ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, June 20, 2021

ശ്ലോകങ്ങളുടെ കാലിക പ്രസക്തി

ശ്ലോകങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയം Clubhouse-ൽ ചർച്ച ചെയ്തു. അതിനുശേഷം എഴുതിയ ശ്ലോകം.
വിലക്കു മാറ്റി നീങ്ങണം, കുമാറിനിഷ്ടമാകണം,
നിലയ്ക്കണം പദംമുറിക്കുവാൻ വരുന്നൊരാഗ്രഹം!
നടക്കുമോ പടയ്ക്കുവാനെനിക്കു പദ്യമീവിധം?
തിടുക്കമില്ല ദൈവമേ, കൃപാകടാക്ഷമേകണം!

പദം എങ്ങും മുറിച്ചിട്ടില്ല. ഇനി കുമാറിന് (Kumar Neelakandan) ഇഷ്ടമായാൽ മതി. അദ്ദേഹമാണ് ശ്ലോകക്കാർ പഴയ ചട്ടക്കൂടിൽനിന്നും പുറത്തുവരണമെന്നും വൃത്തം ഒപ്പിക്കാൻ വേണ്ടി വാക്കുകളെ മുറിച്ച് ഭാഷയെക്കൊല്ലുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ചർച്ചയിൽ വാദിച്ചത്.

ഇതിന്റെ കുറച്ചുകൂടി ജെനറിക് ആയ വേർഷൻ:
തലയ്ക്കു മത്തു കേറണം പരക്കെയാസ്വദിക്കണം
ചിലർക്കു മാത്രമെങ്കിലും പ്രചോദനം പകർത്തണം
നടക്കുമോ പടയ്ക്കുവാനെനിക്കു പദ്യമീവിധം?
തിടുക്കമില്ല ദൈവമേ, കൃപാകടാക്ഷമേകണം!

വൃത്തം: പഞ്ചചാമരം

Labels: ,

Wednesday, June 09, 2021

അമ്പത്തൊന്നക്ഷരം

ഒരു അക്ഷരശ്ലോക സദസ്സ്. ആദ്യവട്ടം എല്ലാവരും ആലപിക്കുന്നത് അമ്പത്തൊന്നക്ഷരം എന്നു തുടങ്ങുന്ന ശ്ലോകങ്ങൾ. തൊട്ടടുത്തയാളും അമ്പത്തൊന്നക്ഷരം എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലേണ്ടതുകൊണ്ട് മൂന്നാം വരി അ-യിൽ തുടങ്ങണം. എല്ലാം സ്രഗ്ദ്ധരയിൽ.

കുറേ നോക്കിയിട്ടും എല്ലാ മാനദണ്ഡവും പാലിക്കാനായില്ല. അമ്പത്തൊന്നക്ഷരം എന്നു തുടങ്ങുന്ന, സ്രഗ്ദ്ധരയിൽ എഴുതിയ, മൂന്നാം വരി അ-യിൽ തുടങ്ങാത്ത ഒരു ശ്ലോകം:
അമ്പത്തൊന്നക്ഷരത്താൽ വരമൊഴിപഠനം നാന്ദിയാകുന്ന നേര-
ത്തിമ്പത്താൽക്കൂട്ടമോടേ ഗുരുവിനറിവിനായ് ശിഷ്യരോതുന്നിതല്ലോ:
സമ്പത്തിന്നല്ല മോഹം, പ്രിയതരവിഷയം കൌതുകത്താൽ പഠിക്കാൻ,
കമ്പത്തോടാസ്വദിക്കാൻ, കരുണയരുളണം, വിദ്യയർത്ഥിച്ചു നില്പൂ!

വൃത്തം: സ്രഗ്ദ്ധര (ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും)

Labels: ,