ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, July 02, 2009

ശോകഗാനം, പ്ലീസ്

പ്രീ-സ്കൂളിൽ നിന്നും തിരികെ വരുന്ന വഴി അച്ചുവിന്റെ അപ്രതീക്ഷിതമായ അഭ്യർത്ഥന:

“അച്ഛാ, ശോകമുള്ള പാട്ടു്, പ്ലീസ്!”

ജീവിതക്ലേശങ്ങൾക്കിടയിൽ പെട്ടു് പെടാപ്പാടുപെടുമ്പോൾ ആ പരിതസ്ഥിതിയോടു് താദാത്മ്യം പ്രാപിക്കാനോ, അടിച്ചു ഫിറ്റായി പഴയ പ്രണയകഥകൾ അയവിറക്കുമ്പോൾ പശ്ചാത്തലസംഗീതമൊരുക്കാനോ, അതുമല്ലെങ്കിൽ കാമം കരഞ്ഞു തീർക്കേണ്ടി വരുന്ന അത്യപൂർവ്വങ്ങളായ ചില സന്ദർഭങ്ങളിലോ മാത്രമേ സാധാരണക്കാർ ശോകഗാനങ്ങൾ കേൾക്കൂ എന്നാണു് ഞാൻ ധരിച്ചുവച്ചിരുന്നതു്.

എന്നാൽ പ്രീ-സ്കൂൾ കഴിഞ്ഞു് മടങ്ങുന്ന, സന്തോഷകരമാവേണ്ടുന്ന, അവസരത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായ മകന്റെ അപേക്ഷ എന്നെ അമ്പരപ്പിക്കാതിരുന്നില്ല.

“എന്തിനാ മോനേ ശോകഗാനം കേൾക്കുന്നതു്? ഞാൻ ഒരു അടിപൊളി പാട്ടു വച്ചുതരട്ടേ?” ചാനലിലെ വായാടിപ്പെണ്ണു് ചോദിക്കുന്നതുപോലെ ഈണത്തിൽ ഞാൻ ആരാഞ്ഞു.

“വേണ്ട, അച്ചൂനു് ശോകം വേണം!”

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...’ എന്നു കേട്ടതും അച്ചു പറഞ്ഞു: “ഇതല്ല!”

‘സന്യാസിനീ...’ “ഇതല്ലച്ഛാ!”

‘രാപ്പാടീ, കേഴുന്നുവോ...’ “ഇതുമല്ല. ശോകം പ്ലീസ്!”

അപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ശോകഗാനങ്ങൾ ഒന്നൊന്നായി പുറത്തെടുത്തിട്ടും അനുവാചകൻ വഴങ്ങുന്നില്ല. “ഇനി ശോകഗാനം ഇല്ല,” ഞാൻ പാട്ടുതിരയുന്നതു നിറുത്തി.

“അച്ഛാ, മോണിംഗിൽ കേട്ടതാ അച്ഛാ. പ്ലീസ്!” അച്ചു വിടുന്ന ലക്ഷണമില്ല.

“മോണിംഗിൽ കേട്ടതോ? അതൊന്നും ശോകഗാനമല്ലല്ലോ!” എനിക്കു സംശയമായി. പിന്നെ, മോണിംഗിൽ കേട്ട പാട്ടു് വീണ്ടും വച്ചു കൊടുത്തു:

“പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു്, പൂക്കുന്നശോകം!”

അച്ചു ഹാപ്പി.

Labels: