്ട്രക്ഷൻ തൊഴിലാളിയായും ബിസിനസ് എക്സിക്യുട്ടീവ് ആയും വളരുമ്പോഴും അടിച്ചമർത്തപ്പെടുന്ന “താഴ്ന്ന ജീവിതങ്ങൾ” ഇക്കോണമിയുടെ വളർച്ചയുടെ പാർശ്വഫലങ്ങളായി ഉൾക്കൊള്ളാനും എഴുതിത്തള്ളാനും വിഷ്ണുവിനു വ്യഗ്രതയുണ്ട്. ധൂർത്തിന്റെ, ആർത്തിയുടെ, അധികച്ചെലവിന്റെ ലോകം ആദ്യമായി നേരിൽക്കാണുന്ന മദ്ധ്യവർഗ്ഗത്തിന്റെ നിരാശ വിഷ്ണുവിനെ നിയന്ത്രണങ്ങളോടെ ജീവിക്കുന്നതിനെപ്പറ്റി വാചാലനാക്കുന്നു. പിന്നീടെപ്പോഴോ വിഷ്ണു എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമാണ്. സ്വയം കെടുതികളെ നേരിടുമ്പോഴും തന്നേക്കാൾ പ്രിവിലെജ്‌ഡ് അല്ലാത്തവരെ കൊച്ചുസന്തോഷങ്ങളിൽ നിന്ന് അകറ്റി നിറുത്താൻ വിഷ്ണു മറക്കുന്നില്ല.

അതിജീവിനമാണ് വിഷ്ണുവിന്റെ മുഖം. അതിനാൽ തന്നെ, ഢാബ ജോലിക്കാരനിൽ നിന്നും കബാബ് ഗർഡനിലേയ്ക്കുള്ള പ്രമോഷൻ അനിവാര്യമായ മാറ്റമാണ്. അവിടെയാണ് ഗ്ലോബലൈസേഷന്റെ ആദ്യഫലങ്ങൾ വിഷ്ണു രുചിക്കുന്നത്. പിന്നീട് ജീവിക്കാൻ വേണ്ടി മതപ്രീണനമുൾപ്പടെയുള്ള പലവേഷങ്ങളും കെട്ടാൻ വിഷ്ണുവിനെ പാകപ്പെടുത്തുന്നതും അവിടം തന്നെ.

ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ വിഷ്ണു വീണ്ടും പിറകോട്ടു സഞ്ചരിക്കുന്നത് നമുക്കുകാണാം. “ഒന്നും ശരിയല്ല” എന്നത് ധിഷണയെ ചലിപ്പിക്കുന്നില്ല എന്നത് വിഷ്ണുവിന് ഒരു പോരായ്മയായി തോന്നുന്നില്ല. “പ്രായോഗികതയിലേയ്ക്കുള്ള നയപരമായ പിൻമാറ്റമോ, വിപ്ലവത്തിലേയ്ക്കുള്ള അനിവാര്യമായ മുന്നേറ്റമോ ആയിരുന്നില്ല, വിഷ്ണുകുമാറിന്റെ വഴി.” എന്ന് ആനന്ദ് പറയുന്നുണ്ട്. നാടിന്റേയും ലോകത്തിന്റേയും ശോച്യാവസ്ഥയിൽ വ്യഥപൂണ്ടവനാണ് വിഷ്ണുവെങ്കിലും അതിനുവേണ്ടി ചെറുവിരൽ ചലിപ്പിക്കാൻ പോലും വിഷ്ണു മുതിരുന്നില്ല. നിസ്സഹായതയുടെ കോടിമുണ്ട് (അനാവശ്യമായിത്തന്നെ) സ്വയമണിഞ്ഞ് സംഹരിക്കപ്പെടാൻ സമയമെണ്ണി, കനത്ത മൂടൽ മഞ്ഞിലേയ്ക്ക് വിഷ്ണു അപ്രത്യക്ഷമാവുന്നു.

ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നെന്നു സ്വയം വിശ്വസിക്കുകയും, എന്നാൽ നീന്തലറിയാതെ ഒരു പൊങ്ങുതടിയിൽ പറ്റിപ്പിടിച്ച് വല്ലപ്പോഴും കൈകാലുകളിട്ടടിച്ച് നദിയുടെ ഒഴുക്കിനൊപ്പം യാത്രയ്ക്കായി ലവലേശം പ്രയാസപ്പെടാതെ കടലിലടിയുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുടെ ആത്മകഥയാണ് വിഷ്ണു എന്ന നോവലിലൂടെ ആനന്ദ് വരച്ചുകാട്ടുന്നത്. ഇത് “സമകാലിക ഇന്ത്യനവസ്ഥയുടെ പരിഛേദ”മാകുന്നതാണ് ഇന്ത്യയുടെ കഷ്ടവും നഷ്ടവും.

Labels:

Sunday, May 06, 2012

പുസ്തകങ്ങൾ: ആടുജീവിതം

ബെന്യാമിന്റെ ആടുജീവിതം രണ്ടുദിവസത്തിനുള്ളിൽ വായിച്ചുതീർത്തു.

കേരള, കലിക്കറ്റ്, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ ആടുജീവിതം പഠിക്കാനുണ്ടു്. പത്താംക്ലാസിലും ആടുജീവിതം പാഠപുസ്തകമാണു്. ഇതേപേരിൽത്തന്നെ തമിഴിലും സിന്ദഗി ബക്രി കാ എന്ന പേരില്‍ ഹിന്ദിയിലും പരിവർത്തനങ്ങൾ. കന്നടയില്‍ ഇന്റര്‍നെറ്റ് മാസികയില്‍ വിവര്‍ത്തനം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇപ്പോഴിതാ ഗോട്ട് ഡേയ്സ് എന്ന പേരിൽ ഇംഗ്ലീഷ് വിവർത്തനവും വരുന്നു.

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു് കെട്ടുകഥയാണു്" എന്ന നോവലിസ്റ്റിന്റെ ആമുഖം എത്രശരി. (എന്റെ പരിമിത വായനയിൽ) അനിതരസാധാരണമായ പുകഴ്ത്തലുകൾക്കുമാത്രം കാരണമായിട്ടുള്ള നോവലിനെപ്പറ്റി അലസമായി ഇങ്ങനെപറയാൻ ഭയമുണ്ടു്. എന്നാലും എന്റെ ആസ്വാദനം ഇതാണു്: അസാധാരണമായ കഥയുടെ പലപ്പോഴും സാധാരണമായ വിവരണം. നോവലിസ്റ്റ് അവകാശപ്പെടുന്ന കഠിനപ്രയത്നം സാധൂകരിക്കാത്ത നോട്ടപ്പിശകുകൾ. ആശയവിഷ്കരണത്തിലെ സ്ഥിരതയില്ലായ്മകൾ...

ഇനിവേണം, ആടുജീവിതത്തിന്റെ വിമർശനങ്ങൾ വായിച്ചുമനസ്സിലാക്കുവാൻ.

Labels:

Wednesday, January 14, 2009

ജനനത്തീയതിയും ജീവിതവിജയവും

‘ഭാഗ്യവന്തം പ്രസൂയേഥാഃ മാ ശൂരം, മാ ച പണ്ഡിതം’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടു്? ഭാഗ്യമുള്ളവരെ (ജീവിതവിജയം നേടുന്നവരെ എന്ന അര്‍ത്ഥത്തില്‍) പ്രസവിക്കാന്‍ എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടോ?

പണ്ടൊക്കെ മിക്കവാറും എല്ലാ കുട്ടികളുടേയും പിറന്നാള്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു. പണ്ടൊക്കെ എന്നു പറഞ്ഞാല്‍ ഏകദേശം ഇരുപതു കൊല്ലം മുമ്പൊക്കെ വരെ.

ജൂലൈ, ഓഗസ്റ്റ്, മാസങ്ങള്‍ പ്രത്യുല്പാദനത്തിനു് അനുയോജ്യമായിരുന്നതു മാത്രമല്ല ഇതിനു കാരണം. ഒന്നാം ക്ലാസില്‍ ചേരുന്നതിനു് ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം എന്ന നിബന്ധനയാണു് കുട്ടികളുടെ ജനനത്തീയതി ജൂണിനു മുമ്പുള്ള മാസങ്ങളില്‍ ഫിക്സ് ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കിയതു്. പലപ്പോഴും, സ്കൂളില്‍ ചേരുന്നതിനു് ജനന സേര്‍ടിഫികറ്റ് വേണ്ടിയിരുന്നില്ല എന്നതിനാല്‍, അദ്ധ്യാപകര്‍ തന്നെ ജൂണിനു ശേഷം ജനിച്ച, അഞ്ചുവയസ്സു തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ള, (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസങ്ങളില്‍ ജനിച്ച) കുട്ടികളുടെ ജനനത്തീയതി മാറ്റി അവരെ പഠനം ആരംഭിക്കാന്‍ യോഗ്യരാക്കിയിട്ടുണ്ടു്. വേണ്ടത്ര കുട്ടികളില്ലെങ്കില്‍ ഡിവിഷന്‍ നഷ്ടമാവുന്നതുമൂലം സ്ഥലം മാറ്റപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ സംഭവിക്കും എന്ന സാഹചര്യമുണ്ടെങ്കില്‍ ഇത്തരം തിരുത്തലുകലുകള്‍ പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ടു്.

വിചിത്രമായ മറ്റൊരു സംഗതി, അഞ്ചുവയസ്സു തികഞ്ഞ കുട്ടികളുടെ—അതായതു്, ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുമ്പു് (നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍) ജനിച്ചതും എന്നാല്‍ മുന്‍‍വര്‍ഷത്തില്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാതിരുന്നതുമായവരുടെ—ജനനത്തീയതി, “ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം” എന്ന നിബന്ധന തെറ്റായി വ്യാഖ്യാനിച്ചു്, ഏപ്രില്‍/മേയ് മാസങ്ങളിലേയ്ക്കാക്കിയിട്ടുണ്ടു് എന്നതത്രേ.

ഓഗസ്റ്റ് മുപ്പത്തൊന്നു് ആണു് വാഷിം‍ഗ്റ്റണില്‍ സ്കൂളുകളിലെ കട്ട്-ഓഫ് ഡേയ്റ്റ്. ഒക്റ്റോബറില്‍ ജനിച്ച അച്ചുവിനു് ഓഗസ്റ്റ് മുപ്പത്തൊന്നിനു് “പ്രായം തികയാത്തതിനാല്‍” അടുത്ത അദ്ധ്യയന വര്‍ഷം വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളിലൊരാളായിരിക്കും അച്ചു. അതിനു് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. സത്യത്തില്‍ ഞങ്ങള്‍ അതേപ്പറ്റി ആകുലപ്പെട്ടിട്ടില്ല.


(ചിത്രത്തിനു കടപ്പാടു്: ആമസോണ്‍)

അടുത്തകാലത്തു വായിച്ച Quirkology: How We Discover the Big Truths in Small Things എന്ന പുസ്തകത്തിലെ താഴെപ്പറയുന്ന ഖണ്ഡികകളാണു് ഇക്കാര്യങ്ങള്‍ മനസ്സിലേയ്ക്കെത്തിച്ചതു്.
After analyzing the birthdays of approximately 3,000 English professional football players, [Dutch psychologist Ad] Dudink found that twice as many were born between September and November as were born between June and August.

[...] At the time of his analysis in the early 1990s, budding English footballers were eligible to play professionally only if they were at least seventeen years old when the season started, which was in August. Potential players born between September and November would therefore have been born about 10 months older, and more physically mature, than those born between June and August. These extra few months proved to be a real bonus when it came to the strength, endurance, and speed needed to play football, with the result that those born between September and November were more likely to be picked to play at a professional level.

[...] From American Major League baseball to British county cricket, Canadian ice hockey to Brazilian soccer, the month of birth of athletes is related to their sporting success.
ഇത്തരം പഠനങ്ങള്‍ ശാരീരികബലവും വേഗതയും മറ്റും അവശ്യഗുണങ്ങളായി വേണ്ടുന്ന കായികതാരങ്ങള്‍ക്കിടയില്‍ മാത്രമേ നടന്നിട്ടുള്ളതായി കാണുന്നുള്ളൂ എങ്കിലും കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ഇതു് ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പത്താം തരത്തില്‍ റാങ്കുവാങ്ങുന്നവരുടേയും മെഡിക്കല്‍/എന്‍‍ജിനീയറിംഗ് അഡ്മിഷന്‍ കിട്ടുന്നവരുടേയും സ്കൂള്‍ കലോത്സവങ്ങളിലെ കലാപ്രതിഭാ/കലാതിലകങ്ങളുടേയും ജനനത്തീയതികള്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു് നമ്മളില്‍ പലരുടേയും മാതാപിതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇന്നത്തെ തലമുറ, ഒരു പക്ഷേ, ആഗ്രഹിക്കുന്നതു്, സ്റ്റാര്‍ സിംഗര്‍ പോലുള്ള റീയാലിറ്റി ഷോ വിജയികളുടേയും സിനിമാക്കാരുടേയും ജനനത്തീയതി പഠനങ്ങളായാല്‍ അദ്ഭുതപ്പെടാനില്ല.

Labels: ,

Thursday, May 22, 2008

കൊല്ലങ്കോട്ടമ്മ

(സ്ത്രീ എഴുത്തുകാരെ ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി എഴുതിയതു്.)

പത്തുപേരുള്ള എന്‍റെ റ്റീമില്‍ മാനേയ്ജരുള്‍പ്പെടെ എട്ടുപേരും പെണ്ണുങ്ങളാണു്. റഷ്യക്കാരന്‍ ഇവാനും ഞാനുമാണു് ആണായ്പ്പിറന്നവര്‍. രണ്ടുപെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നാലുള്ള അവസ്ഥാവിശേഷത്തെപ്പറ്റി കവികള്‍ പലരും തങ്ങള്‍ക്കാവും വിധം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതു വായിച്ച അനുഭവം വച്ചു് എട്ടു പെണ്ണുങ്ങള്‍ റ്റീം മീറ്റിങ്ങില്‍ ഒത്തു ചേരുന്നതിനെപ്പറ്റി നിങ്ങള്‍ക്കു് വല്ലതും ആലോചിച്ചു കൂട്ടാന്‍ കഴിയുന്നുണ്ടോ?

അങ്ങനെയൊരു ദുരന്തം ആലോചിക്കാനാവുന്നില്ലെങ്കില്‍ വെറുതേ വിഷമിക്കേണ്ട. ‘രണ്ടു്’, ‘നാലു്’ എന്നീ സംഖ്യകളുള്‍പ്പെടുന്നതും ‘ചേരും’, ‘ചേരില്ല’ എന്നീ ക്രിയാരൂപങ്ങളടങ്ങുന്നതുമായ ഒരു ചൊല്ലു് മലയാളക്കരയിലെന്നപോലെ റഷ്യയിലും നിലവിലുണ്ടു് എന്നു തിരിച്ചറിഞ്ഞ ഇവാനും ഞാനും റ്റീം മീറ്റിംഗുകള്‍ ഹൈജാക് ചെയ്തു് രക്ഷപ്പെട്ടു പോരുകയാണു് പതിവു്.

എന്നാലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളേയും കുറിച്ചു് ഈ-മെയിലയച്ചു രസിക്കുക എന്നതു് ഈ തരുണീമണികളുടെ വിനോദമാണു്. അതു വായിക്കുകയും അവയ്ക്കു അപ്പപ്പോള്‍ മറുപടി പറയുകയും ചെയ്തില്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ റ്റീം മീറ്റിംഗില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഭയത്താല്‍ ഇവാനും ഞാനും ഞങ്ങളാല്‍ കഴിയുന്ന വിധം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ അറിവു സമ്പാദിക്കാറാണു് പതിവു്.

ചുരുക്കത്തില്‍, പെണ്ണെഴുത്തു വായിക്കുന്നതു് എന്‍റെ ദിനചര്യയിലെ പ്രധാന ഇനമാണെന്നു സാരം. ആ ധൈര്യത്തിലാണു് പെണ്ണെഴുതുന്ന പെണ്ണെഴുത്തു് മഹാമഹം ആഘോഷിക്കാന്‍ കൂടിയാലോ എന്നു മോഹമുദിച്ചതു്.

പിന്നെ ഒട്ടുമാലോചിച്ചില്ല. കയ്യിലുള്ള പുസ്തകങ്ങളില്‍ സ്ത്രീകള്‍ എഴുതിയവ കണ്ടുപിടിക്കലായി ആദ്യപടി. ഇപ്പോള്‍ എന്‍റെ കൈവശമുള്ള നൂറ്റിയാറു് മലയാള പുസ്തകങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ സ്ത്രീരചനകളായുള്ളൂ എന്നതു് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആ പുസ്തകങ്ങള്‍ ഇവയാണു്:
  1. എന്‍റെ കഥ (മാധവിക്കുട്ടി)

  2. നീര്‍മാതളം പൂത്തകാലം (മാധവിക്കുട്ടി)

  3. കൊല്ലങ്കോട്ടമ്മ (കെ. ഓമന അമ്മ)

  4. തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (ദ്രൌപതി ജി. നായര്‍)

  5. സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം (ഡോ. രാധിക സി. നായര്‍)
ഇതില്‍ ആദ്യരണ്ടു കൃതികളെപ്പറ്റിയും എന്തെഴുതിയാലും അധികമാവില്ല. നാലാമത്തെ പുസ്തകം എന്നെ സ്വാധീനിച്ച കൃതികളില്‍ പെടുന്നില്ല. അഞ്ചാമത്തേതാവട്ടെ, അക്കാഡമിക് താല്പര്യത്തിനുമേല്‍ വാങ്ങിയതാണു്. അതൊരു ഗംഭീരപുസ്തകമാണെന്ന അഭിപ്രായം രചയിതാവിനുപോലുമില്ല. (“സമകാലിക സാഹിത്യ സിദ്ധാന്തത്തിന്‍റെയും വിമര്‍ശനപദ്ധതികളുടെയും രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന പുസ്തകമല്ല ഇതു്” - രണ്ടാം പതിപ്പിന്‍റെ ആമുഖമായി ഡോ. രാധിക പറയുന്നു.)

കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.

ഈ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് വെറും ഭംഗിവാക്കാവും. എന്നാലും കൊല്ലങ്കോട്ടമ്മയ്ക്കു് ഒരു ഭക്ത സമര്‍പ്പിച്ച സ്തുതിമാലയിലുള്ള ചില മുത്തുകളെ കണ്ടില്ലെന്നു നടിക്കുകവയ്യ. സമകാലീന മലയാളത്തിനു് അധികം പരിചിതമല്ലാത്ത ശാഖയില്‍ കൈവച്ചു വിജയിപ്പിച്ച, ഭക്തി അലര്‍ജിയായിട്ടുള്ളവര്‍ക്കുപോലും സാഹിത്യകൃതി എന്ന നിലയില്‍ വായിച്ചുരസിക്കാന്‍ പറ്റിയ വിധത്തില്‍ വരികള്‍ പടുത്ത, കവയിത്രിയുടെ കയ്യടക്കവും കരവിരുതും ശ്ലാഘനീയമാണു്. കവയിത്രിയുടെ അനുവാദത്തോടെ പകര്‍ത്തുന്ന ഈ വരികള്‍, ഭക്താന്ധതമൂലമുള്ള സാധാരണ സ്തുതിഗീതങ്ങളുടെ ശേഖരമല്ല ഈ പുസ്തകമെന്നതു് വിളിച്ചുപറയുന്നു.

അദ്ധ്യാത്മജ്ഞാനപ്രകാശമേകീടുമൊ-
രഗ്നിസമുത്ഭവതേജഃപുഞ്ജം
അദ്വൈതസിദ്ധാന്തമുദ്ഘോഷണോത്മക
മദ്വിതീയത്തിലും ദ്വിത്വഭാവം
ഏകചക്രസ്ഥിതഭാവ ഭദ്രാംബികേ!
മോഹമഹാമായാദ്വന്ദ്വഭാവം
അര്‍ദ്ധവൃത്തോജ്വലാകാരസമന്വയ-
വര്‍ദ്ധിതതേജസ്സം‌യുക്തരൂപം.

* * *

ചണ്ഡമുണ്ഡാസുരരെ രെണേകൊന്നൊരു
ചണ്ഡികേ! ഭണ്ഡാസുരേന്ദ്രസുഷൂദിനീ!
ചണ്ഡകിരണസമാനസുശോഭിത-
കുണ്ഡലാലംകൃതേ! ബ്രഹ്മാണ്ഡ നന്ദിതേ!

* * *

മണ്‍‍വെട്ടി, കൂന്താലിയേന്തിയനേകം പേര്‍
മണ്‍‍വെട്ടിമാറ്റാന്‍ ശ്രമിക്കയായി
അത്യഘോരശ്രമമെത്രതുടര്‍ന്നിട്ടും
വെട്ടിമാറ്റാനാര്‍ക്കും ശക്തിപോര.
കൂരിരുട്ടിന്‍റെ കരിം‍പുതപ്പൊട്ടൊരു
കാരിരുമ്പാണോ കരിമ്പാറയോ?
പാരിലെഭാരം ഘനീഭൂതമായി ഭീ-
മാകാരമായി ഭവിച്ചതാണോ?

* * *
മ്പ എന്ന അക്ഷരം ആവര്‍ത്തിക്കുന്ന വരികള്‍ എനിക്കു് എപ്പോഴും ഹൃദ്യമാണു്. “മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല” ഓര്‍ത്തുപോവും, അവ കാണുമ്പോള്‍:

ഒമ്പതാമുത്സവം വണ്ടിയോട്ടം, അന്നു
വെമ്പലോടമ്പലം ചുറ്റുമോട്ടം
നൊമ്പരമേകുന്ന കുത്തിയോട്ടം, ബാല-
രമ്പലം ചുറ്റി വരുന്നൊരോട്ടം.

* * *

പ്രകൃതി കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണു്. ഇത്തരം വരികള്‍ക്കു് യാതൊരു പഞ്ഞവുമില്ല:

മാരിചൊരിയുന്നപോലെ തെരുതെരെ
വാരിക്കൊടുക്കുമനുഗ്രഹങ്ങള്‍
വാരിധിയില്‍ തിരമാലകളെന്നപോല്‍
നാരിമാര്‍ക്കുള്ളിലാമോദമുണ്ടാം.

* * *

ദാരികന്‍ ബ്രഹ്മാവിനോടു് വരം ചോദിക്കുന്നതും ബ്രഹ്മാവു നിരസിക്കുന്നതും രണ്ടു വരിയില്‍ ഇതാ:

ചാകാതിരിക്കാന്‍ വരം വേണമെന്നവന്‍,
ആകാത്ത കാര്യമാണെന്നു ബ്രഹ്മന്‍!

എന്നാല്‍ പിന്നെ ഈവിധം ആവാമെന്നു് ദാരികന്‍:

ദേവനോ മര്‍ത്ത്യനോ ദാനവനോ, യെന്‍റെ
ദേഹ വിനാശം വരുത്തരുതേ
സ്ത്രീജനമാകിലോ കുറ്റമില്ല, കാര്യം
സ്ത്രീ, ഒരശക്ത, യബലയല്ലോ!

എന്നിട്ടോ, അവസാനം സ്ത്രീയുടെ കയ്യാല്‍ത്തന്നെ അന്ത്യവും വന്നുപെട്ടു!

* * *

പൊങ്കാലയ്ക്കു തീകൂട്ടിയാല്‍ തന്നെ:

ഉള്ളിലഹംഭാവമെള്ളോളമില്ലാതെ
ഉള്ളവയെല്ലാം ജ്വലിച്ചു തീരും
ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നോരു
മുള്ളുകളെല്ലാമെരിഞ്ഞു വീഴും

നല്ല ഗുണങ്ങളും നന്മനോഭാവവും
നല്ലമണമായൊഴുകുമെങ്ങും.

* * *

കണ്ണടച്ചാലും തുറന്നാലുമമ്മയെന്‍
കണ്ണില്‍ വിഷുക്കണിയായ് വരണേ!

എന്നു വായിക്കുമ്പോള്‍ ആര്‍ക്കാണു് സ്വന്തം അമ്മയെ ഓര്‍മ്മവരാത്തതു്!

പുസ്തകം: കൊല്ലങ്കോട്ടമ്മ
പബ്ലിഷേഴ്സ്: സാകേതം, തിരുവനന്തപുരം
വില: 30 രൂപ

കുറിപ്പുകള്‍:
  1. കൊല്ലങ്കോടു് ഭദ്രകാളി അമ്പലം (മുന്നറിയിപ്പു്: ഓഡിയോ ഉള്ള ലിങ്ക്) കന്യാകുമാരി ജില്ലയില്‍ കേരളത്തിന്‍റെ അതിര്‍ത്തിക്കടുത്താണു്.

  2. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ‘ഭക്തപ്രിയ’, ശബരിമല ദേവസ്വത്തിന്‍റെ ‘സന്നിധാനം’ എന്നീ മാസികകള്‍ ഓമന അമ്മയുടെ കവിതകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടു്. സഞ്ചാരസാഹിത്യമാണു് ഓമന അമ്മയുടെ മറ്റൊരു ഇഷ്ടവിഷയം.

Labels: ,

Monday, October 29, 2007

ദ റ്റിപിംഗ് പോയ്ന്‍റ്

അത്യധികം ഉപയോഗപ്രദമായ, ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടു നിന്ന, സംഭാഷണത്തിനൊടുവില്‍ ഒരു ചടങ്ങുപോലെ ഞാന്‍ എന്‍റെ പുതിയ മെന്‍ററായ ഫ്രാങ്കിനോട് ചോദിച്ചു: ‘If you are to recommed that I read one book, and only one book because I don't read a lot of books, what will that be?’

‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.


(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)

മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇം‍പ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.

The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.

മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.

എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,

[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.

ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:

പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?

ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?

നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.

ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.

റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:

The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.

The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).

The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.

മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.

മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.

Labels: , ,