ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, April 05, 2020

ചലഞ്ചു വരുത്തുന്ന വിനകൾ

കൊറോണക്കാലത്തെ പ്രധാന വിനോദോപാധിയായി ചലഞ്ചുകൾ മാറിക്കഴിഞ്ഞു. ഒറ്റയ്ക്കൊരു സാരിപ്പടം ചലഞ്ചിനെപ്പറ്റി അന്നനടയിൽ ഒരു ശ്ലോകവും പിന്നെ പശുവിനെ തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെപ്പറ്റി ഒരു ലേഖനവുമാണ് ചുവടെ.

ആദ്യം ശ്ലോകം:
ഉലഞ്ഞസാരിമേൽ വലിഞ്ഞുകേറണം
തലപ്പൊതുക്കിതാൻ തനിച്ചുനിൽക്കണം
പലർക്കുമെന്തിനും പടം പരീക്ഷണം
ചലഞ്ചുപോസ്റ്റുകൾ വെറുത്തുഞാൻ സഖേ!

ഈ വരികൾ "നിരന്ന പീലികൾ നിരക്കവേ കുത്തി" എന്ന രീതിയിൽ പാടാം.

അന്നനടയ്ക്ക് സംസ്കൃത വൃത്തമായ സുമംഗലയോട് അടുപ്പമുണ്ട്. ജഭംജരത്തൊടു സുമംഗലാഭിതം എന്നാണ് സുമംഗല (ജഭജര). (പാടി നീട്ടാതെ) ഗണം തിരിച്ചാൽ ജരജര എന്നു കിട്ടും. ഭാഷാവൃത്തങ്ങളെ ഗണം തിരിച്ചല്ല മനസ്സിലാക്കുന്നത് എന്നതും ഓർക്കുക.

സുമംഗലയുടെ ആറാമക്ഷരം ഗുരുവാക്കുകയും വരിയുടെ മദ്ധ്യത്തിൽ യതി ഉപയോഗിക്കുകയും ചെയ്താൽ അന്നനടയായി. മറ്റു ചില ചെറിയ നിബന്ധനകൾ കൂടി ഉണ്ടെന്നു മാത്രം.

അതായത്,
ഉലഞ്ഞ സാരിമേൽ വലിഞ്ഞു കേറണം (അന്നനട)

ഉലഞ്ഞ സാരിമെ വലിഞ്ഞു കേറണം (സുമംഗല)

ഇതിന് വലിയ അർത്ഥം ഇല്ലാത്തതിനാൽ നമുക്ക് ഇങ്ങനെ മാറ്റിയെഴുതാം:
ഉലഞ്ഞ സാരിയിലലഞ്ഞു കേറണം (സുമംഗല)

പന്ത്രണ്ടക്ഷരമുള്ള സുഖാവഹമാണ് അന്നനടയോട് സാമ്യമുള്ള മറ്റൊരു സംസ്കൃത വൃത്തം. ജരജര എന്ന അന്നനട രീതിയ്ക്കു പകരം നരനര എന്നായാൽ സുഖാവഹം. രണ്ടാമത്തേയും എട്ടാമത്തേയും അക്ഷരങ്ങൾ ലഘുവാകണം എന്നു ചുരുക്കം.
ഉലഞ്ഞ സാരിമേൽ വലിഞ്ഞു കേറണം (അന്നനട)

ഉലഞ സാരിമേൽ വലിഞു കേറണം (സുഖാവഹം)

ഉലഞ, വലിഞു എന്നീ വാക്കുകൾ ഭാഷയിൽ ഇല്ലാത്തതിനാൽ അവയെ താഴെപ്പറയുന്ന രീതിയിൽ മാറ്റാം.
കസവു സാരിമേൽ രമണി കേറണം (സുഖാവഹം)

ഇനി പതിനൊന്ന് അക്ഷരമുള്ള സമ്മതയോടുള്ള സാമ്യം നോക്കാം. അന്നനടയുടെ രണ്ടാമക്ഷരം ലഘുവാകുകയും ഏഴാമക്ഷരമായ ലഘു ഇല്ലാതാവുകയും ചെയ്യുമ്പോൾ വൃത്തം സമ്മതയാവും.
ഉലഞ്ഞ സാരിമേൽ വലിഞ്ഞു കേറണം (അന്നനട)

ഉലഞ സാരിമേലിഞ്ഞു കേറണം (സമ്മത)

ഇതിനെ ഈ രീതിയിൽ അർത്ഥവത്താക്കാം:
കസവു സാരിമേലിന്നു കേറണം (സമ്മത)

അടുത്ത ചലഞ്ചിനായി കാത്തിരിക്കുന്നു.

PS: ഇതിന് അന്നനടയിൽ താഴെപ്പറയുന്ന ഒരു വേർഷനും എഴുതി:
ഉലഞ്ഞസാരിമേലുറഞ്ഞുതുള്ളണം
തലപ്പൊതുക്കിതാൻ തനിച്ചുനിൽക്കണം
പലർക്കുമെന്തിനും പടം പരീക്ഷണം
ചലഞ്ചുപോസ്റ്റുകൾ ചവറ്റുകുട്ടയിൽ!

PS2: മറ്റൊരു രീതിയിൽ നോക്കിയാൽ 11 അക്ഷരമുള്ള സമ്മതയുടെ ഏഴാമക്ഷരമായ ഗുരുവിനു പകരം രണ്ടു ലഘുവാക്കിയാൽ (മൊത്തം 12 അക്ഷരം) അത് സുഖാവഹമായി.
ഹരിവരാസനം വിശ്വമോഹനം (സമ്മത)

ഹരിവരാസനം ഭുവനമോഹനം (സുഖാവഹം)

Labels: , , , ,

Thursday, April 13, 2017

വിഷു സമാഗതം (വൃത്തത്തിൽ)

(ജി. സുധാകരന്റെ “വിഷു സമാഗതം” എന്ന ‘കവിത’യെ വൃത്തത്തിനുള്ളിലാക്കാനുള്ള ശ്രമമാണ്. ഒറിജിനലിനെപ്പോലെതന്നെ, ഈ ശ്രമത്തിലെ പലവരികൾക്കും അർത്ഥം, അലങ്കാരം, കാവ്യഭംഗി, ആദിയായ യാതൊരു ഗുണവുമില്ല. ആകെയുള്ളത്, ഒറിജിനൽ കൃതിയിലെ, പരസ്പരബന്ധമോ ഭാഷാമേന്മയോ ഇല്ലാത്ത വാക്കുകളേയും വരികളേയും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ട് സുഖാവഹം എന്ന വൃത്തത്തിൽ ആക്കിയിട്ടുണ്ട് എന്നതു മാത്രമാണ്. അതിനാൽ തന്നെ, ഈ പോസ്റ്റിന് വെറും അക്കാഡമിക് പ്രാധാന്യമേയുള്ളൂ.)



വിഷു മനോഹരം വിഷു സകാംക്ഷിതം
വിഷു സുമോഹനം വിഷു മഹോത്സവം!
അതിപുരാതനം മഹിമവാഹിയാം
നിറമതല്ലിയീ, മധുരമഞ്ജിമ!

ഇരുൾ നിറഞ്ഞൊരാ ഭുവന ജീവിതം
പുനർജനിക്കുവാൻ വിഷുസമാഗതം
കദനമാർന്നൊരീ കടലിനുള്ളിലായ്
മമതുരുത്തു നീ വിഷു മനോഹരി!

കരുണയാർന്നൊരീ മഹിതമഞ്ഞയെ
പുണരുവാൻ വരും നവവസന്തമേ!
ഹൃദയതട്ടകം നിറയെയാശയാൽ
തിരികൊളുത്തി ഞാൻ പതിയെ കൂപ്പിടാം!

കുളിരകന്നിടും കരുണമാറിടും
ഹൃദയരാഗമാം കണികയില്ലതാം
നനവുതൊട്ടിടാതുഴറിടുന്നിടും
മനുജ ജീവിതം കിടുകിടുങ്ങവേ

കടിമുറുക്കിടും കടുവതന്നിറം*
ഹൃദയഹാരിയായിരഗണിക്കുവോ?

ഇവിടെ ചന്തമായ് ലഹരിപൂത്തിടും
വിഷു വസന്തമാം നിരകൾ കാണവേ
സകല ഹൃത്തിലും വിതറുകില്ലയോ
പ്രമദമായിടും തരളവീചികൾ

ദിവസവും സദാ മുറുകെ കെട്ടിയ
ദുരിതപാശവും പതിയെമാറ്റുവാൻ
പ്രദവവീഥിമേൽ വഴിയെ നമ്മുടെ
വ്യസനമൊക്കെയും ശുഭദമായിടും!

*കടിച്ചു കീറുന്ന കടുവതൻ നിറം എന്നാണ് കവിവാക്യം. ഇതും ഇതിനടുത്തതും ചേർന്ന വരികളാണ് ഈ കവിതയുടെ ഹൈലൈറ്റ്.

Labels: , ,