ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, May 10, 2026

ആർസിയുടെ യോഗം

കേസിയും വീഡിയും കേമരായ്ത്തീരവേ
ആർസിതന്നാർത്തി തീർന്നാർസനിക് മോന്തുമോ?
കേസരീയോഗവും രാശിയും ചേർന്നു വ-
ന്നീസിയായ് കേരളം വാഴുമാറാവുമോ?

(വൃത്തം: സ്രഗ്വിണി, സ്രഗ്വിണിക്കോ ഗണം നാലു രം താനതും)

Labels: ,

Thursday, April 30, 2026

ആൽ ഗോറും ഹിലാരി ക്ലിന്റനും

മൂന്നു മേയ് രാത്രിതൻ മൂകയാമങ്ങളിൽ
കേസിയും വീഡിയും ചെയ്‌വതെന്താവണം?
ഗോറിനെപ്പോലൊരാൾ ബോറനായ് മാറുമോ,
ക്ലിന്റനായ് മറ്റെയാൾ സ്വപ്നവും കാണുമോ?

(വൃത്തം: സ്രഗ്വിണി, സ്രഗ്വിണിക്കോ ഗണം നാലു രം താനതും)

Labels: ,

Friday, December 19, 2025

ഉൾത്താരു കത്തുന്നു മേ!

ഇന്നത്തെക്കാലത്ത് സ്രഗ്വിണി വൃത്തത്തിൽ എഴുതാൻ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ശ്ലോകം:
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!

(നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ നിന്നാണ് "ഉൾത്താരു കത്തുന്നു മേ" പ്രശസ്തിയാർജ്ജിച്ചത്. ഉൾത്താരു കത്തുന്നു മേ എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന രീതിയിൽ [ഉദാഹരണത്തിന്: സമസ്യാപൂരണം] ഒമ്പത് വൃത്തങ്ങളിൽ ശ്ലോകാമെഴുതാം.)
  1. കുമാരി (11 അക്ഷരം, "ഉൾത്താരു കത്തുന്നു മേ!" 5-11 വരെ)
  2. സ്രഗ്വിണി (12 അക്ഷരം, 6-12 വരെ)
  3. ഉർവ്വശി (13 അക്ഷരം, 7-13 വരെ)
  4. ക്ഷമ (13 അക്ഷരം, 7-13 വരെ)
  5. ചന്ദ്രരേഖ (15 അക്ഷരം, 9-15 വരെ)
  6. അലസ (18 അക്ഷരം, 12-18 വരെ)
  7. ശാർദ്ദൂലവിക്രീഡിതം (19 അക്ഷരം, 13-19 വരെ)
  8. മത്തേഭവിക്രീഡിതം (20 അക്ഷരം, 14-20 വരെ)
  9. വിലാസിനി (24 അക്ഷരം, 18-24 വരെ)
(വൃത്തം: സ്രഗ്വിണി)

Labels: ,

Sunday, May 11, 2025

ശാന്തയായ് മാറ്റണേ!

Happy Mother's Day!
തങ്കമാം തള്ളമാർക്കൊക്കെയും രാവിലേ
തുംഗതത്തോടുമാശംസകൾ ചൊല്ലിയാൻ
ശങ്കയായ്, വീട്ടുകാരിക്കു ഞാൻ നേർന്നുവോ?
ശങ്കരാ! കാന്തയെശ്ശാന്തയായ് മാറ്റണേ!

(വൃത്തം: സ്രഗ്വിണി)

Labels: ,

Friday, February 14, 2025

വേറുതേ, എന്തിനീ മത്സരം?

അന്തിനേരം വിടർന്നന്തരീക്ഷം മുദാ-
ഗന്ധമേകും നറും സുന്ദരിപ്പൂവുകൾ
ചന്തമായ് ചേലെഴും ചന്ദ്രികയ്‌ക്കൊപ്പമായ്
ഹന്ത! നിന്മുന്നിലിന്നെന്തിനീ മത്സരം?

(വൃത്തം: സ്രഗ്വിണി -- സ്രഗ്വിണിക്കോ ഗണം നാലു രം താനതും.)

Labels: ,

Monday, November 11, 2024

വാർഷികാഘോഷനാൾ

ശ്ലോകമില്ലാതെഴും വാർഷികാഘോഷനാൾ
ശോകമാകാതെ നീ കാത്തുകൊള്ളേണമേ,
ആകെമൊത്തം തിരക്കായിരിക്കുമ്പൊഴു-
മാകുലത്താലുമുൾത്താരു കത്തുന്നു, മേ!

നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ "ഉൾത്താരു കത്തുന്നു മേ" എന്നവസാനിക്കുന്ന രണ്ട് ശ്ലോകങ്ങൾ ഉണ്ട്.

(വൃത്തം: സ്രഗ്വിണി)

സ്രഗ്വിണി ലക്ഷണം വൃത്തമഞ്ജരിയിൽ സ്രഗ്വിണിയിൽ പറഞ്ഞിട്ടില്ല. അതിനാൽ സ്രഗ്വിണിയിൽ സ്രഗ്വിണിയുടെ ലക്ഷണം ഇതാ:
സ്രഗ്വിണിക്കോ ഗണം നാലു രം താനതും.

Labels: ,