ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, October 22, 2008

ഫോട്ടോഗ്രാഫിക് ഓര്‍മ്മ

കുറേക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്കു് നാട്ടിലെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ അസുഖം ഉണ്ടാകുന്നതു് സാധാരണയാണല്ലോ. ബൈക്കോടിക്കണം, കേയെസ്സാര്‍റ്റീസീ ബസ്സില്‍ യാത്ര ചെയ്യണം, രവിയണ്ണന്‍റെ കടയില്‍ തയ്ച്ചെടുത്ത ഉടുപ്പിടണം, കുട്ടനാശാനെക്കൊണ്ടു് മുടിവെട്ടിപ്പിക്കണം, പാടത്തെ ചെളിയില്‍ ചവുട്ടി നടക്കണം, പണ്ടു തെക്കുവടക്കു നടക്കുമ്പോള്‍ മൈന്‍ഡു ചെയ്യാതിരുന്ന ഹിന്ദിറ്റീച്ചറെക്കാണുമ്പോള്‍ താണുവണങ്ങി ബഹുമാനിക്കണം, പഠിച്ച പ്രൈമറി സ്കൂളിന്‍റെ മുറ്റത്തു ചെന്നു നിന്നിട്ടു്, ‘ഇവിടെയായിരുന്നു തുടക്കം’എന്നതിശയിക്കണം തുടങ്ങിയ സാദാ ആഗ്രഹങ്ങള്‍ക്കുപരി മറ്റൊരു അത്യാഗ്രഹം കൂടി മനസ്സില്‍ വച്ചാണു് ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പു് ഞാന്‍ തിരുവനന്തപുരത്തു് പറന്നിറങ്ങിയതു്.

അമേരിക്കയില്‍ വന്ന ആദ്യകാലത്തു് ഏതൊരു കെട്ടിടം കണ്ടാലും അതിനുമുന്നില്‍ ഞെളിഞ്ഞു നിന്നു പടമെടുക്കുക എന്നതു് മറ്റുപലരേയും പോലെ എന്‍റേയും ബലഹീനതകളില്‍ ഒന്നായിരുന്നു. നാട്ടിലുള്ളവര്‍ക്കുകൂടി പരിചിതമായ സ്ഥലമോ സ്ഥാപനമോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വേള്‍ഡ് റ്റ്രേഡ് സെന്‍റര്‍, വൈറ്റ് ഹൌസ്, നയാഗ്രാ വെള്ളച്ചാട്ടം എന്നിവയുടെയൊക്കെ അറ്റത്തു ചെന്നു നിന്നു് പടം പിടിച്ചു് പടം പിടിച്ചാണു് ആരംഭിച്ചതെങ്കിലും അതൊരു ജ്വരമായി മാറുമെന്നു കരുതിയിരുന്നില്ല. എഡിസന്‍, ഗ്രഹാം ബെല്‍ എന്നിവരുടെ പരീക്ഷണശാലകളിലൂടെ, അറ്റ്ലാന്‍റിക് സിറ്റിയിലെ റ്റാജ്മഹല്‍ കസീനോയിലൂടെ, ഹാര്‍വേഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളിലെത്തിയപ്പോഴാണു് ഐഡിയ ഉദിക്കുന്നതു്. അഥവാ, അത്രയും താമസിച്ചേ ഐഡിയ ഉദിച്ചുള്ളൂ: എന്തുകൊണ്ടു് കേരള യൂണിവേഴിസ്റ്റി കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുന്ന പടം ആയിക്കൂട?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ നിറയുന്ന കലാലയ തിരുമുറ്റങ്ങളില്‍ തിരുച്ചുപോയി അവിടെ നിന്നു് ഫോട്ടോ എടുക്കണം എന്നു് ഓയെന്‍‍വിക്ക് തോന്നിയ അതേ മോഹം തന്നെയാണു് എനിക്കുമുണ്ടായിരുന്നതു്. പല രൂപത്തില്‍, പല ഭാവത്തില്‍. ഒരു കാല്‍ മടക്കി തൂണില്‍ ചാരി നിന്നു് അകലേയ്ക്കു നോക്കുന്ന പോസ്, കൈവരിയില്‍ കയറിയിരുന്നു വിദൂരതയില്‍ കണ്ണുനട്ടു് ചിന്തിക്കുന്ന പോസ്, നീണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്കു ക്യാമറയ്ക്കു പുറം തിരിഞ്ഞു് നടക്കുന്ന പോസ്, രാജാരവിവര്‍മ്മ ബോയ്സ് ഹൈസ്കൂള്‍ എന്നും മാര്‍ ഈവാനിയോസ് കോളജ് എന്നും എഴുതിവച്ചിരിക്കുന്നതു കൂടി ഫ്രെയിമില്‍ വരത്തക്ക വിധത്തിലുള്ള പോസ്...

നാട്ടിലുണ്ടായിരുന്ന കാലത്തൊന്നും തോന്നാതിരുന്ന ആഗ്രഹമാണിതു്. ഫീസടയ്ക്കാനും, അടച്ച ഫീസിലെ തെറ്റു തിരുത്താനും, ഹോള്‍റ്റിക്കറ്റു വാങ്ങാനും, ഡിഗ്രി സേര്‍ട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്യേറ്റും റ്റ്രിപ്ലിക്യേറ്റും സംഘടിപ്പിക്കാനും, വെറുതേ ചെന്നിരിക്കാനും, തുടങ്ങി എത്രയോ തവണ പോയിട്ടും ഇന്നേ വരെ യൂണിവേഴ്സിറ്റിയുടെ ഫോട്ടോ എടുത്തിട്ടില്ല. ഇനി പടമെടുക്കണമെന്നു തോന്നിയിരുന്നെങ്കില്‍ത്തന്നെ, കയ്യില്‍ ക്യാമറയില്ലായിരുന്നു. ആയുധം കയ്യിലില്ലാത്തോന്‍, അങ്കക്കളത്തിലാണെങ്കിലും, അടരാടുന്നതെങ്ങനെ?

ഒരു ഞായറായാഴ്ച വൈകുന്നേരം ഒരുങ്ങിക്കെട്ടി കേരള യൂണിവേഴ്സിറ്റിയുടെ പാളയം ക്യാമ്പനിനു മുന്നില്‍ ചെന്നിറങ്ങി. തിരക്കില്ലാതെ സൌകര്യപ്രദമായി പടമെടുക്കാനാണു് ഞായറായാഴ്ച തെരഞ്ഞെടുത്തതു്. സന്ധ്യമയങ്ങും നേരം. നഗരച്ചന്ത, പക്ഷേ, പിരിയാറായിട്ടില്ല. ഗേയ്റ്റ് കടന്നു് ഇടതു വശത്തേയ്ക്കു് മാറി നിന്നു്, അന്തിവെയിലില്‍ കുളിച്ചു നില്‍ക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടത്തിന്‍റെ പൌഢഭംഗി ക്യാമറയിലേയ്ക്കു് ആവാഹിച്ചു തുടങ്ങിയതും ഒരു മൊരടന്‍ അലര്‍ച്ച കാതുകളില്‍ വന്നു പതിച്ചു:

“ടേയ്... നിര്‍ത്തടേയ്‌!”

എന്നോടായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ല. വ്യൂഫൈന്‍ഡറിലൂടെ നോക്കിയുറപ്പിച്ചു് ആവശ്യമുള്ള ഭാഗങ്ങളെല്ലാം പടത്തില്‍ വരുമെന്നുറപ്പാക്കി ക്ലിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാരെങ്കിലും ‘എടേ പോടേ’ വിളിക്കു വിളികേള്‍ക്കുമോ?

“ടേയ്... നെനക്കു് കേക്കാന്‍ വയ്യേടേയ്? ഇവ്ട ഫോട്ടോ എടുത്തൂടന്നു് എഴ്ത്യേക്കണതു് നെനക്കു് കണ്ടൂടേടേയ്? ടേയ്, ടേയ്, ടേയ്!”

ഞാന്‍ തിരിഞ്ഞു നോക്കി. അതാ, യൂണിവേഴ്സിറ്റി മുറ്റത്തൊരു സെക്യൂരിറ്റി ഗാര്‍ഡ്.

“എന്താ, എന്താ ഞാന്‍ പടമെടുത്താലു്” എന്നു് നാഗവല്ലി സ്റ്റൈലില്‍ ചോദിക്കാനൊരുങ്ങിയതാണു്. എന്നാല്‍ ആവേശം അടക്കി, ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു: “അതൊക്കെ ഓരോ അനാവശ്യ നിയന്ത്രണങ്ങളല്ലേ? ഒരു ഫോട്ടോ എടുത്തെന്നു വച്ചു് എന്താവാനാ?”
“എന്തായാലും ഇവിടെ പടമെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.” സെക്യൂരിറ്റി ഗാര്‍ഡ് വിട്ടുതരുന്നില്ല.
“ചേട്ടന്‍ ഇങ്ങനെ ചൂടായാലോ? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലല്ലോ.” ഞാന്‍ സോപ്പിടലിന്‍റെ വഴിയിലായി.
“ചേട്ടനാ? നെനക്കൊക്കെ തോന്നുമ്പം തരാതരം പോലെ വിളിക്കാനൊരു പേരാണല്ലു് ചേട്ടാന്നു്. ഒന്നു് പോടാ വെറുതെ.”

അതു ന്യായം. അദ്ദേഹത്തിനു് കുറഞ്ഞതു് ഒരു അമ്പതു വയസ്സു തോന്നിക്കും. അമ്പതുകാരനെ ചേട്ടാന്നു വിളിക്കുന്നതു് ഫീല്‍ ചെയ്യത്തക്ക വിധമുള്ള അപരാധമാണു് എന്നു ഞാന്‍ മനസ്സിലാക്കി.

ഏതായാലും ഇനി അധികം നിന്നാല്‍ പന്തികേടാവുമെന്നു മനസ്സിലായി. പതിയെ മുങ്ങുകതന്നെ. അതിനിടയില്‍ ‘ഗാര്‍ഡ് ചേട്ടന്‍റെ’ ഒരു സഹായി കൂടി എത്തിച്ചേര്‍ന്നു. ചേട്ടന്‍ സഹായിയോടു് കാര്യങ്ങളുടെ കിടപ്പു് ധരിപ്പിച്ചു. സഹായി എന്നോടു വന്നു പറഞ്ഞു:

“നിങ്ങള്‍ ഗേറ്റിനു പൊറത്തു പോണം. ഞങ്ങക്കു് വേറേ പണീണ്ടു്.”

പിന്നൊന്നും ആലോചിച്ചില്ല. ഞാന്‍ തിരിച്ചു് ഒരു നടത്തമല്ലായിരുന്നോ! നാളിതുവരെ ആള്‍ക്കാര്‍ കൈവയ്ക്കാത്ത തങ്കപ്പെട്ട ശരീരമാണു്. ഒരു പടത്തിനു വേണ്ടി എന്തിനു ആ റെക്കോഡ് തിരുത്തണം? പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നു് പടം പിടിക്കണമെന്ന മോഹം തല്ക്കാലം ഉപേക്ഷിച്ചു തടികേടാക്കാതെ മടങ്ങുകതന്നെ.

ഈ സംഭവത്തിനു ശേഷം, കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണ്ട ഒരു ഈ-മെയില്‍ അഡ്രസ്സിലേയ്ക്കു് ഞാനൊരു കത്തെഴുതി. പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നും പടമെടുക്കണമെന്നതു് ഏതൊരു വിദ്യാര്‍ത്ഥിയുടേയും ആഗ്രഹമാണെന്നും അതിനാല്‍ കെട്ടിടങ്ങളുടെ പടമെടുക്കരുതു് എന്ന നിര്‍ദ്ദേശം പിന്‍‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തു്. കത്തിനു യഥാസമയം മറുപടി വന്നു. തല്ക്കാലം നിര്‍ദ്ദേശം പിന്‍‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ ഫോട്ടോ ലഭ്യമാക്കാന്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടു് എന്നു കാണിച്ചുമായിരുന്നു മറുപടി.

ചില ചില്ലറ തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നാളിന്നേവരെ ഈ സംഭവം ഫോളോ-അപ് ചെയ്യാന്‍ സാധിച്ചില്ല. (സോറി!) കേരള യൂണിവേഴ്സിറ്റി തന്ന ഉറപ്പു് പാലിച്ചിട്ടുണ്ടു് എന്നു് നിങ്ങളെ അറിയിക്കാന്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു് അതിയായ സന്തോഷമുണ്ടു്. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍, ഫോട്ടോ ഗ്യാലറിയാണു് മറ്റെന്തിനേക്കാളും മുന്നേ ഇപ്പോള്‍ നമ്മുടെ കണ്ണില്‍ പെടുന്നതു്.


(ഫോട്ടോ: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹോം പേയ്ജ്. കടപ്പാടു്: കേരള യൂണിവേഴ്സിറ്റി)

യൂണിവേഴ്സിറ്റി ഡിപാര്‍ട്മെന്‍റുകളുടെ ഹൈ-റെസല്യൂഷന്‍ പടം എന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നം സാദ്ധ്യമാക്കിയ കേരള യൂണിവേഴ്സിറ്റിയെ എത്ര അഭിനന്ദിച്ചാലാണു് മതിയാവുക? പടങ്ങളെടുക്കാന്‍ ശ്രമിച്ചു് ജീവനും കൊണ്ടോടിയിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ മാത്രമല്ല, വിദ്യാലയ കെട്ടിടങ്ങളുടെ പടങ്ങളില്‍ താല്പര്യമുള്ള വരുംതലമുറയും കേരള യൂണിവേഴ്സിറ്റിയോടു് എന്നെന്നും കടപ്പെട്ടിരിക്കും. ഈ പടങ്ങള്‍ യഥേഷ്ടം ഡൌണ്‍ലോഡു ചെയ്യാന്‍ അനുവദിക്കുവഴി, കേരള യൂണിവേഴ്സിറ്റി തങ്ങളുടെ വിശാലമനസ്കതയും ഓപണ്‍ സോഴ്സിനോടുള്ള അനുഭാവവും തെളിയിച്ചു കഴിഞ്ഞു. വിദൂരദേശങ്ങളിലിരുന്നുകൊണ്ടു് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോന്‍റന്‍സ് വഴി പഠിച്ചവര്‍ക്കു്, അവര്‍ ഒരിക്കല്‍ പോലും തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും, ഈ ഫോട്ടോകള്‍ ഡിജിറ്റലി മാറ്റി താന്താങ്ങളുടെ ഡിപാര്‍ട്മെന്‍റിന്‍റെ മുന്നിലും വരാന്തയിലും മറ്റും നില്‍ക്കുന്ന പടമുണ്ടാക്കുക എന്നതു് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. ഈ മാറ്റത്തിനു വഴിയൊരുക്കുക വഴി ഒമ്പതു കൊല്ലങ്ങള്‍ കൊണ്ടു് കേരളത്തിലെ മറ്റേതു സ്വയംഭരണ സ്ഥാപനത്തേക്കാളും അഭിമാനാര്‍ഹമായ നേട്ടമാണു് കേരള യൂണിവേഴ്സിറ്റിയ്ക്കുണ്ടായിരിക്കുന്നതു് എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാം തുടങ്ങി വച്ചതു് ഈയുള്ളവന്‍റെ ഫോട്ടോഗ്രഫി ശ്രമമാണെന്നതു് ഈ മുന്നേറ്റത്തിനു് രത്നശോഭയേകുന്നു.

വരും കാലങ്ങളിലും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് സമൂലപരിവര്‍ത്തനങ്ങള്‍ക്കു് നാന്ദികുറിച്ചേക്കാവുന്ന, ചെറുതെങ്കിലും പ്രാധാന്യമേറിയ ഇത്തരം ഇടപെടലുകള്‍ നടത്താനുള്ള എന്‍റെ സന്നദ്ധതയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കുന്നു.

(എന്‍. ബി. കുമാറിന്‍റെ യൂണിവേഴ്സിറ്റി കോളേജ് എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരനുഭവം.)

Labels: ,