ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, May 23, 2021

സജിത്തിന് പിറന്നാൾ ആശംസ

സജിത്തിനെ 2006 മുതൽ അറിയുന്നതാണെങ്കിലും ഈ അടുത്തകാലത്താണ് കൂടുതൽ ഇടപഴകാൻ സാധിച്ചത്. സജിത്തിന് പിറന്നാൾ ആശംസ പഞ്ചചാമരത്തിൽ.
സമർത്ഥനായ നാവലന്നെഴുത്തിലും പടുത്വമാ-
ണടുത്ത കൂട്ടുകാർക്കിയാളെഴുത്തിടാത്ത പോസ്റ്റുമാൻ!
പുകഴ്ത്തുവാൻ തുടങ്ങിയാൽ മറുത്തു ചൊല്ലുവോനിവൻ
സജിത്തു തന്റെ ജന്മനാളടുത്തു, നൂറു മംഗളം!

നാവലൻ = പണ്ഡിതൻ, കവി
പോസ്റ്റുമാൻ = സജിത്തിന്റെ തൂലികാനാമം

(വൃത്തം: പഞ്ചചാമരം)

Labels: , ,

Wednesday, October 28, 2009

അച്ചുവിനു് അഞ്ചു് വയസ്സു്



ഈയിടെ അച്ചു മനസ്സിലാക്കിയ സത്യങ്ങളിലൊന്നു്:

അച്ഛമ്മയുടെ (അച്ഛന്‍റെ അമ്മ) വീട്ടിൽ insects ഉള്ളതു കാരണം അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിൽ നിൽക്കുന്നതാണു് ഇഷ്ടം. (പരിഭാഷ: അമ്മൂമ്മ ഇടയ്ക്കിടയ്ക്കു് ഓരോന്നു് വാങ്ങിക്കൊടുക്കുന്നതു കാരണം അമ്മൂമ്മയുടെ വീട്ടിൽ നിൽക്കാനാണു് താല്പര്യം.)
ഈയിടെ അച്ഛമ്മയും അമ്മൂമ്മയും നടത്തിയ സം‌യുക്ത പ്രസ്താവനകളിലൊന്നു്:
കൊച്ചൊരു പൂച്ചക്കുട്ടികണക്കാ-
ണിച്ചിരി പോലും മേനിയുമില്ല:
പച്ചിലതിന്നിട്ടാവണ; മെന്നാ-
ലച്ചുവിനഞ്ചായെന്നതു സത്യം!

അച്ചുവിന്‍റെ അമ്മയും അച്ഛനും പണ്ടേ മനസ്സിലാക്കിയ സത്യങ്ങളിൽ ചിലതു്:
  • ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ പാടില്ല.
  • അച്ചുവിന്‍റെ ‘മേനി’ക്കു് പ്രശ്നമേതുമില്ല. ആരോഗ്യവും മെലിഞ്ഞ ശരീരപ്രകൃതിയും തമ്മിൽ ബന്ധമില്ലല്ലോ.
  • അച്ചു ‘പച്ചില’ മാത്രമല്ല തിന്നുന്നതു്.
(ഈ വിഷയത്തിലുള്ള മുൻകാല പോസ്റ്റുകൾ ഇവിടേയും ഇവിടേയും. മുകളിലുള്ള ശ്ലോകം ചമ്പകമാല വൃത്തത്തിലാണു്.)

Labels: , , , ,

Monday, August 31, 2009

ഓണം

റ്റീവീയിൽ പുലിക്കളിയും ഓണപ്പൂക്കളവും നിറയുന്നു. അമ്മയും അമ്മൂമ്മയും അവിടെയുമിവിടെയുമുള്ള ഓണസദ്യയുടെ വിഭവങ്ങൾ താരതമ്യം ചെയ്യുന്നു. ഓണ വിശേഷങ്ങളാണു് സംഭാഷണത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നതു്.

അവസാനം ഫോണ്‍ വയ്ക്കുന്നതിനുമുമ്പു് ഓണാശംസകൾ നേരുന്ന തിരക്കു്. അമ്മ അമ്മൂമ്മയ്ക്കു്, അമ്മൂമ്മ മരുമകനു്, മരുമകൻ അപ്പൂപ്പനു്... ഒടുവിൽ അമ്മ അച്ചുവിനെ വിളിച്ചു് അമ്മൂമ്മയ്ക്കുമപ്പൂപ്പനും ഓണാശംസ പറയാൻ ആവശ്യപ്പെടുന്നു.

അച്ചു മടിച്ചു മടിച്ചു് ഫോണെടുത്തിട്ടു് അപ്പൂപ്പനോടു് ചോദിക്കുന്നു: “ഓണം എന്നു പറഞ്ഞാലെന്താ?”

എന്‍റെ തലമുറയുടെ പരാജയവും ദുഃഖവുമാണു് ഓണം.

ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!

Labels: ,

Sunday, November 11, 2007

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?



കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

Labels: , , , ,

Sunday, October 28, 2007

അച്ചുവിന് മൂന്നു വയസ്സ്



ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!


ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

Labels: , , ,

Tuesday, April 17, 2007

ആദിത്യന്...

എപ്പാരും കല്ലും കുപ്പിച്ചില്ലും ധാരാളം കണ്ടേക്കാ-
മപ്പുത്തന്‍ പന്ഥാവില്‍ യാത്രയ്ക്കായ് പോകുന്നെന്നാദിത്യാ,
എപ്പോഴും നിന്‍ സംസാരത്തില്‍ സ്വപ്നങ്ങള്‍ പെയ്യിച്ചീടാന്‍
ക്ഷിപ്രത്തില്‍ തൃപ്തിപ്പെട്ടീടും ദേവാ, പ്രാര്‍ഥിക്കുന്നൂ, ഞാന്‍!

(ഏപ്രില്‍ 21-ന് വിവാഹിതരാവുന്ന ആദിത്യനും ശമയ്ക്കും ആശംസകള്‍. വൃത്തസഹായി ഉപയോഗിച്ചും അല്ലാതെയും ഇതിന്‍റെ വൃത്തം (കാമക്രീഡ) കണ്ടു പിടിക്കുന്നവര്‍ പുറത്തു പറയരുതെന്നപേക്ഷ.)

Labels: , ,

Monday, December 25, 2006

മെറി ക്രിസ്മസ്

ക്രിസ്മസ് ആശംസകള്‍ എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. ചില മലയാളം റ്റി. വി. പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ചിലര്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് ആശംസിക്കുന്നത് കേട്ടു. അപ്പോളൊരു സംശയം: മെറി ക്രിസ്മസോ ഹാപ്പി ക്രിസ്മസോ? ഏതാണ് ശരി? അല്ലെങ്കില്‍ ഏതാണ് കൂടുതല്‍ ശരി?

ക്രിസ്മസ് ആശംസിച്ച് പരിചയമില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. പത്താം തരം വരെയുള്ള പഠനത്തിനിടയ്ക്ക് എന്‍റെ സഹപാഠിയായത് ഒരേ ഒരു ക്രിസ്ത്യാനിക്കുട്ടിയായിരുന്നു: ദീപ്തി മൈക്കിള്‍. ഹ, അതേത് നാടെടേയ് എന്ന് ചോദിക്കാന്‍ വരട്ടെ, എന്‍റെ ഗ്രാമത്തില്‍ ഇത് അസാധാരണമായിരുന്നില്ല (അല്ലെങ്കില്‍ കൂമനോട് ചോദിച്ചു നോക്കൂ). പ്രീ-ഡിഗ്രി കാലം മുതലാണ് ക്രിസ്മസും എന്‍റെ ആഘോഷങ്ങളുടെ ലിസ്റ്റില്‍ പെട്ടത്. അന്നു മുതലിന്നോളം മെറി ക്രിസ്മസ് എന്ന് ആശംസിച്ചും ആശംസ ഏറ്റുവാങ്ങിയും ജീവിച്ചു പോന്ന എനിക്ക് ‘ഹാപ്പി ക്രിസ്മസി’ന്‍റെ ശീലമില്ലായ്മ ഒരു കല്ലുകടിയായവശേഷിക്കുന്നു. അതുകൊണ്ടാണ് ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും വേഗതയേറിയ ഉപായത്തില്‍ ഇതിനൊരു വിധിയാകാമെന്നു വച്ചത്.

ഗൂഗിള്‍ സേര്‍ച്: മെറി ക്രിസ്മസ്: 2,68,00,000+ റിസല്‍ട്ടുകള്‍
ഗൂഗിള്‍ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 25,90,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: മെറി ക്രിസ്മസ്: 51,34,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: ഹാപ്പി ക്രിസ്മസ്: 5,68,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: മെറി ക്രിസ്മസ്: 6,15,00,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 28,40,000+ റിസല്‍ട്ടുകള്‍

സേര്‍ച് റിസല്‍ട്ടുകള്‍ കാണിക്കുന്ന എണ്ണത്തില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച് റ്റീമില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജന്‍ പണ്ട് പറഞ്ഞതോര്‍ക്കുന്നു. സേര്‍ച് റിസല്‍ട്ടിന്‍റെ എണ്ണം ശാസ്ത്രീയമായ തെളിവല്ല എന്നും സമ്മതിക്കുന്നു. എന്നാലും ‘മെറി ക്രിസ്മസ്’ എന്നാവണം കൂടുതല്‍ ശരി എന്നൊരു തോന്നല്‍.

എല്ലാ സുഹൃത്തുക്കള്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു: മെറി ക്രിസ്മസ്.

Labels:

Saturday, November 11, 2006

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Labels: , ,

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്



പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

വൃത്തം: ഉപേന്ദ്രവജ്ര.

Labels: , , , , ,