പുസ്തകങ്ങൾ: അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം
ഗ്രേസിയുടെ ആദ്യ കഥാസമാഹാരം ‘പടിയിറങ്ങിപ്പോയ പാർവതി’ പുറത്തുവന്നത് 1991-ലാണ്. വായനമുറ്റിയിട്ടില്ലാത്ത കാലമായിരുന്നു അത്. 1995 മുതൽ 2000 വരെയൊക്കെ കഥാകഥനത്തിൽ ഗ്രേസിയുടെ സുവർണ്ണകാലമായിരുന്നു എന്നു കരുതണം. ഇക്കാലത്ത് വായന കുറഞ്ഞെങ്കിലും തീരെ ഇല്ലാതായിരുന്നില്ല. എന്നിട്ടും ഗ്രേസിയുടെ ഒരു കൃതിപോലും വായിച്ചതായി ഓർക്കാൻ കഴിയുന്നില്ല.
‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ 2015-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രേസിയുടെ ഓർമ്മക്കുറിപ്പുകളാണ്. ഒരു ബിസിനസ് യാത്രയ്ക്കിടയിലാണ് ഈ പുസ്തകം വായിക്കുന്നത്. (വരികൾക്കിടയിൽ വായിക്കരുത്!) എൺപത്തെട്ടു പേജേയുള്ളൂ എന്നതായിരുന്നു മാനദണ്ഡം. മുഖവുര, ആമുഖം, പഠനം, ആസ്വാദനം തുടങ്ങിയ മറ്റു ഗിമ്മിക്കുകളൊന്നും ഇല്ലെന്നതും ആശ്വാസം നൽകി.
‘ഹൃദയം പോലെ ഒരു ത്രികോണം’ ആണ് പുസ്തകത്തിലെ ആദ്യ ഓർമ്മ. എഴുത്തുകാർക്ക് ഓർമ്മകൾ ഉണ്ടാവാം, അവ ചേർത്തുവച്ച് ഓർമ്മക്കുറിപ്പുകൾ എന്നപേരിൽ പുസ്തകമാക്കാം. ഇത് പ്രസിദ്ധീകരിക്കുമ്പോൾ വർഷം 2015 ആയി എന്ന് ഗ്രേസി ഓർക്കുന്നത് നന്നായിരുന്നു. താനൊരു എഴുത്തുകാരിയാണെന്നതിലൂടെ ആർജ്ജിക്കുന്ന ആത്മവിശ്വാസം നന്നായിപ്രയോഗിച്ചിട്ടുണ്ട് കുറിപ്പിനാധാരമായ അനുഭവത്തിൽ. നാല്പതു വയസ്സു കഴിഞ്ഞവർ ഈ കുറിപ്പ് വായിക്കാതിരിക്കുകയാവും ഭേദം.
പുസ്തകത്തിന്റെ പേര് പേറുന്ന ‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ ആണ് രണ്ടാം കുറിപ്പ്. മലയാളിയുടെ മനസ്സിനെ നന്നേ വായിച്ചിട്ടുള്ളത് കൊണ്ടാവണം പുസ്തകത്തിന് ഈ പേരുതന്നെ കൊടുക്കാൻ കാരണം. ഒരുതരം ക്ലിക് ബെയ്‌റ്റ്. മാർക്കറ്റിങ്ങിന്റെ കുതന്ത്രത്തിൽ തനിക്കു പങ്കില്ല എന്നു വിളിച്ചുപറഞ്ഞു കൈയൊഴിയുന്ന വരികൾ ഈ കുറിപ്പിൽ കരുത്തിവയ്ക്കാൻ എഴുത്തുകാരി മറക്കുന്നില്ല. “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചികഞ്ഞപ്പോഴാണ് അപഥത്തിന് പഴകിയുറച്ച അർഥം മാത്രമല്ല ഉള്ളതെന്നു കണ്ടെത്തിയത്. ആരും നടക്കാത്ത വഴി എന്നും വ്യാഖ്യാനിക്കാവുന്നതാണ്.” ഗ്രേസിയുടെ ഭാഷ ഇവിടെ സ്വാഭാവികത ഉപേക്ഷിച്ച് കപടമെന്നു തോന്നുന്ന കാല്പനികഭാവം കൈക്കൊള്ളുന്നുണ്ട്. “എന്റെ ഫോൺ ജലതരംഗമുതിർത്തു” എന്നും “ചൂണ്ടുവിരൽ സ്പർശം കൊണ്ട് ഞാൻ ഫോൺ ഒരചേതനവസ്തുവാക്കി” എന്നുമൊക്കെ പറയുമ്പോൾ ചിലപ്പോൾ ഈ ഭാവം വേലി പൊളിച്ചു പുറത്തു പോകുന്നുമുണ്ട്. “ബുദ്ധിജീവികളായ പുരുഷന്മാർപോലും പെണ്ണ്, കള്ള്, പണം, പെരുമ എന്നിവയിലെല്ലാറ്റിലുമോ ഏതെങ്കിലും ചിലതിലോ അഭിരമിക്കുന്നുവല്ലോ” എന്നോർത്ത് നെടുവീർപ്പിടുന്നതാണ് കുറിപ്പിന്റെ അവസാനവാക്കായി ഗ്രേസി ഓർത്തെടുക്കുന്നത്. നാലഞ്ചുവർഷം ഡ്രാഫ്റ്റിൽ കിടന്നത് കാലാന്തരങ്ങൾ കടന്നതറിയാതെ ചിലർ പോസ്റ്റ് ആക്കുന്ന പോലെ, ആദികൗമാരത്തിലെപ്പോഴോ തികട്ടിവന്ന വ്യർത്ഥവ്യഥകൾ ഈ ഓർമ്മക്കുറിപ്പിലേയ്ക്ക് വാക്കുകളായി ഒഴുകിയതാവാം. വായനക്കാരായ നമ്മളല്ലേ ക്ഷമിക്കേണ്ടത്?
തന്നേക്കാൾ പ്രായം കുറഞ്ഞ എഴുത്തുകാരിക്കു കിട്ടിയ “തകരച്ചന്തത്തിൽ മുളച്ച പുകഴ്‌ത്തൽ കത്തുകൾ” ഗ്രേസിയെ അന്തം വിടുവിക്കുകയും ഇത്രയും പ്രശംസനീയമായ കഥ തന്റെ കഥയുടെ കോപ്പിയാകാതെ വരാൻ തരമില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു ‘പുതിയ മുഖം’ എന്ന കുറിപ്പിലൂടെ. ഈ വേദനയിൽ ഉഴറുകയാണ് എഴുത്തുകാരി. കഥയുടെ മാതൃത്വം കിട്ടാതെ വന്നപ്പോൾ കുറ്റം പത്രാധിപരിൽ കെട്ടിവച്ച് ലോകം ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ആശങ്കിച്ചവസാനിക്കുന്നു എഴുത്തുകാരിയുടെ സ്മരണ.
കെ. പി. അപ്പനെപ്പറ്റിയാണ് (ഗ്രേസിയുടെ വാക്കുകളിൽ “അപ്പൻ സാറിനെ”) ‘അദൃശ്യ സാന്ത്വനം’ എന്ന ലേഖനം. “ലാളിത്യത്തിലും വിശുദ്ധിയിലും പുലരുന്ന ഒരു ജീവിതത്തെപ്പോലും അർബുദം വിഴുങ്ങുമെന്നറിഞ്ഞ് ഞാൻ ചകിതയായി” എന്നുകണ്ട് ഈയുള്ളവൻ ഓടിപ്പോയി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചകിതയായതിന് പഴകിയുറച്ചതല്ലാത്ത അർത്ഥം വല്ലതുമുണ്ടോ എന്നു ചികഞ്ഞു (സത്യം!). അതികഠിനമായ നിരാശയാണ് ഫലം. എന്താ ഈ കലാകാരന്മാർ ഇങ്ങനെ? (“ഒരു നിരൂപകന് അവശ്യം വേണ്ട ഗുണമാണ് സഹൃദയത്വം” എന്ന് ഗ്രേസി തന്റെ നിരൂപകന്മാരെ ഓർമ്മപ്പെടുത്തുന്നു. എന്റെ ഈ പോസ്റ്റ് നിരൂപണമല്ല, എനിക്കീപ്പറഞ്ഞ സഹൃദയത്വം എന്ന സംഗതിയുമില്ല.)
ഇതൊക്കെ വായിക്കാൻ ഞാൻ എന്തപരാധമാണ് ചെയ്തത് എന്നു ചോദിച്ചുപോകും ‘ശാഗ്പാനി’ വായിച്ചുതീരുമ്പോൾ. മലയാളത്തിനു ലഭിച്ച പുതിയ വാക്കായ ശാഗ്പാനിയുടെ ചരിത്രമാണ് ഗ്രേസി ഓർത്തെടുക്കുന്നത്. ചുറ്റും കാണുന്നവരെ കഥാപാത്രങ്ങളാക്കി രചനകളൊരുക്കാനും അവ അമൂല്യമാണെന്ന് കരുതാനും അവയെ പശ്ചാത്തലമാക്കി കുറിപ്പുകളെഴുതി കൊരുത്തെടുത്ത് പുസ്തകമാക്കാനും ആർക്കും വിലക്കില്ല. ഈ സ്വാതന്ത്ര്യത്തിലൊരല്പം തിരിച്ചുകാണിച്ചാലോ? ഗ്രേസിയുടെ വക പുച്ഛവും പരിഹാസവും.
ഈ കുറിപ്പുകളിൽ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങൾ വായിക്കുന്നുള്ളൂവെങ്കിൽ ‘ഞരമ്പുരോഗി’ വായിക്കുക. ‘ഹൃദയം പോലെ ഒരു ത്രികോണം’ എന്ന പോലെ പൈങ്കിളിയായി തുടങ്ങി, എന്നാൽ അതിൽ നിന്നും വേറിട്ട്, ശക്തവും ധീരവുമായി, ദുര്‍ഭാഷണത്തേയും അധിക്ഷേപത്തേയും സ്ത്രീനിന്ദയേയും നേരിട്ട ഓർമ്മയാണ് ‘ഞരമ്പുരോഗി’ എന്ന കുറിപ്പിൽ. ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്ന അനുഭവമാണ് ‘കണ്ണാടിയിലെ പെണ്ണ്’ പറയുന്നത്. പല വിധത്തിലും സർവ്വസാധാരണമായ ഒരനുഭവം. വേണ്ടവിധത്തിൽ വേണ്ടസമയത്ത് പ്രതികരിക്കാതെ പിന്നീട് നിരാശപ്പെടുന്നതും സംഭവം “റീപ്ലെ” ചെയ്ത് ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് വിചാരിച്ചു കൂട്ടുന്നതിലും നമ്മളാരും പിന്നിലല്ല. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീയനുഭവങ്ങളിലൊന്നിനെ മനുഷ്യപ്പറ്റുള്ളവരിൽ രക്തം തിളപ്പിക്കുമാറ് പറഞ്ഞൊരുക്കുന്നു ‘കണ്ണാടിയിലെ പെണ്ണ്.’
എഴുത്തുകാരും സിനിമാക്കാരും (മലയാളക്കരയിലെ സെലിബ്രിറ്റികൾ) സ്വയം സാംസ്കാരിക നായകന്മാരും നായികകളുമായി സങ്കല്പിച്ച് സാമൂഹ്യ പുനരുദ്ധാരണം നടത്തുന്നത് പതിവാണല്ലോ. ഉപദേശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമെന്നല്ലാതെ സ്വജീവിതത്തിൽ പകർത്തുന്നവർ തുലോം കുറവാണെന്ന് ആരാധനാന്ധത ബാധിച്ചവർക്കൊഴികെ മറ്റെല്ലാർക്കും ബോദ്ധ്യവുമുണ്ട്. ബോധിച്ചുറച്ചതെന്ന് നാം (കേൾവിക്കാരും വായനക്കാരും) കരുതുന്ന ആദർശപ്രഖ്യാപനങ്ങൾ പ്രസരിപ്പിക്കുമ്പോഴും അവ സ്വജീവിതത്തിലുണ്ടാക്കിയേക്കാവുന്ന “പൊല്ലാപ്പു”കളെ ജീവസഹജമായ സ്വാർത്ഥത എന്ന ഒഴിവുകഴിവിന്റെ മിഠായിപ്പൊതിയിൽ ഒളിപ്പിച്ചു ‘അനാമികയുടെ കഥ’ എന്ന കുറിപ്പിലൂടെ വിൽക്കാൻ കാട്ടുന്ന വിരുത് ശ്രദ്ധേയം തന്നെ.
മനുഷ്യ സഹജമായ വികാരങ്ങളെ മറയില്ലാതെ കാണിക്കുന്നു, ‘ഒരു യക്ഷിക്കഥ.’ വെട്ടി നേടാനും പരിഹസിക്കാനും ധൈഷണിക മുൻതൂക്കം ഭാവിക്കാനും എഴുത്തുകാർക്ക് ഒരു മടിയുമില്ല. എന്നു മാത്രമല്ല, അതൊക്കെ നോർമലൈസ് ചെയ്യാനുള്ള വ്യഗ്രതയിൽ “എനിക്ക് ഉള്ളത് ഉള്ളതുപോലെ പറയാൻ മടിയില്ല” എന്ന് ധ്വനിപ്പിക്കുകയും ചെയ്യും (അതായത്, വായനക്കാരായ നമുക്കാണ് പ്രശ്നം മുഴുവൻ!). ഈ കുറിപ്പിൽ ഗ്രേസി താനെഴുതിയ ഒരു കഥയുടെ വൃത്താന്തം പറയുന്നുണ്ട്. മറ്റൊന്നും വായിച്ചില്ലെങ്കിലും ‘ദേവീ മാഹാത്മ്യം’ എന്ന കഥ വായിക്കണമെന്ന ആഗ്രഹം ജനിപ്പിക്കാൻ കുറിപ്പിന് കഴിഞ്ഞു. ഗ്രേസിയുടെ കഥകൾ ചിലതെങ്കിലും തിരഞ്ഞുപിടിച്ച് വായിക്കണം.
‘സായാഹ്നസഞ്ചാരം’, ‘അധീരയുടെ ആത്മഭാഷണങ്ങൾ’ എന്നിവ വായിക്കുമ്പോൾ ഇവയൊക്കെയും ആത്മകഥയിൽ നിന്നും വെട്ടിമാറ്റിയ ഏടുകളല്ലേ എന്ന സംശയം ബലപ്പെടും. ഇവയിൽ നിന്നൊക്കെ എന്താണ് കൊള്ളേണ്ടത് എന്താണ് തള്ളേണ്ടത് എന്ന സംശയമാണ് വായിച്ചു തീരുമ്പോൾ ഉണ്ടാവുക. ആത്മപ്രശംസയാണ് അജണ്ട എന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ സന്ദേഹം ഇല്ലാതാവും.
ഇരുപത്താറ് കുറിപ്പുകളുടെ ആകെത്തുകയാണ് പുസ്തകം. അവയിൽ ചിലതിനെപ്പറ്റി മാത്രമേ ഞാൻ മുകളിൽ പരാമർശിച്ചിട്ടുള്ളൂ. പിന്നീടുള്ള മിക്കതിനും യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലെന്നു മാത്രമല്ല, പല കുറിപ്പുകളും ഉപരിപ്ലവവും ഉടലാകമാനം പിന്തിരിപ്പനുമാണ്. ഇത്തരം കുറിപ്പുകൾ നാഴികയ്ക്ക് നാൽപ്പത് വട്ടം പലരുടെവകയായും ഫെയ്സ്ബുക്കിൽ കാണാറുണ്ട്. ദോഷം പറയരുതല്ലോ, കഥപോലെ വായിച്ചു പോകാവുന്നവയും അച്ചടക്കത്തോടെ എഴുതിയിരിക്കുന്നവയുമായ രണ്ടുമൂന്നു ഓർമ്മകളുണ്ട് പുസ്തകത്തിൽ. ബാക്കിയുള്ളവയിൽ ‘എടുക്കാത്ത നാണയം’ മമ്മൂട്ടിയുടെ അഭിനയത്തെ സംബന്ധിച്ച വിമർശനമാണെഞിലും കാമ്പില്ലാത്തതിനാൽ കാര്യമാക്കാനില്ല. ‘കഥ നന്നാക്കാനുണ്ടോ?’ എന്നത് കഥയെഴുതേണ്ടുന്ന സമയത്ത് അതിനു പകരം താൻ ചെയ്ത പരിത്യാഗങ്ങളുടെ പായ്യാരം പറച്ചിലാണ്.
“ഒരു ചെറിയ ജീവിതത്തിന്റെ ശിരോ രേഖകൾ” എന്ന പേരിൽ ഗ്രേസിയുടെ ആത്മകഥ ഉണ്ടു പോലും. ഈ ഓർമ്മക്കുറിപ്പുകളുടെ രീതിവച്ച് ആ ആത്മകഥ വായിക്കാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. ഒരുപക്ഷേ, ആത്മകഥയിൽ “ആത്മ കഥാംശം” കൂട്ടിയതു കാരണം പ്രസാധകൻ വെട്ടിനിരത്തിയത് ബാക്കിവന്നതാവാം ഓർമ്മക്കുറിപ്പായത് എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. (പഠിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടാഴ്ച ക്ലാസ് കട്ട് ചെയ്ത് ‘ആൾക്കൂട്ടം’ വായിച്ചയാളാണ്. ചെറുകാടിന്റെ ആത്മകഥയൊക്കെ വായിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. എന്നിട്ടും!) പഞ്ചസാര മണലുറങ്ങുന്ന മെക്സിക്കൻ കടൽത്തീരത്ത് ആട്ടു മഞ്ചലിൽ ചായയും ബിസ്കറ്റുമൊപ്പം ഗ്രേസിയുടെ ആത്മകഥ വായിക്കുന്നൊ അതോ ഇങ്ങു സീയാറ്റിലിൽ കേരള അസോസിയേഷൻ പരിപാടി നടക്കുന്ന ഹോളിൽ കാലും കയ്യും കെട്ടിയിട്ട് സ്റ്റീവൻ സ്മിത്തിന്റെ ഒരു ഇന്നിംഗ്‌സ് മുഴുവൻ കാണുന്നോ എന്നു ചോദിച്ചാൽ ഞാൻ ഒരു വേള ഈ അഭിപ്രായം മാറ്റിയേക്കും; ഉറപ്പില്ല.

Labels: പുസ്തകപരിചയം