ഈയർ ഇൻ റിവ്യൂ 2019
ജോലിസംബന്ധമായി പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ കുറച്ചധികം നേട്ടങ്ങൾ ഉണ്ടായി. സെറ്റ്ബാക്കുകൾ ഉണ്ടായില്ല എന്നല്ല; പലതിനേയും അഭിമുഖീകരിക്കാനും തരണം ചെയ്യാനും സാധിച്ചു. ഇത്രകാലം ശ്രമിച്ചിട്ടില്ലാത്ത മേഖലകളിൽ കൈവച്ചു ശരാശരിക്കുമേൽ തൃപ്‌തികരമായി അവ ചെയ്തുകൂട്ടി. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ച് ഒട്ടനവധി കോൺഫറൻസുകളിലും മറ്റും പങ്കെടുക്കാനും സംസാരിക്കാനും സഹായിക്കാനും അവസരമുണ്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ആദ്യത്തെ കവയിത്രി/കലാകാരിയായ ഓറിയകാത്തിയുടെ ഉപജ്ഞാതാക്കളോട് (സ്ലീബ, ഫാബിൻ) ഔദ്യോഗികനിലയിൽ സഹകരിക്കാൻ ഇടയായി.
എന്നാലും വ്യക്തിപരമായി പശ്ചാൽഗതിയായിരുന്നു. ഒരു മാസം ഒരു പുസ്തകം എന്ന ലക്ഷ്യം ഇത്തവണയും നടന്നില്ല. മൂന്നുനാലു പുസ്തകങ്ങൾ വായിച്ചു തുടങ്ങിയെങ്കിലും ഈ വർഷം ഒന്നും വായിച്ചു പൂർത്തിയാക്കിയില്ല. ജോലിത്തിരക്കും ജോലിസംബന്ധമായ യാത്രകളും കാരണമായി പറയാം. ഈ അവസ്ഥയ്ക്കു ഉടനേ മാറ്റമുണ്ടാവാൻ സാദ്ധ്യതകാണുന്നില്ല.
ലീസ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ സീയാറ്റിലിൽ നടത്തിയ 'മുദ്രാംഗുലീയം' ഡാൻസ്-ഡ്രാമയിൽ വളരെചെറിയൊരളവിൽ പങ്കുകൊള്ളാൻ അവസരം കിട്ടിയത് നന്ദിയോടെ ഓർക്കുന്നു. സോക്കർ കളിച്ചില്ല. പതിവുപോലെ സോക്കർ പാർട്ടിയിൽ പോയെങ്കിലും പ്രസംഗിച്ചില്ല. ക്രിക്കറ്റ് കളിച്ചെങ്കിലും സംഭവം അവസാനിപ്പിക്കാൻ സമയമായി എന്ന തോന്നലാണ് ബാക്കി. വോളീബോൾ ഒന്നുകൂടി ഊർജ്ജിതമാക്കണം.
ഫേയ്സ്ബുക്കിൽ ഒരാഴ്ച ഒരു പടം പബ്ലിഷ് ചെയ്യണം എന്ന ഒരു മാരണത്തിൽ പെട്ടുപോയി. അത് അവസാന ആഴ്ചകളിൽ പലകാരണങ്ങളാൽ മുടങ്ങിക്കിടപ്പാണ്. പൊതുവേ ഫോട്ടോ എടുക്കാനുള്ള ഉത്സാഹം കുറഞ്ഞു.
തൂവാനത്തുമ്പികൾ ഈവർഷം ആദ്യം തന്നെ കണ്ടുതീർത്തു. അതിന്റെ "റിവ്യൂ"വിന് കിട്ടിയ പ്രതികരണം കൂടുതൽ പടങ്ങൾ കാണണമെന്ന മോഹമുദിപ്പിച്ചു. ആ ആവേശത്തിൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ കണ്ടുതുടങ്ങിയെങ്കിലും മുഴുമിപ്പിക്കാനായില്ല. ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, Marriage Story എന്നീ സിനിമകളേ ഈ വർഷം കാണാൻ പറ്റിയുള്ളൂ. മൂന്നും ഇഷ്ടപ്പെട്ടു. (റിവ്യൂ ഇടുന്നില്ല.) ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയിലൊക്കെയായി നൂറ്റിയമ്പത്തോളം പുതിയ മലയാള പടങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പിന്നെ ആ പോത്തിനെപ്പറ്റിയുള്ള പടം എന്നിവയടക്കം ഒന്നും കണ്ടില്ല. ഓം ശാന്തി ഓശാനയെപ്പറ്റി (വീണ്ടും) രണ്ടുവാക്ക് നല്ലതു പറഞ്ഞതിന് തല്ലുകിട്ടിയില്ലെന്നേയുള്ളൂ.
(എഡിറ്റ്: ഉണ്ട, ലൂസിഫർ എന്നിവയും കാണേണ്ടി വന്നൂ, ഈ വർഷം. പെട്ടെന്ന് ഓർമ്മ വന്നില്ല.)
പട്ടകാലത്തിന്റെ സൂചനകൾ സുഹൃത്തുക്കളിലും പരിചയക്കാരിലും പ്രതിഫലിക്കുന്നു എന്നത് പ്രതീക്ഷയും നിരാശയും തരുന്നു. ശാസ്ത്രബോധത്തിനും മനുഷ്യത്വത്തിനും എതിരായി നിൽക്കുന്നവരുടേതു കൂടിയാണ് ലോകമെങ്കിലും സ്വന്തം മക്കളെയെങ്കിലും ആ വഴിക്കു വിടാതിരിക്കാനുള്ള വകതിരിവ് കാണിക്കണമെന്ന് 2019 ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.
Labels: ഈയർഇൻറിവ്യൂ, വൈയക്തികം