ലെഗ് സ്റ്റംപ്
ആറരയടിയോളമെങ്കിലും ഉയരമുള്ള അജേന്ദ്ര, കേട്ടിടത്തോളം ലീഗിലെ ഏറ്റവും വേഗതയുള്ള ബൌളറാണു്. ഓഫ് സ്റ്റംപിൽ നിന്നും പുറത്തേയ്ക്കു് സ്വിംഗ് ചെയ്യുന്നവയാണു് അജേന്ദ്രയുടെ സ്റ്റോക് ബോളുകൾ. സ്ലോ ബൌൺസറുകൾക്കു പുറമേ ഓഫ് സ്റ്റംപിൽ നിന്നോ അല്പം പുറത്തുനിന്നോ റിബ്കേയ്ജ് ഉയരത്തിൽ അകത്തേയ്ക്കു് തിരിഞ്ഞുവരുന്നവ സർപ്രൈസ് ആയുധമായി അജേന്ദ്ര ഉപയോഗിക്കാറുണ്ടത്രേ.
നിത്യോപയോഗം കൊണ്ടു് നശിച്ചുതുടങ്ങിയിരുന്ന ബാറ്റിംഗ് ഗ്ലൗസ് വലിച്ചിടുമ്പോൾ പ്രശാന്ത് പതിവുപോലെ പറഞ്ഞു: “We need you to play through the innings...” ഞാൻ വെറുതേ ചിരിച്ചു. ഫസ്റ്റ് ഡൌൺ ഇറങ്ങുന്ന റിതേഷ് വാം അപ്പ് തുടങ്ങുന്നു. ഓപ്പണേഴ്സിൽ അത്രവിശ്വാസം പോരാത്തപോലെ. എന്നാലും ഔപചാരികതപോലെ റിതേഷ് കൂട്ടിച്ചേർത്തു: “Yea dude, hold one end together!” സുഭാഷ് കളി നിറുത്തിയതിൽ പിന്നെ ഞാനാണു് സ്ഥിരം ഓപ്പണർ. കളിയിലെ ആദ്യപന്തു് ഫേയ്സ് ചെയ്യുന്നവൻ. കണ്ണുകൾ വീണ്ടും അജേന്ദ്രയിലേയ്ക്ക് മടങ്ങി.
ക്രിക്കറ്റുകളി കണ്ടുകണ്ടാവണം, ക്രീസിലെത്തുമ്പോൾ വ്രതാനുഷ്ഠാനം പോലെ ഞാനും ചില ചേഷ്ടകൾ കാണിക്കാറുണ്ടു്. നിത്യാഭ്യാസം കാരണം നിറുത്താൻ വയ്യാത്തവ. ഗ്ലൗസ് ഒന്നു് കൂടി ഊരി തിരിച്ചിടുക, ബാറ്റു നിലത്തൂന്നി രണ്ടുമൂന്നു് പ്രാവശ്യം സ്ക്വാട്ട് ചെയ്യുക തുടങ്ങിയ നിർദ്ദോഷമായ കാര്യങ്ങൾ. അതും കഴിഞ്ഞു്, അമ്പയറുടെ ശ്രദ്ധകിട്ടിയാൽ ഗാർഡ് എടുക്കണം. ഞാൻ പൊതുവേ മിഡിൽ സ്റ്റംപ് ഗാർഡ് എടുക്കുന്ന കൂട്ടത്തിലായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു പ്രാവശ്യം റൗണ്ട്-ദ-ലെഗ്സ് ബൗൾഡ് ആയതു കാരണം ഇപ്പോൾ ലെഗ്‍സ്റ്റംപ് ഗാർഡാണു് പതിവു്.
ഗാർഡ് മാർക്ക് ചെയ്തു് അജേന്ദ്രയെ ഒന്നു കൂടി ഏറുകണ്ണിട്ടു നോക്കി. ക്രിക്കറ്റ് ചിലപ്പോൾ ചെസ് കളിപോലെയാണെന്നു് തോന്നാറുണ്ടു്. കണക്കുകൂട്ടി, എതിരാളിയുടെ നീക്കത്തെ മുൻകൂട്ടിക്കണ്ടു് കളിക്കേണ്ടുന്ന കളി. അജേന്ദ്ര ഓഫിൽ ആളെക്കൂട്ടുകയാണു്. ഒരു സ്ലിപ്, ബാക്‍വേഡ് പോയിന്റ്, വൈഡിഷ് കവർ, മിഡ് ഓൺ.
ഫീൽഡർമാരുടെ പൊസിഷൻ നോക്കി, ഞാനും ചൊലതൊക്കെ കരുതി വച്ചു. പന്തു് ഓഫിലാണു്. അതും ബാക്-ഓഫ്-ലെംഗ്ത്. അജേന്ദ്രയുടെ സ്വാഭാവിക ആംഗിൾ കാരണം, ഓഫ് സ്റ്റംപിൽ ആണെങ്കിൽ കൂടി വെറുതേ വിടാം. പിച്ചിനു് ബൗൺസുള്ളതിനാൽ ഗുഡ് ലെംഗ്ത് ബോൾ പോലും വിക്കറ്റിനു മുകളിലൂടെ പോകും. ഓപ്ഷനുകൾ അനവധി. ഞാൻ പതിയെ മനസ്സിൽ പറഞ്ഞു: "കൃഷ്ണാ, ഗുരുവായൂരപ്പാ!"
അജേന്ദ്ര ഓടിയടുക്കുന്നു. ഞാൻ റിലീസ് പോയിന്റിലേയ്ക്കു് ഉറ്റു നോക്കി. പന്തു് പ്രതീക്ഷിച്ചതിനു വിരുദ്ധമായി ലെഗ്‍സ്റ്റംപിലാണു്. ഇടതുകാലിൽ പിവട്ടു ചെയ്തിട്ടു് ഇവനെ ഫ്ലിക്ക് ചെയ്തു വിടണോ? അതോ, ആദ്യ ബോളിൽതന്നെ കളിക്കാൻ അതൊരു റിസ്കി ഷോട്ടാണോ?
Labels: കഥ