ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 31, 2009

ഓണം

റ്റീവീയിൽ പുലിക്കളിയും ഓണപ്പൂക്കളവും നിറയുന്നു. അമ്മയും അമ്മൂമ്മയും അവിടെയുമിവിടെയുമുള്ള ഓണസദ്യയുടെ വിഭവങ്ങൾ താരതമ്യം ചെയ്യുന്നു. ഓണ വിശേഷങ്ങളാണു് സംഭാഷണത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നതു്.

അവസാനം ഫോണ്‍ വയ്ക്കുന്നതിനുമുമ്പു് ഓണാശംസകൾ നേരുന്ന തിരക്കു്. അമ്മ അമ്മൂമ്മയ്ക്കു്, അമ്മൂമ്മ മരുമകനു്, മരുമകൻ അപ്പൂപ്പനു്... ഒടുവിൽ അമ്മ അച്ചുവിനെ വിളിച്ചു് അമ്മൂമ്മയ്ക്കുമപ്പൂപ്പനും ഓണാശംസ പറയാൻ ആവശ്യപ്പെടുന്നു.

അച്ചു മടിച്ചു മടിച്ചു് ഫോണെടുത്തിട്ടു് അപ്പൂപ്പനോടു് ചോദിക്കുന്നു: “ഓണം എന്നു പറഞ്ഞാലെന്താ?”

എന്‍റെ തലമുറയുടെ പരാജയവും ദുഃഖവുമാണു് ഓണം.

ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!

Labels: ,

Tuesday, August 11, 2009

പ്ലാനിംഗ്

ഫിനാൻഷ്യൽ അഡ്വൈസർ: അഞ്ചാറു കൊല്ലത്തിനകം ഇവിടം വിട്ടു് ഇന്ത്യയിലേയ്ക്കു് പോകാനാണു് പരിപാടി എന്നു പറഞ്ഞല്ലോ.

ഞാൻ: അതെ. പോകണം. അമ്മയ്ക്കു വയസ്സാവുന്നു. ഭാര്യയുടെ അച്ഛനുമമ്മയ്ക്കും പ്രായമായി വരുന്നു...

ഫിനാൻഷ്യൽ അഡ്വൈസർ: അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നുകൂടേ?

ഞാൻ: ഓ, അതൊന്നും അത്ര എളുപ്പമല്ല. മാത്രമല്ല അധികകാലം ഇവിടെ നിൽക്കാൻ എനിക്കു് വലിയ താല്പര്യവുമില്ല.

ഫിനാൻഷ്യൽ അഡ്വൈസർ: നോ, പ്രോബ്ലം! അങ്ങനെയാണെങ്കിൽ ഉടനേ മകന്റെ കോളജ് ചെലവുകൾക്കു് പണം മാറ്റി വയ്ക്കണമെന്നില്ല. മാത്രമല്ല; ഇത്രയും അഗ്രസീവല്ലാത്ത ഇൻവെസ്റ്റ്മെന്റ് പ്ലാനായിരിക്കും യോജിക്കുക. ഞാൻ പുതിയൊരു പ്ലാനുമായി അടുത്തയാഴ്ച വരാം.

ഞാൻ: ങാ... അതേ... ഇനി പ്ലാൻ മാറ്റാനൊന്നും നിൽക്കേണ്ട. അതൊക്കെ ബുദ്ധിമുട്ടല്ലേ?

ഫിനാൻഷ്യൽ അഡ്വൈസർ: ഏയ്, എന്തു ബുദ്ധിമുട്ടു്? ക്ലൈന്റിന്റെ താല്പര്യമനുസരിച്ചു് പ്ലാനിംഗിൽ സഹായിക്കുക എന്നതാണല്ലോ നമ്മുടെ ജോലി.

ഞാൻ: അല്ല, അതല്ല... അഞ്ചാറു വർഷത്തിനകം പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്ലാൻ വീണ്ടും മാറ്റേണ്ടേ? അതിനൊന്നും നിൽക്കണ്ട. കോളജ് ഫണ്ടും അഗ്രസീവ് പ്ലാനും തന്നെ ഇരിക്കട്ടെ!

Labels: ,