ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, November 29, 2006

കാരുണ്യവാനായ അപരിചിതന്‍

ഏകദേശം ഒരു മാസത്തോളമായി ശ്രീ. റ്റി. പദ്മനാഭന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം വായിക്കാന്‍ തുടങ്ങിയിട്ട്. വെറും നൂറ്റിയെണ്‍പത്തി മൂന്നു പേജു മാത്രമുള്ള ഈ പുസ്തകം രണ്ടാഴ്ച കൊണ്ട് വായിച്ചെടുക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ഓഫീസ് പണിക്ക് ഡെഡ് ലൈന്‍ ഉള്ളതിനാലും പുസ്തകവായനയ്ക്ക് അതില്ലാത്തതിനാലും ഇനിയും പള്ളിക്കുന്ന് വായിച്ചു തീര്‍ന്നിട്ടില്ല.

അധികം ആലോചനയൊന്നും കൂടാതെ വെറുതെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. ‘അനുഭവങ്ങളുടെ സംഗീതം’ എന്ന ലേഖനം ഓര്‍മകള്‍ പരതുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ലേഖനത്തിന്‍റെ തുടക്കത്തില്‍, ശ്രീ. പദ്മനാഭന്‍, തന്‍റെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ റ്റെന്നസ്സി വില്യംസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘എ സ്ട്രീറ്റ് ഖാര്‍ നേയ്മ്ഡ് ഡിസയര്‍’ എന്ന നാടകത്തിലെ കഥാപാത്രമായ Blanche Du Bois പറയുന്ന ഒരു വാചകത്തിലൂടെ താന്‍ എങ്ങനെയാണ് ജീവിതത്തിന്‍റെ ഉദാത്ത സംഗീതം ശ്രവിച്ചത് എന്നും പറയുന്നുണ്ട്.

ലേഖനത്തില്‍‍ നിന്ന്:
അവര്‍ നല്ല ഗൃഹനാഥയാണ്. സംസ്കൃത ചിത്തയും സംസ്കാര സമ്പന്നയും. ആ സ്ത്രീയെ മൃഗസമാനനായ ഭര്‍ത്താവും അവന്‍റെ കൂട്ടുകാരും കൂടി ഭ്രാന്തിലേക്കെത്തിക്കുകയാണ്. അവസാനം ആ സ്ത്രീയെ മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം. അതിനായി ഡോക്ടര്‍ എത്തുമ്പോള്‍ മുറിവേറ്റ ഒരു സിംഹിയെപ്പോലെ അവര്‍ തടുക്കുന്നു. ഒടുവില്‍ ഒരു കറുത്ത നഴ്സ് എത്തി. ആ നഴ്സ് കൈകൊണ്ടു കുറച്ചുനേരം അവരെ മെല്ലെ അങ്ങനെ തൊട്ടുനിന്നു. അന്നേരംതന്നെ ആ സ്ത്രീയില്‍ വല്ലാത്ത മാറ്റമുണ്ടാവുന്നുണ്ട്. തുടര്‍ന്ന് നഴ്സ് ‘വരൂ’ എന്ന് പറയുമ്പോള്‍ ഒരക്ഷരം എതിര്‍ക്കാതെ അവര്‍ ആംബുലന്‍സില്‍ കയറുകയാണ്. അപ്പോള്‍ Blanche Du Bois പറയുന്ന ഒരു വാചകമുണ്ട്: “Whoever you are, I have always depended on the kindness of strangers.” എന്തൊരു വാചകം!

റ്റെന്നസ്സി വില്യംസിന്‍റെ ഇന്‍റര്‍വ്യൂ ‘റ്റൈം’ മാഗസിനില്‍ വായിച്ചതിനെത്തുടര്‍ന്ന്, ആ ഇന്‍റര്‍വ്യൂവിനെക്കുറിച്ചുള്ള പ്രതികരണമായി ഇതേ വാചകം പദ്മനാഭനും റ്റെന്നസ്സി വില്യംസും (പരസ്പരം അറിയാതെ) ഉപയോഗിച്ചതും മറ്റും പദ്മനാഭന്‍ ലേഖനത്തിന്‍ വിവരിക്കുന്നുണ്ട്. പദ്മനാഭന്‍റെ മറ്റെല്ലാ കൃതികളും വായിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വായിച്ചിട്ടില്ല എന്നുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഇതാ പുസ്തകത്തിന്‍റെ വിശദാംശങ്ങള്‍: പള്ളിക്കുന്ന് (ലേഖനങ്ങള്‍), വിതരണം: ഗ്രീന്‍ ബുക്സ്, ISBN: 81-88582-29-8, വില: 95 രൂപ.

‘അപരിചിതരുടെ കാരുണ്യം ഞാന്‍ എപ്പോഴും ആശ്രയിച്ചിട്ടുണ്ട്’ എന്ന വാചകത്തെക്കുറിച്ചാണ് ഞാന്‍ ചിന്താധീനനായത്. എനിക്കു പരിചയമില്ലാത്തവര്‍ എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച. എന്നാല്‍ അവയിലൊന്നുപോലും എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് തെല്ലദ്ഭുതത്തോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഒരു സമൂഹജീവിയാകയാല്‍, തനിക്കു ചുറ്റും നടക്കുന്ന, തന്‍റെ സഹായമര്‍ഹിക്കുന്ന സംഭവങ്ങളോട് സഹാനുഭൂതിയോടുകൂടി പ്രതികരിക്കുക അസ്വാഭാവികമോ കരുണയുടെ പ്രകടനമോ ആണെന്നു കരുതുക വയ്യ. (ഏതെങ്കിലും കാരണത്താല്‍ അങ്ങനെ ചെയ്യാത്തവരെ ക്രൂരന്മാരെന്നും മനസ്സാക്ഷിയില്ലാത്തവരെന്നും നാം എളുപ്പത്തില്‍ പേരിട്ടുവിളിക്കുമെങ്കിലും.)

ഏകദേശം ഒരു മാസം മുമ്പ് എ. ബി. സി. ചാനലിലോ മറ്റോ കണ്ട ഒരു പരിപാടിയും ഓര്‍മ വന്നു. കൈ നിറയെ പുസ്തകങ്ങളുമായി ഒരു സുന്ദരിയെയും സൌന്ദര്യം തെല്ലുകുറഞ്ഞ ഒരുവളെയും ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഇന്‍റര്‍സെക്ഷനില്‍ നിര്‍ത്തി. സുന്ദരിയെ സഹായിക്കാന്‍ എത്ര പേരാണെന്നോ സന്നദ്ധരായെത്തിയത്! ചിലര്‍ പുസ്തകങ്ങള്‍ താങ്ങി അവള്‍ക്ക് പോകേണ്ടിടത്തെത്തിക്കാന്‍ തയ്യാറാവുന്നു, ചിലര്‍ അവള്‍ക്ക് ഒരു സഞ്ചികൊണ്ടെത്തിക്കുന്നു, മറ്റു ചിലര്‍ “എന്തു സഹായം വേണമെങ്കിലും” വാഗ്ദാനം ചെയ്യുന്നു. സൌന്ദര്യം കുറഞ്ഞവളെ സഹായിക്കാന്‍ തയ്യാറാവുന്നതോ, വളരെക്കുറച്ചുപേര്‍ മാത്രം. നമ്മുടെ നാട്ടിലും ഇത്തരം പെരുമാറ്റത്തില്‍ നിന്നും വലിയ മാറ്റം വരാന്‍ വഴിയൊന്നുമില്ല.

സൌന്ദര്യവര്‍ധക വസ്തുക്കളും പുസ്തകക്കെട്ടുകളുമില്ലാതെ അപരിചതന്‍റെ കാരുണ്യത്തിന്‍റെ മധുരം അനുഭവിക്കാന്‍ എനിക്കും അവസരമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മഞ്ഞുപെയ്തതുകാരണം തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. എന്നാലും റോഡില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അരമണിക്കൂര്‍ കൊണ്ട് ഓഫീസിലെത്തി. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും കാലാവസ്ഥ മോശമാവുകയും ശീതക്കാറ്റും മഞ്ഞുവീഴ്ചയും പുനരാരംഭിക്കുകയും ചെയ്തു. ജനാലയിലൂടെ ഓരോ തവണ പുറത്തേയ്ക്കു നോക്കിക്കഴിഞ്ഞ്, സ്ഥിതി ഒന്നു കൂടി മെച്ചമാവട്ടെ എന്നു വിചാരിച്ച്, മടക്കയാത്ര നീട്ടിനീട്ടി വച്ചുകൊണ്ടിരുന്നു. അവസാനം അഞ്ചുമണികഴിഞ്ഞ് ഓഫീസ് വിജനമാകാന്‍ തുടങ്ങിയപ്പോള്‍ ഞാനും മടക്കയാത്രയ്ക്കൊരുങ്ങി.

തെന്നിയും തെറിച്ചും മൂന്നു നാലു മൈല്‍ പിന്നിട്ടപ്പോള്‍ വഴി വിജനമായിത്തുടങ്ങി. പിന്നെ നാലഞ്ചുമൈല്‍ യാത്ര വളരെ സുഗമമായിരുന്നു. ഹൈവേകളിലെ ദുരവസ്ഥ റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്ന എനിക്ക് ആള്‍ക്കാര്‍ ഈ ഉള്‍‍റോഡ് തെരഞ്ഞെടുക്കാഞ്ഞതില്‍ അതിശയവും ആശ്വാസവും തോന്നി.

റോഡു മുഴുവന്‍ മഞ്ഞുറഞ്ഞ് ഐസ് ആയിരിക്കുന്നു. കാര്‍ തെന്നിയാല്‍ ബ്രേയ്ക് പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നിന്നാല്‍ പിന്നെ വീണ്ടും നീങ്ങിക്കിട്ടാനും പ്രയാസം. മാത്രമല്ല, ട്രാക്ഷന്‍ കണ്ട്രോള്‍ ചെറിയ പാരയുമാണ്, അല്പമെങ്ങാനും തെന്നിയാല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, എന്‍‍ജിനിലേയ്ക്കുള്ള പവര്‍ ഇല്ലാതാക്കുന്നതോടെ കാര്‍ നിന്നു പോകാനും മതി. എങ്ങും നിര്‍ത്താന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ഥിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഏകദേശം രണ്ടര മൈല്‍ അകലെയെത്തി. ചെറിയൊരു കയറ്റമാണ്. അവിടേയ്ക്ക് തിരിഞ്ഞതും ഉള്ളൊന്നു കാളി. കയറ്റം തുടങ്ങുന്നിടത്ത് നാലഞ്ചു കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നു. കയറ്റം കയറാന്‍ ശ്രമിച്ച് പിറകിലേയ്ക്കു ഉരുണ്ടു വന്നതാവാം. കയറേണ്ട എന്നു കരുതി ഒതുക്കിയതുമാവാം. കാറുകള്‍ക്കു ചുറ്റും മൂന്നാലു പേര്‍ കൂടി നില്‍പ്പുണ്ട്. എന്തും വരട്ടെ എന്നു കരുതി ഞാന്‍ വണ്ടി വിട്ടു. കയറ്റം തീരാറായതും എതിരെ ഒരു കാര്‍ വരുന്നു. ഐസിലൂടെ തെന്നിപ്പോയി പരസ്പരം ഇടിക്കേണ്ടെന്നു കരുതി ഞാന്‍ വേഗത കുറച്ചു. വേഗത കുറഞ്ഞപ്പോള്‍ പിന്‍വീല്‍ ചെറുതായൊന്നു പാളി. ഇനി വേഗത പഴയ രീതിയിലാക്കാനൊരു ഭയം. നേരേ പോയി എതിരേ വരുന്നവനിട്ട് ചാര്‍ത്തിയാലോ? എന്തിനധികം പറയുന്നു, ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, ആക്സിലറേയ്റ്റര്‍ കാര്യമായി കൊടുക്കാത്തതിനാല്‍ വണ്ടി നീങ്ങാതായി. വണ്ടി പതിയെ താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. കാല്‍ ബ്രേയ്കും കൈ ബ്രേയ്കും ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. കാര്‍ ഫസ്റ്റ് ഗിയറിലിട്ട് ഓഫ് ചെയ്തു. കാര്‍ നിന്നു.

ഞാന്‍ കാറില്‍ നിന്നിറങ്ങി യോഗസ്ഥലത്തേയ്ക്ക് നടന്നു. മലയാളികളെത്താത്ത സ്ഥലമില്ല എന്ന് പറയുന്നതെത്ര ശരി. ഒരു മലയാളി സുഹൃത്താണ് വിഷണ്ണനായി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന മൂന്നാമന്‍, കയറ്റം കേറാന്‍ കഴിയാതെ വാഹനം നിന്നു പോകുന്നവരെ സഹായിക്കാന്‍ സ്വന്തം ട്രക്കുമായി കൊടും തണുപ്പിനെ അവഗണിച്ചു നില്‍ക്കുന്ന നല്ല സമരിയാക്കാരനാണ്. അയാളുടെ സഹായഹസ്തമെത്തും മുമ്പ് എന്‍റെ സുഹൃത്തിന്‍റെ വണ്ടി പിന്നോട്ടുരുണ്ടുവന്ന് പിന്നില്‍ വരുകയായിരുന്ന കാറിനെ ഇടിച്ചു കഴിഞ്ഞിരുന്നു. സുഹൃത്തും സഹായിയും ഞാനും കൂടി സുഹൃത്തിന്‍റെ കാര്‍ ഉന്തി റോഡിന്‍റെ വശത്താക്കി. അപരിചിതനായ സഹായി തന്നെ ട്രക്കുമായി വന്ന് എന്‍റെ കാറിന്‍റെ പിന്നില്‍ നിന്നും തള്ളിത്തരാമെന്നേറ്റു. സുഹൃത്തും ഞാനും എന്‍റെ കാറില്‍ കയറി. പിന്നില്‍ നിന്നും ട്രക്ക് ഉപയോഗിച്ചു തള്ളിത്തന്നതിനാല്‍ എന്‍റെ കാര്‍ കൂള്‍ കൂളായി കയറ്റം കയറി.

അങ്ങനെ, കുന്നിന് മുകളിലെത്തിയപ്പോഴാണ് സുഹൃത്ത് തന്‍റെ ബാഗ് താഴെ ഒതുക്കിയിട്ട കാറിലായിപ്പോയതറിഞ്ഞത്. ഞാന്‍ കാര്‍ ഒതുക്കി സുഹൃത്ത് ബാഗുമായെത്താന്‍ കാത്തിരുന്നു. കഷ്ടകാലമെന്നല്ലാതെന്തു പറയാന്‍, സുഹൃത്ത് മടങ്ങിയെത്തി പോകാനൊരുങ്ങുമ്പോള്‍ ഐസ് കാരണം ടയര്‍ കറങ്ങുന്നതല്ലാതെ കാര്‍ മുന്നോട്ട് പോകുന്നില്ല. അപരിചിതന്‍ വീണ്ടും സഹായവുമായെത്തി. ഇതിനോടകം താപനില വളരെക്കുറഞ്ഞ് റോഡിലെ ഐസ് കട്ടി കൂടി കാല്‍നട പോലും വിഷമകരമാക്കിത്തീര്‍ത്തിരുന്നു. വളരെ എളുപ്പമെന്നു കരുതിയ മറ്റൊരു ചെറിയ കയറ്റത്തിലും സഹായിച്ചിട്ടേ അപരിചിതന്‍ മടങ്ങിയുള്ളൂ. കാര്‍ നിര്‍ത്തി ഒരു നന്ദി വാക്കുപോലും പറയാനാവാതെ, കാര്‍ വിന്‍ഡോയിലൂടെ കയ്യുയര്‍ത്തിക്കാണിച്ച് നന്ദി പ്രകടിപ്പിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിയരികില്‍ സുഹൃത്തിനെ ഇറക്കി വിട്ട് വീട്ടിലെത്തി. കാര്‍ വഴിയിലുപേക്ഷിച്ച് വീട്ടിലേയ്ക്ക് നടക്കേണ്ടി വന്നവരുടെ കഥകളായിരുന്നു ന്യൂസ് മുഴുവന്‍. അപരിചിതരുടെ കാരുണ്യമേല്‍ക്കാതെ മൈലുകള്‍ നടക്കേണ്ടി വന്നവരില്‍ എന്‍റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഞാന്‍ ചിന്തിച്ചതും ഒരല്പം തിരുത്തിയ ആ വാചകം തന്നെ: “Whoever you are, I also have depended on the kindness of you, dear stranger!”

Labels:

Tuesday, November 28, 2006

ഓഫീസ് 2007 ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍

മൈക്രോസോഫ്റ്റ് ഓഫീസ് 2003 ഉപയോഗിച്ച് ശീലമായവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2007-ന്‍റെ പുതിയ “റ്റാസ്ക്-ഓറിയന്‍റഡ്” മെനു ക്രമീകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കാം. ജോലിയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ പഠിച്ചുവരുന്നതുവരെയുള്ള സമയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ വേഡ്, എക്സല്‍, പവര്‍പോയ്ന്‍റ് എന്നിവയുടെ ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍ സഹായിക്കും.

മൈക്രോസോഫ്റ്റ് വേഡ്
മൈക്രോസോഫ്റ്റ് എക്സല്‍
മൈക്രോസോഫ്റ്റ് പവര്‍പോയ്ന്‍റ്

മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ പുതിയ മെനു കണ്ടിട്ടില്ലാത്തവര്‍ക്ക് ഒരു പ്രിവ്യൂ കൂടിയായി ഇത് ഉപകാരപ്പെട്ടേക്കാം. ഈ ഗൈഡുകള്‍ ഓഫീസ് 2003-ന്‍റെ പ്രോഗ്രാം ഇന്‍റര്‍ഫേയ്സ് ബട്ടന്‍, റ്റൂള്‍ബാര്‍ എന്നിവയുള്‍പ്പടെ കാണിക്കുന്നു. ഒരു ബട്ടനോ മെനു ഓപ്ഷനോ പോയിന്‍റു ചെയ്താല്‍ റ്റൂള്‍റ്റിപ്പിലൂടെ ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് എഴുതിക്കാണിക്കും. ഇനി അഥവാ, ബട്ടനോ മെനു ഓപ്ഷനോ ക്ലിക്കു ചെയ്താലോ, ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് കാണിച്ചുതരും.

Labels:

Saturday, November 11, 2006

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Labels: , ,

Wednesday, November 08, 2006

എന്‍റെ നാട്, നിങ്ങളുടെയും

മുന്‍‍മന്ത്രി ഗണേഷ്കുമാര്‍ ഒരു താരമായി തിളങ്ങി നിന്ന കാലം. അഭിമുഖ സംഭാഷണത്തിനിടയില്‍ ചോദ്യകര്‍ത്താവ് ചോദിക്കുന്നു (ചോദ്യം അപ്പടിയല്ല താഴെക്കൊടുക്കുന്നത്, ആശയം മാത്രം):
വണ്‍‍വേ നിയമം തെറ്റിച്ചു സ്കൂട്ടറോടിച്ച യുവാവിന് താങ്കള്‍ നേരിട്ട് പിഴകൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വണ്‍‍വേ നിയമം തെറ്റിച്ചു വാഹനമോടിച്ചതായും പോലീസ് തടഞ്ഞു നിറുത്തിയതായും പഴയ രേഖകളില്‍ കാണുന്നുണ്ട്. സ്വയം തെറ്റു ചെയ്തിട്ടുള്ള താങ്കള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയുമോ?

ഗണേഷ്കുമാറിന്‍റെ മറുപടി (ഇവിടെയും ആശയം മാത്രം):
വളരെ ബാലിശമായ ചോദ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ തെറ്റുചെയ്തിട്ടുണ്ട് എന്നുവിചാരിച്ച് അതേ തെറ്റ് ആവര്‍ത്തിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ല എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദേശങ്ങളിലും മറ്റും പോകുമ്പോള്‍ അവര്‍ എത്ര നല്ല രീതിയിലാണ് അവരുടെ പൊതു സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് എന്നതും നിയമം അനുസരിക്കുന്നത് എന്നതും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് അത് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്ന് വിചാരിച്ചുപോയിട്ടുണ്ട്. അതിലേയ്ക്കായി ഞാന്‍ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം.

രാഷ്ട്രീയക്കാര്‍ ഇങ്ങനെ വേണം എന്നൊക്കെ ഞാന്‍ ആശിച്ചുപോയി.

നാം എപ്പോഴും മറ്റുള്ളവര്‍ നന്നാവാത്തതില്‍ നീരസപ്പെടുന്നവരാണ്. കേരളത്തിനു വെളിയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവരാണ് ഈ മനോഭാവം കൂടുതല്‍ വച്ചു പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കേരളത്തിലെത്തിയാല്‍ നമുക്ക് പിന്നെ കുറ്റമേ പറയാനുള്ളൂ.

  • ഇവരെന്താ ക്യൂ പാലിക്കാത്തത്? [അവിടെ—നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട് ഇവിടെ ചേര്‍ത്തു വായിക്കുക] ഇതൊന്നും നടക്കില്ല. എല്ലാവര്‍ക്കും എന്തു ചിട്ടയാണെന്നോ!
  • സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെന്നോ? [അവിടെ] ഇതൊന്നും നടക്കില്ല. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവന്‍/അവള്‍ അപ്പോള്‍ അകത്താവും.
  • മൂത്രപ്പുരയ്ക്ക് ഒരു വൃത്തിയുമില്ല. [അവിടുത്തെ] മൂത്രപ്പുര കാണണം. കിടന്ന് ഉറങ്ങാന്‍ തോന്നും.
  • ഗവണ്മെന്‍റ് എന്താണ് ഈ റോഡൊന്നും ശരിയാക്കാത്തത്? [അവിടുത്തെ] ആറു ലെയ്ന്‍ റോഡാണു മോനേ, റോഡ്.
  • ഹും, ബാങ്കിലും ആശുപത്രിയിലും മറ്റും സെല്‍‍ഫോണ്‍ ഉപയോഗിക്കരുതെന്നറിയില്ലേ, എന്നിട്ടും... കഷ്ടം. [അവിടെ] ആരും ഇങ്ങനെ ബോധമില്ലാത്തവരെപ്പോലെ പെരുമാറില്ല.
എത്ര വേഗമാണ് നാം വിധികര്‍ത്താക്കളാവുന്നതെന്ന് നോക്കുക. ഞാനുള്‍പ്പെടുന്ന ഈ വിധികര്‍ത്താക്കളുടെ പക്ഷം ചേര്‍ന്ന് ചിന്തിച്ചാലോ? കഴിവതും ഞാന്‍ മുന്‍‍പറഞ്ഞ നല്ലനടപ്പൊക്കെ കേരളത്തിലും പിന്തുടരാറുണ്ട്. കഴിവതും എന്ന് പറഞ്ഞത് മനഃപൂര്‍വ്വവും സൂക്ഷ്മതയോടുമാണ്. ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ, വിദേശത്തു നിന്ന് പഠിച്ചെടുത്ത പല നല്ല ചിട്ടകളും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നിടത്തും പെട്രോള്‍ പമ്പിലും ക്യൂ നില്‍ക്കുന്നത് വൃഥാവിലാണെന്നും തള്ളിക്കയറുകയാണ് അംഗീകൃതരീതിയെന്നും ഞാന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി (ചിട്ടകള്‍ പഠിക്കുന്നതിനു മുമ്പ് അതായിരുന്നു എന്‍റെ സ്വാഭാവിക രീതിയെന്ന് മറക്കുന്നില്ല). അതേസമയം, നമുക്ക് പൂര്‍ണനിയന്ത്രണമുള്ള ചില ചിട്ടകള്‍ മറ്റുള്ളവയേക്കാള്‍ പാലിക്കുവാന്‍ എളുപ്പമായവയാണ്. മൊബൈല്‍ ഫോണുകള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കുക എന്ന പ്രക്രിയ തന്നെ ഉദാഹരണം.

നാടു ശരിയല്ല എന്നു പറയുമ്പോഴും, നാട്ടാര്‍ ‘ചിട്ടകള്‍’ പഠിക്കാത്തതില്‍ അമര്‍ഷം കൊള്ളുമ്പോഴും പലപ്പോഴും നാം എത്ര അനായാസമായാണ് ഈ ‘ദുരവസ്ഥ’യ്ക്ക് കാരണക്കാരാവുന്നത് എന്ന് നേരിട്ടറിയാന്‍ എനിക്ക് അവസരമായിട്ടുണ്ട്.

മലയാളികള്‍ക്ക് മാത്രമായി ഒരു ഇ-മെയില്‍ ലിസ്റ്റ് ഉണ്ട് എന്‍റെ കമ്പനിയില്‍. ഒരാള്‍ അതിലേയ്ക്ക് മെയിലയച്ചു:
എന്‍റെ കല്യാണം ആറാം തീയതി ഗുരുവായൂരില്‍ വച്ചാണ്. പതിമൂന്നാം തീയതിയാണ് അമേരിക്കയിലേയ്ക്കു വരാനുള്ള വിസ ഇന്‍റര്‍വ്യൂവിന്‍റെ തീയതി. വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര നാളെടുക്കും എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അദ്ദേഹത്തിനു കിട്ടിയ മറുപടികളില്‍ ചിലത്:

  • സാധാരണ ഗതിയില്‍ ഒന്നുരണ്ടാഴ്ചയെങ്കിലും എടുക്കും വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. എന്നാല്‍, താങ്കള്‍ താമസിക്കുന്ന/അമ്പലത്തിനടത്തുള്ള ഹോട്ടലുകാരോട് അന്വേഷിക്കൂ. രജിസ്ട്രേഷന്‍ ഓഫീസിലെ ആരെയെങ്കിലും അവര്‍ക്ക് പരിചയമുണ്ടാവാന്‍ വഴിയുണ്ട്.
  • ഞാന്‍ ഇതേ കടമ്പ കടന്നവനാണ്. രീതി എല്ലായിടവും ഒന്നു തന്നെ. അപേക്ഷ കൊടുക്കുക. അല്പം കൈക്കൂലിയും കരുതുക.
ഒരാള്‍ പോലും കൈക്കൂലി ഉള്‍പ്പെടാത്ത ഒരു വഴി പറയാനുണ്ടായില്ല. ഒരു വേള, അങ്ങനെ ഒരു വഴി ഇല്ലാത്തതാവാം കാരണം. എന്നാലും രാഷ്ട്രീയക്കാരുടെ അഴിമതിയും കൈക്കൂലി വളര്‍ന്നു മൂടിയ ‘സിസ്റ്റ’ത്തെയും നമുക്കെല്ലാര്‍ക്കും എന്തു പുച്ഛമാണെന്നോ!

അദ്യമായി അമേരിക്കയിലേയ്ക്ക് വന്നപ്പോള്‍ ഇന്‍‍കം റ്റാക്സ് എല്ലാം അടച്ചു തീര്‍ത്തു എന്ന ഒരു കടലാസ് എനിക്ക് വേണമായിരുന്നു. ഇത് അറിയുന്നത് വിസ ഇന്‍റര്‍വ്യൂവിന് പോകുന്നതിന് രണ്ടു ദിവസം മുമ്പ്. സേര്‍ട്ടിഫിക്കറ്റിന് ഒരാഴ്ച കാലതാമസമുണ്ട്. 2500 രൂപ യാതൊരു മടിയുമില്ലാതെ ബാംഗ്ലൂര്‍ ഇന്‍‍കം റ്റാക്സ് ഓഫീസിലെ പ്യൂണിന്‍റെ കയ്യില്‍ കൊടുത്തു, സേര്‍റ്റിഫിക്കറ്റ് അന്നു തന്നെ കിട്ടി.

ഈ രാജ്യത്ത് എത്തിപ്പെട്ടപ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലെങ്കില്‍ എങ്ങനെയൊക്കെയാകാം എന്നത് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യമായി മാറി. ഈ മാറ്റവും രീതികളും ഇഷ്ടപ്പെടാന്‍ തുടങ്ങി. “കാര്യസാധ്യത്തിന്” കാലുപിടിക്കേണ്ട എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ കൈക്കൂലിയോട് അലര്‍ജിയായി. അഴിമതിയില്ലാത്ത ഇന്ത്യയെന്ന സ്വപ്നം മോഹമായി മാറി. ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ചു. ഇടയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തുകിട്ടാന്‍ 500 രൂപ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോട്, ഒരു ചെറിയ സ്റ്റഡി ക്ലാസ് എടുത്ത ശേഷം, തരാന്‍ പറ്റില്ല എന്നു പറഞ്ഞു. വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോടും അതേ മറുപടി. പിന്നെയും രണ്ടു മൂന്ന് അനുഭവങ്ങള്‍. കൈക്കൂലി കൊടുക്കാത്തവനായതില്‍ ഞാന്‍ അഭിമാനിച്ചു.

കല്യാണം കഴിഞ്ഞ് വിവാഹ സേര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ദിവസത്തിനുള്ളില്‍ വേണമെങ്കില്‍ കൈക്കൂലിയല്ലാതെ ശരണമില്ല. കൊടുക്കില്ല എന്ന് വാശിപിടിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ള അവസരം. പതിയെ, ഞാന്‍ പ്രായോഗിക രീതിക്കാരനായി. പുനരവലോകനത്തില്‍, പണ്ട് കൈക്കൂലി കൊടുക്കില്ല എന്ന് വാശിപിടിച്ച—കൊടുക്കാത്തതില്‍ അഭിമാനിച്ച—കാര്യങ്ങളൊക്കെ, ഒന്നുകില്‍ എനിക്ക് വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരം എനിക്ക് ദോഷകരമായി ഭവിക്കാത്തതോ ആയിരുന്നു എന്നു മനസ്സിലാക്കി. നമുക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമേ കൈക്കൂലി കൊടുക്കില്ല എന്ന വാശിക്ക് സ്ഥാനമുള്ളൂ.

ഇത്തരം കൈക്കൂലി ഒഴിവാക്കാന്‍ ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ. ഏതു കാര്യ സാധ്യത്തിനും പല വിധ ചാനലുകള്‍ ഉണ്ടാക്കുക. അത് നിയമപ്രകാരമാക്കി, കൈക്കൂലിക്കാര്‍ വാങ്ങുന്ന പണം ഗവണ്മെന്‍റ് വാങ്ങുക.

ഉദാഹരണം:
വിവാഹ സേര്‍ട്ടിഫിക്കറ്റ് കാലാവധി:
സാധാരണ ഫീസോടുകൂടി: 14 ദിവസം
അധിക ഫീസ് (250 രൂപ അധികം): 7 ദിവസം
അക്രമ ഫീസ് (1000 രൂപ അധികം): 1 ദിവസം

(ഈ പരിപാടി അമേരിക്കയില്‍ പാസ്പോര്‍ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പല സെര്‍വീസുകള്‍ക്കും കാണാം. വിമാന റ്റിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്താലുള്ള വിലക്കുറവ് ഇതുമായി താരതമ്യപ്പെടുത്താവുന്നതേയുളൂ. എനിക്കറിയാത്ത മറ്റുദാഹരണങ്ങളും നാട്ടിലുണ്ടാവും.)

ഇങ്ങനെ ചിട്ട വരുമ്പോള്‍, ഈ സമയക്രമം പാലിച്ചാല്‍, കൈക്കൂലി കൊടുക്കാന്‍ അധികം പേരുണ്ടാവില്ല. ഇനി, ഈ സമയം പാലിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രശ്നം പഴയതില്‍ നിന്നും മോശമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാവാന്‍ വഴിയില്ല. രണ്ടും മൂന്നും തരം പൌരന്മാരെ സൃഷ്ടിക്കും എന്നു പറഞ്ഞ് കൊടിപിടിക്കുന്നവരെ ആരാണ് ഭയക്കാതിരിക്കുക?

[Cheaters Always Prosper: 50 Ways to Beat the System Without Being Caught എന്ന അത്യന്തം ഉപയോഗശൂന്യമായ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. തന്ത്രങ്ങള്‍ പഠിക്കാനായി പുസ്തകം കാശുകൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു സഹപ്രവര്‍ത്തകന്‍ തന്നതാണ്.]

Labels: ,